പട: കാല്‍ നൂറ്റാണ്ടിനിപ്പുറം
ഒരു തുടര്‍ ആക്ഷന്‍
പട: കാല്‍ നൂറ്റാണ്ടിനിപ്പുറം ഒരു തുടര്‍ ആക്ഷന്‍
കേരളത്തിന്റെ രാഷ്ട്രീയപ്പതിറ്റാണ്ടുകള്‍ ഇന്നാട്ടിലെ അടിസ്ഥാന ജനതയോട് ഇന്നോളം ചെയ്തുകൂട്ടിയ നെറികേടുകള്‍ക്ക് നേരയുള്ള ഒരു തുടര്‍ ആക്ഷനാണ് പട
12 Mar 2022, 02:47 PM
മുത്തങ്ങ സമരത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തില്‍ ഡൂള്‍ന്യൂസില്‍ നിമിഷ ടോം തയ്യാറാക്കിയ ഒരു ഡോക്യുമെന്ററിക്ക് വേണ്ടി 2018 ഫെബ്രുവരിയില്‍ ഞങ്ങള്‍ വയനാട്ടിലെ ചാലിഗദ്ദ ആദിവാസി കോളനി സന്ദര്‍ശിച്ചിരുന്നു. മുത്തങ്ങ സമരത്തില്‍ ഏറ്റവുമധികം കുടുംബങ്ങള്‍ പങ്കെടുത്ത കോളനികളിലൊന്നായിരുന്നു ചാലിഗദ്ദ. മണ്ണിന് വേണ്ടി സമരം ചെയ്തതിന് ഭരണകൂടത്തില്‍ നിന്നും വെടിയുണ്ട കൊണ്ട് മറുപടിയേല്‍ക്കേണ്ടി വന്നവരുടെ ഊര്. സമരഭൂമിയില്‍ നിന്നും പിന്നീട് ഊരിലേക്ക് മടങ്ങിവന്നിട്ടില്ലാത്ത രക്തസാക്ഷി ജോഗിയുടെ നാട്.
അടിവയറ്റില്‍ പൊലീസിന്റെ ചവിട്ടേറ്റതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്നും അനുഭവിക്കുന്ന കുറേ അമ്മമാര്‍, കൈകാലുകള്‍ക്കും നട്ടെല്ലിനുമേറ്റ ലാത്തി - ബൂട്ടുകളുടെ പ്രഹരം മൂലം പിന്നീട് നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാതെ പോയ കാരണവന്‍മാര്‍, സമരത്തില്‍ പങ്കെടുത്തതിന്റെ ഭാഗമായി ചാര്‍ത്തപ്പെട്ട കേസുകളിലകപ്പെട്ട് ഒന്നരപ്പതിറ്റാണ്ടിനിപ്പുറവും കോടതി കയറിയിറങ്ങുന്നവര്‍, മര്‍ദനത്തിന്റെ ഇനിയും മാഞ്ഞുപോയിട്ടില്ലാത്ത അടയാളങ്ങളുമായി രോഗശയ്യയില്‍ കഴിയുന്നവര്‍, ഇതായിരുന്നു അന്ന് ചാലിഗദ്ദയുടെ ചിത്രം.

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പൊലീസ് അടിച്ചമര്‍ത്തലിന് വിധേയരാക്കപ്പെട്ടവര്‍ക്ക് വര്‍ഷങ്ങള്‍ക്കിപ്പുറവും ഞങ്ങളോട് പറയാനുണ്ടായിരുന്നത് ഭൂരാഹിത്യം സൃഷ്ടിക്കുന്ന ജീവിത സംഘര്‍ഷങ്ങളെക്കുറിച്ച് മാത്രമായിരുന്നു. കൃഷിചെയ്യാനും കിടന്നുറങ്ങാനും ഇന്നും സുരക്ഷിതമായ ഒരു തുണ്ട് ഭൂമി സ്വന്തമായി ഇല്ലാത്തതിന്റെ സങ്കടങ്ങള്‍.
