ഇതുപോലൊരുത്തിക്ക് ജന്മം കൊടുക്കാതിരിക്കാന്‍
ഫൂലന്റെ ഗര്‍ഭപാത്രം നീക്കം ചെയ്ത
ജാതി ഇന്ത്യ
ഇതുപോലൊരുത്തിക്ക് ജന്മം കൊടുക്കാതിരിക്കാന്‍ ഫൂലന്റെ ഗര്‍ഭപാത്രം നീക്കം ചെയ്ത ജാതി ഇന്ത്യ
രാഷ്ട്രീയ പരീക്ഷണങ്ങള്‍ ഒട്ടേറെ കണ്ട നാടുകൂടിയാണ് ഉത്തര്‍പ്രദേശ്. ഇന്ത്യ ഭരിച്ച 14 പ്രധാനമന്ത്രിമാരില്‍ ഒന്‍പത് പേരും വിജയിച്ച മണ്ണുകൂടെയാണത്. അവിടെയാണ് ഇപ്പോഴും ജനാധിപത്യവിരുദ്ധമായ ജാതി രാഷ്ട്രീയം കൊടികുത്തി വാഴുന്നത്. എന്നാല്‍ രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ദളിതന്റെ ജാതകം മാറ്റിയ ഒരു പേരുണ്ട്. ദളിതന്‍ മനുഷ്യനാണെന്നും അവന് നീതിവേണമെന്നും ജീവിതം കൊണ്ട് സ്ഥാപിക്കാന്‍ ശ്രമിച്ച വിപ്ലവകാരി. ജാതി രാഷ്ട്രീയത്തിനേറ്റ എക്കാലത്തെയും വലിയ പ്രഹരമാണ് ആ സ്ത്രീജീവിതം. ഫൂലന്‍ ദേവി. ഫൂലന്റെ ജീവിതം ദളിത് സ്ത്രീയുടെ പച്ചയായ പരിച്ഛേദമായതെങ്ങനെ. 'ഡല്‍ഹി ലെന്‍സ്' പരമ്പര തുടരുന്നു.
31 Jul 2022, 02:34 PM
2020 സെപ്തംബര്‍ 16. അവളുടെ ശരീരം കത്തിച്ച ഗോതമ്പു പാടത്ത് എത്തിയപ്പോഴേക്കും സന്ധ്യയായി. നോക്കെത്താ ദൂരം പരന്നു കിടക്കുന്ന പാടങ്ങള്‍ക്ക് നടുവില്‍ ചെറിയൊരു ചാരക്കൂന. രണ്ടു ദിവസം മുന്‍പ് പൊലീസ് കത്തിച്ചു കളഞ്ഞതാണ്. അതിവേഗം കത്തിച്ചു തീര്‍ക്കാന്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെ പലതും ഉപയോഗിച്ചെന്ന് ഗ്രാമവാസികള്‍ ഭീതിയോടെ പറഞ്ഞു. പ്രാണനറ്റ ആ ശരീരത്തെ ഭരണകൂടം എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നത് വ്യക്തം.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അവളെ ഠാക്കൂറുകള്‍ ബലാത്സംഗം ചെയ്ത് മൃതപ്രായമാക്കിയതും അതേ പാടത്താണ്. അവള്‍ ചെയ്ത കുറ്റം ദളിത് ആയി ജനിച്ചു എന്നതാണ്. ഒരു സ്ത്രീ ആയത് മറ്റൊരു തെറ്റായി. ലൈംഗികാതിക്രമത്തിനും ഭരണകൂട ക്രൂരതയ്ക്കും ഇരയാകാന്‍ ഉത്തര്‍ പ്രദേശില്‍ ഈ വിശേഷണങ്ങള്‍ ധാരാളം. എല്ലാത്തിനും സാക്ഷിയായ ഹത്രാസിലെ ആകാശത്തിനപ്പോള്‍ ചുവന്ന നിറമായിരുന്നു. രോഷത്തിന്റെ ആ നിറം മണ്ണിലും പ്രതിഫലിച്ചു.
