മുഖ്യധാരാ മാർക്‌സിസത്തിന്റെ നിശ്ചലവും യാന്ത്രികവുമായ നിലപാടുകൾ എന്റെ മേൽ മുൻകൂർ ആരോപിച്ചുകൊണ്ടാണ് എനിക്കെതിരായ ഇർഷാദിന്റെ വാദങ്ങൾ മുന്നേറുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മുഖ്യധാരാ മാർക്‌സിസത്തെ വിമർശിച്ചുകൊണ്ട്, കേരളത്തിലും ഇന്ത്യയിലുമടക്കം ലോകമെമ്പാടുമുള്ള വിവിധതരം കീഴാളരുടെ സമരങ്ങളെ പിന്തുണച്ചുകൊണ്ട് എഴുതിക്കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. പാശ്ചാത്യമുഖ്യധാരാ ആധുനികതയിൽ നിന്നും യൂറോ സെൻട്രിസത്തിൽ നിന്നും മാർക്‌സിസത്തെ മോചിപ്പിക്കുന്ന ന്യൂനപക്ഷാത്മകവും ( Minoritarian ) കീഴാളവുമായ മാർക്‌സിസത്തിന്റെ ഒരു ബദൽ ധാരയിലാണ് ഞാൻ പങ്കെടുക്കുന്നത്. ലിബറൽ പാർലമെന്ററി രാഷ്ട്രീയത്തിന്റെ മിഥ്യാ പ്രതിനിധാനങ്ങളിൽ നിന്നും സോവിയറ്റു മാർക്‌സിസത്തിന്റെ അധികാര കേന്ദ്രീകരണത്തിൽ നിന്നും പുറത്തുവന്ന് സ്വയം നായകരായി ഇന്ന് ഉയർന്നു വന്നുകൊണ്ടിരിക്കുന്ന തൊഴിലാളികൾ മുതൽ സ്ത്രീകളും ആദിവാസികളും വരെയുള്ള എല്ലാത്തരം കീഴാള ജനതയുടേയും സ്വാതന്ത്ര്യ സമരങ്ങളുടെ രാഷ്ട്രീയമാണ് ഞാൻ കൈകാര്യം ചെയ്യുന്നത്. എന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ പേര് "കീഴാള മാർക്‌സിസവും കീഴാള ജനാധിപത്യവും' എന്നാണ്. അതിനാൽ മുഖ്യധാരാ മാർക്‌സിസത്തെയും അതിന്റെ ബുദ്ധിജീവികളേയും മുൻനിർത്തി ഇർഷാദ് എനിക്കെതിരെ നടത്തുന്ന വിമർശനം സ്വാഭാവികമായും ലക്ഷ്യം തെറ്റിപ്പോകുന്നു. അതുകൊണ്ടാണ് ഡോ: കുഞ്ഞാമന്റെ വിപ്ലവകരമായ ജീവിത നിലപാടുകളെ ഉയർത്തിപ്പിടിച്ചു കൊണ്ട് തന്നെ അദ്ദേഹം മാർക്‌സിനെ കുറിച്ച് നടത്തിയ ഒരു പരാമർശത്തിനെതിരെ രേഖകൾ എടുത്തുകാട്ടിക്കൊണ്ട് ഞാൻ പറഞ്ഞ ആശയങ്ങളെ ഒന്നും ഇർഷാദിന്റെ വിമർശനം സ്പർശിക്കാതെ പോകുന്നത്.
