തിരുവണ്ണാമലൈ; ഒരു ഫോട്ടോഗ്രാഫറുടെ നേരറിവുകൾ

പൂർണമായ ഭൗതിക ഭക്തിയിലുള്ളവരും കച്ചവടക്കാരും പൂർണമായി ഉപേക്ഷിക്കപ്പെട്ടവരും മാനസികമായി പ്രശ്നങ്ങളുള്ളവരും സത്യാന്വേഷികളും അവധൂതരും സന്യാസിമാരും എല്ലാം എല്ലാം നിറഞ്ഞ ഒരിടമാണ് ഞാൻ കണ്ട തിരുവണ്ണാമലൈ. ബിജു ഇബ്രാഹിമിന്റെ ഫോ​ട്ടോ ഫീച്ചർ.

2016- ലാണ് ആദ്യമായി തിരുവണ്ണാമലയിൽ കാലു കുത്തുന്നത്. രമണാശ്രമത്തിനു മുന്നിലാണ് ആദ്യമായി ഇറങ്ങിയത്; ആ നിമിഷം തന്നെ അരുണാചലത്തിന്റെ കടുത്ത ചൂട് എന്നെ തൊട്ടു, മുന്നിൽ കണ്ട ബസിൽ കയറി തിരിച്ചുപോവാൻ പ്രേരിപ്പിച്ചിരുന്നു, ആത്മാന്വേഷികളുടെയും പരിവ്രാജകരുടെയും പുണ്യസ്ഥലമായി കേട്ടിരുന്ന തിരുവണ്ണാമലൈ. ആ നിമിഷം എന്നിൽ അനുഭവത്തിൽ വന്നതാകട്ടെ ഭൗതികമായ കടുത്ത ചൂടും ദാഹവുമായിരുന്നു.

രമണാശ്രമത്തിനെതിരെയുള്ള ചായക്കടയിൽനിന്ന് ആ ചൂടിൽ ഒരു ചായ മൊത്തികുടിച്ച് രമണാശ്രമത്തിന്റെ പച്ചയായ ബോർഡിലേക്ക് നോക്കി നിന്നു. ആളുകൾ ആശ്രമത്തിനുള്ളിലേക്ക് സാവധാനവും വേഗത്തിലും നടക്കുന്നുണ്ടായിരുന്നു. ചായ കുടി കഴിഞ്ഞ ഞാനും ആശ്രമത്തിനുള്ളിലേക്ക് കയറി. ചെരിപ്പഴിച്ചുവെക്കേണ്ടയിടത്ത്, കൂപ്പണും വാങ്ങി ആശ്രമത്തിനുളളിക്ക് നടന്നു.

ഒരു മുതുമുത്തശ്ശൻ സന്ന്യാസി മരമുണ്ട്, കാഴ്ച്ചയിൽ. ഒരു പോസ്റ്റ് ബോക്സ് പെട്ടിയും രമണാശ്രമത്തിന്റെ പുസ്തകക്കടയും കടന്ന് വലിയ ഒരു ഹാളിലേക്ക് കടന്നു.

തിരുവണ്ണാമലൈ
തിരുവണ്ണാമലൈ

തിരുവണ്ണാമലൈ
തിരുവണ്ണാമലൈ

തിരുവണ്ണാമലൈ
തിരുവണ്ണാമലൈ

ഹാളിൽ ധ്യാനത്തിലിരിക്കുന്നവരും, ഉറങ്ങുന്നവരും നിറഞ്ഞിരുന്നു. ഒരിടത്തു പോയി ഞാനും ഇരുന്നു.
സ്ത്രീകൾ ഇരിക്കുന്നത്തിനുമുകളിൽ രമണ മഹർഷിയുടെ ഫോട്ടോഗ്രാഫുകൾ വലുതായി ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. അതിൽ കൗമാരകാലത്തെ മഹർഷിയുടെ ഫോട്ടോഗ്രാഫ് എന്നെ തന്നെ സഹതാപത്തോടെ നോക്കുന്ന പോലെ തോന്നി; താങ്കൾ എന്തിനാണ് ഇവിടേയ്ക്ക് വന്നത് എന്ന മട്ടിൽ.

രമണാശ്രമത്തിലെ രമണമഹർഷിയുടെ ചിത്രങ്ങൾ
രമണാശ്രമത്തിലെ രമണമഹർഷിയുടെ ചിത്രങ്ങൾ

രമണാശ്രമത്തിൽ നിന്നിറങ്ങി ശേഷാദ്രി സ്വാമികളുടെ ആശ്രമത്തിനുള്ളിലുള്ള ഭക്ഷണശാലയിൽ നിന്ന് ഊണ് കഴിച്ചു. ബിനു ഭാസ്കറിന്റെ താമസസ്ഥലത്തേയ്ക്ക് പോയി, അവിടെ ബിനുവിന്റെ കൂട്ടുകാരുടെ കൂടെ കുറച്ചു നേരം സംസാരിച്ചിരുന്നു.

ശേഷാദ്രി സ്വാമികൾ
ശേഷാദ്രി സ്വാമികൾ

വൈകുന്നേരം ഒരു പുസ്തക പ്രകാശനം ഉണ്ടായിരുന്നു. തിരുവണ്ണാമലയിലെ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ബവൈ ചെല്ലദൂരയുടെ പുസ്തകപ്രകാശനമായിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫർമാരായ അബുൽ കലാം ആസാദും ബിനു ഭാസ്കറും അതിൽ മുഖ്യാതിഥികൾ ആയിരുന്നു. രണ്ടു പേരെയും തിരുവണ്ണാമലൈ മലയെ സാക്ഷിനിർത്തി ആരാധനയോടെ നോക്കി നിന്നു.

പിറ്റേനാൾ അബുളിന്റെ വീട്ടിൽ ഞാൻ എത്തുന്നു. അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരു പബ്ലിക് ആർക്കെവൽ ഫോട്ടോ പ്രൊജെക്ട് നടന്നു കൊണ്ടിരിക്കയാണ് അവിടെ, രാജ്യത്തിൻറെ പല ഭാഗത്തു നിന്നും 25 ലധികം ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫേഴ്സ് പങ്കെടുക്കുന്ന ‘പ്രൊജക്റ്റ് 365’ പ്രൊജക്റ്റ് ആണ് അബുൽ ഡിസൈൻ ചെയ്തിരിക്കുന്നത്.

അബുൽ കലാം ആസാദ്
അബുൽ കലാം ആസാദ്

ബിനു ഭാസ്കർ
ബിനു ഭാസ്കർ

എല്ലാ ആഴ്ചയും ഫോട്ടോഗ്രാഫർമാരുടെ അവരുടെ വർക്ക് പ്രസേൻറ്റേഷനുകളുണ്ട്. വർക്ക് വല്ലതും കാണിക്കാനുണ്ടോ എന്ന് അബുൽ എന്നോട് ചോദിച്ചു. അല്പം സങ്കോചത്തോടെയാണെങ്കിലും ട്രാൻസ്‌ഫിഗറേഷൻ എന്ന തിയ്യേറ്റർ പെർഫോമൻസിന്റെ ചിത്രങ്ങൾ ഞാൻ പ്രദർശിപ്പിച്ചു.

അന്ന് രാത്രി അബുൽ എന്നോട് ഈ പ്രൊജക്റ്റിൽ ജോയിൻ ചെയ്യുന്നോ എന്ന് ചോദിച്ചു. ഞാൻ ആഹ്ലാദപൂർവ്വം ഇൻവിറ്റേഷൻ സ്വീകരിച്ചു. അവിടെ താമസിക്കാനുള്ള ചെറിയ പൈസയും മറ്റു ചെലവുകളും ഞാൻ തന്നെ വഹിക്കണം. 1500 രൂപയാണ് മാസവാടക. പിന്നെ ഭക്ഷണവും, അത് വീട്ടിൽ തന്നെ ഉണ്ടാക്കാം.

സ്കന്ദാശ്രമം
സ്കന്ദാശ്രമം

രമണാശ്രമം
രമണാശ്രമം

രാവിലെയും ഉച്ചയ്ക്കും രമണാശ്രമത്തിൽ നിന്നും മറ്റ് ആശ്രമങ്ങളിൽ നിന്നും ഭക്ഷണം ലഭിക്കും. തൈര് സാദവും തക്കാളി സാദവുമെല്ലാം അടങ്ങിയതും രുചിയേറിയതുമായ, വയറിനു തണുപ്പേകുന്ന ഭക്ഷണം.

അങ്ങനെ ഓടിപ്പോകാൻ നിന്ന ഞാൻ തിരുവണ്ണാമലയെ കുറിച്ച് ഫോട്ടോ പ്രൊജക്റ്റ് തുടങ്ങുന്നു.

ഡൽഹിയിൽ നിന്നുള്ള ആർണവും സംഘവും, റൂം മേറ്റ് ജിബി ചാൾസും, തുടങ്ങി വന്നും പോയും ഇരിക്കുന്ന വലിയൊരു സംഘം ആർട്ടിസ്റ്റുകൾ.
അബുളിന്റെ പാർട്ണറും പ്രൊജക്റ്റ് കോർഡിനേറ്ററുമായ തുളസി സ്വർണലക്ഷ്മി ആയിരുന്നു സംഘത്തിലെ മറ്റൊരു പ്രധാനി.
പതുക്കെ ഫോട്ടോ വാക്കിനും, പകർത്തുന്നതിനും ആയി തിരുവണ്ണാമലയിൽ നടന്നും, സൈക്കിളിൽ യാത്ര ചെയ്തും, അബുളിന്റെ കൂടെയും, അല്ലാതെയും തിരുവണ്ണാമലയെ അറിഞ്ഞു തുടങ്ങുന്നു.

തിരുവണ്ണാമലയിലെ നാട്ടുകാർ
തിരുവണ്ണാമലയിലെ നാട്ടുകാർ






അരുണാചലമലയും, ഗിരിവലവും, സംന്യാസിമാരെയും, ഭിക്ഷാടകരെയും, ഭക്തരെയും, അറിയാതെ മുന്നിൽ വരുന്ന അവദൂതരെയും എന്റെ കാഴ്ചയിൽ പകർത്തുന്നു.

ഒരു വർഷമാണ് തിരുവണ്ണാമലയിലെ പ്രൊജക്റ്റ്.
സ്ഥിരം എവിടെയും നിൽക്കാൻ മാനസികമായി തന്നെ പറ്റാതിരുന്ന ഞാൻ തിരുവണ്ണാമലയിലും പ്രോജെക്ടിനായി വന്നും പോയും തുടർന്ന് കൊണ്ടിരുന്നു.

ആദ്യ നാളുകളിൽ ജിബിയുടെയും മറ്റു ഫോട്ടോ ആർട്ടിസ്റ്റുകളെയും കൂടെ അവർ ഫോട്ടോ എടുക്കുന്നത് നോക്കി നിൽക്കാലായിരുന്നു പ്രധാന പരിപാടി, ഇടയ്ക്ക് അബുളിന്റെ കൂടെയുള്ള പൂർണമാകാത്ത ഗിരിവലം നടത്തം, ഇന്നർ പാത്ത് നടത്തം, അരുണാചലം അമ്പലം വിസിറ്റ്, അവിടെ നിന്നുള്ള കാപ്പി സമയം, അതിനടുത്തുള്ള ബീവി ദർഗാ, അവിടെ നിന്നും ഇടയ്ക്ക് കഴിക്കുന്ന ബിരിയാണി സമയങ്ങളിൽ എല്ലാം അബുൾ തന്റെ ഫോട്ടോഗ്രാഫി ചിന്തകൾ നമ്മോട് പങ്കു വെക്കുമായിരുന്നു.

ഹസ്രത് സൈദാനി ബീബി ദർഗ
ഹസ്രത് സൈദാനി ബീബി ദർഗ

ഹസ്രത് സൈദാനി ബീബി ദർഗ
ഹസ്രത് സൈദാനി ബീബി ദർഗ

അബുൾ നല്ലൊരു കുക്കും ആയിരുന്നു, ഭക്ഷണമുണ്ടാക്കുന്നതിലും അദ്ദേഹത്തിന് ആളുടേതായ ഡിസൈനുണ്ട്, അതിന്റേതായ ‘അബുൾ രുചി’യും അതിനുണ്ടാകും.

ഞാനുണ്ടാക്കുന്ന ഭക്ഷണം തിരുവണ്ണാമലയിൽ ചെറുപയറും കഞ്ഞിയും കൂടെ ചമ്മന്തിയും ആയതു കൊണ്ട് പ്രത്യേക ഡിസൈൻ കൊണ്ട് വരാൻ എനിക്ക് സാധിച്ചിട്ടില്ല. കൂടെയുള്ള ജിബി ചാൾസിനാണെങ്കിൽ ഒന്നും ഉണ്ടാക്കാനും അറിയില്ല എന്നതും കഞ്ഞിയിൽ മാത്രമായി അഭയം പ്രാപിക്കാനുള്ള ഒരു കാരണമാണ്.

പതുക്കെ എന്റെ കയ്യിലുള്ള കാനൻ 6D ക്യാമറയുമായി ഞാനും പ്രൊജക്റ്റ് വർക്കിലേക്ക് ഇറങ്ങി. തിരുവണ്ണാമലയിലെ ചുറ്റുപാടും പകർത്താൻ തുടങ്ങി. സ്കന്ദാശ്രമം ഇടയ്ക്കിടയ്ക്ക് കയറിയിറങ്ങി, അവിടെയുള്ള ശില്പികളെയും, അവരുടെ ശില്പങ്ങളെയും, സ്കന്ദാശ്രമ വഴികളും, അതിന്റെ അധിപരായ കുരങ്ങന്മാരെയും, പട്ടികളെയും, പകർത്തി തുടങ്ങി.

സ്കന്ദാശ്രമത്തിലേക്കുള്ള വഴി
സ്കന്ദാശ്രമത്തിലേക്കുള്ള വഴി

തിരുവണ്ണാമലയിലെ കാഴ്ച
തിരുവണ്ണാമലയിലെ കാഴ്ച

തിരുവണ്ണാമലയിലെ കാഴ്ച
തിരുവണ്ണാമലയിലെ കാഴ്ച

സ്കന്ദാശ്രമത്തിനുള്ളിൽ ആത്മീയാന്വേഷകർ ധ്യാനത്തിലിരിക്കുന്നുണ്ടാകും, ആശ്രമത്തിനു പിന്നിൽ നീർച്ചാലുകളുണ്ട്. അതിലെ വെള്ളം തെളിഞ്ഞുതെളിഞ്ഞിരിക്കും, അതിന്റേതായ രുചിയും ഉണ്ടതിന്. ഞാൻ ഇടയ്ക്ക് പിന്നിൽ പോയിരിക്കും, ധ്യാനമൊന്നും അല്ല, അവിടെ ഇരിക്കാൻ നല്ല രസമാണ്.

ഒരുനാൾ സ്കന്ദാശ്രമത്തിനുള്ളിൽ. മഹർഷി ധ്യാനത്തിലിരുന്നിടത്ത് ഇടത്തു ഇരിക്കയാണ്, ക്യാമറ അരികിൽ തന്നെ ഉണ്ട്.
പെട്ടന്ന് അവിടെ മുഴുവൻ ശൂന്യമായി, ആരും തന്നെ ഇല്ല,
മഹർഷി ഇരുന്ന സ്ഥലത്ത് വല്ലാത്തൊരു വെളിച്ചം, മഹർഷിയുടെ ഒരു കുഞ്ഞു ഫോട്ടോ അവിടെയുണ്ട്, ഒരു കുഞ്ഞു വിളക്കും ഒരു തിരിയിൽ കത്തുന്നുണ്ട്. വളരെ കാലം വരെ ഞാൻ കരുതിയിരുന്നത് ആ ഫോട്ടോ ശ്രീ രാമകൃഷ്ണ പരമഹംസരുടെതാണെന്നാണ്. എന്താണ് അങ്ങനെ തോന്നിയെതെന്ന് ഇപ്പോഴും അറിയില്ല.

സ്കന്ദാശ്രമത്തിലെ മഹർഷിയുടെ ഫോട്ടോ
സ്കന്ദാശ്രമത്തിലെ മഹർഷിയുടെ ഫോട്ടോ

സ്കന്ദാശ്രമത്തിലെ മഹർഷിയുടെ ഫോട്ടോ
സ്കന്ദാശ്രമത്തിലെ മഹർഷിയുടെ ഫോട്ടോ

ഞാൻ ഗുഹയ്ക്കുള്ളിൽ നിന്ന് എണീച്ചു, ആ ധ്യാന ഇടം ഫോട്ടോഗ്രാഫിൽ പകർത്തി. എനിക്ക് തിരുവണ്ണാമലയിൽ നിന്നു കിട്ടിയ ആദ്യ വെളിച്ചവും നിഴലും ഒരേ പോലെ പകർന്നു തന്ന ഫോട്ടോഗ്രാഫ് അതായിരുന്നു. പിന്നീട് കോവിഡിന് ശേഷം അബുൽ ക്യൂറേറ്റ് ചെയ്ത മെൽബണിൽ നടന്ന എക്‌സിബിഷനിൽ ഒരു പ്രധാന വർക്ക് ഈ ഫോട്ടോഗ്രാഫ് ആയിരുന്നു.

സ്കന്ദാശ്രമത്തിനു താഴെയാണ് വിരൂപാക്ഷ ഗുഹ. രമണ മഹർഷി ഏറ്റവും കൂടുതൽ താമസിച്ച ഇടവുമാണിത്.
മലമുകളിലെ രമണ മഹർഷി ആദ്യ വർഷങ്ങളിൽ മിക്കവാറും നിശ്ശബ്ദതയിൽ തന്നെയായിരുന്നു, അദ്ദേഹത്തിന്റെ തേജസ്സ് ആളുകളെ ആഴത്തിൽ ആകർഷിച്ചിരുന്നു. സത്യാന്വേഷികൾ മാത്രം അല്ല, ലളിതരായ മനുഷ്യരും, കുട്ടികളും, മൃഗങ്ങളും മഹർഷിയിൽ ആകൃഷ്ടരായിരുന്നു.
കുരങ്ങന്മാരും, അണ്ണന്മാരും, പട്ടികളും മയിലുകളും ഒക്കെ മഹർഷിയിൽ നിന്നും ഭക്ഷണവും സ്നേഹവും കരുണയും നിറയെ സ്വീകരിച്ചിരുന്നു.

1879 ഡിസംബർ 30 ന് തമിഴ് നാട്ടിലെ തിരുച്ചുഴിയിൽ വെങ്കിട്ടരാമൻ എന്ന പേരിലാണ് രമണ മഹർഷി ജനിക്കുന്നത്. അച്ഛൻ സുന്ദരം അയ്യരും, അമ്മ അഴകമ്മാളും. പതിനാറാം വയസ്സിൽ രമണ മഹർഷിയ്ക്ക് മരണാനുഭവം ഉണ്ടാകുന്നു. വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ പെട്ടന്ന് മരണത്തെക്കുറിച്ചുള്ള ഭയം വരുന്നു. തന്റെ ശരീരം നിർജ്ജീവമായത് മഹർഷി അറിയുന്നു. എന്നാൽ ശുദ്ധമായ അവബോധം, മരണത്താൽ സ്പർശിക്കപ്പെടാതെ നിലൽക്കുന്നു എന്ന് മഹർഷി തിരിച്ചറിയുന്നു. ഈ അനുഭവം രമണ മഹർഷിയെ സാക്ഷാത്കാരത്തിലേക്ക് എത്തിച്ചു.

അരുണാചലത്തെ ഓരോ വെളിച്ചവും നമ്മെ അത്ഭുതപ്പെടുത്തും, ഒരു വർഷം പ്രൊജക്റ്റ് വേണ്ടി ചെലവിട്ട സമയങ്ങളിൽ വെളിച്ചത്തിന്റെ പലവിധ അടരുകൾ കാണാനും അനുഭവിക്കാനും സാധിച്ചിട്ടുണ്ട്.

ഒരുദിവസം ജിബി ചാൾസിന്റെ കൂടെ ലൂണ സ്‌കൂട്ടറിൽ അരുണാചലേ മല വലയം വെക്കുകയാണ്, ഫോട്ടോ എടുക്കൽ തന്നെയാണ് പ്രധാന അജണ്ട. ഒരു വയൽ അരികിലൂടെ പൊയ്ക്കൊണ്ടിരുന്ന സമയം ഒരു കാഴ്ച്ച കണ്ടു ജിബിയോട് സ്‌കൂട്ടർ നിർത്താൻ പറഞ്ഞു.

അരുണാചലേയിലെ കർഷക തൊഴിലാളി
അരുണാചലേയിലെ കർഷക തൊഴിലാളി

അരുണാചലേയിലെ കർഷക തൊഴിലാളി
അരുണാചലേയിലെ കർഷക തൊഴിലാളി

വയൽവരമ്പിലേക്ക് ഞാൻ ഓടിച്ചെന്നു. അവിടെ വൃദ്ധനായ, എന്നാൽ നല്ല ആരോഗ്യമുള്ള മെലിഞ്ഞ ഒരു കർഷകനും, ആ മനുഷ്യന്റെ അതെ ഭാവത്തിലുള്ള രണ്ടു പശുക്കളും. കർഷകൻ ഒരു കോണകം മാത്രമേ ഉടുത്തിട്ടുള്ളൂ, ചെളിയിൽ നിറഞ്ഞിരിക്കുന്നു അവരുടെ ശരീരങ്ങൾ.

ഉച്ചയുടെ ചൂട് അവിടെ നിറഞ്ഞിരിക്കുന്നുണ്ട്. ഞാൻ അദ്ദേഹത്തോട് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു, ഫോട്ടോ ഒക്കെ എടുത്തോ ആദ്യം സരക്കിനുള്ള പൈസ താ എന്നു അങ്ങേര്. ഞാൻ കീശയിലുള്ള നൂറു രൂപ ആൾക്ക് നീട്ടി. ആദ്യം മൊബൈലിലും പിന്നീട് ക്യാമറയിലും അദ്ദേഹത്തെ പകർത്തി, ആളും ആൾടെ പശുക്കളും എനിക്കും ജിബിയ്ക്കും പൂർണമായും പോസ്സ് ചെയ്തു നിന്നു.

അന്ന് എടുത്ത ഫോട്ടോ ഞാൻ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്തു, അതിവേഗം ആ ഫോട്ടോ വൈറലായി, ലാഫിങ് എന്നോ മറ്റോ പേരുള്ള ഒരു ഓൺലൈൻ ഫൈസ്ബൂക്ക് ഗ്രൂപ്പ് ഞാൻ എടുത്ത ഫോട്ടോ അവരുടേതാക്കി പോസ്റ്റ് ചെയ്തു, അതിനുശേഷം ലക്ഷക്കണക്കണിന് ലൈക്കും ഷെയറും വന്നു. ആദ്യമൊക്കെ ഞാൻ, ‘അത് എന്റെ ഫോട്ടോയാണ്, കോപ്പി റൈറ്റ് എനിക്കാണ് എന്നൊക്കെ അവർക്ക് മെസെജ്ജ് അയക്കുകയും ഒക്കെ ചെയ്തു, ഒരു കാര്യവും ഉണ്ടായില്ല, എന്നാൽ അതിനോടുചേർന്ന് തന്നെ ഓണർഷിപ്പ് എന്നതിനെ, ഉള്ളിൽ ചോദ്യചെയ്യപ്പെടാനും തുടങ്ങി.

ആ കർഷകൻ, ആ സമയം, അപ്പോഴുള്ള വെളിച്ചം, പശുക്കൾ, ജി.ബി ചാൾസ് തുടങ്ങി എല്ലാം അതിൽ ഉൾപ്പെടുന്നുണ്ട്, അത് എങ്ങനെ എന്റെ മാത്രം സൃഷ്ടിയാകും? ചോദ്യങ്ങൾ അന്ന് തുടങ്ങിയതാണെങ്കിലും അതിന് എന്നിലെ ഈഗോ ഇതുവരെ പൂർണമായ ഉത്തരം നൽകിയിട്ടില്ല.

