തങ്ങളുടെ ജീവിതമൊരു
പ്രാര്‍ത്ഥനയായിരുന്നു,
മരിച്ചവര്‍ക്കും ജീവിച്ചിരുന്നവര്‍ക്കും വേണ്ടി
തങ്ങളുടെ ജീവിതമൊരു പ്രാര്‍ത്ഥനയായിരുന്നു, മരിച്ചവര്‍ക്കും ജീവിച്ചിരുന്നവര്‍ക്കും വേണ്ടി
6 Mar 2022, 02:48 PM
സന്ധ്യക്ക്, ആളും ആരവവുമില്ലാതെ ഹൈദരലി ശിഹാബ് തങ്ങൾ നടക്കാവിലെ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നു. അസാധാരണമായ ഒരനുഭവമായിരുന്നു അത്. ഏകാകിയായി നിന്ന് വാപ്പയുടെ (സി.എച്ച് .മുഹമ്മദ് കോയയുടെ) ഖബറിടം സിയാറത്ത് ചെയ്താണ് നടക്കാവ് ജുമാ മസ്ജിദിന് തൊട്ടടുത്തു തന്നെയുള്ള ഞങ്ങളുടെ വീട്ടിലേക്ക് തങ്ങളുടെ ആ വരവ്. എപ്പോഴും ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന തങ്ങൾ സി.എച്ചിന്റെ ഖബറിനു മുന്നിൽ ഏകാകിയായി നിന്ന് ദുആ ചെയ്യാൻ എപ്പോഴും ആഗ്രഹിച്ചു. ഇടക്കിടെ അദ്ദേഹം തനിച്ചു വന്നു.
ഹൈദരലി ശിഹാബ് തങ്ങൾ വിട പറയുമ്പോൾ ഏകാന്തമായ പ്രാർഥനയുടെ അഗാധമായ സ്നേഹമാണ് വ്യക്തിപരമായി എനിക്കും സമുദായത്തിനും പ്രസ്ഥാനത്തിനും നഷ്ടമാകുന്നത്. മരിച്ചവർക്കും ജീവിച്ചിരുന്നവർക്കും വേണ്ടിയുള്ള പ്രാർഥനകളായിരുന്നു, ആ ജീവിതം. കൊടപ്പനക്കൽ തങ്ങന്മാരുടെ പൈതൃകം യഥാർഥത്തിൽ മാനവികതയ്ക്കു വേണ്ടിയുള്ള തുറന്ന മനസ്സോടെയുള്ള പ്രാർഥനകളാണ്. ഹൈദരലി ശിഹാബ് തങ്ങൾ അതിലെ തിളക്കമുള്ള കണ്ണിയാണ്.
ഹൈദരലി ശിഹാബ് തങ്ങൾ എനിക്ക് ഒരേ സമയം പിതൃസ്ഥാനീയനും ഗുരുസ്ഥാനീയനുമായിരുന്നു. വ്യക്തിപരമായി കുടുംബത്തിലേക്ക് എപ്പോഴും ക്ഷേമാന്വേഷണവുമായി വരുന്ന ആൾ. സി.എച്ചിന്റെ മകൻ എന്ന നിലയിൽ എപ്പോഴും അദ്ദേഹം എന്നെ ഒപ്പം ചേർത്തു നിർത്തി. അത് വാപ്പ തങ്ങൾക്ക് നൽകിയ സ്നേഹവും ആദരവും കൊണ്ടുള്ള ഒരു ചേർത്തു നിർത്തൽ കൂടിയായിരുന്നു. രാവിലെ വാപ്പ കൊടപ്പനക്കലേക്ക് പോകുമ്പോൾ ബെഡ് കോഫിയുമായി കാത്തിരിക്കുമായിരുന്നു ഹൈദരലി തങ്ങൾ. സി.എച്ചിനോട് അത്ര വൈകാരികമായിരുന്നു തങ്ങളുടെ ഇഷ്ടം. ആ ഇഷ്ടം അദ്ദേഹം എന്നിലേക്കും പകർന്നു.

ചൊവ്വ, ശനി ദിവസങ്ങളിൽ പാണക്കാട് തങ്ങന്മാർ കൊടപ്പനക്കൽ തന്നെയുണ്ടാവും. തങ്ങന്മാരെ തേടി വരുന്ന പൊതു ജനങ്ങളുടെ ആവലാതികളും പരിഭവങ്ങളും കേൾക്കാനാണ് ഈ ദിവസങ്ങളിൽ വീട്ടിലിരിക്കുന്നത്. "പൊതു സമൂഹ'ത്തിന്റെ പരിഛേദമാണ് ഈ ജനങ്ങൾ. വംശമോ ജാതിയോ മതമോ രാഷ്ട്രീയ പക്ഷപാതിത്വമോ ഇല്ലാതെ ജനങ്ങൾ അവരുടെ സങ്കടങ്ങളും ജീവിത ദുരിതങ്ങളും പങ്കു വെക്കുന്നു. തങ്ങന്മാർ അവർക്ക് വേണ്ടി ദുആ ചെയ്യുകയോ ആത്മീയ ചികിത്സയിലൂടെ പരിഹാരം തേടുകയോ ചെയ്യുന്നു. പാണക്കാട് തങ്ങന്മാരുടെ ഈ പൊതു പാരമ്പര്യം ഹൈദരലി ശിഹാബ് തങ്ങളും നില നിർത്തി. സമുദായത്തിന്റെ "ലീഡർഷിപ്പ്' എന്ന നിലയിലേക്ക് തങ്ങന്മാർ വളരുന്നത് അങ്ങനെയാണ്.
പാണക്കാട് തങ്ങന്മാർ ആരോടും കോപിക്കാറില്ല. ഹൈദരലി ശിഹാബ് തങ്ങളും ഈ സൗമ്യധാരയോട് എപ്പോഴും ചേർന്നു നിന്നു. കർക്കശമായ രാഷ്ട്രീയ നിലപാടുകളും ഹൈദരലി തങ്ങൾ സൗമ്യമായാണ് അവതരിപ്പിച്ചത്. നിലപാടുളിൽ വിട്ടുവീഴ്ചയില്ല, സൗമ്യതയിലും വിട്ടു വീഴ്ചയില്ല. ഇവ രണ്ടും ചേർന്നു നിന്ന വ്യക്തിപ്രഭാവമാണ് ഹൈദരലി തങ്ങൾ.
എനിക്ക് കാലിന് ചെറിയൊരു പ്രശ്നമുണ്ട്. നടക്കാൻ ഇത്തിരി പ്രയാസപ്പെടുന്ന ഘട്ടങ്ങളിൽ ഞാൻ ചികിത്സ തേടും. അപ്പോഴൊക്കെ തങ്ങൾ ആശുപത്രിയിൽ വന്ന് സുഖാന്വേഷണം നടത്തി. സത്യത്തിൽ തങ്ങൾ അപ്പോൾ ചികിത്സയിലായിരുന്നു. സ്വന്തം വേദന മറച്ചു വെച്ച് മറ്റുള്ളവരുടെ വേദനകളിലേക്ക് തലോടലുമായി സാന്ത്വനത്തിന്റെ ദുആ കൈമാറിയ ഒരാൾ.
തങ്ങളെ കാണാൻ പോയി മടങ്ങുമ്പോൾ സാധാരണയായി എല്ലാവരും പറയാറുണ്ട്: "തങ്ങളെ ഞങ്ങൾക്കു വേണ്ടി ദുആ ചെയ്യണം.' എന്നാൽ ഈയിടെ ആശുപത്രിയിൽ തങ്ങളെ സന്ദർശിച്ചു മടങ്ങുമ്പോൾ തങ്ങൾ കൈ പിടിച്ചു പറഞ്ഞു: "എനിക്കു വേണ്ടി ദുആ ചെയ്യണം.'. മുസ്ലിം സമുദായത്തിന്റെ
മാത്രമല്ല, മലയാളികളുടെ പ്രാർഥനകൾ തങ്ങൾക്കുണ്ട്.
രാഷ്ട്രീയം അഭിപ്രായ വ്യത്യാസങ്ങളുടെ മേഖലയാണ്. പാണക്കാട് ഹൈദരലി തങ്ങൾ അവിടെ സമന്വയത്തിന്റെ മദ്ധ്യസ്ഥനായി എപ്പോഴും നില കൊണ്ടു. സമന്വയമാണ് മാനവികത എന്ന് കാലത്തെ പഠിപ്പിച്ചു. ആ വിയോഗം കടുത്ത നഷ്ടബോധമുണ്ടാക്കുന്നു.
കെ.എ. സൈഫുദ്ദീന്‍
Jun 23, 2022
4 Minutes Read
അനസുദ്ദീൻ അസീസ്
May 12, 2022
8 minutes read
ബിപിന്‍ ചന്ദ്രന്‍
Apr 26, 2022
7 Minutes Read
ടി.ആര്‍. സുശീല
Apr 18, 2022
3 Minutes Read
സി. രാധാകൃഷ്ണൻ അമ്പലപ്പുഴ
Apr 04, 2022
2 minutes read