ഒന്ന്
തുടക്കം
Deconstruction is neither a theory nor a philosophy. It is neither a school nor a method. It is not even a discourse, nor an act, nor a practice. It is what happens, what is happening today in what is called society, politics, diplomacy, economics, historical reality, and so on and so forth.
(Jacques Derrida, ‘Some Statements and Truisms about Neo-logisms, Newisms, Postisms, Parasitisms, and other Small Seismmisms’ in ‘The States of Theory: History, Art and Critical Discourse’. Ed.David Carroll. P.85)
എന്താണ് അപനിർമാണം?
ഈ ചോദ്യത്തിന് ഉത്തരം തരാനുള്ള ഒരു ഉദ്യമമാണ് ഈ പ്രവേശിക എന്നിരിക്കിലും, അത് പൂർണമായും ഫലവത്താവുകയില്ല എന്നൊരു തിരിച്ചറിവ് ഈ എഴുത്തിൽ ഉടനീളം ഉണ്ടാവും. അപനിർമ്മാണം എന്നാൽ ഇന്നതാണ്, അല്ലെങ്കിൽ, ഇന്നിന്നതൊക്കെ കൂടിച്ചേരുന്നതാണ് എന്ന് നിർവചിക്കുന്ന ഏതൊരു ശ്രമവും പൊടുന്നനവെ അപനിർമ്മിക്കപ്പെടും എന്ന തീർച്ചയാണ് ഈ തിരിച്ചറിവിന് അടിസ്ഥാനം. ഇത്തരമൊരു പ്രവേശിക കൃത്യമായി ഉത്തരം തരുമെന്ന ആഗ്രഹചിന്തയിൽ മുന്നോട്ട് വെയ്ക്കപ്പെടുന്ന പല ചോദ്യങ്ങളും അപനിർമ്മാണവുമായി പ്രശ്നാധിഷ്ഠിത ബന്ധം പുലർത്തുന്നവയാണ്. അത്തരം ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും:
ചോദ്യം 1: എന്താണ് അപനിർമ്മാണമെന്ന ചിന്താപദ്ധതിയുടെ സവിശേഷതകൾ?
ഈ ചോദ്യത്തിൽ നിന്നുണ്ടാകാവുന്ന ചില ഉപചോദ്യങ്ങളും ഉത്തരങ്ങളും:
a) അപനിർമ്മാണം ഒരു ‘ചിന്താപദ്ധതി’യാണോ?
ഉത്തരം: അല്ല.
b) അപനിർമ്മാണത്തിന് തിരിച്ചറിയപ്പെടാവുന്ന സവിശേഷതകൾ ഉണ്ടോ?
ഉത്തരം: ഇല്ല.
ചോദ്യം 2: അപനിർമ്മാണം ഒരു സാഹിത്യ വിമർശനരീതിയാണോ?
ഉത്തരം: അല്ല.
ചോദ്യം 3:. അതൊരു തത്വചിന്താരീതി (Philosophical Method)യാണോ?
ഉത്തരം: അല്ല; “ Deconstruction is not a method and cannot be transformed into one.” ( Jaques Derrida, “Letter to a Japanese Friend,” in A Derrida Reader: Between the Blinds, ed. Peggy Kamuf P 273).
ചോദ്യം 4: ഴാക് ദെരിദയാണോ അപനിർമ്മാണത്തിന്റെ പിതാവ്? എപ്പോഴാണ്, എവിടെയാണ് അപനിർമ്മാണത്തിന്റെ ആരംഭം?
ഉത്തരം: ഈ ചോദ്യം ഉയർത്തപ്പെടുമ്പോൾത്തന്നെ അപനിർമ്മിക്കപ്പെടുന്നു; കാരണം,അപനിർമ്മാണം എല്ലാ പിതൃരൂപങ്ങളേയും അപനിർമ്മിക്കുന്നു; ആരംഭമുഹൂർത്തങ്ങളേയും.
ചോദ്യം 5: ഒരു ‘പാഠ’ത്തിൻറെ സാധുതയെ അപ്പാടെ റദ്ദാക്കുന്ന ഒന്നാണോ, അപനിർമ്മാണം? സമ്പൂർണ്ണമായ അർത്ഥനിരാസമാണോ, അത്?
ഉത്തരം: തീർച്ചയായും അല്ല.
ചോദ്യം 6: വിപരീത ദ്വന്ദ്വങ്ങളെ അപനിർമ്മിക്കുകയെന്നാൽ, ഒന്ന് തന്നെയാണ് മറ്റത് എന്ന് വാദിക്കലാണോ? ഉദാഹരണത്തിന്, സത്യം/അസത്യം എന്ന ദ്വന്ദ്വത്തെ അപനിർമ്മിക്കുക എന്നാൽ സത്യം തന്നെയാണ് അസത്യം എന്ന് തെളിയിക്കലാണോ?
ഉത്തരം: അല്ലെന്നു മാത്രമല്ല, ഒന്നും മറ്റൊന്നുമായി ‘വ്യത്യാസ’മില്ലെന്നും രണ്ടും ‘ഒന്ന്’ തന്നെയെന്നും സ്ഥാപിക്കുന്ന തന്മ(Identity)-കേന്ദ്രിത ചിന്തകളെ മൌലികമായി അസ്ഥിരപ്പെടുത്തുന്ന വായനയാണ്, അപനിർമ്മാണം.
‘അല്ല’ എന്ന ഉത്തരം കിട്ടാവുന്ന ചോദ്യങ്ങളിങ്ങനെ ഇത്രവേണമെങ്കിലും ഉണ്ടാവും. എങ്കിൽ, ‘അതെ’ / ‘ആകാം’ എന്ന ഉത്തരം കിട്ടാവുന്ന അപനിർമ്മാണത്തെ കുറിച്ചുള്ള ചില ചോദ്യങ്ങൾ ആലോചിക്കാൻ കഴിയുമോ? കഴിയും എന്ന് പറയുമ്പോൾ തന്നെ, ആ ചോദ്യങ്ങൾ അപനിർമ്മാണത്തെ പൂർണ്ണമായി ‘വെളിപ്പെടുത്തുന്ന’വയാണെന്ന് പറയാനും കഴിയില്ല. അത്തരം ചില ചോദ്യങ്ങളിലേക്ക്.
ചോദ്യം 1: സാന്നിദ്ധ്യകേന്ദ്രിതമായ അതിഭൗതികവാദത്തെ ( Metaphysics of Presence) പാടേ അസ്ഥിരപ്പെടുത്തുന്ന വായനയാണോ, അപനിർമ്മാണത്തിന്റേത്?
ഉത്തരം: അതെ.
ചോദ്യം 2: അപനിർമ്മാണമെന്നാൽ ഒരു ജാഗ്രതയാണോ? ഒരു പാഠത്തെയോ, വ്യവഹാരത്തെയോ നിർമ്മിക്കുന്ന ആന്തരികമായ പിരിമുറുക്കങ്ങളിലേക്ക് സദാ ശ്രദ്ധ കൂർപ്പിക്കുന്ന ഒരു രാഷ്ട്രീയ ഉണർവ്വ്? പാഠനിർമ്മിതിയിൽ ലീനമായ അന്ധതകളെ കാലുഷ്യമില്ലാതെ അഭിസംബോധന ചെയ്യുന്ന ഒരിടപെടൽ ശക്തി?
ഉത്തരം: അതെ
ചോദ്യം 3: സാമ്പ്രദായിക യുക്തിവിചാരത്തിന്റെ ഒന്നുകിൽ ഇത്/ അല്ലെങ്കിൽ മറ്റൊന്ന് (either/or) എന്ന ദ്വന്ദ്വയുക്തിയെ അപനിർമ്മാണം അട്ടിമറിക്കുന്നു.
ഉത്തരം: ശരിയാണ്.
ചോദ്യം 4: മൂന്നാം ചോദ്യത്തിൽ സൂചിപ്പിക്കപ്പെട്ട ദ്വന്ദ്വയുക്തിക്ക് പകരമായി, അപനിർമാണം ഇതുമല്ല / അതുമല്ല ( neither/ nor) എന്ന ഒരയുക്തിയെ പ്രവർത്തനക്ഷമമാക്കുന്നു എന്നാണോ?
ഉത്തരം: ശരിയാണെന്ന് പറയുമ്പോഴും മറ്റൊന്നു കൂടി സൂചിപ്പിക്കേണ്ടതുണ്ട്. ഈ അയുക്തിയിൽ, അസ്ഥിരമാക്കപ്പെടുന്ന ദ്വന്ദ്വത്തിലെ രണ്ട് ഗണങ്ങളെ വെറുതെ അതുമല്ല, ഇതുമല്ല എന്ന് കണക്കാക്കി റദ്ദ് ചെയ്യുകയല്ല, അപനിർമ്മാണം. പകരം, ഈ രണ്ട് ഗണങ്ങളുമല്ലാത്ത, മൂന്നാമതൊന്നിനെ, ഒരു ‘രണ്ടും കെട്ടതി’നെ, അത് ചലനാത്മകമാക്കുന്നു. എന്നാൽ ഈ മൂന്നാം ഗണം ഒരിക്കലും അസ്ഥിരമാക്കപ്പെട്ട ദ്വന്ദ്വത്തിലെ ഗണങ്ങളെ 'സമന്വയിപ്പിക്കുന്ന’ ഒരു ഹെഗലിയൻ സംയോഗമാവുന്നുമില്ല. ഈ മൂന്നാം ഗണം, പലപ്പോഴും, ഒരു 'നിർ-സങ്കൽപനമാണ് (non concept).
ഇതെങ്ങനെ വിശദമാക്കാം?
ഭൂതം / വർത്തമാനം / ഭാവി എന്ന രേഖീയമായ ത്രികാല സങ്കൽപ്പനത്തെ- സാമ്പ്രദായികമായ ചരിത്രരചന ആധാരമാക്കുന്നത് ഇതിനെയാണല്ലോ-- ദെരിദ അസ്ഥിരപ്പെടുത്തുന്നത് ഭൂതാത്മകത (Spectrality) എന്ന കാലികതാസംബന്ധിയായ ഒരു അപര ഗണം കൊണ്ടാണ്. എന്നാൽ, ഭൂതാത്മകത ഒരു ഗണമോ, സംവർഗ്ഗമോ, സങ്കൽപ്പനമോ അല്ല. അത്, കാലബന്ധങ്ങളെ തകിടം മറിക്കുന്ന ഒരു ഒഴുകിപ്പരക്കലോ, സംക്രമണമോ, സന്നിവേശമോ, ഒരു അസന്നിഹിത സാന്നിധ്യമോ ആണ്.
ചോദ്യം 5: അപനിർമ്മാണമെന്നത് പാഠത്തോട് അക്രാമകമാകുന്ന ഒന്നല്ല. അത്, എല്ലാ നിർമ്മിതികളേയും തച്ചുതകർക്കുന്ന ഒന്നുമല്ല. മറിച്ച്, പാഠം തുറന്നുവെയ്ക്കുന്ന എല്ലാ സാദ്ധ്യതകളിലൂടേയും സഞ്ചരിച്ചുകൊണ്ട്, പാഠത്തിൽ പ്രവർത്തിക്കുന്ന വ്യത്യാസങ്ങളെ, സംഘർഷങ്ങളെ, പാഠത്തെ അതിൽ നിന്ന് തന്നെ വ്യത്യാസപ്പെടുത്തുന്ന പ്രവചനാതീതമായ യുക്തികളെ അപനിർമ്മാണം അനാവരണം ചെയ്യുന്നു. അത് പാഠത്തെ അഴിച്ചെടുക്കുന്നു. ഇത് പാഠത്തോടുള്ള പ്രണയവും ഉത്തരവാദിത്തവുമല്ലാതെ മറ്റൊന്നുമല്ല. ശരിയാണോ?
ഉത്തരം: ശരിയാണ്:
" I love everything that I deconstruct in my own manner; the texts I want to read from the deconstructive point of view are texts I love.... They are texts whose future, I think, will not not be exhausted for a long time.
(Jacques Derrida, ‘The Ear of the Other: Otobiography, Transference, Translation’, P.85)
(‘ഞാൻ അപനിർമ്മിക്കുന്ന എല്ലാറ്റിനേയും, എന്റേതായ രീതിയിൽ, ഞാൻ സ്നേഹിക്കുന്നു; ഞാൻ അപനിർമ്മിക്കാനാഗ്രഹിക്കുന്ന പാഠങ്ങളൊക്കെയും എനിക്കേറെ സ്നേഹമുള്ളവയാണ്. ആ പാഠങ്ങളുടെ ഭാവി ദീർഘകാലം കെട്ടുപോകാത്തതുമാണ്’- എന്റെ പരിഭാഷ)
സംസാരമദ്ധ്യേ, ഫ്രെഡറിക് ജെയിംസണോട് പോൾ ദെ മാൻ ഒരിക്കൽ പറഞ്ഞു; ‘Fred, you can’t deconstruct something which you don’t love’. അപനിർമ്മാണമാകുന്ന പ്രണയത്തിൽ പാഠം മാത്രമല്ല അഴിയുന്നത്. വായിക്കുന്നവനും/വായിക്കുന്നവളും അഴിയപ്പെടുന്നുണ്ട്.
ചോദ്യം 6: അപനിർമ്മാണം അരാഷ്ട്രീയമോ, ശൂന്യതാവാദമോ ( nihilism) അല്ല. ശരിയാണോ?
ഉത്തരം: ശരിയാണ്. പിൽക്കാല ദെരിദയുടെ എഴുത്ത്‌ധാർമ്മികവും, നൈതികവും, രാഷ്ട്രീയവുമായ ചോദ്യങ്ങളും, ഉത്കണ്ഠകളുമാണ് ഉയർത്തുന്നത്: " ...deconstruction would always begin to take place as the thinking of... undeconstructible justice, the undeconstructible condition of any deconstruction, to be sure, but a condition that is itself in deconstruction...”
(Jacques Derrida, ‘Specters of Marx: The State of the Debt, the Work of Mourning and the New International’, P 28).
(‘‘ ...അപനിർമ്മാണം എപ്പോഴും ആരംഭിക്കുന്നത്, അപനിർമ്മിക്കാൻ സാധ്യമല്ലാത്ത നീതിയെക്കുറിച്ചുള്ള ആലോചനയിലാണ്, അതാണ് ഏതൊരു അപനിർമ്മാണത്തിന്റേയും അപനിർമ്മിക്കാൻ കഴിയാത്ത മുൻവ്യവസ്ഥ. എന്നാൽ, ഈ മുൻവ്യവസ്ഥപോലും സദാ അപനിർമ്മാണത്തിലേക്ക് തുറന്നിരിക്കുന്നു’’- എന്റെ പരിഭാഷ)
മുകളിൽ കൊടുത്തിരിക്കുന്ന സാങ്കൽപ്പികമായ പന്ത്രണ്ട് ചോദ്യങ്ങളും ഒരു ദ്വന്ദ്വാത്മകയുക്തിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്. അവയുടെ ഉത്തരങ്ങൾ, അതെ / അല്ല, അല്ലെങ്കിൽ, ശരി / തെറ്റ് എന്ന ലളിതമായ വിപരീതതയിൽ വിഭജിക്കപ്പെടുന്നു. എന്നാൽ, ഈ വിപരീതതയെ കൃത്യമായി നിലനിർത്താൻ അനുവദിക്കാത്ത സന്ദിഗ്ദ്ധതകൾ ചോദ്യങ്ങളിലും ഉത്തരങ്ങളുടെ വിശദീകരണങ്ങളിലും ഉള്ളതിനാൽ, ശരി / തെറ്റ്, അതെ / അല്ല എന്നീ വിപരീതതകൾക്ക് തീർച്ചയില്ലായ്മ സംഭവിക്കുന്നുണ്ട്.
ഉദാഹരണത്തിന്, അവസാന ചോദ്യത്തിനുത്തരം 'ശരി' എന്നാണ്. അതായത്, അപനിർമ്മാണം അരാഷ്ട്രീയമല്ലെന്ന്. എന്നാൽ, അതിന്റെ രാഷ്ട്രീയം ദ്വന്ദ്വയുക്തിയിൽ അധിഷ്ഠിതമായ ഒന്നാണോ? തിരശ്ചീനതലത്തിൽ യുക്തിസഹവും അനുക്രമവുമായി വികസിക്കുന്ന ഒന്ന്?
ദെരിദയുടെ വാചകങ്ങൾ ഒരിക്കൽ കൂടി നോക്കുക: ‘‘അപനിർമ്മാണം സംഭവിക്കുന്നതുതന്നെ അപനിർമ്മിക്കാൻ കഴിയാത്ത നീതിയെ കുറിച്ചുള്ള ആലോചനയിലാണ്, അതാണ് ഏതൊരപനിർമ്മാണത്തിന്റേയും അപനിർമ്മിക്കാൻ കഴിയാത്ത നിബന്ധന. ഈ നിബന്ധനയാവട്ടെ സദാ അപനിർമ്മാണ വിധേയവുമാണ്."
അപനിർമ്മിക്കാൻ കഴിയാത്ത, എന്നാൽ സദാ അപനിർമ്മാണ വിധേയമായ നിബന്ധന എന്ന വാക്യത്തിലെ വിപ്ലവകരമായ സന്ദിഗ്ദ്ധത, അതെ/ അല്ല എന്ന ദ്വന്ദ്വത്തിന്റെ സരളതയെ കളങ്കപ്പെടുത്തുന്നു. യുക്തിയുടെ സ്ഥിരതയെ അസ്ഥിരപ്പെടുത്തുന്ന ഈ യുക്തിയെ, ദെരിദ ‘മലിനപ്പെടുത്തുന്ന / ദുഷിപ്പിക്കുന്ന/ കളങ്കപ്പെടുത്തുന്ന യുക്തി’ (logic of contamination) എന്ന് വിശേഷിപ്പിക്കുന്നു. അപ്പോൾ, സരള തീർച്ചകളെ ആധാരമാക്കിയുള്ള ഒരു രാഷ്ട്രീയമല്ല ദെരിദ മുന്നോട്ട് വെയ്ക്കുന്നതെന്ന് വ്യക്തം. അപനിർമ്മാണത്തിലുടനീളം, സദാ ഉണർന്നിരിക്കുന്ന ഒരാത്മബോധം (self reflexivity) പ്രവർത്തിക്കുന്നുണ്ട്. ഈ ആത്മബോധത്തിൽ, ഞാൻ സ്വീകരിക്കുന്ന / അംഗീകരിക്കുന്ന നിബന്ധന, ഞാൻ എന്നോട് തന്നെ ഏർപ്പെടുന്ന അലംഘനീയമായ കരാർ ഇതാണ്: ഏതൊരെഴുത്തിനേയും ചിന്തയേയും പോലെ എന്റെ ചിന്തയിലും എഴുത്തിലും അന്ധതകളുണ്ടാവുമെന്നതിനാൽ, എന്റെ എഴുത്തിനെ സാദ്ധ്യമാക്കുന്ന മുന്നുപാധി തന്നെ അത് അപനിർമ്മാണ വിധേയമാണെന്നതാണ്.
ഇനി, അപനിർമ്മാണത്തിന്റെ ‘മുഖ്യ പ്രമേയങ്ങളെ’, ‘പരിഗണനകളെ’ പരിചയപ്പെട്ടുകൊണ്ട്, നമുക്കാരംഭിക്കാം. മറ്റു വാക്കുകളിൽ പറഞ്ഞാൽ, നമുക്ക് പ്രവേശികയിലേക്ക് പ്രവേശിക്കാം. അപ്പോൾ, ഇതുവരെ ചർച്ച ചെയ്തതൊന്നും പ്രവേശികയുടെ 'ശരിയായ ഉള്ളടക്ക’ത്തിന്റെ ഭാഗമായിരുന്നില്ലേ? നമ്മൾ ഇതിനകം അപനിർമ്മാണ പരിചയം ആരംഭിച്ചു കഴിഞ്ഞിരുന്നില്ലേ? പ്രവേശികയിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നില്ലേ?
ഈ ചോദ്യങ്ങളെല്ലാം 'ആരംഭം' എന്നത് എത്രത്തോളം പ്രശ്നവത്കൃതമാണെന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നു. ആരംഭത്തെ ഒരു ആരംഭ മുഹൂർത്തത്തിലേക്ക് ചുരുക്കാൻ സാധിക്കില്ല. ആ മുഹൂർത്തത്തിൽ, ഇതിനോടകം ഭവിച്ച മുൻ ആരംഭങ്ങളുടെ ഛായകൾ / മുദ്രകൾ ( traces) പതിഞ്ഞു കിടക്കുന്നുണ്ട്. തുടക്കത്തിന്റെ തുടക്കത്തെ ഒരു ബിന്ദുവിലേക്ക് ക്ലിപ്തപ്പെടുത്തുവാൻ സാധ്യമല്ല. ആദിമ വിശുദ്ധിയുള്ള പ്രഭവം എന്നത് സാന്നിധ്യങ്ങളുടെ അതിഭൗതികവാദം സൃഷ്ടിച്ച മൃഗതൃഷ്ണയാണ്.
പ്രവേശികയിലേക്ക് പ്രവേശിക്കുക എന്നാലെന്താണ്? എവിടെയാണ് പ്രവേശികയുടെ പടിവാതിൽ? ഉമ്മറപ്പടി? ഈ പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം? ആദ്യ താള്? ആദ്യ വാചകം? ആദ്യ വാക്ക്? പ്രവേശിക എന്ന് നാമകരണം ചെയ്യപ്പെട്ടതുകൊണ്ട്, ഒരു പാഠത്തിന് അതായി തീരുവാൻ സാധിക്കുമോ? എന്താണ് പ്രവേശികയുടെ അകം / പുറം? എന്താണ് ഒരു പ്രവേശികയുടെ ചട്ടക്കൂട്? പ്രവേശികയിലേക്ക് ആരാണ് നിങ്ങളെ പ്രവേശിപ്പിക്കുനത്? ആരാണ് നിങ്ങളെ ക്ഷണിക്കുന്നത്? എന്തു തരം ആതിഥേയനാണയാൾ? ആ ആതിഥേയൻ നിങ്ങളുടെ അന്യതയെ ആദരിക്കുന്നുണ്ടോ? അതോ, നിങ്ങളുടെ അജ്ഞതയെ വിധേയപ്പെടുത്തി അറിവധികാരം സ്ഥാപിക്കലാണോ അയാളുടെ ലക്ഷ്യം? അയാൾ അപനിർമ്മാണത്തിന്റെ പതാകാവാഹകനാണോ? അയാൾ ഈ പ്രവേശികയുടെ ഉടമയാണോ? എന്താണ് അയാളുടെ ആധികാരികതയുടെ ഉറവിടം? ഇതിൽ എഴുതപ്പെട്ടതിലെല്ലാം അയാളുടെ കൈയൊപ്പുണ്ടോ? ഈ ചോദ്യങ്ങളിലൂടെ പരുവപ്പെടുന്ന രൂപകാത്മകത, ആതിഥേയൻ അതിഥികളെ സ്വാഗതം ചെയ്ത് അകത്തേക്ക് പ്രവേശിപ്പിക്കുന്ന ഒരിടത്തെ വീട്, വിദ്യാലയം, അതിഥിമന്ദിരം... എന്തുമാകാം--നിർമ്മിക്കുന്നുണ്ടെങ്കിൽ, അത് വെറും യാദൃശ്ചികമാണോ? ഒപ്പം, ഈ രൂപാത്മകതയിലൂടെ വെളിപ്പെടുന്ന പ്രവേശികാ കർത്താവിന്റെ അധികാര സ്വരൂപവും ശ്രദ്ധിക്കുക; അയാളുടെ കൈയൊപ്പ് ഒരു master- ന്റേതാണോ? Master: അദ്ധ്യാപകൻ, അറിയുന്നവൻ, അറിവുള്ളവൻ, തലവൻ, യജമാനൻ, അധിപൻ, ഗൃഹനാഥൻ, ഗുരുനാഥൻ, മഹോപാദ്ധ്യായൻ, കപ്പിത്താൻ...
എനിക്കു തോന്നുന്നു, നമ്മളിപ്പോൾ അപനിർമ്മാണത്തിന്റെ ചുഴിയിൽ ചുറ്റിത്തിരിഞ്ഞു തുടങ്ങിയിരിക്കുന്നുയെന്ന്. അപ്രതീക്ഷിതമായി ഭവിക്കുന്ന ഗർത്തങ്ങളിലേക്ക് കൂപ്പുകുത്തി, മുങ്ങിപ്പൊങ്ങി, പ്രവചനാതീതമായ ഒരൊഴുക്കിൽ പെട്ട്, ചെന്നെത്താൻ പോകുന്ന കരയെ കുറിച്ച് മുൻധാരണകളില്ലാത്ത ഒരു സഞ്ചാരം.
നമുക്ക് തുടങ്ങാം, തുടരാം...
എന്ത്?
എന്നോ, എവിടെയോ തുടങ്ങിക്കഴിഞ്ഞത്...