ഡോ: കുഞ്ഞാമൻ തന്റെ ആത്മകഥാ വിവരണത്തിൽ മാർക്‌സിസത്തിന്റെ കൊടിയ പരിമിതികളിൽ ഒന്നായി പറഞ്ഞത് മാർക്‌സ് അടിമ സമ്പ്രദായത്തെ കുറിച്ച് മൂലധനത്തിൽ പരാമർശിക്കുന്നുണ്ടെങ്കിലും അടിമത്ത വിമോചനം പോലെയുള്ള വർഗേതര സമരങ്ങൾക്ക് പ്രാധാന്യം നൽകിയില്ല എന്നാണ്. ഇതിനുള്ള മറുപടിയാണ് അമേരിക്കൻ അടിമത്ത വിരുദ്ധ ആഭ്യന്തരയുദ്ധത്തിൽ ഇടപെട്ടുകൊണ്ട് മാർക്‌സ് എഴുതിയ ലേഖനഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ടും അടിമത്ത വിരുദ്ധ ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട് മാർക്‌സ് നടത്തിയ പ്രവർത്തനങ്ങൾ വിവരിച്ചുകൊണ്ടും ഞാൻ എഴുതിയ ലേഖനം. അതുകൊണ്ടാണ് ലേഖനത്തിന് കറുത്തവരുടെ മാർക്‌സ് എന്ന് തലക്കെട്ടു കൊടുത്തത്. ഇതിനെ ഖണ്ഡിക്കാൻ വേണ്ടി മുഹമ്മദ് ഇർഷാദ് കുഞ്ഞാമന്റെ രാഷ്ട്രീയ നിലപാടുകൾക്കാധാരം "സെഡ്രിക് റോബിൻസന്റെ' ബ്ലാക് മാർക്‌സിസം ' എന്ന മറ്റൊരു പുസ്തകമാണെന്നും അത് മനസ്സിലാക്കാത്തതുകൊണ്ടാണ് ഞാൻ കുഞ്ഞാമനെ വിമർശിക്കുന്നതെന്നും വാദിക്കുകയാണ് ചെയ്യുന്നത്.
കുഞ്ഞാമന്റെ അടിസ്ഥാന ഗ്രന്ഥം ബ്ലാക് മാർക്‌സിസമായതുകൊണ്ട് എങ്ങനെയാണ് അടിമത്ത വിമോചന പ്രശ്നത്തിൽ നിന്നും ഒഴിഞ്ഞുമാറാതെ അതിൽ ഇടപെട്ടുകൊണ്ട് മാർക്‌സ് എഴുതിയ ഉജ്ജ്വലമായ ലേഖനങ്ങളും നടത്തിയ ഉശിരൻ രാഷ്ട്രീയ പ്രവർത്തനങ്ങളും അപ്രസക്തമാകുന്നത് ?
അമേരിക്കൻ അടിമകളുടെ വിമോചനയുദ്ധത്തിൽ ഇടപെട്ടുകൊണ്ട് മാർക്‌സ് എഴുതിയ ലേഖനങ്ങളിലൊന്നും കറുത്തവരുടെ വിമോചനത്തിന്റെ പ്രശ്‌നത്തെ സാമ്പത്തിക വർഗ്ഗ സമരത്തിന് കീഴ്പ്പെടുത്തി നിർത്തുകയല്ല ചെയ്തത്. മറിച്ച് കറുത്തവരുടെ മോചനത്തിലൂടെ മാത്രമേ വെളുത്ത തൊഴിലാളി വർഗ്ഗത്തിന് മോചനമുള്ളൂ എന്നാണ് മാർക്‌സ് പറഞ്ഞത്. അതിനാൽ മാർക്‌സിന് സ്വത്വവും വർഗ്ഗവും കേവല വിപരീതങ്ങളല്ല . വംശവും വർഗ്ഗവും തമ്മിലുള്ള, പരസ്പരം മുറിച്ചുകടക്കുന്ന ആന്തരിക ബന്ധത്തിന്റെ ഡയലക്ടിക്‌സ് പ്രയോഗത്തിൽ കണ്ടെത്തുന്ന മാർക്‌സിന്റെ ഈ സമീപനം ഇന്നും പ്രസക്തമാണ്. കാരണം വർഗ്ഗം എന്നത് മാർക്‌സിന് അമൂർത്തമായ ഒരു സാമ്പത്തിക ശാസ്ത്രഗണം മാത്രമല്ല. വർഗ്ഗങ്ങൾ സ്വയം സിദ്ധങ്ങളല്ല. വർഗ്ഗങ്ങൾ നിലവിൽ വരുന്നത് പിടിച്ചെടുക്കലിന്റെയും ( Capture ) അടിച്ചമർത്തലിന്റെയും അതിനെതിരായ ചെറുത്തു നിൽപ്പിന്റേയും സംഘർഷങ്ങളിലൂടെയാണ്. സമരങ്ങളിലൂടെയാണ് വർഗ്ഗങ്ങൾ രൂപപ്പെടുന്നത്. അതിനാൽ വർഗ്ഗം മനുഷ്യ ജീവിതത്തിൽ ഒരു രാഷ്ട്രീയ ഗണമാണ്.
വിവിധതരം മേലാളാധികാരങ്ങൾക്കെതിരായ കറുത്തവരടക്കമുള്ള എല്ലാ ജനവിഭാഗങ്ങളുടേയും എല്ലാ സമരങ്ങളും രാഷ്ട്രീയ സമരങ്ങളാണ്. വർഗ്ഗ-സ്വത്വ വൈപരീത്യത്തെ മറികടക്കുന്ന രാഷ്ട്രീയ സമരങ്ങൾ. അതുകൊണ്ടാണ് "Labour in the white skin cannot emancipate itself where in the black skin it is branded'എന്ന് മാർക്‌സ് പറഞ്ഞത്.
എന്നാൽ ഡോ: കുഞ്ഞാമനെ കുറിച്ചുള്ള എന്റെ വിമർശനം പാടെ തള്ളിക്കളയാൻ വേണ്ടി മുഹമ്മദ് ഇർഷാദ് ഉയർത്തിക്കാട്ടുന്ന "ബ്ലാക് മാർക്‌സിസം' എന്ന "സെഡ്രിക് റോബിൻസന്റെ ഗ്രന്ഥം വംശ- വർഗ്ഗ ബന്ധത്തിന്റെ കാര്യത്തിൽ മാർക്‌സ് കൈക്കൊണ്ട ഈ സമീപനത്തെ പൂർണ്ണമായും അവഗണിക്കുന്ന ഒരു കൃതിയാണ്. അതുമാത്രമല്ല "ബ്ലാക് മാർക്‌സിസം' എന്നാണ് ഗ്രന്ഥത്തിന്റെ പേരെങ്കിലും പാശ്ചാത്യ ആധുനികതയുടേയും യൂറോ സെന്റിസത്തിന്റെയും പേരിൽ മാർക്‌സിസത്തെ തന്നെ വിരുദ്ധ ചേരിയിൽ നിർത്തുകയാണ് ഈ ഗ്രന്ഥം ചെയ്യുന്നത്.
ഇങ്ങനെ അടിമകളുടെ മോചനത്തിനു വേണ്ടി മാർക്‌സ് തന്നെ നേരിട്ട് പറയുന്നതല്ല കറുത്തവരുടെ മാർക്‌സിസമെന്നും മാർക്‌സിസത്തെ തന്നെ തള്ളിപ്പറയുന്ന ഒരു ഗ്രന്ഥമാണ് യഥാർത്ഥത്തിലുള്ള കറുത്തവരുടെ മാർക്‌സിസമെന്നും ഇർഷാദ് വാദിക്കുന്നതിലെ പ്രകടമായ വൈപരീത്യത്തെ നമുക്ക് തൽക്കാലം അവഗണിക്കാം. കാരണം ഈ ആഗോള മൂലധന സാമ്രാജ്യ വാഴ്ചയിൽ കോടിക്കണക്കിനു മനുഷ്യർ ഇന്നും വിവിധരീതികളിൽ അടിമകളായിത്തന്നെ തുടരുമ്പോൾ ഈ വിധം ആരുടേതാണ് കറുത്തവരുടെ യഥാർത്ഥ മാർക്‌സിസം എന്നതരത്തിലുള്ള ഒരു വാദപ്രതിവാദത്തിന് ഇന്ന് വിമോചകമായ എന്തെങ്കിലും ധർമ്മം നിർവ്വഹിക്കാനുണ്ടെന്ന് ഞാൻ കരുതുന്നില്ല.
