ഉണ്ട്​, മറ്റൊരു ഫ്രാൻസിസ് ബേക്കൺ

ചരിത്രത്തിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സംഭാവനകളെ വിമർശനാത്മക ചിന്തയോടെ സമീപിച്ചില്ലെങ്കിൽ വർത്തമാനകാലത്ത് സമഗ്രവീക്ഷണം സാധ്യമാകില്ല എന്ന വസ്തുത മുൻനിർത്തി ഫ്രാൻസിസ് ബേക്കനെ പുനർവായനക്ക് വിധേയമാക്കുകയാണ് ശാസ്​ത്രവിദ്യാർഥി കൂടിയായ ലേഖിക

രിത്രപ്രാധാന്യമുള്ള വ്യക്തികളെക്കുറിച്ച് വർത്തമാന കാലഘട്ടത്തിൽ നമ്മൾ വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ പഴയ പാഠങ്ങളെ പുതിയ അറിവുകളുടെ വെളിച്ചത്തിൽക്കൂടി പരിശോധിക്കേണ്ടതുണ്ട്. ജീവിച്ചിരിക്കുന്ന കാലത്തിനമപ്പുറത്തേക്ക് ശാസ്ത്രപഠനത്തിന്റെ സ്വഭാവം എങ്ങനെയായിരിക്കണമെന്ന ആശയത്തിന്റെ ആരംഭ ചിന്തകളിലും ശാസ്ത്ര തത്വചിന്ത (ഫിലോസഫി ഓഫ് സയൻസ്) യുടെ വിവിധ മേഖലകളിലും ഗണ്യമായ സംഭാവന നൽകിയ ബഹുമുഖ പ്രതിഭയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രാൻസിസ് ബേക്കണെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ ചർച്ച ചെയ്യുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. ഒപ്പം, ശാസ്ത്രഗവേഷണ രംഗത്തും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലനിൽക്കുന്ന വരേണ്യാധികാര മനോഭാവത്തിന്റെയും വിവേചനങ്ങളുടെയും ആദ്യകാല ചരിത്രത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നതിനും ഇത്തരം പുനർവായന സഹായിക്കുമെന്ന് കരുതുന്നു.

ഭരണവർഗ പ്രതിനിധി
ചരിത്രത്തിന്റെ മുഖ്യധാരയിൽ ഫ്രാൻസിസ് ബേക്കൺ ശാസ്ത്രപഠനത്തെ ഉയർത്തിപ്പിടിച്ച ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞൻ, നിയമപണ്ഡിതൻ, തത്വചിന്തകൻ, സാഹിത്യകാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. എന്നാൽ ലാറ്റിനമേരിക്കയുടെ കോളനിവൽക്കരണത്തിൽ പ്രധാന പങ്കുവഹിച്ചവരിലൊരാൾ, അടിസ്ഥാനവർഗ ജനത നേടിയെടുത്ത അറിവുകളെ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് പറയുകയും അതേസമയം അവരുടെ സാമൂഹിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് വലിയ ചിന്തയുമില്ലാതിരുന്ന ഭരണവർഗ പ്രതിനിധി, എല്ലായ്‌പ്പോഴും രാജാവിന്റെ പ്രീതിക്കായി നിലകൊണ്ടിരുന്ന പ്രഭു - എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മറ്റു വശങ്ങൾ കൂടി പരിഗണിക്കാതെ ബേക്കന്റെ സാംസ്‌ക്കാരിക-സാമൂഹിക സംഭാവനകളെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തൽ സാധ്യമാകില്ല.
ബേക്കന്റെ എല്ലാ പ്രവർത്തനങ്ങളും അദ്ദേഹമുൾപ്പെട്ടിരുന്ന ഉപരിവർഗ താൽപര്യങ്ങളെ മുൻനിർത്തിയായിരുന്നു. ആദ്യവായനയിൽ ശാസ്ത്രം പഠിക്കേണ്ട രീതിശാസ്ത്രത്തെ നിർവചിക്കാൻ ശ്രമിക്കുകയാണെന്നു തോന്നുമെങ്കിലും അതിനൊപ്പം അറിവുകളെ നേടിയെടുക്കുകയും അവ അധികാര വർഗ്ഗത്തിന് അനുകൂലമായി ഉപയോഗിക്കുകയും ചെയ്യുന്നതിനാവശ്യമായ ആശയങ്ങളുടെ സ്ഥാപനവൽക്കരണവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യമെന്ന് നമുക്ക് കണ്ടെത്താനാകും. ബേക്കനെ സംബന്ധിച്ച് അറിവ് എന്നാൽ അധികാരം എന്നു കൂടിയായിരുന്നു എന്ന് അദ്ദേഹത്തിന്റെ തന്റെ എഴുത്തുകളിൽ കാണാം. 1605-ലെ ‘The Advancement of Learning' എന്ന രചനയിൽ അറിവ് നേടുന്നതിനായി പ്രകൃതിയെ പിൻതുടരേണ്ടതിനെ കുറിച്ചും 1620-ൽ എഴുതിയ ‘Novum Organum' (The New Instrument) എന്ന കൃതിയിൽ ശാസ്ത്രപരീക്ഷണങ്ങൾ എന്ന ഉപകരണം ഉപയോഗിച്ച് പ്രകൃതിയെ എങ്ങനെ അധീനപ്പെടുത്താം എന്നും പറയുന്നു. ഏദൻതോട്ടത്തിൽനിന്ന് പുറത്താക്കപ്പെട്ട മനുഷ്യരാശി സ്വന്തം സ്ഥാനം തിരിച്ചുപിടിക്കണമെങ്കിൽ അറിവുകൊണ്ട് പ്രകൃതിയെ കീഴ്‌പ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
മനുഷ്യരാശി എന്നദ്ദേഹം പറയുമ്പോഴും ഉപരിവർഗത്തിനാണ് പ്രാമുഖ്യം കൽപ്പിച്ചിരുന്നതെന്ന് മനസ്സിലാകണമെങ്കിൽ സാധാരണ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനം വ്യക്തമാക്കുന്ന - ‘Of seditions and troubles' എന്ന രചന പരിശോധിക്കേണ്ടതുണ്ട്. അക്കാലത്ത് പറയുന്ന രീതിയിൽ ഉന്നതകുലജാതരും സാധാരണക്കാരും എന്ന് രണ്ടായി തിരിച്ച് സാധാരണക്കാരായ മനുഷ്യർക്കിടയിൽ ഉടലെടുത്തേക്കാവുന്ന അസ്വസ്ഥതകളെ മെരുക്കേണ്ടതിനെക്കുറിച്ചാണിതിൽ അദ്ദേഹം പ്രതിപാദിക്കുന്നത്. പ്രതിഷേധ സ്വരങ്ങളുയർത്തുന്നവരെ സ്റ്റേറ്റിനോടുചേർത്തുനിർത്താൻ ശ്രമിക്കണമെന്നും അത്തരം വിഭാഗങ്ങളെ ഭിന്നിപ്പിച്ച് നിർത്തേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിസ്തരിക്കുന്നുണ്ട്.
മതകാര്യങ്ങളിലുണ്ടാകുന്ന നവീകരണം, നിയമങ്ങളുടെയും ആചാരങ്ങളുടെയും മാറ്റം, കുലീനർക്കനുവദിച്ചിട്ടുള്ള പ്രത്യേക അധികാരങ്ങളുടെ ലംഘനം ഇതൊക്കെ രാജ്യദ്രോഹത്തിലേക്ക് നയിക്കുമെന്നും ബേക്കൺ പറയുന്നു. യഥാർത്ഥ അറിവ് നേടി എന്ന് അവകാശപ്പെട്ടിരുന്ന മനുഷ്യരെ അല്ലെങ്കിൽ മുഖ്യധാരയിൽ നിന്നും വേറിട്ട് അറിവ് നേടാനുള്ള ശ്രമങ്ങളെയൊക്കെ സമഗ്രാധിപത്യത്തിന് ഭീഷണിയാണെന്ന് കണ്ട് അത്തരക്കാരെ വരുതിയിലാക്കുകയും അവരുടെ അറിവിന്റെ ഉൽപ്പന്നങ്ങൾ നിരന്തരം നിരീക്ഷണത്തിലായിരിക്കുകയും വേണമെന്നായിരുന്നു ബേക്കന്റെ നിലപാട് എന്ന് പ്രൊഫ.ജൂലിയൻ മാർട്ടിൻ ‘Natural Philosophy and It's Public Concerns' എന്ന ലേഖനത്തിൽ അഭിപ്രായപ്പെടുന്നുണ്ട്.

ഉപരിവർഗത്തിന്റെ ശാസ്​ത്രം
പ്രകൃതിയോടുള്ള ബേക്കന്റെ സമീപനത്തിൽ അദ്ദേഹം ഉപയോഗിച്ച ഭാഷ പതിനേഴാം നൂറ്റാണ്ടിലെ പുരുഷാധിപത്യ വ്യവസ്ഥയ്ക്കു കീഴിൽ ജീവിച്ച സ്ത്രീകളുടെ അവസ്ഥയിലേക്ക് കൂടി വിരൽ ചൂണ്ടുന്നുണ്ട്. അമേരിക്കൻ ചരിത്രകാരിയായ Carolyn Merchant അവരുടെ ‘The Death of Nature : Women, Ecology and the Scientific Revolution' എന്ന രചനയിൽ ബേക്കന്റെ എഴുത്തുകൾ എന്തുമാത്രം പുരുഷാധിപത്യപരവും യാന്ത്രികവുമായിരുന്നെന്ന് വിവരിക്കുന്നു- ‘പ്രകൃതിയെ മുടിയ്ക്കു പിടിക്കണമെന്നും', ‘അവളെ കീഴടക്കി അടിമപ്പെടുത്തണമെന്നും' മറ്റുമുള്ള ബേക്കന്റെ ലൈംഗികാധികാരച്ചുവയുള്ള ഭാഷാപ്രയോഗം അക്കാലത്തെ ‘മാന്യരാ'യ (gentle men of noble origin) പുരുഷന്മാരുടെ മനോഭാവം തന്നെയാണ് വെളിവാക്കുന്നതെന്നവർ വ്യക്തമാക്കുന്നു.

Carolyn Merchant
Carolyn Merchant

പ്രകൃതിയെ വിധേയമാക്കുന്നതിനായി അറിവുനേടുക, ആ അറിവുപയോഗിച്ച് മറ്റൊരു പരിഗണനയുമില്ലാതെ വീണ്ടും പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന യാന്ത്രികചിന്ത ഒരു കാലത്ത് ശാസ്ത്രത്തിന്റെ മനോഭാവമാക്കുന്നതിൽ ബേക്കന്റെ എഴുത്തുകൾ പങ്ക് വഹിച്ചിട്ടുണ്ടെന്ന് വ്യക്തം. പലപ്പോഴും ഈ വീക്ഷണമാണ് ഇന്നും നമ്മെ ഭരിക്കുന്നതെന്നും മനുഷ്യവംശം ഇന്നു നേരിടുന്ന വെല്ലുവിളികൾ - പാരിസ്ഥിതിക പ്രശ്‌നങ്ങൾ, കോവിഡ് മഹാമാരിയുൾപ്പടെ പലതിന്റെയും കാരണം ഈ മനോഭാവമാണെന്നും നമുക്കു മനസ്സിലാക്കാവും.
1626-ൽ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ട ‘The New Atlantis'എന്ന പ്രശസ്തരചനയിൽ ബേക്കൺ വിഭാവനം ചെയ്യുന്ന സോളമന്റെ ഗൃഹം എന്ന ശാസ്ത്ര പരീക്ഷണ സമുച്ചയത്തിൽ ശാസ്ത്ര പുരോഗതിക്കായി എല്ലാവരും പ്രവൃത്തിയിലേർപ്പെടേണ്ടതിന്റെ പ്രാധാന്യം കാണിക്കുന്നുണ്ടെങ്കിലും വ്യക്തമായ ശ്രേണീകൃത വേർതിരിവുകളുള്ള തൊഴിൽ വിഭജനമാണതിൽ ആദർശവൽക്കരിക്കുന്നത്. ശാസ്ത്രത്തിന്റെ ഉപയോഗവും നിയന്ത്രണവും ഉപരിവർഗത്തിന്റെ അധീനതയിലായിരിക്കുന്ന ഈ വ്യവസ്ഥയുടെ തുടർച്ചയാണ് നാമിന്നും കാണുന്നത്. റോയൽ സൊസൈറ്റിയുടെ ചരിത്രത്തിൽ അതിന്റെ സ്ഥാപനത്തിന് പ്രചോദനമായ മഹാചിന്തകരിൽ ഒരാളായി ഫ്രാൻസിസ് ബേക്കൺന്റെ നാമം അനുസ്മരിക്കപ്പെടുന്നു. സൊസൈറ്റി അതിന്റെ ആദ്യനാളുകളിൽ സമൂഹത്തിൽ ഉന്നത സ്ഥാനം ഉറപ്പിക്കുന്നതിന് മെമ്പർഷിപ്പ് നൽകിയിരുന്നത് പ്രഭു പദവിയിലോ അതിന് മുകളിലുള്ളവർക്കോ മാത്രമായിരുന്നെന്നും അംഗത്വം സംബന്ധിച്ച് അവരുടെ ശാസ്ത്ര മേഖലയിലുള്ള കഴിവായിരുന്നില്ല മറിച്ച് സമൂഹത്തിലെ സ്ഥാനമായിരുന്നു മാനദണ്ഡം എന്നുള്ള കാര്യം ശ്രദ്ധയർഹിക്കുന്ന വസ്തുതയാണ്. ഇന്നും നമ്മുടെ സമൂഹത്തിലും ശാസ്ത്ര രംഗത്തുമൊക്കെ നിലനിൽക്കുന്ന വിവേചനങ്ങളിലധിഷ്ഠിതമായ വരേണ്യചിന്തയുടെ ചരിത്രപാഠങ്ങളാണ് ഇവ സൂചിപ്പിക്കുന്നത്.

ഫ്രാൻസിസ് ബേക്കൺ എന്ന ബഹുമുഖ പ്രതിഭയെക്കുറിച്ച് പറയുമ്പോൾ പൊതുവായ നിരീക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായ ചില വായനകൾ കൂടിയുണ്ട് എന്ന വിഷയം സൂചിപ്പിക്കുക എന്നതു മാത്രമാണ് ശാസ്ത്ര വിദ്യാർത്ഥിയെന്ന നിലയിൽ ഈ ലേഖനമെഴുതുന്നയാൾ ഉദ്ദേശിച്ചിട്ടുള്ളത്. മാത്രമല്ല, ചരിത്രത്തിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സംഭാവനകളെ വർത്തമാനകാലഘട്ടത്തിൽ പരിശോധിക്കുമ്പോൾ വിമർശനാത്മക ചിന്തയോടെ സമീപിച്ചില്ലെങ്കിൽ സമഗ്രവീക്ഷണം സാധ്യമാകില്ല എന്ന വസ്തുതയിലേക്ക് ശ്രദ്ധ ക്ഷണിക്കാനും ആഗ്രഹിക്കുന്നു.


Summary: This article discusses some observations about Francis Bacon, who is described as a versatile genius who contributed significantly to various fields of philosophy of science. Stalina writes.


സ്​റ്റാലിന

കവി, വിദ്യാഭ്യാസ പ്രവർത്തക, ഗ​വേഷക. വിരൽത്തുമ്പിലിറ്റുന്ന വിത്തുകൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments