MY FRIEND മിഹോ;
ക്യാമറയിൽ പതിഞ്ഞ
ഗാർസോൺ ജീവിതം

തെക്കുകിഴക്കൻ ഉറുഗ്വേയിലെ ഗാർസോൺ ഗ്രാമത്തിലേക്കുള്ള യാത്ര. ഗ്രാമീണ മനുഷ്യരും പ്രകൃതിയും തന്റെ ഫോട്ടോ പ്രൊജക്റ്റിന്റെ ഭാഗമായ അനുഭവമെഴുതുകയാണ്, ലോക ഫോട്ടോഗ്രഫി ദിനത്തിൽ ബിജു ഇബ്രാഹിം.

തെക്കുകിഴക്കൻ ഉറുഗ്വേയിൽ സ്ഥിതി ചെയ്യുന്ന ചെറിയ പ്രദേശമാണ് ഗാർസോൺ (Garzón). 1892-ൽ സ്പാനിഷ് കുടിയേറ്റക്കാരനായ ഫ്രാൻസിസ്കോ ഗാർസോണാണ് ഗർസോൺ ഔദ്യോഗികമായി സ്ഥാപിച്ചത്. തെക്കേ അമേരിക്കൻ സ്വാതന്ത്ര്യയുദ്ധങ്ങളിൽ പങ്കെടുത്ത ശ്രദ്ധേയനായ ഉറുഗ്വേ സൈനിക നേതാവായ ജനറൽ യൂജീനിയോ ഗാർസോണിന്റെ ബഹുമാനാർത്ഥമാണ് ഈ പേര് വരുന്നത് . ഒരു ഗ്രാമീണ കാർഷിക, കന്നുകാലി അധിഷ്ഠിത സമൂഹമായിരുന്നു ഗർസോണിലെ ജനത. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അഭിവൃദ്ധി പ്രാപിച്ച്, പതിറ്റാണ്ടുകളോളം ഏതാണ്ട് വിസ്മൃതിയിലായി.

ഒരു യഥാർത്ഥ കോമലയിൽ താമസിക്കാനും അവിടം അറിയാനും എന്നെ ക്ഷണിച്ച പോലെയാണ് ഗാർസോണിലേക്കുള്ള യാത്ര എനിക്കനുഭവപ്പെട്ടത്. വർഷങ്ങളായി മറവിയിലാണ്ടവർക്കൊപ്പമുള്ള ജീവിതം. സൂഫി സന്യാസിമാരുടെ ശവകുടീരങ്ങളിൽ ചുറ്റിനടന്ന്, മന്ത്രിച്ചും ജപിച്ചും അവരെ അന്വേഷിക്കുന്ന ഒരു ഫോട്ടോഗ്രാഫറുടെ ദാഹിക്കുന്ന ഹൃദയത്തിൽ മറ്റെന്താണ് പ്രചോദനം പകരുക?

ഗൂഗിളിന് പുനരുജ്ജീവനത്തിന്റെയും നവോത്ഥാനത്തിന്റെയും മറ്റൊരു കഥയുണ്ട്. ഫ്രാൻസിസ് മാൾമാൻ, അന്താരാഷ്ട്ര പ്രശസ്തനായ അർജന്റീനിയൻ ഷെഫ് 2003- ൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് ഗാർസോൺ റെസ്റ്റോറന്റ് തുറന്നു. അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കുകയും ടൂറിസം മെച്ചപ്പെടുകയും ചെയ്തതോടെ ഗർസോണിൽ ഇപ്പോൾ ജീവിക്കുന്ന മനുഷ്യർക്ക് പുതിയ ജീവിതം ലഭിച്ചു.

ഭക്ഷണവിഭവങ്ങൾ മാത്രമായിരുന്നില്ല അവിടുത്തെ ആകർഷണം. ചരിത്രപരമായ ശാന്തതയുടെയും ആധുനിക സങ്കീർണ്ണതയുടെയും സവിശേഷ മിശ്രിതമാണ് ഗാർസോൺ പ്രതിനിധീകരിക്കുന്നത്. കല്ലുപാകിയ തെരുവുകൾ, കൊളോണിയൽ ശൈലിയിലുള്ള വാസ്തുവിദ്യ, ശാന്തമായ ആഡംബര കേന്ദ്രമെന്ന ഖ്യാതി എന്നിവയാൽ ഗർസോൺ പുറത്തുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റി.

ഗാർസോൺ ഗ്രാമത്തിലെ ഒരു പാത.                          ഫോട്ടോകൾ: ബിജു ഇബ്രാഹിം.
ഗാർസോൺ ഗ്രാമത്തിലെ ഒരു പാത. ഫോട്ടോകൾ: ബിജു ഇബ്രാഹിം.

യാത്ര പുറപ്പെടുന്നത്തിനു മുന്നേ ഒരുപാട് ആശയക്കുഴപ്പമുണ്ടായിരുന്നു. 23 മണിക്കൂർ വിമാന യാത്ര തന്നെ പ്രധാനം. യാത്ര തുടങ്ങേണ്ട ദിവസമടുത്തിട്ടും വിസ വരുന്നില്ല. എന്നാലും എന്റെ ഉള്ളിലെ യാത്രികൻ ദൽഹിയിലേക്ക് ടിക്കറ്റെടുത്തു പറന്നു.

ഒരു ശനിയാഴ്ചയായിരുന്നു ദൽഹിയിലെത്തിയത്. നിസാമുദ്ദീൻ ദർഗയ്ക്കടുത്ത് മുറിയെടുത്തു. അടുത്ത സുഹൃത്ത് ബാദുഷ റൂം ബുക്ക് ചെയ്ത് എന്നെ കാത്തിരിപ്പുണ്ടായിരുന്നു. അവൻ നോമ്പിലായിരുന്നു. എന്റെ ഉള്ളിലെ വിശപ്പറിഞ്ഞ് ബാദു തെരുവിലേക്ക് കൊണ്ടുപോയി. ദർഗാ തെരുവിലെ ചായക്കടയിൽനിന്ന് ആദ്യം ചായ കുടിച്ചു. കാശ്മീരികളായ സൂഫി അന്വേഷകർ അവിടെ കൂട്ടമായിരുന്നു ചായയും പലഹാരങ്ങളും കുടിക്കുന്നുണ്ടായിരുന്നു. അവർ ബാദുവിന്ദും എന്നോടും കുശലം പറഞ്ഞു.

അവിടെ നിന്ന് ദർഗയിലേക്ക്, ബാദുവിന്റെ വഴികളിലൂടെ നടന്നു. അവൻ ഇടവഴികളിലൂടെ എന്നെ നിസാമുദ്ദീൻ ഔലിയയുടെ അടുത്തെത്തിച്ചു. സിയാറത്തു കഴിഞ്ഞു ഞങ്ങൾ എന്റെ റൂമിലേക്ക് നടന്നു. വൈകുന്നേരം വരെ വിശ്രമിച്ചു. ബാദു ദീർഘമായി ഉറങ്ങി, ഞാൻ സ്വപ്നത്തിലും ഉറങ്ങി.

വിസ വരാത്തതിനെ കുറിച്ചായി പിന്നെയും വിചാരം. ശനിയും ഞായറും എംബസി അവധിയാണ്. തിങ്കളാഴ്ച്ച വിസ കയ്യിൽ കിട്ടിയാലേ യാത്ര സാധ്യമാകൂ. വിസ കിട്ടിയില്ലെങ്കിൽ ഗർസോണിലേക്കുള്ള യാത്രയ്ക്കുപകരം നേരെ അജ്മീരിലേക്കും അവിടെ നിന്ന് ഇന്ത്യയിലെ പല തെരുവുകളിലേക്കുമുള്ള യാത്ര എന്റെയുള്ളിൽ ഉറച്ചിരുന്നു. വൈകുന്നേരം ബാദുവും ഞാനും ദർഗയിലേക്ക് തന്നെ പോയി. അവനു നോമ്പ് തുറക്കണം, ഞാൻ അതനുഭവിക്കാനും.

വലിയ തിരക്കായിരുന്നു ദർഗയ്ക്കുള്ളിൽ. തിരക്കിനുള്ളിലൂടെ ദർഗയ്ക്കുള്ളിലെ ഒരു പള്ളിയിൽ കയറി. നോമ്പ് തുറന്ന പാടെ ഞങ്ങൾ പുറത്തിറങ്ങി. ബാദുഷയുടെ മാത്രമായ ഒരിടത്തേക്ക് എന്നെ കൊണ്ടുപോയി. ഇടുങ്ങിയ കോണിപ്പടികൾ കയറി മുകളിലെത്തി. അവിടെ നിന്ന് നിസാമുദ്ദീൻ ഔലിയയെ സമാധാനത്തോടെ കാണാമായിരുന്നു. വെളിച്ചം നിറഞ്ഞിരിക്കുന്നു. നമസ്‌കാരത്തിന്റെ വിളികൾ മുഴങ്ങുന്നു. ആ ദൃശ്യം ഞാൻ ക്യാമറയിൽ പകർത്തി. ആ നിമിഷം എന്റെ ഫോണിൽ ഒരു മെയിൽ വരുന്നു. വിസ സ്ഥിരീകരിച്ചു എന്ന വാർത്തയായിരുന്നു അത്. ഞാൻ അത്ഭുതത്തോടെ കണ്ണുകൾ ദർഗയിലേക്ക് തിരിച്ചു. നിസാമുദ്ദീൻ ഔലിയ എന്നെ നോക്കി ചിരിക്കുന്നതായി തോന്നി.

സൂഫി സന്യാസിമാരിൽനിന്ന് ഭൗതികമായ ഒന്നും, ലൗകിക നേട്ടങ്ങൾക്കായി ഒന്നും ആവശ്യപ്പെടരുതെന്ന് പറയപ്പെടുന്നു. പക്ഷേ, ഒരുപക്ഷേ, ആ മഹാനായ മനുഷ്യൻ എന്നിലേക്ക് വെളിച്ചം വീശാൻ ഒരു തുള്ളി പ്രകാശം എറിഞ്ഞതായിരിക്കാം.

മാർച്ച് 31 ന്, അതിരാവിലെ കൊച്ചിയിൽ നിന്ന് ഖത്തർ എയർവേയ്‌സിൽ ഗാർസണിലേക്ക് പുറപ്പെട്ടു. ഗാർസോൺ കാന്റീനിൽ ഗബ്രിയേലയും എലീനയും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഹൃദയംഗമമായ സ്വാഗതം. വൈകുന്നേരം, കാമ്പോ സ്ഥാപകനും കലാകാരനും ക്യൂറേറ്ററുമായ ഹെയ്ഡിയുടെ വീട്ടിൽ എല്ലാവരും ഒത്തുകൂടി. പ്രാദേശിക ഭാഷ അറിയാത്തതിനാൽ, എനിക്ക് അൽപ്പം ഉത്കണ്ഠ തോന്നിയിരുന്നു. പക്ഷേ പതുക്കെ ആ ഭാരം എന്നിൽ നിന്ന് മാറി.

രണ്ടാം ദിവസം, എലേനയോടൊപ്പം ഒരു സൈക്കിൾ യാത്രയിൽ ഗർസോൺ എന്നെ സ്നേഹത്തിലാഴ്ത്തി. 200-ൽ താഴെ ആളുകൾ മാത്രമുള്ള, പക്ഷികളോടും കുതിരകളോടും മറ്റ് മൃഗങ്ങളോടും ഇണങ്ങി ജീവിക്കുന്ന മനോഹരമായ സ്ഥലം. പച്ചപ്പ് നിറഞ്ഞ നീണ്ട പാതകൾ, വിസ്മൃതിക്കും ഓർമ്മകൾക്കും ഇടയിൽ മാറുന്ന, ഉപേക്ഷിക്കപ്പെട്ട റെയിൽവേ പാലങ്ങൾ. അതിനടുത്തായി മനോഹരമായ മഞ്ഞ റെയിൽവേ സ്റ്റേഷൻ. വൈനുകൾ ഗർസോണിന്റെ പ്രധാന പാനീയമാണ്. എല്ലാവർക്കും ഉള്ളിൽ വൈനിന്റെ ശാന്തത നിറഞ്ഞിരുന്നു. റെയിൽവേ പാലത്തിലൂടെ ആളുകൾ ഒറ്റയ്ക്കും സ്നേഹത്തോടെയും നടക്കുന്നു. ഗാർസോണിന് സ്വയം പ്രകാശിക്കുന്ന സ്വന്തം ആത്മാവുണ്ടെന്ന് വളരെ പെട്ടെന്ന് മനസ്സിലായി.

ഒരു ജീവവൃക്ഷം പോലെ, മരങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മണ്ണിനടിയിൽ അവയുടെ വേരുകൾ പരസ്പരം കെട്ടിപിടിച്ചിരിക്കുന്നതുപോലെ.
ഒരു ജീവവൃക്ഷം പോലെ, മരങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മണ്ണിനടിയിൽ അവയുടെ വേരുകൾ പരസ്പരം കെട്ടിപിടിച്ചിരിക്കുന്നതുപോലെ.

ഒരറ്റത്ത് ചെറിയ അരുവി ഒഴുകുന്നുണ്ടായിരുന്നു, വളരെ ചെറിയത്. അവിടെ താമസിച്ചിരുന്ന ആളുകളുടെ ഓർമ്മകൾ അരുവിയുടെ വെളിച്ചത്തിൽ പ്രതിഫലിച്ചത് ഒരനുഭവമായി എന്നിൽ നിറഞ്ഞു. ഒരു ജീവവൃക്ഷം പോലെ, മരങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മണ്ണിനടിയിൽ അവയുടെ വേരുകൾ പരസ്പരം കെട്ടിപിടിച്ചിരിക്കുന്നതുപോലെ.

ആദ്യ ദിവസങ്ങളിൽ തോന്നിയ അപരിചിതത്വവും ഉത്കണ്ഠയും തുടർന്നുള്ള ദിവസങ്ങളിൽ പതുക്കെ മാഞ്ഞുനീങ്ങി. കാംപോ റസിഡൻസിയിൽ വിവിധ സ്ഥലങ്ങളിലുള്ള നാല് ആർട്ടിസ്റ്റുകളായിരുന്നു ഒപ്പം.

ബ്രോൺവേൻ കാറ്റ്സ് സൗത്താഫ്രിക്കയിൽ നിന്നുള്ള വുമൺ ആർട്ടിസ്റ്റാണ്. ശില്പകല, ഇൻസ്റ്റലേഷൻ, വീഡിയോ, പെർഫോമൻസ് എന്നിവ സമന്വയിപ്പിച്ചാണ് കാറ്റ്സിന്റെ പ്രവർത്തനം. ഭൂമിയെ ഓർമ്മകളുടെയും ആഘാതങ്ങളുടെയും ഒരു ശേഖരമായി പരിഗണിച്ച്, സ്ഥലം അല്ലെങ്കിൽ ഇടം ജീവിതാനുഭവമായി അനുഭവിക്കുന്നുവെന്ന സങ്കല്പത്തെ പ്രതിഫലിപ്പിക്കുന്നു. ഭൂമിക്ക് അതിന്റെ അധിനിവേശത്തെ ഓർത്തെടുക്കാനും ആശയവിനിമയം നടത്താനുമുള്ള കഴിവിനെ തന്റെ ഇൻസ്റ്റലേഷനിലൂടെ അവതരിപ്പിക്കുന്നു കാറ്റ്സ്.

ബ്രോൺവേൻ കാറ്റ്സ് സൗത്താഫ്രിക്കയിൽ നിന്നുള്ള വുമൺ ആർട്ടിസ്റ്റാണ്.
ബ്രോൺവേൻ കാറ്റ്സ് സൗത്താഫ്രിക്കയിൽ നിന്നുള്ള വുമൺ ആർട്ടിസ്റ്റാണ്.

ഡാമൻ ഡേവിസ് പ്രശസ്ത കലാകാരനാണ്, എമ്മി അവാർഡ് ജേതാവ്. സെന്റ് ലൂയിസിൽ ജോലി ചെയ്യുന്നു, താമസിക്കുന്നു. ഐഡന്റിറ്റിയും ശക്തിയും പുരാണങ്ങളും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ കല കാണിക്കുന്നു. 2018-ൽ സെന്റ് ലൂയിസിൽ തുടങ്ങി, പിന്നീട് ആർട്ട് ബാസൽ മിയാമിയിൽ പ്രദർശിപ്പിച്ച Darker Gods in The Garden of Low Hanging Heavens എന്ന പ്രദർശനം വളരെ പ്രശസ്തമാണ്. സർറിയലിസം പ്രധാനമായ ഒന്നാണ് ഡമോൺ ഡേവിസിന്റെ കലയിൽ.

പ്രശസ്ത കലാകാരനായ ഡാമൻ ഡേവിസ് എമ്മി അവാർഡ് ജേതാവുകൂടിയാണ്.
പ്രശസ്ത കലാകാരനായ ഡാമൻ ഡേവിസ് എമ്മി അവാർഡ് ജേതാവുകൂടിയാണ്.