മാർക്‌സിസത്തെ ഇനി മടങ്ങിവരവില്ലാത്ത ഒരു രാഷ്ട്രീയ സിദ്ധാന്തമായി ഡോ: കുഞ്ഞാമൻ തള്ളിക്കളയുമ്പോഴും അദ്ദേഹത്തിന്റെ ആ നിരീക്ഷണം മാർക്‌സിസ്റ്റ് കാഴ്ചപ്പാട് തന്നെ മുന്നോട്ടു വയ്ക്കുന്ന ചില രീതി ശാസ്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് ഇർഷാദ് പറയുന്നുണ്ട്. അതുപോലെ കുഞ്ഞാമന്റെ വിമോചന ദർശനത്തിന് അടിസ്ഥാനമായി ഇർഷാദ് പറയുന്ന സെഡ്രിക് റോബിൻസന്റെ "ബ്ലാക് മാർക്‌സിസം' എന്ന പുസ്തകം മാർക്‌സിസത്തെ മറുപക്ഷത്തു നിർത്തിക്കൊണ്ട് കറുത്തവരുടെ സമര പാരമ്പര്യത്തിൽ കറുത്തവരുടെ മാർക്‌സിസം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു കൃതിയാണ് എന്ന് പറയാം. ഇതിനർത്ഥം ഡോ: കുഞ്ഞാമന്റെ രാഷ്ട്രീയ ദർശനത്തിലും അദ്ദേഹം ആശ്രയിക്കുന്ന സെഡ്രിക് റോബിൻസന്റെ ഗ്രന്ഥത്തിലും അവയുടെ പ്രത്യക്ഷ പാഠത്തിൽ നിന്ന് വ്യത്യസ്തമായി മാർക്‌സിസത്തിലേക്ക് നീളുന്ന മറ്റൊരു പരോക്ഷപാഠം പ്രവർത്തിക്കുന്നുണ്ടെന്നാണ്.
അതിനെക്കുറിച്ച് പ്രതിപാദിക്കുന്നതാകും ഈ സന്ദർഭത്തിൽ ഉചിതം.
പാശ്ചാത്യ ആധുനികതയുടേയും അതിന്റെ "പ്രബുദ്ധ' സംസ്‌കൃതിയുടേയും ആഴത്തിൽ ഒളിഞ്ഞിരിക്കുന്ന വംശീയ ജീർണ്ണതയെ എടുത്തുകാട്ടി, ഇതര ലോകജനതയെ മുഴുവൻ അപരിഷ്‌കൃതരായി കാണുന്ന പടിഞ്ഞാറൻ വെള്ളക്കാരന്റെ അഹന്ത നിറഞ്ഞ ആത്മഭാവനയെ മുഴുവൻ അമ്പരപ്പിക്കും വിധം തകിടം മറിക്കുന്ന ഒരുകൃതിയാണ് "ബ്ലാക് മാർക്‌സിസം' . അതേസമയം പുസ്തകത്തിന്റെ "The making of the Black Radical Tradition' എന്ന ഉപ തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ , അടിമത്ത വ്യവസ്ഥയാൽ തമസ്‌കരിക്കപ്പെട്ട കറുത്തവരുടെ സമ്പന്നമായ സംസ്‌കാരത്തിന്റേയും ശക്തമായ ചെറുത്തു നിൽപ്പുകളുടേയും ചരിത്രം ഉയർത്തിപ്പിടിക്കുന്ന ഒരു രചനകൂടിയാണിത്. ആ നിലയ്ക്ക് മാർട്ടിൻ ബർണലിന്റെ "ബ്ലാക് അഥീന 'ക്കും പോൾ ഗിൽറോയുടെ "ദി ബ്ലാക്ക് അറ്റ്‌ലാന്റിക്'നും എഡ്വേഡ് സയ്ദിന്റെ "ഓറിയന്റലിസം' ത്തിനും ഒപ്പം നിൽക്കുന്ന ഒരു ക്ലാസിക് ആണ് ഈ ഗ്രന്ഥം. എന്നാൽ ഈ കൃതി മാർക്‌സിസത്തെ കൈകാര്യം ചെയ്യുന്നത് വംശീയതയിൽ വേരോടി നിൽക്കുന്ന യൂറോപ്യൻ സംസ്‌കാരത്തിന്റെയും, ആധുനികതയുടേയും ഒരു ഉൽപ്പന്നമെന്ന നിലയിലാണ്. അങ്ങനെയാണ് യൂറോപ്യൻ റാഡിക്കൽ പാരമ്പര്യത്തിന് ബദലായി ബ്ലാക് റാഡിക്കൽ പാരമ്പര്യത്തെ ഉയർത്തിയെടുക്കാൻ ശ്രമിക്കുന്ന സെഡ്രിക് റോബിൻസൺ മാർക്‌സിസത്തെ മറുപക്ഷത്ത് നിർത്തുന്നത്. ആ മാർക്‌സിസമാകട്ടെ മാർക്സിലും ഏംഗൽസിലും തുടങ്ങി സ്റ്റാലിന്റെ കാലത്ത് "ചരിത്രപരമായ ഭൗതികവാദം' എന്ന ഒരു ടെക്സ്റ്റ് ബുക്കായി ചുരുങ്ങാൻ വിധിക്കപ്പെട്ട പാശ്ചാത്യ മാർക്‌സിസമാണ്. അപ്പോൾ മാർക്‌സിസത്തിന്റെ ഈ ഘോര ദുരന്തമാണ് കറുത്തവരുടെ ഒരു ബദൽ വിപ്ലവ പാരമ്പര്യത്തെ ഉയർത്തി എടുക്കാനും അതിന് "ബ്ലാക് മാർക്‌സിസം ' എന്ന പേരിടാനും സെഡ്രിക് റോബിൻസണെ പ്രേരിപ്പിച്ചത് എന്ന് കരുതേണ്ടിയിരിക്കുന്നു. ആ നിലക്ക്, തന്റെ ബഹു രേഖീയമായ ( Multilinear) ചരിത്ര സങ്കൽപ്പവുമായി സ്റ്റാലിന്റെ റഷ്യയിൽ എത്തിയിരുന്നെങ്കിൽ നിശ്ചയമായും സൈബീരിയയിൽ തടവിലാക്കപ്പെടുമായിരുന്ന മാർക്‌സിനെ കറുത്തവരുടെ ബദൽ വിപ്ലവ പാരമ്പര്യത്തിലേക്ക് കുടിയേറ്റുന്ന പ്രക്രിയയാണ് "ബ്ലാക് മാർക്‌സിസ'ത്തിന്റെ പരോക്ഷ പാഠത്തിൽ സംഭവിക്കുന്നത് എന്നു പറയാം. ഈ മാർക്‌സ് അടിമകളുടെ വിമോചനത്തിനുവേണ്ടി അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ രാഷ്ട്രീയമായി പങ്കെടുത്ത മാർക്സാണ്.
"ബ്ലാക് മാർക്‌സിസ' ത്തിൽ ത്തന്നെ ഇതിന് ധാരാളം തെളിവുകൾ ഉണ്ട്. ഈ ഗ്രന്ഥത്തിലെ പഠന വിഷയത്തിലെ രണ്ടെണ്ണം ആഫ്രിക്കൻ- അമേരിക്കൻ സോഷ്യോളജിസ്റ്റും ആക്റ്റിവിസ്റ്റുമായ ഡബ്ല്യു . ഇ. ബി . ഡു ബോയ്‌സിന്റെയും കരീബിയൻ മാർക്‌സിസ്റ്റ് ചിന്തകനും സംസ്‌കാര വിമർശകനുമായ സി.എൽ. ആർ ജെയിംസിന്റെയും കറുത്തവരുടെ വിപ്ലവ പാരമ്പര്യത്തിനുള്ള സംഭാവനകളെ കുറിച്ചാണ്. അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ മാർക്‌സ് നടത്തിയ ഇടപെടലുകളുടെ ചരിത്ര പ്രാധാന്യം ഔദ്യോഗിക മാർക്‌സിസ്റ്റുകളുടെ പൊതു സമീപനത്തിന് വിരുദ്ധമായി ഉയർത്തിപ്പിടിച്ചവരാണ് കറുത്തവരുടെ സൈദ്ധാന്തികരായ ഇവർ രണ്ടും. ഡുബോയ്സാണ് "The Civil war in The United States' എന്ന പേരിൽ 1937 ൽ ആഭ്യന്തര യുദ്ധകാലത്തെ മാർക്‌സിന്റെ അടിമത്ത വിരുദ്ധ രചനകൾ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. "The Civil war in The United States' ന്റെ ഒരു പുതിയ എഡിഷന് ആൻഡ്രു സിമ്മർമാൻ എഴുതിയ അവതാരികയിൽ ഡുബോയ്‌സിന്റെ "ബ്ലാക് റാഡിക്കലിസത്തിന് മാർക്‌സിന്റെ വംശ- വർഗ്ഗ ബന്ധ സങ്കൽപ്പം എങ്ങനെ അടിസ്ഥാനമായി പ്രവർത്തിക്കുന്നു എന്ന് പരിശോധിക്കുന്നുണ്ട്. സി.എൽ.ആർ ജെയിംസ് ആണ് മാർക്‌സിന്റെ , ആഭ്യന്തര യുദ്ധകാലത്തെ രചനകളെ മുൻ നിർത്തി വംശ- വർഗ്ഗ ബന്ധത്തിന്റെ ഡയലക്ടിസിനെ വികസിപ്പിക്കാൻ ശ്രമിച്ചത്. അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി മൂന്നാം ഇന്റർനാഷണലിന്റെ നിയന്ത്രണത്തിൽ ആവുകയും കറുത്തവരുടെ സ്വത്വത്തെ അവഗണിക്കാൻ തുടങ്ങുകയും ചെയ്യുന്നതോടെയാണ് ഡു ബോയ്‌സും മറ്റും മാർക്‌സിസത്തിൽ നിന്നകലുകയും കറുത്തവരുടെ വംശീയ സ്വത്വത്തിന്റെ വിപ്ലവകരമായ ശക്തികൾ ഉയർത്തി എടുക്കാനുള്ള ശ്രമങ്ങളിൽ മുഴുകുകയും ചെയ്യുന്നത്.
1983 ൽപ്രസിദ്ധീകരിച്ച ഈ പുസ്തകം എഴുപതുകളിലും എൺപതുകളിലും കറുത്തവർക്കെതിരായ വിവേചനത്തിനും ക്രൂരമായ അടിച്ചമർത്തലുകൾക്കും എതിരേ അമേരിക്കയിൽ ശക്തിപ്രാപിച്ച "Revolutionary Action Movement ( RAM ) "ബ്ലാക്ക് പാന്തർ പാർട്ടി' തുടങ്ങിയ നവീന ഇടതുപക്ഷത്തിന്റെ ഭാഗമെന്ന് വിളിക്കാവുന്ന കറുത്തവരുടെ സ്വത്വ വിപ്ലവ രാഷ്ട്രീയത്തിന്റെ പാശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ്. അങ്ങനെ മാർക്‌സിസത്തെ തള്ളിപ്പറയുമ്പോൾ തന്നെ "ബ്ലാക് മാർക്‌സിസം' എന്ന പേര് സ്വീകരിച്ചുകൊണ്ട് കറുത്തവരുടെ സ്വത്വത്തിന്റെ വിപ്ലവകരമായ ശക്തികളെ ഉയർത്തിയെടുക്കാൻ ശ്രമിക്കുന്ന ഈ കൃതിയുടെ പരോക്ഷപാഠത്തിൽ നിലകൊള്ളുന്ന മാർക്‌സ് മറ്റൊരു മാർക്സാണ്. ഈ മാർക്‌സ് യൂറോപ്പിനേയും യൂറോപ്യൻ ആധുനികതയേയും വിട്ട് തന്റെ ജീവിതത്തിന്റെ അവസാനത്തെ രണ്ടു ദശകങ്ങൾ മുഴുവൻ ലോകത്തിന്റെ പാർശ്വങ്ങളിലുള്ള ഗോത്ര സമൂഹങ്ങളുടേയും ആദിമ ജന വിഭാഗങ്ങളുടേയും സ്വത്വ ശക്തികളിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയത്തെ കണ്ടെത്താൻ ശ്രമിക്കുന്ന മാർക്സാണ്.
അതിനാൽ ഇർഷാദ് പറയുമ്പോലെ "ബ്ലാക് മാർക്‌സിസം' എന്ന ഈ കൃതിയാണ് ഡോ: കുഞ്ഞാമന്റെ രാഷ്ട്രീയ ദർശനത്തിന് ആധാരമെങ്കിൽ ആ ദർശനത്തിലും അദ്ദേഹം തള്ളിക്കളയുന്ന മാർക്‌സിന്റെ സ്ഥാനത്ത് മറ്റൊരു മാർക്‌സിന്റെ , കറുത്തവരുടേയും കീഴാളരുടേയുമായ മറ്റൊരു മാർക്‌സിന്റെ, സാന്നിധ്യമുണ്ടാകും. "കുഞ്ഞാമന്റെ നിരീക്ഷണം കേവലം മാർക്‌സിസ്റ്റ് സിദ്ധാന്തത്തെ അന്ധമായി വിശ്വസിച്ചു കൊണ്ടുള്ളതല്ല . പകരം മാർക്‌സിയൻ കാഴ്ചപ്പാടുതന്നെ മുന്നോട്ടു വെക്കുന്ന ചില രീതി ശാസ്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൂടിയാണ് ' എന്ന് ഇർഷാദ് പറയുന്നതിന്റെ പൊരുൾ ഇതാവണം. ഇങ്ങനെ കുഞ്ഞാമൻ തന്റെ ആത്മകഥാ വിവരണത്തിൽ പറയുന്നതിനുപരിയായി അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിന്റെ ആന്തരിക തലങ്ങൾ വെളിപ്പെടുത്താൻ ശ്രമിച്ചതിന് ഇർഷാദിന് നന്ദി പറയുന്നു.
ഇതുപോലെ ഇന്ത്യൻ ഔദ്യോഗിക മാർക്‌സിസത്തിൽ നിന്ന് അകന്നു നിന്നപ്പോഴും ഈ കീഴാളരുടെ മാർക്‌സ് ഡോ: അംബേദ്ക്കറോടൊപ്പവും എന്നും ഉണ്ടായിരുന്നു. തന്റെ ജീവിതത്തിന്റെ അവസാന നാളുകളിൽ അംബേദ്ക്കർ എഴുതിക്കൊണ്ടിരുന്നത് മാർക്‌സുമായി ബന്ധപ്പെട്ട ഒരു കൃതിയാണ്. അംബേദ്ക്കറോടൊപ്പമുണ്ടായിരുന്ന ഈ മാർക്സും കറുത്തവരുടെ മോചനത്തിലൂടെ മാത്രമേ വെളുത്തവർക്കും മോചനമുള്ളൂ എന്ന് പറഞ്ഞ മാർക്സാണ് .
എന്നാൽ ഈ പറയപ്പെടുന്ന മാർക്‌സ് ഇർഷാദ് ആരോപിക്കും പോലെ എക്കാലത്തേക്കുമായുള്ള സത്യങ്ങൾ കണ്ടെത്തിയ, ഭക്തിപൂർവ്വം ആരാധിക്കേണ്ട ഒരു മഹാ വ്യക്തി സത്തയല്ല. ഴീൽ ദെലേസ് പറയുന്ന അർത്ഥത്തിൽ മാർക്‌സ് എന്നത് ഒരു സംജ്ഞാനാമ ( proper name ) മാണ്. സെഡ്രിക് റോബിൻസൺ വിമർശിക്കുന്ന പാശ്ചാത്യ മാർക്‌സിസത്തിന്റെ മാർക്‌സ് ഇന്ന് സജീവമായി നിലവിലില്ല.
ഇർഷാദിന്റെ മറ്റൊരാരോപണം അതി വൈകാരികത നിറഞ്ഞതാണ് മാർക്‌സിസത്തോടുള്ള എന്റെ സമീപനം എന്നതാണ്. രചനകൾ നിർവ്വികാരമായിരിക്കണം എന്ന് ശാഠ്യം പിടിക്കുന്ന ഒരു അക്കാദമിക് ബുദ്ധിജീവിയല്ല ഞാൻ. അക്കാദമിക് ബുദ്ധിജീവികൾ കരുതും പോലെ മാർക്‌സിസം അതിന്റെ മൗലിക സ്വഭാവത്തിൽ ഒരു അക്കാദമിക് വിഷയമല്ല. മാർക്‌സിസം ജീവിക്കുന്നത് സമരങ്ങളിലാണ്, ജീവിത സംഘർഷങ്ങളിലാണ്. അത്തരം സമരങ്ങളും സംഘർഷങ്ങളുമായി ബന്ധപ്പെട്ട രചനകളുടെ ശൈലി ഭാവ ബദ്ധമായി പോവുക സ്വാഭാവികമാണ്. ക്ഷമിക്കുക എന്നേ പറയാനുള്ളൂ.
ഈ വിഷയത്തിലെ മറ്റു ലേഖനങ്ങൾ: