പാലായിലെ സി.പി.എം കുഞ്ഞേട്ടൻ

ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു. പാർട്ടികൾ സ്ഥാനാർഥി പ്രഖ്യാപനം നടത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

തുവരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ‘വല്യേട്ടൻ' എന്ന അപമാനവിളി ചുമലിലേറ്റിനടക്കാനായിരുന്നു സി.പി.എമ്മിന്റെ വിധി. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ നാം കാണുന്നത് സ്‌നേഹനിധിയായ, എന്തിനും വഴങ്ങുന്ന ഒരു കുഞ്ഞേട്ടനെയാണ്.

മുടിയനായ പുത്രൻ തിരിച്ചെത്തിയപ്പോൾ നഷ്ടങ്ങളുടെ കണക്കുകളൊന്നും വല്യേട്ടൻ ചോദിച്ചില്ല, മാത്രമല്ല, വില കൂടിയ മേൽവസ്ത്രവും ചെരിപ്പുകളും വിരലിൽ മോതിരവും അണിയിച്ചു, നല്ല കാളക്കുട്ടിയെ അറുത്ത് വിരുന്നുനൽകി, പിന്നെ ചോദിച്ച സീറ്റുകളും നൽകി.

മുന്നണിയിലെ മറ്റു മക്കളുടെ കാര്യമോ? അവർ ധൂർത്തുപുത്രന് നൽകാനുള്ള പങ്ക് തങ്ങളിൽനിന്നുതന്നെ പകുത്തുനൽകി. സിറ്റിങ് സീറ്റുപോലും ജോസിന് വിട്ടുകൊടുത്ത് സി.പി.എം മാതൃക കാട്ടിയപ്പോൾ അതിനോട് ഐക്യദാർഢ്യം പുലർത്താതിരിക്കാൻ കഴിയാതായി സി.പി.ഐക്ക്. ‘ജയിച്ചുകാണിക്കൂ' എന്നൊരു കുത്തുവാക്ക് കാനം പറഞ്ഞെങ്കിലും സി.പി.ഐ വഴങ്ങി. സ്‌കറിയ തോമസ് വിഭാഗം എന്നൊരു ഘടകകക്ഷി, ഒരൊറ്റ സീറ്റിലും മത്സരിക്കാതെ തങ്ങളെ പൂർണമായും ബലി നൽകിയാണ് സി.പി.എമ്മിനേക്കാൾ സഹോദരസ്​നേഹം കാണിച്ചത്​.

അപ്പോൾ, ഇത്തവണ പാലാ, കേരളത്തിനുതന്നെ മാതൃകയായി മാറിയിരിക്കുകയാണ്. അപ്പോൾ മത്സരത്തെക്കുറിച്ച് പറയേണ്ടതില്ല. സിറ്റിങ് സീറ്റ് വീണ്ടെടുക്കാൻ മാണി സി. കാപ്പനും ജോസ് കെ. മാണിയും നടത്തിയ നിരവധി ത്യാഗങ്ങളുടെ കഥകൾ കൂടി ഇത്തവണ പാലായിലെ വോട്ടർമാർക്കുമുന്നിലുണ്ട്.

1965 മുതൽ 2016 വരെയുള്ള പാലായുടെ തെരഞ്ഞെടുപ്പുചരിത്രത്തിൽ 13 തവണയാണ് കെ.എം. മാണി മത്സരിച്ച് ജയിച്ചത്. ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായ വ്യക്തി, 52 വർഷം. ഏറ്റവുമധികം തവണ, 13 തവണ ബജറ്റ് അവതരിപ്പിച്ചെന്ന ഖ്യാതി.

കെ. എം. മാണി / വര: ദേവപ്രകാശ്

2006 മുതൽ മാണി സി. കാപ്പനാണ് മാണിയുടെ എതിരാളി. അന്നുമുതൽ മാണിയുടെ ഭൂരിപക്ഷം കുറഞ്ഞുകുറഞ്ഞുവരികയായിരുന്നു; സാധാരണ 10,000- 25,000 ഇടയിലായിരുന്ന ഭൂരിപക്ഷം കാപ്പൻ എതിരാളിയായ 2006, 2077, 2016 വർഷങ്ങളിൽ 7759ൽനിന്ന് 4703 ആയി കുറഞ്ഞുവന്നു. 2016ലെ തെരഞ്ഞെടുപ്പിനുശേഷം മാണി യു.ഡി.എഫ് വിടുകയും ചെയ്തു. മാണിയുടെ മരണശേഷം 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 2943 വോട്ടിനാണ് കാപ്പൻ യു.ഡി.എഫിനെതിരെ ‘ഐതിഹാസിക ജയം' നേടിയത്. മാണിയല്ലാതെ പാലായുടെ എം.എൽ.എയാകുന്ന ആദ്യ ആളായി കാപ്പൻ.

കാപ്പന് ജയം സമ്മാനിച്ചതിൽ, മാണിക്കുശേഷം പാർട്ടിയിൽ ജോസഫും ജോസും തമ്മിൽ നടന്ന, ചിഹ്‌നത്തർക്കം അടക്കമുള്ള തമ്മിലടിക്കും ഒരു പ്രധാന പങ്കുണ്ട്. കാപ്പന്റെ ജയത്തിൽ ഏറ്റവും ആഹ്ലാദം പാലായിലെ കോൺഗ്രസുകാർക്കുമായിരുന്നു. എന്നാൽ, കാപ്പനോട് എൽ.ഡി.എഫ് നീതി കാട്ടിയോ? ഇല്ല.

പാലാ ഉറപ്പിച്ചായിരുന്നു ജോസ് കെ. മാണി എൽ.ഡി.എഫിലേക്കുവന്നത്. കാരണം, പാലാ അത്രക്കും ‘സ്വന്ത'മാണ് ജോസ് കെ. മാണിക്ക്. പിതാവിനുശേഷം അത് പുത്രനിലേക്കുതന്നെ വരണം. അത് പുത്രന്റെയും ഒരു അഭിമാനപ്രശ്‌നമാണ്. മുന്നണി ഏതായാലും പാലാ മാണി ഗ്രൂപ്പിന്റെതാണ്‌
എന്ന് തെളിയിക്കണം. രാജ്യസഭാംഗത്വം രാജിവെച്ച് ജോസ് പാലായിലെത്തിയത് അതിനുനമാത്രമാണ്.

കാപ്പനെ വച്ചുള്ള കളിയേക്കാൾ, മധ്യകേരളത്തിലെ ക്രിസ്ത്യൻവോട്ട് പിടിക്കാൻ ജോസിനെ കൂട്ടിക്കൊണ്ടുള്ള കളിയാണ് ലാഭകരമെന്ന് സി.പി.എമ്മിന് ഉറപ്പായിരുന്നു. അത് തദ്ദേശ തെരഞ്ഞെടുപ്പ് തെളിയിക്കുക കൂടി ചെയ്തതോടെ ഒന്നും ആലോചിച്ചില്ല, പാലാ ജോസിന് നൽകി. എല്ലാ ഘടകകക്ഷികളെയും പിന്തള്ളി കേരള കോൺഗ്രസിന് അമിത പരിഗണന നൽകിയ സി.പി.എമ്മിനും പാലാ ഒരു അഭിമാനപ്രശ്‌നമായി മാറിയിരിക്കുകയാണ്. ‘ജയിച്ചു കാണിക്ക്​’ എന്ന്​ കാനം പറഞ്ഞത്​ ശരിക്കും ജോസിനോടല്ല, തങ്ങളോടാണ്​ എന്ന്​ സി.പി.എമ്മിന്​ നന്നായി മനസ്സിലായിട്ടുമുണ്ട്​.

എന്നാൽ, കാപ്പനെ സംബന്ധിച്ചും പാലാ ഒരു വികാരമാണ്, എന്തുവില കൊടുത്തും നിലനിർത്തേണ്ട മണ്ഡലം. അതുകൊണ്ടാണ് പാലാ നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോൾ സ്വന്തം പാർട്ടിയെ പോലും ഉപേക്ഷിച്ച് കാപ്പൻ മുന്നണി വിട്ടത്. പാർട്ടിയേക്കാളും മുന്നണിയേക്കാളും സ്വന്തം മണ്ഡലത്തെ സ്‌നേഹിക്കുന്ന കാപ്പനെ ഇത്തവണയും ജനം സ്വീകരിക്കുമോ? ‘ചങ്കാണ് പാലാ' എന്ന കാപ്പന്റെ മുദ്രാവാക്യം പാലായിലുടനീളം ഉയർന്നുകഴിഞ്ഞു. പാലായിലെ ജനങ്ങൾക്കുവേണ്ടി ഇറക്കിയ പ്രസ്താവന വായിച്ചാൽ, പാലാ മണ്ഡലത്തിൽ ജീവിച്ച്​ മരിച്ചുപോയവർ പോലും ഏപ്രിൽ ആറിന് പോളിങ് ബൂത്തിലെത്തി കാപ്പന് ഒരു വോട്ട് ചെയ്തിട്ടുപോകും: ‘‘എവിടെനിന്നെങ്കിലും ജയിച്ചു ഒരു എം.എൽ.എയോ എം.പിയോ ആകാൻ അല്ല ഞാൻ ഇത്രയധികം കഷ്ടപ്പെട്ടത്, പാലായെ പ്രതിനിധീകരിക്കാനാണ്, പാലായെ മാത്രം. സമൂഹമാധ്യമങ്ങളിൽ എതിർകക്ഷികൾ (പുതിയതായി കൂടെവന്ന കക്ഷികൾ എന്നു പറയുന്നതാവും കൂടുതൽ ശരി) എന്നെ ഒരു സ്ഥാനമോഹിയായി പ്രചരിപ്പിക്കുന്നത് കണ്ടു. ഒരു ചെറിയ തിരുത്തുണ്ട് - മോഹിച്ചത് പാലായെ ആണ്. മറ്റൊന്നും എനിക്ക് അതിനു പകരമാകില്ല. പാലായെപ്പറ്റിയുള്ള എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ശ്രമം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല. അതിനു വേണ്ടി ഏതറ്റം വരെയും പോകുവാനും ഞാൻ തയാറാണ്''.

