എഴുത്തുകാരൻ ജയമോഹൻ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയെക്കുറിച്ചെഴുതിയത്, ഒരു കപട സദാചാരവാദി നടത്തുന്ന എക്സ് പയേർഡ് മൊറാലിറ്റി റിവ്യൂ ആണ്. ആ സിനിമ കണ്ട് ജയമോഹൻ കിളി പോയ അവസ്ഥയിൽ എന്തൊക്കയോ കുറിച്ചുവെച്ചിട്ടുണ്ട്.
ഉള്ളിൽ വിങ്ങിപ്പൊട്ടുന്ന ആ മനുഷ്യനെ നിങ്ങൾ ശ്രദ്ധിച്ചോ? കുടിച്ച ഒരാൾ ഇത്രയും അബോധത്തിൽ ജയമോഹൻ എഴുതിയ പോലെ ഒരു കുറിപ്പെഴുതാനിടയില്ല. ഇസ്തിരിയിട്ട, ചുരുളുകളെല്ലാം നിവർത്തിയ, വെളുവെളുപ്പിച്ച 'കുലീന' ബോധമാണ് ആ മനുഷ്യനിൽ കുടിക്കാത്ത മനുഷ്യൻ്റെ നുരയും പതയുമായി പുറത്തുവരുന്നത്.
കുടിച്ചുകൂത്താടുന്ന പൊറുക്കികൾ; ജയമോഹൻ മാത്രമല്ല, പി.കെ. ബാലകൃഷ്ണൻ്റെ കേരള ചരിത്ര പഠനം വായിക്കുമ്പോൾ പഴയ മലയാളീ ജീവിതത്തെക്കുറിച്ച് പറയുന്നതിൽ വായനക്കാർക്ക് ഊഹിച്ചെടുക്കാവുന്ന സംഗ്രഹീതമിങ്ങനെയാണ്, 'പെറുക്കിത്തീനികളുടെ ഒരു സമൂഹം'. കീഴാള ചരിത്രപക്ഷ വായനയിലും 'പെറുക്കിത്തീനി’ പരാമർശം വരുന്നുണ്ട് എങ്കിൽ, അതിനർഥം, ഭാഷയിൽ എഴുത്തുകാർ രൂപപ്പെടുത്തിയ ഒരു രക്ഷാകർതൃത്വ ബോധമാണ്. അതേ ഭാഷയുടെ അഹന്താ മിടുക്കിലാണ് ജയമോഹനും ഒരു സിനിമാ റിവ്യൂ വെച്ചു കൊണ്ട് തൻ്റെ ഉള്ളിലെ വെറുപ്പിൻ്റെ എട്ടടി മൂർഖനെ അഴിച്ചു വിടുന്നത്. മലയാളികൾ രൂപപ്പെടുത്തിയ നാഗരികതയോടുള്ള പുച്ഛം കൂടിയാണത്.
വഴിയരികിൽ മദ്യപിച്ചു വീഴുന്നവർ, കുടിച്ചു കൂത്താടുന്നവർ, റിസോർട്ടിൽ ഹണിമൂൺ ആഘോഷിക്കാൻ പോലും അയക്കാൻ മടി തോന്നേണ്ട ഇടം, കല്യാണവീട്ടിലും പ്രശ്നം... തമിഴരുമായി താരതമ്യം ചെയ്യുമ്പോൾ പല നിലക്കും പരാജിതമായ സമൂഹം - ഇങ്ങനെ ജയമോഹൻ്റെ വൈകാരികമായി സമനില തെറ്റിയ അല്ലെങ്കിൽ ഒരാളുടെ മനോനിലയിൽ എഴുതിയ കുറിപ്പിൽ പ്രത്യക്ഷമാകുന്ന ആശയമെന്താണ്?
ഒന്ന്: ജയമോഹൻ ഒരു നല്ല മനുഷ്യനാണ്. കുടിക്കില്ല. മലയാളികൾ അത്ര നല്ല മനുഷ്യരല്ല.
