16 Apr 2022, 06:47 PM
കേരളീയ സാമൂഹിക ജീവിതത്തെ അങ്ങേയറ്റം പരിഭ്രാന്തിയിലേക്ക് നയിക്കുന്ന തരത്തില്‍ ഭീകരമായ കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ആലപ്പുഴയില്‍ നടന്ന ഷാന്‍ - രഞ്ജിത്ത് കൊലപാതകങ്ങള്‍ക്ക് സമാനമായ രീതിയില്‍ പാലക്കാട് ജില്ലയിലും ഇപ്പോള്‍ ആര്‍.എസ്.എസും എസ്.ഡി.പി.ഐയും കൊലക്കത്തി കയ്യിലെടുത്തിരിക്കുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ സുബൈര്‍ കൊല്ലപ്പെട്ട് ഇരുപത്തിനാല് മണിക്കൂര്‍ തികയും മുമ്പെ ശ്രീനിവാസന്‍ എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനും കൊലപ്പെട്ടു. ഇരുകൊലപാതകങ്ങളും നടന്നത് പട്ടാപ്പകല്‍, ആള്‍ക്കൂട്ടത്തിന് നടുവില്‍. ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ ആയുധമൂര്‍ച്ചയ്ക്ക് മുന്നില്‍ കേരളം പകച്ചുനില്‍ക്കുകയാണ്.
സംഘടിതവും ആസൂത്രിതവുമായി നടക്കുന്ന ഈ തുടര്‍കൊലപാതകങ്ങളെ ഫലപ്രദമായി തടയാന്‍ എന്തുകൊണ്ട് കേരളത്തിലെ പൊലീസ് സംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ല എന്ന ചോദ്യം തന്നെയാണ് ഇവിടെ പ്രാഥമികമായി ഉയരേണ്ടത്. ഏതെങ്കിലും ഒന്നോ രണ്ടോ ജില്ലയില്‍ ഒതുങ്ങുന്നതല്ല സമീപകാല കേരളത്തിലരങ്ങേറിയ കഠാര രാഷ്ട്രീയത്തിന്റെ വ്യാപ്തി. പല രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായ ധാരാളം പ്രവര്‍ത്തകരാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കേരളത്തില്‍ കൊല്ലപ്പെട്ടത്. കേരളത്തില്‍ ഭരണകക്ഷിയായ സി.പി.എമ്മിനും അവരുടെ അനേകം പ്രവര്‍ത്തകരെ നഷ്ടപ്പെട്ട വര്‍ഷങ്ങളാണ് പിന്നിട്ടത്.
വര്‍ഷം തോറും നടക്കുന്ന മൊത്തം കൊലപാതകങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് പത്തൊമ്പതാം സ്ഥാനത്ത് മാത്രമാണ് കേരളം ഉള്ളതെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ ഇതല്ല സ്ഥിതി.
രാഷ്ട്രീയ കൊലപാതകങ്ങളില്‍ കേരളത്തിന്റെ റാങ്ക് മൂന്നാം സ്ഥാനമാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഉത്തര്‍ പ്രദേശും ബീഹാറും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത് കേരളത്തിലാണ്.
കണ്ണൂര്‍ കൊലപാതക പരമ്പരകളാണ് മുന്‍കാലങ്ങളില്‍ കേരള രാഷ്ട്രീയത്തിന്റെ ഹിംസാത്മക മുഖമായി നിലകൊണ്ടിരുന്നത്. അന്നും കൊലപാതക പരമ്പരകളുടെ ഒരു ഭാഗത്ത് സംഘപരിവര്‍ തന്നെയായിരുന്നു. ഹിംസയുടെ രാഷ്ട്രീയം കേരളത്തില്‍ വേരൂന്നിക്കിട്ടാന്‍ കിണഞ്ഞുശ്രമിക്കുന്ന ശക്തികള്‍ക്ക് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ സന്തോഷം പകരുമെന്നതില്‍ സംശയമില്ല. ജനങ്ങളുടെ സാമൂഹിക ജീവിത നിലവാരവുമായി ബന്ധപ്പെട്ട് വിവിധ സൂചികകള്‍ പ്രകാരം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ മുന്നില്‍ നില്‍ക്കുന്ന, താരതമ്യേന സുരക്ഷിതമായ, കേരളീയ പൊതുജീവിതത്തെ, കലാപമുഖരിതമാക്കി മാറ്റാനുള്ള കുതന്ത്രങ്ങളുടെ ഉത്ഭവത്തെ യഥാക്രമം തിരിച്ചറിഞ്ഞ് അവയെ പ്രതിരോധിക്കേണ്ടത് ജനാധിപത്യ ശക്തികളുടെ ബാധ്യതയാണ്.
രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ഈ സ്ഥിതി. ഗുണ്ടാ സംഘങ്ങളുടെയും അധോലോക ക്വട്ടേഷന്‍ ടീമുകളുടെയും ലഹരിമാഫിയയുടെയും വിഹാരഭൂമിയായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. ജില്ലാ കേന്ദ്രങ്ങളിലെ പൊലീസ് ആസ്ഥാനങ്ങളുടെ മൂക്കിന്‍ തുമ്പിലാണ് അതിഭീകരമാംവിധം ഗുണ്ടാവിളയാട്ടങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.
സ്വന്തമായി വലിയ ഇന്റലിജന്‍സ് സംവിധാനങ്ങളുള്ള, ആധുനിക സജ്ജീകരണങ്ങളും അക്രമ പ്രതിരോധ സംവിധാനങ്ങളുമെല്ലാമുള്ള കേരള പോലീസിന് കൊലപാതകികളെയും ഗുണ്ടകളെയും മാത്രം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്നതില്‍ സംശയകരമായ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്.
താരമ്യേന പൊതുജനങ്ങള്‍ക്ക് വലിയ ഉപദ്രവമൊന്നും ഉണ്ടാക്കാത്ത തരത്തില്‍ കേരളത്തിലെ വനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളെ നിയന്ത്രിക്കാനായി വര്‍ഷം തോറും കേരളത്തില്‍ കോടികള്‍ ചെലവഴിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ എട്ടോളം മാവോയിസ്റ്റുകള്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതേ കേരളത്തില്‍ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ തകര്‍ത്ത്, സംസ്ഥാനത്തെ ക്രമസമാധാനം മുഴുവന്‍ ഇല്ലാതാക്കുന്ന ക്രിമിനല്‍ സംഘങ്ങളെ പൊലീസിന് ചെറുക്കാന്‍ സാധിക്കുന്നുമില്ല.
ആലപ്പുഴ കൊലപാതങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുന്നതിനായി ആവിഷ്‌കരിക്കപ്പെട്ട ഓപ്പറേഷന്‍ കാവല്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഗുണ്ടകളുടെ ലിസ്റ്റ് ആഭ്യന്തരവകുപ്പ് തയ്യാറാക്കിയപ്പോള്‍ അതിലുണ്ടായിരുന്നത്, സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമെല്ലാമായിരുന്നു. അപ്പോഴും യഥാര്‍ത്ഥ ക്രിമിനല്‍ സംഘം പുറത്ത് അവരുടെ സ്വൈര്യ വിഹാരങ്ങളില്‍ തന്നെയായിരുന്നു. ക്രിമിനല്‍ വിളയാട്ടങ്ങളെ തടയുന്നതില്‍ പൊലീസ് കാണിക്കുന്ന അലംഭാവത്തെക്കുറിച്ച് കൂടുതല്‍ സംശയങ്ങളാണ് ഇവിടെ ഉയരുന്നത്. കേരളം ഒരു കലാപ ഭൂമിയായി മാറേണ്ടത് ആരുടെ താത്പര്യമാണ് എന്ന് ഇവിടെ ഒന്ന് കൂടി ചോദിക്കേണ്ടി വരും.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
കെ.ടി. കുഞ്ഞിക്കണ്ണൻ
Mar 26, 2023
11 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 20, 2023
5 Minutes Watch
ഷഫീഖ് താമരശ്ശേരി
Mar 17, 2023
5 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 02, 2023
4 Minutes Watch
ഉല്ലേഖ് എന്‍.പി.
Feb 21, 2023
54 Minutes Watch