ഏക സിവിൽ കോഡ്​: ഗോള്‍വാള്‍ക്കറെ
ബി.ജെ.പി തള്ളിപ്പറയുമോ?

ഏക സിവില്‍ കോഡ് പ്രാബല്യത്തില്‍ വന്നാല്‍ സ്വത്തിന്റെ തുല്യത ക്രമേണ ചെലവിന്റെ തുല്യതാബോധത്തിലേക്ക്​ എത്തിച്ചേരുകയും ശരീഅത്ത് മുസ്​ലിം സ്ത്രീക്ക് നല്‍കിയ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയുമാണുണ്ടാകുക എന്ന്​ ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇടപെട്ട്​ നാസർ ഫൈസി കൂടത്തായി എഴുതുന്നു.

1985-ല്‍ ഏക സിവില്‍ കോഡിന് വാദിച്ചവര്‍ 2023- ല്‍ അതിനോട് വിയോജിക്കുന്നു.
ഏതെല്ലാം സംഘങ്ങള്‍ ഏതെല്ലാം കാലങ്ങളില്‍ ഏക സിവില്‍ കോഡിന് ശബ്ദമുയര്‍ത്തിയിട്ടുണ്ടോ അതൊക്കെ വൈരുദ്ധ്യവും വൈവിദ്ധ്യവുമാണ്.

ഒരു ഏകീകൃത വാദം പോലും ഉയര്‍ത്താന്‍ കഴിയില്ലെന്നിരിക്കെ, നൂറോളം സംസ്‌കാരങ്ങളും വൈവിദ്ധ്യ കാഴ്ചപ്പാടുകളും ബഹുസ്വരതയും നിലനില്‍ക്കുന്ന രാജ്യത്ത് ഏക വ്യക്തി നിയമം കൊണ്ടുവരാന്‍ കഴിയില്ലെന്ന് സ്പഷ്ടമാണ്. ഇന്ന് അതിനുവേണ്ടി വാദിക്കുന്ന കേന്ദ്ര ഗവണ്‍മെന്റും ബി.ജെ.പിയും ഉത്തരം നല്‍കേണ്ട നിരവധി ചോദ്യങ്ങളുണ്ട്.

1. 1940 മുതല്‍ 73 വരെ ആര്‍.എസ്.എസിന്റെ സര്‍ സംഘ് ചാലകായ എം.എസ്. ഗോള്‍വാള്‍ക്കറോട് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ എഡിറ്റര്‍ കെ.ആര്‍. മല്‍ക്കാനി 1973-ല്‍ ചോദിക്കുന്നു: ''ദേശീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിന് ഏകീകൃത നിയമം ആവശ്യമാണെന്ന് നിങ്ങള്‍ സമ്മതിക്കുന്നുണ്ടോ?''

 ഗോള്‍വാള്‍ക്കര്‍
ഗോള്‍വാള്‍ക്കര്‍

ഗോള്‍വാള്‍ക്കര്‍: 'ഐക്യവും ഏകീകൃത രൂപവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. ഐക്യത്തിന് ഏകീകൃതത ആവശ്യമില്ല. ഇന്ത്യയില്‍ എല്ലായ്‌പ്പോഴും പരിധിയില്ലാത്ത വൈവിദ്ധ്യങ്ങള്‍ ഉണ്ടായിരുന്നു. ഇതൊക്കെയാണെങ്കിലും പുരാതന കാലം മുതലേ നമ്മുടെ രാഷ്ട്രം ശക്തവും സുസംഘടിതവുമായി നിലകൊള്ളുന്നു. ഐക്യത്തിന് ഐക്യമാണ് വേണ്ടത്, ഏകത്വമല്ല....'
(ഓര്‍ഗനൈസര്‍ )

ഗുരുജി ഗോള്‍വാള്‍ക്കറുടെ വാദം ബി.ജെ.പി. തള്ളിക്കളയുമോ?

