ഉത്തരാഖണ്ഡിലെ ഗഡ്വാളിൽ ഹാർകിദൂൺ താഴ്‌വരയിലേക്കുള്ള വഴിയിലെ അവസാന ഗ്രാമമാണ് (2650 മീ.) ഹാർകിദൂൺ. യമുനയുടെ പോഷകനദിയായ ടോൺസിന്റെ കൈവഴികളിലൊന്നായ സുപിന്റെ തീരത്താണ് നൂറോളം കുടുംബങ്ങൾ വസിക്കുന്ന ഈ മനോഹര ഗ്രാമം.
ഒരുവശത്ത് ഒസ്ല എന്ന പുരാതന ഗ്രാമം. മറുവശത്ത് ഹാർകിദൂണിലേക്കും ബഡസു ചുരത്തിലേക്കും റുയിൻസാര തടാകത്തിലേക്കുമുള്ള യാത്രികരുടെ ഇടത്താവളമായ സീമ. ടൂറിസത്തിന്റെ സാമ്പത്തിക സാധ്യതകൾ
ഉപയോഗിക്കുമ്പോഴും 'അന്യരെ' സ്വന്തം ഗ്രാമത്തിലേക്കു കടത്താതെ അവർക്കായി ഒരുക്കിയിരിക്കുന്ന അനുബന്ധ ഗ്രാമമാണ് സീമ.
പണ്ട് ദുര്യോധനക്ഷേത്രമായിരുന്നെങ്കിലും ഇപ്പോൾ ശിവനാണ് (സോമേശ്വർജി) ആരാധന. 1974 ൽ ആയിരുന്നു ഈ ദൈവമാറ്റം. ചുറ്റുമുള്ള ഹിമാലയ ഗ്രാമങ്ങളെല്ലാം ശൈവമായിരിക്കുമ്പോൾ ഒസ്ലക്കു മാത്രം ദുര്യോധനപക്ഷത്ത് നിൽക്കാനാവില്ലല്ലോ.
''ഈ മലനിരകളിൽ വളരുന്ന ഒരിനം ചെടിയുണ്ട്. അതിന്റെ റെസിൻ (കറ) എടുക്കലാണെന്റെ ഇപ്പോഴത്തെ പരിപാടി''. വിദഗ്ദ്ധമായി പറഞ്ഞ ആ വാക്കുകളുടെ അർത്ഥമാണ് ഈ ചിത്രം. മഞ്ഞുകാലമെത്തുന്നതോടെ ഈ ചെടികളൊക്കെ പൂവിട്ടുകഴിഞ്ഞിരിക്കും... സ്‌കൂളിൽ പോകുന്നതിനുമുമ്പ് ഇവനിത് ഏതെങ്കിലും ടൂറിസ്റ്റുകൾക്കോ ലോക്കൽ കച്ചവടക്കാർക്കോ വിറ്റിരിക്കും. ഇവിടെയിത് ഉപജീവനത്തിന്റെ ഭാഗം മാത്രം.