കുട്ടന്റെ വേൾഡ് കപ്പ്

കുളമാവ്. ഇടുക്കി ജില്ലയിൽ നാലു മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന മനോഹരമായ പ്രദേശം. ഇവിടെയാണ് കുട്ടൻ ജനിച്ചുവളർന്നത്. ഫുട്‌ബോളാണ് കുട്ടന്റെ പ്രിയപ്പെട്ട കളി. / 1986 ജൂൺ 22. നല്ല തണുപ്പുള്ള കൊച്ചുവെളുപ്പാൻ കാലം. കളിയൊഴികെ കുട്ടന് മറ്റൊന്നും അത്ര താൽപര്യമില്ല. പതിവ് മൂടിപ്പുതച്ചുകിടത്തം. ഗോളടിക്കുന്ന സ്വപ്‌നം സ്ഥിരമായി കാണും. / "കുട്ടാ, എണിക്ക്, പാല് കൊണ്ടുപോയി കൊടുക്ക്'- അമ്മയാണ്.


എണീറ്റ് മുഖം കഴുകി. / അമ്മ പാൽ കറക്കുന്നത് ഉറക്കച്ചടവോടെ നോക്കിനിന്നു. / കെ.എസ്.ഇ.ബിയുടെ ക്വാർട്ടേഴ്‌സുകളിലേക്കാണ് ഈ പാലൊക്കെ. / കുട്ടന്റെ കൂടെ അവനുണ്ട്, "ബ്ലാക്കി.'


വഴിയിലെ ചെറുകല്ലുകൾ കുട്ടൻ ഫുട്‌ബോളാക്കും. പരിസരം ശ്രദ്ധിക്കാറില്ല. / ബ്ലാക്കി വഴിയിൽ കാണുന്ന പട്ടികളെയെല്ലാം ഒരു പ്രകോപനവുമില്ലാതെ വെറുതെ കുരച്ച് പേടിപ്പിക്കും. (ചിലപ്പോൾ ബ്ലാക്കി ആയിരിക്കും പേടിക്കുന്നത്) / ഒരു കൂട്ടപ്പൊരിച്ചിൽ / ഇതിലേതാണാവോ ബ്ലാക്കി? / കിട്ടേണ്ടതു കിട്ടിയപ്പോൾ ബ്ലാക്കി വീണ്ടും പുറകേ / പാൽ മിക്കവാറും പാലും വെള്ളവുമായി മാറുന്ന ഒരു ജലയാത്ര.


മടക്കയാത്രയിൽ രാത്രിയിലെ ഇംഗ്ലണ്ട്- അർജന്റീന ഫുട്‌ബോൾ മത്സരമായിരുന്നു കുട്ടന്റെ മനസ്സിൽ. / വീട്ടിൽ എത്തിയപ്പോൾ അച്ഛൻ പത്രം വായിക്കുന്നു. കുട്ടൻ സ്‌പോർട്‌സ് പേജ് നോക്കി. / രാത്രി എവിടെപ്പോയി കളി കാണും? അതാണ് പ്രശ്‌നം. / കുളമാവിൽ അന്ന് രണ്ട് ടി.വി മാത്രമേയുള്ളൂ. / ഒന്ന്, ഓവർസിയർ സ്വാമിയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ടി.വിയും മറ്റൊന്ന് പേർഷ്യയിൽനിന്നുവന്ന പൊന്നമ്മ ചേച്ചിയുടേതും. പൊന്നമ്മച്ചേച്ചിടെ വീട്ടിൽ പോയാൽ രാത്രി കാപ്പിയും മിച്ചറും കിട്ടും. / നമുക്ക് പൊന്നമ്മച്ചേച്ചീടെ വീട്ടിൽ പോയി കളി കണ്ടാലോ? അച്ഛനോട് കുട്ടൻ ചോദിച്ചു.


നേരത്തെ തന്നെ ഹോം വർക്ക് ചെയ്തുപൂർത്തിയാക്കി. / സ്‌കൂളിലേക്കുള്ള യാത്രയിൽ കൂട്ടുകാരൻ ജോണിനെക്കാണാൻ തീരുമാനിച്ചു. രാത്രി കളി കാണാൻ വരാൻ അവനോട് പറയാം. / ജോൺ പറഞ്ഞു, "ഞാൻ വരാം.' / ഗ്രൗണ്ടിൽ ഗോളി ആകാനാണ് കുട്ടൻ ആഗ്രഹിച്ചത്. / ഇംഗ്ലണ്ട് ഗോളി പീറ്റർ ഷിൽട്ടൺ ആയിരുന്നു റോൾ മോഡൽ. ഷിൽട്ടനെപ്പോലെ ഗോൾമുഖത്ത് കുട്ടൻ നിറഞ്ഞുനിന്നു. / പോസ്റ്റിൽ ഗോൾ കയറിയാലും സേവ് ചെയ്യാനുള്ള എടുത്തുചാട്ടത്തിൽ കുട്ടൻ ആർമാദിച്ചു. / ചെളിയിലേക്കുള്ള എടുത്തുചാട്ടമായിരുന്നു അവനിഷ്ടം. എത്ര സേവ് ചെയ്താലും എതിരാളിയുടെ പന്ത് ഗോളാകുമായിരുന്നു.


