ഡൽഹിയിലെ ശ്രീ അരബിന്ദോ സെന്റർ ഫോർ ആർട്‌സ് ആന്റ് കമ്യൂണിക്കേഷനിൽ പഠിക്കുമ്പോൾ ബനാറസിൽ വെച്ച് ചെയ്ത പ്രൊജക്റ്റ് ആണിത്. ബനാറസിൽ പോകും മുമ്പ് അവിടെ നടപ്പിലാക്കുന്ന കാശി വിശ്വനാഥ് കോറിഡോർ പ്രോജക്റ്റിനെക്കുറിച്ച് വായിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലത്തിൽ, അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയെന്ന നിലക്ക് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പ്രൊജക്ടിനുവേണ്ടി വഴിയാധാരമായത് 600 കുടുംബങ്ങളാണ്. ഗംഗയുടെ മൂന്ന് സുപ്രധാന കടവുകളിൽനിന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് വിശാലമായ വഴി നിർമ്മിക്കുന്നതാണ് പദ്ധതി. വിശ്വാസികൾക്ക് എളുപ്പം ക്ഷേത്രദർശനം സാധ്യമാക്കുകയാണ് 600 കോടി രൂപ ചെലവിടുന്ന പദ്ധതിയുടെ ലക്ഷ്യം. ഇതിന് ക്ഷേത്രത്തിനുചുറ്റും 45000 ചതുരശ്ര അടി ഭൂമി ഒഴിപ്പിച്ചു. 300 വീടുകൾ തകർത്തു.
ഇപ്പോൾ അവിടെ ചെന്നപ്പോൾ കണ്ടത്, തരിശായി, പൊടിപടലം മൂടിക്കിടക്കുന്ന ഭൂമിയാണ്. 2014ൽ ആദ്യമായി ബനാറസിൽ പോയപ്പോൾ ഇടവഴികളിൽ വഴിതെറ്റി കുറെ നടന്നിട്ടുണ്ട്. ഇപ്പോൾ, മരിച്ചുമരവിച്ചുകിടക്കുന്ന ഈ ഭൂമി, അന്നവിടെ താമസിച്ചിരുന്ന മനുഷ്യരെ, ജീവിതം തിങ്ങിനിറഞ്ഞിരുന്ന ബനാറസിന്റെ ആ കാലത്തെ വേദനയോടെ ഓർമിപ്പിച്ചു.
ചരിത്രാതീത കാലം മുതലേ മനുഷ്യവാസമുള്ള ഈ പുരാതന നഗരം വളഞ്ഞുപുളഞ്ഞ ഇടവഴികളാൽ ചുറ്റപ്പെട്ട ഒന്നായിരുന്നു. പഴയതും പുതിയതുമായ കെട്ടിടങ്ങൾ ചേർന്നുനിൽക്കുന്നു, താഴെ കടകൾ, മുകളിൽ വീടുകൾ. ഇന്ന് വേരറുക്കപ്പെട്ട വീടുകളുടെ ശ്മശാനമാണിത്. നിരവധി പേർ പലായനം ചെയ്തതായി നാട്ടുകാരിൽനിന്ന് അറിയാൻ കഴിഞ്ഞു. 2018 മുതൽ ഉത്തർപ്രദേശ് സർക്കാർ ആളുകളെ ഒഴിപ്പിക്കുകയാണ്. 300 ഓളം വീടുകളും 600 ഓളം കുടുംബങ്ങളും ആട്ടിയിറക്കപ്പെട്ടു. കുറെപേർ വീട്ടുസാധനങ്ങളുമായി ഒഴിഞ്ഞുപോകുന്നത് നേരിട്ടുകാണാൻ കഴിഞ്ഞു.
എനിക്ക് ഹിന്ദി അധികം വശമില്ലാത്തതിനാൽ ബനാറസ് ഹിന്ദു സർവകലാശാലയിൽ പഠിക്കുന്ന സുഹൃത്ത് അപർണയാണ് നാട്ടുകാരുമായി സംസാരിക്കാൻ സഹായിച്ചത്. അടിത്തറയിളകിയ സ്വന്തം ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ പലരും വിസമ്മതിച്ചു. കുടിയിറക്കിന്റെ വാർത്ത സംപ്രേഷണം ചെയ്ത ഒരു പ്രാദേശിക ചാനലിനെ ഒരാഴ്ച ബ്ലോക്ക് ചെയ്തു. ഇത്തരം നടപടികൾ തങ്ങളുടെ നേരെയും ഉണ്ടാകുമോ എന്ന് നാട്ടുകാർ പേടിക്കുന്നു.
കൂട്ടുകുടുംബമായി താമസിക്കുന്നവർക്ക് കൊടുത്ത നഷ്ടപരിഹാരം മറ്റുള്ള കുടുംബങ്ങൾക്ക് നൽകിയതിനേക്കാൾ വളരെ കുറവാണെന്ന് അവരുമായി സംസാരിച്ചപ്പോൾ മനസ്സിലായി. ചിലർക്കാകട്ടെ നഷ്ടപരിഹാരം മുഴുവൻ ലഭിച്ചിട്ടുമില്ല. മാറി താമസിക്കാൻ വിസമ്മതിച്ചവരുടെ വൈദ്യുതിയും വെള്ളവും കട്ട് ചെയ്തു. പണം മുഴുവൻ കിട്ടാത്തവരുടെ ജീവിതം ദുരിതമയമാണ്. പലരും വാടക വീടുകളിലാണ്. ബനാറസിൽ തന്നെ ചെറിയ ജോലി ചെയ്ത് ഒറ്റമുറിയിൽ കഴിയുന്ന അവരോട് മറ്റൊരു സ്ഥലത്തേക്കു പോകാൻ അധികൃതർ നിർബന്ധിച്ചുകൊണ്ടിരിക്കുകയാണ്.
വിഷയം റിപ്പോർട്ടു ചെയ്ത പ്രാദേശിക ചാനൽ ദിവസങ്ങളോളം ബ്ലോക്ക് ചെയ്തിരുന്നു. അതിനുശേഷം തദ്ദേശീയർ ഈ വിഷയത്തെക്കുറിച്ച് മിണ്ടാറില്ല.