അരുണാചലേയിലെ ശിവക്ഷേത്രത്തിൽ നിന്ന്
അരുണാചലേയിലെ ശിവക്ഷേത്രത്തിൽ നിന്ന്

അരുണാചലേയിലെ ശിവക്ഷേത്രത്തിൽ നിന്ന്
അരുണാചലേയിലെ ശിവക്ഷേത്രത്തിൽ നിന്ന്


അരുണാചലേയിലെ ശിവക്ഷേത്രത്തിൽ നിന്ന്
അരുണാചലേയിലെ ശിവക്ഷേത്രത്തിൽ നിന്ന്



അതിനുശേഷം തിരുവണ്ണാമല എന്നെ സ്വീകരിച്ച പോലെയായിരുന്നു.
അരുണാചല അമ്പലത്തിൽ, അതിൽ നിറഞ്ഞിരിക്കുന്ന പല പ്രതിഷ്ഠകൾ. പുരാതന ചുമർചിത്രങ്ങൾ, ആർക്കിടെക്ച്ചറിന്റെ വൈവിധ്യം, മനുഷ്യർ, നിറങ്ങൾ ഒക്കെ പകർത്തി. പുറമെ സ്ഥപതികളും, അമ്പലത്തിലേക്ക് നിർമ്മിതിയ്ക്ക് ആവശ്യമായ, കോറികളിൽ പണിയെടുക്കുന്നവരും, ഗിരിവലം പാത്തിലുള്ള ശില്പികളും, വഴികളിലുളള കുഞ്ഞു കുഞ്ഞു അമ്പലങ്ങളും ഒക്കെ വിവിധ വെളിച്ചങ്ങളിൽ എന്റെ ക്യാമറയിൽ പതിഞ്ഞു.
പ്രൊജക്റ്റ്- 356 എന്ന ഫോട്ടോഗ്രാഫി പ്രൊജക്റ്റ് അവസാനിച്ചു എങ്കിലും എന്റെ ഉള്ളിൽ പ്രൊജക്റ്റ് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പിന്നെയും പിന്നെയും അവിടെ തന്നെ പോവേണ്ടിവരും എന്ന് നല്ല ബോധ്യം വന്ന പോലെയായിരുന്നു അരുണാചലത്തോട് എനിക്ക് ഉണ്ടായി തീർന്ന അടുപ്പം!!

ശേഷാദ്രി സ്വാമികൾ രമണ മഹർഷി യോഗി റാം സൂറത്ത് കുമാർ

ശേഷാദ്രി സ്വാമികൾ രമണമഹർഷിക്കുമുന്നേ തിരുവണ്ണാമലയിൽ എത്തിയിരുന്നു. പൂർണമായ ഭക്തി, ത്യാഗം തപസ്സ് എന്നിവയിലൂടെ ആത്മസാക്ഷാത്ക്കാരം നേടിയ സ്വാമികളാണ് മഹാൻ ശേഷാദ്രി സ്വാമികൾ.

വാഴൂരിലെയും കാഞ്ചിപുരത്തെയും നാളുകൾക്കുശേഷം ആത്മീയ പൈതൃകത്തിന് പേരുകേട്ട തിരുവണ്ണാമല അദ്ദേഹത്തിന്റെ അവസാന അഭയ സ്ഥലമായി. തിരുവണ്ണാമലയിലെ സ്വാമികളുടെ സമാധി ഭക്തരുടെ പ്രിയപ്പെട്ട ഇടം ആണ്.

രമണ മഹർഷി 16- ആം വയസ്സിൽ അനുഭവിച്ച എക്സ്പീരിയൻസിനുശേഷം കുടുംബമെല്ലാം ഉപേക്ഷിച്ച് തിരുവണ്ണാമലയിലേക്ക് തിരിക്കുന്നു. അരുണാചല ക്ഷേത്രത്തിനുള്ളിൽ നിന്ന് ആ ബാലന്റെ തേജസ്സ് അറിയുന്നതും, മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുന്നതും ശേഷാദ്രി സ്വാമികളാണ്. മിക്ക സമയങ്ങളിലും നിശ്ശബ്ദതയായിരുന്നു രമണമഹർഷിയുടെ നിത്യസാധന.

മയിലും മാനും കാക്കയും പശുവും അണ്ണന്മാരും കുട്ടികളും ഒക്കെ മഹർഷിയുടെ അടുത്ത ചങ്ങാതിമാരായിരുന്നു, കാക്കയ്ക്കും, പശു ലക്ഷ്മിയ്ക്കും, മാനിനും എല്ലാം സമാധിയും ഉണ്ട് രമണാശ്രമത്തിൽ!

 രമണാശ്രമത്തിൽ ലക്ഷ്മി എന്ന പശുവിനുള്ള സമാധി
രമണാശ്രമത്തിൽ ലക്ഷ്മി എന്ന പശുവിനുള്ള സമാധി

രമണാശ്രമത്തിൽ കാക്കയ്ക്കുള്ള സമാധി
രമണാശ്രമത്തിൽ കാക്കയ്ക്കുള്ള സമാധി

രമണാശ്രമത്തിൽ വല്ലി എന്ന മാനിനുള്ള സമാധി
രമണാശ്രമത്തിൽ വല്ലി എന്ന മാനിനുള്ള സമാധി

ജാക്ക് എന്ന പട്ടിക്കുള്ള സമാധി
ജാക്ക് എന്ന പട്ടിക്കുള്ള സമാധി

പ്രോജക്ട് കഴിഞ്ഞ് നാളുകൾക്കുശേഷം രമണാശ്രമത്തിൽ കയറിച്ചെന്നു. ഹാളിനു പുറത്തു ഒരു സുന്ദരൻ മയിൽ പീലിവിടർത്തി എന്നെ നോക്കുന്നു, എന്റെ കണ്ണുകൾ വിടർന്നു, സ്വാഭാവികമായും ആളെ പകർത്താൻ ഞാൻ മെബൈൽ കാമറ ഓൺ ആക്കി.
ഒരു കുസൃതിയോടെ അവൻ മുന്നിലേക്ക് നടന്നു. ഞാനും കൂടെ പോവാൻ ശ്രമിച്ചതും സെക്യൂരിറ്റി എന്നെ തടഞ്ഞു, ഇതിനപ്പുറം പ്രവേശനമില്ല.

എന്റെ കണ്ണുകൾ നിറഞ്ഞുവന്നു. ഞാൻ നോക്കുമ്പോൾ നടന്നു പോയ മയിൽ എന്റെ അരികിലേക്ക് നടക്കുന്നു. എന്റെ അടുത്ത വന്നു നിന്ന് എന്താ ഫോട്ടോ എടുക്കേണ്ട എന്ന മട്ടിൽ എന്നെ ഒരു നോട്ടം. കുറച്ചു നിമിഷങ്ങൾ നിശാചലനായ ഞാൻ എനിക്ക് വേണ്ടുവോളം ആ സുന്ദരനെ പകർത്തി. ശേഷം അവൻ ഒരു ശബ്ദത്തോടെ നടന്നു പറന്നു പോയി. ഇത്തരം എന്നിൽ ആനന്ദമുണ്ടാകുന്ന മുഹൂർത്തങ്ങൾ തിരുവണ്ണാമലയിൽ വേറെയും ഉണ്ടായിട്ടുണ്ട്.

രമണാശ്രമത്തിലെ മയിൽ
രമണാശ്രമത്തിലെ മയിൽ

രമണാശ്രമത്തിലെ മയിൽ
രമണാശ്രമത്തിലെ മയിൽ

യോഗി റാം സുരത് കുമാർ, ഉത്തർപ്രദേശിൽ ജനിച്ച ഇദ്ദേഹത്തിന്റെ ആത്മീയാന്വേഷണം അരബിന്ദോയിലേക്കും രമണമഹർഷിയിലേക്കും, തന്റെ ഗുരുവായ കേരളത്തിലെ സ്വാമി റാം ദാസിലേക്കും എത്തിച്ചു.

വളരെ ലളിതജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. യോഗി റാമിന്റെ ആശ്രമത്തിൽ ഒരു ലിവിങ് എനർജി അനുഭവിക്കുമായിരുന്നു. അവദൂതരുടെ താവളം കൂടെയാണ് യോഗി രാം സൂറത്തിന്റെ ആശ്രമം.

പഠിക്കാൻ വളരെ മിടുക്കനായിരുന്നു റാം സൂറത് കുമാർ. അയൽഗ്രാമത്തിലെ സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. 13 വയസ്സ് മുതൽ 18 വയസ്സ് വരെ ബാലിയിലെ ഒരു റസിഡൻഷ്യൽ സ്കൂളിൽ ഉന്നത വിദ്യാഭ്യാസം നേടി,
തിരിച്ച് വീട്ടിലെത്തിയ സൂറത്ത് കുമാറിന് ഒരു പക്ഷി നൽകിയ അനുഭവമാണ് അദ്ദേഹത്തിനെ ആത്മവിചാരത്തിലേക്ക് നയിച്ചത്. ഒരിക്കൽ സന്ധ്യാസമയത്ത് അടുത്തുള്ള ഒരു കിണറ്റിൽ നിന്നും വെള്ളമെടുക്കുമ്പോൾ കിണറ്റിൽ കരയിൽ ഒരു ചെറിയ പക്ഷി ഇരിക്കുന്നു, ഒരു കുസൃതിയിൽ സൂറത് കയറുകൊണ്ട് അതിനെ ഓടിക്കാൻ ​ശ്രമിച്ചു. നിർഭാഗ്യവശാൽ ആ കുഞ്ഞു പക്ഷി കുഴഞ്ഞു വീണു മരിച്ചു. ഈ സംഭവം റാം സൂറത്തിന്റെ ആഴത്തിൽ ദുഃഖത്തിലാക്കി. ഗംഗാ നദിയുടെ തീരത്തിരുന്ന് സൂറത്ത്, ജനനം- ജീവിതം- മരണ ചിന്തകൾ എന്നിവയിൽ ആഴത്തിൽ മുഴുകി.

യോഗി റാം സൂറത് കുമാർ വിഗ്രഹം
യോഗി റാം സൂറത് കുമാർ വിഗ്രഹം

യോഗി റാം സൂറത് കുമാർ
യോഗി റാം സൂറത് കുമാർ

ആത്മവിചാരത്തിൽ മുഴുകിയിരുന്ന റാം സൂറത്തിനെ കപാഡിയ ബാബാ എന്നറിയപ്പെട്ടിരുന്ന മുനീശ്വർ മഹാരാജ് എന്ന സാധു ആത്മനാന്വേഷണത്തിന്റെ വെളിച്ചത്തിലേക്ക് നയിച്ചു. തുടർന്ന് ബാബയുടെ നിർദ്ദേശപ്രകാരം സൂറത് കുമാർ കാശിയിലേക്ക് പോയി. വിശ്വനാഥന്റെ ശ്രീകോവിലിൽ പ്രവേശിച്ച നിമിഷം തന്നെ അതുവരെ അനുഭവിച്ചിട്ടില്ലാത്ത ആനന്ദത്തിന്റെയും പ്രവാഹം യോഗി റാം സൂറത്തിന്റെ വലയം ചെയ്തുഴ

17 വർഷത്തോളം പൊടിനിറഞ്ഞ തെരുവുകളിൽ തലക്കുമീതെ മേൽക്കൂരയില്ലാത്ത യോഗി അലഞ്ഞുനടന്നു. ഭ്രാന്തൻ ഭിക്ഷാടകർ എന്നു സ്വയം വിശേഷിപ്പിച്ചു. എന്നാൽ ആത്മാന്വേഷകരും ഭക്തരും അദ്ദേഹത്തിന്റെ ഉള്ളിലെ വെളിച്ചവും തിരിച്ചറിഞ്ഞു. വിദൂരദിക്കുകളിൽ നിന്നുപോലും ആളുകൾ ഒഴുകിയെത്തി.

കപാഡിയ ബാബാ
കപാഡിയ ബാബാ

എന്റെ പിതാവ് മാത്രമേയുള്ളൂ, വേറെ ഒന്നുമില്ല, മറ്റാരുമില്ല’, യോഗി രാം സൂറത്ത് കുമാറിന്റെ വചനങ്ങളിൽ ഒന്ന്.

രമണാശ്രമത്തിന്റെ ഏതാനും ഒരു കിലോമീറ്ററോളം അകലെയാണ് യോഗി റാം സൂറത്തിന്റെ ആശ്രമം.

‘മൂക്കുപൊടി സിദ്ധർ’

തിരുവണ്ണാമലയിലെ പ്രൊജക്റ്റ് നടക്കുന്ന സമയത്താണ് മൂക്കുപൊടി സിദ്ധരെ ആദ്യമായി കാണുന്നത്. ശേഷാദ്രി ആശ്രമത്തിൽ രാവിലെ മസാലദോശ കഴിക്കാൻ പോയതായിരുന്നു ഞാൻ, കാമറ കയ്യിലുണ്ട്.
കഴിച്ചു തീരാറായപ്പോൾ ഹോട്ടൽ റിസപ്ഷനിൽ ഇരിക്കുന്നയാൾ പെട്ടെന്ന് എണീറ്റ് പുറത്തേക്കുനടക്കുന്നു. അദ്ദേഹത്തിന്റെ കയ്യിൽ ഒരു പൊതിയുണ്ടായിരുന്നു. വേറെ ചിലർ അവിടേക്ക് വേഗത്തിൽ നടക്കുന്നു. പെട്ടെുന്നതന്നെ ഒരു ചെറിയ ആൾക്കൂട്ടമാകുന്നു.

ഞാനും ആകാംഷയോടെ പുറത്തിറങ്ങി. ശേഷാദ്രി അമ്പലത്തിലേക്ക് എല്ലാവരുടെയും കണ്ണുകൾ, എന്റെ കണ്ണുകളും അങ്ങോട്ട് തന്നെ. അവിടെ നിന്ന് വേഗത്തിൽ ഇറങ്ങിവരുന്നു മൂക്കുപൊടി സിദ്ധർ. ഭക്തർ അനുഗ്രഹം കിട്ടാൻ വേണ്ടി കേഴുന്നു. ഹോട്ടലിലെ അങ്ങേർ കയ്യിലെ പൊതി സിദ്ധർക്ക് കൊടുക്കുന്നു. പൊതിയഴിച്ച് ഒരു കയ്യിൽ നിറച്ച് മൂക്കുപൊടി നിറച്ച് ഒറ്റ വലിക്ക് ഉള്ളിലേക്കെടുക്കുന്നു. ഒരു നിമിഷം എന്റെ ബോധം പോവുന്ന പോലെ തോന്നി. വലിച്ചത് സ്വാമി ആണേലും കിട്ടിയത് എനിക്കായീന്ന്.

മൂക്കുപൊടി സിദ്ധൻ
മൂക്കുപൊടി സിദ്ധൻ

സിദ്ധർ ഒന്ന് കറങ്ങി, തന്റെ വടിയുമെടുത്ത് അവിടെ നിന്ന് ക്ഷേത്രത്തിന്റെ മറ്റൊരു ഭാഗത്തേയ്ക്ക് നടന്നു. കൂടെ ഭക്തജനങ്ങളും ഞാനും. സിദ്ധർ ഇടയ്ക്ക് വടി വീശുന്നുണ്ട്. ചിലർക്ക് അടി കിട്ടുന്നുണ്ട്. അടി കിട്ടിയവർ അനുഗ്രഹം വന്നു ചേർന്ന പോലെ തിരിച്ചു നടക്കുന്നു. സിദ്ധരുടെ കയ്യിൽ നിന്ന് അടി കിട്ടിയാൽ അത് അനുഗ്രഹമായി പ്രവർത്തിക്കും എന്നാണ് തിരുവണ്ണാമലയിലെ ഭക്തരുടെ വിശ്വാസം.

വേഗത്തിൽ നടന്നെടുത്ത സ്വാമികൾ ക്ഷേത്രത്തിനുള്ളിലെ ഒരു ഹാളിലേക്ക് കയറി, അവിടം ഒന്ന് ചുറ്റി, ഒന്ന് കറങ്ങി ഒരിടത്തു പോയി കിടന്ന്, അടുത്ത നിമിഷത്തിൽ തന്നെ ദീർഘമായ ഉറക്കത്തിലേക്ക് പോയി.

ഞാൻ ക്യാമറ പുറത്തെടുത്തു. സിദ്ധരുടെ ഒന്നിലധികം ഫോട്ടോ എടുത്തു. വീണ്ടും കുറച്ചു കൂടി അടുത്തുപോയി ഫോട്ടോ എടുക്കാൻ എന്റെ ആഗ്രഹം എന്നെ പ്രേരിപ്പിച്ചു. ഭയത്തോടെയാണെങ്കിലും ഞാൻ ആ സാഹസത്തിനു മുതിർന്നു. ക്ലിക്ക് ചെയ്യാൻ നേരം സിദ്ധരുടെ വടി എന്നിലേക്ക് വീശി അടുത്ത്, തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വടി എന്നിൽ നിന്നും മാറിപ്പോയി.
ഞാൻ ബേജാറിൽ പിറകിലേക്ക് മാറി, അവിടെ നിന്ന് ചാടി എണീറ്റു.
ഒരു ഭക്തൻ എന്നോട് ചോദിച്ചു: ‘അടി (അനുഗ്രഹം ) കിട്ടിയോ?’
ഞാൻ ആളെ ഒന്ന് ദയനീയമായി നോക്കി, എന്റെ ക്യാമറയെയും.

മൂക്കുപ്പൊടി സിദ്ധന്റെ സമാധി
മൂക്കുപ്പൊടി സിദ്ധന്റെ സമാധി

ആ സംഭവം എന്റെയുള്ളിൽ കുറ്റബോധമുണ്ടാക്കിയിരുന്നു. സിദ്ധരുടെ അനുവാദം വാങ്ങാതെ, (മനസ്സ് കൊണ്ടെങ്കിലും) പകർത്താൻ തുനിഞ്ഞത് തെറ്റാണെന്ന് ബോധ്യം വന്നിരുന്നു. മനസുകൊണ്ട് മാപ്പു പറഞ്ഞെങ്കിലും ഉള്ളാൽ പറയാനുള്ള ഒരു അവസരം എനിക്ക് സിദ്ധർ നൽകിയിരുന്നില്ല. പ്രൊജക്റ്റ് കഴിഞ്ഞ ഇടയ്ക്ക് സുഹൃത്തുക്കളുടെ കൂടെയും ഒറ്റയ്ക്കും തിരുവണ്ണാമലയിൽ പോകുമായിരുന്നു. ഏതാനും വർഷങ്ങൾക്കു മുൻപ് വീണ്ടും തിരുവണ്ണാമലയിൽ ഷാനവാസിന്റെയും ഫാസിലിന്റെയും കൂടെ വീണ്ടും തിരുവണ്ണാമലയിൽ എത്തുന്നു. രമണാശ്രമത്തിൽ നിന്ന് കയറി സകന്ദാശ്രമത്തിന്റെ വഴിയിൽ നിന്ന് മാറി ഉള്ളിലേക്ക് കയറി ഇരിക്കുന്നു.

ഞാൻ ആകാശം നോക്കി ഇരിക്കയാണ്. അവിടേയ്ക്ക് ഒരു സ്വാമി കടന്നുവന്നു. എന്റെ പേര് ചോദിച്ചു. എന്നിട്ട് പറഞ്ഞു, ഇവിടെ മൂന്നു പ്രധാനപ്പെട്ട സിദ്ധന്മാർ സമാധിയാവാൻ പോകുകയാണ്. അവരെ നിങ്ങൾ കാണണം.

ഞങ്ങൾ അദ്ദേഹത്തിന്റെ കൂടെ പുറപ്പെട്ടു. ആദ്യം ശിവപാദം സ്വാമികളുടെ അടുത്തുപോയി. ആദ്ദേഹം പൂർണമായും ഉറക്കത്തിലായിരുന്നു. കുറച്ചുനേരം സ്വാമികളുടെ അടുത്തിരുന്നു, ശേഷം അവിടെ നിന്നിറങ്ങി.

ഗിരിവലം പാത്തിൽ മൗനസ്വാമികളുടെ ആശ്രമത്തിലായിരുന്നു പിന്നെ പോയത്. അദ്ദേഹം പുറം തിരിഞ്ഞിരിക്കയായിരുന്നു. കുറച്ചു നേരം അവിടെയും ഇരുന്നു. ശേഷം ശേഷാദ്രി സ്വാമികളുടെ ആശ്രമത്തിലേക്ക് പോയി. അവിടെ ഭക്തർക്ക് നടുവിൽ മൂക്കുപൊടി സ്വാമികൾ കമിഴ്ന്നു കിടക്കുന്നുണ്ടായിരുന്നു.

ഞാൻ സകല ബോധവും പോയ പോലെ ഒറ്റ വീഴ്ചയായിരുന്നു. സിദ്ധർക്കരികിൽ, എന്നോട് ക്ഷമിക്കണം എന്ന് ഉള്ളാൽ യാചിച്ചു. ശേഷം കണ്ണ് തുറന്നു നോക്കിയ നിമിഷം തന്നെ സിദ്ധർ എന്നെ കൺ തുറന്നുനോക്കുന്നു. ഉടനെ എണീറ്റ് ഒന്ന് കറങ്ങി അവിടെ തന്നെ സിദ്ധർ കിടന്നു. ആ അനുഭവം എന്നിലുണ്ടാക്കിയ സമാധാനം കുറച്ചായിരുന്നില്ല. തിരുവണ്ണാമലയിൽ നിന്ന് തിരിച്ചുപോന്നു. കുറച്ചു നാളുകൾക്കുശേഷം ഞാൻ അറിഞ്ഞു, മൂക്കുപൊടി സിദ്ധർ സമാധിയായെന്ന്.

നൊച്ചൂർ വെങ്കിട്ടരാമനും രമണ മഹർഷിയുടെ പേരക്കുട്ടി ഗണേശനും

സ്വാമി നൊച്ചൂർ വെങ്കിട്ടരാമനും ഗണേശനും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ആദ്യമായി നൊച്ചൂരിനെ കാണാൻ അവസരം ഉണ്ടാകുന്നത് പ്രിയ സുഹൃത്ത് ജെറിൻ ദേവസ്യ അയച്ചുതന്ന രമണ മഹർഷിയെ കുറിച്ചുള്ള നൊച്ചൂരിന്റെ സത്‌സംഗ് യൂട്യൂബിൽ കേട്ടിട്ടാണ്. ഹൃദയമയ അവതരണം കൊണ്ട് സ്വാമി നൊച്ചൂർ നമ്മെ വേഗത്തിൽ സത് സംഗിലേക്ക് അടുപ്പിക്കും. അദ്ദേഹത്തിന്റെ സത്‌സംഗ് വേഗം തന്നെ നേരിൽ അനുഭവിക്കാൻ എന്നിൽ അതിയായ ആഗ്രഹം ജനിപ്പിച്ചു.

നൊച്ചൂർ വെങ്കിട്ടരാമൻ
നൊച്ചൂർ വെങ്കിട്ടരാമൻ

നൊച്ചൂർ വെങ്കിട്ടരാമൻ
നൊച്ചൂർ വെങ്കിട്ടരാമൻ

പാലക്കാട് ജില്ലയിലാണ് നൊച്ചൂരിന്റെ ജന്മസ്ഥലം. നൊച്ചൂരിന്റെ സത്‌സംഗ് രമണ മഹർഷിയുടെ തത്വചിന്തയുടെ ഇഴചേർന്ന ഒന്നാണ്. ഞാൻ യാർ ( ഞാൻ ആരാണ്) എന്ന മഹർഷിയുടെ ആത്മവിചാര വചനം കൂടുതൽ ആത്മാന്വേഷികളിലേക്ക് പകർന്നു കൊടുക്കാൻ നൊച്ചൂരിന് സാധിച്ചിട്ടുണ്ട്. രമണ മഹർഷിയുടെ ഉപദേശങ്ങൾ കേവലം ദാർശനിക സങ്കല്പനങ്ങളല്ലെന്നും നേരിട്ട് അനുഭവത്തിൽ വരാവുന്ന ജീവനുള്ള സത്യമാണെന്നും നൊച്ചൂർ ഉറപ്പിച്ചു പറയുന്നുണ്ട്. അരുണാലചല ഭൂമിശാസ്ത്രപരമായ സ്ഥാനം മാത്രമല്ല, ആത്മാവിന്റെ ജീവനുള്ള പ്രതീകമാണെന്ന്, തുടർച്ചയായുള്ള ആത്മാന്വേഷണം അതിലേക്ക് വഴി തെളിയിക്കുമെന്ന് നൊച്ചൂർ പറയുന്നു. കഴിഞ്ഞ വർഷങ്ങളിലാണ് നൊച്ചൂർ പൂർണമായ സന്ന്യാസ ദീക്ഷ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ പുതുനാമം ശ്രീ രമണാചരണ തീർത്ഥ സ്വാമി എന്നാണ്.

ഗണേശ രമണ മഹർഷിയുടെ പേരക്കുട്ടിയാണ്. ഇപ്പോൾ 80- ലധികം വയസ്സ് കഴിഞ്ഞിരിക്കണം, ഗണേശ അണ്ണായ്ക്ക്. അദ്ദേഹത്തിന്റെ കൂടെയുള്ള ഇരുത്തം ഒരു ഇളം കാറ്റ് നമ്മെ തലോടുന്ന പോലെയാണ്. സംസാരിച്ചിരിച്ചിരിക്കുന്ന സമയത്ത് തന്നെ ഗണേശ ധ്യാനത്തിലേക്ക് പോകും, തിരിച്ചു വന്നു ആത്മവചനങ്ങൾ പിന്നെയും ഒരുവിടും. കുറച്ചു നാളുകൾക്ക് മുൻപ് അദ്ദേഹത്തിന്റെ അടുത്തുപോയപ്പോൾ കുടുംബത്തിലെ ഒരാളുടെ പിറന്നാൾ വിശേഷം വിശേഷം കൂടി അവിടെ നടക്കുന്നുണ്ടായിരുന്നു.

ഗണേശ ഞങ്ങൾക്ക് അന്ന് രമണ മഹർഷിയെ കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം സമ്മാനിച്ചു. നൊച്ചൂരും ഗണേശയും ഇടയ്ക്ക് ഇടയ്ക്ക്, കൂടി ഇരിക്കുന്നവരാണ്, അവർക്കിടയിൽ മാത്രം നടക്കുന്ന ആത്മവിചാരങ്ങൾ.

ഗംഗ മാ

രണ്ടു വർഷം മുന്നേ ആണ് ഗംഗ മാ യുടെ സത്‌സംഗിന് പോകുന്നത്. രാവിലെ ഒരു മണിക്കൂറാണ് അമ്മയുടെ സത്‌സംഗ് സമയം. വിദേശീയരാണ് കൂടുതലും അവിടെ കാണാറ്.
രമണ മഹർഷിയെ കുറിച്ച് എഴുതി പ്രശസ്തനായ ഡേവിഡ് ഗോഡ്മാൻ ഒക്കെ ഗംഗ മാ യുടെ സത് സംഗിൽ സ്ഥിരം പങ്കെടുക്കുന്ന ആളാണ്.
പകുതി സമയം ‘മെഡിറ്റേഷൻ വിത്ത് അമ്മ’യാണ് സത്‌സംഗ് രീതി, അമ്മയുടെ ശിഷ്യ- ശിഷ്യർ കുറച്ചു പേരാണ് സത്‌സംഗ് കോർഡിനേറ്റ് ചെയ്യുന്നത്, രണ്ട് വർഷത്തോളമായി ഗംഗ മാ യുടെ സത്‌സംഗ് മുടക്കാറില്ല.

എന്റെ പ്രിയ സുഹൃത് സ്വാമി ചന്ദ്രിക പറഞ്ഞത്, ഗംഗ മായ്ക്ക് സത്‌സംഗ് സമയത് നമ്മുടെ ചിന്തകൾ ഇല്ലാതാകാൻ കഴിയും എന്നാണ്.
സത് സംഗിലിരിക്കുന്ന സമയം എനിക്കും അങ്ങനെ അനുഭവമുണ്ടായിട്ടുണ്ട്. പല രീതിയിലാണ് അത് എക്സ്പീരിയൻസ് ചെയ്തതതും.

ഗംഗാ മാ
ഗംഗാ മാ

കുറച്ചു മാസങ്ങൾക്കു മുന്നേ എന്റെ പ്രിയ സുഹൃത്ത് മിഥുൻ മോഹൻ മരിച്ചു. ഞാൻ തിരുവണ്ണാമലയിലായിരുന്നു ആ സമയം. വെളുപ്പിന് 3 മണിക്കായിരുന്നു അവന്റെ മരണം എന്റെ ചെവിയിലെത്തിയത്. ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായതുകൊണ്ട് പെട്ടെന്ന് ഞാൻ പൂർണമായും തളർന്നുപോയി. പുലർച്ചെ തന്നെ ചന്ദ്രികയ്യെ വിളിച്ചു. സ്വാമിയുടെ കൂടെ മൗനസ്വാമിയുടെ അടുത്ത് പോയി. അദ്ദേഹത്തോട് അവരുടെ ശിഷ്യ കാര്യം പറഞ്ഞു. സ്വാമി മിഥുന്റെ ഫോട്ടോ നോക്കിയിട്ട് ശാന്തമായി എന്നെ നോക്കിയിട്ട് ധ്യാനത്തിലേക്ക് തന്നെ മറഞ്ഞു.

ഗംഗ മാ യുടെ സത് സംഗിലിരിക്കുന്ന സമയം തന്നെ അമ്മ എന്നെ നോക്കിയിരുന്നു. എന്താ എന്നു കൈ കൊണ്ട് കാണിച്ചു?
ഞാൻ അവന്റെ മരണവിവരം പറഞ്ഞു. മരണമല്ലേ ഏറ്റവും സൗഖ്യം നിറഞ്ഞത്, അതിനെ പേടിയോടെ കാണുകയേ വേണ്ട എന്നു ഗംഗ മാ പറഞ്ഞു.

ചന്ദ്രിക സ്വാമി
ചന്ദ്രിക സ്വാമി

തൊട്ടടുത്ത നിമിഷം തന്നെ എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി, പൊടുന്നനെ ഞാൻ പൂർണമായ ഒരു ശാന്തിയിലേക്ക് പോവുകയും അതുവരെ എന്നിലുണ്ടായിരുന്ന പേടി, ദുഃഖം എല്ലാം ഇല്ലാതാവുകയും ചെയ്തു. എന്നിൽ ഒരു ഭാരമില്ലായ്മ അനുഭവപ്പെട്ടു. കുറച്ചുനിമിഷങ്ങൾ.

ഗംഗ മാ യുടെ സത്‌സംഗ് പുസ്തകമായി ഇറങ്ങിയിട്ടുണ്ട്, സൈലന്റ് പ്രസൻസ് എന്ന പേരിൽ, ഡേവിഡ് ഗോഡ്മാൻ ആണ് എഡിറ്റ് ചെയ്തത്.

സ്വാമി ചന്ദ്രികയും മൗന സ്വാമിയും വണക്കം ശിവയും കാശി സ്വാമിയും പിന്നെ അവധൂത തൊപ്പി അമ്മയും

രണ്ടു വർഷം മുമ്പാണ് സ്വാമി ചന്ദ്രികയെ ആദ്യം കാണുന്നത്, മൗന സ്വാമിയുടെ അടുത്തുനിന്ന്.
അവിടെ നിന്ന് രമണാശ്രമത്തിൽ ഭക്ഷണം കഴിക്കുന്ന സമയം യാദൃച്ഛികമായി ചന്ദ്രികയുടെ അടുത്തുതന്നെയായിരുന്നു ഞാനിരുന്നിരുന്നത്. ഹൃദ്യമായ ചിരിയാണ് ചന്ദ്രികയ്ക്ക്. ബ്രഹ്‌മചാരിയാണ്. ഞങ്ങൾ പരസ്പരം സംസാരിച്ചു. ചന്ദ്രിക ഐ.ടി പ്രൊഫഷനലായിരുന്നു. 50 ലധികം ആളുകൾ വർക്ക് ചെയ്ത ഒരു കമ്പനി നടത്തിയിരുന്നു അവർ. ഒരു മ്യൂസിഷ്യയുമായിരുന്നു.
അച്ഛന്റെ മരണശേഷമാണ് അവർ ചെയ്യുന്ന ജോലി പൂർണമായും വിട്ട് തിരുവണ്ണാമലയിലേക്ക് വരുന്നത്.
പൂർണമായും അവർ ആത്മീയപാതയിലാണ്.
മിക്കവാറും എല്ലാ ദിവസവും അവർ ഗിരിവലം നടന്നു ചുറ്റും, എല്ലാവരിലും ഒരു കേൾവിക്കാരിയായി ഒരു കുട്ടിയെ പോലെയിരിക്കും. എന്നാൽ തന്റെ അഭിപ്രായം ആർക്കും വേദനിക്കാതെ പങ്കു വെക്കുകയും ചെയ്യും.

ചന്ദ്രിക സ്വാമി
ചന്ദ്രിക സ്വാമി

ചന്ദ്രികയാണ് വണക്കം ശിവയേയും മൗന സ്വാമി യെയും അവധൂത തൊപ്പി അക്കയെയും കുറിച്ച് എനിക്ക് പറഞ്ഞുതന്നത്.
വണക്കം ശിവ ഒരു മിസ്റ്റിക് സന്യാനിയാണെന്നും, തുടർച്ചായി അദ്ദേഹം പറയുന്ന വാക്കുകൾ അത്രയും സൂക്ഷ്മതയോടെ കേട്ടാലേ ഉള്ളിൽ കയറൂ എന്നും പറഞ്ഞിരുന്നു. വണക്കം ശിവ വലിയ ഒരു ചൂലു കൊണ്ട് ഗിരിവലം വൃത്തിയാക്കിക്കൊണ്ടേയിരിക്കും.
എല്ലാവരെയും ശിവ, വണക്കം ശിവ എന്നാണ് അഭിസംബോധന ചെയ്യാറ്. കാണുന്ന സമയം ഇടയ്ക്ക് രണ്ട് എന്നു കാണിക്കും. കാശ് കൊടുക്കുമ്പോൾ ചിലത് വാങ്ങില്ല. പിന്നെയും രണ്ട് എന്നു കാണിക്കും. അപ്പോൾ ഒരു തവണ ഇരുപത് കൊടുത്തപ്പോൾ വാങ്ങിച്ചു. രണ്ടിന് പല വായനകളുണ്ടല്ലോ.

വണക്കം ശിവ
വണക്കം ശിവ

വണക്കം ശിവ
വണക്കം ശിവ

വരുന്ന ആളുകൾക്കെല്ലാം ഉടനെ കീശയിൽ നിന്ന് വിഭൂതി കൊടുത്ത് പറഞ്ഞയക്കും. ഇടയ്ക്ക് ഞങ്ങൾക്ക് പൈസയെടുത്തുതരും.
അത് ഇരുപതിന് പകരം ഇരുനൂറായിരിക്കും.

കൊല്ലൂർ കാശി സ്വാമികൾ തിരുവണ്ണാമലയിൽ നിന്ന് കുറച്ച് ഉള്ളിലാണ് താമസം. സൗമ്യ മുഖമാണ് സ്വാമികളുടേത.. നമ്മുടെ വഴി സ്വാഭാവികമായി വന്നോളും, അതുവരെ കാത്തിരിക്കാനാണ് സ്വാമികൾ പറഞ്ഞിരുന്നത്.

കാശി സ്വാമി
കാശി സ്വാമി

മൗനസ്വാമികൾ വർഷങ്ങളായി മൗനത്തിലാണെന്നാണ് ആദ്യം കേട്ടിരുന്നത്. ആഴത്തിലുള്ള ധ്യാനമാണ് അദ്ദേഹത്തിന്റേത്. പുറം തിരിഞ്ഞാണ് ഇരിപ്പ്. അദ്ദേഹത്തിന്റെ എനർജി പലസമയം അറിഞ്ഞിട്ടുണ്ടെന്ന് സ്വാമി ചന്ദ്രിക പറഞ്ഞറിയാം.

മൗനസ്വാമി
മൗനസ്വാമി

മൗനസ്വാമി
മൗനസ്വാമി

മൗനസ്വാമി
മൗനസ്വാമി

ഞാൻ എടുത്ത സ്വാമിയുടെ ചിത്രങ്ങളാണ് അവർ അവിടെ ആശ്രമത്തിൽ വെച്ചിട്ടുള്ളതിൽ വലിയ ഭാഗവും. പിന്നീട് ഒരുദിവസം സ്വാമി ചന്ദ്രിക പറഞ്ഞു, മൗനസ്വാമി പരിചരിക്കുന്നവരോട് വളരെ കുറച്ചുമാത്രം സംസാരിക്കാറുണ്ട് എന്ന്.

അവധൂതതൊപ്പി അമ്മ, അവരുടെ അഴുക്കുപുരണ്ട വസ്ത്രങ്ങളിൽ തിരുവണ്ണാമലയിൽ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നവർ. എല്ലാ ദിവസവും പുലർച്ചെ അവർ ഗിരിവലം നടത്തും. 10 മണിയാകുമ്പോൾ യോഗിറാം സുരത്കുമാറിന്റെ ആശ്രമത്തിലെത്തും. അവിടെ പടിയിലിരിക്കും, ഭക്തർ കൊണ്ടു കൊടുക്കുന്ന പാക്കറ്റ് ജ്യൂസ് ഒരു കവിളെടുത്ത് വലിച്ചെറിയും.

അവധൂതതൊപ്പി അമ്മ
അവധൂതതൊപ്പി അമ്മ

ഭക്തർ അതെടുത്ത് അനുഗ്രഹമായി കുടിക്കും. സഹജസമാധിയിലുള്ളവരാണെന്നാണ് അവരെക്കുറിച്ച് കേട്ടിട്ടുള്ളത്. തിരുവണ്ണാമലൈ ഒരേസമയം ആർക്കിയോളജിക്കലായി പ്രാധാന്യമുള്ള ഇടമാണ്. അവിടെയുള്ള പാറക്കല്ലുകൾക്കും മലകൾക്കും അത്രത്തോളം പഴക്കമുണ്ടെന്ന് പറയുന്നു.

അരുണാചലമല തന്നെ ശിവ എന്നു പറയുന്നു. ഗിരിവലം ചെയ്യുന്നത് ആ അറിവ് ഉള്ളാൽ അറിയാനാണെന്നാണ്. പൂർണമായ ഭൗതിക ഭക്തിയിലുള്ളവരും കച്ചവടക്കാരും പൂർണമായി ഉപേക്ഷിക്കപ്പെട്ടവരും മാനസികമായി പ്രശ്നങ്ങളുള്ളവരും സത്യാന്വേഷികളും അവധൂതരും സന്യാസിമാരും എല്ലാം എല്ലാം നിറഞ്ഞ ഒരിടമാണ് ഞാൻ കണ്ട തിരുവണ്ണാമലൈ.


Summary: Meta Description - Tiruvannamalai Arunachaleswarar Temple spiritual photostory by Biju Ibrahim. His experience with Mouna Siddhar, Vibhuti Sidhar, Architecture, spiritual experiece etc


ബിജു ഇബ്രാഹിം

​ ഫോ​ട്ടോഗ്രാഫർ, യാത്രികൻ മ‍ട്ടാഞ്ചേരിയിലെ ഒരു നിശ്ചിത ഭൂപരിധിക്കുള്ളിൽ ജീവിക്കുന്ന വിവിധ കുടിയേറ്റ വിഭാ​ഗങ്ങളുടെ ജീവിതവും അവർ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളെയും അതുവഴി മട്ടാഞ്ചേരിയുടെ സാമൂഹിക സവിശേഷതകളെയും സമ​ഗ്രമായി അടയാളപ്പെടുത്തിയ ട്രാൻസെന്റൻസ് എന്ന ബിജു ഇബ്രാഹിമിന്റെ ഫോട്ടോ എക്സിബിഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Comments