ദിലീപിനുവേണ്ടി ‘സസ്​നേഹം ശ്രീലേഖ’: വസ്​തുതകളും സാധുതകളും

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഗൂഢാ​ലോചനാക്കേസിലെ പ്രതിയായ ദിലീപ്, ദിലീപിന്റെ അഭിഭാഷകർ, ദിലീപിന്റെ സുഹൃത്തുക്കൾ തുടങ്ങി വിചാരണ കോടതി ജഡ്ജി വരെ സംശയ നിഴലിലാണ്. അതിനുപിന്നാലെയാണ് അന്തരീക്ഷത്തിലുള്ള സംശയങ്ങൾക്ക് കൂടുതൽ ശക്തിപകരുംവിധം മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖയുടെ രംഗപ്രവേശം. ‘സസ്നേഹം ശ്രീലേഖ’ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ, ദിലീപിനെ വെളുപ്പിച്ചെടുക്കാനും ‘നിഷ്‌കാമ കർമ്മയോഗി’ പദവിയിലെത്തിക്കാനും അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട്. വസ്തുത അവതരിപ്പിക്കുന്നുവെന്ന വ്യാജേന ആർ. ശ്രീലേഖ പറഞ്ഞതെന്ത്, അതിലെത്രത്തോളം വസ്തുതയുണ്ട്, ഇതിന് പിന്നിലെ നിയമപരമായ സാധുതകളെന്ത് തുടങ്ങിയവ പരിശോധിക്കുന്നു.

ടി അതിക്രൂരമായി ആക്രമിക്കപ്പെട്ട കേസ് വിചാരണാ ഘട്ടത്തിലാണ്. ഗൂഢാലോചനാ കേസിലെ പ്രധാന പ്രതി നടൻ ദിലീപ് അനുബന്ധ കേസിൽ കൂടി പ്രതിയായി. കേസ് അട്ടിമറിക്കാനും ദിലീപിനെ രക്ഷിച്ചെടുക്കാനും വ്യത്യസ്ത കോണുകളിൽ നിന്ന് കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്. ദിലീപ് അനുകൂല വെളുപ്പിക്കൽ വാർത്തകൾക്കുമുന്നിൽ നിന്നത് മലയാളത്തിലെ പ്രമുഖ ദിനപത്രമാണ്. നിരപരാധിയെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ സമൂഹത്തിൽ വിശ്വാസ്യതയുണ്ടെന്ന് കരുതിയ പലരും മുന്നിട്ടിറങ്ങി. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതിനുള്ള തെളിവുകൾ ബാലചന്ദ്രകുമാർ പുറത്തുവിട്ടു. ആദ്യ കേസ് അട്ടിമറിക്കാൻ സാക്ഷികളെ കൂറുമാറ്റാൻ ഉൾപ്പടെ ശ്രമമുണ്ടായി. ഇതിനുള്ള ഡിജിറ്റൽ തെളിവുകൾ പുറത്തുവന്നു. രണ്ടാം കേസ് കൂടി വന്നതോടെ പ്രൊസിക്യൂഷൻ കൂടുതൽ കരുത്ത് നേടി.

വിചാരണാ കോടതിക്കെതിരെ നിരവധി ആക്ഷേപങ്ങളുയർന്നു. രണ്ട് സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർമാർ രാജിവച്ചുപോയി. വിചാരണാ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയോ എന്ന് പരിശോധിക്കാൻ അനുമതി തേടി ​പ്രോസിക്യൂഷൻ അതേ കോടതിയെ സമീപിച്ചു. അപേക്ഷ പരിഗണിക്കാനോ നമ്പറിട്ട് സെക്ഷൻ ക്ലർക്കിന് കൈമാറാനോ കോടതി തയ്യാറായില്ല. മെമ്മറി കാർഡ് സംബന്ധിച്ച പരിശോധന ആവശ്യമില്ലെന്ന നിലപാട് അതിജീവതയെയും ചൊടിപ്പിച്ചു. പ്രോസിക്യൂഷൻ നൽകിയ അപേക്ഷ പരിഗണിക്കാൻ വിചാരണ കോടതിക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അതിജീവത നേരിട്ട് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അതിന് അനുമതി നൽകി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വന്നുകഴിഞ്ഞു. ഹാഷ് വാല്യൂ മാറിയെന്ന് വ്യക്തമായതിനാൽ ദൃശ്യങ്ങൾ ചോർന്നുവെന്ന പ്രോസിക്യൂഷൻ ആരോപണങ്ങൾ ബലപ്പെടും. ആക്ഷേപങ്ങൾക്ക് സാധുത കൈവരും.