ഓരോ തവണ കാറ്റടിക്കുമ്പോഴും അവശേഷിച്ച ചാരം അവിടമാകെ പരന്നു. വിളഞ്ഞ് മൂപ്പെത്തിയ ഗോതമ്പ് കതിരിലും അവളുടെ നിലച്ചു പോയ സ്വപ്നങ്ങള്‍ പാറി വീണു കിടക്കുന്നുണ്ട്. നോക്കിനില്‍ക്കെ പാടങ്ങളില്‍ ഇരുട്ട് പടര്‍ന്നു. ഭീതിപ്പെടുത്തുന്ന നിശബ്ദതയാണ് എങ്ങും. പിച്ചവച്ച പാടവരമ്പിലാണ് സ്വപ്നങ്ങള്‍ കരിഞ്ഞ് ചാരമായത്. അവളില്ലാത്ത പ്രകൃതി ജീവനറ്റപോലെ നിശ്ചലമായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും ഹത്രാസിലെ ഓര്‍മ്മകള്‍ വേദനയാണ്.

രാം ശേഖറിനെ കാണുന്നത് ആ പാടവരമ്പില്‍ നിന്നാണ്. മലയാളിയാണെന്ന് അറിഞ്ഞപ്പോള്‍ ഭയമില്ലാതെ മനസുതുറന്നു. സവര്‍ണ്ണ വിഭാഗമായ ഠാക്കൂറുകളുടെ ക്രൂരതകള്‍ ഒന്നൊന്നായി പറഞ്ഞു. അദ്ദേഹത്തിന്റെ മകള്‍ പത്താം ക്ലാസ് ജയിച്ചപ്പോള്‍ അര്‍ദ്ധരാത്രി വീട്ടിലേക്ക് കല്ലെറിഞ്ഞാണ് ഠാക്കൂറുകള്‍ ആഘോഷിച്ചത്. സമാന രീതിയിലാണ് ദളിതന്റെ ഓരോ മുന്നേറ്റത്തെയും സവര്‍ണ്ണ ജനത കൈകാര്യം ചെയ്യുന്നത്. കൂലി കൂട്ടിത്തരണമെന്ന് പറഞ്ഞതിന്റെ പേരില്‍ സവര്‍ണ്ണര്‍ ബഹിഷ്‌ക്കരിച്ച കര്‍ഷക കുടുംബങ്ങളും ഗ്രാമത്തിലുണ്ട്. ഠാക്കൂറുകള്‍ ബഹിഷ്‌ക്കരിച്ചാല്‍ കടയില്‍ നിന്ന് സാധനങ്ങള്‍പോലും കിട്ടില്ല. ഇത്തരത്തില്‍ മനുഷ്യരാശിയെ പതിറ്റാണ്ടുകള്‍ പുറകോട്ട് വലിച്ചോടുന്ന ജാതി ഗ്രാമങ്ങള്‍ ഉത്തരേന്ത്യയില്‍ സജീവമാണ്.
രാഷ്ട്രീയ പരീക്ഷണങ്ങള്‍ ഒട്ടേറെ കണ്ട നാടുകൂടിയാണ് ഉത്തര്‍പ്രദേശ്. ഇന്ത്യ ഭരിച്ച 14 പ്രധാനമന്ത്രിമാരില്‍ ഒന്‍പത് പേരും വിജയിച്ച മണ്ണുകൂടെയാണത്. അവിടെയാണ് ഇപ്പോഴും ജനാധിപത്യവിരുദ്ധമായ ജാതി രാഷ്ട്രീയം കൊടികുത്തി വാഴുന്നത്. എന്നാല്‍ രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ദളിതന്റെ ജാതകം മാറ്റിയ ഒരു പേരുണ്ട്. ദളിതന്‍ മനുഷ്യനാണെന്നും അവന് നീതിവേണമെന്നും ജീവിതം കൊണ്ട് സ്ഥാപിക്കാന്‍ ശ്രമിച്ച വിപ്ലവകാരി. ജാതി രാഷ്ട്രീയത്തിനേറ്റ എക്കാലത്തെയും വലിയ പ്രഹരമാണ് ആ സ്ത്രീജീവിതം. ഫൂലന്‍ ദേവി. മുട്ടുമടക്കി സവര്‍ണ്ണ പുരുഷാധിപത്യം വിറച്ചുനിന്നിട്ടുണ്ടെങ്കില്‍ അത് ഫൂലന് മുന്നില്‍ മാത്രമാണ്.
ആയുധമെടുത്ത് കൂട്ടകൊലകള്‍ വരെ നടത്തിയ ഫൂലന്‍ ദേവിയെ പൂര്‍ണ്ണമായും ശരിവക്കുകയല്ല. ജനാധിപത്യ മതേതര ഇന്ത്യക്ക് അത് മികച്ച മാതൃകയാണെന്ന അഭിപ്രായവുമില്ല. എന്നാല്‍ ഒന്നുറച്ചു പറയാന്‍ സാധിക്കും, ഫൂലന്റെ ജീവിതം ദളിത് സ്ത്രീയുടെ പച്ചയായ പരിച്ഛേദമാണ്. ദളിതായി ജനിക്കുന്നതുപോലും കുറ്റകൃത്യമാകുന്ന സമൂഹത്തില്‍ ഫൂലനില്‍ ശരിയുണ്ടാകുന്നത് അതുകൊണ്ടാണ്. ക്രൂരമായ ജീവിത പരിസരങ്ങളോട് പോരാടാനുറച്ച അപൂര്‍വ്വം സ്ത്രീജീവിതങ്ങളില്‍ ഒന്നാണവര്‍. നടന്നു തീര്‍ത്ത വഴികളിലൊക്കെയും സവര്‍ണ്ണതയുടെ തീക്ഷ്ണമായ ഗന്ധമുണ്ട്. മനുഷ്യത്വമറ്റ ഉത്തരേന്ത്യന്‍ ജാതി മാഫിയയുടെ ചെറു ചരിത്രമാണ് ഫൂലന്റെ ജീവിതം. അക്കാലം ഒട്ടും പുറകിലല്ലെന്ന് ഹാത്രസ് ഉള്‍പ്പെടെ അടിവരയിടുന്നുണ്ട്. അത്തരം ജാതി ഗ്രാമങ്ങളില്‍ ജീവനറ്റ് ചാരമാകുന്ന ദളിത് ശരീരത്തെ ഓര്‍മ്മപ്പെടുത്തുകയാണ് ഫൂലനിലൂടെ.
ദളിതിനുള്ളിലെ ദളിതാണ് സ്ത്രീ
ഉത്തര്‍പ്രദേശിലെ ഗുറാ കാ പുര്‍വ്വ എന്ന ഗ്രാമത്തില്‍ 1963 ലാണ് ഫൂലന്‍ ജനിച്ചുവളര്‍ന്നത്. അന്ന് ദളിതനെ തൊട്ട കാറ്റിനുപോലും അയിത്തമാണ്. സവര്‍ണ്ണ വിഭാഗമായ ഠാക്കൂറുകളായിരുന്നു ഗ്രാമത്തിന്റെ അധികാരികള്‍. അവര്‍ തീരുമാനിക്കുന്നതെ ഗ്രാമത്തില്‍ നടക്കൂ. കീഴ്‌പ്പെട്ട് ജീവിക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. ഫൂലന് പതിനൊന്നാമത്തെ വയസ്സില്‍ മുപ്പതുകാരനെ കല്ല്യാണം കഴിക്കേണ്ടിവന്നതിന് പുറകിലും ആ നിയമങ്ങളാണ്. മുതിര്‍ന്ന ഠാക്കൂറുകളുടെ സംഘമാണ് ഗ്രാമത്തിലെ ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നത്. ഠാക്കൂറുകള്‍ പ്രതിയായാലും ശിക്ഷ അനുഭവിക്കേണ്ടത് വാദിയായ അവര്‍ണ്ണനായിരിക്കും. ഈ രീതിയിലാണ് പഞ്ചായത്ത് ശിക്ഷ വിധിക്കുക.

