truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
PJJ Antony

Memoir

മുംബൈ- ദുബൈ;
രണ്ടു നഗരങ്ങൾ പകുത്ത ജീവിതം

മുംബൈ- ദുബൈ; രണ്ടു നഗരങ്ങൾ പകുത്ത ജീവിതം

12 May 2020, 02:24 PM

പി. ജെ. ജെ. ആന്റണി

ബോംബെയിലെ ഒരു പരസ്യക്കമ്പനിയിൽ നിന്നാണ് ഞാൻ ദുബൈയിലെത്തിയത്. അപകടം കൂടാതെ ചെയ്തുതീർക്കാവുന്ന ഗൾഫിലെ ക്ലറിക്കൽ ജോലികൾക്കായുള്ള എന്‍റെ വേട്ടയാടൽ ഫലം കണ്ടില്ല. ആ വേക്കൻസികൾ ഏജൻറുമാർ സ്വന്തക്കാർക്കായി മാറ്റിവച്ചിരുന്നു. പണി അറിയില്ലെന്ന് കണ്ടാൽ ദാക്ഷിണ്യം കൂടാതെ അറബി നാട്ടിലേക്ക് തിരിച്ചയക്കുമെന്ന ഭീതി ഉണ്ടായിരുന്നു. പരിചയം അദ്ധ്യാപനത്തിലും അൽപസ്വൽപം പത്രപ്രവർത്തനത്തിലും മാത്രം. രണ്ടും അറബിക്ക് വേണ്ടാത്ത തൊഴിൽ. തൊഴിലിനായി പഠിക്കുക എന്നതൊക്കെ അന്ന് അപരിഷ്കൃത ചിന്തകളായിരുന്നു. സ്വന്തക്കാരിൽ മിക്കവരും അദ്ധ്യാപകരായിരുന്നതിനാൽ ആ വഴിക്ക് തടിതപ്പാമെന്ന് ഞാനും മോഹിതനായി. പക്ഷേ അച്ഛൻ അതിന് തീയിട്ടു. അദ്ദേഹത്തിന് സാങ്കേതിക വിദ്യാഭ്യാസത്തിെൻറ പ്രാഭവത്തിൽ അതിരുകടന്ന വിശാസം. അങ്ങനെയാണ് ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ത്രിവത്സര കോഴ്സിനായി ഞാൻ ബാംഗ്ലൂരിൽ എത്തിപ്പെട്ടത്. ദസ്തയെവ്സ്കി ബാധിച്ച ആ നാളുകളിൽ എഞ്ചിനിയറിംഗ് എനിക്ക് കലിപ്പായി. ഞാൻ നഗരം ചുറ്റിയടിച്ചു.

റോഡരികുകളിലെ പഴയ പുസ്തകങ്ങൾ വിൽക്കുന്ന തെരുവുശാലകൾ ഹരമായി. ലാൽബാഗിലും കബൺ പാർക്കിലും അൾസുർ ലേക് പാർക്കിലും മറ്റ് എണ്ണമറ്റ ഉദ്യാനങ്ങളിലും നിന്നും ഇരുന്നും കിടന്നും വായിച്ച പകലുകൾ. അൾസൂരിലെ ഇടുങ്ങിയ തെരുവുകളിൽ മൂവന്തി മുതൽ പാതിരാവരെ ബിയറും എരിവുള്ള കീരബോണ്ടായും കൂട്ടായി. മുരുകേശ് പാളയത്തെ ശ്രീനിവാസ് ട്യൂട്ടോറിയലിൽ പാർട്ട് ടൈം ഇംഗ്ലീഷ് അദ്ധ്യാപകനായി. ലിഡോ സിനിമയിൽ മക്കന്നസ് ഗോൾഡും ബെൻഹറും ഗുഡ് ബാഡ് അഗ്ലിയും കണ്ട് കോരിത്തരിച്ചു. മരിയോ പുസോയുടെ ഗോഡ് ഫാദർ വായിച്ചപ്പോൾ നാട്ടിൽ പോയി ഒരു ലോക്കൽ ഗോഡ് ഫാദർ ആയാൽ നന്നല്ലേയെന്ന് ആലോചിച്ചു. കിങ്കരന്മാരായ ക്ലമൻസയും ലുക്കാ ബ്രാസിയുമാകാൻ പറ്റിയ കൂട്ടുകാരെ (അമീൻ സേട്ടും എ.വി.രാജുവും)* മനസ്സിൽ കണ്ടെത്തി. പക്ഷേ ആലോചനകൾ മുറുകി വന്നപ്പോൾ കോഴ്സ് തീർന്നിരുന്നു. ഞെട്ടറ്റാൽ ചുവട്ടിൽ. ഞാൻ നേരെ വീട്ടിലെത്തി.

PJJ Antony
പി ജെ ജെ ആന്റണിയുടെ ബാംഗ്ലുരിലെ സഹപാഠികൾ

രണ്ടാം ലോകയുദ്ധത്തിൽ ബർമയിലും സിങ്കപ്പൂരിലുമെല്ലാം വിലസിയ അച്ഛൻ ഹിറ്റ്ലർ മീശയുമായി വാതിൽക്കൽ ഉണ്ടായിരുന്നു.
‘ഇനിയെന്താ പരിപാടി?’ സൈനികൻ അതേ പഴകിയ ചോദ്യം എറിഞ്ഞു തന്നു.
അതായത് ഉണ്ടും ഉറങ്ങിയും വീട്ടിൽ സുഖവാസമെന്ന പൂതി കളഞ്ഞേക്കെന്ന്. അങ്ങിനെയാണ് വൈകാതെ ബോംബെയിൽ എത്തിയത്. അവിടെ അമ്മാവനും വലിയച്ഛനും എന്നെ നേർവഴിക്ക് നയിക്കാനുണ്ടായിരുന്നു. ചൊവ്വേ നേരെ പഠിക്കുന്ന കാര്യത്തിൽ എന്നേക്കാൾ മിടുക്കനായിരുന്ന അനുജൻ ജോൺ അതിനകം ഡങ്കൻ ഗ്രൂപ്പിൽ ഭേദപ്പെട്ട ഉദ്യോഗവുമായി എനിക്ക് പോക്കറ്റ് മണി എന്ന സപ്ലെ ചെയിൻ റെഡിയാക്കി. താമസിയാതെ ഓപ്റ്റിമം എന്ന പരസ്യക്കമ്പനിയിൽ ജോലിയുമായി. മാർക്കറ്റിംഗ് റിസേർച്ച് വിഭാഗത്തിൽ. കമ്പോളനിരീക്ഷണം തൊഴിലിെൻറ ഭാഗമായിരുന്നു. ഇൻറർനെറ്റ് കേട്ടുകേൾവി മാത്രമായിരുന്നതിനാൽ ഡാറ്റാ ശേഖരണം വൻകിട ലൈബ്രറികൾ, ചേംബർ ഒാഫ് കോമേഴ്സ് റിക്കോഡുകൾ എന്നിവയെ ആശ്രയിച്ചായിരുന്നു. ഈ ചുറ്റിത്തിരയലുകൾക്കിടയിൽ ഗൾഫ് ഇൻറർവ്യുകൾ പതിവായി. ബല്ലാഡ് എസ്റ്റേറ്റിൽ ഗൾഫ് റിക്രുട്ട്മെൻറ് ഏജൻസികൾ നിരവധി. അവരുടെ സബ് ഏജൻറുമാർ വിക്ടോറിയ ടെർമിനസ് മുതൽ റോഡരികുകളിൽ വഴിവാണിഭക്കാർ. പാസ്പോർട്ട് ഇല്ലെന്ന് അപ്പോഴാണോർത്തത്. അതും ശരിപ്പെടുത്തി. ബോംബെ കാരുണ്യവതിയായിരുന്നു. ചുറ്റിത്തിരിയലുകൾക്ക് യാത്രപ്പടി ഉണ്ടായിരുന്നു. അതിലെ ആഴ്ചമിച്ചം ശനിയാഴ്ചകളെ സമ്പന്നമാക്കി. ഇറാനി റസ്റ്റോന്‍റിൽ നിന്ന് ബീഫ് ബിരിയാണിയും ബീയറും. രണ്ട് ബീറിന്‍റെ ലഹരിയിൽ വിക്ടോറിയ ടെർമിനസിലെ ഫാസ്റ്റ് ട്രെയിനിൽ കോർണർ സീറ്റിൽ ചൂടുകാറ്റേറ്റ് നല്ല ഉറക്കം. മുളുണ്ടിൽ അനിയെൻറ ശാസ്ത്രിനഗർ നാലാം നിലയിലെ അപാർട്ടുമെൻറ് വരെ ആനന്ദയാത്ര. നേരെ കിടക്കയിലേക്ക്. ഞായറാഴ്ച രാവിലെ ഉണർന്നാൽ മതി. നാലുപേരായിരുന്നു താമസം. ഞാനും അനിയനും രണ്ട് കസിൻസും. തമ്പിച്ചേട്ടനും സാബു പീറ്ററും. തമ്പിച്ചേട്ടൻ ഗൾഫ് വിസയിൽ മോഹിതനായിരുന്നു. റാലി ഫാൻ കമ്പനിയിലെ എഞ്ചിനിയർ ജോലിയിൽ തൃപ്തനായിരുന്നു സാബു. അവധി ദിനങ്ങളിൽ ബിയർ വാങ്ങി ഞങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടും അനിയൻ ഉദരവാനുമായിരുന്നു. അതൊരു രസികൻ കാലമായിരുന്നു.

പന്ത്രണ്ട് മാസങ്ങൾ ഇഴഞ്ഞ് പോയിട്ടും എനിക്ക് ഗൾഫ് ഇൻറർവ്യു പാസാകാനായില്ല. വിസയുടെ വില, വിമാനക്കൂലി എന്നൊക്കെ പറഞ്ഞ് എല്ലാവരും വലിയ തുക ആവശ്യപ്പെട്ടത് വിനയായി. പണം കൊടുക്കാൻ തയ്യാറായിരുന്നെങ്കിലും വലിയ തുക എനിക്ക് അസാദ്ധ്യമായിരുന്നു

പന്ത്രണ്ട് മാസങ്ങൾ ഇഴഞ്ഞ് പോയിട്ടും എനിക്ക് ഗൾഫ് ഇൻറർവ്യു പാസാകാനായില്ല. വിസയുടെ വില, വിമാനക്കൂലി എന്നൊക്കെ പറഞ്ഞ് എല്ലാവരും വലിയ തുക ആവശ്യപ്പെട്ടത് വിനയായി. പണം കൊടുക്കാൻ തയ്യാറായിരുന്നെങ്കിലും വലിയ തുക എനിക്ക് അസാദ്ധ്യമായിരുന്നു. യോഗ്യതയും പ്രാപ്തിയും ഉള്ളവരെ പണം വാങ്ങാതെ സെലക്റ്റ് ചെയ്തിരുന്ന പ്രൊഫഷനൽ ഏജൻസികൾക്ക് ക്ലാർക്കുമാരെയും സ്റ്റോർകീപ്പർമാരെയും ആവശ്യമുണ്ടായിരുന്നില്ല. ഉയർന്ന യോഗ്യതകളും പരിചയവും അവർ ആവശ്യപ്പെട്ടു. രണ്ടും എനിക്ക് ഇല്ലായിരുന്നു. ബല്ലാഡ് എസ്റ്റേറ്റിലെ ചുറ്റിത്തിരിയലുകൾക്കിടയിൽ ഗോവാക്കാരനായ ഡെറിക് എന്നൊരു സബ് ഏജൻറിനെ പരിചയപ്പെട്ടു. ഉത്സാഹവും പ്രസരിപ്പുമുള്ള ഒരു ചുള്ളൻ. എന്‍റെ ചെലവിൽ ഒന്നുരണ്ടു തവണ ബിയറും ഇറാനി ബിരിയാണിയും കഴിച്ചപ്പോൽ അവൻ പറഞ്ഞു, നുണപറയാൻ തയ്യാറാണെങ്കിൽ നിന്‍റെ ഇംഗ്ലീഷ് വെച്ച് വിസ സംഘടിപ്പിച്ചുതരാമെന്ന്. അത്യാവശ്യം നുണ പറയാൻ തയ്യാറാണെന്ന് ഞാൻ പ്രഖ്യാപിച്ചു. കല്യാണപ്രായത്തിലേക്ക് അതിവേഗം വളർന്നുവരുന്ന മൂന്ന് സഹോദരികൾ എന്‍റെ നുണകളെ ന്യായപ്പെടുത്താനായി ഉണ്ടായിരുന്നു. ഇണങ്ങിയ അവസരം വരട്ടെയെന്ന് ഡെറിക് പറഞ്ഞു. എന്‍റെ ചെലവിൽ അവൻ പിന്നെയും പലതവണ ബിയറും ഇറാനി ബിരിയാണിയും സേവിച്ചു. വിശ്വാസനീയമായി നുണപറയുന്ന കലയിൽ അവൻ എനിക്ക് ഗുരുവായി. സായിപ്പിനോട് നുണ പറയാൻ പേടിക്കേണ്ട. ‘ദോസ് സ്കൗണ്ട്രത്സ് ഹാവ് സ്റ്റോളൻ ഇനഫ് ഫ്രം അസ് ടു ജസ്റ്റിഫൈ എ ലിറ്റിൽ ബിറ്റ് ഒഫ് ദ് സെയിം കൈൻഡ് ഫ്രം അസ്’. ഡെറിക്കിന് നല്ല ധൈര്യമായിരുന്നു. അതൊക്കെ കേട്ടപ്പോൾ എനിക്കും ഊറ്റമായി. സായിപ്പിനെയല്ലേ, നാട്ടുകാരെ അല്ലല്ലോ എന്ന് ഞാനും സമാധാനിച്ചു. അണുബോംബ് ഉണ്ടാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ധാരാവിയിലെ അന്നത്തെ അണ്ടർഗ്രൗണ്ട് ഡോൺ സാക്ഷാൽ വരദരാജ മുതലിയാരിൽ നിന്ന് വരെ പണം പിടുങ്ങാനുള്ള ധൈര്യം എനിക്കപ്പോൾ തോന്നി. ആ മാതിരി അടിപൊളി  ട്രെയിനിംഗ് ആയിരുന്നു ഗോവാക്കാരേന്റേത്. ഒടുവിൽ ആ ദിനവും വന്നെത്തി. 

PJJ Antony
സൈമൺ ഏഡ്രിച്ചിനൊപ്പം   പി ജെ ജെ ആന്റണി

ദുബായിൽ ഒരു വമ്പൻ അലൂമിനിയം കമ്പനി. ലോകത്തെമ്പാടും നിന്ന് ബോക്സൈറ്റ് കൊണ്ടുവന്ന് ഉരുക്കി അലുമിനിയം വേർതിരിച്ചെടുക്കുന്ന ഭീമൻ പ്രൊജക്റ്റ്. ഒപ്പം വൈദ്യുതി, ശുദ്ധജലം എന്നിവയുടെ ഉൽപാദനവും. പ്രൊജക്റ്റിെൻറ സ്മാൾ പവർ കോണ്ട്രാക്റ്റ് ലഭിച്ചിരിക്കുന്നത് ഹാഡെൻ ഇൻറർനാഷണൽ എന്ന ബ്രിട്ടീഷ് കമ്പനിക്ക്. അതിന്റെ പ്രതിനിധിയാണ് ഇലക്ട്രീഷന്മാരെ ഇൻറർവ്യു ചെയ്യാൻ ലണ്ടനിൽ നിന്ന് നേരിട്ട് എത്തുന്നത്.  ഗ്രൗണ്ട് എന്ന ഏജൻസി വഴിയാണ് റിക്രൂട്ട്മെൻറ്. അതും ഒരു ഗോവൻ സ്ഥാപനമാണെന്നത് ഡെറിക്കിെൻറയും ഒപ്പം എന്റേയും ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ആഘോഷമായി തോറ്റതെങ്കിലും മൂന്ന് വർഷം പഠിച്ചതല്ലേയെന്ന് ഞാൻ എന്നെത്തന്നെ ബലപ്പെടുത്തി. തിയറിയിലും എഞ്ചിനിയറിംഗ് ഡ്രോയിംഗിലും ഞാൻ കഷ്ടിച്ച് പാസായിട്ടുമുണ്ടായിരുന്നു. സ്വർണ്ണവും വെള്ളിയും സ്റ്റെയിൻലെസ് സ്റ്റീലും ഒന്നുമല്ലല്ലോ. വെറും അലുമിനിയം കമ്പനിയല്ലേ. അവിടെ ഇലക്ട്രീഷനാകാൻ ഇത്രയൊക്കെ മതിയെന്ന് തമ്പിച്ചേട്ടനും രഹസ്യമായി പറഞ്ഞപ്പോൾ ഞാൻ ഗീതോപദേശം കേട്ട അർജ്ജുനനെപ്പോലെയായി. 5000 രൂപ ഏജൻസിക്കും 1000 രൂപ ഡെറിക്കിനും. ലാസ്റ്റ് റൗണ്ട് ട്രെയിനിംഗിനായി മുളുണ്ടിലെ അപാർട്ട്മെൻറിലെത്തിയ ഡെറിക്കിന് പണം അനിയൻ നേരിട്ട് നൽകി. അത് കിട്ടിക്കഴിഞ്ഞശേഷമാണ് ഫൈനൽ ഉപദേശം ഡെറിക്ക് കൈമാറിയത്. പ്രാക്റ്റിക്കൽ ടെസ്റ്റ് ഇല്ല. വാക്കാൽ ചോദ്യങ്ങൾ മാത്രം. ഒറ്റച്ചോദ്യവും വിട്ടുകളയരുത്. സകലതിനും ഉത്തരം പറയണം. കടുകട്ടി ഇംഗ്ലീഷ് തന്നെ ആയിക്കോട്ടെ. ഒരു പിടിയും കിട്ടാത്ത ചോദ്യമാണെങ്കിൽ, ‘ഞാൻ ഇപ്പോൾ ഓർക്കുന്നില്ല. ബട്ട് അയാം എ ഫാസ്റ്റ് ലേണർ.’ എന്ന് പറയുക. ചിരി മുഖത്തുനിന്ന് മായരുത്.

 

അണുബോംബ് ഉണ്ടാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ധാരാവിയിലെ അന്നത്തെ അണ്ടർഗ്രൗണ്ട് ഡോൺ സാക്ഷാൽ വരദരാജ മുതലിയാരിൽ നിന്ന് വരെ പണം പിടുങ്ങാനുള്ള ധൈര്യം എനിക്കപ്പോൾ തോന്നി. ആ മാതിരി അടിപൊളി  ട്രെയിനിംഗ് ആയിരുന്നു ഗോവാക്കാരേന്റേത്. ഒടുവിൽ ആ ദിനവും വന്നെത്തി. 

ഗീതോപദേശം രക്ഷിച്ചു. കുരുക്ഷേത്രത്തിൽ ഞാൻ ജയിച്ചുകയറി. ചെറിയൊരമ്പരപ്പ് സായിപ്പിെൻറ മുഖത്തുണ്ടായിരുന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല. ‘യു ആർ സെലക്റ്റഡ്’ എന്ന് പറഞ്ഞ് സായിപ്പ് കൈപിടിച്ച് നന്നായി കുലുക്കി. പിന്നെ വൈകിച്ചില്ല. ആ രാത്രിതന്നെ പെട്ടി പാക്ക് ചെയ്യാൻ തുടങ്ങി. എല്ലാദിവസവും ബിയർ വാങ്ങി അനിയൻ സായാഹ്നങ്ങളെ ആഘോഷമാക്കി. കോട്ടൺ വസ്തങ്ങൾ മാത്രം എടുത്തു. കൊടുംചൂടിെൻറ നാട്ടിലേക്കല്ലേ പോകുന്നത്. സ്വറ്ററും ജാക്കറ്റുകളുമെല്ലാം ഓരോരുത്തർക്കായി കൊടുത്തു. അനിയൻ കോട്ടൺ പാൻറുകളും ഷർട്ടുകളും കുറച്ചുകൂടി വാങ്ങിത്തന്നു. അതൊരു ജനുവരി മാസമായിരുന്നു. ബോംബെയിലെ തണുപ്പിൽ നിന്ന് മണൽക്കാട്ടിലേക്ക്. സാന്താക്രുസിൽ നിന്ന് പറന്ന വിമാനം വെളുപ്പിന് രണ്ടുമണിക്ക് ദുബൈയിൽ. ഞങ്ങൾ പതിനാറുപേർ പുറത്തിറങ്ങിയപ്പോൾ ഹാഡൻ ഇൻറനാഷണലിെൻറ ബോർഡുമായി ഒരാൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അയാളുടെ ഒപ്പമുണ്ടായിരുന്ന കർശനമുഖഭാവമുള്ള ഒരു തൊപ്പിക്കാരൻ ഞങ്ങളുടെ പാസ്പോർട്ടുകളെല്ലാം വാങ്ങി. ഫ്രാൻസീസ് പെരേരായെന്ന് സ്വയം പരിചയപ്പെടുത്തി. അയാൾക്കൊപ്പം നടന്ന് പാർക്കിംഗിലെത്തി. മുകൾഭാഗം ടാർപാളിൻ കൊണ്ട് മറച്ച ഒരു ഇടത്തരം ലോറി അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ വലിഞ്ഞുകയറി. ൈഡ്രവർക്കൊപ്പം പെരേരാ മുമ്പിലും.

ലോറി ഓടിത്തുടങ്ങിയപ്പോഴാണ് കിനാവിൽ നിന്ന് ഞങ്ങൾ യാഥാർത്ഥ്യത്തിലേക്ക് തലതല്ലി വീണത്. ജീവിതത്തിലാദ്യമായി അസഹനീയമായ തണുപ്പ് ഞങ്ങളെ പൊതിഞ്ഞു. തുളഞ്ഞുകയറുന്ന തണുപ്പ് കാറ്റിൽ കിടുങ്ങി. ഗൾഫ് അല്ല, ഏതോ ധ്രുവപ്രദേശമാണതെന്ന് തോന്നി. തൊലി കാറ്റിൽ കീറിപ്പോകുന്ന പൊലെ. കൊടുംചൂടിനുപകരം കൊടുംതണുപ്പ്. തുറന്ന വണ്ടി പായുകയാണ്. അത് ആദ്യത്തെ ഗൾഫ് ഷോക്കായിരുന്നു. വരാനിരിക്കുന്ന അനേകം ഷോക്കുകളുടെ വിദ്യാരംഭം. തണുപ്പിനെ തടുക്കാൻ ആ കന്നിഗൾഫന്മാരുടെ പക്കൽ കരിയില പോലും ഉണ്ടായിരുന്നില്ല. ഗൾഫിലെ മരുഭൂമിയിൽ കൊടുംചൂടാണെന്ന് പറഞ്ഞ സകലരെയും ഞാൻ ശപിച്ചു. കുറെ കഴിഞ്ഞപ്പോൾ വണ്ടി നിന്നു. മുന്നിൽ കുറുകെ മുറികളായി തിരിച്ച സ്കൂൾ ഹാൾ പോലൊരു കെട്ടിടം. ഓരോ മുറിയിലും എട്ട് ഡബിൾ ഡക്കർ കട്ടിലുകൾ. അവയിൽ പുതിയ മെത്തയും ഷീറ്റും തലയിണയും കമ്പിളിയും ഉണ്ടായിരുന്നു. അന്നേരം ആ കമ്പിളി സ്വർഗ്ഗീയവസ്ത്രം പോലെ തോന്നി. യാത്രയിൽ പരിചയപ്പെട്ട ആലപ്പുഴ പഴവീടുകാരനായ വിജയനും ഞാനും ഒരു ഡബിൾ ഡെക്കർ തിരഞ്ഞെടുത്തു. ആൻറണീ, ഞാൻ മുകളിൽ കിടന്നോളാം, പെട്ടി ഇവിടെ വയ്ക്ക്, ബാഗ് ഇങ്ങോട്ട് താ എന്നൊക്കെ സ്നേഹത്തോടെ പറഞ്ഞ് വിജയൻ എെൻറ ജ്യേഷ്ഠസഹോദരനായി.
അതിരാവിലെ കുളിച്ച് മെസ് ഹാളിൽ നിന്ന് ചായയുമായി വന്ന് വിജയൻ തന്നെയാണ് എന്നെ വിളിച്ചുണർത്തിയതും. എല്ലാവരും തമ്മിൽ പരിചയപ്പെട്ടു. എന്നെയും വിജയനെയും കൂടാതെ തൃശൂരുകാരനായ ഉണ്ണികൃഷ്ണൻ, പിന്നീട് ഞങ്ങൾ കുഞ്ഞോനാച്ചനെന്ന് വിളിച്ച മാവേലിക്കരക്കാരനായ വർഗീസ്, അവിടെനിന്നുതന്നെയുള്ള തോമസ്, തകഴിയിൽ നിന്ന് വർഗീസ്, എടത്വ പച്ചയിൽ നിന്ന് ടോമിച്ചൻ, നെടുമ്പ്രംകാരൻ രാജു വർഗീസ്, മാഹിയിൽ നിന്ന് രാഘവൻ, കൂട്ടത്തിൽ സീനിയർ കണ്ണൂരുകാരായ നാണുവാശാനും ദിവാകരനും. (പിന്നീട് സൗദി അറേബ്യയിലും എന്നോടൊപ്പമുണ്ടായിരുന്നു നാണുവാശാൻ). ഒപ്പം തമിഴ്നാട്ടിൽ നിന്നുമുള്ള സുബ്രഹ്മണ്യവും ലുർദ്ദ്സ്വാമിയും. കുളിയും ജപവുമൊക്കെ കഴിഞ്ഞ്  ബ്രേക്ഫാസ്റ്റ് കഴിച്ചു. കല്യാണ ഓഡിറ്റോറിയത്തെക്കാളും വലുതായിരുന്നു മെസ് ഹാൾ. ഭീമൻ അലുമിനിയം ചരുവങ്ങളിൽ മുറിച്ച റൊട്ടിയും അറബികൾക്ക് പ്രിയപ്പെട്ട ഖുബ്ബൂസും നിറച്ച് വച്ചിരിക്കുന്നു. വലിയൊരു താലത്തിൽ ഓലറ്റും. തൊട്ടരുകിൽ തിളകുത്തുന്ന ചായയും. എത്ര വേണമെങ്കിലും കഴിക്കാം. കമ്പിളിക്കൊപ്പം കിട്ടിയ ഗ്ലാസും പ്ലേറ്റും ഉപയോഗിച്ചു. രണ്ടായിരത്തോളം തൊഴിലാളികൾ പാർക്കുന്ന ക്യാമ്പായിരുന്നു അത്. കടലോരത്ത് നിരയായി താൽക്കാലിക കെട്ടിടങ്ങൾ. അരികിൽ കടലിനോട് ചേർന്ന് സീനിയർമാർക്കായി വെസ്റ്റേൺ ക്യാമ്പും. അതിൽ കൂടുതലും യൂറോപ്യരായിരുന്നു. മരുപ്പരപ്പിൽ നോക്കിയാൽ കാണാവുന്ന ദൂരത്ത് ദുബൈ അലുമിനിയം കമ്പനിയുടെ കൂറ്റൻ കൺസ്ട്രക്ഷൻ സൈറ്റ്. തിരയടിക്കുന്ന കടലിെൻറ ഇരമ്പൽ സദാ ചെവിയോരത്തുണ്ടായിരുന്നു.

PJJ Antony
ബോംബെ താമസക്കാലത്ത് ബന്ധുക്കളായ  സാബു, തമ്പി എന്നിവരോടൊപ്പം പി ജെ ജെ ആന്റണി

രാവിലെ എട്ടുമണിക്ക് ഞങ്ങളെ ഓഫീസിലേക്ക് കൊണ്ടുപോകാൻ വലിയൊരു പിക്കപ്പ് എത്തി. ഫ്രാൻസീസ് പെരേരാ അവിടെ ഉണ്ടായിരുന്നു. ഉച്ചക്കുമുമ്പ് എല്ലാവർക്കും തിരിച്ചറിയൽ കാർഡും താൽക്കാലിക വർക്ക് പെർമിറ്റും റെഡിയായി. പെരേരാ എല്ലാവരെയും ഒരുമിച്ച് കൂട്ടി ദുബൈയിലെ കർശന നിയമങ്ങൾ വിശദമാക്കി. ശരിക്കുള്ള വർക്ക് പെർമിറ്റ് കിട്ടുന്നതുവരെ ആരും ക്യാമ്പ് വിട്ട് പുറത്തുപോകരുതെന്ന് വിലക്കി. ഉച്ചകഴിഞ്ഞ് നേരെ വർക്ക് സൈറ്റുകളിലേക്ക്. കേബിൾ യാർഡിലേക്കാണ് എന്നെ അസൈൻ ചെയ്തത്. അവിടെ അരഡസനോളം പേർ ഉണ്ടായിരുന്നു. വിവിധ സൈസുകളിലുള്ള കേബിളുകൾ തടികൊണ്ടുള്ള ഡ്രമ്മുകളിൽ ചുരുളുകളായി വച്ചിരിക്കുന്നു. ചെമ്പുകമ്പികൊണ്ട് ഇൻസുലേറ്റ് ചെയ്ത ഹൈ വോൾട്ടേജ് കേബിളുകൾ. അവ ചുരുൾ നിവർത്തി സൈറ്റിൽ ആവശ്യമുള്ള നീളത്തിൽ മുറിച്ച് വീണ്ടും ചുറ്റി സൈറ്റുകളിലേക്ക് അയക്കണം. ശ്രമകരമായ ജോലി. ജീവിതത്തിലൊരിക്കലും കഠിനജോലി ചെയ്തിട്ടില്ലാത്ത എനിക്ക് താങ്ങാൻ പറ്റാവുന്നതിനേക്കാൾ ക്ലേശകരമായിരുന്നു ആ ജോലി. എങ്കിലും ഞാൻ മടിച്ചില്ല. ഉത്സാഹമറ്റവനും ആയില്ല. വൈകുന്നേരമായപ്പോൾ കൈവെള്ളകൾ പൊള്ളി വീർത്തു. ഒരാഴ്ചകൊണ്ട് അത് പൊറുത്ത് തൊലി കഠിനമാവുകയും ചെയ്തു. ഏകാന്തതയിൽ സങ്കടം എന്നെ പൊതിഞ്ഞു. കൂട്ടുകാർ കാണാതെ ഞാൻ കണ്ണുനീർ തുടച്ചു. പുറമെ പരിക്കനായി കാണപ്പെട്ട എന്റെ അച്ഛൻ എത്ര കരുതലും സ്നേഹമുള്ളയാളും ആണെന്നത് ആ ഏകാന്തതയിലാണ് ഞാൻ തിരിച്ചറിയാൻ തുടങ്ങിയത്. ചില പുസ്തകങ്ങൾ കൊണ്ടുവന്നിരുന്നു. ആനന്ദിന്റെ ആൾക്കൂട്ടവും കുട്ടികൃഷ്ണമാരാരുടെ കല തന്നെ ജീവിതവും. കെ.പി.അപ്പെന്റെ ചില പുസ്തകങ്ങളും ചെക്കോവിെന്റെ കഥകളും ഒപ്പമുണ്ടായിരുന്നെങ്കിലും അക്കാലങ്ങളിൽ ആനന്ദും മാരാരും ഞാൻ വീണ്ടും വീണ്ടും വായിച്ചു. എന്തുകൊണ്ടോ അവ ഔഷധങ്ങളായി എനിക്ക് തോന്നി.

ചെമ്പുകമ്പികൊണ്ട് ഇൻസുലേറ്റ് ചെയ്ത ഹൈ വോൾട്ടേജ് കേബിളുകൾ. അവ ചുരുൾ നിവർത്തി സൈറ്റിൽ ആവശ്യമുള്ള നീളത്തിൽ മുറിച്ച് വീണ്ടും ചുറ്റി സൈറ്റുകളിലേക്ക് അയക്കണം. ശ്രമകരമായ ജോലി

കേബിൾ യാർഡിലെ പണികളുമായി പൊരുത്തപ്പെട്ട് വരുമ്പോഴാണ് എന്നെ സൈറ്റിലേക്കയക്കാൻ തീരുമാനം വരുന്നത്. സൈറ്റിൽ ഒറ്റയ്ക്ക് പണിയെടുക്കണം. ഇരുമ്പ് പൈപ്പുകൾ മുറിച്ചും വളച്ചും പാകത്തിനെടുത്ത് കോൺക്രീറ്റുകൾ തുളച്ച് പിടിപ്പിക്കണം. കേബിൽ ട്രേകൾ ഞാത്തി അതിലൂടെ കേബിളുകൾ വലിക്കണം. നാനാതരം സ്വിച്ചുകളിൽ അവയെയെല്ലാം കണക്റ്റ് ചെയ്യണം. ഇവയെക്കുറിച്ചൊന്നും ചെറിയ ധാരണകൾ പോലും എനിക്കില്ലായിരുന്നു. ജോലി തെറിക്കാൻ പോവുകയാണെന്ന് ഞാൻ കരുതി. നാട്ടിലേക്ക് മടങ്ങുക അചിന്ത്യമായിരുന്നു. പെരുകി വന്നിരുന്ന തെങ്ങ് രോഗങ്ങളും തേങ്ങയുടെ വിലയിടിവും തെങ്ങിൽ നിന്നുള്ള വരുമാനത്തെ മുഖ്യമായി ആശ്രയിച്ചിരുന്ന ഇടത്തരം കുടുംബങ്ങളുടെ നടു ഒടിച്ചിരുന്നു. നാണ്യവിള കർഷകരെ മാത്രം കണ്ട കെ.എം.മാണിയുടെ സങ്കുചിത സാമ്പത്തിക നയങ്ങൾ തേങ്ങയും നെല്ലും മീൻപിടുത്തവും കൊണ്ട് പുലർന്നിരുന്ന കേരളത്തിെന്റെ പടിഞ്ഞാറൻ മേഖലയെ അവഗണിച്ചതിെൻറ ഫലമായിരുന്നു അത്. സമ്പൂർണ കേരളത്തെ മാണി ഒരിക്കലും കണ്ടില്ല. ആ ഗതികേടുകളുടെ കാലത്ത് എന്റെ ഗൾഫ് ജോലി അച്ഛനും അമ്മയ്ക്കും വലിയ ആശ്വാസവും പ്രതീക്ഷയും ആയിരുന്നു.
ഒടുവിൽ സഹായത്തിന് ഫ്രാൻസീസ് പെരേരയെ സമീപിക്കാൻ ഞാൻ നിശ്ചയിച്ചു. അപരിചിത ദേശത്ത് അത് തുരങ്കത്തിെൻറ അറ്റത്തെ തിളക്കമായിരുന്നു. ഞാൻ ചെല്ലുമ്പോൾ ക്യാബിനിൽ അദ്ദേഹം ഒറ്റയ്ക്കായിരുന്നു. ഗോവൻ ഛായ ഉള്ളതിനാലാവണം ആൻറണി ജയിംസ് എന്ന എെൻറ പേർ അദ്ദേഹം ഓർത്തിരുന്നു. മുഖവുര കൂടാതെ ഞാൻ പറഞ്ഞു. പ്രാരാബ്ദക്കാരൻ ആണെന്നും ക്വാളിഫൈഡ് ഇലക്ട്രീഷൻ അല്ലെന്നും ഗതികേടുമൂലം ഇൻറർവ്യുവിൽ കബളിപ്പിച്ച് കടന്നുകൂടിയതാണെന്നും ഞാൻ തുറന്നുപറഞ്ഞു. അദ്ദേഹത്തിെൻറ മുഖഭാവം മാറി. കമ്പനിയെ കബളിപ്പിച്ച എന്നോടുള്ള കോപത്താൽ മുഖം ചുവന്നു. പിന്നെ നാടൻ ഇംഗ്ലീഷിൽ അലറുകയായിരുന്നു, ചീത്തവിളിയും. ഒന്നിനും മറുപടി പറയാതെ തലകുനിച്ച് നിന്ന് ഞാൻ എല്ലാം കേട്ടു. കലിയടങ്ങി ഫ്രാൻസീസ് പെരേരാ നിശബ്ദനായി. അകമെ ആ മനുഷ്യൻ സഹഭാവമുള്ള ഒരാളാണെന്ന് എനിക്ക് തോന്നി. ഞാൻ കാത്തു.
‘ഇപ്പോൾ എനിക്കൊന്നിനും ആകില്ല. രണ്ടാഴ്ച കഴിയുമ്പോൽ നിെൻറ പ്രൊബേഷൻ കാലാവധി പൂർത്തിയാകും. അതിനുശേഷം എന്തെങ്കിലും ചെയ്യാമോയെന്ന് നോക്കട്ടെ. സ്റ്റോറിൽ ഒരു ഹാൻഡിമാൻ റിസൈൻ ചെയ്തിട്ടുണ്ട്. രണ്ട് മാസം കഴിയുമ്പോൾ അയാൾ പോകും. എല്ലാ പണിയും ചെയ്യേണ്ടിവരും. ഞാൻ നോക്കട്ടെ.’

എനിക്കത് ദേവദൂതായിരുന്നു. തലകുനിച്ച് കൈകൾ കൂപ്പി ഞാൻ പുറത്തേക്ക് പോന്നു. ഹാൻഡിമാെൻറ പണി നാടൻ ഭാഷയിൽ പറഞ്ഞാൽ അലമ്പായിരുന്നു. ആരുപറഞ്ഞാലും എന്ത് പണിയും മടികൂടാതെ ചെയ്യണം. ഞാൻ എന്തിനും തയ്യാറായിരുന്നു. പ്രശ്നത്തിന് പോംവഴി കണ്ടാൽ പിന്നെ അതോർത്ത് വ്യാകുലപ്പെടുന്ന പതിവ് എനിക്ക് അന്നുമില്ല ഇന്നുമില്ല. മനസ്സിൽ വലിയ ഉത്സാഹവും സന്തോഷവും തോന്നി. എന്തിനെയും നേരിടാമെന്ന ആത്മവിശ്വാസം തോന്നി. പതിവിലും പ്രസരിപ്പോടെ തുടർന്നുള്ള ദിവസങ്ങളിൽ ഞാൻ ജോലിചെയ്തു. അപ്പോഴാണ് അടുത്ത ദേവദൂതെൻറ വരവ്.
പുതിയൊരു സൂപ്പർവൈസർ (എഞ്ചിനിയർ) ബ്രിട്ടനിൽ നിന്ന് എത്തുന്നു. അയാളുടെ ടീമിലേക്ക് ആറ് ഇലക്ട്രീഷന്മാരെയും നാല് ഹെൽപ്പർമാരെയും വിടുന്നു. ഇലക്ട്രീഷ്യന്മാരുടെ പേരുകളുടെ ഒടുവിൽ എന്റെ പേരുമുണ്ട്. നിശ്ചിത ദിവസം ബ്രിട്ടീഷുകാരൻ പിക്കപ്പുമായി വന്ന് തയ്യാറായി നിന്നിരുന്ന ഞങ്ങൾ പത്തുപേരെയും കയറ്റി സൈറ്റിലെത്തി. ഒരു ഇലക്ട്രിക്കൽ സബ്സ്റ്റേഷൻ ആയിരുന്നു അത്. അതിനുള്ളിലും പുറത്തുമായി ലൈറ്റിംഗും സ്മാൾ പവർ സോക്കറ്റുകളും ചെയ്യണം. സായ്വം പേരു പറഞ്ഞു – സൈമൺ എഡ്രിച്ച്. പിന്നെയൊരു പ്രസംഗം. കഠിനാദ്ധ്വാനം, ആത്മാര്ത്ഥത, സമർപ്പണബോധം എല്ലാം അതിലുണ്ടായിരുന്നു. ഒരു ടീമായി ഒറ്റക്കെട്ടായി ജോലിചെയ്യണം. ഇഷ്ടം പോലെ ഓവർടൈം തരാം. പിന്നെ ചോദ്യങ്ങളായി. ഭാഗ്യം ഞാനൊഴികെ ടീമിലെ മറ്റാർക്കും ആംഗലം പിടിയില്ല. സൈമൺ എെൻറ തോളിൽ കൈയ്യിട്ട് പറഞ്ഞു: ‘ഇനിമേൽ ഞാൻ നിന്നോട് പറയും, നീ ഇവരോട് വിവരിക്കും, ഓരോരുത്തർക്കായി പണികൾ നീ വിഭജിച്ച് നൽകും. യു ആർ ഗോയിംഗ് ടു ബി മൈ ഫോർമാൻ’. കോഴ്സിൽ തോറ്റെങ്കിലും ബാംഗ്ലൂരിൽ പഠിച്ച എഞ്ചിനിയറിംഗ് ഡ്രോയിംഗ് മുതൽക്കൂട്ടായി. പ്രമോഷനും ശമ്പളവർദ്ധനവും പുറകേയെത്തി.
അമീൻ സേട്ട് ഇപ്പോൾ കോഴിക്കോട്ട് പ്രഗൽഭനായ ഡോക്ടർ. എ.വി.രാജു ആലപ്പുഴയിൽ പുകയില വ്യാപാരം. ഞങ്ങൾ മൂവരും ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ പ്രിയരായ സഹപാഠികളായിരുന്നു. എനിക്ക് ഗൾഫ് വിസ ഒത്തതുകൊണ്ട് ക്ലമൻസയും ലുക്കാ ബ്രാസിയും ആകാനുള്ള ഭാഗ്യം അവർക്ക് ഇല്ലാതെപോയി.


ഭാഗം മൂന്ന് : ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഒരു ടി.വി. കൊച്ചുബാവ

ഭാഗം ഒന്ന്: മറവിക്കെതിരെയുള്ള നീക്കങ്ങൾ

 

പി. ജെ. ജെ. ആന്റണി  

എഴുത്തുകാരന്‍
 

  • Tags
  • #Expat
  • #Saudi Arebia
  • #P.J.J. Antony
  • #Gulf Orma Ezhuth
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

ദേവരാജന്‍ നെല്ലിക്കല്‍

15 Jun 2020, 01:41 PM

ആന്റണി സര്‍, ഇത് വായിച്ചപ്പോള്‍ , ഗള്‍ഫിലേക്ക് പോകാനായി പണ്ട് ബോംബയില്‍ കറങ്ങി നടന്നിരുന്ന ഞാന്‍ എന്ന പതോന്പതുകാരന്‍ ഉള്ളില്‍ ഇരുന്നു ചിരിക്കുന്നത് അറിഞ്ഞു.. “സ്വർണ്ണവും വെള്ളിയും സ്റ്റെയിൻലെസ് സ്റ്റീലും ഒന്നുമല്ലല്ലോ. വെറും അലുമിനിയം കമ്പനിയല്ലേ. അവിടെ ഇലക്ട്രീഷനാകാൻ ഇത്രയൊക്കെ മതിയെന്ന്………”. “അണുബോംബ് ഉണ്ടാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ധാരാവിയിലെ അന്നത്തെ അണ്ടർഗ്രൗണ്ട് ഡോൺ സാക്ഷാൽ വരദരാജ മുതലിയാരിൽ നിന്ന് വരെ പണം പിടുങ്ങാനുള്ള ധൈര്യം………” അനുഭവങ്ങള്‍....സത്യം തന്നേ ..!!

PGR Nair

17 May 2020, 11:57 AM

I thoroughly enjoyed reading your Gulf entry diary . You have narrated it the triumphs and travails in your journey spliced with humor and humane touch. I too landed in winter time and was surprised at the biting cold in Camp 14 where we stayed for one month.

Steve Xavier

14 May 2020, 10:50 AM

ഓരോ വർഷവും അവധിക്ക് നാട്ടിലെത്തുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് മധുര പലഹാരങ്ങളും, പുത്തനുടുപ്പുകളും വാങ്ങി തന്നിരുന്ന, എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന എന്റെ അമ്മാവന്റെ ജീവിത യാത്രയിൽ കനൽ മൂടിയ വഴിത്താരകൾ ധാരാളം ഉണ്ടായിരുന്നു എന്ന് ഞാൻ കരുതിയതേ ഇല്ല. വേദന നിറഞ്ഞ ജീവിതാനുഭങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കൂടുതൽ പ്രസന്നമാക്കുകയും, സഹ ജീവികളോടുള്ള സ്നേഹം വർധിപ്പിക്കുകയും ചെയ്തു. കേവലം ഒരു ഹെൽപ്പർ തസ്തികയിൽ നിന്ന് പ്രശസ്തമായ ഒരു മൾട്ടി നാഷണൽ കമ്പനിയുടെ പേഴ്‌സണൽ മാനേജറിലേക്കുള്ള യാത്ര എന്നെപ്പോലെ ഉള്ളവർക്ക് പുതിയ പാഠങ്ങൾ പകർന്നു നൽകുന്നു..... ഇനിയും ജീവിതാനുഭവങ്ങൾ പ്രതീക്ഷിക്കുന്നു...

Wilfred

13 May 2020, 08:32 PM

കുറച്ചു നേരത്തേക്ക് ചുറ്റുപാട് മറന്ന് പഴയ കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഈ കുറിപ്പ്.

Thomas Sajeev Johns

13 May 2020, 08:05 PM

ആൻ്റണിച്ചേട്ടൻ്റെ രചനകളും പ്രഭാഷണങ്ങളും എനിക്കൊരു ഹരമാണ്. പക്ഷേ ഇത് വായിച്ചപ്പോൾ അത്ഭുതമാണ് തോന്നിയത്. എൻ്റെ ആദ്യ ഗൾഫ് യാത്രാസംഭവങ്ങളുമായി ഒട്ടേറെ സാമ്യം! എന്തിനേറെ, ഗൾഫിൽ തീച്ചൂടെന്ന് ധരിച്ച എൻ്റെ ആദ്യ ദിവത്തെ കൊടുംതണുപ്പിലുണ്ടായ ആ അമ്പരപ്പിനു പോലും സമാനത! ഹൃദ്യമായ വിവരണം. ഞാനും ഒപ്പമുണ്ടായിരുന്നോ എന്നൊരു തോന്നൽ. അതാണ് PJJ യുടെ രചനാശൈലി, ശക്തിയും!.

Paul

13 May 2020, 07:27 PM

ആസ്വാദ്യകരമായ അവതരണ രീതി. മനോഹരവും സത്യസന്ധവുമായ എഴുത്ത്. ഒന്നും രണ്ടും വായിച്ചു. അടുത്തതിനായി കാത്തിരിക്കുന്നു.

Shibu Xavier

13 May 2020, 01:33 PM

പ്രിയപെട്ട ആന്റണി ചേട്ടന്‍... മനോഹരമായി കാര്യങ്ങളെ അവതരിപ്പിക്കാനുള്ള അങ്ങയുടെ കഴിവ് അപാരം തന്നെ. ഗൗരവകരമായ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോഴും നര്‍മ്മത്തിന്റെ ശകലങ്ങല്‍ പൊതിഞ്ഞ് കൂടുതല്‍ ആസ്വാദനം വായനക്കാര്‍ക്ക് നല്‍കുന്നു. അതുപോലെ സംഭവങ്ങളെ ഭംഗിയായി ബന്ധിപ്പിക്കുന്നതിനാല്‍ ആദ്യാവസാനം വരെ വായിക്കാനുള്ള താല്പ്പര്യം നിലനിര്‍ത്തുന്നു. അടുത്ത അദ്യായത്തിനായി കാത്തിരിക്കുന്നു... സ്നേഹപൂര്‍ വ്വം....ഷിബു സേവിയര്‍

Nidheesh Narayanan

13 May 2020, 12:24 PM

സത്യസന്ധമായ തുറന്നെഴുത്തുകൾ. എനിക്ക് ഏറെ പരിചിതനായ പി . ജെ . ജെ സാറൽ നിന്ന് അദ്ദേഹം മുന്നിലിരുന്ന് കഥ പറയും പോലെ തോന്നി. വളരെ ഇഷ്ടപ്പെട്ട ഒരു പ്രയോഗം ആയിരുന്നു ഇത് ഇത് "അപരിചിത ദേശത്ത് അത് തുരങ്കത്തിെൻറ അറ്റത്തെ തിളക്കമായിരുന്നു." വളരെ വളരെ ഇഷ്ടമായി സാർ. നന്ദി.

Blessy Seju

13 May 2020, 10:59 AM

പലരും ഇങ്ങനെയുള്ള കഥകൾ ( അനുഭവങ്ങൾ) പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഇത്ര ഹൃദ്യമായി േ >ന്നിയത് ആദ്യമായാണ്. കട്ട waiting for next episodes...

Krishna kumar

13 May 2020, 02:55 AM

Very nice to read.

Pagination

  • Current page 1
  • Page 2
  • Next page Next ›
  • Last page Last »
Gulf Money and Kerala

Expat

കെ.വി. ദിവ്യശ്രീ

മലയാളിയുടെ ഗൾഫ്​ കുടിയേറ്റത്തിൽ ഇടിവ്​, അയക്കുന്ന പണത്തിലും

Jul 21, 2022

17 Minutes Read

 banner-gulf.jpg

Expat

മുഹമ്മദ് ജദീര്‍

ഇവിടെ ഒന്നും നടക്കില്ല തിരിച്ച് പോണം, പക്ഷേ...

Jul 22, 2021

15 Minutes Watch

Qatar

Expat

ഇ.കെ. ദിനേശന്‍

കോവിഡുകാലത്ത്​ കേരളത്തിൽ തിരിച്ചെത്തിയത്​  6.31 ലക്ഷം പ്രവാസികൾ; തിരിച്ചുപോക്ക്​ സാധ്യമാണോ?

Jun 07, 2021

9 Minutes Read

PJJ

Memoir

പി. ജെ. ജെ. ആന്റണി

ഗൾഫ്​ ഇനി ആഹ്ളാദകരമായ ഒരോർമ

Mar 31, 2021

12 Minutes Read

Pjj Antony

Memoir

പി. ജെ. ജെ. ആന്റണി

ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ ഇക്ബാലിന്റെ ഏകാന്തവ്യസനങ്ങള്‍

Feb 07, 2021

19 Minutes Read

Pjj Antony

Memoir

പി. ജെ. ജെ. ആന്റണി

ജയില്‍ജീവിതം, ഏതാനും മണിക്കൂറുകള്‍

Jan 06, 2021

16 Minutes Read

pjj antony

Memoir

പി. ജെ. ജെ. ആന്റണി

അനവധി അനുഭവങ്ങളുടെ സൗദി

Dec 05, 2020

9 Minutes Read

saudi arabia

Memoir

പി. ജെ. ജെ. ആന്റണി

പട്ടാളബാരക്കിൽനിന്നെത്തിയ മാനേജറും സർവകലാശാലയിൽനിന്നെത്തിയ ജീവനക്കാരനും

Nov 05, 2020

14 Minutes Read

Next Article

അസ്രാളന്‍ - മീന്‍മണമുള്ള ദൈവം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster