ബഹളങ്ങളില്ലാതെ സഞ്ചരിക്കുന്ന ചില യാത്രകളുണ്ട്. നടക്കുന്ന പാതകൾക്കുപോലും സ്വന്തം ദിശ അറിയാത്തതുപോലെ തോന്നിക്കുന്ന ചിലരുണ്ട് യാത്രക്കാരായി, പക്ഷെ അത്തരം ചില യാത്രക്കാർക്ക് അവരുടെ ദിശ വ്യക്തമായിരിക്കും. സ്വച്ഛമായി അവർ ആ ലക്ഷ്യത്തിലേക്ക് നീങ്ങും.
അത്തരമൊരു യാത്രയിലെ ശ്രദ്ധേയ സാന്നിധ്യമാണ് എ. മുഹമ്മദ്. സ്വയം നിർവചിച്ച വഴികളിലൂടെ ശാന്തമായി നടന്നുപോകുന്ന ഛായാഗ്രാഹകൻ. പ്രഖ്യാപനങ്ങളില്ലാതെ, വലിയ ശബ്ദങ്ങളില്ലാതെയൊക്കെയാണ് അയാളുടെ ചുവടുകൾ. അതേസമയം, ഓരോ ഫ്രെയിമിലും വ്യക്തമായൊരു നിലപാട് പതിപ്പിക്കുന്നത്തിൽ അതീവ ശ്രദ്ധാലുവാണ് മുഹമ്മദ്.
അദ്ദേഹത്തിന്റെ മോഷൻ ചിത്രങ്ങളോ നിശ്ചല ചിത്രങ്ങളോ വെറും ദൃശ്യങ്ങളല്ല; അവ നിശ്ശബ്ദമായി സംസാരിക്കുന്ന കാലത്തിന്റെ സാക്ഷ്യങ്ങളാകുന്നത് എങ്ങനെയെന്ന് ഇക്കാര്യങ്ങൾ ശ്രദ്ധയോടെ കണ്ട പലരും ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഉണ്ണികൃഷ്ണൻ ആവളയുടെ ‘ഉടലാഴം’ എന്ന സിനിമയിലൂടെയാണ് മുഹമ്മദ് ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനാകുന്നതും ശ്രദ്ധിക്കപ്പെടുന്നതും. അത് തുടക്കമാണെന്ന് വേണമെങ്കിൽ പറയാമെങ്കിലും കാമറാമാൻ എന്ന നിലയിൽ സിനിമയെ സമീപിക്കുന്ന ഒരാളുടെ വ്യത്യസ്തമായ കാഴ്ചപ്പാടിന്റെ വ്യതിരിക്തമായ അവതാരികയായിരുന്നു. ഒരു യാത്രാ പുസ്തകത്തിന്റെ ആദ്യ പേജ്. അങ്ങനെ വേണം വായിക്കാൻ എന്നാണ് മുഹമ്മദിന്റെ തുടർന്നുള്ള സിനിമയാത്രകളും ക്യാമറാതുടർച്ചയും കാണുമ്പോൾ തോന്നുന്നത്.

ഇതേ സംവിധായകന്റെ ‘തന്തപ്പേര്’ എന്ന സിനിമ വരെ മുഹമ്മദ് യാത്ര ചെയ്തെത്തുമ്പോൾ, കാലോചിതമായ ആ വിഷ്വൽ കാഴ്ചപ്പാട് കൂടുതൽ ഉറപ്പോടെ നിൽക്കുന്നതായി കാണുന്നു. 2025-ലെ ഐ.എഫ്.എഫ്.കെ ചലച്ചിത്രോത്സവത്തിൽ ശ്രദ്ധ നേടിയ ഈ ചിത്രം, മുഹമ്മദിന് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡും നേടിക്കൊടുത്തു. കേരളത്തിലെ ഒറ്റപ്പെട്ടതും അവഗണിക്കപ്പെട്ടതുമായ ചോളനായ്ക്കർ ഗോത്രസമൂഹത്തിന്റെ ജീവിതം, ഭാഷ, രാഷ്ട്രീയ അനുഭവങ്ങൾ എന്നിവ ശക്തമായ സിനിമാറ്റിക് ഭാഷയിലാണിതിൽ അവതരിപ്പിക്കപ്പെട്ടത്.
മുഹമ്മദെന്ന സിനിമാറ്റോഗ്രാഫറെ വേറിട്ടുനിർത്തുന്നത് അവാർഡുകളോ അംഗീകാരങ്ങളോ ഒന്നുമല്ല. ഒരു പെയിന്ററുടെ കണ്ണോടെ ലോകത്തെ കാണുകയും, ഒരു ഫോട്ടോഗ്രാഫറുടെ ക്ഷമയോടെ ഏറ്റവും യോജിച്ച ഫ്രെയിമിനായി കാത്തിരിക്കുകയും, ഒരു സിനിമാറ്റോഗ്രാഫറുടെ കൃത്യതയോടെ അതിനെ ദൃശ്യഭാഷയാക്കി മാറ്റുകയും ചെയ്യുന്ന അപൂർവമായൊരു സംയോജനമാണ് എ. മുഹമ്മദ്.
എന്നാൽ, ഈ നേട്ടങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തിന്റെ നിശബ്ദവും ശ്രമകരവുമായ യാത്രയിൽ പതിഞ്ഞ ചില ചെറിയ അടയാളങ്ങൾ മാത്രമാണ്. യഥാർത്ഥത്തിൽ അദ്ദേഹത്തെ നിർവചിക്കുന്നത്, ഓരോ ദൃശ്യത്തിനുള്ളിലും ജീവിതത്തിന്റെ നിശ്ശബ്ദ സ്പന്ദനങ്ങളെ കണ്ടെത്താനുള്ള അതിസൂക്ഷ്മമായ ദൃഷ്ടിയാണ്.

ട്രാൻസ്ജെൻഡർ ജീവിതങ്ങളെ അതിസൂക്ഷ്മമായി ദൃശ്യവൽക്കരിച്ച ‘അന്തരം’, നിരവധി അന്താരാഷ്ട്ര വേദികളിലെത്തിയ ‘ഞാൻ രേവതി’, സുധാ രാധിക സംവിധാനം ചെയ്ത ‘പക്ഷികൾക്ക് പറയാനുള്ളത്’, അൻവർ അബ്ദുള്ളയും എം. ആർ. ഉണ്ണിയും ചേർന്ന് സംവിധാനം ചെയ്ത ‘ട്രിപ്പ്’, ‘മതിലുകൾ – ലവ് ഇൻ ദ ടൈം ഓഫ് കൊറോണ’, വിദ്യ മുകുന്ദൻ സംവിധാനം ചെയ്ത ‘ഡാർക്ക് ഷേഡ് ഓഫ് എ സീക്രട്ട്’, എ. കെ. കുഞ്ഞിരാമ പണിക്കർ സംവിധാനം ചെയ്ത ‘ഹത്തനെ ഉദയ’ എന്നിങ്ങനെ വ്യത്യസ്ത സ്വഭാവങ്ങളുള്ള കുറച്ചു സിനിമകളിലൂടെ വ്യാപിച്ചുകിടക്കുന്നതാണ് മുഹമ്മദിന്റെ സിനിമാറ്റോഗ്രഫി യാത്ര.
ഒരു ജോണറിലോ ഭാഷയിലോ സ്വയം ഒതുക്കാതെ, മനുഷ്യരുടെ അനുഭവങ്ങളിലേക്കും അവരുടെ നിശ്ശബ്ദ സംഘർഷങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്ന ഒരു ദൃശ്യയാത്രയാണ് ഈ സിനിമകളെ ഒന്നിപ്പിക്കുന്നത്.

മുഹമ്മദ് ഒരു ഒറ്റയാൻ യാത്രികനാണ്. പക്ഷേ ആ ഏകാന്തത യാദൃച്ഛികമല്ല, അത് ഒരു തെരഞ്ഞെടുപ്പാണ്. സൗകര്യങ്ങളോടും പതിവ് ദൃശ്യഭാഷകളോടും പൊരുത്തപ്പെടാതെ, വിഷ്വലുകളിലൂടെ ഒരു ആന്തരിക യാത്ര നടത്താൻ ശ്രമിക്കുന്ന കലാകാരന്റെ ബോധപൂർവമായ തീരുമാനം ആണത്.
അതുകൊണ്ടുതന്നെ മുഹമ്മദിന്റെ ക്യാമറ ഒരിക്കലും തിരക്കുപിടിക്കാറില്ല. അത് നിശ്ശബ്ദമായി നോക്കുന്നു. ക്ഷമയോടെ കാത്തിരിക്കുന്നു. പിന്നെ, ജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മമായ ഒരു നിമിഷം സ്വയം ദൃശ്യമായി തെളിയുന്ന സമയത്തേക്കാണ് അതിന്റെ കാത്തിരിപ്പ്. അതിനാൽ തന്നെ കൈപ്പിടിയിൽ നിറയെ പ്രോജക്ടുകൾ ലൈൻ അപ്പ് ആയി വരാറുമില്ല. കാരണം ചെയ്യാനുള്ള ജോലിയിൽ സ്വയം ആന്തരികമായി ബന്ധപ്പെടാതെയോ, ചിത്രീകരിക്കപ്പെടുന്ന മനുഷ്യരുടെയും സാഹചര്യങ്ങളുടെയും ആത്മാവിനെ അനുഭവിക്കാതെയോ ഒരു പ്രോജക്ടിലേക്കും കടക്കാൻ താൻ തയ്യാറാകില്ലെന്ന് മുഹമ്മദ് പലപ്പോഴും പറയാറുണ്ട്.

ബൗദ്ധിക നേട്ടങ്ങളേക്കാൾ ഉപരി, ഒരു ചിത്രകാരനെന്ന നിലയിൽ ഓരോ ദൃശ്യത്തിനുള്ളിലും തന്റേതായ എന്തെങ്കിലും സ്പർശം ഉണ്ടാകണമെന്ന വ്യക്തമായ ബോധ്യം അദ്ദേഹത്തിനുണ്ട്. ഒരു ഫ്രെയിം വെറും സാങ്കേതികമികവായി തീരാതെ, അതിനുള്ളിൽ ഒരു സ്പന്ദനമോ വൈകാരിക ബന്ധമോ ഉണ്ടാകണം എന്നത് ഇയാളുടെ ഉറച്ച നിലപാടാണ്.
അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ കാണുമ്പോൾ, ക്യാമറ വെറും സംഭവങ്ങളെ രേഖപ്പെടുത്തുകയല്ല എന്ന് തോന്നുന്നത്. മറിച്ച്, ജീവിതത്തോട് നിശ്ശബ്ദമായി സംവദിക്കുകയാണ് അത് എന്ന് പ്രേക്ഷക അനുഭവം സമ്മാനിക്കുന്നത്.

ഛായാഗ്രാഹകനെന്നതിലുപരി, ഒരു ഫോട്ടോഗ്രാഫറായി തന്നെ തിരിച്ചറിയപ്പെടുന്ന കലാകാരനാണ് എ. മുഹമ്മദ്. ഫോട്ടോഗ്രാഫി അദ്ദേഹത്തിന് ഒരു തൊഴിൽമേഖലയല്ല, അത് ഒരു പഠനപ്രക്രിയയാണ്.
തിരുവനന്തപുരം ഗവൺമെന്റ് ഫൈൻ ആർട്സ് കോളേജിൽ പെയിന്റിംഗിൽ പഠനം പൂർത്തിയാക്കിയതോടെയാണ് മുഹമ്മദിന്റെ ദൃശ്യലോകം കൂടുതൽ വ്യക്തമായ രൂപം കൈവരിക്കുന്നത്. ചിത്രരചന അദ്ദേഹത്തിന് നൽകിയ ആഴമുള്ള കാഴ്ചപ്പാടും രൂപബോധവും പിന്നീട് സ്വാഭാവികമായി ക്യാമറയിലേക്ക് ലയിച്ചു. കാൻവാസിൽ നിന്ന് ഫ്രെയിമിലേക്കുള്ള ആ മാറ്റം വെറും മാധ്യമമാറ്റമായിരുന്നില്ല, ലോകത്തെ കാണുന്ന രീതിയുടെ വിപുലീകരണമായിരുന്നു. തുടർന്ന്, ഫോട്ടോഗ്രാഫിക്കായി ഇന്ത്യാ ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പ് ലഭിച്ചതോടെ, മുഹമ്മദ് മുഴുവൻ സമയ ദൃശ്യകലാകാരനായി തന്റെ യാത്ര ഉറപ്പിച്ചു. ആ അംഗീകാരം അദ്ദേഹത്തിന്റെ കഴിവിനുള്ള പുരസ്‌കാരം മാത്രമല്ലായിരുന്നു. സ്വതന്ത്രമായ ഒരു ദൃശ്യഭാഷയിലേക്കുള്ള ആത്മവിശ്വാസത്തിന്റെയും ദീർഘയാത്രയുടെയും തുടക്കവും കൂടിയായിരുന്നു.

2005 മുതൽ ഡോക്യുമെന്ററികളും ഷോർട്ട് ഫിലിമുകളും ചെയ്തുതുടങ്ങുന്ന മുഹമ്മദിന്റെ യാത്ര, ഒരു സ്ഥിരതയുള്ള വളർച്ചയല്ല, അനുഭവങ്ങളുടെ അടുക്കളയാണ്. നൂറിലധികം ഡോക്യുമെന്ററികൾ, ഏഴ് ഫിക്ഷൻ സിനിമകൾ, പത്തോളം ഷോർട്ട് ഫിലിമുകൾ, ഈ കണക്കുകൾ അദ്ദേഹത്തിന്റെ പ്രവൃത്തിപരിധിയെ സൂചിപ്പിച്ചാലും, അതിന്റെ ഉള്ളിലുള്ള തിരച്ചിലിനെ അളക്കാൻ കഴിയില്ല.