പതിനൊന്നുകാരിയായ ഫൂലനെ അതിക്രൂരമായാണ് ഭര്‍ത്താവ് ബലാത്സംഗം ചെയ്തത്. പേശികളുറക്കാത്ത പ്രായത്തില്‍ ശരീരത്തിനേറ്റ ആക്രമണത്തില്‍ നിവര്‍ന്നുനില്‍ക്കാനാവാതെ ദിവസങ്ങളോളം നരകിച്ചു. അവിടം വിട്ടോടി തിരികെ വീട്ടില്‍ വന്നെങ്കിലും ഗ്രാമവാസികള്‍ മോശക്കാരിയായ ഒരുവളായാണ് കണ്ടത്. വീട്ടിലെ മുതിര്‍ന്നവരും അത് ആവര്‍ത്തിച്ചു. അക്കാലത്ത് വിറകുശേഖരിക്കുന്നതിനിടക്ക് ഠാക്കൂറുകാരനായ ഒരു പയ്യന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. രക്ഷപ്പെട്ട് ആശ്രയം തേടി എത്തിയത് ഗ്രാമത്തിലെ ഖാപ്പ് പഞ്ചായത്തിന് മുന്നിലാണ്. എന്നാല്‍ ഫൂലനെ തകര്‍ക്കുന്നതായിരുന്നു പഞ്ചായത്തിന്റെ തീരുമാനം. വളരെ മോശം സ്വഭാവമുള്ള ഫൂലനെ നാടുകടത്തണമെന്നാണ് ഗ്രാമമുഖ്യന്‍ പറഞ്ഞത്.
അലഞ്ഞുതിരിഞ്ഞ് മാസങ്ങള്‍ക്കുശേഷം വീണ്ടും ഗ്രാമത്തിലെത്തിയ ഫൂലനെ ഠാക്കൂറുകള്‍ ശത്രുവായി പ്രഖ്യാപിച്ചു. ഫൂലന്‍ കൊള്ളക്കാരിയാണെന്ന് ആരോപിച്ചു പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചു. പൊലീസ് സ്റ്റേഷനില്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി. പിന്നിപ്പറഞ്ഞ ശരീരവുമായി ഗ്രാമത്തിലെത്തിയ ഫൂലനെ കാത്തിരുന്നത് മറ്റൊരു ദുരന്തമാണ്. ബാബു ഗുജ്ജര്‍ എന്ന കൊള്ളക്കാരന്‍ അന്നുരാത്രിതന്നെ ഫൂലനെ തട്ടിക്കൊണ്ടുപോയി. അവരുടെ സങ്കേതങ്ങളില്‍ വച്ച് വീണ്ടും വീണ്ടും അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. ശരീരം അല്‍പ്പപ്രാണന്‍ മാത്രമവശേഷിച്ച പഴംതുണിയായി. എന്നിട്ടും പുരുഷ കാമം അവളുടെ ജീവനെ വെല്ലുവിളിച്ചു.
കാലാകാലങ്ങളായി സ്ത്രീകള്‍ക്ക് മേല്‍ തുടരുന്ന അധിനിവേശത്തിന്റെ ഒരു പേരുമാത്രമാണ് ഫൂലന്‍. എവിടെയും രേഖപ്പെടുത്താത്ത നിശബ്ദരായ സ്ത്രീകള്‍ എണ്ണമറ്റതാകും. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ അത്തരം സാധ്യതകളെ കൂടുതല്‍ ഉറപ്പിക്കുന്നതാണ്. ഓരോ പത്തു മിനുട്ടിലും രാജ്യത്ത് ഒരു ദളിതന്‍ അക്രമിക്കപ്പെടുന്നുണ്ട്. 9.4% വര്‍ദ്ധനയാണ് 2020 ഇല്‍ മാത്രം ഉണ്ടായത്. 12 പേരെങ്കിലും ജാതി വിവേചനത്തിന്റെ പേരില്‍ ദിനം പ്രതി ആക്രമിക്കപ്പെടുന്നുമുണ്ട്. 2020 ഇല്‍ മാത്രം 3,372 ദളിത് സ്ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. 2018 ലെ കണക്കുകള്‍ പ്രകാരം ബലാത്സംഗം ചെയ്യപ്പെട്ടതില്‍ 871 പേര്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ളവരാണ്.
രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഫൂലന്‍ കടന്നുവന്ന ഗ്രാമങ്ങള്‍ കൂടുതല്‍ വികൃതമായ ജാതി ബോധത്തിന് അടിമപ്പെട്ടു എന്നതാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ജാതീയമായി ആക്രമിക്കപ്പെടുന്നവരില്‍ മഹാഭൂരിഭാഗവും ദളിത് സ്ത്രീകളാണ്. വീട്ടകങ്ങളില്‍ പോലും വലിയ പുരുഷാധിപത്യത്തിനും ഇവര്‍ ഇരയാവുന്നുണ്ട്. ഇരട്ട പ്രഹരമാണ് യഥാര്‍ത്ഥത്തിലത്.
ജാതി പൂക്കുന്ന മണ്ണ്
വിക്രം മല്ല മസ്തനയാണ് ആദ്യമായി ഫൂലനെ സ്ത്രീയായി ഉള്‍ക്കൊണ്ട മനുഷ്യന്‍. കൊള്ളക്കാരുടെ തലവനായ ഗുജ്ജര്‍ ഫൂലനെ ബലാത്സംഗം ചെയ്യുന്നത് നോക്കി നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അടുത്ത നിമിഷം ഗുജ്ജറിന്റെ തലയോട്ടി തുളച്ചുകൊണ്ട് വിക്രം മല്ല വെടിയുണ്ട പായിച്ചു. നഗ്‌നമായ ഫൂലന്റെ ശരീരത്തിലേക്ക് തെറിച്ചു വീണ നീതിയായിരുന്നു ആ രക്തം. ഫൂലനെ വിക്രം മല്ല ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്തി. ആയുധാഭ്യാസവും ആയോധനകലയും പരിശീലിപ്പിച്ചു. ആദ്യ പ്രതികാരത്തിനുള്ള അവസരമുണ്ടാക്കി കൊടുത്തതും അദ്ദേഹമാണ്. പതിനൊന്നാമത്തെ വയസ്സില്‍ വിവാഹം ചെയ്ത് ജീവിതം അനാഥമാക്കിയ നാരദമന്റെ അടുത്തേക്കാണ് ആദ്യം പോയത്. അയാളുടെ ജീവനെടുക്കാതെ മൃത പ്രാണനാക്കിയാണ് ഫൂലന്‍ നീതി നടപ്പാക്കിയത്.

ഠാക്കൂറുകളുടെ നിരന്തര പീഠനങ്ങള്‍ക്ക് ഇരയാകുന്ന ഗ്രാമത്തിലേക്കാണ് പിന്നീടവര്‍ പോയത്. വിക്രം മല്ലക്ക് സ്വാധീനമുള്ള ഗ്രാമമായിരുന്നു അത്. അവരെ കണ്ടതും ഗ്രാമവാസികള്‍ തടിച്ചു കൂടി. നാടിന്റെ ദൈവമായ ഭവാനി ദേവിയുടെ സന്നിധിയിലേക്ക് ഗ്രാമവാസികള്‍ക്കൊപ്പം ജാഥയായി ചെന്നു. ദുര്‍ഖാസന്നിധിയില്‍ നിന്നും ചുവന്ന പട്ടെടുത്ത് വിക്രം മല്ല ഫൂലന്റെ നെറ്റിയില്‍ കെട്ടി. ഗ്രാമത്തെ രക്ഷിക്കാന്‍ പിറവിയെടുത്ത ദേവിയുടെ അവതാരമായി ഫൂലനെ വിക്രം മല്ല അവതരിപ്പിച്ചു. ഫൂലന്റെ കൂടെ ദേവിയെന്ന പേരുകൂടി ചേര്‍ത്തു, ഫൂലന്‍ ദേവിയെന്ന് പ്രഖ്യാപിച്ചു. ഗ്രാമവാസികള്‍ ഒന്നടങ്കം ഫൂലന്‍ ദേവിക്കുമുന്നില്‍ കൈകൂപ്പി ജയ് വിളിച്ചു.
ചെറിയ സമയത്തിനുള്ളില്‍ ചമ്പലിനെ വിറപ്പിക്കുന്ന പേരായി ഫൂലന്‍ ദേവി മാറി. അണുവിട തെറ്റാതെ വെടിയുതിര്‍ക്കാനുള്ള കഴിവും സവര്‍ണ്ണ ജനതയെ നിരന്തരം ഭീതിയിലാഴ്ത്തി. അടുത്ത പ്രതികാരത്തിനായി കടന്നുചെന്നത് ബെഹ്‌മയി ഗ്രാമത്തിലേക്കാണ്. തന്നെ ബലാത്സംഗം ചെയ്ത് നഗ്നയായി വലിച്ചിഴച്ച് കൊണ്ടുപോയ വഴിയിലൂടെ തോക്കേന്തി നെഞ്ചുവിരിച്ചു നടന്നു. ആ കാഴ്ച്ചയില്‍ നടുങ്ങിപ്പോയ സവര്‍ണ്ണര്‍ ഓടിയൊളിച്ചു. രക്ത ദാഹിയായ കാളിയെപോലെ ഫൂലന്‍ ദേവി അന്നവിടെ കലിതുള്ളി ആടി. നഗ്‌നയായി നില്‍ക്കേണ്ടി വന്ന കിണറ്റിന്‍ കരയില്‍ അപ്പോഴവിടെ ഉണ്ടായിരുന്ന ആണുങ്ങളെ മുഴുവന്‍ കൊണ്ടുവന്ന് ഏത്തമിടീച്ചു. പ്രതികാരം അടങ്ങാതെ ഓരോരുത്തരെയായി വെടിവച്ചുകൊന്നു. 21 രജ്പുത്ത് വിഭാഗത്തില്‍ പെട്ട പുരുഷന്മാരെയാണ് ഇരുട്ടി വെളുക്കും മുന്‍പ് കൊന്ന് കിണറ്റില്‍ തള്ളിയത്.

അന്നത്തെ കൂട്ടക്കൊല രാജ്യത്തെയാകെ പിടിച്ചുകുലിക്കി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വി പി സിങ്ങിന്റെ രാജിവരെ അത് നീണ്ടു. സവര്‍ണ്ണര്‍ ഫൂലന്റെ രക്തത്തിനായി ഓടിനടന്നു. ഭരണകൂടവും സര്‍വ്വ സന്നാഹങ്ങളുമായി കാടുകയറി. എന്നാല്‍ ചമ്പല്‍ കാടുകളില്‍ പതിഞ്ഞ ഫൂലന്റെ അടുത്തെത്താന്‍പോലും അവര്‍ക്കായില്ല. കൊള്ളക്കാരുടെ രാജ്ഞി എന്ന വിളിപ്പേരുകിട്ടുന്നതും അക്കാലത്താണ്. വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാം മടുത്ത ഫൂലന്‍ ഇന്ദിരാഗാന്ധിയുടെകൂടി ആവശ്യപ്രകാരം ഉപാധികളോടെ കീഴടങ്ങാന്‍ തീരുമാനിച്ചു. ഒരു കാലഘട്ടത്തിനാണ് അവിടെ വിരാമമായത്. അത്രമേല്‍ ചോരചിന്തിയിട്ടും തുടങ്ങിയ ഇടത്തുതന്നെ ജാതി ഉഗ്രരൂപം പൂണ്ട് നില്‍ക്കുന്നു എന്നതാണ് ഇന്നിന്റെ യാഥാര്‍ഥ്യം.
കോണ്‍ഗ്രസ്സും, ബി എസ് പിയും, എസ് പിയും ഭരിച്ച സംസഥാനമാണ് ഉത്തര്‍പ്രദേശ്. ജാതി വ്യസ്ഥയില്‍ മനം നൊന്ത് ബുദ്ധമതത്തിന്റെ ഭാഗമാവുകയാണെന്ന് പ്രഖ്യാപിച്ച മായാവതിയും ഭരണത്തില്‍ കയറിയപ്പോള്‍ കവാത്തുമറന്ന മനുഷ്യനായി. ദളിത് നേതാക്കളുടെ പ്രതിമ സ്ഥാപിക്കലും മറ്റുമായി തൊലിപ്പുറത്ത് മാത്രമുള്ള ചികിത്സക്കെ അവര്‍ക്കും സാധിച്ചൊള്ളു. സവര്‍ണ്ണരുടെ ജാതീയമായ അഹന്ത ദിനംപ്രതി കൂടുകയല്ലാതെ കുറഞ്ഞില്ല.
കോണ്‍ഗ്രസ്സ് തകര്‍ന്നടിഞ്ഞപ്പോള്‍ മറ്റ് മതേതര സ്വഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നിട്ടും മാറ്റമുണ്ടായില്ല. ഹിന്ദുത്വവാദം ഉയര്‍ത്തി രണ്ടാം തവണയും അധികാരത്തില്‍ വന്ന ബി ജെപിക്കും സവര്‍ണ്ണതയുടെ മുന്നില്‍ കൈകൂപ്പാനെ സാധിച്ചൊള്ളു. ദളിതന്‍ അപ്പോഴും അവര്‍ പറയുന്ന ഹിന്ദുവിന് പുറത്തായിരുന്നു. ഭരണഘടന ശക്തമായി പുറന്തള്ളിയ ജാതി വ്യവസ്ഥ ഇപ്പോഴും ഗ്രാമങ്ങളെ ഭരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. മാറി മാറി വന്ന ഭരണകൂടത്തിന്റെ സവര്‍ണ്ണ താല്പര്യങ്ങള്‍ അടിവരയിടുന്നതാണ് ഇന്നും ഉത്തര്‍പ്രദേശില്‍ നടക്കുന്ന ജാതിയുടെ പേരിലുള്ള ക്രൂരതകള്‍.

ഇനിയൊരുത്തിക്കും ജന്മം കൊടുക്കരുത്
അന്ന് മഹാത്മാഗാന്ധിയെയും ദുര്‍ഗാദേവിയെയും സാക്ഷിയാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍സിങ്ങിന് മുന്നിലാണ് ഫൂലന്‍ ആയുധം വച്ച് കീഴടങ്ങിയത്. ഉത്തര്‍ പ്രദേശിലെ ഭരണകൂടത്തെ വിശ്വാസമില്ലാത്തതുകൊണ്ടാണ് കീഴടങ്ങുന്നത് മധ്യപ്രദേശിലേക്ക് മാറ്റിയത്. അയ്യായിരത്തിലധികം ഗ്രാമീണരും ഫൂലനെ കാണാന്‍ അന്നവിടെ തടിച്ചു കൂടിയിട്ടുണ്ട്. നാല്പത്തിയെട്ടു കുറ്റങ്ങളില്‍ വിചാരണചെയ്യപ്പെട്ടെങ്കിലും പതിനൊന്നു വര്‍ഷം കൊണ്ട് ജയില്‍ മോചിതയായി. 1996 ല്‍ മിര്‍സാപൂരില്‍ നിന്നും സമാജ്വാദി പാര്‍ട്ടി പിന്തുണയോടെ ഫൂലന്‍ മത്സരിച്ച് ലോക്സഭയിലെത്തി. 1999 ല്‍ വീണ്ടും വിജയിച്ച ഫൂലനെ നിനച്ചിരിക്കാതെയാണ് പിന്തുടര്‍ന്നെത്തിയ ദുരന്തം കീഴ്‌പ്പെടുത്തിയത്. മൂന്നു പേര്‍ ചേര്‍ന്ന് വെടിവച്ചു കൊല്ലുകയാണുണ്ടായത്. കാലം നിരന്തരം വേട്ടയാടിയ ആ ശരീരത്തില്‍ നിന്നും 9 വെടിയുണ്ടകളാണ് കണ്ടെത്തിയത്.
ഫൂലന്റെ കൊലപാതകരില്‍ ഒരാളായ ഷേര്‍സിംഗ് പറഞ്ഞത്, ഉയര്‍ന്ന ജാതിക്കാരെ കൂട്ടക്കൊല ചെയ്തതിനുള്ള പ്രതികാരമാണെന്നാണ്. അക്കാലത്ത് ഖാപ്പ് പഞ്ചായത്തുകള്‍ക്ക് പുറമെ കാണ്‍പൂരില്‍ ബ്രാഹ്‌മണരുടെ മാഫിയ സംഘങ്ങള്‍ വരെയുണ്ട്. ഇന്നും മറ്റു പലമുഖങ്ങളില്‍ പഴകിദ്രവിച്ച ജാതിബോധവും പേറി അധികാരം കയ്യാളുന്നവര്‍ കുറവല്ല. ലാല്‍ഗഡില്‍ ബലാത്സംഗം ചെയ്ത് ജീവനോടെ കത്തിക്കാന്‍ സവര്‍ണ്ണന് സാധിക്കുന്നതിന് പുറകിലെ പ്രേരണ ഇത്തരം സംഘങ്ങളുടെ പിന്തുണയാണ്. ഉന്നാവില്‍ ഇഷ്ടികകൊണ്ട് അടിച്ചുകൊന്ന അമിത് കുമാറിനും എണ്ണമറ്റ ദളിത് മനുഷ്യര്‍ക്കും നീതി സ്വപ്നങ്ങളില്‍ പോലും സാധ്യമായിട്ടില്ല. ആ കണ്ണികളില്‍ ശ്രദ്ധിക്കപ്പെട്ട ചിലത് മാത്രമാണ് ഹാത്രസ്.

കാലം എത്ര മുന്നോട്ടോടിയാലും ഇവിടെ ഇങ്ങനെയൊക്കെ നടക്കുമെന്ന് ആവര്‍ത്തിച്ചു പറയുന്ന ദാര്‍ഷ്ട്യം ജനാധിപത്യ മതേതര റിപ്പബ്ലിക്കിന് വെല്ലുവിളിയാണ്. എണ്ണമറ്റ നാണിപ്പിക്കുന്ന ഉദാഹരങ്ങളുണ്ട്. അന്ന് ഖുശി നഗറിലെ പോളിയോ വാക്‌സിന്‍ ഉല്‍ഘാടനം മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ആയിരുന്നു. ദളിത് മേഖലയായ അവിടെ തലേ ദിവസം ജില്ലാ ഭരണകൂടം വിതരണം ചെയ്തത് സോപ്പും ഷാംപുവുമാണ്. ഇതാണ് യാഥാര്‍ഥ്യം. ജീവിതത്തിന്റെ ഓരോ അണുവിലും ദളിതര്‍ അനുഭവിക്കുന്നത് അങ്ങേയറ്റം വിവേചനമാണ്.
സ്വന്തം അമ്മയെപ്പോലും കാണിക്കാതെ ഹാത്രസിലെ പെണ്‍കുട്ടിയെ ചുട്ടെരിക്കാന്‍ പൊലീസിന് ധൈര്യം കിട്ടിയതിന് പുറകിലും തലച്ചോറിനുള്ളിലെ ജാതിയാണ്. എല്ലാത്തിലുമുപരി അവര്‍ അത്രെയേ അര്‍ഹിക്കുന്നൊള്ളൂ എന്ന സവര്‍ണ്ണതയുടെ ദാര്‍ഷ്ട്യമാണ്. ഫൂലന്‍ ദേവി കിടന്നിരുന്ന ജയിലിലെ ഡോക്ടര്‍ നടത്തിയ വെളിപ്പെടുത്തല്‍ പോലും ആ മനോഭാവം അടിവരയിടുന്നുണ്ട്. "ഇനി ഇതുപോലൊരുത്തിക്ക് ജന്മം കൊടുക്കാതിരിക്കാന്‍ വേണ്ടിയാണ് ഫൂലന്റെ ഗര്‍ഭപാത്രം നീക്കം ചെയ്തത്'. അയാള്‍ അതുപറഞ്ഞ് ചിരിച്ചു.
വി.കെ. ബാബു
Jan 28, 2023
8 minutes read
ഇ.കെ. ദിനേശന്‍
Jan 25, 2023
5 Minutes Read
എസ്. ജോസഫ്
Jan 17, 2023
8 minutes read
സല്‍വ ഷെറിന്‍
Jan 15, 2023
21 Minutes Read
വി. ഡി. സതീശന്‍
Jan 11, 2023
3 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Jan 09, 2023
5 Minutes Read
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Jan 06, 2023
5 Minutes Read