ചിലപ്പോൾ എതിർ ഗോൾമുഖത്തേക്ക് കടന്നുകയറാൻ കുട്ടൻ ആവതുശ്രമിച്ചിരുന്നു. / നോ രക്ഷ! ഗോൾ അടിക്കുന്നതിനുമുമ്പ് കുട്ടന്റെ ഗോൾ പോസ്റ്റിൽ അഞ്ചു ഗോളെങ്കിലും കേറും. / നാലുമണി. സ്‌കൂൾ വിട്ടു. വീട്ടിലേക്ക് പാഞ്ഞു. ഇന്നു രാത്രിയാണ് ഷിൽട്ടന്റെ കളി. /പാതിരാത്രിയായപ്പോൾ അച്ഛൻ വിളിച്ചു. / മഴ പെയ്തുതുടങ്ങി. /വഴിയിൽ കാത്തുനിന്ന ജോണിനെയൂം കൂട്ടി.


പൊന്നമ്മച്ചേച്ചിയുടെ വീട്. / ചെരുപ്പുകൾ പുറത്തിട്ട ഒരു ഗ്യാലറിയായിരുന്നു ആ വീട്. / ഹാഫ് ടൈമിൽ കളി കൊഴുത്തപ്പോൾ ഞങ്ങൾ ആവേശഭരിതരായി. / ചൂടു കട്ടൻ ചായ കിട്ടി. / എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മറഡോണയുടെ തകർപ്പൻ പ്രകടനം. / കണ്ണു മിഴിച്ചും വാ പൊളിച്ചും ആൾക്കൂട്ടം.


അതാ, മറഡോണ കുതിക്കുന്നു... / ഇംഗ്ലണ്ട് കളിക്കാരൻ ഹോഡ്ജ് അടിച്ചുതെറിപ്പിച്ച പന്ത് വായുവിൽ ഉയർന്നുപൊങ്ങിയപ്പോൾ മറഡോണ അത് ഹെഡ് ചെയ്തു വലയിലാക്കി. / ആ ഗോൾ വീണത് കൈകൊണ്ടായിരുന്നോ? കാണികൾ അലറിവിളിച്ചു.


എല്ലാ സംശയവും മാറ്റിക്കൊണ്ട് തൊട്ടടുത്ത നിമിഷം വീണ്ടും മറഡോണ ഗോളടിച്ചു. / ലോകത്തിലെ ഏറ്റവും മനോഹരമായ ഗോൾ! / ഇത്തവണ ആരാധനാമൂർത്തിയായ ഷിൽട്ടൻ വീണ്ടും വീണു. കുട്ടനും അലറി, ഗോൾ... / ഈ കളിയോടെ കുട്ടന്റെ മനസ്സിൽ ഷിൽട്ടൻ എന്നന്നേക്കുമായി ഔട്ടായി. പകരം മറഡോണ കുടിയേറി.

പിന്നീടൊരിക്കലും കുട്ടൻ ഷിൽട്ടനായി സ്‌കൂൾ ഗോൾ പോസ്റ്റുകൾ കാത്തില്ല. ഫോർവേഡായും മിഡ്ഫീൽഡറായും കളിച്ചു. സ്വയം മറഡോണയാണെന്ന് വിചാരിച്ചു. പക്ഷെ, എതിർടീമുകൾ ഗോളടിച്ചുകൊണ്ടേയിരുന്നു. അവർ പറയുമായിരുന്നു, "കുട്ടാ, നീ ഷിൽട്ടനായാലും മറഡോണയായാലും ഞങ്ങൾ ഓരോ കളിയിലും എട്ടു ഗോളടിക്കും.'

എത്ര തവണ തോട്ടിട്ടും കുട്ടൻ പക്ഷെ, കളി നിർത്തിയില്ല. ▮


ദേവപ്രകാശ്

മലയാളത്തിലെ ശ്രദ്ധേയനായ ഇലസ്ട്രേറ്ററും ആർട്ടിസ്റ്റും.

Comments