ഇറാൻകാരനായ ബെഹ്സാദ് ജംഷീദി പ്രശസ്ത ഷെഫും കലാകാരനുമാണ്. ന്യൂയോർക്കിൽ താമസിക്കുന്നു. 2018-ൽ അദ്ദേഹം മൂഷ് എൻവൈസി എന്ന ആന്ത്രപ്പോളജിക്കൽ ഷെഫ് സ്റ്റുഡിയോ സ്ഥാപിച്ചു. പാചകത്തിലൂടെ പുതിയ സാമൂഹിക ബന്ധങ്ങളും പേർഷ്യൻ സംസ്കാരവും അദ്ദേഹത്തിന്റെ ആർട്ടിസ്റ്റിക് പ്രവർത്തനത്തിൽ ഉൾപ്പെടുന്നു. ജംഷീദിയുടെ ഭക്ഷണം പേർഷ്യൻ പാരമ്പര്യവും ആധുനിക രുചികളും സംയോജിപ്പിക്കുന്നു. തന്റെ അമ്മയുടെ പാചക ഓർമകളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ജംഷീദിയുടെ യാത്രകൾ.

ഇറാൻകാരനായ ബെഹ്സാദ് ജംഷീദി പ്രശസ്ത ഷെഫും കലാകാരനുമാണ്
ഇറാൻകാരനായ ബെഹ്സാദ് ജംഷീദി പ്രശസ്ത ഷെഫും കലാകാരനുമാണ്

അഞ്ജൻ സുന്ദരം പ്രശസ്ത തമിഴ് ഇന്ത്യൻ എഴുത്തുകാരനും പത്രപ്രവർത്തകനുമാണ്. Stringer, Bad News, Breakup എന്നീ മൂന്ന് പുസ്തകങ്ങൾ എഴുത്തിയിട്ടുണ്ട്. കോംഗോ, റുവാണ്ട തുടങ്ങിയ സ്ഥലങ്ങളിൽ യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൻജാന്റെ കലയും യുദ്ധത്തോട് പ്രതികരിക്കുന്നതാണ്.

അഞ്ജൻ സുന്ദരം പ്രശസ്ത തമിഴ്  ഇന്ത്യൻ എഴുത്തുകാരനും പത്രപ്രവർത്തകനുമാണ്.
അഞ്ജൻ സുന്ദരം പ്രശസ്ത തമിഴ് ഇന്ത്യൻ എഴുത്തുകാരനും പത്രപ്രവർത്തകനുമാണ്.

ഈ നാലുപേരും കാപോയിലെ ഒരു മാസത്തെ റസിഡെൻസിയിൽ എനിക്ക് പ്രിയപ്പെട്ടവരായി മാറി. കൂടാതെ കാംപോ ഏർപ്പാട് ചെയ്ത അർജന്റീനിയൻ ഷെഫ് വെർജീനിയയും ഞങ്ങളുടെ ഫാമിലിയിൽ ഒരു അംഗമായി. വെജിനിയയും ബെഹ്‌സാദും എന്നിൽ പലതരം മനോഹരരുചികൾ പകർന്നു നൽകി. തണുപ്പ് നിറഞ്ഞ പകലും രാത്രികളും ഞങ്ങൾ ഒരുമിച്ച് ഗാർസോണിലൂടെയും ലാറ്റിനമേരിക്കയുടെ മറ്റിടങ്ങളിലൂടെയും നടന്നു, യാത്ര ചെയ്തു. ഭാഷാസംഘർഷം എന്നിൽ നിന്ന് പൂർണമായി മാഞ്ഞുപോയിരുന്നു.

മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് ക്യാമറയുമെടുത്ത് ഞാൻ ഗാർസോൺ ഗ്രാമത്തിലൂടെ നടക്കാൻ പോയി. എന്താവും കണ്മുന്നിൽ വന്നുചേരുക എന്നൊരു ചിന്തയുമില്ലാത്ത നടത്തം. ഒരു നീണ്ട വഴിയിലൂടെ നടക്കുമ്പോൾ, പെട്ടെന്ന് ഒരു വൃദ്ധൻ ദൂരെ നിന്ന് കുനിഞ്ഞ് നടക്കുന്നത് കണ്ടു. അടുത്തെത്തിയപ്പോഴേക്കും മറ്റൊരു കാഴ്ച കണ്ണിൽ പതിഞ്ഞു. ഉപേക്ഷിച്ച വസ്തുക്കൾ ഒരുമിച്ച് ചേർത്തിരിക്കുന്ന ഒരു ആർട്ട് ഇൻസ്റ്റലേഷൻ പോലെ, സ്ക്രാപ് മെറ്റീരിയലുകൾ മനോഹരമായി അടുക്കി വച്ചിരിക്കുന്ന ഒരു വീട്. ഞാൻ കൗതുകത്തോടെ അതിന്റെ ഫോട്ടോകളെടുക്കാൻ തുടങ്ങി. നേരത്തെ പറഞ്ഞ വൃദ്ധൻ അടുത്തേക്ക് വന്നപ്പോൾ കണ്ടു, അയാളുടെ കയ്യിൽ ഒരു ചെറിയ ബക്കറ്റുണ്ടായിരുന്നു. അയാൾ സ്പാനിഷിൽ എന്തോ പറഞ്ഞു, ഫോട്ടോ എടുക്കാൻ അനുവാദമുണ്ടോ എന്ന് ചോദിച്ചതാകാം. അപ്പോഴാണ് എനിക്ക് മനസ്സിലായത്, ആ സ്ഥലം അദ്ദേഹത്തിന്റേതാണെന്ന്. മിഹോ എന്നാണ് പേര്. 86 വയസ്സായി.

മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് ക്യാമറയുമെടുത്ത് ഞാൻ ഗാർസോൺ ഗ്രാമത്തിലൂടെ നടക്കാൻ പോയി. പെട്ടെന്ന് ഒരു വൃദ്ധൻ ദൂരെ നിന്ന് കുനിഞ്ഞ് നടക്കുന്നത് കണ്ടു.
മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് ക്യാമറയുമെടുത്ത് ഞാൻ ഗാർസോൺ ഗ്രാമത്തിലൂടെ നടക്കാൻ പോയി. പെട്ടെന്ന് ഒരു വൃദ്ധൻ ദൂരെ നിന്ന് കുനിഞ്ഞ് നടക്കുന്നത് കണ്ടു.

മനോഹരമായി അടുക്കിവച്ചിരിക്കുന്ന സ്ക്രാപ് മെറ്റീരിയലുകൾ നിറഞ്ഞ ഒരു മുറിയിലാണ് അദ്ദേഹം സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത്. മിഹോയുമായി വളരെ പെട്ടെന്ന് ഞാനടുത്തു, ഗാർസോണിലെ എന്റെ ഫോട്ടോ പ്രൊജക്റ്റ് മിഹോയുടെ നിമിഷങ്ങൾ പകർത്തുന്നതിനെക്കുറിച്ചായിരിക്കുമെന്ന തോന്നൽ ഒരു ശബ്ദം പോലെ എന്റെ ഉള്ളിൽ നിറച്ചു. പിന്നീട് ദിവസവും രാവിലെ മിഹോയുടെ വീട്ടിൽ പോകുമായിരുന്നു, അവിടെ കുറച്ചു സമയം ചെലവഴിക്കും. മിഹോ റോസ് വൈനും വാഴപ്പഴവും തരും. മിഹോ മനോഹരമായി സ്പാനിഷ് പാട്ടുകൾ പാടും. മുഴുവൻ സമയവും റേഡിയോ അവിടെ ഉണർന്നിരിക്കും. ഞാൻ കുറച്ച് ഫോട്ടോകളും വീഡിയോകളും എടുത്ത് അരുവിക്കരയിലേക്ക് തിരിക്കും. അവിടെ നിന്ന് ഉപേക്ഷിക്കപ്പെട്ട റെയിൽവേ സ്റ്റേഷനിലേക്കും.

മിഹോ ഏതൊരു അപരിചിതനെയും ബഹുമാനത്തോടെയും സഹാനുഭൂതിയോടെയും കാണുന്ന മനുഷ്യനാണ്. എന്നോടും അതേ കരുണയിൽ തന്നെയാണ് പെരുമാറിയത്. മിഹോ ഉറച്ച ജനാധിപത്യവാദിയും സ്വാതന്ത്ര്യവാദിയുമാണ്.

മനോഹരമായി അടുക്കിവച്ചിരിക്കുന്ന സ്ക്രാപ് മെറ്റീരിയലുകൾ നിറഞ്ഞ ഒരു മുറിയിലാണ് മിഹോ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത്.
മനോഹരമായി അടുക്കിവച്ചിരിക്കുന്ന സ്ക്രാപ് മെറ്റീരിയലുകൾ നിറഞ്ഞ ഒരു മുറിയിലാണ് മിഹോ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത്.

മിഹോയിലൂടെ, ഏകദേശം 170 പേർ മാത്രം താമസിക്കുന്ന ഗാർസോണിനെ ഓർമ്മിപ്പിക്കുന്ന ഒരു പ്രോജക്റ്റ് ഞാൻ പകർത്തി തുടങ്ങി. മിഹോയിലൂടെയും, ഉപേക്ഷിക്കപ്പെട്ട റെയിൽവേ സ്റ്റേഷനിലൂടെയും, ഗാർസോണിലെ ജനങ്ങൾ നിർമ്മിച്ച റെയിൽവേ കമ്പാർട്ടുമെന്റുകളെ ഓർമ്മിപ്പിക്കുന്ന വാസ്തുവിദ്യയിലൂടെയും, ഒരുകാലത്ത് പ്രേതനഗരമായിരുന്ന ഗാർസോണിന്റെ സാമൂഹിക ഓർമ്മകൾ പുറത്തുകൊണ്ടുവരാനായിരുന്നു ശ്രമം. അതോടൊപ്പം ഗാർസോണിലെ ചെറിയ അരുവിയിൽ നിന്നുള്ള പ്രതിഫലനങ്ങളും ചേർത്തിട്ടുണ്ട്. ഒരുകാലത്ത്, ആ അരുവി തീർച്ചയായും തദ്ദേശീയർ താമസിച്ചിരുന്ന സ്ഥലമായിരുന്നിരിക്കണം. ഈ അരുവിയിലെ ജലപ്രതിഫലനങ്ങളിലൂടെയായിരിക്കണം ഗാർസോണിന്റെ ആത്മീയ വെളിച്ചവും കൂട്ടായ അവബോധവും പുറത്തുവന്നിരുന്നത്. കണ്ണാടിയും പ്രതിഫലനങ്ങളും പോലെ ഒരനുഭവം നൽകാനാണ് ശ്രമിച്ചത്.

ഗർസോൺ എന്നിൽ ശാന്തമായ ഒരോർമയാണ്. മിഹോയും പകർത്തിയ മറ്റു മനുഷ്യരും മൃഗങ്ങളും അരുവിയും റെയിൽവേ പതാകകളും കുടിച്ച വൈനുകളും പ്രിയപ്പെട്ട ക്യാമ്പൊയിലെ സുഹൃത്തുക്കളുമെല്ലാം എന്നിൽ നിറഞ്ഞ ഓർമ്മകളായി തെളിഞ്ഞിരിക്കുന്നു.

ഗാർസോൺ ​​​ഗ്രാമത്തിൽനിന്ന് ബിജു ഇബ്രാഹിം പകർത്തിയ ദൃശ്യങ്ങൾ

മിഹോ റോസ് വൈനും വാഴപ്പഴവും തന്നു. അദ്ദേഹം മനോഹരമായി സ്പാനിഷ് പാട്ടുകൾ പാടി.
മിഹോ റോസ് വൈനും വാഴപ്പഴവും തന്നു. അദ്ദേഹം മനോഹരമായി സ്പാനിഷ് പാട്ടുകൾ പാടി.


Summary: A journey to the village of Garzon in southeastern Uruguay. Rural people and nature are part of his photo project, Biju Ibrahim writes about the experience on World Photography Day.


ബിജു ഇബ്രാഹിം

​ ഫോ​ട്ടോഗ്രാഫർ, യാത്രികൻ മ‍ട്ടാഞ്ചേരിയിലെ ഒരു നിശ്ചിത ഭൂപരിധിക്കുള്ളിൽ ജീവിക്കുന്ന വിവിധ കുടിയേറ്റ വിഭാ​ഗങ്ങളുടെ ജീവിതവും അവർ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളെയും അതുവഴി മട്ടാഞ്ചേരിയുടെ സാമൂഹിക സവിശേഷതകളെയും സമ​ഗ്രമായി അടയാളപ്പെടുത്തിയ ട്രാൻസെന്റൻസ് എന്ന ബിജു ഇബ്രാഹിമിന്റെ ഫോട്ടോ എക്സിബിഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Comments