ഭാവന എന്ന പോരാട്ടം

വിക്ടിമിൽ നിന്ന് സർവൈവറിലേക്കുള്ള യാത്ര, ഇരയല്ല, അതിജീവിതയാണെന്ന സ്വയം തിരിച്ചറിയലിലേക്ക് ഭാവന എന്ന സ്ത്രീ, അഭിനേത്രി നടത്തിയ യാത്ര അതികഠിനമായിരുന്നിരിക്കും. പ്രമുഖ ജേണലിസ്റ്റ് ബർഖ ദത്തിന്റെ ദ മോജോ സ്റ്റോറിയിലൂടെ ഭാവന, തനിക്കു നേരെ അഞ്ച് വർഷങ്ങൾക്കു മുൻപ് നടന്ന ആക്രമണത്തെക്കുറിച്ച്, ജീവിതം കീഴ്മേൽ മറിഞ്ഞു പോയതിനെക്കുറിച്ച്, തുടർന്നുള്ള അതിജീവന യാത്രയെക്കുറിച്ച് തുറന്ന് സംസാരിച്ചു. ആദ്യമായി, അസാമാന്യ ഉൾക്കരുത്തോടെ, തെളിഞ്ഞ ഭാഷയിൽ, ഉറച്ച ബോധ്യങ്ങളിൽ നിലയുറപ്പിച്ച്, അവസാനം വരെ പോരാടും എന്ന് അവർ പറഞ്ഞു. കോടതിയിലിരിക്കുന്ന കേസ് ജയിക്കുമോ തോൽക്കുമോ എന്നതിനേക്കാൾ അറ്റം കാണും വരെ ഫൈറ്റ് ചെയ്യും എന്ന് അവർ പൊതു സമൂഹത്തോട് പറഞ്ഞു.

ലൈംഗികമായി ആക്രമിക്കപ്പെടുന്ന സ്ത്രീകൾ എല്ലാക്കാലത്തും പേരും മുഖവും ഒളിപ്പിച്ച് വെച്ച് സാമൂഹിക ജീവിതത്തിൽ നിന്ന് ഒളിച്ചോടുമെന്നാണ് അക്രമിയായ ശരാശരി പുരുഷന്റെ, പുരുഷൻമാരുടെ കണക്കുകൂട്ടൽ. അതുകൊണ്ടാണവർ സ്ത്രീയോടുള്ള പ്രതികാരത്തിന് ലൈംഗികാക്രമണം നടത്തുന്നത്. ലൈംഗികാക്രമണം ഒരു സ്ത്രീയെ അപമാനപ്പെടുത്തലാണ് എന്ന് തെറ്റായിധരിച്ചു വെച്ചിരിക്കുന്ന അതേ മാനസികാവസ്ഥ പേറുന്ന സോഷ്യൽ സിസ്റ്റം, അതിലെ കുടുംബ സംവിധാനം, വിദ്യാഭ്യാസ സംവിധാനം, പൊലീസ് സംവിധാനം, നിയമ സംവിധാനം ഒക്കെ ആക്രമിക്കപ്പെട്ട സ്ത്രീയോട് അപമാനിക്കപ്പെട്ട സ്ത്രീയോടെന്ന പോലെ പെരുമാറും. അതാണ് അക്രമിയുടെ രക്ഷാകവചം.

ആക്രമിക്കപ്പെടുന്ന സ്ത്രീകളൊക്കെയും കടന്നു പോകുന്ന നിസ്സഹായതയുടെ പല തരം മാനസികാവസ്ഥകളെക്കുറിച്ച് ഭാവന പറയുന്നുണ്ട്. എന്തുകൊണ്ട് ഞാൻ എന്ന് ചിന്തിക്കുന്ന ഒരു ഘട്ടം. തന്നെ അറിയാത്തവർ പോലും നടത്തിയ കുറ്റപ്പെടുത്തലുകളുടേയും പരിഹാസങ്ങളുടേയും വിക്ടിം ഷെയ്മിംഗിന്റെയും മറ്റൊരുഘട്ടം. നുറുങ്ങിച്ചിതറിപ്പോയ തന്നെ പെറുക്കിക്കൂട്ടിയെടുത്ത് ഉയർന്നു നിൽക്കാൻ ശ്രമിച്ചപ്പോഴൊക്കെ ചാനലുകളിലും സോഷ്യൽ മീഡിയയിലും തന്നെ കുറ്റപ്പെടുത്തിയവർ. പുറത്തു കടക്കാനാവാത്ത ഒരു ചുരുളിയിൽ പലതരം മാനസികാവസ്ഥകൾ തന്നെ കുടുക്കിയിട്ടതിനെക്കുറിച്ച് അവർ വേദനയോടെ പറഞ്ഞു. തനിക്കൊപ്പം ഗാഢമായി കൂടെ നിന്നവരെ സ്നേഹത്തോടെ ഓർത്തു.

