വിപ്ലവേതര ദാർശനിക പ്രശ്‌നങ്ങൾ- 3 | ക്ലാസ് റൂം

വീട് കഴിഞ്ഞാൽ വിപ്ലവകാരികൾ വിടേണ്ടതായി കരുതപ്പെടുന്ന വേറൊരു സ്ഥലമാണ് ക്ലാസ്റൂം. ക്ലാസ് കട്ട് ചെയ്യുന്നയാളാണ് വിപ്ലവകാരി എന്നതിൽ ഇപ്പോഴും മാറ്റമൊന്നുമില്ല. മാറ്റമുള്ളത് അവർ പഠിപ്പിനു പുറത്താകും എന്നതാണ്. കൊല്ലപ്പരീക്ഷാക്കാലത്ത് പഠിച്ചവർ എന്ന നിലയ്ക്ക് ഞങ്ങളുടെ തലമുറയ്ക്ക് ക്ലാസ്സിലിരുന്നില്ലെങ്കിലും പരീക്ഷയെഴുതാൻ സാധിക്കുമായിരുന്നു (ഇക്കഥ പറയുമ്പോൾ എന്റെ ക്ലാസ്സിലെ വിദ്യാർത്ഥികളുടെ മുഖത്ത് പടരുന്ന അവിശ്വാസവും അസൂയയും ഒന്നു കാണേണ്ടത് തന്നെയാണ്!) പുരോഗമനകാരികളെ സംബന്ധിച്ചിടത്തോളം കാലാകാലമായി ക്ലാസ്‌റൂം ഒരു പിന്തിരിപ്പൻ സ്ഥലമാണ് .

ഡിഗ്രി പഠനത്തിനായി ബ്രണ്ണൻ കോളേജിലെ ഫിലോസഫി വിഭാഗത്തിൽ എത്തിയപ്പോൾ ആദ്യത്തെ ക്ലാസിൽ പോക്കർ മാഷാണ് വന്നത്. ഞാൻ ആണെങ്കിൽ കെ.വേണുവിന്റെ "പ്രപഞ്ചവും മനുഷ്യനും' ഒക്കെ വായിച്ച ആധികാരികതയിൽ ഇനി എന്തോന്ന് പഠിക്കാൻ എന്ന മൂഡിലാണ്. വിപ്ലവോചിതമായി ലാസ്റ്റ് ബഞ്ചിൽ സ്ഥാനം പിടിച്ചു. ബാക്ക് ബഞ്ചുകാരോട് ചോദ്യം ചോദിക്കുക എന്ന ആചാരം അക്കാലത്തുമുണ്ട്. എന്താണ് ഫിലോസഫി എന്ന് എന്നോട് ചോദ്യം. കെ. വേണുവിന്റെ വക ലഭിച്ച എന്തോ നിർവചനം മറുപടി. കാര്യങ്ങൾ അവിടം കൊണ്ട് നിന്നില്ല. പോക്കർ മാഷ് പറഞ്ഞത് മുഴുവൻ പോളോ ഫ്രയറിന്റ ആശയങ്ങളാണ്. ബാങ്കിങ് സിസ്റ്റം എന്നൊക്കെ. അതിന്റെ കാരണം ഈയിടെ, മാഷ് ഒരു പൂർവ വിദ്യാർത്ഥി യോഗത്തിൽ പ്രസംഗിക്കുന്നത് കേട്ടപ്പോഴാണ് മനസ്സിലായത്.

കോഴിക്കോട്ടെ ബോധി ബുക്‌സിൽ നിന്നും മാഷ് "മർദ്ദിതരുടെ ബോധനശാസ്ത്രം' എന്ന കൃതി വാങ്ങിയ സമയമാണ് അത്. ക്ലാസിൽ അധ്യാപകൻ അധികാരിയാണ് തുടങ്ങിയ കാര്യങ്ങളൊക്കെ കേട്ടപ്പോൾ കൊള്ളാലോ എന്ന് തോന്നി. അതേ സമയം ഒരു വിപ്ലവകാരി അങ്ങനെ എല്ലാം സമ്മതിച്ചു കൊടുക്കാനും പാടില്ല. ബാക്കിയുള്ളവർക്കറിയില്ലെങ്കിലും എനിക്കറിയാമല്ലോ ഞാൻ വിപ്ലവകാരിയാണെന്ന് . "ഇതൊക്കെ പറയുമ്പോഴും മാഷ് ക്ലാസ്സിലെ അധികാരിയാണല്ലോ ' എന്ന് ഒരു കുനുഷ്ട് അങ്ങു കാച്ചി. പോക്കർ മാഷിന് ദേഷ്യം വന്നു. "നിങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ട. എല്ലാരും ക്ലാസ് എടുക്കുന്നത് പോലെ ക്ലാസ് എടുക്കാൻ എനിക്കും അറിയാം'. ഒരു അരസികനും ധിക്കാരിയുമായ അധികപ്രസംഗി എന്ന ഭാവത്തിൽ കുറ്റവാളിയെ നോക്കും പോലെ സഹപാഠികൾ എന്നെ തിരിഞ്ഞു നോക്കി. അതോടെ ഞാൻ ക്ലാസിൽ കയറുന്നത് നിർത്തി. വിപ്ലവോചിതമായ ഒരു കാരണമാണല്ലോ കഷ്ടപ്പെട്ട് സമ്പാദിച്ചിരിക്കുന്നത് ! കോളേജിന് മുന്നിൽ നാണുവേട്ടന്റെ ചായക്കടയുണ്ട്. അവിടെ ഒരു ഭാഗത്ത് ഞങ്ങൾ കേറിത്താമസമായി .

അറിയാനും അറിയിക്കാനുമുള്ള പുതിയ രീതികൾ കണ്ടെത്തുക എന്ന ഉത്തരവാദിത്തം ക്ലാസ് റൂമിൽ ഉള്ള അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെയാണ്

2013 ലാണ് എനിക്ക് അധ്യാപകനായി ജോലി കിട്ടുന്നത്. മഹാരാജാസ് കോളേജിൽ ജോലി കിട്ടി എന്ന് ഫേസ് ബുക്കിൽ പോസ്റ്റിട്ടപ്പോൾ ടി.പി.രാജീവൻ വക നെഞ്ചത്ത് കുത്തും പോലെ ഒരു കമന്റ് : "കാലം എല്ലാവരോടും പ്രതികാരം ചെയ്യുന്നു !' ശരിയാണ്. പോക്കർ മാഷുടെ സ്ഥാനത്തായി ഞാൻ. ക്ലാസ് റൂം ഉപേക്ഷിക്കാൻ പറ്റില്ല. അങ്ങനെ ഗത്യന്തരമില്ലാതെ ജീവിതത്തിൽ നല്ലൊരു സമയം ഇനി മേൽ കഴിച്ചു കൂട്ടേണ്ട ഈ സ്ഥലം സംവാദാത്മകവും സർഗ്ഗാത്മകവുമാക്കാൻ എന്തുണ്ട് വഴി എന്ന് പ്രായോഗികമായും സൈദ്ധാന്തികമായും അന്വേഷണങ്ങൾ തുടങ്ങി. ചെറിയ വിജയങ്ങളൊക്കെ ഉണ്ടായി ( വീടിന്റെ കാര്യത്തിൽ എന്ന പോലെ). സൈദ്ധാന്തികമായി എന്നെ ഹഠാദാകർഷിച്ചത് ബെൽ ഹൂക്‌സിന്റെ നിലപാടുകളാണ്.. അതിന്റെ ആവേശത്തിൽ "ക്ലാസ് റൂം തിരിച്ചു പിടിക്കുക' എന്ന ലേഖനം പോലുമെഴുതി. പഠിക്കുന്ന കാലത്ത് ഒറ്റ ക്ലാസിൽ കേറാത്ത ആളാണിങ്ങനെ ആഹ്വാനം ചെയ്യുന്നത് എന്നോർക്കണം.

ദിലീപ് രാജ്, പി.കെ. പോക്കർ

ടീച്ചിങ് ടു ട്രാൻസ്‌ഗ്രെസ്സ് : എജുക്കേഷൻ ആസ് ദി പ്രാക്ടീസ് ഓഫ് ഫ്രീഡം എന്ന പുസ്തകത്തിൽ ബെൽ ഹൂക്‌സ് നൽകുന്നത് അധ്യാപനത്തിലെ ആനന്ദം അതിൽ തന്നെ ഒരു പ്രതിരോധമാണെന്ന അനുഭവസാക്ഷ്യമാണ്. അറിയാനും അറിയിക്കാനുമുള്ള പുതിയ രീതികൾ കണ്ടെത്തുക എന്ന ഉത്തരവാദിത്തം ക്ലാസ് റൂമിൽ ഉള്ള അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെയാണ്. പൊതുവെയുള്ള ധാരണ നല്ല പ്രഭാഷകരാണ് നല്ല അധ്യാപകർ എന്നാണ്. ക്ലാസ് റൂമിന്റെ ഏകാധിപതികളാവരുത് അധ്യാപകർ. ബെൽ ഹൂക്‌സ് ഒരു പഠിപ്പ് - സമുദായം(learning community ) ക്ലാസ്സിൽ എങ്ങനെ രൂപപെടുത്താം എന്ന ആലോചനകളാണ് നടത്തുന്നത് .പോളോ ഫ്രയർ തന്നെയാണ് അവരുടെ സഹചാരി.

ക്ലാസ് റൂമിൽ ഒരു നിശ്ചിത സമയത്തേക്ക് ഒന്നിച്ചു കൂടുന്ന എല്ലാവരും തങ്ങളുടെ കൈവശമുള്ള വിഭവങ്ങൾ പൊതുവായി പങ്കിടാൻ തയ്യാറാവുമ്പോഴാണ് ഒരു പഠിപ്പ് സമുദായം ഉണ്ടാവുക .ഇത്രയധികം പേരുള്ള ഒരു സ്ഥലം ബോറാണെങ്കിൽ അതിന്റെ ഉത്തരവാദിത്തവും അവർക്കെല്ലാവർക്കും ഉണ്ടായിരിക്കണ്ടേ ? ഹൂക്‌സ് ചോദിക്കുന്നു .

പ്രഭാഷണങ്ങൾ ഏകഭാഷണങ്ങളാണ്. അതിൽ സംവാദം വിഷമമാണ്. സ്വന്തം അറിവോ അറിവില്ലായ്മയോ മാത്രമേ പ്രഭാഷണം വഴി വെളിപ്പെടുകയുള്ളൂ. സംഭാഷണങ്ങളിൽ കൂട്ടായ്മയുണ്ട്. പങ്കുവെക്കലുണ്ട്. സംഭാഷണങ്ങളുടെ മുന്നുപാധി പരസ്പര സഹകരണമാണ്.

അധ്യാപകർ നിരന്തരം ചെയ്യുന്ന ഒരു കാര്യം പാഠഭാഗങ്ങൾ വായിച്ച ശേഷം അത് വിശദീകരിക്കുക എന്നതാണ്. ആർക്കു വേണ്ടിയാണ് വിശദീകരണം? വായിച്ചു മനസ്സിലാവാത്തവർക്കു വേണ്ടിയോ? കൊറോണ കാരണം ഓൺലൈൻ ആയി പഠനം നടത്തേണ്ടി വരുമ്പോഴുള്ള ഒരു വെല്ലുവിളി ഇതാണ്.

അധ്യാപകർ നിരന്തരം ചെയ്യുന്ന ഒരു കാര്യം പാഠഭാഗങ്ങൾ വായിച്ച ശേഷം അത് വിശദീകരിക്കുക എന്നതാണ്. ആർക്കു വേണ്ടിയാണ് വിശദീകരണം? വായിച്ചു മനസ്സിലാവാത്തവർക്കു വേണ്ടിയോ? കൊറോണ കാരണം ഓൺലൈൻ ആയി പഠനം നടത്തേണ്ടി വരുമ്പോഴുള്ള ഒരു വെല്ലുവിളി ഇതാണ്. പഠന സാമഗ്രികൾ പഠിതാക്കൾ സ്വയം വായിച്ചും കേട്ടും കണ്ടുമൊക്കെ മനസ്സിലാക്കുന്നു എന്ന് വെക്കുക. സ്ഥിരം പണി, അതായത് വിശദീകരണം അനാവശ്യമായി മാറും. അധ്യാപകർ അനുഭവിക്കുന്ന അധികാരം നഷ്ടപ്പെടും.
അധ്യാപകർ അനാവശ്യമാണ് എന്നല്ല ഇതിനർത്ഥം. അവരുടെ വിശദീകരണങ്ങൾ പലപ്പോഴും അനാവശ്യമാണ് എന്നാണ്. തങ്ങൾ ജ്ഞാനികളാണ് എന്ന തെറ്റിദ്ധാരണ അധ്യാപകർ ഉപേക്ഷിക്കണം .

പോളോ ഫ്രയറിന്റെ പെഡഗോഗി ഓഫ് ദി ഒപ്രെസ്സ്ഡ് ഈയിടെ ഒന്നു കൂടി എടുത്തു വായിച്ചപ്പോൾ അദ്ദേഹം വളരെ വ്യക്തമായി ഇക്കാര്യം പറഞ്ഞു വെച്ചത് കണ്ടു . "കഥപറച്ചിൽ രോഗം ' എന്നാണദ്ദേഹം ഇതിനെ വിളിക്കുന്നത്. പുസ്തകത്തിലെ നാലാമധ്യായത്തിൽ വളരെ വിശദമായി ഈ രോഗം പരിശോധിക്കപ്പെടുന്നു . "ഒന്നും ഒന്നും രണ്ട് ' എന്ന് ക്ലാസിൽ നിന്ന് ഹുംകാരത്തോടെ മുഴങ്ങുമ്പോൾ കുട്ടികൾ അതോർത്തു വെക്കുന്നു. ആവർത്തിക്കുന്നു. എന്നാൽ എന്താണത് എന്ന് ഒരിക്കലും സ്വയം ചിന്തിക്കുന്നില്ല. ഇങ്ങനെ ശീലിക്കുന്ന കുട്ടികൾ സംഭരണികളായി (containers) മാറുന്നു.

പി.കെ. പോക്കർ, ദിലീപ് രാജ്,

അതായത് അറിവ് കൊണ്ട് നിറക്കേണ്ട ഭരണികൾ ( receptacles). ഇങ്ങനെ നിക്ഷേപിക്കേണ്ട ചുമതല അധ്യാപകർക്കാണ്. ഈ രീതിയെ മുൻ നിർത്തിയാണ് ഫ്രയർ വിദ്യാഭ്യാസത്തിൽ ഉള്ളത് ബാങ്കിങ് സിസ്റ്റമാണ് എന്ന് പറയുന്നത്. അദ്ദേഹം പറയുന്നു : "വിദ്യാർഥികൾ എന്താണോ അതിനു നേർ വിരുദ്ധമാണ് തങ്ങൾ എന്ന പ്രതീതിയാണ് അധ്യാപകർ അവരിൽ സൃഷ്ടിക്കുന്നത്. സ്വന്തം നിലനിൽപ്പിനു സാധൂകരണമായി അവർ വിദ്യാർഥികൾ സമ്പൂർണമായും അജ്ഞരാണെന്നു വരുത്തുന്നു . ഹെഗേലിയൻ ഡയലക്റ്റിക്കിലെ അടിമയുടേത് മാതിരി വിദ്യാർഥികൾ സ്വന്തം അജ്ഞത സ്വയമേറ്റെടുക്കുകയും അധ്യാപർ അനിവാര്യമാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു' (പുറം 72 ). പലരും വിചാരിക്കുന്നത് സംവാദം എന്ന ഒരു പഠന രീതി നിർദേശിച്ച ആളാണ് പോളോ ഫ്രയർ എന്നാണ്. സംവാദം അദ്ദേഹത്തിനു കേവലമൊരു സങ്കേതമല്ല. ഒരു ജ്ഞാനസിദ്ധാന്തപരമായ ബന്ധമാണ്. സാമൂഹികമായ പ്രക്രിയയാണ് അറിയൽ. അതു കൊണ്ടു തന്നെ അറിയുന്നതിന്റെയും പഠിക്കുന്നതിന്റെയും മാർഗ്ഗം സംവാദമാണ്.

ഡിഗ്രി പഠന കാലത്ത് ഞാൻ കയറിയ ഒരേയൊരു ക്ലാസിൽ നിന്നാണ് ബാങ്കിങ് സിസ്റ്റം എന്ന വാക്ക് മനസ്സിൽ കടന്നു കൂടിയത്. ആ വാക്കിന് എന്നിൽ ഒരു ജീവിതമുണ്ട്. എന്റെ ജീവിതം എന്നാൽ അതിൽ കയറിക്കൂടിയ വാക്കുകളും കൂടി ചേർന്നതാണ്. അഥവാ വാക്കുകളും സങ്കൽപ്പനവും ഒക്കെ തനതായ ജീവചരിത്രങ്ങൾ ഉള്ളവയാണ്. മാർക്‌സിസവും അസ്തിത്വവാദവും ഫെമിനിസവുമൊക്കെ പുറത്തു നിന്നും വന്നതാണ് എന്ന് പറയുന്നവർക്ക് മനസ്സിലാവാത്ത ഒരു കാര്യമാണിത്. നമ്മുടെ അസ്തിത്വത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ ഒന്ന് പിന്നെ വൈദേശികമല്ല. മാർക്‌സ് ശ്രീനാരായണ ഗുരുവിനെപ്പോലെ തന്നെ ഒരു കേരളീയ ചിന്തകനാകുന്നു.


Comments