ജോസിലൂടെ മധ്യകേരളം പിടിച്ചാൽ യു.ഡി.എഫിനെ തറപറ്റിക്കാം എന്നൊരു പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. തദ്ദേശ തെരഞ്ഞെടുപ്പുഫലം ഇതിന്റെ ടെസ്റ്റ് ഡോസായി അവർ കാണുന്നു; എൽ.ഡി.എഫിന് പാലായിൽ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്.

ഇത്രയും പടയൊരുക്കം കാപ്പനുവേണ്ടി യു.ഡി.എഫിൽ കാണാനില്ല എന്നത് കൗതുകകരമാണ്. ഐശ്വര്യ കേരള യാത്രക്കിടെ കാപ്പനെ സ്ഥാനാർഥിയായി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച ചടങ്ങിൽ, ‘നല്ല വലുപ്പമുള്ള കാപ്പൻ, നല്ല ചന്തത്തോടെ, തലയെടുപ്പുള്ള ഒരാനയെപ്പോലെ പതിനായിരക്കണക്കിന് ആളുകളെയും കൂട്ടി, പാലായിലെ ജനങ്ങളെയും കൂട്ടി ഈ വേദിയിലേക്ക് വന്നിരിക്കുന്നു' എന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ചാടിത്തുള്ളിയെങ്കിലും കോൺഗ്രസ് പ്രവർത്തകർ ഇത് കാപ്പന്റെ സ്വന്തം പ്രശ്‌നമെന്ന നിലക്കാണെന്നുതോന്നുന്നു എടുത്തിട്ടുള്ളത്.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

യൂത്ത് ഫ്രണ്ട് ഒരുക്കിയ കെ.എം. മാണിയുടെ പൂർണകായ പ്രതിമ ഈയിടെ അനാച്ഛാദനം ചെയ്ത് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പറഞ്ഞത്, ഈ ചടങ്ങിനെത്താൻ കഴിഞ്ഞത് ഒരു സുകൃതമാണ് എന്നാണ്. അപ്പോൾ, പൊടുന്നനെ, ​ഇതെല്ലാം കാണാനും കേൾക്കാനും വിധിക്കപ്പെട്ട ജനങ്ങളുടെ ഉള്ളിൽ തെളിയാനിടയുള്ളത്, ബാർകോഴക്കേസിന്റെ സമയത്ത് മാണി നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കാൻ വരുന്ന സമയത്തെ ശ്രീരാമകൃഷ്ണനെയായിരിക്കും എന്നുറപ്പ്. പാലായിലെ ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടികളും ജനാധിപത്യത്തിന്റെയും ജനവിധിയുടെയും പേരിൽ സമീപകാലത്ത് നടത്തിയ പലതരം പ്രകടനങ്ങൾ ജനങ്ങളുടെ ഉള്ളിലും കെടാതെ നിൽക്കുന്നുണ്ട്. പൗരന്റെ അത്തരം അനുഭവങ്ങളാകുമോ യഥാർഥ ജനവിധിയെ രൂപപ്പെടുത്തുക? ജനാധിപത്യം ഒരു നേർരേഖയല്ലാത്തതുകൊണ്ട് ഉത്തരം അസാധ്യമായ ഒരു ചോദ്യമാണിത്.


Comments