ഗോള്‍വാള്‍ക്കറുടെ വാദം അന്നത്തെതാണ്, അതിന് ഇന്ന് പ്രസക്തിയില്ല എന്നാണ് ഇന്നത്തെ ബി.ജെ.പിയുടെ അഭിപ്രായമെങ്കില്‍ രാജ്യത്തിന്റെ പുരാതന കാലം മുതലുള്ള സംസ്‌കാരം എക്കാലത്തും നിലനില്‍ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്, ആര്‍ഷഭാരതീയത ആധുനികതയോട് ചേര്‍ത്ത് വാദിക്കുന്ന സംഘ്പരിവാര്‍ ഇവിടെ അത് കൈയൊഴിയുമ്പോള്‍ മറ്റു പലതിലും അത് തുടരണമെന്നതിന്റെ ലോജിക്ക് നഷ്ടപ്പെടില്ലേ?

2. ഏക സിവില്‍ കോഡ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടും, ഒമ്പതു വര്‍ഷം അധികാരത്തിലിരുന്നിട്ട് ഇതുവരെ ഒരു കരട് പോലും പ്രസിദ്ധപ്പെടുത്താന്‍ കഴിയാതെപോയത് എന്തു​​​ കൊണ്ട്?

3. ഏക സിവില്‍ കോഡ് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും തുല്യനീതി ഉറപ്പുവരുത്താനാണെന്ന് ബി.ജെ.പി വാദിക്കുന്നു. ഏക സിവില്‍ കോഡിന്റെ പരിധിയില്‍ നിന്ന് രാജ്യത്തെ വലിയ ശതമാനം വരുന്ന ഗോത്രവര്‍ഗ്ഗക്കാരെ ഒഴിവാക്കുമെന്നും ബി.ജെ.പി പറയുന്നു. എങ്കില്‍ തുല്യനീതി എന്ന 'സൗഭാഗ്യ''ത്തിന് ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് അവകാശമില്ലേ?

നരേന്ദ്രമോദിയും അമിത്ഷായും
നരേന്ദ്രമോദിയും അമിത്ഷായും

4. മുസ്​ലിം സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യമെന്ന് ബി.ജെ.പി പറയുന്നു. എന്നാല്‍ ഗുജറാത്ത് ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ് ഡവലപ്‌മെന്റ് 2023-ല്‍ തയ്യാറാക്കിയ കണക്ക് പ്രകാരം, ‘രാജ്യത്ത് 35 ശതമാനം മുസ്​ലിംകൾ ഭൂരഹിതരാണ്. അതില്‍ പകുതിയിലധികവും സ്ത്രീകളാണ്, ജനസംഖ്യയില്‍ 13 ശതമാനം വരുന്ന മുസ്​ലിംകളില്‍ 3 ശതമാനത്തിന് മാത്രമേ സിവില്‍ സര്‍വ്വീസില്‍ പ്രാതിനിധ്യമുള്ളൂ.’
ഇത് പരിഹരിഹരിക്കാന്‍ യാതൊരു നീക്കവും നടത്താതെ, ഗോവധത്തിന്റെ പേരില്‍ നിരപരാധികളായ മുസ്​ലിംകളെ ആള്‍കൂട്ടക്കൊല നടത്തുമ്പോള്‍ അതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ ഏക സിവില്‍ കോഡിലെ ചതിക്കുഴികള്‍ മറച്ച് വെച്ച് തുല്യതാവാദം നിരത്തി അവരുടെ സിമ്പതി നേടാന്‍ ശ്രമിക്കുകയല്ലേ?

5. 2016-ല്‍ 21-ാം ലോ കമീഷനെ സര്‍ക്കാര്‍ നിയമിച്ചു. 2018 ആഗസ്​റ്റ്​ 21 ന് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി, ഏക സിവില്‍ കോഡ് ഇപ്പോള്‍ രാജ്യത്ത് അഭികാമ്യമല്ല എന്ന്. എന്നിട്ടും 2023- ല്‍ വീണ്ടും 22 -ാം ലോ കമ്മീഷനെ നിയമിച്ചതിന്റെ യുക്തി എന്ത്?

ഇത്തരം ചോദ്യങ്ങള്‍ക്ക് ബി.ജെ.പി മറുപടി പറയേണ്ടതുണ്ട്.