ആ മലയാളി
ഈ മലയാളി
ഏതോ മലയാളി അല്ല
മലയാളികൾ മുഴുവനായി,
ഭൂഗോള മലയാളികൾ
രണ്ട്: മലയാളികളുടെ സൗഹൃദം, അത് അപകടകരമായ ഒരു ട്രാഫിക് ജങ്ങ്ഷനാണ്.
ശ്ശൊ, എന്നിട്ടും നിങ്ങൾ ആ ജങ്ഷൻ കടന്നു പോകാൻ ആഗ്രഹിക്കുന്നോ? മലയാളീ രക്ഷിതാക്കളെ -മക്കൾ, അവർ പ്രായപൂർത്തിയായ മക്കൾ തന്നെ ആയാലെന്ത്, കൈയിലെ വണ്ടിയുടെ താക്കോൽ വാങ്ങി ദൂരെ എറിയൂ. അപകടം, അപകടം, അയ്യോ... താക്കോൽ ... വണ്ടി... താക്കോൽ... വണ്ടി...
മൂന്ന്: കല്യാണ വിരുന്നിൽ പോകുമ്പോൾ, പന്തിഭോജനം, എന്തൊരു ബോറാണ് മദ്യം, ബിരിയാണി, സദ്യ - എല്ലാം കൂടിക്കുഴഞ്ഞ്... മനുഷ്യർ ഇങ്ങനെ കൂടിപ്പരങ്ങി ജീവിക്കാൻ പാടില്ല ... കൂടിയിരിയിക്കുന്നവരെല്ലാം കുടിച്ചിരിക്കുന്നവരാണ്. കുടിച്ചിരിക്കുന്നവരെല്ലാം കൂടിയിരിക്കുന്നവരാണ്.
മലയാളികൾ കൂടൽ സമൂഹമാണ്.
കൂടരുത്.
നാല്: 'കുഴിയിൽ' വീണാൽ, മണ്ണിട്ടു മൂടി വരണം. ജീവിച്ചിരിക്കുന്നവരുടെ ലോകത്ത് കുഴികൾ പാടില്ല.
അഞ്ച്: ജീവിക്കാൻ വേണ്ടി പല കരകളിൽ ചേക്കേറി പല ഭാഷകൾ പഠിച്ച മലയാളികൾ / അനുഭവങ്ങളുടെ പല കടലുകൾ താണ്ടിയ ആ മലയാളീ / ആഗോള പൗരത്വം എന്ന അനുഭവത്തിൻ്റെ പര്യായമായി ജീവിക്കുമ്പോൾ / ശ്ശൊ, മനുഷ്യർ ഇങ്ങനെയോ ... ജാതി / മത / ദ്വേഷമേതുമില്ലാതെ സർവരും സോദരർ... എന്തൊരു മാനവികത നിറഞ്ഞ വരികൾ... ഇതാ, ഈ ഭാഷയുടെ കുഴപ്പം , സത്യം, സമത്വം, എന്നൊക്കെ പറഞ്ഞ് ആളുകളെ വഴി തെറ്റിച്ചുകളയും...
ആറ്: ഞങ്ങൾ, എല്ലാ ആശയങ്ങളുടെയും ആകത്തുകയായി എഴുതാൻ കഴിവുള്ളവരുള്ളപ്പോൾ കുറേ പിള്ളേര് വന്ന് സാഹിത്യത്തിലും സിനിമയിലും വന്ന് കാശും പ്രശസ്തിയും അടിച്ചു വരുകയാണ്. സാഹിത്യം, ജീവിതം, ദർശനം -ഇവയുടെയെല്ലാം കുത്തും കോമയും ഇടാൻ ഞങ്ങൾ ഉള്ളപ്പോൾ സദാചാരത്തിൻ്റെ ‘കുത്ത്’ എടുത്ത് ‘ആടുക’ യാണ്, ഈ കുത്ത് / ആടികൾ.
നശിച്ചു പോകട്ടെ.