കേസിലെ പ്രതിയായ ദിലീപ്, ദിലീപിന്റെ അഭിഭാഷകർ, ദിലീപിന്റെ സുഹൃത്തുക്കൾ തുടങ്ങി വിചാരണ കോടതി ജഡ്ജി വരെ സംശയ നിഴലിലാണ്. അതിനുപിന്നാലെയാണ് അന്തരീക്ഷത്തിലുള്ള സംശയങ്ങൾക്ക് കൂടുതൽ ശക്തിപകരുംവിധം മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖയുടെ രംഗപ്രവേശം. ‘സസ്നേഹം ശ്രീലേഖ’ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ, ദിലീപിനെ വെളുപ്പിച്ചെടുക്കാനും ‘നിഷ്‌കാമ കർമ്മയോഗി’ പദവിയിലെത്തിക്കാനും അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട്. വസ്തുത അവതരിപ്പിക്കുന്നുവെന്ന വ്യാജേന ആർ. ശ്രീലേഖ പറഞ്ഞതെന്ത്, അതിലെത്രത്തോളം വസ്തുതയുണ്ട്, ഇതിന് പിന്നിലെ നിയമപരമായ സാധുതകളെന്ത് തുടങ്ങിയവയാണ് പരിശോധിക്കുന്നത്.

ആർ. ശ്രീലേഖ വെളുപ്പിക്കാൻ ശ്രമിക്കുന്നത്

കേസിൽ അറസ്റ്റിലാകുന്ന പ്രതികളുടെ സൈക്കോളജിയെക്കുറിച്ചാണ് ആർ. ശ്രീലേഖ വീഡിയോയിൽ ആദ്യം വിശദീകരിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയുടെ മാനസികാവസ്ഥയെക്കുറിച്ചാണ് പരാമർശം. കുറ്റകൃത്യത്തിൽ കൂട്ടാളികളുണ്ടെങ്കിൽ അറസ്റ്റിലാകുന്ന പ്രതി ആദ്യ മണിക്കൂറുകളിൽത്തന്നെ അക്കാര്യം പൊലീസിനോട് കുറ്റസമ്മതം നടത്തുമത്രെ. നിരവധി വർഷങ്ങൾ പൊലീസിലുണ്ടായിരുന്നതിന്റെ അനുഭവ പരിചയമാണ് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ അഭിപ്രായത്തിനാധാരം. കൂട്ടുപ്രതികൾ ആരൊക്കെ, ഗൂഢാലോചനയിലെ ദിലീപിന്റെ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിൽ പൾസർ സുനി നിശ്ശബ്ദത പാലിച്ചു. അതിനർത്ഥം ദിലീപിന് കേസിൽ പങ്കാളിത്തം ഉണ്ടായിരുന്നുവെങ്കിൽ ക്രിമിനൽ സൈക്കോളജി അനുസരിച്ച് പൾസർ സുനി അക്കാര്യം ആദ്യമേ പൊലീസിനോട് വെളിപ്പെടുത്തുമായിരുന്നു. അതുണ്ടാകാത്തതിന്റെ കാരണം, ദിലീപിന് കേസിൽ ബന്ധമില്ലാത്തതുകൊണ്ടാണെന്ന് അസന്നിഗ്ധമായി ആർ ശ്രീലേഖ പറഞ്ഞുവയ്ക്കുന്നു.

ആർ. ശ്രീലേഖ
ആർ. ശ്രീലേഖ

ഗൂഢാലോചന സംബന്ധിച്ച് അതിജീവിതയുടെ പരാതിയിലും പരാമർശമുണ്ടായിരുന്നില്ല. പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിക്കുന്നത്. മൂന്നാം തവണ ചോദ്യം ചെയ്ത ശേഷമാണ് ദിലീപിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുന്നത്. കൃത്യമായ തെളിവില്ലെങ്കിലും ഒരാളെ പ്രതിപ്പട്ടികയിൽ പൊലീസ് ഉൾപ്പെടുത്തിയ സംഭങ്ങളുണ്ട്. എന്നാൽ ദിലീപിനെപ്പോലെ ഒരു പ്രമുഖ നടനെ കേസിൽ പ്രതി ചേർത്തത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ആ തെളിവുകൾ എന്തൊക്കെയെന്ന് അന്വേഷണ സംഘം വിചാരണ കോടതിയിൽ തെളിവ് സഹിതം റിപ്പോർട്ട് നൽകിയിട്ടുണ്ട്. തെളിവുകളുടെ മൂല്യത്തിൽ കോടതി തീരമാനമെടുത്തിട്ടില്ല. ഒരു സ്ഥിരം കുറ്റവാളിയുടെ മൗനം ആധാരമാക്കി ക്രിമിനൽ സൈക്കോളജി ചാർത്തി ഉന്നതനെ വെളുപ്പിക്കാൻ ചില്ലറ ധൈര്യം പോരാ.

ആർ. ശ്രീലേഖ അടുത്ത നിമിഷം തന്നെ, മറ്റൊരു കാര്യം വിശദീകരിക്കവെ പറഞ്ഞ വാക്കുകൾ സൗകര്യപൂർവം തിരുത്തുന്നുണ്ട്. സ്ഥിരം കുറ്റവാളികളോട് എത്ര ചോദിച്ചാലും മറുപടി ലഭിക്കണമെന്നില്ല എന്നാണ് ആ നിമിഷത്തെ വിശദീകരണം. സ്വന്തം വീഡിയോയിൽത്തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്ര നടത്തുന്നുണ്ട് മുൻ ജയിൽ ഡി.ജി.പി. പറഞ്ഞ വാക്കുകൾ തന്നെ തൊട്ടടുത്ത നിമിഷം വിഴുങ്ങേണ്ടിവരുന്നത് കാഴ്ചക്കാർക്ക് മനസിലാകില്ലെന്നാണ് കരുതുന്നത്.

കുറ്റകൃത്യം മറച്ചുവച്ച മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ

കേസിലെ പ്രധാന പ്രതിയായ പൾസർ സുനിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. താൻ എറണാകുളത്ത് പൊലീസ് ചുമതലയിലിരിക്കെ വ്യക്തിബന്ധമുള്ള നടിമാർ പൾസർ സുനി ചെയ്ത ക്രൂരതയെക്കുറിച്ച് പറഞ്ഞിരുന്നു. 2017ൽ നടിക്കെതിരെ ചെയ്തതിന് സമാനമാണ് അവരോടും ചെയ്തതെന്നാണ് ശ്രീലേഖ പറയുന്നത്. പൾസർ സുനി ഒരു സ്ഥിരം കുറ്റവാളിയാണ്, ഈ കേസിലും ഇതാണുണ്ടായത്. വീഡിയോ ദൃശ്യങ്ങൾ പകർത്തി ബ്ലാക് മെയിൽ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണ് ഇതും എന്നുമാണ് ശ്രീലേഖ പറയുന്നത്. സ്ഥിരം കുറ്റവാളിയായ പൾസർ സുനി, സ്ഥിരം ചെയ്യുന്ന കുറ്റം അതിജീവതയോടും ആവർത്തിച്ചു, അതിൽ ദിലീപിന് പങ്കില്ലെന്നാണ് പറഞ്ഞുവയ്ക്കുന്നത്. അതെന്തുമാകട്ടെ, ഒരു കുറ്റകൃത്യം സംബന്ധിച്ച അറിവ് ലഭിച്ചാൽ അതിന്മേൽ നിയമ നടപടി സ്വീകരിക്കണം. പ്രത്യേകിച്ചും ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവർ. ഇല്ലെങ്കിൽ അത് ആ ഉദ്യോഗസ്ഥയുടെ വീഴ്ചയാണ്. കുറ്റകൃത്യത്തെ സംബന്ധിച്ച് അറിവ് ലഭിച്ചിട്ടും മറച്ചുവച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 118 അനുസരിച്ച് ശ്രീലേഖയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടിവരും.

ജയിലിനുള്ളിലെ ഫോൺ ഉപയോഗം

റിമാൻഡ് പ്രതിയായി ജയിലിൽ കഴിയവെ പൾസർ സുനി ദിലീപിന്റെ സുഹൃത്തും നടനുമായ നാദിർഷായെ ഫോൺ ചെയ്തു എന്ന ആരോപണം തെറ്റാണ് എന്നും ശ്രീലേഖ സമർത്ഥിക്കാൻ ശ്രമിക്കുന്നു. ജയിൽ മേധാവി എന്ന നിലയിൽ ആക്ഷേപത്തെക്കുറിച്ച് അന്വേഷിച്ചു. പൊലീസുകാരുടെ സഹായത്തോടെ ഫോൺ കടത്തിക്കൊണ്ട് വന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമായത് എന്നുമാണ് ശ്രീലേഖ പറയുന്നത്. പൊലീസുകാരുടെ സഹായമില്ലാതെയും ജയിലിനുള്ളിൽ ഫോൺ എത്തിയിട്ടുണ്ട്. ഇക്കാര്യം വലിയ വാർത്തയായി അക്കാലത്ത് പുറത്തുവന്നതുമാണ്. ജയിലിൽ നിന്ന് ഫോൺ കണ്ടെത്തുന്നത് ആദ്യമായല്ല. കണ്ണൂർ ജയിലിൽ നിന്ന് ഫോണുകൾ പിടിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചു. മുൻപ് നിരവധി തവണ മൊബൈൽ ഫോൺ ജയിലിന് അകത്തേക്കും പുറത്തേക്കും കടത്തിയ ചരിത്രമുണ്ട്. ജയിലിലേക്ക് മൊബൈൽ ഫോൺ കടത്താനാവില്ലെന്ന് മുൻ ജയിൽ ഡിജിപി പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുന്ന കാലമല്ല. സംസ്ഥാനത്തെ വിവിധ ജിലുകളിൽ ഇപ്പോഴും തടവുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടാവാം. ഇത് ജയിലിലെ ഉദ്യോഗസ്ഥരുടെ കൂടി അറിവോടെ സംഭവിച്ചേക്കാം. ഇത്തരം സാധ്യതകളൊക്കെ മറച്ചുവച്ചാണ് മുൻ ജയിൽ ഡിജിപി വിഷയം അവതരിപ്പിക്കുന്നത്.

പൾസർ സുനിയുടെ കത്ത്

പൾസർ സുനി ദിലീപിനയച്ച കത്തിനെ സംബന്ധിച്ചാണ് ശ്രീലേഖയുടെ മറ്റൊരു സംശയം. മുന്നൂറ് രൂപ മണി ഓർഡർ ആവശ്യപ്പെട്ട് എന്തിന് പൾസർ സുനി ദിലീപിന് കത്തയക്കണമെന്നാണ് ചോദ്യം. ക്വട്ടേഷൻ നൽകിയ ദിലീപ് ഇപ്പോഴും തനിക്കൊപ്പമുണ്ടോയെന്ന് പരിശോധിക്കുക മാത്രമായിരുന്നു പൾസർ സുനിയുടെ ഉദ്ദേശം. പൾസർ സുനിക്ക് വേണ്ടി വിപിൻലാൽ കത്തെഴുതുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ അന്നുതന്നെ പുറത്തുവന്നിരുന്നു. പൊലീസ് അന്നുതന്നെ ഇതിൽ വ്യക്തത വരുത്തി. വർഷം അഞ്ചായിട്ടും മുൻ ജയിൽ ഡിജിപിക്ക് മാത്രമാണ് ഇനിയും വ്യക്തത നേടാനാകാത്തത്. ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന് വെറും പതിനായിരം രൂപയാണോ അഡ്വാൻസ് എന്നതാണ് ശ്രീലേഖയ്ക്ക് മറ്റൊരു അവിശ്വസനീയമായ സംഗതി.

ശ്രീലേഖയ്ക്ക് വിശ്വാസം പൾസർ സുനിയെ

നടിക്കെതിരായ ക്രൂരകൃത്യത്തിലെ ഗൂഢാലോചനയിൽ അഭിനേതാക്കൾക്ക് പങ്കില്ലെന്നാണ് പൾസർ സുനി മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്. ശ്രീലേഖയുടെ സ്വന്തം ഭാഷയിൽ വിശേഷിപ്പിച്ചാൽ സ്ഥിരം കുറ്റവാളിയായ പൾസർ സുനി വിളിച്ചുപറഞ്ഞതിനെ മുൻ ജയിൽ ഡി.ജി.പി സൗകര്യപൂർവ്വം വിശ്വസിക്കുന്നുണ്ട്. റേപ്പ്​ കേസിൽ ഗൂഢാലോചനയുണ്ടെന്ന് നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കൊച്ചിയിൽ ചേർന്ന പൊതുയോഗത്തിൽ അതിജീവിതയുടെ അടുത്ത സുഹൃത്തുക്കൾ പരസ്യമായി ആരോപിച്ചു. ഇതിനെ നെല്ലിട വിശ്വാസത്തിലെടുക്കാൻ ആർ. ശ്രീലേഖ തയ്യാറായിട്ടില്ല.

ശ്രീലേഖയുടെ അഭിപ്രായങ്ങളുടെ ആധികാരികത

ദിലീപിനെതിരായി ഉയർന്ന ആക്ഷേപങ്ങൾ റേറ്റിംഗ് കൂട്ടാൻ വേണ്ടിയുള്ള ഗോസിപ് വാർത്ത മാത്രമാണെന്ന് മുൻ ജയിൽ ഡി.ജി.പി വിശ്വസിക്കുന്നു. ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവെങ്കിലും ഒന്നും കിട്ടിയില്ല. ഇതേത്തുടർന്നാണ് പൊലീസിന് വിട്ടയക്കേണ്ടി വന്നതെന്നും ശ്രീലേഖ ആധികാരികമായി പറഞ്ഞുവയ്ക്കുന്നു. ദിലീപിനെ ചോദ്യം ചെയ്യുമ്പോൾ അന്വേഷണ ചുമതലയില്ലാത്ത ഉദ്യോഗസ്ഥയാണ് ശ്രീലേഖ. അന്വേഷണ മേൽനോട്ട ചുമതലയുമില്ല. പൊലീസ് വകുപ്പിൽ പോലുമില്ല. ജോലി ചെയ്യുന്നത് ജയിൽ വകുപ്പിലാണ്. പറഞ്ഞ് കേട്ടതോ, വിശ്വാസ്യതയില്ലാത്തതോ ആയ വിവരങ്ങളെ തികച്ചും ആധികാരികമെന്ന പോലെയാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥ അവതരിപ്പിച്ചത്. ചുമതലയില്ലാത്ത കേസ് അല്ലെങ്കിൽ ഇടപെടാറില്ലെന്ന് പറയുന്ന മുൻ ഉദ്യോഗസ്ഥയാണ് വൈരുദ്ധ്യം നിറഞ്ഞ വാദങ്ങൾ പൊതുസമക്ഷം അവതരിപ്പിക്കുന്നത്.

കൊച്ചിയിൽ നടിയെ ആക്രമിക്കപ്പെട്ട കേസ്, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസ്, തെളിവ് നശിപ്പിക്കാൻ ശ്രമം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം തുടങ്ങിയവയാണ് പ്രധാന കേസുകൾ. ഈ കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആർ. ശ്രീലേഖയ്ക്ക് നേരിട്ട് അറിവുണ്ടോ. നേരിട്ട് അറിവില്ലെന്ന് നിസംശയം പറയാം. കാരണം ശ്രീലേഖ ഒരു ഘട്ടത്തിലും അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നില്ല. അന്വേഷണ മേൽനോട്ട ചുമതലയും ഉണ്ടായിരുന്നില്ല. കേസന്വേഷണവുമായി ശ്രീലേഖയ്ക്ക് ഒരു ബന്ധവുമില്ല. കേസുമായി ബന്ധമില്ലാത്ത ആളുകൾ കേസിലെക്കുറിച്ച് ആധികാരികമെന്ന് തോന്നുന്ന രീതിയിൽ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾക്ക് സമാനമാണ് മുൻ ജയിൽ വകുപ്പ് മേധാവി യൂട്യൂബ് ചാനലിലൂടെ പറയുന്നത്. ആദ്യ കേസിന്റെ സമയത്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്ന സമയത്ത് പ്രതിയെ സൂക്ഷിക്കുന്ന ജയിൽ വകുപ്പിന്റെ മേധാവി എന്നതുമാത്രമാണ് ശ്രീലേഖയ്ക്ക് കേസുമായുള്ള ഔദ്യോഗിക ബന്ധം.

ദിലീപ് എന്ന ദുർബ്ബലൻ

എതിരാളി ശക്തനായതുകൊണ്ടാണ് ദീലീപിനെ ജയിലിൽ അടച്ചതെന്ന് ബോധ്യം പങ്കുവയ്ക്കുന്നുണ്ട് ആർ. ശ്രീലേഖ. എതിരാളി ശക്തനും പ്രതി ദുർബ്ബലനുമാണ്. ദുർബ്ബലനെതിരെ ആർക്കും എന്തുമാകാമല്ലോ. അത്തരമൊരു ദുർബ്ബലനാണ് ദിലീപ് എന്ന് കാഴ്ചക്കാരോട് പറയാതെ പറയുന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ, പ്രതിക്ക് എതിരായ തെളിവുകൾ പരിഗണിക്കാൻ ഒരു ഘട്ടത്തിലും തയ്യാറാകുന്നില്ല. ക്രൂരമായ ആക്രമണം ഏറ്റുവാങ്ങിയ യുവനടിയെക്കാൾ ആർ ശ്രീലേഖയ്ക്ക് വിശ്വാസം പ്രതിപ്പട്ടികയിലുള്ള ഉന്നതനെയാണ്. ദിലീപിന്റെ അവസ്ഥയിൽ വേദനിക്കുന്ന മുൻ ജയിൽ ഡിജിപിയിൽ നിന്ന് ഇത്തരമൊരു നിലപാട് പുറത്തുവരുന്നതിൽ ന്യായമായും അത്ഭുതമില്ല.

ജയിൽ ഡിജിപിയുടെ സബ് ജയിൽ സന്ദർശനം

അധികാരപരിധിയിലുള്ള ഏതൊരു സ്ഥാപനത്തിലും എപ്പോൾ വേണമെങ്കിലും സന്ദർശിക്കാനും പരിശോധിക്കാനുമുള്ള അധികാരം ജയിൽ ഡിജിപിക്കുണ്ട്. ദിലീപ് റിമാൻഡിൽ കഴിയുമ്പോൾത്തന്നെ ജയിൽ ഡി.ജി.പി ആലുവ സബ് ജയിൽ സന്ദർശിച്ചത് യാദൃച്​ഛികമാണ്. ദീലീപ് കഴിയുന്ന സെല്ലിലേക്ക് ചെല്ലുന്നത് അതിലും സ്വാഭാവികം. സഹതടവുകാർക്ക് ഒപ്പം കഴിയുന്ന ദിലീപ് കിടക്കുന്നതാണ് കണ്ടത്. തികച്ചും അവശനിലയിലായിരുന്നു എന്നും ശരീരം വിറയക്കുകയായിരുന്നുവെന്നും സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു എന്നും മുൻ ജയിൽ ഡി.ജി.പി ഓർത്തെടുക്കുന്നു. സഹജീവികളോട് സഹതാപവും ദീനാനുകമ്പയും ഉചിതമാണ്. പക്ഷേ അത് പൊതുമധ്യത്തിൽ അവതരിപ്പിക്കുമ്പോൾ വിശ്വാസ്യത വേണം. മികച്ച മിമിക്രി കലാകാരനായി ഉയർന്നുവന്ന ദിലീപ്, മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാര ജേതാവ് കൂടിയായിരുന്നുവെന്നത് ഇത്തരുണത്തിൽ സ്മരിക്കാതെ തരമില്ല.

ക്രിമിനൽ നപടപടിക്രമം വകുപ്പ് 162

‘സ്റ്റേറ്റ്മെൻറ്​ ടു ദി പൊലീസ് നോട്ട് ടു ബി സൈൻഡ്’ അഥവാ പൊലീസിന് നൽകുന്ന മൊഴിയിൽ സാക്ഷി ഒപ്പിടാൻ പാടില്ല. ക്രിമിനൽ നടപടിക്രമം 162ാം വകുപ്പിലാണ് ഇക്കാര്യം നിർവചിക്കുന്നത്. തനിക്കെതിരെ തെളിവ് നൽകാൻ ഒരാളെ നിർബന്ധിക്കാൻ പാടില്ല. അന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കുന്ന മൊഴി ഏതെങ്കിലും ഘട്ടത്തിൽ സാക്ഷിക്ക് എതിരായാൽ അത് സ്വയം നശിപ്പിക്കുന്നതിന് തുല്യമാകും. ഇത് ഭരണഘടനാ വിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്. മൊഴിയിൽ സാക്ഷി ഒപ്പിടരുത് എന്നാൽ അതിനർത്ഥം സാക്ഷി ഒപ്പിടാത്ത മൊഴിയെല്ലാം പൊലീസ് സ്വന്തമായി എഴുതി വയ്ക്കുന്നതാണ് എന്നല്ല. രാജ്യത്ത് എല്ലാ ക്രിമിനൽ കേസുകളിലെയും അന്വേഷണ ഘട്ടത്തിൽ സ്വീകരിക്കുന്ന നടപടിക്രമം തന്നെയാണ് പൊലീസ് ഈ കേസിലും പാലിച്ചത്. പൊലീസ് തോന്നിയതെല്ലാം എഴുതി വയ്ക്കും, സാക്ഷികൾ സത്യം പറയും. എഴുതി വച്ചതിന് വിരുദ്ധമായ മൊഴി സാക്ഷി കോടതിയിൽ നേരിട്ട് നൽകുമ്പോൾ അത് കൂറുമാറ്റം ആകും. ഇതാണ് ദിലീപിനെതിരായ കേസിലും സംഭവിച്ചത്. പൊലീസാണ് കുറ്റക്കാരെന്നും പൊലീസ് സത്യം എഴുതി വച്ചില്ലെന്നും ആർ ശ്രീലേഖ പറയുന്നു. ക്രിമിനൽ നടപടിക്രമം വകുപ്പ് 162നെക്കുറിച്ച് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് ഒരു ധാരണയുമില്ലെന്ന് കരുതുന്നില്ല. നിയമത്തിന്റെ നിർവചനത്തെക്കുറിച്ച് സാമാന്യധാരണയില്ലാത്ത ഒരുവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുക മാത്രമാണ് ഉദ്ദേശമെന്ന് വ്യക്തം. സാക്ഷികളുടെ കൂറുമാറ്റം സംബന്ധിച്ച് കൃത്യമായ ഡിജിറ്റൽ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. അതൊന്നും കണ്ടിട്ടും കേട്ടിട്ടുമില്ല, അല്ലെങ്കിൽ വിശ്വസിക്കുന്നില്ല. അതുമല്ലെങ്കിൽ ആർ ശ്രീലേഖ അവഗണിക്കുന്നു എന്നത് വ്യക്തം.

പൾസർ സുനിയുമൊത്തുള്ള ചിത്രം

ദിലീപും പൾസർ സുനിയും ഒപ്പമുള്ള ചിത്രം അന്വേഷണ സംഘം തെളിവായി സ്വീകരിച്ചിരുന്നു. ഹോട്ടലിലെ മാനേജർ എടുത്ത സെൽഫിയിലാണ് പൾസർ സുനിയുടെ ചിത്രവും പതിഞ്ഞത്. എന്നാൽ ചിത്രം ഫോട്ടോഷോപ്പ്​ചെയ്തതാണെന്ന് ആണ് ദിലീപും ദിലീപിന്റെ അഭിഭാഷകരും പറഞ്ഞത്. അതേ വാദമാണ് ആർ. ശ്രീലേഖയും ആവർത്തിക്കുന്നത്. ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ് എന്ന് മനസിലായി എന്നും പ്രസ്തുത തെളിവ് കൃത്രിമമായി സൃഷ്ടിച്ചതാണെന്നും ശ്രീലേഖ പറയുന്നുണ്ട്. കൃത്രിമമായി സൃഷ്ടിച്ച തെളിവാണിതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു എന്നുമാണ് ശ്രീലേഖയുടെ പക്ഷം. ഒരു ചിത്രത്തിന്റെ വിശ്വാസ്യത ഒറ്റ നോട്ടത്തിൽ വ്യക്തതനേടിയ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ ശാസ്ത്രീയ തെളിവുകളെ മാനിക്കുന്നില്ല. ചിത്രം യഥാർത്ഥമാണോ അല്ലയോ എന്നത് വലിയ സാങ്കേതിക പരിശോധന ഇല്ലാതെ തന്നെ മനസിലാക്കാം. അതിനുള്ള സാങ്കേതിക സംവിധാനവും ബോധവും അന്വേഷണ സംഘത്തിനുണ്ട്. പൊതുസമൂഹത്തിലേക്ക് തെറ്റിദ്ധാരണ പരത്താനുള്ള വിഫലശ്രമമായി വേണം ഇതിനെ പരിഗണിക്കാൻ. ചിത്രമെടുത്ത ആൾതന്നെ അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്, പ്രസ്തുത ചിത്രം ആധികാരികവും യഥാർത്ഥവുമാണെന്ന്.

വരാനിരിക്കുന്നത് കോടതിലക്ഷ്യ നടപടി

വിചാരണാ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണിത്. അങ്ങനെയുള്ള കേസിൽ കോടതിക്ക് പുറത്ത് അഭിപ്രായം പറയുന്നത് ശരിയല്ല. പ്രത്യേകിച്ചും കോടതിയുടെ പരിഗണനയിലുള്ള തെളിവുകളെക്കുറിച്ച്. തെളിവുകൾ പരിശോധിച്ച് കോടതി വിധി പറയുംമുൻപ് സമാന്തര തെളിവ് പരിശോധന നടത്തി, പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് കോടതിയുടെ അന്തസിനെ ഇടിച്ച് താഴ്ത്തലാണ്, കോടതിയലക്ഷ്യമാണ്. സബ് ജുഡൈസ് ആണിത്. കോടതിയുടെ അന്തസിനെ ഹനിക്കുന്ന നടപടി. ആർ ശ്രീലേഖയ്ക്ക് വൈകാതെ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരും. ആർ ശ്രീലേഖയെ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചിച്ചുണ്ട്. അനുമതി തേടുന്നതിന് പിന്നാലെ മുൻ ജയിൽ ഡി.ജി.പിക്ക് ഓരോ ചോദ്യങ്ങൾക്കും മറുപടി പറയേണ്ടിവരും.

മെമ്മറി കാർഡ്, പെൻഡ്രൈവ്, സ്വകാര്യത

ലാബിലേക്ക് അയക്കും മുൻപ് ആരെങ്കിലും മൊബൈൽ ഫോണിൽ ഇട്ട് നോക്കിയാൽ തന്നെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറുമെന്നാണ് ശ്രീലേഖ പറയുന്നത്. ശരിയാണ്, അങ്ങനെ പരിശോധിച്ചാൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറും. പക്ഷേ എന്തിന് അനാവശ്യമായി മെമ്മറി കാർഡ് പരിശോധിക്കണം? കോടതിയുടെ കൈവശം മെമ്മറി കാർഡും പെൻ ഡ്രൈവും ഉണ്ട്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ തന്നെയാണ് പെൻഡ്രൈവിലും ഉള്ളത്. അതായത് തനിപ്പകർപ്പ്. പെൻഡ്രൈവിൽ ദൃശ്യങ്ങൾ പകർത്തിയത് കോടതിയുടെ പ്രതിദിന നടപടിക്രമങ്ങൾക്കുവേണ്ടിയാണ്. പരിശോധിക്കേണ്ടത് പെൻഡ്രൈവ് ആണ്, മെമ്മറി കാർഡ് അല്ല. മെമ്മറി കാർഡ് തൊണ്ടിമുതലാണ്. അതങ്ങനെ എപ്പോഴും പരിശോധിക്കാവുന്ന ഒന്നല്ല. ഹാഷ് വാല്യൂ മാറിയാൽ തന്നെ മെമ്മറി കാർഡിലെ ഫോൾഡറുകളിലും ഫയലുകളിലും മാറ്റം വരും. ഇത് ഒരായുധമായി പ്രതിഭാഗം തന്നെ ഉപയോഗിച്ചുവെന്ന് വരാം.

അതിനപ്പുറം ഗൗരവതരമായ മറ്റൊരു പ്രശ്നമുണ്ട്. അത് ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശമാണ്. പൗരരുടെ മൗലികാവകാശമാണ് ജീവിക്കാനുള്ള അവകാശം. അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് സ്വകാര്യത സംബന്ധിച്ച അവകാശം. ആക്രമിക്കപ്പെട്ട നടിക്ക് സ്വകാര്യതയുണ്ട്. അതവരുടെ ഭരണഘടനാപരമായ മൗലികാവകാശമാണ്. അങ്ങനെയൊരു അവകാശത്തിന്മേൽ കൈകടത്താനോ തടയാനോ റദ്ദാക്കാനോ മറ്റൊരാൾക്കും അവകാശമില്ല. സ്വകാര്യത ലംഘിക്കപ്പെട്ടുവെന്നാണ് ഗുരുതരമായ ആക്ഷേപം. ദൃശ്യങ്ങൾ ചോർന്നുവെന്ന സംശയമാണ് ഇതിനാധാരം. മൂന്ന് കോടതികളിലാണ് മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിക്കപ്പെട്ടത്. അത് ഫൊറൻസിക് സയൻസ് ലാബ് റിപ്പോർട്ടിലുണ്ട്. നിയമപരമായ രീതിയിലാണ് പരിശോധിക്കപ്പെടുന്നത് എങ്കിൽ അത് വിദഗ്ധന്റെ സഹായത്തിലാവണം.

വിദഗ്ധ സേവനത്തിന്റെ ഭാഗമായി റൈറ്റ് ബ്ലോക്കർ (Write Blocker) സംവിധാനം ഉപയോഗിച്ചാണ് മെമ്മറി കാർഡ് പരിശോധിക്കപ്പെടേണ്ടത്. അങ്ങനെയല്ല പരിശോധിക്കപ്പെട്ടത് എന്നത് തെളിഞ്ഞു. മാത്രമല്ല, വിവോ ആൻഡ്രോയ്ഡ് മൊബൈൽ ഫോണിൽ പരിശോധിക്കപ്പെട്ട സമയത്ത് വാട്സ് ആപ്, ടെലഗ്രാം പോലെയുള്ള സാമൂഹ്യ മാധ്യമങ്ങളും ഉപയോഗിച്ചിരുന്നു എന്നും വ്യക്തത വന്നിട്ടുണ്ട്. ഗുരുതരമായ കൃത്യവിലോപം നടന്നുവെന്നതിന്റെ ആധികാരികമായ റിപ്പോർട്ടാണിത്. അതായത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനം ഉൾപ്പടെയുള്ളവ സംഭവിച്ചു എന്നർത്ഥം.

ഉന്നതനായ ദിലീപിനെ രക്ഷിക്കാൻ ആരെക്ക ശ്രമിച്ചുവോ അവരെല്ലാം നിയമത്തിന് കീഴ്പ്പെടേണ്ടിവരും. സത്യം മറനീക്കി പുറത്തുവരും. നിയമം സത്യമുള്ളതാണ്, അതിനെ അട്ടിമറിക്കാനും ദുരുപയോഗിക്കാനും ശ്രമിച്ചവരൊക്കെയും നിയമത്തിന് വിധേയരാകേണ്ടി വരും. അതിജീവിതയ്ക്ക് നീതികിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം. ആകാശം ഇടിഞ്ഞ് വീണാലും നീതി നടപ്പാവുകതന്നെ ചെയ്യുമെന്നാണ് നിയമതത്വം. നീതി നടപ്പാകട്ടെ, കാത്തിരിക്കാം.


Summary: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഗൂഢാ​ലോചനാക്കേസിലെ പ്രതിയായ ദിലീപ്, ദിലീപിന്റെ അഭിഭാഷകർ, ദിലീപിന്റെ സുഹൃത്തുക്കൾ തുടങ്ങി വിചാരണ കോടതി ജഡ്ജി വരെ സംശയ നിഴലിലാണ്. അതിനുപിന്നാലെയാണ് അന്തരീക്ഷത്തിലുള്ള സംശയങ്ങൾക്ക് കൂടുതൽ ശക്തിപകരുംവിധം മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖയുടെ രംഗപ്രവേശം. ‘സസ്നേഹം ശ്രീലേഖ’ എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ, ദിലീപിനെ വെളുപ്പിച്ചെടുക്കാനും ‘നിഷ്‌കാമ കർമ്മയോഗി’ പദവിയിലെത്തിക്കാനും അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട്. വസ്തുത അവതരിപ്പിക്കുന്നുവെന്ന വ്യാജേന ആർ. ശ്രീലേഖ പറഞ്ഞതെന്ത്, അതിലെത്രത്തോളം വസ്തുതയുണ്ട്, ഇതിന് പിന്നിലെ നിയമപരമായ സാധുതകളെന്ത് തുടങ്ങിയവ പരിശോധിക്കുന്നു.


Comments