ഏംഗൽസ് എന്ന യുഗപുരുഷൻ; മാനവികഭാവവും പ്രത്യയശാസ്ത്ര ദൃഢതയും

“ചൂഷകവർഗത്തിന്റെ വേരുകൾ പിഴുതെറിഞ്ഞ്, ചൂഷണമില്ലാത്ത മറ്റൊരു സമൂഹം സൃഷ്ടിക്കാനായി രചിക്കപ്പെട്ട കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്സിനോളം പങ്ക് ഏംഗൽസിനുമുണ്ട്. മുതലാളിത്ത വ്യവസ്ഥയെ ഉന്മൂലനം ചെയ്ത് സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കുന്നത് തൊഴിലാളി വർഗത്തിന്റെ ചരിത്രപരമായ ദൗത്യമായി മാർക്സും ഏംഗൽസും മനസ്സിലാക്കി. ഈ ലക്ഷ്യസാധ്യത്തിനായി അവർ അക്ഷമമായ പോരാട്ടം നയിച്ചു,” ഫെഡ്രറിക്ക് ഏംഗൽസ് വിടവാങ്ങിയിട്ട് ഇന്ന് 130 വർഷം പൂർത്തിയാകുമ്പോൾ അരവിന്ദ് എസ്.എസ് എഴുതുന്നു.

ഫെഡ്രറിക്ക് ഏംഗൽസ് വിടവാങ്ങിയിട്ട് 130 വർഷങ്ങൾ പൂർത്തിയാകുന്നു. മാർക്സിനോടൊപ്പം ചേർത്ത് വായിക്കപ്പെടേണ്ട വ്യക്തിയാണ് ഏംഗൽസ്. അതായത് ശാസ്ത്രീയ സോഷ്യലിസത്തിന്റെ ആവിഷ്കാര വികാസങ്ങളിൽ മാർക്സിനോടൊപ്പം പ്രാധാന്യമുള്ളയാൾ. എന്നാൽ അതോടൊപ്പം സ്വാതന്ത്ര്യമായ വ്യക്തിത്വമായും നിസ്തൂലമായ സംഭവനകളാലും ഏംഗൽസ് ചരിത്രത്തിന്റെ മുൻനിരയിൽ നിലയുറപ്പിച്ചുണ്ട്. ആധുനിക രാഷ്ട്രീയ സമൂഹത്തിന്റെ ഗതിക്രമത്തെ ആഴത്തിൽ മനസ്സിലാക്കിയ ദാർശനികനാണ് അദ്ദേഹം.

സമ്പന്നമായ വ്യവസായ കുടുംബത്തിൽ ജനിച്ച ഏംഗൽസ് അധികാരത്താൽ രൂപപ്പെടുന്ന സുഖഭോഗങ്ങളുടെ മായാലോകത്തോടും ഒരിക്കലും മോഹവികാരത്താൽ ആകർഷിക്കപ്പെട്ടിരുന്നില്ല. പിതാവിന്റെ നിയന്ത്രണങ്ങൾ നിലനിന്നപ്പോഴും അദ്ദേഹത്തിന്റെ വഴികളിൽ സ്വയം തിരഞ്ഞെടുക്കലുകൾ പ്രകടമായിരുന്നു. രാഷ്ട്രീയ, സാമൂഹ്യ, മതവിമർശനങ്ങൾ നടത്തി യുവജനങ്ങളിൽ നിന്നും പിറവിയെടുത്ത യുവ ജർമൻ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന "ടെലഗ്രഫ് ഫോർ ഡോയിഷ്ലാൻഡ് " എന്ന പത്രത്തിൽ ജന്മനഗരമായ ബാർമാനിലെയും താഴ് വരയിലെ തുണിമിൽ തൊഴിലാളികളുടെയും ദുരിതപൂർവമായ ജീവിതത്തെ കുറിച്ച് ലേഖനങ്ങൾ എഴുതിയതും അതിന്റെ തുടർച്ചയിൽ വിവിധ സാഹിത്യ പത്രങ്ങളിൽ നടത്തിയ വിമർശന ലേഖനങ്ങളും റെനിഷ് സേതുങ്ങിൽ എഴുതിയതും ബെർനിലിലെ സർവ്വകലാശയിലെ പ്രഭാഷണങ്ങൾ കേൾക്കാൻ പോകുന്നതും യുവ ഹെഗേലിയൻമാരുമായുള്ള ബന്ധവുമെല്ലാം ഏംഗൽസിലെ രാഷ്ട്രീയത്തെ പാകപ്പെടുത്തിയ ഘട്ടങ്ങളായിരുന്നു.

