ഭരണഘടനാകോടതി, 'ഭരണകൂടകോടതി' ആയി മാറുന്നുവോ?

സുപ്രീംകോടതി "പൗരാവകാശങ്ങളുടെ ജാഗരൂകനായ കാവൽക്കാര'നെന്ന് സ്വയം വിശേഷിപ്പിക്കുകയുണ്ടായി. എന്നാൽ ഫലത്തിൽ പലപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നത്. ഭരണകൂടം അധികാരത്തിന്റെ ഏറ്റവും ദുഷിച്ച വശങ്ങളെ പ്രകടിപ്പിക്കുന്ന ചരിത്രസന്ധികളിൽ, അതിനോടൊപ്പം ചേർന്നുനിന്ന കോടതിയെയാണ് നാം കണ്ടത്. സമീപകാലത്ത് ആ പ്രവണത വർദ്ധിച്ചുവരുന്നതായി കാണാം. ഭരണഘടനാ അവകാശങ്ങളെ സംരക്ഷിക്കുന്ന ഭരണഘടനാ കോടതി എന്നതിൽനിന്നും, ഭരണകൂടത്തിന്റെ ചെയ്തികളെ സംരക്ഷിക്കുന്ന, "ഭരണകൂട കോടതി'യായി നമ്മുടെ നീതിന്യായപീഠം മാറുന്നു എന്ന വിമർശനം ശക്തമാണ്.

പൗരാവകാശ ധ്വംസനങ്ങൾക്കെതിരെയുള്ള നിതാന്തജാഗ്രതയാണ് ജനാധിപത്യത്തിൽ നീതിന്യായ സംവിധാനത്തിന്റെ അന്തഃസത്ത. നമ്മുടെ ഭരണഘടനയിലും ഭരണഘടനാകോടതികൾ സംവിധാനം ചെയ്തിരിക്കുന്നത് അത്തരത്തിലാണ്. ഭരണകൂടങ്ങൾ അധികാരസീമകൾ ലംഘിക്കുമ്പോഴൊക്കെയും ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ നേരിട്ട് സമീപിക്കാൻ പൗരർക്ക്​ അനുച്ഛേദം 226-ഉം 32-ഉം ഭരണഘടന അധികാരം നൽകുന്നു. സുപ്രീംകോടതി തന്നെ "പൗരാവകാശങ്ങളുടെ ജാഗരൂകനായ കാവൽക്കാര'നെന്ന് സ്വയം വിശേഷിപ്പിക്കുകയുണ്ടായി. എന്നാൽ ഫലത്തിൽ പലപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നത്. അവകാശ സംരക്ഷണത്തിന്റെ കാര്യത്തിൽ അത്രയേറെ അഭിമാനകരമായ ഭൂതകാലമല്ല സുപ്രീംകോടതിയുടേത്. ഭരണകൂടം അധികാരത്തിന്റെ ഏറ്റവും ദുഷിച്ച വശങ്ങളെ പ്രകടിപ്പിക്കുന്ന ചരിത്രസന്ധികളിൽ, അതിനോടൊപ്പം ചേർന്നുനിന്ന കോടതിയെയാണ് നാം കണ്ടത്. സമീപകാലത്ത് ആ പ്രവണത വർദ്ധിച്ചുവരുന്നതായി കാണാം. ഭരണഘടനാ അവകാശങ്ങളെ സംരക്ഷിക്കുന്ന ഭരണഘടനാ കോടതി എന്നതിൽനിന്നും, ഭരണകൂടത്തിന്റെ ചെയ്തികളെ സംരക്ഷിക്കുന്ന, "ഭരണകൂട കോടതി'യായി നമ്മുടെ നീതിന്യായപീഠം മാറുന്നു എന്ന വിമർശനം ശക്തമാണ്. പ്രത്യേകിച്ചും കഴിഞ്ഞ മൂന്നോ നാലോ ചീഫ് ജസ്റ്റിസുമാരുടെ കാലത്ത്.

34 ജഡ്ജിമാരും നിരവധി ബെഞ്ചുകളുമുള്ള സുപ്രീംകോടതിയിൽ, ഓരോ ബെഞ്ചും ഓരോ കോടതിയും, ഓരോ കോടതിക്കും ഓരോ നൈയാമികദർശനവും എന്ന സാഹചര്യമുണ്ട്. അതായത്, കേസുകൾ പരിഗണിക്കുന്ന ബെഞ്ചിന്റെ ഉള്ളടക്കം കൊണ്ട്, കേസിന്റെ ഫലത്തെ നിർണയിക്കാൻ കഴിയുന്ന സാഹചര്യം നിലവിലുണ്ട്. ബെഞ്ചുകൾ നിർണയിക്കാനുള്ള ചോദ്യംചെയ്യപ്പെടാത്ത അധികാരം കൈവശമുള്ള ചീഫ് ജസ്റ്റിസുമാർ, അത് "വേണ്ടവിധം' ഉപയോഗിക്കാറുമുണ്ട്. അതുകൊണ്ടുതന്നെ ഓരോ ബെഞ്ചിന്റെയും ഓരോ ജഡ്ജിയുടെയും വിധിന്യായങ്ങൾ സൂക്ഷ്മ നിരീക്ഷണത്തിനും വിശകലനങ്ങൾക്കും വിധേയമാകാറുണ്ട്. സുപ്രീംകോടതിയിൽ നിന്ന്​, ഈയിടെ വിരമിച്ച ജസ്റ്റിസ് ഖാൻവിൽക്കർ അത്തരത്തിൽ വിലയിരുത്തപ്പെടേണ്ട ന്യായാധിപനാണ്. സുപ്രീംകോടതി ഒരു ഭരണകൂട കോടതിയായി മാറുന്നു എന്ന വിമർശനം ഉയരുമ്പോൾ, അതിനെ സാധൂകരിക്കുന്ന ഒരുപിടി വിധിന്യായങ്ങൾ അദ്ദേഹത്തിന്റേതാണ്. ആധാർ കേസ് മുതൽ, ഇ.ഡി.യുടെ പരമാധികാരത്തിന് മേലൊപ്പ് ചാർത്തിയ കള്ളപ്പണനിയമം സംബന്ധിച്ച കേസ് വരെ ഭരണകൂട താത്പര്യങ്ങൾക്ക് ഗുണകരമാംവിധമുള്ള നിയമവ്യാഖ്യാനമാണ് നമുക്ക് കാണാനാവുക.

ആധാർ കേസ്

ആധാർ കേസിൽ, വിധിന്യായം എഴുതിയത് ജസ്റ്റിസ് എ.കെ. സിക്രി ആയിരുന്നെങ്കിലും അതിനുകീഴെ ഒപ്പുചാർത്തിയവരിൽ ഒരാളാണ് ജസ്റ്റിസ് ഖാൻവിൽക്കർ. ഭരണഘടനാപരമായ പരിശോധനപ്രക്രിയയെ കീഴ്‌മേൽ മറിച്ച വ്യാഖ്യാനതന്ത്രമാണ് ഇതിനായി ഉപയോഗിച്ചത്. രണ്ട് പ്രധാന വിഷയങ്ങളാണ് ആധാറിനെതിരെ ഉന്നയിക്കപ്പെട്ടത്. ഒന്ന്, അത് മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നതായിരുന്നു. അതിന്റെ വിവിധ വശങ്ങൾ ഉന്നയിക്കുന്നവയായിരുന്നു പ്രധാന ഹർജികൾ. മറ്റൊരു ഹർജി ആധാർ ഒരു "ധനനിയമ'മായി പാസ്സാക്കിയത് ഭരണഘടനാവിരുദ്ധമാണ് എന്നതായിരുന്നു. രാജ്യത്തിന്റെ സഞ്ചിതനിധിയിൽ നിന്നുമുള്ള ധനവിനിയോഗം മാത്രം സംബന്ധിച്ച ബില്ലുകളാണ് "ധനബില്ലു'കൾ. അവ പാസാക്കുന്നതിന് രാജ്യസഭയുടെ അംഗീകാരം വേണ്ട. പ്രഥമദൃഷ്ട്യാ, ധനബിൽ അല്ലാത്ത ആധാർ ബില്ല്, ധനബില്ല് ആയി സാക്ഷ്യപ്പെടുത്തി, രാജ്യസഭയെ മറികടന്നുകൊണ്ട് പാസാക്കിയെടുത്ത നടപടിയാണ് ചോദ്യംചെയ്തത്. ആധാറിന്റെ പ്രധാന കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഇതുകൂടി, അതിനൊപ്പം കൂട്ടിച്ചേർത്താണ് സുപ്രീംകോടതി ഈ നീതിന്യായ സർക്കസ് കളിച്ചത്.

ഹർജിക്കാരുടെ പല വാദങ്ങളും വസ്തുതകളും കണ്ടില്ലെന്നു നടിച്ചാണ് ആധാർ പദ്ധതി ഭരണഘടനാപരമാണെന്ന് കോടതി വിധിച്ചത്. അതിന്റെ ഭാഗമായി നഗ്‌നമായ അവകാശലംഘനത്തിന് വഴിവയ്ക്കുന്ന പല വകുപ്പുകളും റദ്ദുചെയ്യുകയും ചെയ്തു. സ്വകാര്യ കമ്പനികളെ ആധാർ ഉപയോഗിക്കാൻ അനുവദിക്കുന്ന സെക്ഷൻ 57 ആണ് അതിലൊന്ന്. ഇത്തരം ഭാഗങ്ങളൊക്കെ റദ്ദാക്കിയതിനുശേഷമാണ് ആധാർ "ധന ബില്ല്' ആയിരുന്നോ എന്ന പരിശോധന നടത്തി, "ആയിരുന്നു' എന്ന് വിധിയെഴുതുന്നത്. എന്നാൽ ബില്ലിന് സ്പീക്കർ ധനബിൽ ആയി അംഗീകാരം നൽകുമ്പോൾ ഈ റദ്ദ് ചെയ്ത വകുപ്പുകളെല്ലാം അതിന്റെ ഭാഗമായിരുന്നുവെന്നും, ആയതുകൊണ്ടുതന്നെ ഭൂരിപക്ഷ ബെഞ്ചിന്റെ അതിവിശാലമായ വ്യഖ്യാനം വച്ച് നോക്കിയാൽ പോലും അത് ധനബില്ല് അല്ലായിരുന്നുവെന്നുമുള്ള കാര്യം കോടതി സൗകര്യപൂർവം മറന്നു.

ഹർജിക്കാരുടെ പല വാദങ്ങളും വസ്തുതകളും കണ്ടില്ലെന്നു നടിച്ചാണ് ആധാർ പദ്ധതി ഭരണഘടനാപരമാണെന്ന് കോടതി വിധിച്ചത്. അതിന്റെ ഭാഗമായി നഗ്‌നമായ അവകാശലംഘനത്തിന് വഴിവയ്ക്കുന്ന പല വകുപ്പുകളും റദ്ദുചെയ്യുകയും ചെയ്തു.
ഹർജിക്കാരുടെ പല വാദങ്ങളും വസ്തുതകളും കണ്ടില്ലെന്നു നടിച്ചാണ് ആധാർ പദ്ധതി ഭരണഘടനാപരമാണെന്ന് കോടതി വിധിച്ചത്. അതിന്റെ ഭാഗമായി നഗ്‌നമായ അവകാശലംഘനത്തിന് വഴിവയ്ക്കുന്ന പല വകുപ്പുകളും റദ്ദുചെയ്യുകയും ചെയ്തു.

എന്നാൽ വിയോജന വിധിന്യായം എഴുതിയ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ശരിയായ നിയമവീക്ഷണത്തിലൂടെ ആധാർ ബിൽ പ്രഥമദൃഷ്ട്യാ ധനബിൽ അല്ലെന്ന് വിധിയെഴുതി. അതുകൂടാതെ, പദ്ധതിയാകെ തന്നെ ഭരണഘടനാവിരുദ്ധമാണെന്നും കണ്ടെത്തി. അദ്ദേഹം ഉന്നയിച്ച ഭരണഘടനാപ്രശ്‌നങ്ങൾക്കൊന്നുമുള്ള മറുപടി ഭൂരിപക്ഷ വിധിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് പല വിദേശ രാജ്യങ്ങളുടെയും ഭരണഘടനാകോടതികൾ സമാനമായ കേസുകൾ പരിശോധിച്ചപ്പോൾ, ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിലപാടാണ് ശരിയെന്നു വിലയിരുത്തിയിട്ടുണ്ട്. എന്തായാലും സ്റ്റേറ്റിന്റെ താത്പര്യ സംരക്ഷണാർഥം നിയമം വ്യാഖ്യാനിക്കപ്പെട്ട ഒരു കേസായിരുന്നു അത് എന്ന കാര്യത്തിൽ തർക്കമില്ല.

ഭീമ കോറേഗാവ് കേസ്

2018-ൽ, സുധാ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, അരുൺ ഫെറേറ, വേർണം ഗോണ്‌സാൽവസ്, വരാവര റാവു തുടങ്ങിയ സാമൂഹ്യ-അക്കാദമിക പ്രവർത്തകരെ ഭീമ കോറേഗാവ് കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിനെതിരെ റോമിലാ ഥാപ്പറിന്റെ നേതൃത്വത്തിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിന്റെ വാദം പുരോഗമിക്കേ, ചീഫ് ജസ്റ്റിസ് മിശ്രയും ജസ്റ്റിസ് ചന്ദ്രചൂഡും പൊലീസ് നടപടിയെ ചോദ്യംചെയ്തിരുന്നു. ആദ്യ എഫ്.ഐ.ആറിൽ പേരില്ലാത്തവരെ പിന്നീട് യാതൊരു തെളിവുമില്ലാതെ പ്രതിചേർത്ത് അറസ്റ്റ് ചെയ്തത് എന്തിനെന്നു കോടതി ചോദിച്ചു. തുടർന്ന് കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാതെ കരുതൽ തടങ്കലിൽ വച്ചാൽ മതിയെന്ന് ഇടക്കാല ഉത്തരവ് വന്നു.

2018 സെപ്തംബർ 27-ന് വിധിപ്രസ്താവത്തെക്കുറിച്ചുള്ള അറിയിപ്പ് വന്നപ്പോൾ, അതിൽ, രചയിതാവായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്ന പേര് കണ്ടപ്പോൾ ഒരുപാട് പ്രതീക്ഷകൾ ഉണ്ടായി. എന്നാൽ പിറ്റേന്ന് അപ്രതീക്ഷിതമായി മറ്റൊരു വിധിന്യായം കൂടി ഉണ്ടാകുമെന്ന് അറിയിപ്പ് വന്നു. ജസ്റ്റിസ് ഖാൻവാൽക്കർ ആയിരുന്നു ആ വിധിയെഴുതിയത്. ഗവണ്മെൻറ്​ വാദങ്ങളെ അപ്പാടെ അംഗീകരിക്കുന്നതും, പ്രത്യേക അന്വേഷണസംഘം എന്ന ആവശ്യത്തെ തള്ളിക്കളയുന്നതുമായിരുന്നു വിധി. ഹിയറിങ്ങിനിടെ സ്വീകരിച്ച നിലപാടിന് കടകവിരുദ്ധമായി ചീഫ് ജസ്റ്റിസ് മിശ്ര, ഖാൻവിൽക്കറിനൊപ്പം ചേർന്നു. എന്നാൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിയോജന വിധിയെഴുതി. ""തെരഞ്ഞെടുത്ത വിവരങ്ങൾ മാത്രമാണ് പൊലീസ് പുറത്തുവിട്ടത്, ഹാജരാക്കിയ കത്ത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സൂചിപ്പിക്കുന്നില്ല, സുധാ ഭരദ്വാജ് "സഖാവ് പ്രകാശി'ന് അയച്ചുവെന്നു പറയുന്ന കത്തിൽ 17 ഇടങ്ങളിൽ മറാത്തി ഭാഷാ പദങ്ങൾ "ദേവനാഗരി' ലിപിയിൽ എഴുതിയിട്ടുണ്ട്; എന്നാൽ സുധ ഭരദ്വാജിന് മറാത്തി അറിയില്ല.'' അങ്ങനെ നിരവധി കാര്യങ്ങൾ പറയുന്നുണ്ട് ആ വിധിയിൽ.

ജസ്റ്റിസ് ഖാൻവിൽക്കർ
ജസ്റ്റിസ് ഖാൻവിൽക്കർ

എന്നാൽ ജസ്റ്റിസ് ഖാൻവിൽക്കറുടെ വിധി നോക്കുക. അധികാര ദുരുപയോഗവും ദുരുദ്ദേശ്യവും കണ്ടെത്താതെ, കുറ്റാരോപിതർക്ക് അന്വേഷണ ഏജൻസിയെ തെരഞ്ഞെടുക്കാനുള്ള അവകാശം അനുവദിച്ചുനൽകാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ""ഈ കേസിൽ, അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യവുമായി ബന്ധപ്പെടുത്തുന്ന നിയമപരമായ തെളിവുകളില്ലാതെ, അഞ്ച് കുറ്റാരോപിതരെ അറസ്റ്റു ചെയ്തതിനെ ചോദ്യംചെയ്യാവുന്ന ചില സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നു എന്നല്ലാതെ, അന്വേഷണ ഉദ്യോഗസ്ഥരുടെ "ദുരുദ്ദേശ്യം' തെളിയിക്കുന്ന വസ്തുതകളൊന്നും ഹർജിയിൽ കണ്ടെത്താനാകില്ല.'' എന്നാണ് അദ്ദേഹം വിധിയിൽ കുറിച്ചത്. അത് ഒന്നുകൂടി വായിച്ചുനോക്കിയാൽ, നാം അത്ഭുതപ്പെടും. സത്യത്തിൽ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിയോജന വിധിയിൽ ചൂണ്ടിക്കാണിച്ച അതേ കാര്യങ്ങൾ തന്നെയാണ് ഖാൻവിൽക്കറും വിശദീകരിക്കുന്നത്. അറസ്റ്റിലേക്ക് നയിച്ച സാഹചര്യങ്ങൾ സംശയിക്കത്തക്കതാണ്. കുറ്റാരോപിതരെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന നിയമപരമായ തെളിവുകൾ ഒന്നുമില്ല. എന്നിട്ടും പക്ഷെ, ഇതൊന്നും അന്വേഷണസംഘത്തിന്റെ ദുരുദ്ദേശ്യത്തിനു തെളിവാകുന്നില്ല എന്ന് പ്രസ്താവിച്ചുകളഞ്ഞു, അദ്ദേഹം.

യു.എ.പി.എ ജാമ്യവ്യവസ്ഥ

ഭീമ കോറേഗാവിന്റെ തുടർച്ചയെന്നോണം വന്നൊരു കേസാണ് വതാലി കേസ്. ഷുഹൂർ അഹ്‌മദ്ദ് ഷാ വതാലി, നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഭീകരപ്രവർത്തനത്തിന് ഫണ്ട് ചെയ്യുന്ന ഇടപാടുകളിലുമേർപ്പെട്ടു എന്നായിരുന്നു കേസ്. യു.എ.പി.എ. ആണ് നിയമം. വകുപ്പ് 43(ഡി) അനുസരിച്ച് ജാമ്യം ലഭിക്കണമെങ്കിൽ, ""പൊലീസ് റിപ്പോർട്ടും കേസ് ഡയറിയും പരിശോധിച്ചതിനുശേഷം, കുറ്റാരോപണങ്ങൾ പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങൾ ഉണ്ടെങ്കിലേ ജാമ്യം കൊടുക്കാവൂ എന്നാണ്.'' അതായത് ഫലത്തിൽ ജാമ്യം കിട്ടാൻ സാധ്യത വിരളമാണ്. അതുകൊണ്ടുതന്നെ വതാലിയുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. എന്നാൽ, ഡൽഹി ഹൈക്കോടതി മറ്റൊരു നിലപാടാണെടുത്തത്. ""എൻ.ഐ.എ. ശേഖരിച്ച സാക്ഷിമൊഴികൾ ഇന്ത്യൻ തെളിവുനിയമപ്രകാരം സ്വീകാര്യമല്ല. അദ്ദേഹം എഴുതിയെന്ന് എൻ.ഐ.എ. ആരോപിക്കുന്ന രേഖകളിൽ അദ്ദേഹത്തിന്റെ ഒപ്പുള്ളതോ, ലെറ്റർ പാഡിൽ ഉള്ളതോ അല്ല. ബാങ്കിടപാടുകളിലും ഭീകരപ്രവർത്തനവുമായി ബന്ധപ്പെടുത്താവുന്നതൊന്നും ഇല്ല.'' ഹൈക്കോടതി എഴുതി.

ഷുക്കൂർ മുഹമ്മദ് വതാലി
ഷുക്കൂർ മുഹമ്മദ് വതാലി

വിചാരണക്കോടതിവിധി റദ്ദുചെയ്ത്, വതാലിയ്ക്ക് ജാമ്യവും അനുവദിച്ചു ഹൈക്കോടതി. യു.എ.പി.എ. എന്ന കിരാതനിയമത്തിൽ, സാമാന്യനീതിയുടെ അംശം വിളക്കിച്ചേർത്ത മികച്ചൊരു വിധിയായിരുന്നു ആത്. എന്നാൽ സുപ്രീംകോടതി ആ വിധി സ്റ്റേ ചെയ്തു. ഹൈക്കോടതി നിലപാട് "അനുചിത'മെന്നു പ്രസ്താവിച്ചു. ""ജാമ്യാപേക്ഷയുടെ ഘട്ടത്തിൽ, പൊലീസ് നൽകിയ തെളിവുകൾ കോടതി വിലയിരുത്തേണ്ടതില്ല, അന്വേഷണസംഘം സമർപ്പിച്ച രേഖകൾ എല്ലാം പരിശോധിക്കുമ്പോൾ, അതിന്റെ സമഗ്രതയിൽ പ്രഥമദൃഷ്ട്യാ ഒരു കേസുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി'', ജസ്റ്റിസ് ഖാൻവിൽക്കർ എഴുതി.

എൻ.ജി.ഒ.കൾക്ക് കൂച്ചുവിലങ്ങിടുന്നു

2020-ൽ വിദേശ ധനസഹായ നിയന്ത്രണനിയമത്തിൽ (എഫ്.സി.ആർ.എ.) കേന്ദ്ര ഗവണ്മെന്റ് കൊണ്ട് വന്ന ഭേദഗതികൾ വിവാദമായിരുന്നു. വിദേശസഹായം സ്വീകരിക്കുന്ന സംഘടനകൾ എസ്.ബി.ഐ.യുടെ ഒരു പ്രത്യേക ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങണം (വകുപ്പ് 17(1), 12(1)എ). ലഭിക്കുന്ന ഫണ്ട്, സബ്-ഗ്രാന്റുകളായി മറ്റു സംഘടനകൾക്ക് നല്കാൻ പാടില്ല (വകുപ്പ് 7-ന്റെ ഭദഗതി). സ്വീകരിക്കുന്നയാൾ നിർബന്ധമായും ആധാർ വിവരങ്ങൾ ലിങ്ക് ചെയ്തിരിക്കണം (വകുപ്പ് 12എ). അങ്ങനെ തുടങ്ങി പണം ചെലവഴിക്കുന്നതിന് പല നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടുകയും ചെയ്യുന്നതായിരുന്നു ഭേദഗതി. സുപ്രീംകോടതിയിൽ ഇതിനെതിരെയുള്ള കേസ് പരിഗണിച്ചത് ജസ്റ്റിസ് ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരുടെ ബെഞ്ച് ആണ്. ഗവണ്മെന്റിന്റെ വാദങ്ങൾ ശരിവയ്ക്കുന്നതായിരുന്നു ഉത്തരവ് എന്ന കാര്യത്തിൽ സംശയമില്ലല്ലോ.

കൃത്യമായ നിയമയുക്തിക്ക് പകരം "തീവ്ര ദേശീയതാവാദികൾ' നടത്തുന്നതുപോലെയുള്ള പൊള്ളയായ ഭാഷാപ്രയോഗങ്ങൾ ആയിരുന്നു വിധിയിൽ കടന്നുവന്നത്. ""ഇന്ത്യ ഒരു വൻശക്തിയായി വളരുന്ന രാജ്യമാണ്, നമ്മുടെ രാജ്യത്തിന്റെ ആവശ്യങ്ങൾക്കുള്ള പണം നമുക്ക് ആഭ്യന്തരമായി തന്നെ കണ്ടെത്താൻ കഴിയും'' എന്ന അർഥത്തിലാണ് വിധി പോകുന്നത്. ഭേദഗതികൾ ഭരണഘടനയുടെ അനുച്ഛേദം 14, 19(1) സി, 21 എന്നിവയുടെ ലംഘനമാണെന്ന ഹർജിക്കാരുടെ വാദം മതിയായ ആലോചനകൾ ഇല്ലാതെയാണ് തള്ളിയത്. വിധിയിലുടനീളം എൻ.ജി.ഒ.കൾ എന്തോ രാജ്യവിരുദ്ധപ്രവർത്തനം നടത്തുന്നവരാണെന്ന മുൻവിധി പ്രകടമാണ്. സമീപകാലത്ത് എൻ.ജി.ഒ.കളെ വ്യാപകമായി വേട്ടയാടുന്ന പശ്ചാത്തലത്തിൽ കൂടി വേണം, സംഘം ചേരുക, പ്രതികരിക്കുക, എന്ന അടിസ്ഥാന മൗലികാവകാശത്തെ കളങ്കപ്പെടുത്തുന്ന ഈ വിധി മനസിലാക്കപ്പെടേണ്ടത്.

സെൻട്രൽ വിസ്ത പദ്ധതി

നരേന്ദ്ര മോദി ഗവണ്മെന്റിന്റെ അഭിമാന പദ്ധതിയായ പുതിയ പാർലമെൻറ്​ ഉൾപ്പെടുന്ന സെൻട്രൽ വിസ്ത പദ്ധതി കോടതിയിൽ ചോദ്യംചെയ്യപ്പെട്ടപ്പോഴും രക്ഷകനായി എത്തിയത് ജസ്റ്റിസ് ഖാൻവാൽക്കർ ആയിരുന്നു. കോടതിയുടെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിൽ നിന്നാണ് തുടക്കം. ആ ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. അത് സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെട്ടു. ആ അവസരത്തിലാണ് സുപ്രീംകോടതി, എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റാൻ ഉത്തരവായത്. സെൻട്രൽ വിസ്ത കമ്മിറ്റിയുടെ രൂപീകരണം, പദ്ധതിയ്ക്ക് നൽകിയ അനുമതി, പദ്ധതിക്കായി ഭൂവിനിയോഗത്തിൽ വരുത്തിയ മാറ്റങ്ങൾ എന്നിവയായിരുന്നു പരിഗണനാവിഷയങ്ങൾ. ഇതെല്ലം ശരിയായ ദിശയിലാണെന്ന് ജസ്റ്റിസ് ഖാൻവിൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവർ വിലയിരുത്തിയപ്പോൾ, ബെഞ്ചിലെ മൂന്നാമനായ ജസ്റ്റിസ് സൻജീവ് ഖന്ന വിയോജിച്ചു. കേവലം ഗസറ്റ് വിജ്ഞാപനം പബ്ലിക് നോട്ടീസിന് പകരമാകില്ല. എതിർപ്പുകളും നിർദേശങ്ങളും നൽകുന്നതിന്, പര്യാപ്തമായ വിവരങ്ങൾ നൽകേണ്ടതുണ്ട്.'' അദ്ദേഹം നിരീക്ഷിച്ചു.

നരേന്ദ്ര മോദി ഗവണ്മെന്റിന്റെ അഭിമാന പദ്ധതിയായ പുതിയ പാർലമെന്റ് ഉൾപ്പെടുന്ന സെൻട്രൽ വിസ്ത പദ്ധതി കോടതിയിൽ ചോദ്യംചെയ്യപ്പെട്ടപ്പോഴും രക്ഷകനായി എത്തിയത് ജസ്റ്റിസ് ഖാൻവാൽക്കർ ആയിരുന്നു. / Photo: Wikimedia Commons
നരേന്ദ്ര മോദി ഗവണ്മെന്റിന്റെ അഭിമാന പദ്ധതിയായ പുതിയ പാർലമെന്റ് ഉൾപ്പെടുന്ന സെൻട്രൽ വിസ്ത പദ്ധതി കോടതിയിൽ ചോദ്യംചെയ്യപ്പെട്ടപ്പോഴും രക്ഷകനായി എത്തിയത് ജസ്റ്റിസ് ഖാൻവാൽക്കർ ആയിരുന്നു. / Photo: Wikimedia Commons

ഗുജറാത്ത് കലാപ കേസ്

2002-ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോണ്ഗ്രസ് എം.പി. ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ തീരുമാനമെടുത്തതും ജസ്റ്റിസ് ഖാൻവിൽക്കർ ആണ്. കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റ് ഉന്നതർക്കും ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിനെതിരെ ആയിരുന്നു ഹർജി. സാമൂഹ്യപ്രവർത്തകയായ ടീസ്റ്റ സെറ്റൽവാദ്, മുൻ ഐ.ജി. ആർ.ബി. ശ്രീകുമാർ എന്നിവർ കേസിൽ കക്ഷിചേർന്നിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ സുപ്രീംകോടതി കേസ് തള്ളി. എന്നാൽ വിമർശകരെ പോലും ഞെട്ടിച്ചത് ജസ്റ്റിസ് ഖാൻവാൽക്കർ എഴുതിയ വിധിന്യായത്തിലെ ചില നിരീക്ഷണങ്ങളാണ്.

പരാതിയിൽ ഉന്നയിക്കപ്പെട്ട പ്രധാനപ്പെട്ട വീഴ്ചകളൊക്കെയും അവഗണിച്ച കോടതി, പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് തള്ളുന്നത്, സുപ്രീംകോടതിയെ തന്നെ സംശയിക്കുന്നതിനു സമാനമാണ് എന്ന നിലപാടെടുത്തു. വിചാരണവേളയിൽ, അഡ്വ. കപിൽ സിബൽ, ഈ കേസ് അന്നത്തെ മുഖ്യമന്ത്രിക്കെതിരെയുള്ള വ്യക്തിപരമായ ഇടപെടലാക്കി മാറ്റാൻ താത്പര്യമില്ല എന്നും, സഞ്ജീവ് ഭട്ട് ഉന്നയിച്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗം അവഗണിച്ചാൽ തന്നെയും, മറ്റു തെളിവുകൾ പരിശോധിച്ച് ഒരു ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം ഉണ്ടാകണമെന്നുമാണ് ആവശ്യപ്പെട്ടത്. എന്നാൽ അന്തിമവിധിയിൽ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, തങ്ങൾ ഊന്നൽ നൽകാൻ ആഗ്രഹിക്കുന്നില്ല എന്നു വാദി ഭാഗം പറഞ്ഞ യോഗത്തെ മുൻനിർത്തി, മറ്റു തെളിവുകൾ സൂക്ഷ്മപരിശോധന നടത്താതെ, കേസ് തള്ളുകയായിരുന്നു. 2002-ൽ സംസ്ഥാന ഗവണ്മെന്റിന്റെ സ്തുത്യർഹമായ ഇടപെടലുകളെ അഭിനന്ദിക്കാനും മറന്നില്ല കോടതി.

ഇതേ ഗവണ്മെന്റിനെക്കുറിച്ചാണ് ""രാജധർമം'' നിറവേറ്റുന്നതിൽ പരാജയപ്പെട്ടു എന്ന് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി പറഞ്ഞത്. കേന്ദ്ര-സംസ്ഥാന സർക്കാർ തലത്തിലുള്ള ഉന്നത ഗൂഢാലോചന ഉണ്ടെന്ന് അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണൻ പറഞ്ഞത്. ഇവർ ""ആധുനിക കാലത്തെ "നീറോ'ആണെ''ന്ന് സുപ്രീംകോടതി പറഞ്ഞത്. ഈ സംസ്ഥാനത്ത് നീതി നടപ്പാകില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് കലാപ കേസുകളുടെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റാൻ, സുപ്രീംകോടതി ഉത്തരവിട്ടത്. കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഇതേ സുപ്രീംകോടതി തന്നെ ഇപ്പോൾ നിലപാട് മാറ്റി എന്ന് മാത്രമല്ല, നീതിക്കായി സമീപിച്ചവർക്കെതിരെ കേസെടുക്കാൻ ഉത്തരവിടുകയുമാണ് ഉണ്ടായത്. ""ഉന്നതതല ഗൂഢാലോചന നടന്നു എന്ന് ഇവർക്ക് ചിന്തിക്കാനേ കഴിഞ്ഞതെങ്ങിനെ എന്ന് മനസിലാകുന്നില്ല'' എന്നാണ് കോടതി ഇപ്പോൾ പറയുന്നത്. ചില ഉദ്യോഗസ്ഥരും മറ്റു ചിലരും ചേർന്ന് മനഃപൂർവം കള്ളക്കേസുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് എന്നും ""കോടതി നടപടികളെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ച എല്ലാവരും പ്രതിക്കൂട്ടിൽ നിൽക്കേണ്ടതുണ്ടെന്നും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ട്'' എന്നും കോടതി ഉത്തരവിൽ രേഖപ്പെടുത്തി.

സാകിയ ജാഫ്രി
സാകിയ ജാഫ്രി

അവകാശ സംരക്ഷണത്തിനായി കോടതിയിൽ എത്തുന്നവരുടെ ഹർജി തള്ളുന്നതിനോടൊപ്പം അവർക്കെതിരെ യാതൊരു തെളിവിന്റെയോ വസ്തുതകളുടെയോ പിൻബലമില്ലാതെ ഗൂഢാലോചനയിൽ പങ്കാളികൾ ആണെന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുകയും നടപടികൾ വേണമെന്ന് നിർദേശിക്കുകയും ചെയ്യുന്നത് കേട്ടുകേൾവിപോലുമില്ലാത്ത കാര്യമാണ്. തൊട്ടടുത്ത ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ, ടീസ്റ്റ സെറ്റൽവാദിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. തുടർന്ന് ഉടൻ തന്നെ ഗുജറാത്ത് പോലീസ് അവർക്കെതിരെ കേസെടുക്കുകയും ടീസ്റ്റയും ശ്രീകുമാറും അറസ്റ്റിലാവുകയും ചെയ്തു.

പൗരാവകാശത്തിന്റെ നിതാന്തജാഗ്രതയുള്ള സംരക്ഷകരാകേണ്ട കോടതി അവകാശങ്ങൾക്കുവേണ്ടി സമീപിക്കുന്നവരെ ശിക്ഷിക്കാനുള്ള സാഹചര്യം ഒരുക്കുന്നത്, നമ്മുടെ ഭരണഘടനാവ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നതാണ്. ഇതൊരു അപൂർവതയല്ലെന്ന് തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു വിധിയിലൂടെ ജസ്റ്റിസ് ഖാൻവാൽക്കർ തെളിയിച്ചു. വിധി എഴുതിയത് ജസ്റ്റിസ് ജെ.ബി. പാർടിവാല ആയിരുന്നെങ്കിലും ബെഞ്ചിലെ മുതിർന്ന ന്യായാധിപൻ ഖാൻവിൽക്കർ ആയിരുന്നു. ഛത്തീസ്ഗഡിലെ ആദിവാസികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2009-ൽ ഹിമാൻഷു കുമാർ സമർപ്പിച്ച ഹർജിയിന്മേൽ ആയിരുന്നു ഉത്തരവ്. ഹർജി തള്ളിയ സുപ്രീംകോടതി, പരാതിക്കാരന് അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. മാത്രമല്ല വ്യാജ പരാതി നൽകിയതിനും ക്രിമിനൽ ഗൂഢാലോചന നടത്തിയതിനും മറ്റു കുറ്റകൃത്യങ്ങൾക്കും നിയമപ്രകാരം നടപടിയെടുക്കാൻ സി.ബി.ഐ.യ്ക്ക് നിർദേശവും നൽകി. സാക്കിയ ജാഫ്രിയുടെ കേസിലെന്നപോലെ തന്നെ, യാതൊരു തെളിവുകളുടെയും പിൻബലമില്ലാതെയാണ്, ഇതുപോലെ ഗുരുതരമായ പ്രസ്താവനകൾ വിധിയിൽ ഉൾപ്പെടുത്തിയത്. ചുരുക്കത്തിൽ, അംബേദ്കർ ഭരണഘടനയുടെ ഹൃദയം എന്ന് വിശേഷിപ്പിച്ച, അനുച്ഛേദം 32-നെ, ഹൃദയശൂന്യമായ വ്യാഖ്യാനങ്ങളിലൂടെ ഇല്ലായ്മ ചെയ്യുകയാണ് ഈ വിധികൾ.

