ദുരയിൽ നിന്നുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ച് തീവ്രപരീക്ഷണത്തിന്റെ രണ്ട് ദുരിതവർഷങ്ങളിൽ കേരളം ചർച്ച ചെയ്തുകഴിഞ്ഞു. പശ്ചിമഘട്ടം മുതൽ ഇടനാടും കടന്ന് കടലറ്റം വരേയ്ക്കും മനുഷ്യർ കാലടിമണ്ണിന് വേണ്ടി നിൽക്കാതലഞ്ഞ രണ്ട് പ്രളയകാലങ്ങൾ.
അന്ന് ഏറ്റവും കൂടുതൽ ഉയർന്നുകേട്ട വാക്ക് കാലാവസ്ഥാവ്യതിയാനം എന്നതാണ്. പരിസ്ഥിതിക്ക് വേണ്ടി നിരന്തരം ശബ്ദിക്കുന്നവരുടെ പുതിയ തമാശയായി മാത്രം പലരും അതിനെ എളുപ്പം സ്‌ക്രോൾ ചെയ്തു. ഏറിയ പങ്ക് പഠനങ്ങൾക്ക് കീഴിലും മനുഷ്യനിർമിതം എന്നുകൂടി അടിവര എഴുതപ്പെട്ടു. ശേഷം, വൈറസ് ഭീതിയിൽ ലോകം മുഴുക്കെ വിറങ്ങലിച്ച രണ്ടാംവർഷം. ഒരു കൊച്ചുസംസ്ഥാനത്തെ മനുഷ്യരെ അപ്പാടെ പ്രതിസന്ധിയിലാഴ്ത്തിയ കടുംകാലം. അവിടെയാണ് പാരസ്പര്യം മുറിഞ്ഞും വരുമാനം നിലച്ചും അടച്ചുപൂട്ടപ്പെട്ട മനുഷ്യജീവിതങ്ങളിലേക്ക് കടൽ കാലംതെറ്റി കയറി വരുന്നത്. സുനിശ്ചിതമായ നമ്മുടെ കാലാവസ്ഥാനിർണ്ണയങ്ങൾ അപ്പാടെ അനിശ്ചിതത്വത്തിലേക്ക് ചെന്നെത്തിക്കഴിഞ്ഞു. ഋതുക്കൾ മാറിമറിഞ്ഞു. ഇടവപ്പാതിയും കർക്കിടകക്കലിയും കണക്കുകൾക്ക് പുറത്തെത്തി. പ്രളയമെന്നപോലെ കടലേറ്റം എന്നത് വാർഷിക ദുരന്തമായി സമീകരിക്കപ്പെട്ടപ്പൊഴും യഥാർത്ഥ ഉത്തരങ്ങൾക്ക് പകരം താൽക്കാലിക പരിഹാരങ്ങൾ മാത്രം നൽകി ഒരു കൂട്ടം മനുഷ്യരെ സ്റ്റേറ്റ് നിരന്തരം വഴിതിരിച്ചു വിട്ടുകൊണ്ടിരുന്നു.
മുൻകാലങ്ങളിൽ അപൂർവ്വമായിരുന്നെങ്കിൽ ഇന്ന് സംസ്ഥാനത്തുടനീളം കടലേറ്റത്തിന്റെ ദൃശ്യങ്ങൾ കാണാം. പ്രാദേശികവാർത്തകൾക്കപ്പുറം അതിതീവ്രദുരന്തമായി അത് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ദുരിതം സമാനതകളില്ലാത്ത വിധം തീരദേശത്ത് ഉടനീളം ബാധിച്ചപ്പോൾ മാത്രമാണ്. ലഭ്യമായ പഠനങ്ങൾ പ്രകാരം കടലുകയറ്റം ഏറ്റവും ഭീതിതമായി വരും കാലങ്ങളിൽ ബാധിക്കുന്ന മേഖലകളിൽ നമ്മുടെ കുഞ്ഞുസംസ്ഥാനവുമുണ്ട്. വർഷാവർഷം അധികരിക്കുന്ന കടലേറ്റം എന്ന ശാസ്ത്രവസ്തുതയെ പാരിസ്ഥിതിക ദുരാചാരമായ വെള്ളത്തിൽ കല്ലിടൽ കൊണ്ടുമാത്രം ഇനിയും ഒളിച്ചുവെക്കാനാവില്ല.
വിവിധ കാലങ്ങളിൽ പകർത്തിയ കടൽ ചിത്രങ്ങൾ