സൈബര്‍ സ്‌പേസ്
ആക്രമണത്തിന്റെ
സ്ത്രീ ഇമേജുകള്‍;
'fuck you'
സൈബര്‍ സ്‌പേസ് ആക്രമണത്തിന്റെ സ്ത്രീ ഇമേജുകള്‍; 'fuck you'
‘ഇന്‍ഫെക്റ്റഡ് നെറ്റ്' എന്ന ഫോട്ടോഗ്രഫി പരമ്പരയിലൂടെ സൈബര്‍സ്‌പേസില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളെ സമൂഹത്തില്‍ തുറന്നുകാട്ടുകയാണ് ചെന്നൈ എര്‍ണാവൂര്‍ സ്വദേശി സബരിത. ഈ പരമ്പരയും അതിനായി അവര്‍ നടത്തിയ അന്വേഷണങ്ങളും ട്രൂ കോപ്പി തിങ്കിലൂടെ അവതരിപ്പിക്കുകയാണ് അവര്‍. സൈബര്‍ സ്‌പേസിലെ സ്ത്രീവിരുദ്ധ സന്ദേശങ്ങള്‍ ഇമേജുകളാക്കി മാറ്റിയും ഫോട്ടോഗ്രാഫുകളെ പ്രതീകാത്മകമാക്കി അവതരിപ്പിച്ചുമാണ് 'ഇന്‍ഫെക്റ്റഡ് നെറ്റ്' എന്ന പരമ്പര അവതരിപ്പിക്കുന്നത്
4 Sep 2020, 06:30 PM
ഞാന്‍ സബരിത. സോഷ്യല്‍ വര്‍ക്ക് ബിരുദധാരിയാണ്. ഒരു എന്‍.ജി.ഒയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഫോട്ടോഗ്രഫിയാണ് ആവിഷ്‌കാരമാധ്യമം.

ഈയിടെ ചെയ്ത ‘ഇന്‍ഫെക്റ്റഡ് നെറ്റ്' (infected Net) എന്ന ഫോട്ടോഗ്രഫി പരമ്പര ഡിജിറ്റല്‍ ഇടത്തില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണാത്മകമായ ഒന്നായിരുന്നു. ഇതിനായി എട്ടൊമ്പതുമാസം എനിക്കുചുറ്റുമുള്ള സ്ത്രീകളുമായി സംസാരിച്ചു, അവര്‍ എങ്ങനെയെല്ലാമാണ് സൈബര്‍ സ്‌പേസില്‍ ആക്രമിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കാന്‍.

എങ്ങനെയാണ് അവര്‍ പ്രതികരിച്ചത്, ആക്രമണത്തോടുള്ള ഉടന്‍ പ്രതികരണം എങ്ങനെയായിരുന്നു, അതിജീവിച്ചത് എങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് അവരില്‍നിന്ന് തേടിയത്.

അധിക്ഷേപാര്‍ഹമായ ഉള്ളടക്കങ്ങളുടെ യഥാര്‍ഥ സ്‌ക്രീന്‍ഷോട്ടുകള്‍, ബ്ലാക്ക് ആന്റ് വൈറ്റ് സെല്‍ഫ് പോര്‍ട്രെയ്റ്റ് സീരിസിനൊപ്പം ഞാന്‍ രേഖപ്പെടുത്തി.
വാക്കുകള്‍ക്ക് ജനങ്ങളെ കൂടുതൽ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് എന്റെ ബലമായ വിശ്വാസം.


15ാം വയസ്സില്‍ എനിക്കൊരു സന്ദേശം കിട്ടി- ‘fuck you'.
അന്ന് അതിന്റെ അര്‍ഥം എനിക്ക് അറിയില്ലായിരുന്നു.

ഫോട്ടോകളും മെസേജുകളും ഉപയോഗിച്ച് കാമുകന്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത ഒരു പെണ്‍കുട്ടിയെ എനിക്കറിയാം, ഇതേതുടര്‍ന്ന് അയാളുമായി അവള്‍ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടേണ്ടിവന്നു, ഇഷ്ടമില്ലാതെ തന്നെ. ഇത് അവളെ ആത്മഹത്യശ്രമത്തിലേക്കുവരെ നയിച്ചു.

ഞാന്‍ ഈ വിഷയത്തില്‍ ഇടപെട്ടപ്പോള്‍, കീഴടങ്ങരുത് എന്നായിരുന്നു എന്റെ ഉപദേശം- സ്വന്തം വ്യക്തിത്വത്തില്‍ വിശ്വാസമര്‍പ്പിക്കൂ, നിനക്ക് ഒന്നും നഷ്ടമായിട്ടില്ല.

നാം ഒരു സൈബര്‍ കേസ് കൊടുക്കുകയാണെങ്കില്‍ അയാള്‍ ജയിലിലടക്കപ്പെടും എന്നതുമാത്രമാണ് സംഭവിക്കുക, നിനക്ക് സംഭവിച്ചതും നീയും രഹസ്യമായി മാറും. ഇത് വളരെ വിക്ഷുബ്ദമായ ഒരു പ്രശ്‌നമാണ്, ഏതു സ്ത്രീയും ഇത്തരം പ്രശ്‌നങ്ങളെ പൊരുതി അതിജീവിക്കുക തന്നെ വേണം.

ഇതിനെ വെറുമൊരു അപരാധമായി കണ്ടാല്‍ ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കും. പ്രാഥമികമായി നമ്മുടെ സമൂഹം സ്ത്രീകളുടെ കാര്യങ്ങളില്‍ മോറല്‍ പൊലീസ് ആയി ചമയാറുണ്ട് എന്നും ഓര്‍ക്കുക.

എനിക്ക് നാലുവയസ്സുള്ളപ്പോള്‍, ഇത്തരമൊരു അധിക്ഷേപം നേരിട്ടതിന് അടുത്ത ബന്ധുക്കളില്‍ ഒരാള്‍ ആത്മഹത്യ ചെയ്ത സംഭവം എന്നെ പിടിച്ചുലച്ചിരുന്നു.

പുരുഷാധിപത്യ സമൂഹം ഒരു സ്ത്രീയെയും സ്വതന്ത്രയായി ജീവിക്കാന്‍ അനുവദിക്കില്ല, സംസ്‌കാരത്തിന്റെയും കുടുംബത്തിന്റെയും ബന്ധങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും പേരില്‍ സ്ത്രീകളെ ഉപ്പിലിട്ടുവെക്കും.

സ്ത്രീ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ഇത്തരം നിരവധി സംഭവങ്ങള്‍ക്ക് സാക്ഷിയായതിന്റെ അനുഭവത്തിലാണ് ഈ സംവിധാനത്തെ തന്നെ ചോദ്യം ചെയ്യാനുള്ള ത്വര എനിക്കുണ്ടായത്.

ഏതുതരം അധിക്ഷേപവും അധിക്ഷേപം തന്നെയാണ്, സൈബര്‍ സ്‌പേസ് എന്ന വിപുലമായ ഇടത്തില്‍ സ്ത്രീകള്‍ എളുപ്പം അതിനിരയാകുന്നുവെന്നുമാത്രം- ബ്ലാക്ക്‌മെയില്‍, സന്ദേശങ്ങള്‍, വ്യക്തിപരമായ ആശയവിനിമയങ്ങള്‍ എന്നിവയെല്ലാം അവരെ ആക്രമിക്കാനുള്ള ഉപാധികളായി മാറുന്നു.

എന്നാല്‍, ഈ വിഷയം ഗൗരവകരമായി പരിഗണിക്കപ്പെട്ടിട്ടില്ല. ആക്രമിക്കപ്പെട്ടവര്‍ കുറ്റക്കാരായി മാറുന്നു.
നാം സ്ത്രീകള്‍ക്ക് നമ്മുടേതായ ജീവിതം ജീവിച്ചുതീര്‍ക്കേണ്ടതുണ്ട്, ഒന്നിനും കൊള്ളാത്ത അസംബന്ധ ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതില്ല.

അക്രമിയെ ബ്ലോക്ക് ചെയ്യുക, സന്ദേശങ്ങള്‍ അവഗണിക്കുക, സമൂഹമാധ്യമങ്ങള്‍ ഡീ ആക്റ്റിവേറ്റ് ചെയ്യുക- ഇതൊന്നുമല്ല പരിഹാരം. നാം മുറിവേല്‍പ്പിക്കപ്പെട്ടിരിക്കുന്നു, അത് നമ്മുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തെ ബാധിച്ചിരിക്കുന്നു, അതുകൊണ്ടുതന്നെ നമുക്ക് നിശ്ശബ്ദരായിരിക്കാന്‍ കഴിയില്ല.

ഒരു ബസിലോ പൊതുസ്ഥലത്തോ വെച്ച് ഒരു സ്ത്രീയെ ആരെങ്കിലും ആക്രമിച്ചാല്‍ നാം എന്തുചെയ്യും? ഉടന്‍ പ്രതികരിക്കില്ലേ? സൈബര്‍ സ്‌പേസിലോ? ഇവിടെ, നമുക്ക് ആ ആക്രമണവഴി കണ്ടെത്താനും പരാതി കൊടുക്കാനും തെളിവ് വേണം, എന്നാല്‍ ഇവയെക്കുറിച്ച് ആളുകള്‍ അത്ര ബോധവാന്മാരല്ല.

‘ഇന്‍ഫെക്റ്റഡ് നെറ്റ്' എന്ന പ്രോജക്റ്റിലൂടെ എനിക്ക് ഒരു കാര്യം മനസ്സിലാക്കാനായി: ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന സ്ത്രീകള്‍ ആക്ഷേപകരമായ സന്ദേശങ്ങളാല്‍ ആക്രമിക്കപ്പെടാറുണ്ട്.

സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഇടതു, ദളിത് പക്ഷ ആക്റ്റിവിസ്റ്റുകളും പെരിയാറിസ്റ്റ് സ്ത്രീകളും വലതുപക്ഷ സംഘങ്ങളാല്‍ നിരന്തരം ആക്രമിക്കപ്പെടാറുണ്ട്.

ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനമുള്ളവര്‍, അവരുടെ യഥാര്‍ഥ ഐ.ഡികളില്‍നിന്ന് സ്ത്രീ ആക്റ്റിവിസ്റ്റുകളെ നേരിട്ടുതന്നെ ആക്ഷേപിക്കുന്ന സംഭവങ്ങളെക്കുറിച്ച് ഇപ്പോള്‍ നമുക്കറിയാം, അത് അവരുടെ ഓണ്‍ലൈന്‍ അനുയായിവൃന്ദങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. സ്ത്രീ ആക്റ്റിവിസ്റ്റുകള്‍ ഇതിനെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നുണ്ടെങ്കിലും ചുരുക്കം സംഭവങ്ങളില്‍ മാത്രമേ നീതി ലഭിക്കുന്നുള്ളൂ.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം (POSH), ആഭ്യന്തര പരാതി പരിഹാര സമിതി (ICC) തുടങ്ങിയ സംവിധാനങ്ങളുണ്ട്.

സൈബര്‍ അക്രമം പരിശോധിക്കാന്‍ സമൂഹമാധ്യമങ്ങളും ഇത്തരം വ്യവസ്ഥകള്‍ ആവശ്യമാണ്. നിരവധി സ്ത്രീകളും വിദ്യാര്‍ഥികളും പ്രൊഫഷനലുകളും കലാകാരരും രാഷ്ട്രീയപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും വീട്ടമ്മമാരും സൈബര്‍ അക്രമത്തിനിരയാകുന്നു. മറ്റ് കുറ്റകൃത്യങ്ങള്‍ പോലെ ഇതും കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്.

ബി.ശ്രീജന്‍
Jan 03, 2021
11 Minutes Read
ഫാ. അഗസ്റ്റിൻ വട്ടോളി
Dec 23, 2020
8 Minutes Read
കെ.എം. വേണുഗോപാലൻ
Nov 25, 2020
19 Minutes Read
പ്രമോദ് പുഴങ്കര
Nov 23, 2020
9 Minutes Read
ഗീത
Nov 22, 2020
27 Minutes Watch
സെബിൻ എ ജേക്കബ്
Oct 23, 2020
22 Minutes Read