ഇ.ഡി.യുടെ പരമാധികാരം

കള്ളപ്പണ നിയമം (പി.എം.എൽ.എ. ആക്ട്) ഇന്ന് ഭരണാധികാരികളുടെ കൈയിലെ ഏറ്റവും വലിയ ആയുധമാണ് എന്ന കാര്യത്തിൽ ഭരണകക്ഷിക്കാർ പോലും തർക്കമുന്നയിക്കുമെന്നു കരുതുക വയ്യ. എതിർ രാഷ്ട്രീയകക്ഷികളുടെ നേതാക്കളെ, വിയോജിപ്പുകൾ ഉന്നയിക്കുന്നവരെ, വിമർശകരെ, ഒക്കെ വേട്ടയാടുന്ന സമീപനത്തിന്റെ ഭാഗമാണിത്. ആകെ ചാർജ് ചെയ്യപ്പെടുന്ന കേസുകളിൽ കേവലം മൂന്ന് ശതമാനത്തിൽ മാത്രമാണ് ശിക്ഷാവിധി ഉണ്ടാവുന്നത്. അത്തരത്തിൽ ദുരുപയോഗത്തിന് അനന്തസാധ്യതകൾ നൽകുന്ന നിയമമാണ് പി.എം.എൽ.എ. പൊലീസ് കേസൊക്കെ വരുമ്പോൾ കുറ്റാരോപിതർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും കള്ളപ്പണക്കേസുകളിൽ ലഭിക്കുന്നില്ല.

ഒരാൾ സ്വയം തനിക്കെതിരെ സാക്ഷി പറയേണ്ടതില്ലെന്ന, ഭരണഘടനയുടെ അനുച്ഛേദം 20(3) നൽകുന്ന സംരക്ഷണവും ഇ.ഡി. കേസുകളിൽ ബാധകമാകില്ലെന്ന നിലപാടിലാണ് സുപ്രീംകോടതി. അതായത് ഇ.ഡി. ഉദ്യോഗസ്ഥർക്ക് മുന്നിൽ നൽകിയ മൊഴി തെളിവായി സ്വീകരിക്കുമെന്ന്. അനുച്ഛേദം 20(3) ലെ ഭാഷാപ്രയോഗത്തിലെ സാങ്കേതികത്വമാണ് ഇവിടെ പ്രശ്‌നം. ഒരു വ്യക്തിയെയും അയാൾക്കെതിരെ തന്നെ സാക്ഷി പറയാൻ നിർബന്ധിക്കരുത് എന്നല്ല, ഒരു കുറ്റാരോപിതരെയും അയാൾക്ക് തന്നെ എതിരെ സാക്ഷി പറയാൻ നിർബന്ധിക്കരുത് എന്ന പ്രയോഗമാണ് ഭരണഘടനയിലുള്ളത്. ഭരണകൂടവും പൗരനും തമ്മിലുള്ള ഭീമമായ അധികാര അസമത്വം പരിഗണിച്ച്, പൗരന് ഭരണഘടന നൽകിയിട്ടുള്ള സംരക്ഷണമാണിത്. അന്വേഷണ ഏജൻസികൾക്കും ഭരണകൂടത്തിനും ഏതു സമ്മർദം വഴിയും ഒരാളെകൊണ്ടു ആവശ്യമായ മൊഴി നൽകിപ്പിക്കുവാൻ കഴിയും എന്നുള്ള ബോധ്യത്തിൽ നൽകിയിട്ടുള്ള സംരക്ഷണം. എന്നാൽ ഇതിൽ എവിടെയാണ് ഒരാൾ കുറ്റാരോപിതൻ ആകുന്നത്, അപ്പോഴാണ് ഈ അനുച്ഛേദം പ്രവർത്തിച്ചുതുടങ്ങുകയുള്ളൂ എന്ന സാങ്കേതികത്വത്തിന്റെ പുറത്താണ് കോടതികൾ അടയിരിക്കുന്നത്. ഒരാളെ ചോദ്യംചെയ്യാൻ വിളിപ്പിക്കുമ്പോഴാണോ, അയാൾ അറസ്റ്റിലാകുമ്പോഴാണോ, അതോ കോടതി അയാളെ റിമാൻഡ് ചെയ്യുമ്പോഴാണോ എന്നതൊക്കെ പ്രശ്‌നമാണ്. തെളിവ് നിയമത്തിലെ വകുപ്പ് 25 "കേവലം തെളിവുകളെ സംബന്ധിച്ച ചട്ടം' മാത്രമാണ് എന്നാണ് കോടതി പറയുന്നത്. അതിൽ, കൂടുതൽ മൗലികമായ അനുച്ഛേദം 21, 20, എന്നിവ ഉൾച്ചേർന്നിട്ടുണ്ട് എന്ന കാര്യം സൗകര്യപൂർവം മറക്കുകയും ചെയ്യുന്നു.

കള്ളപ്പണനിയമം ഒരാളെ പ്രാഥമികമായും കുറ്റക്കാരനാണെന്നു വിചാരിക്കുന്നു, പിന്നീട് കുറ്റക്കാരനല്ല എന്ന് തെളിയിക്കേണ്ടത് കുറ്റാരോപിതരുടെ ബാധ്യതയാണ്. "ആനുമാനിക നിരപരാധിത്വം' (കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാൾ നിരപരാധിയാണ് എന്ന തത്വം) ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇത് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വം), 22 എന്നിവയുടെ ലംഘനമാണ്. എന്നാൽ കള്ളപ്പണ നിയമത്തിന്റെ സെക്ഷൻ 24 ഭരണഘടനാപരമാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ആനുമാനിക നിരപരാധിത്വം ചില പ്രത്യേക കേസുകളിൽ മാറ്റിവയ്ക്കപ്പെടാറുണ്ടെങ്കിലും അടിസ്ഥാനപരമായ ഒരു തെളിവുമില്ലാതെ അത് നിഷേധിക്കുന്നത് ഈ നിയമത്തിൽ മാത്രമാണ്. യു.എ.പി.എ. നിയമത്തിൽ പോലും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലുള്ള കുറ്റസമ്മതം തെളിവായി സ്വീകരിക്കുന്നില്ല. കള്ളപ്പണ നിയമത്തിന്റെ വകുപ്പ് 50 അനിയന്ത്രിതമായ അധികാരങ്ങളാണ് ഇക്കാര്യത്തിൽ അന്വേഷണ എജൻസിയ്ക്ക് നൽകുന്നത്. ആരുടെയും സ്വത്ത് കണ്ടുകെട്ടാൻ ഇ.ഡി.യെ അധികാരപ്പെടുത്തുന്ന കള്ളപ്പണ നിയമം ഒരു "ശിക്ഷാനിയമം' അല്ല എന്ന് വരെ സാങ്കേതികമായി സ്ഥാപിച്ചെടുക്കുന്നുണ്ട് കോടതി. അതുകൊണ്ടു തന്നെ സാധാരണ ക്രിമിനൽ നടപടിക്രമങ്ങൾ പാലിക്കേണ്ടതില്ലത്രേ. ക്രിമിനൽ നടപടിക്രമങ്ങൾ നൽകുന്ന സംരക്ഷണങ്ങൾ അപ്രസക്തമാണ്. ഉദാഹരണത്തിന് സാധാരണഗതിയിൽ പോലീസ് രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആറിന്റെ പകർപ്പ് കുറ്റാരോപിതർക്ക് ലഭിക്കും. എന്നാൽ ഇ.ഡി.യ്ക്ക് അങ്ങനെയൊരു നടപടിക്രമമില്ല. താരതമ്യം ചെയ്യാവുന്ന ഏകരേഖ ഇ.സി.ഐ.ആർ. എന്ന ആഭ്യന്തര രേഖയാണ്. ഇതിന്റെ പകർപ്പ് കുറ്റാരോപിതർക്ക് നൽകേണ്ടതില്ല എന്നാണ് കോടതി നിലപാട്.

കള്ളപ്പണനിയമം ഒരാളെ പ്രാഥമികമായും കുറ്റക്കാരനാണെന്നു വിചാരിക്കുന്നു, പിന്നീട് കുറ്റക്കാരനല്ല എന്ന് തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ ബാധ്യതയാണ്. / Photo: Wikimedia Commons
കള്ളപ്പണനിയമം ഒരാളെ പ്രാഥമികമായും കുറ്റക്കാരനാണെന്നു വിചാരിക്കുന്നു, പിന്നീട് കുറ്റക്കാരനല്ല എന്ന് തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ ബാധ്യതയാണ്. / Photo: Wikimedia Commons

ഇ.ഡി.യ്ക്ക് മുന്നിൽ ഹാജരാകുന്ന, അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയ്ക്ക് എന്തിനാണ് താനിതിനൊക്കെ വിധേയമാകുന്നത് എന്ന് കൃത്യമായി അറിയാനുള്ള അവകാശം നൽകണമെന്ന് കോടതിയ്ക്ക് തോന്നിയില്ല. ഇന്ന വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട് എന്ന് മാത്രമാണ് നോട്ടീസിൽ കൊടുത്തിട്ടുണ്ടാവുക. ചെയ്ത കുറ്റമെന്തെന്ന് അറിയാൻ കഴിയില്ല. ഇ.സി.ഐ.ആറും എഫ്.ഐ.ആറും ഒന്നല്ല എന്ന സാങ്കേതികത്വത്തിൽ ഊന്നിയാണ് കോടതി നീങ്ങിയത്. ഇതിന് പിൻബലമാകുന്ന ചില മുൻ തീരുമാനങ്ങളും ഉണ്ട്. പൊലീസിന് സമാനമായ അധികാരങ്ങളും പ്രവൃത്തികളും ആണെങ്കിലും ഇ.ഡി. പൊലീസല്ല എന്നായിരുന്നു കോടതി നിലപാട്. കുറ്റപത്രം ചാർജ് ചെയ്യുന്ന ഏജൻസികളാണ് "പോലീസ്', ഇ.ഡി. കംപ്ലൈന്റ് ഫയൽ ചെയ്യുന്ന ഏജൻസിയാണ് എന്ന അതിസാങ്കേതികത്വമാണ് കോടതി ഉയർത്തിപ്പിടിച്ചത്.

രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന കുറ്റകൃത്യമാണ് കള്ളപ്പണമിടപാട് എന്നാവർത്തിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ കഠിന വ്യവസ്ഥകളെല്ലാം ന്യായീകരിക്കുന്നത്. പാർലമെന്റിന്റെ ഉദ്ദേശ്യം അതാണെന്നാണ് യുക്തി. അങ്ങനെയെങ്കിൽ ഭരണഘടനാപരമായ ഏത് സംരക്ഷണത്തെയും മറികടക്കാൻ പാർലമെന്റിന്റെ ഇച്ഛ മാത്രം മതിയെന്നുവരും. ഇത്ര ഭീഷണമായ കുറ്റകൃത്യമാണ് എന്ന് പറയുമ്പോഴും പോക്കറ്റടി മുതൽ ഏതു കുറ്റവും വേണമെങ്കിൽ നിയമത്തിന്റെ ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളുടെ പട്ടികയിൽപെടുത്താനാകുന്ന സാഹചര്യമുണ്ട് എന്ന വസ്തുതയും ഒരു പ്രശ്‌നമായി സുപ്രീംകോടതിയ്ക്ക് തോന്നിയില്ല.

കള്ളപ്പണക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ ജാമ്യം ലഭിക്കുകയില്ല എന്നുറപ്പുവരുത്തുന്ന ഇരട്ട നിബന്ധനകളും സുപ്രീംകോടതി ശരിവച്ചു. നിയമത്തിന്റെ വകുപ്പ് 45(2) അനുസരിച്ച്, (i) പ്രോസിക്യൂട്ടർക്ക് ജാമ്യാപേക്ഷയെ എതിർക്കാനുള്ള അവസരം ലഭിക്കണം (ii) കുറ്റാരോപിതർ, ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ഇനി പുറത്തിറങ്ങിയാൽ സമാനമായ കുറ്റം ചെയ്യുകയില്ല എന്നുകൂടി ബോധ്യപ്പെട്ടാൽ മാത്രമേ കോടതിയ്ക്ക് കള്ളപ്പണക്കേസിൽ ജാമ്യം അനുവദിക്കാനാവൂ. ഇതാണ് ഏറെ ചർച്ചയാവുന്ന "ഇരട്ട നിബന്ധനകൾ'. 2018-ൽ നികേഷ് താരാചന്ദ് കേസിൽ ഈ നിബന്ധനകൾ ഐച്ഛികമാണെന്നു കണ്ട് സുപ്രീംകോടതി റദ്ദു ചെയ്തതാണ്. അന്ന്, 3 വർഷത്തിലേറെ തടവുശിക്ഷയ്ക്ക് അർഹതയുള്ള ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങൾക്കായിരുന്നു ഈ നിബന്ധനകൾ. ഈ വിഭജനമായിരുന്നു കോടതി അനുച്ഛേദം 14-ന്റെ ലംഘനമായി കണക്കാക്കിയത്. പുതിയ ഭേദഗതിയിൽ ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ, "എ', "ബി' എന്നിങ്ങനെ രണ്ടു ലിസ്റ്റുകൾ മാറി ഒറ്റ ലിസ്റ്റായി. അതോടെ ഈ വകുപ്പ് വീണ്ടും പ്രാബല്യത്തിൽ വന്നുവെന്നാണ് പുതിയ ഭേദഗതി. മാത്രമല്ല അതിനു മുൻകാല പ്രാബല്യമുണ്ടെന്നും ഭേദഗതിയിൽ ഉണ്ടായിരുന്നു. "ക്രിമിനൽ നിയമങ്ങൾക്ക് മുൻകാല പ്രാബല്യം ഇല്ല' എന്ന അടിസ്ഥാന നിയമതത്വം പോലും മറന്നുകൊണ്ടാണ് ഇരട്ട ഉപാധികൾ പുനഃസ്ഥാപിച്ചത് കോടതി അംഗീകരിച്ചത്.

കോടതിയ്ക്ക് മുന്നിലുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഈ ഭേദഗതികൾ "ധനബില്ല്' ആയി അവതരിപ്പിച്ചത് ശരിയാണോ എന്നായിരുന്നു. ഒരു ശിക്ഷാനിയമത്തിന് ഒരിക്കലും ധനബില്ലാകാൻ കഴിയില്ല. അതുകൊണ്ടാവും ഇത് ശിക്ഷാനിയമം അല്ല എന്ന ഗവണ്മെന്റ് വാദം അംഗീകരിക്കപ്പെട്ടത്. എന്നാലും ധനബില്ലായി വിഭാഗീകരിച്ചത് ശരിയാണോയെന്ന് അന്വേഷണത്തിലേക്ക് കോടതി കടന്നില്ല. ധനബിൽ സംബന്ധിച്ച പ്രശ്‌നങ്ങൾ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയിലായതുകൊണ്ട് ഇക്കാര്യത്തിൽ ഇപ്പോൾ തീർപ്പുകൽപ്പിക്കാൻ ആകില്ല എന്നായിരുന്നു നിലപാട്. ആധാർ ബിൽ ധനബില്ലായി അവതരിപ്പിച്ചതിൽ തെറ്റില്ല എന്ന് പറഞ്ഞ വിധിയ്ക്കൊപ്പം നിന്നയാളാണ് ജസ്റ്റിസ് ഖാൻവാൽക്കർ എന്നുമോർക്കണം. അങ്ങനെ ഇ.ഡി.യ്ക്ക് ആരെയും ചോദ്യംചെയ്യാനും, അറസ്റ്റ് ചെയ്യാനും, സ്വത്ത് കണ്ടുകെട്ടാനും, കുറ്റസമ്മതം നടത്തിപ്പിക്കാനും എല്ലാമുള്ള അധികാരം സംരക്ഷിക്കുകയും, ജാമ്യം ഒരു കാരണവശാലും ലഭിക്കുകയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന വിധിയായിരുന്നു വിജയ് മദൻലാൽ ചൗധരി കേസിൽ ജസ്റ്റിസ് ഖാൻവാൽക്കർ പുറപ്പെടുവിച്ചത്. ഇതുപോലെ സ്റ്റേറ്റിനനുകൂലമായ ഒരു വിചാരധാര ഇവിടെ പ്രതിപാദിച്ച വിധികളിലുടനീളം കാണാനാകും.

ഇത് ഒരു ന്യായാധിപനെക്കുറിച്ചുള്ള വ്യക്തിപരമായ വിലയിരുത്തലല്ല. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന അവകാശാധിഷ്ഠിത ജനാധിപത്യപദ്ധതിയ്ക്ക് കടകവിരുദ്ധമായ വ്യതിചലനം എങ്ങനെയാണ്, പ്രവർത്തിപഥത്തിൽ, ഭരണഘടനയ്ക്ക് സംഭവിക്കുന്നത് എന്നതാണ് ഇവിടെ വെളിവാകുന്നത്. മൗലികാവകാശങ്ങളുടെ നിതാന്തസംരക്ഷകരാവേണ്ട ഭരണഘടനാകോടതികൾ, ഭരണകൂട താത്പര്യങ്ങൾക്കനുസൃതമായി ഭരണഘടനയെ വായിക്കുകയും "ഭരണകൂടക്കോടതി'കളായി പരിവർത്തനവിധേയമാവുകയും ചെയ്യുന്ന കാഴ്ച ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടതാണ്. വിശകലനം ചെയ്യേണ്ടതാണ്, ചെറുക്കേണ്ടതാണ്. ""ഭരണഘടന എത്ര മികച്ചതാണെങ്കിലും അത് നടപ്പിലാക്കുന്നവർ മോശമാണെങ്കിൽ, അത് മോശമാണെന്നുവരും. ഭരണഘടന എത്ര മോശമാണെങ്കിലും അത് നടപ്പിലാക്കുന്നവർ നല്ലതെങ്കിൽ, അത് മികച്ചതായി തീരുകയും ചെയ്യും.'' എന്ന് പറഞ്ഞത് ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറാണ്. ഭരണഘടനയെ അന്തിമമായി വ്യാഖ്യാനിക്കുകയും തീർപ്പു പറയുകയും ചെയ്യുന്ന സ്ഥാപനങ്ങൾ എന്ന നിലയ്ക്ക്, ജനാധിപത്യത്തിൽ ഭരണഘടനാമൂല്യങ്ങളുടെ യഥാർഥ കാവലാൾ എന്ന നിലയ്ക്ക് പരമോന്നത നീതിപീഠം അത് മറക്കാൻ പാടുള്ളതല്ല. പ്രത്യേകിച്ചും 34 ന്യായാധിപരും, അസംഖ്യം ബെഞ്ചുകളുമുള്ള നമ്മുടെ കോടതിയിൽ.


Summary: സുപ്രീംകോടതി "പൗരാവകാശങ്ങളുടെ ജാഗരൂകനായ കാവൽക്കാര'നെന്ന് സ്വയം വിശേഷിപ്പിക്കുകയുണ്ടായി. എന്നാൽ ഫലത്തിൽ പലപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നത്. ഭരണകൂടം അധികാരത്തിന്റെ ഏറ്റവും ദുഷിച്ച വശങ്ങളെ പ്രകടിപ്പിക്കുന്ന ചരിത്രസന്ധികളിൽ, അതിനോടൊപ്പം ചേർന്നുനിന്ന കോടതിയെയാണ് നാം കണ്ടത്. സമീപകാലത്ത് ആ പ്രവണത വർദ്ധിച്ചുവരുന്നതായി കാണാം. ഭരണഘടനാ അവകാശങ്ങളെ സംരക്ഷിക്കുന്ന ഭരണഘടനാ കോടതി എന്നതിൽനിന്നും, ഭരണകൂടത്തിന്റെ ചെയ്തികളെ സംരക്ഷിക്കുന്ന, "ഭരണകൂട കോടതി'യായി നമ്മുടെ നീതിന്യായപീഠം മാറുന്നു എന്ന വിമർശനം ശക്തമാണ്.


പി.ബി. ജിജീഷ്​

പ്രൈവസിയുമായി ബന്ധപ്പെട്ട നിയമ- ധാർമിക വിഷയങ്ങൾ, ടെക്‌നോളജി, ഭരണഘടനാ ജനാധിപത്യം തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു. Aadhaar: How a Nation is Deceived, ജനാധിപത്യം നീതി തേടുന്നു തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments