പെഗാസസ് വിധി:
സുപ്രീംകോടതി
പ്രതീക്ഷയുടെ അടയാളമാകുമ്പോള്‍
പെഗാസസ് വിധി: സുപ്രീംകോടതി പ്രതീക്ഷയുടെ അടയാളമാകുമ്പോള്‍
ഇനിയും ഒരുപാട് നിര്‍ണായക തീരുമാനങ്ങള്‍ വരാനുണ്ട് - പൗരത്വ നിയമം, ഇലക്ടറല്‍ ബോണ്ട്, കശ്മീര്‍... അങ്ങനെ വര്‍ഷങ്ങളായി സുപ്രീംകോടതിയില്‍ തീരുമാനമാകാതെ കിടക്കുന്നവ. നിയമവും ഭരണഘടനയും പൗരതാല്‍പര്യത്തിന് അനുഗുണവും അധികാര താല്‍പര്യത്തിന് എതിരായും ഭവിക്കാന്‍ സാധ്യതയുള്ളവ. അവയിലോരോന്നിലായി എത്രയും പെട്ടെന്ന് തീരുമാനങ്ങള്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. ആ പ്രതീക്ഷയാണ് പെഗാസസ് കേസിലെ കോടതി നടപടികള്‍ നല്‍കുന്ന ഏറ്റവും വലിയ ആശ്വാസം.
29 Oct 2021, 09:14 AM
ചരിത്രത്തെ നീതിയുടെ ഭാഷയില്‍ അടയാളപ്പെടുത്തുക എന്ന അടിസ്ഥാന ചുമതല നമ്മുടെ സുപ്രീംകോടതി വഴിയിലെങ്ങോ ഉപേക്ഷിച്ചിരിക്കുന്നു എന്ന തോന്നല്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന സന്നിഗ്ദ്ധ ഘട്ടത്തിലാണ് പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ്. എന്‍. വി. രമണ ചുമതലയേല്‍ക്കുന്നത്. സുപ്രീംകോടതി, ഒരു ഭരണഘടനാ കോടതി എന്ന നിലയ്ക്ക്, അതിന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്നു എന്ന സൂചന അതിനുശേഷം പലപ്പോഴായി സുപ്രീംകോടതിയില്‍ നിന്നുതന്നെ ഉണ്ടായിട്ടുണ്ട്. പെഗാസസ് കേസ് വിധി അത്തരത്തില്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണ്.
2018-ലെ പട്ടു സ്വാമി കേസിലൂടെ സുപ്രീംകോടതി സ്വകാര്യത ഒരു മൗലികാവകാശമായി പ്രഖ്യാപിച്ചിരുന്നു. ഒരു മൗലികാവകാശം എന്ന നിലക്ക് ഋണാത്മകവും ധനാത്മകമായ വശങ്ങള്‍ സ്വകാര്യതക്ക് ഉണ്ടെന്നാണ് സുപ്രീംകോടതി അന്ന് പ്രസ്താവിച്ചത്. ഋണാത്മകം എന്നാല്‍ പൗരന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതില്‍ നിന്ന് ഭരണകൂടത്തെ വിലക്കുന്ന സംഗതിയാണ്. സ്റ്റേറ്റിനെ കൂടാതെ മറ്റിടങ്ങളില്‍ നിന്നുമുള്ള കടന്നുകയറ്റത്തെ കൂടി തടയുവാനുള്ള ബാധ്യത ഭരണകൂടത്തിന് വന്നുചേരുന്നതാണ് ധനാത്മകമായ വശം. ഈ രണ്ടു കാര്യങ്ങള്‍ക്കും ഉതകുന്ന തരത്തിലുള്ള സമഗ്രമായ ഒരു വിവര സംരക്ഷണ ചട്ടക്കൂടും നിയമവും രാജ്യത്ത് കൊണ്ടുവരണമെന്നും വിധിയിലുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കുറ്റകരമായ അലംഭാവമാണ് ഗവണ്‍മെന്റ് പ്രദര്‍ശിപ്പിച്ചത്.
ആധാര്‍ കേസില്‍ നിന്ന് തലയൂരാന്‍ രൂപീകരിക്കപ്പെട്ട ശ്രീകൃഷ്ണ കമീഷന്റെ നിര്‍ദ്ദേശങ്ങളും ഡ്രാഫ്റ്റ് സ്വകാര്യതാ നിയമവും ഇപ്പോഴും പൊടിപിടിച്ച് കിടക്കുകയാണ്. യാതൊരു ചര്‍ച്ചയും കൂടാതെ നിന്നനില്‍പ്പില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നിയമം പാസാക്കുകയോ, അല്ലെങ്കില്‍ ധനബില്‍ എന്ന വ്യാജേന വളരെ പ്രധാനപ്പെട്ട ബില്ലുകള്‍ രാജ്യസഭയെ മറികടന്ന് പാസാക്കി എടുക്കുകയോ ചെയ്യുന്ന ഈ ഭരണകൂടം, എന്നാല്‍ സ്വകാര്യതാബില്ലിന്റെ കാര്യത്തില്‍ യാതൊരു താത്പര്യവും കാണിക്കുന്നില്ല. എന്നുമാത്രമല്ല, നിരന്തരമായി സ്വകാര്യതാ ധ്വംസനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.
ഒരു വശത്ത് നിയമവിരുദ്ധമായ പല വഴികളിലൂടെയും അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കും കടന്നുകയറുകയും, മറുവശത്ത് അല്‍പമെങ്കിലും സ്വകാര്യത ഉറപ്പുനല്‍കുന്ന എന്‍ഡ്- ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പോലെയുള്ള സംവിധാനങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടത്തിവരികയാണ് നമ്മുടെ ഗവണ്‍മെന്റ്. അതോടൊപ്പം ഏകാധിപത്യപരമായ ചട്ടനിര്‍മിതികളിലൂടെ സൈബര്‍ ലോകത്തെ ചൊല്‍പ്പടിക്കു നിര്‍ത്താനുള്ള ശ്രമങ്ങളും തുടര്‍ന്നുപോരുന്നു.

രാജ്യത്തെ ജനാധിപത്യത്തെ ശിഥിലമാകുന്ന ഇത്തരം നടപടികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് പെഗാസസ്. ഏതു ഭാഗത്തുനിന്ന്, ഏതുതരത്തിലുള്ള വിമര്‍ശനം ഉയര്‍ന്നു വന്നാലും അതിനെയെല്ലാം ദേശ സുരക്ഷയുടെ പേരില്‍ പ്രതിരോധിക്കുന്ന സമീപനമാണ് ഗവണ്‍മെൻറ് സ്വീകരിച്ചു പോന്നിരുന്നത്. ഇത്തരം ഘട്ടങ്ങളില്‍ പൗരര്‍ക്ക് പരിചയാകേണ്ടിയിരുന്ന പരമോന്നത നീതി പീഠം മുദ്രവച്ച കവറുകളും, അനന്തമായ കാലവിളംബവും, അടിയന്തരാവസ്ഥക്കാലത്തെ നിയമയുക്തികളുമായി എക്‌സിക്യൂട്ടീവിനൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് നാം കണ്ടുവന്നത്. എന്നാല്‍ ഇനി ഗവണ്‍മെന്റിന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല എന്നതിന്റെ വ്യക്തമായ സൂചനകള്‍ ഈ വിധിയില്‍ കാണാം.
വിധി ആരംഭിക്കുന്നതുതന്നെ ജോര്‍ജ് ഓര്‍വെലിന്റെ വാക്കുകളോടെ ആണ് . ‘‘If You Want to Keep a Secret, First You Must Hide it From Yourself.' (നിങ്ങള്‍ ഒരു രഹസ്യം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം അത് നിങ്ങളില്‍ നിന്നുതന്നെ മറച്ചുവയ്ക്കുക.) ആഗോള ജനാധിപത്യ സൂചികയില്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥാനം താഴോട്ടു പോയിക്കൊണ്ടിരിക്കുകയും ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യം എന്ന വിശേഷണത്തില്‍ നിന്ന് ആശങ്കപ്പെടേണ്ട രാജ്യങ്ങളുടെ പട്ടികയിലേക്ക് നാം മാറുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ സുപ്രീംകോടതിയുടെ ഈ വാചകങ്ങളുടെ തെരഞ്ഞെടുപ്പ് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. ഭരണകൂട ഭീകരതയുടെ, ഏകാധിപത്യ പ്രവണതകളുടെ, എക്കാലത്തെയും ഏറ്റവും വലിയ വിമര്ശനാത്മ ചിത്രീകരണമെന്ന് കണക്കാക്കപ്പെടുന്ന ജോര്‍ജ് ഓര്‍വലിന്റെ, 1984-ലെ വാചകം തന്നെ ഈ വിധിയുടെ ആരംഭത്തില്‍ ഉപയോഗിച്ചത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്.

ഈ അവസരത്തില്‍ ഓര്‍മ വരുന്നത് മറ്റൊരു സുപ്രധാന സുപ്രീംകോടതി വിധിയുടെ ആരംഭമാണ്. സ്വകാര്യത സംബന്ധിച്ച്, ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേസെന്ന് വിലയിരുത്താവുന്ന ആധാര്‍ കേസിലെ ഭൂരിപക്ഷ വിധി ആരംഭിക്കുന്നത് അര്‍ത്ഥശൂന്യമായ ഒരു വാട്‌സ്ആപ്പ് ഫോര്‍വേഡില്‍ നിന്നാണ്. ‘It is better to be unique than the best. Because, being the best makes you the number one, but being unique makes you the only one.' എന്നായിരുന്നു അത്. ഒരു വാട്‌സ്ആപ്പ് ഫോര്‍വേഡില്‍ നിന്ന് ജോര്‍ജ്ജ് ഓര്‍വെലിലേക്കുള്ള ദൂരം ഇന്ത്യന്‍ സുപ്രീംകോടതിയുടെ ഒരു പരിണാമദശയെ അടയാളപ്പെടുത്തുന്നുവെങ്കില്‍, നമ്മുടെ രാജ്യത്തെ കുറിച്ച് ശുഭാപ്തി വിശ്വാസങ്ങള്‍ക്ക് ഇനിയുമേറെ ഇടമുണ്ട് എന്നാണതിനര്‍ത്ഥം.
മൂന്ന് തരത്തിലാണ് ഈ വിധി പ്രസക്തമാകുന്നത്. ഒന്ന്, ദേശസുരക്ഷയുടെ പേരില്‍ ഭരണകൂടത്തിന് അന്ധമായ പരിരക്ഷ കൊടുത്തിരുന്ന കാലം സുപ്രീംകോടതി അവസാനിപ്പിക്കുകയാണ്. രണ്ട്, പൗരാവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന കേസുകള്‍ അനന്തമായി നീട്ടിവച്ച് ഗവണ്മെന്റിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊടുക്കുന്ന പ്രവണതക്ക് വിരാമമാകുന്നു. യാതൊരു നിയമപിന്തുണയുമില്ലാതെ ഭരണഘടനാവിരുദ്ധമായ രീതിയില്‍ പൗരരുടെ സ്വകാര്യത കവര്‍ന്നെടുക്കാനുള്ള ബ്‌ളാങ്ക് ചെക്ക് ഗവണ്മെന്റിനും വിവിധ ഏജന്‍സികള്‍ക്കും ഉണ്ടായിരുന്നത് അവസാനിപ്പിക്കാന്‍ ഉതകുന്ന നടപടികള്‍ക്ക് നാന്ദി കുറിച്ചിരിക്കുന്നു.