ഫൈൻ ആർട്സ് കോളേജിൽ ചിത്രരചന പഠിക്കാൻ എത്തിയ ഒരാൾ, പിന്നീട് ക്യാമറ കൈയിലെടുത്തപ്പോൾ ഫ്രെയിം ചെയ്തിരുന്നത് വെറും ദൃശ്യങ്ങളെയല്ല, സാഹചര്യങ്ങളുടെ സാധ്യതകളെയായിരുന്നു. വെളിച്ചം എത്താത്ത ഇടങ്ങളിൽ വെളിച്ചം കണ്ടെത്തുകയും, പരിമിതികളിൽ നിന്ന് പരീക്ഷണങ്ങൾ സൃഷ്ടിക്കുകയും, അതിലൂടെ പുതിയൊരു ദൃശ്യഭാഷ രൂപപ്പെടുത്തുകയും ചെയ്യുക എന്നത് എളുപ്പമല്ല. ഒരു ഛായാഗ്രാഹകൻ എന്നതിലുപരി ഒരുപാട് കഷ്ടപ്പെടേണ്ടി വരും എന്നറിഞ്ഞുകൊണ്ടുള്ള ഒരു ആർജ്ജവമാണ്. അത് ഒരു തീരുമാനം എടുത്ത കലാകാരന്റേയും സ്ട്രഗിൾ ചെയ്യാൻ തയ്യാറായ ഒരാളുടേയും വഴിയാണ്.

അത്തരത്തിൽ, ഇല്ലായ്മകളിൽ നിന്നുപോലും ദൃശ്യസൗന്ദര്യം കണ്ടെത്താൻ കഴിവുള്ള സിനിമാറ്റോഗ്രാഫർമാരെക്കുറിച്ച് പറയുമ്പോൾ, പലർക്കും ഓർമ്മ വരിക അന്തരിച്ച വിഖ്യാത ഛായാഗ്രാഹകൻ എം. ജെ. രാധാകൃഷ്ണനെ ആയിരിക്കും. മുഹമ്മദിനും ഏറെ പ്രിയപ്പെട്ട ഛായാഗ്രാഹകനാണ് എം.ജെ. “ഓട് പൊളി ക്യാമറാമാൻ” എന്ന സ്‌നേഹപൂർവമായ വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം, സൗകര്യങ്ങളില്ലാത്ത ഇടങ്ങളിൽ പോലും വെളിച്ചത്തിന്റെ അതിസൂക്ഷ്മ സാധ്യതകൾ കണ്ടെത്തിയ വലിയ കലാകാരനായിരുന്നു.
ആ പാരമ്പര്യത്തിന്റെ മറ്റൊരു നിശ്ശബ്ദ തുടർച്ചപോലെ തന്നെയാണ് മുഹമ്മദിന്റെ ദൃശ്യയാത്രയും തോന്നുന്നത്. പക്ഷെ മുഹമ്മദ് എം. ജെയുടെ വഴിയിൽ മാത്രം ഒതുങ്ങുന്നുമില്ല. കുറവുകളെ പരിമിതികളായി കാണാതെ, അതിനെ തന്നെ ഒരു ദൃശ്യഭാഷയാക്കി മാറ്റാനുള്ള ശ്രമം അദ്ദേഹത്തിന്റെ ഫ്രെയിമുകളിലെല്ലാം വ്യക്തമാണ്. അത്തരം ഒരു യാത്രയാണ് മുഹമ്മദിനെ നിലമ്പൂരിന്റെ കാട്ടിനുള്ളിലേക്ക് എത്തിച്ചത്. സംവിധായകൻ ഉണ്ണികൃഷ്ണൻ ആവളയോടൊപ്പം, ചോലനായ്ക്കരെക്കുറിച്ചൊരു ഡോക്യുമെന്ററി ചിത്രീകരിക്കാനാണ് പോയത്. ആദ്യം അത് ഒരു സാധാരണ ഷൂട്ടായി തുടങ്ങി. രണ്ടോ മൂന്നോ ദിവസങ്ങളിലെ റഷുകൾ മാത്രം കൈവശമുണ്ടായിരുന്നു. പക്ഷേ ആ ദൃശ്യങ്ങൾക്കുള്ളിൽ മറ്റൊരു സിനിമ ഒളിഞ്ഞുകിടക്കുകയായിരുന്നു. ആ തിരിച്ചറിവ് വന്ന നിമിഷം മുതൽ യാത്ര മാറി. അതൊരു കഥാ ചിത്രമാക്കിയാലോ എന്ന സാധ്യതയിലേക്ക് ചർച്ച നീണ്ടു.
കാടിന്റെ ആഴങ്ങളിലേക്കുള്ള സഞ്ചാരം ഒരു ലൊക്കേഷൻ ഹണ്ടായി മാത്രം തുടരാനായില്ല. ചെക്ക്പോസ്റ്റിൽ നിന്ന് ജീപ്പിൽ ഇരുപത് കിലോമീറ്റർ, പിന്നെ കിലോമീറ്ററുകൾ നടന്ന്. കൈയിൽ ക്യാമറ, ചുമലിൽ ട്രൈപോഡ്, കൂടെ മുഴുവൻ ഉപകരണങ്ങളും. വൈകുന്നേരം ആറിന് മുമ്പ് തിരികെ ഇറങ്ങണമെന്ന നിർബന്ധം. ഇതിനിടയിൽ, സിനിമ എന്താണെന്ന് പോലും അറിയാത്ത, ക്യാമറയും സിനിമയും ഒരിക്കലും കണ്ടിട്ടില്ലാത്ത മനുഷ്യരെ ആദ്യം മനസ്സിലാക്കണം. അവരുടെ വിശ്വാസം നേടണം. അവരിൽ ഒരാളായി മാറണം. അതിനുശേഷം മാത്രമേ ക്യാമറ ഓൺ ചെയ്യാവൂ. അങ്ങനെ, ഒരു ഷൂട്ടിംഗ് സ്പേസ് പതുക്കെ ഒരു ജീവിതമായി മാറുകയായിരുന്നു. ആ സിനിമയുടെ പ്രോസസ്സ് മുഹമ്മദ് ഓർക്കുന്നത് ഇങ്ങനെയാണ്.

ലോകത്തിൽ തന്നെ വിരളമായ ആദിവാസി ഗോത്രവർഗ്ഗക്കാരാണ് ചോലനായ്ക്കർ അഥവാ ചോലനായ്ക്കൻ ആദിദ്രാവിഡ ഭാഷയുടെ വകഭേദമായ ചോലനായ്ക്കൻ ഭാഷയിലാണ് ഇവർ സംസാരിക്കുന്നത്. ഇവർക്ക് എഴുത്തൊന്നും വശമില്ല. ഏഷ്യയിലെ ഏക ഗുഹാവാസി സമൂഹം. അവരുടെ ലോകം, നിശ്ശബ്ദത, ദിനചര്യ, പ്രകൃതിയോടൊത്തുള്ള ജീവിതം, ഇതെല്ലാം ക്യാമറയിൽ പകർത്തുന്നതിനിടെ മുഹമ്മദ് കണ്ടെത്തിയത് ഒരു സിനിമയല്ലായിരുന്നു; ഒരു പുതിയ അനുഭവത്തിന്റെ ഭൂപടമായിരുന്നു.
“ഇനി ഒരിക്കലും അത്തരമൊരു സ്പേസിൽ ഷൂട്ട് ചെയ്യാൻ അവസരം കിട്ടുമോ എന്നറിയില്ല’’ എന്ന് മുഹമ്മദിന്റെ വാക്കുകൾ. ഈ ബോധ്യത്തിൽ ചിത്രീകരിച്ച സിനിമയായതിനാൽ തന്നെ ‘തന്തപ്പേര്’ ഒരു സിനിമയായി മാത്രം നിൽക്കുന്നില്ല. അത് ഒരു ഫ്രെയിമിനുള്ളിൽ വരച്ച ഒരു യാത്രയാണ്. ജീവിതത്തെ വീണ്ടും പഠിപ്പിച്ച ഒരു അനുഭവം. ‘തന്തപ്പേര്’ ഒരു പ്ലാൻ ചെയ്ത സിനിമയല്ല. അത് സംഭവിച്ച സിനിമയാണ്. സ്ക്രിപ്റ്റില്ലാതെ, സാഹചര്യങ്ങൾ മാത്രം പങ്കുവെച്ച്, ചോലനായ്ക്ക സമൂഹത്തിനകത്ത് നിന്നുതന്നെ രംഗങ്ങൾ രൂപപ്പെട്ടു വന്നുവെന്നാണ് മുഹമ്മദ് പറയുന്നത്.
അനിശ്ചിതത്വങ്ങൾ നിറഞ്ഞ സാഹചര്യങ്ങൾക്കിടയിൽ, ഒരു ആർട്ടിഫിഷ്യൽ ലൈറ്റുപോലും ഉപയോഗിക്കാതെ, വിവിധ ക്യാമറകളിലൂടെ പ്രകൃതിയുടെ വെളിച്ചത്തിൽ നിന്നാണ് ആ സിനിമ പിറന്നത്. ചെറിയൊരു ക്രൂവും പരമാവധി സ്വാതന്ത്ര്യവും ചേർന്നപ്പോൾ, ‘തന്തപ്പേര്’ ഒരു നിർമിതസിനിമയായി മാറിയില്ല. ജീവിതത്തിൽ നിന്ന് നേരിട്ട് പിറന്ന ഒരു ദൃശ്യമാവുകയായിരുന്നു.

ആർക്കിയോളജി ഫോട്ടോഗ്രാഫിയെ മുഹമ്മദിനെപ്പോലെ ഇത്ര സ്ഥിരതയോടെയും ആഴത്തോടെയും പിന്തുടർന്ന ഫോട്ടോഗ്രാഫർമാർ വളരെ കുറവാണ്. ശാസ്ത്രീയ രേഖപ്പെടുത്തലിന്റെയും കലാപരമായ ദൃഷ്ടിയുടെയും ഇടയിൽ ഒരു അപൂർവ സമതുലിതാവസ്ഥ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
റിയാസ് കോമു ക്യുറേറ്റ് ചെയ്ത മുഹമ്മദിന്റെ ആർക്കിയോളജി ചിത്രപ്രദർശനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. റിയാസ് കോമു കൊച്ചി മുസിരിസ് ബിനാലെയെ കുറിച്ച് ആലോചിക്കുന്ന സമയത്താണ് പട്ടണം എക്സ്കവേഷനെക്കുറിച്ച് അറിയുകയും സൈറ്റ് സന്ദർശിക്കാനെത്തുകയും ചെയ്തത്. അപ്പോൾ മുഹമ്മദ് അവിടെ എക്സ്കവേഷൻ ഫോട്ടോഗ്രാഫി ചെയ്യുന്നുണ്ടായിരുന്നു. ആ കൂടിക്കാഴ്ചയിലൂടെയാണ് റിയാസ് മുഹമ്മദുമായി പരിചയം ആരംഭിക്കുന്നത്. പിന്നീട് കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യ ബ്രോഷറിനായി ഉപയോഗിച്ചതും മുഹമ്മദിന്റെ ചിത്രങ്ങളായിരുന്നു.
അതിനുശേഷം റിയാസ് ബിനാലെയിൽ നിന്ന് മാറി ഉരു ആർട്ട് ഹാർബറും ആഴി ആർക്കൈവ്‌സും ആരംഭിച്ചു. ആഴി ആർക്കൈവ്സിന്റെ ആദ്യ പ്രദർശനം ആലോചിക്കുമ്പോഴും മുഹമ്മദിനെയാണ് വീണ്ടും ക്ഷണിച്ചത്. എക്സ്കവേഷൻ ഫോട്ടോഗ്രാഫുകൾ മാത്രം ഉപയോഗിച്ച് ഒരു പ്രദർശനം ഒരുക്കാമോ എന്ന ചിന്ത അങ്ങനെ രൂപപ്പെട്ടു.

കേരളത്തിന്റെ ചരിത്രത്തെ ഒരു “visual narration” എന്ന രീതിയിൽ സമീപിച്ചായിരുന്നു ആ ആലോചന മുന്നോട്ട് പോയത്. എടക്കൽ ഗുഹകളിൽ നിന്ന് ആരംഭിച്ച്, റോക്ക് ആർട്ടുകൾ, ഗുഹാചിത്രങ്ങൾ, മഹാശിലാസ്മാരകങ്ങൾ, പുരാവസ്തു ഖനനങ്ങൾ എന്നിവയെല്ലാം മുഹമ്മദ് വർഷങ്ങളായി ഡോക്യുമെന്റ് ചെയ്തിരുന്നു. ആ ചിത്രങ്ങളെ ഒരു ചരിത്രക്രമത്തിൽ ക്രമീകരിച്ച്, കേരളത്തിന്റെ ദൃശ്യചരിത്രമായി അവതരിപ്പിക്കാമോ എന്ന ചർച്ചകൾ റിയാസുമായി നടന്നു.
അങ്ങനെ See a Boiling Vessel എന്ന പ്രദർശനപരമ്പരയുടെ ആദ്യ അധ്യായത്തിൽ ആ ദൃശ്യങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു. ഉരു ആർട്ട് ഹാർബറും ആഴി ആർക്കൈവ്‌സും ചേർന്നൊരുക്കിയ ആ പ്രദർശനം വലിയ ചർച്ചകൾക്ക് വഴിവെച്ചു. ആർക്കിയോളജി ഇമേജുകൾ ഒരു കലാപ്രദർശനത്തിന്റെ ഭാഗമായി ഇത്തരത്തിൽ അവതരിപ്പിക്കപ്പെടുന്നത് ആദ്യമായിരുന്നുവെന്ന് വിദേശങ്ങളിൽ നിന്നെത്തിയ പുരാവസ്തുശാസ്ത്രജ്ഞർ പോലും അഭിപ്രായപ്പെട്ടത്.
സീ എ ബോയിലിംഗ് വെസ്സൽ ചാപ്റ്റർ രണ്ടിന്റെ ഭാഗമായി ‘Archaeological Camera’ എന്ന പേരിൽ, 130-ഓളം ചിത്രങ്ങൾ ഉൾപ്പെടുത്തി, കൊച്ചിയിലെ കര ആർട്ട് ഗാലറിയിൽ ഈ പ്രദർശനത്തിന്റെ വിപുലമായ എക്സിബിഷനും നടന്നു. ഇന്ത്യയിലെ ആർട്ടിന്റെയും ആർക്കിയോളജിയുടെയും ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ ഒരു സംഭവമായി അത് മാറി. തുടർന്ന് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലും ഈ പ്രദർശനത്തിലെ തെരഞ്ഞെടുത്ത ഫോട്ടോകൾ അവതരിപ്പിക്കപ്പെട്ടു.
മുഹമ്മദിന്റെ പശ്ചാത്തലം ചിത്രരചനയാണ്. തുടർന്ന് ഫോട്ടോഗ്രാഫിയിലേക്കും, പിന്നീട് ആർക്കിയോളജിക്കൽ ഫോട്ടോഗ്രാഫിയിലേക്കുമാണ് അദ്ദേഹത്തിന്റെ യാത്ര നീങ്ങുന്നത്. ആർക്കിയോളജി ഫോട്ടോഗ്രാഫി സാധാരണയായി, കൃത്യമായ ശാസ്ത്രീയ രേഖപ്പെടുത്തലായി കണക്കാക്കപ്പെടുന്നുവെങ്കിലും, മുഹമ്മദിന്റെ ചിത്രങ്ങളിൽ ഒരു ആർട്ടിസ്റ്റിന്റെ സ്പർശം അറിയാതെ തന്നെ പതിഞ്ഞുകിടക്കുന്നു. അദ്ദേഹം പകർത്തുന്ന ഓരോ പുരാവസ്തുവും വെറും രേഖകളായി മാത്രം നിൽക്കുന്നില്ല, അവയ്ക്കുള്ളിൽ സമയം, മണ്ണ്, വെളിച്ചം, മനുഷ്യസ്മൃതി എന്നിവയുടെ അതിസൂക്ഷ്മമായ ഒരു ദൃശ്യഭാഷയും ജീവിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് ചിറയിൻകീഴിൽ പ്രേംനസീറിന്റെ വീടിനടുത്താണ് മുഹമ്മദിന്റെ നാട്.
മുഹമ്മദിന്റെ വാക്കുകൾ:
“ഫൈൻ ആർട്സ് കോളേജിലെ ഫിലിം സൊസൈറ്റിയിൽ നിന്ന് സിനിമകൾ കാണാറുണ്ടായിരുന്നു. അങ്ങനെയാണ് മറ്റൊരു തരം സിനിമ കൾച്ചറിനെ കുറിച്ച് അറിയുന്നത്. സിനിമയിൽ എത്തുമെന്ന് അന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരുകാലത്ത് മലയാള സിനിമയിലെ ലൈറ്റിങ്ങ് രീതിയോട് പൊരുത്തപ്പെടാൻ പറ്റിയിട്ടില്ല. ഫ്ലാറ്റ് ലൈറ്റുകൾ ആണ് അന്ന് ഉപയോഗിച്ചിരുന്നത്”.
ധാരാളം ഡോക്യുമെന്ററികൾക്ക് ക്യാമറ ചെയ്ത അനുഭവമുള്ള ആളാണ് മുഹമ്മദ്. അദ്ദേഹത്തെ സംബന്ധിച്ച് ഡോക്യുമെന്ററി എന്നത് മുൻകൂട്ടി പൂർണമായി നിർവചിക്കപ്പെട്ട ഒരു രൂപമല്ല; പലപ്പോഴും ഷൂട്ട് ചെയ്ത റഷുകൾ എഡിറ്റിംഗ് ടേബിളിൽ എത്തുമ്പോഴായിരിക്കും സിനിമയുടെ യഥാർത്ഥ സ്ക്രിപ്റ്റ് രൂപം കൊള്ളുന്നത്. ആ അനിശ്ചിതവും സ്വതന്ത്രവുമായ പ്രോസസ്സ് മുഹമ്മദിന് ഏറെ പ്രിയപ്പെട്ടതാണ്.

കഥാചിത്രങ്ങളിൽ പ്രവർത്തിക്കുമ്പോൾ ഒരു സിനിമാറ്റോഗ്രാഫർ എന്ന നിലയിൽ ചില പരിമിതികൾ ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം പറയാറുണ്ട്. കാരണം, അവിടെ ക്യാമറ പലപ്പോഴും മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന കഥയുടെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കേണ്ടിവരും. എന്നാൽ ഡോക്യുമെന്ററിയിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. അത് ഒരു സ്ക്രിപ്റ്റിന്റെ നിയന്ത്രണത്തിൽ മാത്രം മുന്നേറുന്ന പ്രക്രിയയല്ല. അവിടെ ജീവിതം തന്നെ പലപ്പോഴും ദൃശ്യങ്ങളെ നിർണ്ണയിക്കുന്നു. അതുകൊണ്ടുതന്നെ, ഒരു ഛായാഗ്രാഹകൻ എന്ന നിലയിൽ കൂടുതൽ സ്വാതന്ത്ര്യവും പരീക്ഷണസാധ്യതകളും ഡോക്യുമെന്ററിയിൽ ഉണ്ടെന്നാണ് മുഹമ്മദ് വിശ്വസിക്കുന്നത്.
“കഥാചിത്രത്തിനാണോ ഡോക്യുമെന്ററിക്കാണോ ക്യാമറ ചെയ്യാൻ കൂടുതൽ ഇഷ്ടം?” എന്ന് ചോദിച്ചാൽ, മുഹമ്മദ് ഡോക്യുമെന്ററിയെ തന്നെയാണ് തിരഞ്ഞെടുക്കുക. കാരണം, അവിടെ ക്യാമറ വെറും ദൃശ്യങ്ങൾ പകർത്തുന്ന ഉപകരണമല്ല; സംഭവിക്കുന്ന ജീവിതത്തോടൊപ്പം ശ്വസിക്കുന്ന ഒരു സാന്നിധ്യമാണ്.
മലയാളം സർവകലാശാല നിർമ്മിച്ച്, എൻ.വി. മുഹമ്മദ് റാഫി സംവിധാനം ചെയ്ത, യു.എ. ഖാദറിനെകുറിച്ചുള്ള ഡോക്യുമെൻററി, എം.ടി. വാസുദേവൻനായരുടെ ജീവിതം ആസ്പദമാക്കി അൻവർ അബ്ദുള്ള സംവിധാനം നിർവ്വഹിച്ച ഡോക്യുമെൻററി, ചലച്ചിത്ര അക്കാദമി നിർമ്മിച്ച്, ജയൻ മാങ്ങാട് സംവിധാനം ചെയ്ത ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന ചെലവൂർ വേണുവിനെകുറിച്ചുള്ള ചിത്രം തുടങ്ങിയ നിരവധി പുരസ്‍കാരങ്ങൾ കരസ്ഥമാക്കിയ ഡോക്യുമെന്ററി ചിത്രങ്ങളുടെ വലിയൊരു ലിസ്റ്റ് തന്നെ മുഹമ്മദിന്റെ ക്രെഡിറ്റിലുണ്ട്.

2005-ൽ ഇന്റർനാഷണൽ പ്രിന്റ് എക്സിബിഷൻ ആർട്ട് ആൻഡ് ഫോട്ടോഗ്രാഫിയിൽ നിന്ന് സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് ലഭിച്ചു. 2014-ൽ പി.ജെ. ആന്റണി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമാറ്റോഗ്രാഫർക്കുള്ള പുരസ്കാരം നേടി. 2014-ൽ കോൺഫിഡറേഷൻ ഓഫ് കമേഴ്‌സ്യൽ ഓപ്പറേറ്റർസ് ആൻഡ് ടെക്നീഷ്യൻസിന്റെ ഷോർട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമാറ്റോഗ്രാഫർക്കുള്ള അവാർഡ് നേടി. 2016-ൽ യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി സിനിമാറ്റോഗ്രഫിക്കുള്ള പുരസ്കാരം നേടി. 2025ൽ തന്തപേര് എന്ന കഥാ ചിത്രത്തിന് മികച്ച സിനിമാറ്റോഗ്രഫിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം നേടി.