പക്ഷേ ഏറ്റവും കൂടുതൽ ഒറ്റപ്പെട്ട സന്ദർഭത്തെക്കുറിച്ച് ഭാവന പറഞ്ഞു. അത് കോടതി മുറിയിലായിരുന്നു. ലൈംഗികാക്രമണം നേരിട്ട ഒരു സ്ത്രീ സമൂഹത്തോട് പറയുകയാണ് ഏറ്റവും കൂടുതൽ ഒറ്റപ്പെട്ടത് കോടതി മുറിയിലാണെന്ന്. ഏഴ് അഭിഭാഷകരുടെ ചോദ്യങ്ങൾ, ക്രോസ് വിസ്താരങ്ങൾ, ആക്രമണത്തെക്കുറിച്ചുള്ള വിശദീകരണങ്ങളുടെ ആവർത്തനങ്ങൾ. ഒറ്റപ്പെടലിന്റെ പതിനഞ്ച് ദിവസങ്ങൾ. പതിനഞ്ചാം ദിവസം അവർ പക്ഷേ പുറത്തിറങ്ങുന്നത് ഇരയായിട്ടല്ല, അതിജീവിച്ച മനുഷ്യനായിട്ടാണ്.
ഭാവന ഫൈറ്റ് ചെയ്യുന്നത് സിനിമയിലെ അതിശക്തനായ എതിരാളിയോടാണ്. നീതിന്യായ വ്യവസ്ഥയെ വിലയ്ക്കെടുക്കാൻ ശേഷിയുള്ള ഒരു എതിരാളി. തന്നെക്കുറിച്ചുള്ള വാർത്തകൾക്ക് കോടതിയിൽ നിന്ന് ഗാഗ് ഓർഡർ വാങ്ങിയ പ്രതി.

ജയിക്കുമെന്ന് ഉറപ്പുള്ള പോരാട്ടമല്ല നടത്തുന്നത് എന്ന് പറയുമ്പോഴും ഡിഗ്നിറ്റി, തിരിച്ചുപിടിക്കാൻ, നിരപരാധിയെന്ന് തെളിയിക്കാൻ, തനിക്കു വേണ്ടിയും ഡിഗ്നിറ്റിക്കു വേണ്ടി നിലകൊള്ളുന്ന ആക്രമണം നേരിട്ട അനവധി സ്ത്രീകൾക്കു വേണ്ടിയും തന്റെ ഫൈറ്റ് തുടരുമെന്ന് ഭാവന ഉറപ്പോടെ പറഞ്ഞു. കോടതി മുറിയിലെ ഒറ്റപ്പെടലിന്റെയൊടുവിൽ ഭാവന ഇരയിൽ നിന്ന് സർവൈവറിലേക്ക് നടത്തിയ പരിണാമം.

ലൈംഗികമായി ആക്രമിക്കപ്പെടുന്ന സ്ത്രീകൾ, പെൺകുഞ്ഞുങ്ങൾ ആരെയാണ് സമീപിക്കേണ്ടത്? മുഖമില്ലാതെയും പേരില്ലാതെയും അതുവരെ ജീവിച്ച ജീവിതത്തിൽ നിന്ന് ഒളിച്ചോടേണ്ടി വരുന്നത് എപ്പോഴും ആക്രമിക്കപ്പെടുന്നവരാകുന്നത് എന്തുകൊണ്ടാണ്? സ്ത്രീകളായ ജഡ്ജിമാരും അഭിഭാഷകരും പൊലീസുകാരും പോലും ആക്രമിക്കപ്പെടുന്നവരെ കുറ്റപ്പെടുത്തുന്ന സമീപനമെടുക്കുമ്പോൾ ആക്രമിക്കപ്പെടുന്നവർ എന്തു ചെയ്യണം?

അഞ്ചു വർഷം ഭാവനയുടെ പേര് പരാമർശിക്കുന്നത് മാധ്യമങ്ങളുൾപ്പെടെ എല്ലാവരും നിയമപരമായി സ്വയം വിലക്കിയിരുന്നു. അവരുടെ അസ്തിത്വത്തെ, വ്യക്തിയെന്ന നിലയിലും ആർടിസ്റ്റ് എന്ന നിലയിലും അവരുണ്ടാക്കിയെടുത്ത ഡിഗ്നിറ്റിയെ ആ രീതിയിൽ അടയാളപ്പെടുത്താൻ നിയമപരമായ ബാധ്യതയുടെ പേരിൽ തയ്യാറായിരുന്നില്ല. ആ ബാധ്യതയെയാണ്. ഇപ്പോൾ ഭാവന ഇല്ലാതാക്കിയിരിക്കുന്ന്. ആക്രമണം നേരിട്ട വ്യക്തി താൻ തന്നെയാണെന്ന് ഭാവന സ്വയം വെളിപ്പെടുത്തിയിരിക്കുന്നു. അത് ഒരു തുടക്കമാണ്. കേരളത്തിലെങ്കിലും. തീർച്ചയായും അതിനൊരു മറുവശവുമുണ്ട്. ചരിത്രത്തിൽ മുഖം മറച്ച് നിൽക്കാൻ നിർബന്ധിതരായ സ്ത്രീകൾ ഉറക്കെ സംസാരിക്കാൻ തുടങ്ങിയാൽ തീർന്നു പോവാനുള്ളതേയുള്ളൂ അക്രമികളായ ആൺകൂട്ടത്തിന്റെ വ്യാജമായ ഊറ്റങ്ങൾ.

ആക്രമിക്കപ്പെട്ടതിന്റെ പേരിൽ തകർന്നു പോയ സ്ത്രീകൾക്ക് ഭാവനയുടെ തുറന്നു പറച്ചിൽ വലിയ പ്രചോദനവും ധൈര്യവും നൽകും. അതൊരു മുന്നേറ്റമായി മാറുമെന്ന് പ്രതീക്ഷിക്കാം. അപമാനം, ഇര തുടങ്ങിയ വാക്കുകളും ആശയങ്ങളും അതിജീവിതരുടെ പോരാട്ടങ്ങൾ കൊണ്ട് ആദേശം ചെയ്യപ്പെടും

Comments