മുദ്രവച്ച കവറില്‍ സൂക്ഷിക്കുന്ന രഹസ്യങ്ങളും ദേശസുരക്ഷയുടെ വാറോലയും ഗവണ്‍മെന്റ് നടപടികള്‍ക്ക് സംരക്ഷയാകാറുണ്ടായിരുന്നു അടുത്ത കാലം വരെ. എന്‍.ആര്‍.സി., കശ്മീര്‍, റഫേല്‍ അങ്ങനെ നിരവധി കേസുകള്‍ ഉദാഹരിക്കാനാകും. അങ്ങനെ സുപ്രീംകോടതി ഒരു എക്‌സിക്ക്യൂട്ടിവ് കോടതി ആയിക്കഴിഞ്ഞിരിക്കുന്നു എന്ന് നിരവധി നിയമവിചക്ഷണര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാലത് മാറുകയാണ്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ലഖീംപൂര്‍ഖേരിയിലെ കേസുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഗവണ്മെൻറ് അഭിഭാഷകനോട് മുദ്രവച്ച കവറിന്റെ കാര്യം ഇവിടെ ആരും പറഞ്ഞിരുന്നില്ല എന്ന് പ്രസ്താവിച്ചിരുന്നു. ഇപ്പോഴിതാ വിധിയില്‍ പറഞ്ഞിരിക്കുന്നു ""ദേശസുരക്ഷ എന്ന ഉമ്മാക്കി കാണിച്ച് ഏതു കാര്യത്തെയും ജുഡീഷ്യല്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയെടുക്കാനാകും എന്നുകരുതേണ്ടതില്ല. ദേശസുരക്ഷ എന്ന് പറയുന്ന മാത്രയില്‍ കോടതി പരിശോധനകള്‍ വേണ്ടെന്നു വച്ച് എല്ലാത്തിനും മൂകസാക്ഷിയാകും എന്ന് കരുതുകയുമരുത്''. മറ്റൊരു പ്രധാന കാര്യം ഗവണ്മെന്റിന്റെ വാക്കുകള്‍ വെള്ളം തൊടാതെ വിഴുങ്ങാന്‍ തയ്യാറായില്ല എന്നതാണ്. ആദ്യ ലോക്ക് ഡൌണ്‍ കാലത്ത് ആയിരങ്ങള്‍ തെരുവിലൂടെ നടക്കുന്നതിനും മരിച്ചു വീഴുന്നതിനും നമ്മള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കവേ, ആരും തെരുവിലില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ അഫിഡവിറ്റ് മുഖവിലക്കെടുത്ത കോടതിയാണിത് എന്നോര്‍ക്കണം. അതുപോലെ തന്നെ ആധാര്‍ കേസിന്റെ ഭാഗമായി പട്ടിണി മരണങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പത്രറിപ്പോര്‍ട്ടുകള്‍ക്ക് അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കില്ല എന്ന നിലപാടായിരുന്നു സുപ്രീംകോടതി സ്വീകരിച്ചത്. എന്നാലിവിടെ പെഗാസസ് സ്പൈ വയറുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കേവലം മാധ്യമ വാര്‍ത്തകള്‍ മാത്രമാണെന്ന തരത്തില്‍ തള്ളിക്കളയാന്‍ കോടതി തയ്യാറായില്ല. ഗവണ്മെന്റിന്റെ പ്രതികരണം അപര്യാപ്തമാണെന്ന് പറഞ്ഞ കോടതി പ്രഥമദൃഷ്ട്യാ ഹര്‍ജിക്കാരുടെ ആരോപണം ശരിയെന്നു കരുതേണ്ടി വരും എന്ന് പ്രസ്താവിക്കുകയാണുണ്ടായത്.
കഴിഞ്ഞ ആഗസ്റ്റിലാണ് പെഗാസസ് കേസ് സുപ്രീംകോടതിയുടെ പരിഗണനക്കുവന്നത്. പിന്നീട് മൂന്ന് മാസം വിധി വരാനായി കാത്തു. ഹേബിയസ് കോര്‍പ്പസ് കേസുകള്‍ പോലും അനിശ്ചിതമായി വൈകിച്ച് അവയെ അപ്രസക്തമാക്കുന്ന അനുഭവം സുപ്രീംകോടതിയുടെ സമീപകാല ചരിത്രത്തിന്റെ ഭാഗമായതുകൊണ്ട് ഇത്തവണയും അതിന്റെ ആവര്‍ത്തനം ഉണ്ടായേക്കുമോ എന്ന് പലരും ഭയപ്പെട്ടിരുന്നു. എന്നാലതുണ്ടായില്ല. സ്വതന്ത്ര സമിതിയെ നിയോഗിച്ച സുപ്രീംകോടതി എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നും എട്ട് ആഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കണമെന്നും ഉത്തരവിട്ടു. ഈ എട്ടാഴ്ചകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടാല്‍ അത് ഒരു വഴിത്തിരിവായി മാറും.
മറ്റൊരു കാര്യം, സുപ്രീംകോടതി നിയോഗിച്ച സമിതിയുമായി ബന്ധപ്പെട്ടതാണ്. കേന്ദ്രസര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിക്കും എന്നറിയിച്ചിരുന്നെങ്കിലും ആരോപണവിധേയരായ കേന്ദ്രം തന്നെ സമിതിയെ വയ്ക്കുന്നത് നീതിയുടെ സ്വാഭാവിക നടത്തിപ്പിന് ഉതകുകയില്ല എന്നുകണ്ട സുപ്രീംകോടതി അംഗീകരിച്ചില്ല. പകരം സ്വതന്ത്രമായ നീതിനിര്‍വഹണത്തിനു പേരുകേട്ട ജസ്റ്റിസ്. ആര്‍.വി. രവീന്ദ്രന്റെ നേതൃത്വത്തില്‍ ഒരു സ്വതന്ത്ര സമിതിയെ നിയോഗിക്കുകയായിരുന്നു. സമിതിക്ക് നല്‍കിയ സമഗ്രമായ അധികാരങ്ങള്‍ നേരാംവണ്ണം വിനിയോഗിക്കപ്പെട്ടാല്‍ ഇന്ത്യയുടെ പൗരാവകാശ സംരക്ഷണ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഈ കേസ് മാറും. സമിതിയുടെ ടേംസ് ഓഫ് റഫറന്‍സില്‍ പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് ഇന്ത്യന്‍ പൗരരെ നിരീക്ഷിച്ചിട്ടുണ്ടോ, കേന്ദ്രസര്‍ക്കാര്‍ ഈ സ്‌പൈ വെയര്‍ വാങ്ങിയിട്ടുണ്ടോ, നിരീക്ഷണം നടത്തിയിട്ടുണ്ടെങ്കില്‍ ഏതു നിയമപ്രകാരമാണ് അത് ചെയ്തത്, പെഗാസസ് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്ന പശ്ചാത്തലത്തില്‍ എന്തൊക്കെ നടപടികളാണ് ഗവണ്മെൻറ് കൈക്കൊണ്ടത്, തുടങ്ങിയ കാര്യങ്ങള്‍ക്ക് പുറമെ ഭാവിയില്‍ സ്വകാര്യതാ സംരക്ഷണത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൂടി കമ്മറ്റിയോട് ആരാഞ്ഞിട്ടുണ്ട് കോടതി. ആറ് കാര്യങ്ങള്‍ക്കാണ് സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
-
പൗരരുടെ സ്വകാര്യത സംരക്ഷിക്കുന്ന തരത്തില്‍ നിരീക്ഷണം സംബന്ധിച്ച പുതിയ നിയമം ഉണ്ടാക്കുക, അല്ലെങ്കില്‍ നിലവിലെ നിയമങ്ങള്‍ക്ക് ഭേദഗതി വരുത്തുക.
-
രാജ്യത്ത് സൈബര്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുക.
-
സര്‍ക്കാര്‍/സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ നിന്ന് സ്‌പൈവെയറുകളും മറ്റും ഉപയോഗിച്ച് നിയമപ്രകാരമല്ലാത്ത സ്വകാര്യതാ ലംഘനങ്ങള്‍ തടയുക.
-
നിയമവിരുദ്ധമായ നിരീക്ഷണങ്ങള്‍ തടയുന്നതിന് വേണ്ടി പൗരര്‍ക്ക് സമീപിക്കാന്‍ കഴിയുന്ന സംവിധാനം ഒരുക്കുക.
-
രാജ്യത്ത് സൈബര്‍ ആക്രമണങ്ങള്‍ അന്വേഷിക്കുന്നതിനുവേണ്ടി സര്‍വ്വസംവിധാനങ്ങളുമുള്ള ഒരു സ്വതന്ത്ര ഏജന്‍സിക്ക് രൂപം നല്‍കുക.
-
പാര്‍ലമെന്റ് ഉചിതമായ നിയമനിര്‍മാണം നടത്തുംവരേയ്ക്കും പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കോടതിയുടെ മേല്‍നോട്ടത്തില്‍ താത്കാലിക സംവിധാനം ഉണ്ടാക്കുക.
സത്യത്തില്‍ പട്ടുസ്വാമി കേസിലെ ചരിത്രപരമായ സ്വകാര്യതാവിധി നടപ്പിലാക്കുന്നതിന് ആവശ്യമായ തുടര്‍നടപടികള്‍ ആരായുകയാണ് സുപ്രീംകോടതി. പെഗാസസ് വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന നടപടിയാണ് സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
ഒരു പക്ഷെ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായാണ് പ്രാധാന്യമുള്ള ഒരു കേസില്‍ ഗവണ്മെന്റ് താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു നിലപാട് സുപ്രീംകോടതി സ്വീകരിക്കുന്നത്. അതിനര്‍ത്ഥം എല്ലാം ശരിയായി എന്നല്ല. കോടതിയില്‍ ഒരു വിപ്ലവവും നടന്നിട്ടില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് സുപ്രീംകോടതിയിലുള്ള നമ്മുടെ പ്രതീക്ഷ അത്രമേല്‍ താഴെയായതുകൊണ്ടാണ്.
ഇങ്ങനെയൊക്കെയാണ് ഒരു ഭരണഘടനാകോടതി പ്രവര്‍ത്തിക്കേണ്ടത്. ഇനിയും ഒരുപാട് നിര്‍ണായകമായ തീരുമാനങ്ങള്‍ വരാനുണ്ട്. അടിയന്തര ശ്രദ്ധ ലഭിക്കേണ്ട കേസുകള്‍ - പൗരത്വ നിയമം, ഇലക്ടറല്‍ ബോണ്ട്, കശ്മീര്‍, അങ്ങനെ വര്‍ഷങ്ങളായി സുപ്രീംകോടതിയില്‍ തീരുമാനമാകാതെ കിടക്കുന്നവ. നിയമവും ഭരണഘടനയും പൗരതാല്‍പര്യത്തിന് അനുഗുണവും അധികാര താല്‍പര്യത്തിന് എതിരായും ഭവിക്കാന്‍ സാധ്യതയുള്ളവ. അവയിലോരോന്നിലായി എത്രയും പെട്ടെന്ന് തീരുമാനങ്ങള്‍ ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ആ പ്രതീക്ഷയാണ് പെഗാസസ് കേസിലെ കോടതി നടപടികള്‍ നല്‍കുന്ന ഏറ്റവും വലിയ ആശ്വാസം.
അലി ഹൈദര്‍
May 31, 2022
20 Minutes Read
കെ.വി. ദിവ്യശ്രീ
May 29, 2022
6 Minutes Read
മനില സി.മോഹൻ
Dec 26, 2021
130 Minutes Watch
പി.ബി. ജിജീഷ്
Dec 20, 2021
9 Minutes Read
ജോണ്‍ ബ്രിട്ടാസ് / ടി.എം. ഹർഷൻ
Nov 02, 2021
55 Minutes Watch
National Desk
Nov 02, 2021
1 Minutes Read
കെ.വി. ദിവ്യശ്രീ
Oct 29, 2021
9 Minutes Read