സ്വത്തവകാശത്തിലെ തുല്യതാ പങ്കാളിത്വം പറഞ്ഞാണ് ഏക സിവില്‍ കോഡ് സര്‍ക്കാര്‍ മുമ്പോട്ട് വെക്കുന്നത്.
എന്നാല്‍ ഇസ്​ലാമിലെ അനന്തരാവകാശ സ്വത്ത് പുരുഷന്റെ പകുതിയാണ് സ്ത്രീക്ക് എന്ന് ശരീഅത്ത് നിയമത്തില്‍ പറയുന്നത് വിവേചനമല്ല. സ്ത്രീകളുടെയും സന്താനങ്ങളുടെയും ജീവിതച്ചെലവ്​ ഭര്‍ത്താവ് വഹിക്കണമെന്നും അവള്‍ക്ക് അനന്തരമായി ലഭിക്കുന്ന സ്വത്ത്​ അവളുടെ ഇഷ്ടപ്രകാരം ചെലവഴിക്കാമെന്നും ഇസ്​ലാം പറയുമ്പോള്‍, പിതാവിന്റെ അനന്തരമായി ലഭിച്ചതത്രയും അവള്‍ക്ക് ഒരു ഗിഫ്റ്റാണ്. സ്വന്തം കാര്യത്തിനുപോലും ചെലവഴിക്കാതെ (അതും ഭര്‍ത്താവ് വഹിക്കേണ്ടതിനാല്‍) ഇഷ്ടപ്രകാരം ഉപയോഗപ്പെടുത്താം.

എങ്കിലും പിതാവിന് തന്റെ സ്വത്തുക്കള്‍ തന്നെ ആണ്‍- പെണ്‍ മക്കള്‍ക്ക് തുല്യമായി പകുത്ത് നല്‍കുകയും ചെയ്യാം. അങ്ങനെ ചെയ്താലും പെണ്‍മക്കളുടെ സ്വത്തായി ലഭിച്ചതില്‍ പോലും തന്റെ ഭര്‍ത്താവിന് അവകാശമില്ല എന്നിരിക്കെ സ്ത്രീക്ക് ശരീഅത്ത് വലിയ പരിഗണനയും ഔദാര്യവുമാണ്​ നല്‍കുന്നത്​. ഏക സിവില്‍ കോഡ് പ്രാബല്യത്തില്‍ വന്നാല്‍ സ്വത്തിന്റെ തുല്യത ക്രമേണ ചെലവിന്റെ തുല്യതാബോധത്തിലേക്ക്​ എത്തിച്ചേരുകയും ശരീഅത്ത് മുസ്​ലിം സ്ത്രീക്ക് നല്‍കിയ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയുമാണുണ്ടാകുക.

ബഹുഭാര്യത്വം ഇസ്​ലാം ഐഛികമായി കരുതുന്ന ഒന്നല്ല. ആവശ്യ സന്ദര്‍ഭങ്ങളില്‍ അതാവാം എന്നുമാത്രം. എന്നാല്‍ നിയമം കൊണ്ട് നിരോധിച്ച ഇസ്​ലാമേതര മതങ്ങളിലാണ് ശരാശരി ഇസ്​ലാമിനേക്കാള്‍ ബഹുഭാര്യത്വമുള്ളത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വിവാഹമോചനവും അങ്ങനെ തന്നെ.

ഇസ്​ലാമിക ശരീഅത്ത് കാലോചിതമാണെന്നിരിക്കെ വ്യക്തിനിയമത്തില്‍ പരിഷ്‌കരണം വേണമെന്ന വാദം നിരര്‍ത്ഥകമാണ്. പരിഷ്‌കരണമെന്ന ആലങ്കാരിക വാക്കുകള്‍ ചിലര്‍ നല്‍കുന്നുണ്ടെങ്കിലും അവരുടെ ലക്ഷൃം പൊളിച്ചെഴുത്താണെന്ന് സൃഷ്ടിപരമായി തിരിച്ചറിയാനാവും.

മതപരമായ ജീവിതരീതിയില്‍ ഏകീകരണം കൊണ്ടുവരാന്‍ സാധ്യമല്ലെന്നിരിക്കെ, ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രീണിപ്പിച്ച് വീണ്ടും അധികാരം നേടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ്​, പുതിയ ഏക സിവിൽ കോഡുമായി സംഘ്​പരിവാർ രംഗ പ്രവേശം ചെയ്തത് എന്ന് വ്യക്തം.

Comments