സോഷ്യലിസ്റ്റ് സിദ്ധാന്തം വളർന്നുവന്നിട്ടുള്ളത് സ്വത്തുടമാവർഗങ്ങളുടെ അഭ്യസ്തവിദ്യരായ പ്രതിനിധികൾ- അതായത് ബുദ്ധിജീവികൾ- വളർത്തിക്കൊണ്ടുവന്നിട്ടുള്ള തത്വശാസ്ത്രപരവും ചരിത്രസംബന്ധവും ധനശാസ്ത്രപരവുമായ സിദ്ധാന്തങ്ങളുടെ ഉള്ളിൽ നിന്നാണ്.
ആധുനിക ശാസ്ത്രീയ സോഷ്യലിസത്തിന്റെ സ്ഥാപകരായ മാർക്സും എംഗൽസും തന്നെ അവരുടെ സാമൂഹ്യപദവി നോക്കിയാൽ, ബുർഷ്വാ ബുദ്ധിജീവികളായിരുന്നു എന്നു കാണാം. റഷ്യയിലും അതുപോലെ സോഷ്യലിസ്റ്റ് ഡെമോക്രസിയുടെ താത്വിക സിദ്ധാന്തം, തൊഴിലാളി പ്രസ്ഥാനത്തിന്റെ ‘സ്വയമേവയുള്ള’ വളർച്ചയുമായി യാതൊരു ബന്ധവുമില്ലാതെയാണ് വളർന്നു പൊങ്ങിയത്, വിപ്ലവകാരികളായ സോഷ്യലിസ്റ്റ് ബുദ്ധിജീവികൾക്കിടയിലുള്ള ആശയങ്ങളുടെ വളർച്ചയിൽ നിന്ന് സ്വാഭാവികമായും അനിവാര്യമായും അതുയർന്നു വരികയാണുണ്ടായത്."
(എന്തു ചെയ്യണം?, വി.ഐ. ലെനിൻ, പേജ് 48,
ദ പ്രോഗ്രസ്സ് പബ്ലിഷേഴ്സ്, 21, സൊബോവ്സ്കി ബൊളീവാർഡ്, മോസ്കോ, യു എസ് എസ് ആർ).
മൂന്നാം ക്ലാസിലെ മലയാള പാഠാവലിയിൽ മഹാനായ ലെനിനെ ഒരു ഗ്രാമീണ കർഷകൻ സന്ദർശിക്കാനെത്തിയ പാഠമുണ്ടായിരുന്നു. ലാളിത്യത്തിന്റെയും കരുണയുടെയും പാവങ്ങളോടുള്ള പക്ഷപാതിത്വത്തിന്റെയും നബിയെ ഞാൻ അദ്ദേഹത്തിൽ ദർശിച്ചു. അതേ പുസ്തകത്തിൽ, നീതി നടപ്പാക്കാനും സമത്വം പുലരാനും രാത്രിയിൽ പ്രഛന്നനായി നടന്ന്, വിശന്നു വലയുന്ന അമ്മയ്ക്കും കുഞ്ഞിനും റൊട്ടിമാവും ഈന്തപ്പഴവും എത്തിച്ച, ഗാന്ധി ഭരണമാതൃകയാക്കിയ, നബിയുടെ രണ്ടാമത്തെ അനുചരൻ ഉമറിന്റെ ഭരണം വിവരിക്കുന്ന പാഠവുമുണ്ടായിരുന്നു.
പ്രാവിന് ദാനമായി തുടയിറച്ചി നൽകിയ ഷിബിലി മഹാരാജാവിന്റെ ദാനശീലത്തെപ്പറ്റിയുള്ള പാഠവും അതേ പുസ്തകം പറഞ്ഞു. മാർക്സിസവും ഇസ്‍ലാമും ഹിന്ദുയിസവും ഒരുമിച്ച് പുലർന്ന ആ പഴയ നെഹ്‌റുവിയൻ ഇന്ത്യയെ ആ പാഠപുസ്തകം പ്രതിനിധീകരിച്ചു. നമ്മുടെ സെക്യുലറിസ്റ്റുകൾ പോലും സ്വപ്നം കാണാത്ത സെക്യുലറിസം പറഞ്ഞുതന്ന ആ പഴയ പാഠപുസ്തകം ഇന്നു സാധ്യമാണോ? ജീവന്റെ മതം തിരഞ്ഞ മതാധ്യക്ഷന്മാരും ബഷീറിന്റെ പാത്തുമ്മയുടെ ആടിനെ പാഠപുസ്തകമാക്കുന്നതു വിലക്കിയ മുസ്‍ലിം ലീഗും ജോസഫ് മാഷുടെ കൈവെട്ടിയ മതഭ്രാന്തന്മാരും ഭാരതവർഷത്തിൽ വഴിമാറി ഹിന്ദു ഇന്ത്യയിലേക്ക് പിച്ചവയ്ക്കുമ്പോൾ, ഇന്ന് സ്വപ്നം കാണാൻ കഴിയാത്ത ഒരു കാലത്തിന്റെ നേർരേഖയായിരുന്നു ആ പാഠപുസ്തകം.
കൊണ്ടോട്ടി കൽപക തിയറ്ററിനു മുന്നിൽ, അന്നൊരു സാധുമനുഷ്യന്റെ പുസ്തക പെട്ടിക്കടയിൽ തൂക്കിയിട്ട രണ്ടു രൂപ വിലയുള്ള ലെനിന്റെ ‘മാർക്സിസത്തിന്റെ മൂന്നു ഉറവിടങ്ങൾ’ വായിച്ചാണ് കമ്യൂണിസത്തിൽ ദീക്ഷ വാങ്ങിയത്.
രണ്ട്
കൊണ്ടോട്ടി കൽപക തിയറ്ററിനു മുന്നിൽ, അന്നൊരു സാധുമനുഷ്യന്റെ പുസ്തക പെട്ടിക്കടയിൽ തൂക്കിയിട്ട രണ്ടു രൂപ വിലയുള്ള ലെനിന്റെ ‘മാർക്സിസത്തിന്റെ മൂന്നു ഉറവിടങ്ങൾ’ വായിച്ചാണ് കമ്യൂണിസത്തിൽ ദീക്ഷ വാങ്ങിയത്. ജർമൻ തത്വചിന്തയും ഫ്രഞ്ച് രാഷ്ട്രീയവും ബ്രിട്ടീഷ് അർത്ഥശാസ്ത്രവുമാണ്, മാർക്സിസത്തിനു ജീവജലമായ മൂന്നു സ്രോതസ്സുകൾ എന്ന ബാലപാഠം ആ പുസ്തകം പകർന്നു.
തൊഴിലാളി വർഗത്തിന്റെ, ചോരയിൽ മുക്കിക്കൊന്ന, ആദ്യ ഭരണകൂടമായിരുന്ന പാരീസ് കമ്യൂണിന്റെ വിജയപരാജയങ്ങൾ വിലയിരുത്തിക്കൊണ്ട്, "തൊഴിലാളിവർഗം ഭരണകൂടം പിടിച്ചെടക്കുക മാത്രമല്ല, അതിന്റെ പഴയ രൂപങ്ങളെ തച്ചുടയ്ക്കുക കൂടി വേണം" എന്ന ലെനിനിസ്റ്റ് വിപ്ലവ സിദ്ധാന്തം അവതരിപ്പിച്ച "ഭരണകൂടവും വിപ്ലവവും" തുടർവായനയായി. പിന്നെയാണ് തൊഴിലാളിവർഗ സംഘടന എന്ന ലെനിനിസ്റ്റ് സംഭാവന അവതരിപ്പിക്കുന്ന ലഘുലേഖകളുടെ സമാഹാരമായ എന്തു ചെയ്യണം? എന്ന കൃതി വന്നുപെട്ടത്.
ബുദ്ധിജീവികൾ രൂപംകൊള്ളുന്നത് മുതലാളിത്ത പൂർവ വർഗങ്ങളിൽ നിന്നാണെന്ന ഗ്രാംഷിയുടെ ബുദ്ധിജീവികളെക്കുറിച്ചുള്ള സങ്കല്പനങ്ങൾ, ഈ കൃതിയിലെ വെളിച്ചങ്ങൾ സമാഹരിച്ചതാണെന്നു കാണാം. തൊഴിലാളികൾ ശരിയായ വർഗബോധത്തിലേക്കും സ്വന്തം ഭാഗധേയത്തെക്കുറിച്ചുള്ള അവബോധത്തിലേക്കും വരുന്നത് സാമ്പത്തിക മാത്രസംഘടനയിൽനിന്നല്ല, മറിച്ച് കലക്ടീവ് ഇന്റലക്ച്വൽ എന്നു വിശേഷിപ്പിക്കാവുന്ന പാർട്ടിയുടെ സവിശഷ സംഘടനയിലൂടെയാണെന്ന നിരീക്ഷണം മുന്നോട്ടു വച്ചുകൊണ്ട്, ഉരുക്കുപോലെ ഉറച്ച സംഘടന എന്ന കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊടുക്കേണ്ടതിന്റെ താത്വികമായ അനുമിതികൾ ലെനിൻ ഈ കൃതിയിൽ വികസിപ്പിക്കുന്നതു കാണാം.
എന്നാൽ പാർട്ടി ഒരു യന്ത്രമായിത്തീർന്ന്, മാർക്സിസം ഒരു യാന്ത്രിക ഭൗതികവാദമായി പരിണമിച്ച കാലത്ത്, അർദ്ധരാത്രിയിൽ ദീപക് നാരായണൻ, തന്റെ സ്വതസിദ്ധമായ ഡെലിറിയം ബലത്തിൽ, അന്ന് ഇംപീരിയൽ ബ്ലൂവിന്റെ ഊർജ്ജത്തിൽ, കോഴിക്കോട് ശിവപുരിയിലെ എട്ടാം നിലയിലെ ഫ്ലാറ്റിൽ പാശ്ചാത്യ മാർക്സിസത്തിന്റെ നാടകശാല നടത്തിയിരുന്ന ഡോ. ടി. കെ. രാമചന്ദ്രനോട്, "വാട്ട് ടു ബി ഡൺ" എന്ന് ‘മദ്യ’സ്ഥായിയിലുള്ള ചോദ്യത്തിന്, തിരികെ അദ്ദേഹം പറഞ്ഞ മറുപടി, ‘ദീപക്കേ എന്തുചെയ്യണമെന്നല്ല, എന്തു ചെയ്യാതിരിക്കണം’ എന്ന ‘ശരീഅത്തി’ലേക്കാണ് നാം ഉണരേണ്ടത് എന്നായിരുന്നു.
മാവോയിസമായി വളർന്ന ലെനിനിസം ലോങ് മാർച്ച് കഴിഞ്ഞ് സാംസ്കാരിക ഫാഷിസമായി കമ്യൂണിസ്റ്റ് എക്സ്ട്രീമിറ്റി തീർത്ത കാലവും കഴിഞ്ഞുള്ള ടി.കെയുടെ ‘എന്തു ചെയ്യാതിരിക്കണം?’
എന്ന സിദ്ധാന്തം, പിൽക്കാലത്ത്, സി.കെ. ജാനുവിന്റെ കരണത്ത് ഇടതു- വലതു പക്ഷങ്ങൾ മാറിമാറി പ്രയോഗിച്ച അടിയായിത്തീർന്ന കാലത്തിന്റെ ലെനിനിസ്റ്റ് തന്ത്രമായി.
ലെനിന്റെ കേന്ദ്രീകൃത ജനാധിപത്യ സിദ്ധാന്തം പാർടിയുടെ ഏകാധിപത്യമായി മാറും എന്നുള്ള, ലെനിൻ തന്നെ വിപ്ലവത്തിന്റെ മാലാഖയായി വിശേഷിപ്പിച്ച റോസാ ലക്സംബർഗിന്റെ വിമർശനമോർക്കുക. ഏറ്റവുമൊടുവിൽ ലെനിൻ സോഷ്യലിസത്തിന്റെ ശത്രുവാണെന്ന നോംചോസ്കിയുടെ ഉപദാനം. ലെനിനിസം കണ്ടാലറിയാത്തവിധം മാറിപ്പോയി. മാർക്സിസവും മതങ്ങളെപ്പോലെ ഒരു പ്രത്യയശാസ്ത്രമായി. ജാതി സംഘടനകളും മതഫാക്ഷനുകളും ഇടതുപക്ഷ ഭരണയന്ത്രങ്ങൾ തിരിച്ചു.
മൂന്ന്
വ്ലാഡ്മിർ ഇലിയിച്ച് ഉളിയനോവ് ലെനിൻ!
കൂട്ടുകൃഷി നിലങ്ങളിലെ കമ്യൂണിസ്റ്റ്
സ്വപ്നം ഓർത്ത് ഞാൻ ഏകമകന് ഇവാൻ എന്നു പേരിട്ടു. റഷ്യയുടെ വിപ്ലവഘട്ടങ്ങളുടെ അന്തരാളങ്ങൾ പകർത്തിയ തർകോവ്സ്കിയുടെ "ഇവാൻസ് ചൈൽഡ്ഹുഡിലെ" ആപ്പിളുകൾ നിറച്ച ലോറിയിൽ, ബാല്യകാലസഖിയുമൊത്ത് ഇവാൻ ശൈശവമാടുന്ന സ്വപ്നസ്വീക്വൻസിന്റെ ഓർമകളിൽ പിറന്ന പേര്.
"ഇവാൻ ദ ടെറിബിൾ" എന്ന ഐസൻസ്റ്റൈനിന്റെ സിനിമാത്രയം സംസാരിക്കുന്നത് തന്നെക്കുറിച്ചാണ് എന്നു ഭയന്ന്, സ്റ്റാലിൻ അതു നിരോധിച്ചു. കവികളെ സൈബീരിയയിലേക്കു നാടുകടത്തി. കലാകാരന്മാർ ദേശം വിട്ടു. മയക്കോവ്സ്കി ആത്മഹത്യ ചെയ്തു.
പുഷ്കിന്റെ കാല്പനികതയാണ് തനിക്കിഷ്ടമെന്നും ടോൾസ്റ്റോയിയുടെ കൃതികൾ റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടിയാണെന്നും ലെനിൻ പറഞ്ഞിട്ടും, താൻ ദസ്തയെവ്സ്കിയെപ്പോലും വായിച്ചിട്ടില്ലെന്നും ലെനിനെ മനസ്സിലാക്കിയത് സ്റ്റാലിന്റെ കൃതികളിലൂടെയാണെന്നും അന്ത്യനാളിൽ ഇ എം എസ് കുറ്റം സമ്മതിച്ചു. നാരായണഗുരു വെറുമൊരു ബൂർഷ്വാ പരിഷ്കർത്താവാണെന്ന വാദം വോട്ടുബാങ്ക് രാഷ്ട്രീയം തിരുത്തി.
കേസരി ബാലകൃഷ്ണപ്പിള്ള ഒരു ബൂർഷ്വാ പണ്ഡിതനാണെന്നുള്ള മൊഴി എം.എൻ. വിജയൻ വന്ന് ഡിലീറ്റ് ചെയ്തു. കേസരിയുടെ ഭ്രാന്തുകൾ പുരാവസ്തുവിജ്ഞാനീയം ശരിവച്ചു. അപ്പോഴേക്കും പാർട്ടിയെ കോർപ്പറേറ്റുകൾ തിരുത്തി. വികസനഭ്രാന്തു പിടിച്ചു. ‘ഏഷ്യൻ വികസന ഇടനാഴി’ എന്ന സ്വപ്നരഥത്തിൽ എ ഡി ബി പദ്ധതിയുടെ നടത്തിപ്പുകാരായി. നീരൊഴുക്കുകൾ ഹൈവേകൾ കൊണ്ടുപോയി. തീരങ്ങൾ പ്രളയഭീഷണിയിലായി. പരശുരാമൻ, എറിഞ്ഞ മഴു തിരിച്ചെടുക്കുമെന്ന നിലയായി. പാർട്ടി രണ്ടായി പിളർന്ന 1964- ൽ തന്നെ, രമേശ്വരത്തിനടുത്തെ ധനുഷ്കോടിയെ കടലെടുത്തു.
‘ശംഖുമുഖത്തെ വിൺചന്ദനംതൊട്ട വൈശാഖ യാമിനി’യും പത്മനാഭസ്വാമിയുടെ ആറാട്ടും കടൽക്ഷോഭത്തിൽപെട്ടു. പൊന്നാനിയും കോഴിക്കോടും കണ്ണൂരും കടലെടുത്തു തുടങ്ങിയതറിയാതെ തീർക്കുന്ന തീരദേശ ഹൈവേകളും മലയോര പാതകളും. കേരളം വീണ്ടും തമിഴകത്തിന്റെ ഒരു പൗരാണിക ഭൂപ്രദേശമായി, പുരാവസ്തു ഗവേഷണത്തിനു വിഷയീഭവിക്കുമോ?
നാല്
ലെനിന്റെയും എംഗൽസിന്റെയും തീണ്ടാപ്പാടില്ലാതെ, മാർക്സിനെ സ്വതന്ത്രമായി വായിക്കണമെന്ന ഗ്രാംഷിയുടെ ജയിൽക്കുറിപ്പുകളിലെ ആഹ്വാനം, ലെനിനിസം കാലഹരണപ്പെട്ടു എന്നുള്ളതിന്റെ പെരുമ്പറ മുഴക്കമായിരുന്നോ? ഉൾപ്പാർട്ടി ജനാധിപത്യം അസാധ്യമായ സൈബർ കാലത്ത്, ലെനിനിസം ഒരു നൊസ്റ്റാൾജിയയായി മാറിയോ? ‘സാർവ്വദേശീയത’ എന്ന മാർക്സിന്റെ സമവായങ്ങൾ, ‘ദേശീയത’ എന്ന ലെനിനിസ്റ്റ് മറിമായത്തിലേക്ക് മാറ്റി പ്രതിഷ്ഠ നടത്തിയതിനെ, വിപ്ലവം എന്നു വിളിക്കാൻ പറ്റില്ലെന്നും, യൂറോപ്യൻ ബൂർഷ്വാ ദേശ- രാഷ്ട്ര സങ്കൽപ്പങ്ങൾക്കനുസൃതമായി, മൂന്നാം ലോകരാജ്യങ്ങൾ പുനഃസംഘടിപ്പിക്കപ്പെട്ടതിന്റെ അവധൂതമൊഴിയായിരുന്നു സോവിയറ്റ് വിപ്ലവമെന്നും സമീർ അമീനെപ്പോലുള്ള സാമ്പത്തികശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
ലെനിനെ ശൈത്യമേഖലയിൽ സാധ്യമായ സൂര്യജന്മമെന്നും ഉഷ്ണമേഖലയിൽ ഉയർന്ന ചന്ദ്രബിംബമായ ഗാന്ധി തന്നെയാണ് ലെനിനെന്നും വള്ളത്തോൾ പാടി. ഇരുപതാംനൂറ്റാണ്ടിലെ ദേശീയ വിമോചന പ്രസ്ഥാനങ്ങളുടെ നായകസ്ഥാനത്താണ് അദ്ദേഹമെന്നും തൊഴിലാളിവർഗ വിപ്ലവം എന്ന മാർക്സിന്റെ സങ്കല്പവുമായി ചാർച്ച പറയാനാകാത്ത ഏഷ്യക്കാരനാണ് അദ്ദേഹമെന്നും കാണുമ്പോൾ ചിത്രം വ്യത്യസ്തമായിത്തീരുന്നു. ദേശ-രാഷ്ട്ര സങ്കല്പങ്ങൾ ബഹുരാഷ്ട്രയുഗത്തിന് വഴിമാറുന്നതിന്റെ പടിവാതിൽക്കൽ വച്ച് സോവിയറ്റ് യൂണിയൻ ചരിത്രത്തിൽ അന്തർദ്ധാനം ചെയ്യുകയും ചെയ്തു. എന്നോ കത്തിത്തീർന്ന ഒരു നക്ഷത്രത്തിന്റെ പിൻവെളിച്ചത്തിൽ ഇതര രാജ്യങ്ങളിലെയും ഇന്ത്യയിലെയും കമ്യൂണിസ്റ്റ് പാർട്ടികൾ ബാക്കിയായി. പതുക്കെപ്പതുക്കെ ആ വെളിച്ചവും കെട്ടു. ബംഗാളിൽനിന്ന് വാർത്തകളൊന്നുമില്ലാതെയായി. ചേരിനിവാസികളെയും റിക്ഷക്കാരെയും സംഘടിപ്പിച്ച് മമത, സംഘടിത തൊഴിലാളിവർഗത്തിന്റെ കോട്ടകൊത്തളങ്ങൾ തകർത്തു. കേരളത്തിലെ പാർട്ടി വികസനത്തിൽ സ്വയം മറന്നു. സംഘടന ജീവനക്കാരുടെ വർഗം കൊണ്ടുപോയി.
'ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം' എന്ന മട്ടിൽ സാഹിത്യനായകന്മാർ ഇടതുപക്ഷത്തിനൊപ്പമായി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ പി ആർ ഒകൾ ഏറ്റെടുത്തു. പാർട്ടിയുടെ സാംസ്കാരികരംഗം സിനിമാ സംഗമവേദിയായി. വോട്ടർപട്ടിക തൊക്കിലിറുക്കി, പത്രത്തിന്റെ സംഘാടകധർമത്തിൽ വിശ്വാസം മുറുക്കി, ചിന്താപൈങ്കിളികളായി പഴയ സഖാക്കൾ കാഴ്ചപ്പണ്ടമായി. വീരാരാധനയും താരാരാധനയും എന്ന തമിഴ് സംഘകാലം കേരളത്തിലുമെത്തി.
അഞ്ച്
എങ്കിലും ‘സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ ഉയർന്ന ഘട്ടം’ എന്ന ലെനിന്റെ കൃതി പ്രസക്തമായി തുടരുന്നു. "യൂറോപ്യൻ പ്രൊഫസർമാരും സദുദ്ദേശ്യമതിയായ ബൂർഷ്വായും എത്രയും കാപട്യത്തോടുകൂടി അപലപിക്കുന്ന ‘അമേരിക്കൻ സംസ്കാരവിശേഷം’ ഫൈനാൻസ് മൂലധനത്തിന്റെതായ യുഗത്തിൽ ഒരോ രാജ്യത്തിലുമുള്ള ഓരോ വൻ നഗരത്തിന്റെയും സംസ്കാര വിശേഷമായി തീർന്നിരിക്കുകയാണ്" എന്ന ലെനിന്റെ നിരീക്ഷണം, പിൽക്കാല സാംസ്കാരിക മൂലധനരാഷ്ട്രീയത്തിന്റെ മുൻപാട്ടായി. വിപ്ലവം വഞ്ചിക്കപ്പെട്ടു എന്ന തിരിച്ചറിവിൽ രോഗബാധിതനായി കഴിഞ്ഞ അവസാനകാലത്ത്, ഹെഗലിനെ പുനർവായിക്കാൻ തുടങ്ങി. തന്റെ ആശയങ്ങളെയും നിഗമനങ്ങളെയും സൈദ്ധാന്തികമായി പുനരവലോകനം ചെയ്തു. ആരും വായിച്ചു നോക്കിയിട്ടില്ലാത്ത ലെനിന്റെ മെറ്റീരിയലിസം ആന്റ് എംപിരിയോ- ക്രിട്ടിസിസം എന്ന അവസാന കൃതി എ കെ ജി ഭവന്റെ അലമാരയിൽ ചിതലരിച്ചു.
എന്നാലും നമുക്ക് മറക്കാം, പൊറുക്കാം എന്ന് എഡിറ്റർ പറയുന്നു; പഴയ നന്മകളും നൽകിയ സംഭാവനകളും ഓർത്ത്, വരാനിരിക്കുന്ന പ്രളയനാളുകളെയോർത്ത്, ഒരു ലെനിൻ നൊസ്റ്റാൾജിയ. സോവിയറ്റ് ഗൃഹാതുരതകൾ. സംഘടനാ പ്രവർത്തനത്തിന്റെ ശക്തി സൗന്ദര്യങ്ങൾ. മാർക്സ് കണ്ടിട്ടില്ലാത്ത സിനിമ എന്ന കലാരൂപത്തിന്റെ സൈനികസ്വഭാവമാർന്ന നിർമാണത്തിന്റെ രാഷ്ട്രീയമുഖം എന്ന നിലയിൽ, പട്ടാളച്ചിട്ടയുള്ള സംഘടന എന്ന വിപ്ലവയന്ത്രത്തെക്കുറിച്ചുള്ള ലെനിന്റെ സ്വപ്നാടനം. മതങ്ങളെപ്പോലും സ്വാധീനിച്ച് സംഘടനകളാക്കിമാറ്റിയ സ്വാധീനശക്തി. മാർക്സിസത്തിന്റെ ചിതാഭസ്മം ലോകമാകെ ചിതറി പുനർജന്മം സാധ്യമാക്കിയ കമ്യൂണിസത്തിന്റെ സെന്റ് പോൾ. ജോൺ എബ്രഹാം എടുക്കാതെ പോയ സിനിമയായ ജോസഫ് എന്ന പുരോഹിതൻ.
സോവിയറ്റ് പുലരി പ്രതീക്ഷകൾ.
സഖാക്കളേ.. എന്നാൽ ഇതു മാവോയുടെ ‘നൂറു പൂക്കൾ വിരിയട്ടെ’ എന്ന വൈവിധ്യത്തിന്റെ പോസ്റ്റ് മോഡേൺ മുതലാളിത്ത കാലമാണെന്ന് മറക്കാതിരിക്കുക.
വെടിവെച്ചുകൊന്നത് സ്വന്തം അമ്മയുടെ സന്താനങ്ങൾ തന്നെയെന്ന് നിലമ്പൂർ കാടുകൾ വിലപിക്കുന്നുണ്ട്. വയലുകളിൽ നിന്ന് ആബേലിന്റെ രക്തം നിലവിളിക്കുന്നുണ്ട്.