മതം, ദൈവം, മാർക്​സിസം:
ഏംഗൽസ്​ പറഞ്ഞത്​…

‘പൗരാണിക സമൂഹങ്ങളുടെ അതിജീവന ശ്രമങ്ങളിലാണ്​ ദൈവങ്ങളും വിശ്വാസവും അവയെ സൗന്ദര്യാത്മകമായി അവതരിപ്പിക്കുന്ന മിത്തുകളും ഐതിഹ്യകഥകളുമെല്ലാം ജന്മമെടുത്തത്. ഇതിന് വിരുദ്ധമായി ഇതൊക്കെ വിശ്വാസവും ശാശ്വതസത്യവുമായി കരുതുന്ന മഹാഭൂരിപക്ഷം വരുന്ന ജനങ്ങളും ഇന്ന് ലോകത്തുണ്ട്.’ ഏംഗൽസിന്റെ വിശകലനങ്ങളെ അടിസ്​ഥാനമാക്കി കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു. ഏംഗൽസിന്റെ ചരമദിനമാണിന്ന്​.

മിത്തും വിശ്വാസവും ദൈവവുമെല്ലാം ചര്‍ച്ചയാവുന്ന ഒരു സാമൂഹ്യ സന്ദര്‍ഭത്തില്‍ വളരെ പ്രധാനമാണ്, ഏംഗൽസിനെക്കുറിച്ചുള്ള സ്​മരണ.

മാര്‍ക്‌സിസത്തെ മാത്രമല്ല മനുഷ്യരാശിയുടെ വളര്‍ച്ചയുടെ ചരിത്രം സംഭാവന ചെയ്ത എല്ലാ ദര്‍ശനങ്ങളെയും ഭയപ്പെടുന്നവരും വിജ്ഞാനവിരോധികളുമാണ് ഫാഷിസ്റ്റുകള്‍. മനുഷ്യരാശിയുടെ ശത്രുക്കളായ അവര്‍ വിശ്വപ്രഞ്ചമാകെ മിഥ്യയാണെന്നും അമാനുഷമായ കഴിവുകളുള്ള ശക്തന്മാരാണ് ചരിത്രം സൃഷ്ടിക്കുന്നതെന്നും അവരാണ് ലോകത്തെ നയിക്കേണ്ടതെന്നും കരുതുന്നവരാണ്. ദൈവം അതിനായി ശ്രേഷ്ഠ വംശങ്ങളെയും വ്യക്തികളെയും ഷ്ടിച്ചിട്ടുണ്ടെന്നുമാണവരുടെയൊക്കെ സിദ്ധാന്തം. അവരുടെ ദര്‍ശനം ആശയവാദത്തിലധിഷ്ഠിതമായ ശുദ്ധ പ്രയോജനവാദമോ അജ്ഞേയവാദമോ ആയിരിക്കാം.

എല്ലാ തത്വചിന്തയുടെയും മൗലിക പ്രശ്‌നം, ചിന്തയും അസ്തിത്വവും തമ്മിള്ള ബന്ധമെന്തെന്നുള്ളതാണ്. അസ്തിത്വത്തെ അപേക്ഷിച്ച് ചിന്തക്ക്, ആശയത്തിനുള്ള സ്ഥാനമെന്തുയെന്നതാണ്?
അതായത് ഏതാണ് പ്രഥമമെന്നതാണ്?
ആത്മാവോ ഭൗതികപ്രപഞ്ചമോ?

ഇത്തരം തത്വചിന്താപരമായ സംവാദങ്ങളിലൂടെയാണ് ജ്ഞാനസിദ്ധാന്തം വളര്‍ന്നതും വികസിച്ചതും. ഈയൊരു സംവാദങ്ങളിലിടപെട്ട്​ അറിവിന്റെ സാമൂഹ്യശാസ്ത്രം വികസിപ്പിച്ചുവെന്നതാണ് മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും സവിശേഷമായ സംഭാവന തന്നെ. മാര്‍ക്‌സിസത്തിന്റെ ജ്ഞാനസിദ്ധാന്തപരമായ മണ്ഡലത്തെ വിപുലപ്പെടുത്തുന്നതില്‍ ബൃഹത്തായ ഇടപെടലുകളാണ് എംഗല്‍സ് നടത്തിയിട്ടുള്ളത്. പ്രകൃതിശാസ്ത്രപരമായും സാമൂഹ്യ ശാസ്ത്രപരമായും ഒരു ജ്ഞാനസിദ്ധാന്തമെന്ന നിലയില്‍ മാര്‍ക്‌സിസത്തെ വികസിപ്പിക്കുന്നതും നിര്‍ധാരണം ചെയ്യുന്നതുമായ രചനകള്‍ എംഗല്‍സ് നടത്തി. പ്രകൃതിയുടെ വൈരുധ്യാത്മകത, ആന്റി ഡ്യൂറിങ്ങ്, കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം തുടങ്ങിയ രചനകള്‍ ...
ലൂ ദ് വിംഗ് ഫൊയര്‍ ബാഹും ജര്‍മ്മന്‍ തത്വശാസ്ത്രത്തിന്റെ അന്ത്യവും എന്ന കൃതി ഇതില്‍ പ്രധാനമാണ്. പ്രകൃതിയുടെയും സമൂഹത്തിന്റെയും ചലനനിയമങ്ങളെ ശാസ്ത്രീയമായി പഠിക്കുകയും അതിന്റെ സാമാന്യനിയമങ്ങളെ താത്വികമായി ക്രോഡീകരിക്കുകയും ചെയ്യുന്നതില്‍ എംഗല്‍സ് മാര്‍ക്‌സിന് തന്നെ വഴികാട്ടിയായിരുന്നു.
മാര്‍ക്‌സിന്റെ പഠനാന്വേഷണങ്ങളും പുനര്‍വിചിന്തനങ്ങളും എംഗല്‍സുമായുള്ള ആശയ വിനിമയവുമാണ് മൂലധനം എന്ന കൃതിയുടെ രചനയിലേക്കുതന്നെ എത്തിച്ചത്. മാര്‍ക്‌സിസത്തിന്റെ പ്രത്യയശാസ്ത്ര സമഗ്രതയാര്‍ന്ന രചനയാണല്ലോ മൂലധനം. എംഗല്‍സിന്റെ 'അര്‍ത്ഥശാസ്ത്ര വിമര്‍ശനത്തിനൊരു രൂപരേഖ' എന്ന ലേഖനം വായിച്ചതോടെയാണ് മാര്‍ക്‌സ് സാമ്പത്തിശാസ്ത്ര പഠനത്തിലേക്ക് തിരിയുന്നത് തന്നെ.

എല്ലാതരം പ്രമാണമാത്രവാദങ്ങളും നിരാകരിക്കുന്ന ദര്‍ശനമെന്ന നിലയില്‍ മാര്‍ക്‌സിസത്തെ സ്ഥാപിച്ചെടുക്കുന്നതില്‍ നിര്‍ണായക ഇടപെടലുകളാണ് എംഗല്‍സ് നടത്തിയിട്ടുള്ളത്. മാര്‍ക്‌സിസത്തിന്റെ ശാസ്ത്രീയ അടിത്തറയെ വികസിപ്പിക്കുന്ന ജ്ഞാനസിദ്ധാന്തപരമായ ഇടപെടലുകളാണത്.

ലുദ്വിംഗ് ഫൊയര്‍ബാഹും ജര്‍മ്മന്‍ തത്വശാസ്ത്രത്തിന്റെ അന്ത്യവും എന്ന കൃതിയില്‍ ഭൗതിക പ്രപഞ്ചമാണ് അറിവിന്റെയും ആശയങ്ങളുടെയും അടിസ്ഥാനമെന്ന ഭൗതികവാദനിലപാടിനെ ഉറപ്പിച്ചുകൊണ്ട്​ എംഗല്‍സ് ദൈവചിന്താപദ്ധതികളും മതവും ജന്മമെടുത്ത ചരിത്രത്തിന്റെ പ്രാചീനമായ ഘട്ടത്തെ വിശകലന വിധേയമാക്കുന്നുണ്ട്. ഭൂമിയില്‍ മനുഷ്യരുടെ ജീവിതത്തിന് ഭീഷണിയായി തീര്‍ന്ന പ്രകൃതി പ്രതിഭാസങ്ങളെയും ഹിംസ്ര ജീവികളെയുമെല്ലാം അതിജീവിക്കാന്‍ കഴിഞ്ഞത് മന്ത്രവാദപരമായ ഇടപെടലുകളിലൂടെയാണെന്ന് നിരീക്ഷിക്കുന്നു.

ഇടിമിന്നലും കൊടുങ്കാറ്റും കാട്ടുതീയുമെല്ലാം ഉയര്‍ത്തിയ പ്രതികൂലതകളെയും ഭീഷണികളെയും മനുഷ്യര്‍ മന്ത്രവാദപരമായ വഴികളിലൂടെ അതിജീവിച്ചുവെന്ന് പറഞ്ഞാല്‍, അവയെല്ലാം ഏതോ അതീതശക്തിയുടെ കോപഫലങ്ങളാണെന്നും അതിന് പരിഹാരമുണ്ടാക്കാന്‍ അവയെ ആരാധിക്കുക വഴി സാധിക്കുമെന്നും പൗരാണിക മനുഷ്യര്‍ കരുതിയിരിക്കാം. തങ്ങള്‍ അതീതശക്തിയുടെ സൃഷ്ടിയായി കാണുന്ന പ്രകൃതിപ്രതിഭാസങ്ങളെയെല്ലാം ദൈവമാക്കി അവര്‍അവയെ പ്രീതിപ്പെടുത്തുന്ന ആരാധനാരീതികള്‍ രൂപപ്പെടുത്തുകയായിരുന്നു. തങ്ങളുടെ നിലനില്പിന് പ്രതികൂലമായ പ്രകൃതി പ്രതിഭാസങ്ങളെ ശാസ്ത്രീയമായി മനസിലാക്കാനോ യുക്തിപരമായി വിശദീകരിക്കാനോ കഴിയാത്ത ഒരു ചരിത്ര കാലഘട്ടത്തിന്റെയും മനുഷ്യബോധത്തിന്റെയും സൃഷ്ടിയായിട്ടാണ് ദൈവത്തെയും മതത്തെയുമെല്ലാം എംഗല്‍സ് ഈ കൃതിയിലൂടെ വിശകലനാത്മകമായി വിശദീകരിക്കുന്നത്.

മാര്‍ക്‌സ് ഡമോക്രാറ്റിക്​സിന്റെയും എപ്പി ക്യൂറസിന്റെയും പ്രപഞ്ച വീക്ഷണങ്ങളിലെ അന്തരം എന്ന ഗവേഷണ പ്രബന്ധത്തില്‍ വിശദീകരിക്കുന്നത്; ഈ ഭൂമുഖത്ത് സാമൂഹ്യ ജീവിതത്തിന്റെ ആദ്യചുവടുകള്‍ വെച്ചു തുടങ്ങിയ ആദ്യകാല മനുഷ്യരുടെ അതിജീവനശ്രമങ്ങളില്‍ ജന്മമെടുത്ത മതവും ദൈവാചിന്താപദ്ധതികളും ഈ ഭൂമുഖത്ത് ഇച്ഛാശക്തിയോടെ ജീവിക്കാന്‍ മനുഷ്യര്‍ക്ക് കരുത്തും ആത്മവിശ്വാസമേകിയതുമാണ്​ എന്നാണ്​. പ്രശസ്ത പ്രാക് ചരിത്രഗവേഷകനായ ഗോള്‍ഡന്‍ ചൈല്‍ഡ്, മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ചയും പുരോഗതിയും സാധ്യമാക്കുന്ന ഉല്പാദന ഉപകരണങ്ങളുള്‍പ്പെടെയുള്ള ഉല്പാദനശക്തികളുടെ ഭാഗമായിട്ടാണ് മന്ത്രവാദവും ദൈവാരാധനയുമൊക്കെ പങ്ക് വഹിച്ചതെന്ന് സൂചിപ്പിക്കുന്നുണ്ട്.

ദേവീപ്രസാദ് ചതോപാധ്യായ

ഗണഗോത്ര സമൂഹങ്ങളിലെ മനുഷ്യര്‍ക്ക് വനാന്തരങ്ങളില്‍ പോയി ഭയരഹിതമായി കായ്കനികള്‍ ശേഖരിക്കാന്‍ കഴിഞ്ഞതും അതിനവര്‍ ഇച്ഛാശക്തിയാര്‍ജ്ജിച്ചതും ഗണപതിദൈവ സങ്കല്പങ്ങളിലൂടെയും ആരാനയിലൂടെയുമായിരിക്കാമെന്ന് ദേവീപ്രസാദ് ചതോപാധ്യായ പോലുള്ള ഗവേഷകര്‍, ഇന്ത്യന്‍ മിത്തുകളെ കുറിച്ചുള്ള പഠനങ്ങളില്‍ നിരീക്ഷിക്കുന്നുണ്ട്​.

പൗരാണിക സമൂഹങ്ങളുടെ അതിജീവന ശ്രമങ്ങളിലാണ്​ ദൈവങ്ങളും വിശ്വാസവും അവയെ സൗന്ദര്യാത്മകമായി അവതരിപ്പിക്കുന്ന മിത്തുകളും ഐതിഹ്യകഥകളുമെല്ലാം ജന്മമെടുത്തത്. ഇതിന് വിരുദ്ധമായി ഇതൊക്കെ വിശ്വാസവും ശാശ്വതസത്യവുമായി കരുതുന്ന മഹാഭൂരിപക്ഷം വരുന്ന ജനങ്ങളും ഇന്ന് ലോകത്തുണ്ട്. വേദപുസ്തകങ്ങളുടെ വിശ്വാസ സങ്കല്പമനുസരിച്ചുള്ള സെമിനാരി പാഠ്യപദ്ധതികളെ നിരാകരിച്ചാണ് ജനാധിപത്യ വിപ്ലവത്തിന്റെ നായകരായ ബൂര്‍ഷാസി ശാസ്ത്രാവബോധത്തിലൂന്നുന്ന ആധുനിക വിദ്യാഭ്യാസ പദ്ധതികള്‍ രൂപപ്പെടുത്തിയത്. മതത്തെയും വിശ്വാസത്തെ ആചരിക്കാനും പ്രചരിപ്പിക്കാനുള്ള വ്യക്തികളുടെ അവകാശം പ്രധാനമായി കരുതുന്ന ബൂര്‍ഷാ ജനാധിപത്യം പൊതുകാര്യങ്ങളിലോ, ഭരണത്തിലോ, പൊതുവിദ്യാഭ്യാസത്തിലേ മതം ഇടപെടാനോ വ്യത്യസ്ത വിശ്വാസങ്ങള്‍ ശാസ്ത്രമോ ചരിത്രമോ ആയി പഠിപ്പിക്കാനോ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.

പ്രകൃതിയുടെയും സമൂഹത്തിന്റെയും ചലനനിയമങ്ങളെ മനസിലാക്കുകയും മനുഷ്യരാശിക്ക് ഗുണപരമായ അറിവുകളായി അവയെ ഉപയോഗിക്കുകയും ചെയ്യുന്നതാണ് ശാസ്ത്രമെന്നതെന്നാണ് എംഗല്‍സ് തന്റെ പ്രകൃതിയുടെ വൈരുധ്യാത്മകതയില്‍ അപഗ്രഥനാത്മകമായി സ്ഥാപിക്കുന്നത്. ഭൗതികലോകവും മനുഷ്യരുടെ ആത്മീയലോകവും തമ്മിലുള്ള വൈരുധ്യാത്മക ബന്ധത്തെയും പരസ്പരം സ്വാധീനിക്കുന്ന പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച ദര്‍ശനമാണ് മാര്‍ക്‌സും എംഗല്‍സും മുന്നോട്ട് വെച്ചത്. അത് ആശയവാദികളില്‍ നിന്നും കേവല ഭൗതികവാദികളില്‍ നിന്നും വ്യത്യസ്തമായ ചരിത്രത്തെയും സമൂഹത്തെയും അവയുടെ നിരന്തരമായ പരിവര്‍ത്തനോത്സുകതയെയും സംബന്ധിച്ച വിപ്ലവ സിദ്ധാന്തമാണ്.

Comments