മഞ്ചസ്റ്ററിലെ ജീവിതത്തിൽ നിന്നും സാമൂഹ്യ രാഷ്ട്രീയ പരിതസ്ഥിതികളിലൂടെയുള്ള യാത്രയിൽ നിന്നുമാണ് കൂടുതൽ പുരോഗമനപരത ഏംഗൽസ് കൈവരിക്കുന്നത്. പിതാവ് ഏല്പിച്ച വ്യാപാര സംബന്ധമായ കടമകൾ നിർവഹിക്കുമ്പോഴും ഇംഗ്ലണ്ടിൽ നില നിന്നിരുന്ന മുതലാളിത്ത ചൂഷണ വ്യവസ്ഥകളെയും തൊഴിലാളികളുടെ ജീവിതാവസ്ഥകളെയും സാമ്പത്തിക വിതരണ ഘടനകളെക്കുറിച്ചും അദ്ദേഹം നിരീക്ഷിച്ചു. സാധാരണക്കാരായ തൊഴിലാളികളിലേക്ക്, അവരുടെ ജീവിത യഥാർത്ഥ്യങ്ങളിലേക്ക് അദ്ദേഹം കടന്നുചെല്ലുകയും ആശയവിനിമയം നടത്തുകയും ചെയ്തു. ശാസ്ത്രീയ സോഷ്യലിസത്തിലേക്കുള്ള ആദ്യ ചുവട് വെയ്പ്പുകളായിരുന്നു മാഞ്ചസ്റ്ററിലെ ജീവിതം. സമൂഹത്തിലെ വിവിധ വർഗ്ഗങ്ങൾ തമ്മിലുള്ള സംഘട്ടനത്തിന്റെ അടിസ്ഥാനകാരണം സാമ്പത്തികഘടനയാണെന്ന് ഏംഗൽസിന് ബോധ്യപ്പെട്ടു. അവിടെ നിന്നുമാണ് ‘ദി കണ്ടീഷൻസ് ഓഫ് വർക്കിംഗ് ക്ലാസ്സ് ഇൻ ഇംഗ്ലണ്ട്’ എന്ന ഗ്രന്ഥത്തിന്റെ ആശയഘടന രൂപം കൊള്ളുന്നത്.

"ഇംഗ്ലണ്ടിലെ തൊഴിലാളി വർഗ്ഗത്തിന്റെ സ്ഥിതി" എന്ന തന്റെ പ്രഥമകൃതിയിൽ നിസ്വരായ തൊഴിലാളി വർഗ്ഗത്തിനെ ചൂഷണം ചെയ്യുന്ന ബൂർഷ്വാ ജനാധിപത്യത്തെയും അവ കൈകാര്യം ചെയ്യുന്ന സാമ്പത്തിക ഭൂപ്രഭുവർഗ്ഗത്തെയും തുറന്ന് കാട്ടി. സാമൂഹ്യതിന്മകൾ പരിഹരിക്കാൻ ജനാധിപത്യം കൊണ്ട് മാത്രം സാധ്യമല്ല എന്ന നിലയിലുള്ള ശാസ്ത്രീയ സോഷ്യലിസത്തിലേക്കുള്ള സ്വപരിശ്രമങ്ങളാണ് ഏംഗൽസ് നടത്തിയത്.

ഏംഗൽസും മാർക്സും ചേർന്ന് സംയുക്ത രചന പദ്ധതി ആരംഭിക്കുന്നത് ‘വിശുദ്ധ കുടുംബം’ എന്ന കൃതിയിലൂടെയാണ്. ചരിത്രപരമായ ഭൗതികവാദത്തിലേക്കുള്ള മൂലതത്വങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് മാർക്സ് തന്നെ വർഷങ്ങൾക്കുശേഷം പറയുകയുണ്ടായി. ഫോയർബാഗിന്റെ സ്വാധീനം സ്പഷ്ടമായി തന്നെ ആ കൃതിയിൽ പ്രകടമായിരുന്നെങ്കിലും. സാങ്കല്പിക സോഷ്യലിസത്തിനു ബദലായി ശാസ്ത്രീയ സോഷ്യലിസത്തെ വിപ്ലവസിദ്ധാന്തത്തിലൂടെയും അതിന്റെ പ്രയോഗമായ തൊഴിലാളിവർഗ്ഗ വിപ്ലവ സംഘടനയിലൂടെയും കുറ്റമറ്റ രീതിയിൽ രൂപപ്പെടുത്തിയെടുക്കാൻ മാർക്സും ഏംഗൽസും പരിശ്രമിച്ചു. സമൂഹവിഷയങ്ങളെ നിരീക്ഷിക്കുകയും വർഗ്ഗരാഷ്ട്രീയത്തെ ആഴത്തിൽ പഠിക്കുകയും ആശയ പ്രായോഗിക വ്യക്തത കൈവരിക്കുകയും ചെയ്തു.

1836-ൽ രൂപീകരിച്ച, ജർമ്മനിയിൽ നിന്നും നാടുകടത്തപ്പെട്ടവരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ദി ജസ്റ്റിന്റെ പ്രവർത്തനങ്ങളിൽ ഏംഗൽസ് ഭാഗമായിരുന്നു. അതിന്റെ ഒന്നാം കോൺഗ്രസ് 1847-ൽ നടക്കുമ്പോൾ പാരീസിൽ നിന്നും പ്രതിനിധിയായി പങ്കെടുക്കുകയും മാർക്സിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ കോൺഗ്രസിൽ അവതരിപ്പിച്ച് അംഗീകാരം നേടിയെടുക്കുകയും ചെയ്തത് ഏഗംൽസും വോൾഡഫും കൂടിയായിരുന്നു. കമ്മ്യൂണിസ്റ്റ് ലീഗ് എന്ന പേര് സ്വീകരിക്കപ്പെടുന്നതും ഈ കോൺഗ്രസിൽ വെച്ചായിരുന്നു. എല്ലാ മനുഷ്യരും സഹോദരർ ആണെന്ന മുദ്രാവാക്യത്തെ "എല്ലാ തൊഴിലാളികളും ഒത്തൊരുമിക്കുവിൻ" എന്ന് തിരുത്തപ്പെട്ടു. “ബുർഷ്വാ സമൂഹത്തെ ഇല്ലായ്മ ചെയ്യുക, തൊഴിലാളി വർഗ്ഗഭരണം സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു പ്രഥമ കമ്മ്യൂണിസ്റ്റ് ലീഗിന്റേത്. അതോടൊപ്പം തന്നെ കമ്മ്യൂണിസ്റ്റ് ലീഗിന്റെ രണ്ടാം കോൺഗ്രസ് ലണ്ടനിൽ വച്ച് ആ വർഷം ചേരുവാനും തീരുമാനിച്ചു. ആ സമ്മേളനത്തിൽ വച്ചാണ് കമ്മ്യൂണിസ്റ്റ് ലീഗിന് പൊതുലക്ഷ്യ പ്രഖ്യാപനരേഖ തയ്യാറാക്കാൻ മാർക്സിനെയും ഏംഗൽസിനെയും ചുമതലപ്പെടുത്തുന്നത്.

1848 ഫെബ്രുവരിയിൽ ലണ്ടനിൽ വച്ച് ലക്ഷ്യപ്രഖ്യാപനരേഖയായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു. ലോക തൊഴിലാളി വർഗ്ഗത്തിന്റെ പ്രായോഗിക വിപ്ലവപരിപാടി എന്ന രൂപത്തിൽ അതുവരെ നിലനിന്നിരുന്ന അധികാര ഘടനകളെ എല്ലാം നിഷ്കാസനം ചെയ്തുകൊണ്ട് വർഗ്ഗസമരം എന്ന ജീവസത്തയെ തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനമാർഗമായി അവതരിപ്പിച്ചുകൊണ്ടുള്ള ആഗോള തൊഴിലാളി വർഗ്ഗത്തിന്റെ രാഷ്ട്രീയ കർമ്മപദ്ധതിയും സൈദ്ധാന്തിക പ്രായോഗികരേഖയുമായി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മാറി.

ചൂഷകവർഗത്തിന്റെ വേരുകൾ പിഴുതെറിഞ്ഞ്, ചൂഷണമില്ലാത്ത മറ്റൊരു സമൂഹം സൃഷ്ടിക്കാനായി രചിക്കപ്പെട്ട കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്സിനോളം പങ്ക് ഏംഗൽസിനുമുണ്ട്. മുതലാളിത്ത വ്യവസ്ഥയെ ഉന്മൂലനം ചെയ്ത് സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കുന്നത് തൊഴിലാളി വർഗത്തിന്റെ ചരിത്രപരമായ ദൗത്യമായി മാർക്സും ഏംഗൽസും മനസ്സിലാക്കി. ഈ ലക്ഷ്യസാധ്യത്തിനായി അവർ അക്ഷമമായ പോരാട്ടം നയിച്ചു. വർഷങ്ങളോളം ഒരുമിച്ച് പ്രവർത്തിച്ച ഈ രണ്ടു വിപ്ലവ മനസ്സുകൾ, തൊഴിലാളിവർഗത്തിന്റെ വിമോചനത്തിനായുള്ള സൈദ്ധാന്തിക-പ്രായോഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

ഏതു പ്രതിസന്ധിഘട്ടത്തിലും മാർക്സിന് ഏംഗൽസിന്റെ സാമീപ്യം സന്തോഷവും ആശ്വാസവും നൽകിയിരുന്നു. ഹെൻറീച് ഗെംകോവിന്റെ മാർക്സിനെക്കുറിച്ചുള്ള ജീവചരിത്ര കൃതിയിൽ അദ്ദേഹം എഴുതിയത് ഇപ്രകാരമായിരുന്നു: മാർക്സിന്റെ പുത്രി ജെന്നി തമാശയുടെ സുഹൃത്തുക്കൾക്ക് എഴുതി, “മൂറിനു (മാർക്സ്) എന്തിനേക്കാളും നല്ല മരുന്ന് ഏംഗൽസാണ്”...

മാർക്സിന്റെ ജോലിഭാരം ഏംഗൽസ് സ്വയം ഏറ്റെടുക്കുകയായിരുന്നു. രണ്ടുപേരും തമ്മിൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നിരീക്ഷണങ്ങളും നിരന്തരം പങ്കുവെച്ചു. സാമ്പത്തികമായി മാർക്സ് ബുദ്ധിമുട്ടിയ സമയത്തെല്ലാം ഏംഗൽസ് സ്വമേധയാ സഹായം ചെയ്തും കുടുംബത്തിന് താങ്ങായും നിന്നു. മാർക്സിന്റെ ഗവേഷണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകാനാണ് മനസ്സില്ലാ മനസ്സോടുകൂടി ഏംഗൽസ് പിന്നെയും വ്യാപാര പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത് പോലും. തന്റെ കുടുംബത്തേക്കാൾ പ്രാധാന്യം നൽകിയതും മാർക്സിന്റെ കുടുംബ ക്ഷേമത്തിനായിരുന്നു. മാർക്സിനോടുണ്ടായിരുന്ന നിസ്വാർത്ഥമായ സ്നേഹം ചരിത്രപരമായി തന്നിൽ ഏൽപ്പിച്ച കടമ എന്നുള്ള ധാരണയോടെ അദ്ദേഹം ആദ്യാവസാനം വരെ നിർവഹിച്ചു.

ഏതു പ്രതിസന്ധിഘട്ടത്തിലും വികാരങ്ങൾക്ക് അടിമപ്പെടാത്ത, പതറാത്ത കരുത്ത് മാർക്സ് പ്രകടമാക്കിയിരുന്നു. കൊടിയ ദാരിദ്ര്യത്തിലും പ്രതീക്ഷകൾ കൈവിടാതെ നിസ്വാർത്ഥമായി തന്നെ പ്രവർത്തനങ്ങൾക്കായി അധ്വാനിച്ചു. എന്നാൽ ഏക മകനായ എഡ്ഗാർ മരണമടഞ്ഞപ്പോൾ മറ്റാർക്കും പരിചിതനാവാത്ത മാർക്സ് ഏംഗൽസിന് മുന്നിൽ അചിന്ത്യമായി പ്രത്യക്ഷനായി. അതോടൊപ്പം, ഏംഗൽസിന്റെ ക്ഷീണിച്ച ആരോഗ്യാവസ്ഥയും മാർക്സിനെ അസ്വസ്ഥനാക്കി. ഏംഗൽസില്ലാതെ താൻ പൂർണ്ണനാകില്ലയെന്ന ബോധ്യം മാർക്സിനുമുണ്ടായിരുന്നു. അത്തരത്തിൽ അവർ തമ്മിലുള്ള ആത്മബന്ധം അനിർവചനീയമായിരുന്നു. പിതാവിന്റെ മരണവും കുടുംബത്തിനുള്ളിലെ ദുസ്സഹമായ ആന്തരിക കലഹങ്ങളും ജീവിതസഖിയായ മേരിയുടെ വിയോഗവും ഏംഗൽസിനെ മനഃപീഡയിലേക്ക് തള്ളിവിട്ടെങ്കിലും, അദ്ദേഹം പൂർവാധികം ദൃഢതയോടെ, തന്റെ ജീവിത കർമ്മരംഗത്തേക്ക് പ്രത്യാഗമിച്ചു. ആധുനിക ജീവിതത്തിലെ എല്ലാ ദുരിതപൂർവ്വ അവസ്ഥയെയും മൂർത്ത സാഹചര്യങ്ങളെയും പ്രയോഗത്തിലൂടെ മാറ്റം വരുത്താനുള്ള ഉൾക്കാഴ്ച ഏംഗൽസിൽ പ്രകടമായിരുന്നു. മാർക്സിന്റെ മരണശേഷവും മാർക്സിസത്തെ സമ്പന്നമായ സിദ്ധാന്തവനവൃക്ഷമാക്കി വളർത്താനുള്ള അഗാധമായ ചിന്താവീചികളും പ്രയോഗപ്പെടുത്തലുകളും ധൈഷണിക അന്വേഷണങ്ങളും ഏംഗൽസ് നടത്തുകയുണ്ടായി.

കുടുംബം, പരിസ്ഥിതി, സ്ത്രീപക്ഷം തുടങ്ങിയ മേഖലകളിലെ വിഷയങ്ങൾ ഏംഗൽസ് ഗൗരവപൂർവ്വം കൈകാര്യം ചെയ്തു. "കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം" എന്ന കൃതി പരിചിന്തനം സാധ്യമാക്കുന്നതാണ്. കുടുംബം എന്ന സ്ഥാപനത്തിന്റെ പ്രശ്നവശങ്ങളെ ഏംഗൽസ് തുറന്നുകാട്ടി. അദ്ദേഹത്തിന്റെ മാഞ്ചസ്റ്ററിലുള്ള ജീവിത കാലത്താണ് ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു മേരി ബൻസ് എന്ന ഐറിഷ് യുവതിയുമായി പ്രണയത്തിലാവുകയും അവരോടൊപ്പം മരണം വരെ നിയമപരമായി വിവാഹം എന്ന സ്ഥാപനത്തിന്റെ ഭാഗമാവാതെ ജീവിക്കുകയും ചെയ്തത്. സമൂഹത്തിൽ സ്ത്രീകൾ രണ്ടാംതരക്കാരായി മാറാൻ കാരണം ശാരീരിക ദൗർബല്യങ്ങളല്ല എന്നും മറിച്ച് സാമൂഹിക അടിമത്തമാണ് അതിനു കാരണമെന്നും ഏംഗൽസ് നിരീക്ഷിച്ചു. അതോടൊപ്പം കുടുംബം എന്ന സ്ഥാപനത്തിനകത്തുള്ള വിവേചന ഘടനയെയും പുരുഷാധിപത്യപരമായ മാറ്റങ്ങളെയും വിശകലനം ചെയ്ത് കൊണ്ട് സമത്വം എന്ന ആശയം വിഭാവനം ചെയ്യുകയും ചെയ്തു.

മൂലധനം മാർക്സിന് ഒരു ജീവിതസാക്ഷ്യമായിരുന്നു. അദ്ദേഹത്തിന്റെ ചിന്താലോകത്തിന്റെ ഹൃദയസ്പന്ദനമായിരുന്നു. ആ ഗ്രന്ഥപൂർത്തീകരണത്തിനായി തന്റെ പ്രവർത്തന മണ്ഡലത്തിന്റെ പ്രധാന ഭാഗവും മാർക്സ് മാറ്റിവെച്ചിരുന്നു. രോഗബാധിതനായി കിടന്ന സമയത്തുപോലും ഒറ്റനിമിഷം പോലും അദ്ദേഹം പാഴാക്കാതെ മൂലധനത്തിന്റെ പൂർത്തീകരണത്തിനായി അക്ഷീണം പ്രയത്നിച്ചു. പൂർണമായും ഏകാഗ്രമായി, ഒരു സാഹിത്യകാരന്റെ സൃഷ്ടിപ്രതിബദ്ധതയോടെ, വിപ്ലവകാരിയുടെ ദീക്ഷയോടെ മാർക്സ് തന്റെ മഹത്തായ കൃതിക്കായി ജീവിതം മുഴുവൻ ഉഴിഞ്ഞുവെച്ചു.1867-ലാണ് ജർമ്മൻ ഭാഷയിൽ ആദ്യഭാഗം പുറത്തുവരുന്നത്. മൂലധനത്തിന്റെ ഒന്നാം ഭാഗത്തിൽ ഏംഗൽസ് വഹിച്ച പങ്കിനെ അനുസ്മരിച്ചുകൊണ്ട് മാർക്സ് ഒരു കത്ത് എഴുതിയിരുന്നു:

1867 ആഗസ്റ്റ് 16-രാത്രി 2 മണി

പ്രിയപ്പെട്ട ഫ്രെഡ്,

പുസ്‌തകത്തിന്റെ അവസാനത്തെ ഷീറ്റ് (49) ഇതാ തിരുത്തിക്കഴിഞ്ഞു. അനുബന്ധം - മൂലരൂപം - ചെറിയ അക്ഷരത്തിൽ 114 വലിപ്പത്തിലുള്ള ഷീറ്റ്. മുഖവുര തിരുത്തി ഇന്നലെ അയച്ചു. അങ്ങനെ ഈ വാള്യം പൂർത്തിയായിരിക്കുന്നു. താങ്കളെക്കൊണ്ടു മാത്രമാണ് ഇത് സാധ്യമായത്. എനിക്കുവേണ്ടി താങ്കൾ ചെയ്‌ത ആത്മത്യാഗം കൂടാതെ, ഈ മൂന്നു വാള്യങ്ങളുടെ ഭഗീരഥപ്രയത്നം എനിക്ക് ഒരുപക്ഷേ, ഒരിക്കലും ചെയ്തു‌തീർക്കാൻ കഴിയുമായിരുന്നില്ല. കൃതജ്ഞതാപൂർണമായി ഞാൻ താങ്കളെ ആലിംഗനംചെയ്യുന്നു. തിരുത്തിയ പ്രൂഫിന്റെ രണ്ടു ഷീറ്റ് ഇതൊന്നിച്ച് അയയ്ക്കുന്നുണ്ട്. അയച്ച 15 പവൻ ഏറ്റവും നന്ദിപൂർവം കൈപ്പറ്റി.

എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തേ, അഭിവാദനങ്ങൾ.

താങ്കളുടെ കെ. മാർക്സ്

(സ്‌നിഗ്ദ്ധനായ സഹകാരി, വരിഷ്‌ഠനായ വിപ്ലവകാരി - പി ഗോവിന്ദപ്പിള)

ആദ്യത്തെ ഭാഗം അച്ചടിക്കുന്നതിന് മുമ്പ് തന്നെ രണ്ടും മൂന്നും ഭാഗങ്ങളുടെ കരട് അദ്ദേഹം എഴുതി കഴിഞ്ഞിരുന്നു. എന്നാൽ ആ സമയത്താണ് അദ്ദേഹത്തിൻെറ മരണം സംഭവിക്കുന്നത്. പിന്നീട് ഇംഗ്ലണ്ടിൽ തന്നെ നിന്നുകൊണ്ട് ഏംഗൽസാണ് മാർക്സിന്റെ സ്വപ്നം പൂർത്തീകരിക്കുന്നത്. മാർക്സിന്റെ കൈയക്ഷരം ഏംഗൽസിന് മാത്രമാണ് വായിക്കാൻ സാധിച്ചിരുന്നതും. മൂലധനത്തിന്റെ അവിസ്മരണീയമായ പൂർത്തീകരണം ഏംഗൽസിന് മാത്രം സാധ്യമാകുന്നതായിരുന്നു. അദ്ദേഹം മൂലധത്തെക്കുറിച്ച് ഇപ്രകാരം എഴുതി " ലോകത്തിൽ മുതലാളിമാരും തൊഴിലാളികളും ഉള്ളിടത്തോളം കാലം തൊഴിലാളി വർഗ്ഗത്തിന് ഇത്രയും പ്രാധാന്യമായ മറ്റൊരു ഗ്രന്ഥം കാണുകയില്ല". അത്തരത്തിൽ അസാധ്യമായതിന്റെ രൂപപെടുത്തലായി അത് മാറി.

പിതാവിന്റെ യാഥാസ്ഥിക്ത്വത്തിൽ നിന്നും കർശനമായ നിയന്ത്രണങ്ങളുള്ളപ്പോഴും മാതാവ് എലിസബത്ത്, സഹോദരി മേരി, ജീവിതപങ്കാളിയായ മേരി ബേൺസൻ, മാർക്സും കുടുംബവും എന്നിവരെല്ലാം ഏംഗൽസിന് ആശ്വാസത്തിന്റെ തുരുത്തുകളായിരുന്നു. ജെന്നിയുടെ മരണശേഷം പതിനഞ്ചു മാസങ്ങൾ പിന്നിട്ടപ്പോൾ മാർക്സും വിട പറഞ്ഞു. അത് ഏംഗൽസിനെ കനത്ത ദുഃഖഭാരത്തിലേക്കും നഷ്ടബോധത്തിലേക്കും നയിച്ചു.

ഏംഗൽസ് എല്ലാദിവസവും അദ്ദേഹത്തെ സന്ദർശിക്കുക പതിവായിരുന്നു. മാർച്ച് 14ന് ഉച്ചയ്ക്കുശേഷം അദ്ദേഹം വന്നു. മാർക്സ് ഒരു പാതിമയക്കത്തിലാണെന്ന് ലെഞ്ചൻ അദ്ദേഹത്തോടു പറഞ്ഞു. എംഗൽസ് പിന്നീട് ഇതുസംബന്ധിച്ച് സോർഗിന് എഴുതി, "ഞങ്ങൾ മുറിയിൽ കടന്നപ്പോൾ അദ്ദേഹം ഉറങ്ങുകയായിരുന്നു. എന്നാൽ ഇനിയൊരിക്കലും ഉണരാത്ത ഉറക്കമായിരുന്നു അത്. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും ശ്വാസവും നിലച്ചു കഴിഞ്ഞിരുന്നു. ആ രണ്ട് മിനിറ്റുകൾക്കിടയിൽ യാതൊരു വേദനയും കൂടാതെ സമാധാനമായി അദ്ദേഹം മരിച്ചു.”

എംഗൽസ് തുടർന്നു:

“മാനവരാശിക്ക് ഒരു മഹാനായ വ്യക്തിത്വത്തെ കൂടി നഷ്‌ടപ്പെട്ടു: നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും സമുന്നത വ്യക്തിയായിരുന്നു അദ്ദേഹം. തൊഴിലാളിവർഗപ്രസ്ഥാനം മുമ്പോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. പക്ഷേ, ഏതൊരു കേന്ദ്ര ബിന്ദുവിലേക്ക്, സ്ഥിതിഗതികളെ സംബന്ധിച്ച പൂർണമായി സ്വാംശീകരിച്ച വിജ്ഞാനവും പ്രതിഭാശാലിത്വവും ഉള്ള ഒരാൾക്കുമാത്രം നൽകാൻ കഴിയുന്ന വ്യക്തവും അനിഷേധ്യവുമായ ഉപദേശങ്ങൾക്കുവേണ്ടി ഫ്രഞ്ചുകാരനും റഷ്യക്കാരനും അമേരിക്കക്കാരനും ജർമൻകാരനും ഒക്കെ നിർണായകഘട്ടങ്ങളിൽ ഉറ്റുനോക്കുന്നുവോ ആ കേന്ദ്രബിന്ദു നഷ്ട‌പ്പെട്ടു.”

(കാറൽ മാർക്സ്, ജീവചരിത്രം; ഹൈൻറീച് ഗെംകോവ് പേജ് നമ്പർ: 380)

1883 മാർച്ച് 17-ന് ഹൈഗേറ്റ് സെമിത്തേരിയിൽ ജെന്നിയോടൊപ്പം മാർക്സിന്റെ മൃതദേഹം അടക്കം ചെയ്തശേഷം ഏംഗൽസ് പ്രസംഗിക്കുകയുണ്ടായി.

" ലോകത്തിൽ മുതലാളിമാരും തൊഴിലാളികളും ഉള്ളിടത്തോളം കാലം തൊഴിലാളി വർഗ്ഗത്തിന് ഇത്രയും പ്രാധാന്യമായ മറ്റൊരു ഗ്രന്ഥം കാണുകയില്ല".
" ലോകത്തിൽ മുതലാളിമാരും തൊഴിലാളികളും ഉള്ളിടത്തോളം കാലം തൊഴിലാളി വർഗ്ഗത്തിന് ഇത്രയും പ്രാധാന്യമായ മറ്റൊരു ഗ്രന്ഥം കാണുകയില്ല".

"യൂറോപ്പിലെയും അമേരിക്കയിലെയും ഉശിരൻ തൊഴിലാളിവർഗത്തിനും ചരിത്രശാസ്ത്രത്തിനും അളവറ്റ നഷ്ടമാണ് ഈ മനുഷ്യന്റെ മരണം മൂലം സംഭവിച്ചിരിക്കുന്നത്. ഈ ആത്മചൈതന്യത്തിന്റെ അഭാവം സൃഷ്‌ടിച്ച വിടവ് വളരെവേഗം അനുഭവപ്പെടാൻ തുടങ്ങും. ഡാർവിൻ ജീവപ്രകൃതിയുടെ വികാസനിയമങ്ങൾ കണ്ടുപിടിച്ചതുപോലെ മാർക്സ് മനുഷ്യചരിത്രത്തിന്റെ വികാസനിയമങ്ങൾ കണ്ടുപിടിച്ചു. രാഷ്ട്രീയത്തിലേക്കും ശാസ്ത്രത്തിലേക്കും കല, മതം മുതലായവയിലേക്കും കടക്കുന്നതിനുമുമ്പ് മാനവരാശിക്ക് ആദ്യമായി വേണ്ടത് ഭക്ഷണവും വെള്ളവും പാർപ്പിടവും വസ്ത്രവുമാണെന്ന, അതേവരെ തെറ്റായ ആശയങ്ങളുടെ അതിഭാരത്താൽ മൂടിവെക്കപ്പെട്ട, ലളിതമായ വസ്‌തുത അദ്ദേഹം തുറന്നുകാട്ടി. ഓരോ കാലഘട്ടത്തിലും നിലനിൽപിന് ആവശ്യമായ ഭൗതികോപാധികളുടെ ഉൽപാദനത്തിൻറെ, അതായത് ആ സമൂഹം നേടിയ സാമ്പത്തികവികാസത്തിന്റെ, അടിത്തറയിൻമേലാണ് ഭരണകൂടസ്ഥാപനങ്ങളെയും നിയമസങ്കൽപ്പത്തെയും കലയെയും മതത്തെയും പറ്റിയുള്ള ആശയങ്ങൾ പടുത്തുയർത്തപ്പെടുന്നത്. ഇപ്പറഞ്ഞതിന്റെ വെളിച്ചത്തിൽവേണം ഇവയൊക്കെ വിശദീകരിക്കാൻ. അല്ലാതെ ഇതേവരെ ചെയ്തതു പോലെ മറിച്ചല്ല.

എന്നാൽ അതുമാത്രമല്ല, വർത്തമാനകാലത്തെ മുതലാളിത്തോൽപ്പാദനരീതിയുടെയും ഈ ഉൽപ്പാദനരീതി സൃഷ്ടിച്ചു വിട്ട ബൂർഷ്വാസമൂഹത്തിന്റെയും ചലനത്തിന്റെ സവിശേഷനിയമങ്ങളും മാർക്സ് കണ്ടുപിടിച്ചു. മിച്ചമൂല്യത്തിന്റെ കണ്ടുപിടിത്തം അതേവരെ ബൂർഷ്വാസാമ്പത്തികശാസ്ത്രജ്ഞരും സോഷ്യലിസ്റ്റ് നിരൂപകരും ഏതൊരു പ്രശ്‌നത്തിന്റെ പരിഹാ രത്തിനുവേണ്ടി ഇരുട്ടിൽ തപ്പുകയായിരുന്നുവോ ആ പ്രശ്നത്തി ലേക്ക് വെളിച്ചംവീശി. ഈ രണ്ടു കണ്ടുപിടിത്തങ്ങൾ ഒരു ജീവിതകാലത്തേക്ക് ധാരാള മായി. ഇത്തരത്തിൽ ഒരു കണ്ടുപിടിത്തം നടത്താൻ കഴിഞ്ഞാൽത്തന്നെയും ഒരാൾക്ക് വലിയ ഭാഗ്യമായി. എന്നാൽ മാർക്സ് അന്വേഷണത്തിലേർപ്പെട്ട ഓരോ രംഗത്തും-വളരെയേ റെരംഗങ്ങളിൽ അദ്ദേഹം അന്വേഷണം നടത്തിയിട്ടുണ്ട്; ഒന്നും ഉപരിപ്ലവമല്ലതാനും- ഗണിതശാസ്ത്രരംഗത്തുപോലും അദ്ദേഹം സ്വതന്ത്രമായ കണ്ടുപിടിത്തങ്ങൾ, നടത്തുകയുണ്ടായി."

(കാറൽ മാർക്സ്, ജീവചരിത്രം; ഹൈൻറീച് ഗെoകോവ് പേജ് നം: 381)

എന്നാൽ മാർക്സിന്റെ അന്ത്യാനന്തരവും കർമോന്മുഖതയോടെ ഏംഗൽസ് മുന്നോട്ടുപോയി. മൂലധനത്തിന്റെ മറ്റ് രണ്ട് വാല്യങ്ങൾ, ‘സ്വകാര്യ സ്വത്ത്, കുടുംബം, ഭരണകൂടം’ എന്നീ കൃതികളുടെ രൂപാന്തരീകരണത്തിലും അദ്ദേഹം സർവ്വതാത്പര്യവുമായി ഏർപ്പെട്ടു. തുടർന്ന് വന്ന വർഷങ്ങളിൽ കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം, മൂലധനത്തിന്റെ രണ്ടും മൂന്നും സഞ്ചികകൾ, മൂലധനത്തിന്റെ ഒന്നാം സഞ്ചികയുടെ ഇംഗ്ലീഷ് വിവർത്തനവും, ലുദ്‌വിഗ് ഫൊയർബാഹും ക്ലാസിക്കൽ ജർമൻ ദർശനത്തിന്റെ അന്ത്യം, എംഗൽസിന്റെ യൗവനകാലത്തെ ആദ്യകൃതിയായ ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ സ്ഥിതി (1844) യുടെ ഇംഗ്ലീഷ് വിവർത്തനം പ്രത്യേകം മുഖവുരയോടെ തുടങ്ങിയ കൃതികൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. പ്രായാധിക്യം ബാധിച്ചെങ്കിലും കർമ്മനിരതനായി തുടർന്നു. അവസാനകാലത്ത് എംഗൽസ് തന്റെ സ്വത്ത് മുഴുവൻ മാർക്സിന്റെ മക്കളായ ലോറയ്ക്കും എലീനർക്കും നിര്യാതയായ മൂത്ത മകൾ ജെന്നി ലോംഗെയുടെ നാലു മക്കൾക്കും, സെക്രട്ടറിയായിരുന്ന ലൂയിസ് കൗത‌കിക്കുമായി ഒസ്യത്ത് എഴുതിവച്ചിരുന്നു. മാർക്സിന്റെയുൾപ്പടെയുള്ള പുസ്‌തകങ്ങളും അനുബന്ധ രേഖകളും മാർക്‌സ് കുടുംബത്തിന്റെ പ്രതിനിധി എന്ന നിലയിൽ എലീനർക്ക് വിട്ടുകൊടുക്കാനും, തന്റെ കയ്യെഴുത്ത് പ്രതികൾ ജർമൻ സോഷ്യലിസ്റ്റ് നേതാക്കളായ ഔഗുസ്‌ത് ബെബലിനും എഡ്വേർഡ് ബേൺസ്റ്റൈനും കൈമാറാനും തീരുമാനിച്ചു. അതോടൊപ്പം കൃതികളും പകർപ്പവകാശങ്ങളും പുസ്‌തക പ്രതിഫലങ്ങളും 1000 പവനും ജർമൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് സംഭാവന ചെയ്യുകയും ആ സംഭാവന ഒരു ട്രസ്റ്റ് എന്ന നിലയിൽ പാർട്ടിക്കു വേണ്ടി കൈകാര്യം ചെയ്യാൻ ബെബ ലിനേയെയും പോൾ സിംഗറേയും ചുമതലപ്പെടുത്തി. 1895 ഓഗസ്റ്റ് മാസം അഞ്ചാം തീയതി രാത്രി പത്തരയ്ക്ക് തന്റെ 75ാം വയസ്സിൽ ആ വിപ്ലവ ദർശനം അസ്തമിച്ചു. അദ്ദേഹത്തിന്റെ ചിതാഭസ്മം ഈസ്റ്റ് ബോണിന് അടുത്തുള്ള ബീച്ച് ഹെഡിലെ കടലിൽ നിക്ഷേപിച്ചു.

പ്രതീക്ഷാനിർഭരമായ ഭാവിയ്ക്കായി ചൂഷണരഹിത സമൂഹവ്യവസ്ഥയുടെ ഉദയത്തിന് ഏംഗൽസ് അനുദിനം പുനർജ്ജനിക്കുന്നു. മാനവവിമോചനം ഒരു സ്വപ്നസദൃശമായ പ്രക്രിയയല്ലയെന്നും വർഗസമരമാണ് അതിനുള്ള മാർഗം എന്ന് ശാസ്ത്രീയമായി തെളിയിച്ച പ്രോദ്‌ഘാടകനാണ് എംഗൽസ്. സാഹിത്യം, ഭാഷാശാസ്ത്രം, സാംസ്കാരിക വിമർശനം, നരവംശശാസ്ത്രം സൈനിക തന്ത്രം എന്നീ മേഖലകളിൽ അദ്ദേഹം പ്രാവീണ്യനായിരുന്നു. ഏംഗൽസ് മാനവികതയുടെ മഹത്തായ പ്രതീകമാണ്. നിസ്വ വർഗ്ഗത്തിനായി പാത വിരിച്ചുകൊടുത്ത മഹാനായ ദീപസ്തംഭം. മാർക്സും ഏംഗൽസും വ്യത്യസ്തരല്ല, പരസ്പരം ജീവശാഖകളാൽ ബന്ധിപ്പിക്കപ്പെട്ട ഒരേ ചിന്താധാരയുടെ രണ്ട് മുഖങ്ങളാണ്. അത്രമേൽ ആഴമുള്ളവർ. തൊഴിലാളികളുടെ കയ്യിലേക്ക് പകർന്നു നൽകിയ പ്രത്യശാസ്ത്രയായുധം മനുഷ്യ വിമോചനം സാധ്യമാക്കുക തന്നെ ചെയ്യും. നിങ്ങൾ പങ്കുവെച്ച സൃഷ്ടിയുടെ തിരിനാളം ഈ ലോകത്തിനൊരു വഴിവിളക്കായി ജ്വലിക്കുന്നു.

Comments