മണ്ണിന് വേണ്ടി പതിറ്റാണ്ടുകള്‍ സമരം ചെയ്തിട്ടും ഇങ്ങനെ പുഴയോരങ്ങളില്‍ തുണ്ടുഭൂമികളിലായി കഴിയേണ്ടി വരുന്നതിന്റെ പ്രശ്നങ്ങളെക്കുറിച്ചും, മഴക്കാലങ്ങളില്‍ പുഴ കോളനിയിലൂടെ പരന്നൊഴുകുന്നതിന്റെ പ്രയാസങ്ങളെക്കുറിച്ചുമായിരുന്നു അവര്‍ ഞങ്ങളോട് സംസാരിച്ചിരുന്നത്. എല്ലാ കൊല്ലവും മഴക്കാലത്ത് ഊരില്‍ വെള്ളപ്പൊക്കമാണെന്നും, വെള്ളം കയറുമ്പോഴെല്ലാം ഉദ്യോഗസ്ഥര്‍ വന്ന് തങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുമെന്നും, അടുത്ത മഴയ്ക്ക് മുന്നെ മാറ്റിപ്പാര്‍പ്പിക്കാമെന്ന പൊള്ളയായ വാക്കുകള്‍ കേട്ട് ഓരോ ദുരിതകാലാവസാനവും ക്യാമ്പുകളില്‍ നിന്ന് ഊരുകളിലേക്ക് മടങ്ങിവരുമെന്നും ചാലിഗദ്ദക്കാര്‍ പറയുമ്പോള്‍ പ്രളയത്തിന്റെ തീവ്രാനുഭവങ്ങളെക്കുറിച്ച് ഊഹിക്കാനേ കഴിയുമായിരുന്നൂള്ളൂ.
വെറും ആറ് മാസത്തിനുള്ളില്‍, അതേ വര്‍ഷം ആഗസ്ത് മാസത്തിലാണ് കേരളം മഹാപ്രളയത്തെ നേരിടേണ്ടി വന്നത്. കേരളത്തിലുടനീളം ദുരന്തങ്ങള്‍ വിതച്ച ആ പ്രളയകാലത്തിന്റെ പ്രഹരങ്ങളെ പതിയെ അതിജീവിക്കാന്‍ ഇതര ഭൂമികയിലെ മനുഷ്യര്‍ക്ക് സാധിച്ചെങ്കില്‍ ചാലിഗദ്ദയടക്കമുള്ള വയനാടന്‍ പുഴയോര ഊരുകളുടെ വിധി അങ്ങനെയായിരുന്നില്ല.

മഴയ്ക്ക് മുന്നേ ക്യാമ്പുകളിലേക്കോടിയതിനാല്‍ ബാക്കിയായ ജീവനുകളും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളുമല്ലാതെ മറ്റൊന്നും ചാലിഗദ്ദയില്‍ അവശേഷിച്ചില്ല. ശക്തമായ കുത്തൊഴുക്കില്‍ ഗതിമാറിയൊഴുകിയ പുഴ പുതിയ വഴികള്‍ കണ്ടെത്തിയത് കോളനികള്‍ക്ക് നടുവിലൂടെയാണ്. പുഴയെയും ഊരുകളെയും വേര്‍തിരിച്ചു നിര്‍ത്തിയ മണ്‍തിട്ടകള്‍ തകര്‍ന്നു തരിപ്പണമായി. പുഴയ്ക്കും പുഴയോരത്തിനുമിടയില്‍ അതിരുകളില്ലാതായി. വിളവ് കാത്തിരുന്ന കൃഷിഭൂമികള്‍ കായലുകള്‍ക്ക് സമാനമായി.

ഇനിയൊരിക്കലും വാസയോഗ്യമല്ലാത്ത രീതിയില്‍ ചാലിഗദ്ദ കോളനി മാറി. ചാലിഗദ്ദ മാത്രമല്ല, പടിഞ്ഞാറത്തറ, കോട്ടത്തറ, പൊഴുതന, കണിയാമ്പറ്റ, പനമരം, മാനന്തവാടി, പുല്‍പ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസി കോളനികളെയെല്ലാം മനുഷ്യവാസം സാധ്യമാകാത്ത ഇടങ്ങളായി പ്രളയം മാറ്റിത്തീര്‍ത്തിരുന്നു.
വയനാടന്‍ മലകളില്‍ മഴപെയ്യുന്ന ഒരു രാത്രിയിലും ഭയരഹിതമായി ഉറങ്ങാന്‍ സാധിക്കാത്ത രീതിയിലാണ് ഇന്ന് പുഴയോരക്കോളനികളിലെ ആദിവാസി ജീവിതം. പുഴ ഏതു നിമിഷവും അവരുടെ കൂരകളിലേക്കിരച്ചുകയറിയേക്കാം. സുരക്ഷിതമായ ഭൂമി ലഭിക്കാതെ ഈ കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട ഒരു ജീവിതം സാധ്യമേയല്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ ക്ഷേമ സന്നാഹങ്ങളുമായെത്തിയ ഉദ്യോഗസ്ഥരോടും സന്നദ്ധപ്രവര്‍ത്തകരോടും ചാലിഗദ്ദക്കാര്‍ പറഞ്ഞത് ഒരെയൊരു കാര്യം മാത്രമാണ്. സുരക്ഷിതമായ മണ്ണ് വേണമെന്ന്.
മണ്ണിന് വേണ്ടി ആദിവാസികളെന്തിന് സമരം ചെയ്തുവെന്ന് വ്യക്തമാകുന്നതാണ് പ്രളയകാലകത്തിന് ശേഷമുള്ള ആദിവാസി ഊരുകളുടെ ചിത്രം. വയനാടിന്റെ വിശാലതകളില്‍ അതിരുകളില്ലാത്ത ഭൂമിയുടെയും വിഭവങ്ങളുടെയും അധിപരായി ജീവിച്ചിരുന്ന ആദിവാസികള്‍ ഇന്ന് പുറമ്പോക്കുകളിലിരുന്ന് അവരുടെ നഷ്ടപ്പെട്ട ഭൂമിയുടെ കണക്ക് ചോദിക്കുകയാണ്.
കേരളത്തിലെ സമതല ജീവിതത്തിനുണ്ടായ സാമൂഹിക സാമ്പത്തിക അഭിവൃദ്ധികളില്‍ നിന്നും കാതങ്ങള്‍ പിന്നിലേക്ക് ആദിവാസി ജീവിതം തഴയപ്പെട്ടതിന്റെ മര്‍മ കാരണം അവരുടെ നഷ്ടപ്പെട്ട ഭൂമിയാണ്. നഷ്ടപ്പെട്ട ഭൂ ഉടമസ്ഥത തിരിച്ചുലഭിക്കാതെ കേരളത്തിലെ ഗോത്ര ജനതയ്ക്ക് അതിജീവനം സാധ്യമാകുമായിരുന്നില്ല. ഭൂമിക്ക് മേല്‍ ഉടമസ്ഥതയും ആധിപത്യവും ജീവിത സമ്പന്നതയുമുണ്ടായിരുന്ന ഗോത്ര ജനതയെ മലമടക്കുകളിലെയും പുറമ്പോക്കുകളിലെയും പുഴയോരങ്ങളിലും കോളനിജീവിതത്തിലേക്ക് തള്ളിവിട്ടത് ഭൂതകാല കേരളത്തിലെ വിവിധ രാഷ്ട്രീയ പ്രക്രിയകള്‍ കൂടിയാണ്.
വ്യവസ്ഥാപിതമാക്കപ്പെട്ട ആ അനീതികള്‍ക്ക് പരിഹാരമെന്നോണമാണ് വിവിധ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ അന്യാധീനപ്പെട്ട ആദിവാസി ഭൂമി ആദിവാസികള്‍ക്ക് തിരികെ നല്‍കണമെന്ന വ്യവസ്ഥയില്‍ 1975 ലെ ആദിവാസി ഭൂസംരക്ഷണ നിയമം പ്രാബല്യത്തില്‍ വരുന്നത്. പക്ഷേ നിയമം നടപ്പിലാക്കുന്നതിന് കേരളത്തിലെ ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ തയ്യാറായില്ല. രണ്ട് പതിറ്റാണ്ടോളം നിയമത്തിന്റെ നടത്തിപ്പിനെ തടഞ്ഞവര്‍ ഒടുവില്‍ 1996ല്‍ നിയമം ഭേദഗതി ചെയ്യുന്നതിനായുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.
നീതിയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട ഗോത്ര വര്‍ഗങ്ങള്‍ക്കിടയില്‍ നിന്നും പട്ടിണി മരണങ്ങളുടെ വാര്‍ത്തകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന കാലമായിരുന്നു അത്. ആദിവാസികള്‍ക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ ഭരണകൂട വഞ്ചനകളെ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരിക എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ടാണ് "അടിമ കേരളം യുവ പോരാളികളെ ആവശ്യപ്പെടുന്നുവെന്ന മുദ്രാവാക്യവുമായി' രൂപീകരിക്കപ്പെട്ട അയ്യളങ്കാളിപ്പട അനീതിക്കെതിരായ കലാപമെന്ന നിലയില്‍ അവരുടെ പടയ്ക്ക് കോപ്പുകൂട്ടിയത്.
1996 ഒക്ടോബര്‍ നാലിന് പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കി അയ്യങ്കാളിപ്പട നടത്തിയ പ്രതീകാത്മക സായുധ സമരത്തിലൂടെ അടിസ്ഥാനപരമായി അവര്‍ ലക്ഷ്യം വെച്ചത് ആദിവാസി ഭൂപ്രശ്‌നങ്ങളിലേക്ക് ജനശ്രദ്ധയാകര്‍ഷിക്കുക എന്നതായിരുന്നു. അത് സാധ്യമായെങ്കിലും അയ്യങ്കാളിപ്പടയുടെ ബന്ദി സമരം കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും കേരളത്തിലെ ആദിവാസി ദളിത് ഭൂസംഘര്‍ഷങ്ങള്‍ക്ക് യാതൊരു മാറ്റവുമുണ്ടായില്ല. മുത്തങ്ങയും അരിപ്പയും ചെങ്ങറയും മേപ്പാടിയും തൊവരിമലയുമെല്ലാം സംഭവിച്ചത് പില്‍ക്കാല കേരളത്തില്‍ തന്നെയാണ്. സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട വികസന മാപിനികളില്‍ മുഖ്യധാരാ മലയാളി ജീവിതത്തെ ഏറെ മുന്നിലേക്ക് നയിക്കാന്‍ കേരളത്തിലെ ഭരണ മുന്നണികള്‍ക്ക് സാധിച്ചെങ്കിലും ഗോത്ര ജീവിത സംഘര്‍ഷങ്ങളെ രാഷ്ട്രീയമായി പരിഹരിക്കുന്നതിന് വേണ്ട വില കൊടുക്കാനുള്ള ധൈര്യം ഇരു മുന്നണികള്‍ക്കുമുണ്ടായില്ല.
കേരളത്തിന്റെ രാഷ്ട്രീയപ്പതിറ്റാണ്ടുകള്‍ ഇന്നാട്ടിലെ അടിസ്ഥാന ജനതയോട് ഇന്നോളം ചെയ്തുകൂട്ടിയ നെറികേടുകള്‍ക്ക് നേരയുള്ള ഒരു തുടര്‍ ആക്ഷനാണ് ആ അര്‍ത്ഥത്തില്‍ കെ.എം. കമല്‍ സംവിധാനം ചെയ്ത പട എന്ന സിനിമ. അയ്യങ്കാളിപ്പട നടത്തിയ ആക്ഷന്റെ ഉദ്വേഗഭരിതമായ മണിക്കൂറുകളെ അതിഗംഭീരമായ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാക്കി മാറ്റിയ കമല്‍ മുന്‍നിര താരങ്ങളെ അണിനിരത്തിയ ഒരു മുഖ്യധാരാ സിനിമയിലൂടെ ഉജ്വലമായ രാഷ്ട്രീയ സന്ദേശം മലയാളികള്‍ക്ക് നല്‍കിയിരിക്കുകയാണ്.

കലുഷിതമായിരുന്ന എണ്‍പതുകളില്‍ നിന്ന് രാഷ്ട്രീയമുള്‍ക്കൊണ്ട് സാഹസിക സമരങ്ങള്‍ക്കൊരുങ്ങിയ നാല് ക്ഷുഭിത യൗവനങ്ങള്‍ക്കൊപ്പം അവരില്‍ അഞ്ചാമനായി സിനിമയില്‍ കമല്‍ കെ.എം നിലകൊള്ളുന്നുണ്ട്. രാഷ്ട്രീയ സിനിമകളില്‍ പൊതുവെ കണ്ടുവരാറുള്ള മുദ്രാവാക്യ ബാഹുല്യം പടയിലില്ല. അങ്ങേയറ്റം കയ്യടക്കത്തോടെയുള്ള തിരക്കഥ. അത്ഭുതപ്പെടുത്തുന്ന കാസ്റ്റിംഗ്.
തൊണ്ണൂറുകളിലെ കേരള രാഷ്ട്രീയവും അക്കാലത്തെ സമാന്തര മുന്നേറ്റങ്ങളുടെ ശബ്ദവും സാന്നിധ്യവും സിനിമയിലുണ്ട്. ഇ.കെ. നായനാരും വി.ആര്‍. കൃഷ്ണയ്യരും സി.കെ ജാനുവും മുണ്ടൂര്‍ രാവുണ്ണിയും മുകുന്ദന്‍ സി മേനോനും മുരളി കണ്ണമ്പള്ളിയുമെല്ലാം സിനിമയിലുണ്ട്. കല്ലറ ബാബു, കാഞ്ഞങ്ങാട് രമേശന്‍, വിളയോടി ശിവന്‍കുട്ടി, അജയന്‍ മണ്ണൂര്‍ എന്നിവരെയെല്ലാം ചിത്രീകരിച്ച രീതിയും, ആക്ഷന്റെ വിവിധ ഘട്ടങ്ങളെ അക്കാലത്തെ രാഷ്ട്രീയ പരിസരങ്ങളുടെ നൈസര്‍ഗികത ചോര്‍ന്നുപോകാതെ, അതിശയോക്തികളിലേക്ക് വഴുതി വീഴാതെ, തിരക്കഥയിലേക്ക് പടര്‍ത്തിയതും സൂക്ഷ്മമായ പഠനങ്ങളിലൂടെയാണെന്ന് അയ്യങ്കാളിപ്പടയെ അടുത്തറിഞ്ഞവര്‍ക്ക് കൃത്യമായി മനസ്സിലാകും.

30 വര്‍ഷത്തിലധികമായി സര്‍വീസിലുള്ള സിനിമയിലെ ചീഫ് സെക്രട്ടറിയുടെ കഥാപാത്രം ഒരു രംഗത്തില്‍ പറയുന്നുണ്ട്. താന്‍ സര്‍വീസില്‍ പ്രവേശിക്കുന്ന കാലത്തെ അതേ ചിത്രം തന്നെയാണ് ഇന്നും കേരളത്തിലെ ആദിവാസി മേഖലകളിലെന്ന്. 96 ലെ അയ്യങ്കാളിപ്പടയുടെ ആക്ഷന് ശേഷമുള്ള കാല്‍ നൂറ്റാണ്ട് കാലം കൊണ്ടും ഈ സാഹചര്യങ്ങള്‍ക്ക് യാതൊരു മാറ്റവുമുണ്ടായില്ലെന്ന് പറഞ്ഞവസാനിപ്പിക്കുന്ന സിനിമ, ഐക്യകേരള രൂപീകരണത്തിന് ശേഷമുള്ള കേരള ചരിത്രത്തില്‍ ആദിവാസികള്‍ക്ക് ലഭിച്ച സ്ഥാനമെന്തെന്ന ചോദ്യം കൃത്യമായി ഉയര്‍ത്തുന്നുണ്ട്. അന്ന് അയ്യങ്കാളിപ്പട കളക്ടറെ ബന്ധിയാക്കി സമരം ചെയ്യുമ്പോള്‍ അധികാരികളോട് ആവശ്യപ്പെട്ട ആദ്യ കാര്യങ്ങളിലൊന്ന് ആകാശവാണിയിലൂടെ സമരത്തിന്റെ ഉദ്ദേശം പുറത്തറിയിക്കണം എന്നതായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം സാധ്യമായ ഏറ്റവും വലിയ ക്യാന്‍വാസില്‍ ആ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് കമല്‍ കെ.എം.
എല്ലാ രാഷ്ട്രീയ വായനകള്‍ക്കുമപ്പുറത്ത് കേവലമൊരു ത്രില്ലര്‍ എന്ന നിലയിലും ഏറെ മികച്ചുനില്‍ക്കുന്നു എന്നതാണ് പടയുടെ വലിയ വിജയം. ആക്ഷന് ശേഷമുള്ള ആ നാല്‍വര്‍ സംഘത്തിന്റെ നിലയ്ക്കാത്ത ഓട്ടവും പില്‍ക്കാല കേരളത്തിലെ ആദിവാസി ഭൂസമരങ്ങളുടെ നാള്‍വഴികളും അതിലൂടെ അവശേഷിക്കുന്ന ചോദ്യങ്ങളും പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് വീണ്ടുമൊരു ആക്ഷനിലേര്‍പ്പെടുന്നു പട.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
വി.കെ. ബാബു
Jan 28, 2023
8 minutes read
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
ഇ.കെ. ദിനേശന്‍
Jan 25, 2023
5 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
എസ്. ജോസഫ്
Jan 17, 2023
8 minutes read
ഷഫീഖ് താമരശ്ശേരി
Jan 14, 2023
11 Minutes Watch
വി. ഡി. സതീശന്‍
Jan 11, 2023
3 Minutes Read