പട്ടാളച്ചിട്ടയുള്ള പഠനമുറകൾ

സേനാമൂല്യങ്ങൾ ഉപയോഗിച്ച് കേരളത്തിലെ വിദ്യാലയങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാമെന്ന സിദ്ധാന്തമാണ് സ്റ്റുഡൻറ്​ പൊലീസ് കേഡറ്റ് എന്ന പ്രസ്ഥാനത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. സേനാമൂല്യമായ ശ്രേണീകരണത്തിലധിഷ്ഠിതമായ അച്ചടക്കം, വിധേയത്വം പാലിക്കൽ, ചിട്ടകൾ പിന്തുടരൽ തുടങ്ങിയവ ജനാധിപത്യ സമൂഹത്തിന്റെ മൂല്യബോധവുമായി എത്രത്തോളം പൊരുത്തപ്പെടുമെന്ന് ചിന്തിക്കേണ്ടതുണ്ട്. ഇത്തരം മൂല്യങ്ങൾ സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് വളർത്തിയെടുക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ അക്കാദമികചർച്ച ആവശ്യമാണ്.

ഗ്‌നിവീർ എന്ന പേരിൽ ഒരു അമച്വർ സൈന്യത്തെ രൂപപ്പെടുത്താനുള്ള നടപടിക്രമങ്ങളുമായി ‘മധ്യ അരശ്’ മുമ്പോട്ടുപോവുകയാണ്. എതിർകക്ഷികളുടെ എതിർപ്പുകൾ നാൾക്കുനാൾ ദുർബലമായി വരുന്നു. പ്രക്ഷോഭകാരികളുടെ സമരവീര്യവും അസ്തമിച്ചു. ഈ സന്ദർഭത്തിൽ പട്ടാളച്ചിട്ടയെക്കുറിച്ചുള്ള ചില ആകുലതകൾ പങ്കുവയ്ക്കാം.

അഗ്‌നിവീർ എന്ന പുതിയ പദ്ധതി നടപ്പിലാകുന്നതോടെ സൈനികാനുഭവമുള്ളവരുടെ എണ്ണം ജനസംഖ്യയിൽ ക്രമാതീതമായി കൂടാൻ പോവുകയാണ്. ഉദ്യോഗം എന്ന നിലയിൽ സേനയിൽ പ്രവേശിച്ച് ശരാശരി പതിനഞ്ചും ഇരുപത്തിയഞ്ചും വർഷത്തിനിടയിൽ സേവനം നടത്തുന്നവരെ കുറിച്ചാണ് നമുക്ക് ഇതുവരെ അറിവുണ്ടായിരുന്നത്. അവർ പട്ടാളത്തിൽ നിന്നു പിരിഞ്ഞ് നാട്ടിൻപുറങ്ങളിൽ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം താമസമാക്കി വീരസാഹസികകഥകൾ പറഞ്ഞും ചില അഭ്യാസങ്ങൾ പ്രകടിപ്പിച്ചും നാട്ടുകാരെ അമ്പരപ്പിക്കുന്ന സിനിമാരംഗങ്ങൾ സുപരിചിതമാണ്.

വിമുക്തഭടന്മാരെ പരിഗണിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെ പല സ്ഥാപനങ്ങളിലും അവർക്ക് ജോലിനോക്കാൻ അവസരം നൽകുന്ന പതിവുണ്ട്. സുരക്ഷാജീവനക്കാരായി പലയിടത്തും സേവനം അനുഷ്ഠിക്കുന്നത് വിമുക്തഭടന്മാരാണ്. ഒരു നാട്ടിലെ ജനസംഖ്യയിൽ വളരെ കുറച്ച് വിമുക്തഭടന്മാരേ ഉണ്ടാകാറുള്ളൂ. അവരുടെ സാഹസിക കഥൾ കേട്ടും ചിട്ടകൾ കണ്ടും ചിരിക്കുന്നതോടൊപ്പം രാജ്യത്തിന് അവർ സമർപ്പിച്ച സേവനം ഓർത്ത് ആദരിക്കാനും നാം മറക്കാറില്ല.

എന്നാൽ വിരമിച്ച അഗ്‌നിവീർമാരെ നാം എങ്ങനെയാണ് സമീപിക്കേണ്ടത്? സുദീർഘമായ സേവനപാരമ്പര്യമൊന്നും അവർക്കില്ലെന്ന് നമുക്കറിയാം. പക്ഷേ, അവർ സൈനികപരിശീലനം നേടിയവരാണ്. നാലു വർഷം പൂർത്തിയാകുമ്പോൾ അവരിൽ 75 ശതമാനം പേരെ പിരിച്ചയയ്ക്കുന്നതിലൂടെ സൈനികപരിശീലനം നേടിയവർ സമൂഹത്തിൽ വലിയൊരു ശക്തിയായി മാറും. ഉത്തരവുകളുടെ പിൻബലം കൊണ്ടും കാര്യക്ഷമത പരിഗണിച്ചും കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാസ്ഥാപനങ്ങളിലും എന്നുവേണ്ട മികച്ച സ്വകാര്യ സ്ഥാപനങ്ങളിൽ പോലും അവർക്ക് ജോലിക്കും മറ്റും പരിഗണന ലഭിക്കും. തുടർപഠനം ആഗ്രഹിക്കുന്ന ഒരു വിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കടന്നുചെല്ലും. അവിടെയും അവർക്ക് നിയമവിധേയമായ പരിഗണനയ്ക്ക് അവർക്ക് അർഹതയുണ്ടായിരിക്കും.

മേൽപറഞ്ഞ സാഹചര്യം ഒരു രാഷ്ട്രതന്ത്രജ്ഞന്റെ കാഴ്ചപ്പാടിലൂടെ കാണേണ്ടതുണ്ട്. ഇവിടെ രാഷ്ട്രത്തിന്റെ ഭാഗധേയം എങ്ങനെയാണ് നിർണയിക്കപ്പെട്ടിരിക്കുന്നതെന്ന് നോക്കാം. വളരെ ചെറിയൊരു കാലം കൊണ്ട് കുറഞ്ഞ മുതൽമുടക്കിൽ ജനസംഖ്യയിലെ ബഹുഭൂരിപക്ഷത്തെ സൈനികപരിശീലനം നേടിയവരായി മാറ്റാൻ കഴിയുന്നു. അവർ ചിട്ടയുള്ള ജീവിതമാണ് നയിക്കുന്നത്. ഇടപെടുന്ന എല്ലായിടത്തും അവർ ചിട്ടകൾ അടിച്ചേൽപ്പിക്കുന്നു. തൊഴിലിടങ്ങളിലും വിദ്യാലയങ്ങളിലും എന്നുവേണ്ട സമൂഹത്തിന്റെ എല്ലാ പൊതു ഇടങ്ങളിലും സൈനികപരിശീലനം സിദ്ധിച്ചവർക്ക് മേൽക്കൈ ലഭിക്കുന്നു. ഭൂരിപക്ഷം എന്ന സാധ്യത ഉപയോഗിച്ച് അവർ ജനാധിപത്യത്തെയാകെ നിയന്ത്രിക്കുന്നു. ഏകാധിപതികളായ പല ഭരണാധികാരികളും ഈ തന്ത്രം മുമ്പ് ഫലപ്രദമായി പരീക്ഷിച്ചിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാൽ കാണാം.

പോസ്റ്റ് അഗ്‌നിവീർ ഇന്ത്യൻ സൊസൈറ്റിയെ കുറിച്ച് നമുക്ക് ഭാവന ചെയ്യാവുന്നതാണ്. എല്ലാവരും നിയമങ്ങൾ അനുസരിക്കുന്നു. സാമൂഹികമായും വ്യക്തിപരമായുമുള്ള ശുചിത്വത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകുന്നില്ല. പദവികൾ, പ്രോട്ടോകോൾ എന്നിവ അനുസരിച്ചുള്ള പെരുമാറ്റരീതികൾ കൃത്യമായി പാലിക്കപ്പെടുന്നു. നിയമപാലനത്തിന്റെ ഭാഗമായ കർക്കശ ശിക്ഷാനടപടികൾക്ക് സമൂഹത്തിന്റെ സർവാത്മനാ ഉള്ള അംഗീകാരം ലഭിക്കുന്നു. ഭരണകൂട നടപടികൾക്കു നേരേയുള്ള എതിർപ്പുകളും പ്രതിഷേധങ്ങളും ദുർബലമാകുന്നു. വിധേയത്വം പൗരത്വത്തിന്റെ മുഖമുദ്രയായി തീരുന്നു. ഉത്തരവുകൾ നടപ്പാക്കിയ ശേഷം മാത്രം വിമർശനങ്ങൾ ഉന്നയിക്കുന്നു. ചട്ടപ്പടി പരാതി നൽകി മറുപടിക്കായി ക്ഷമയോടെ കാത്തിരിക്കുന്നു. രാജ്യത്തെ നിയമവ്യവസ്ഥയ്‌ക്കൊപ്പം പരമ്പരയാ പ്രാപ്തമായ ആചാരങ്ങളെയും പതിവുകളെയും സംരക്ഷിക്കുന്നതിന് സാമൂഹികസംവിധാനങ്ങൾ സജ്ജമാകുന്നു. ശത്രു- മിത്രം, ശരി- തെറ്റ് തുടങ്ങിയ ദ്വന്ദ്വങ്ങൾ മാത്രം ഉപയോഗിച്ച് എല്ലാ സാമൂഹികപ്രക്രിയകളെയും ഓപ്പറേറ്റ് ചെയ്യുന്നു. കഴിവും പ്രാപ്തിയും ഉള്ളവർമാത്രം ഉയർന്നുവരുന്ന തരത്തിൽ എല്ലാ തലങ്ങളിലും അരിപ്പകൾ ഉറപ്പുവരുത്തുന്നു. ഇങ്ങനെ ആ സുവർണകാലത്തിന്റെ ചിത്രം തെളിഞ്ഞുവരും. അടുത്ത അഞ്ചോ പത്തോ വർഷത്തിനിടയിൽ നാം ജീവിക്കാൻ പോകുന്ന സമൂഹത്തെ പട്ടാളച്ചിട്ടയുള്ള സമൂഹം എന്നു വിളിക്കാം.

photo: pexels

ഇപ്പോൾ ഉയർന്നുവരുന്ന ഭാഷാപരമായ പ്രശ്‌നം പട്ടാളച്ചിട്ടയുടെ അർത്ഥവ്യാപ്തി സംബന്ധിച്ചാണ്. പട്ടാളത്തിന്റെ ചിട്ട എന്നോ പട്ടാളത്തിൽ നടപ്പാക്കിവരുന്ന ചിട്ട എന്നോ പദത്തെ വിഗ്രഹിക്കുന്നതിന് വൈയാകരണന്മാരുടെ അനുമതിയുണ്ട്. പക്ഷേ, സത്യാനന്തരകാലം അതുകൊണ്ട് തൃപ്തിപ്പെടുമെന്ന് തോന്നുന്നില്ല. അതിനാൽ പോസ്റ്റ് അഗ്‌നിവീർ ഇന്ത്യൻ സൊസൈറ്റിയെ സംബന്ധിച്ച് ഇങ്ങനെ ഒരു "സത്യാനന്തരപ്രസ്താവം' നടത്താം- അഗ്‌നിവീറിനെ അനുകൂലിക്കുന്നവരും, എതിർക്കുന്നവരും, നിഷ്പക്ഷതപാലിക്കുന്നവരും, തീരുമാനം എടുത്തിട്ടില്ലാത്തവരുമായ എല്ലാ ഭരണാധികാരികൾക്കും പോസ്റ്റ് അഗ്‌നിവീർ ഇന്ത്യൻ സൊസൈറ്റി ഏറ്റവും പ്രിയപ്പെട്ടതും അവരുടെ അനുയായിവൃന്ദത്തെ വാത്സല്യപൂർവം നെഞ്ചോടു ചേർത്തുപിടിക്കാൻ അവരെ പ്രേരിപ്പിക്കുന്നതുമാണ്. അത് അവരുടെ സ്വപ്നങ്ങളിൽ എക്കാലവും ഉണ്ടായിരുന്ന വാഗ്ദത്തഭൂമിയാണ്.

ഇത്തരുണത്തിൽ സ്വന്തം ഭാവിയെയുംയും കക്ഷിയുടെ ഭാവിയെയും മാനിക്കാതെ ചില വിമർശകമണ്ഡൂകങ്ങൾ പ്രചരിപ്പിക്കാൻ ഇടയുള്ള വാദങ്ങൾ കൂടെ സംഗ്രഹിക്കാം: വലതുപക്ഷസർക്കാരുകൾ രാജ്യത്തെ സ്വകാര്യ കുത്തകകൾക്ക് വിറ്റുതുലയ്ക്കുന്ന പല ഓമനപ്പേരുകളിലുമുള്ള പദ്ധതികളുടെ ഏറ്റവും ഒടുവിലത്തെ രൂപമാണ് അഗ്‌നിവീർ. ആർക്കും നാളിതുവരെ കൈവയ്ക്കാൻ ധൈര്യമില്ലാതിരുന്ന പ്രതിരോധത്തിലാണ് വീരൻ കടന്നുപിടിച്ചിരിക്കുന്നത്. പ്രതിരോധച്ചെലവുപോലും ഇനി സർക്കാർ ഖജനാവിന് ബാധ്യതയാവുകയില്ല. അപ്രന്റീസ് സൈന്യത്തിന്റെ സഹായത്തോടെ കാര്യങ്ങൾ നടത്താം. സർക്കാർ ചെലവിൽ പട്ടാളച്ചിട്ട ശീലിച്ച പുതിയ തൊഴിൽസേന കോർപറേറ്റുകൾക്ക് ഏറ്റവും പ്രിയപ്പെട്ടതും ഹിതാനുവർത്തിയും ആയിത്തീരും. സൈന്യത്തിൽ എന്നപോലെ വ്യവസായങ്ങളിലും സമരവും പ്രതിഷേധവുമൊന്നും ഉണ്ടാവുകയില്ല. ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം!

പൊലീസും പട്ടാളവുമെല്ലാം സേനകളായാണ് അറിയപ്പെടുന്നത്. സൈനികർ, അർദ്ധസൈനികർ തുടങ്ങിയ വേർതിരിവുകൾ സാങ്കേതികം മാത്രമാണ്. എല്ലാ സേനകളും ചില ചിട്ടകൾക്കു വിധേയമായി മാത്രം പ്രവർത്തിക്കുന്നു. ഒരു സേനാംഗത്തെ സംബന്ധിച്ചിടത്തോളം ചിട്ടകൾ പോലെതന്നെ ഉത്തരവുകളും ആജ്ഞകളും പരമപ്രധാനമാണ്. മേലധികാരികൾ കല്പിക്കുന്ന ശരികൾ മാത്രമാണ് അവർക്കുശരി. മേലധികാരികളുടെ ഭാഷയുടെ താളം അവരുടെ നെഞ്ചിടിപ്പിനെ നിയന്ത്രിക്കുന്നു. മൂല്യബോധം, നീതിബോധം, ആരോഗ്യ-ശുചിത്വബോധം, സൗന്ദര്യബോധം തുടങ്ങിയവ സംബന്ധിച്ചെല്ലാം പൂർവനിശ്ചിത ധാരണകളാണ് അവർക്കുള്ളത്. അതിൽ വിട്ടുവീഴ്ച ചെയ്യാൻ അവർക്ക് ബുദ്ധിമുട്ടാണ്. സേനാവിഭാഗങ്ങൾ രാഷ്ട്രനിർമാണത്തിലും ജനക്ഷേമത്തിലും വഹിക്കുന്ന പങ്ക് അവഗണിക്കാവുന്നതല്ല. കാലികമായ ചില മാറ്റങ്ങൾ സേനകളുടെ കാര്യത്തിലും ആവശ്യമാണെന്ന അഭിപ്രായങ്ങൾ ഉണ്ടെങ്കിലും പ്രയോഗത്തിൽ വരുത്താൻ ബുദ്ധിമുട്ടാണ് അഭിജ്ഞർ പറയുന്നത്.

എന്നാൽ, ഇന്ന് കായികശേഷിയെക്കാളേറെ സാങ്കേതികവിദ്യയും ബുദ്ധിശക്തിയും ഉപയോഗിച്ചാണ് സേനാവിഭാഗങ്ങൾ അവരുടെ ചുമതലകൾ നിർവഹിച്ചുവരുന്നത്. കായികശേഷിയെ കൂടുതൽ ആശ്രയിക്കുന്ന സന്ദർഭങ്ങളിലെല്ലാം അവർ അപഹാസ്യരാവുകയോ കുറ്റാരോപണങ്ങൾക്ക് വിധേയരാവുകയോ ചെയ്യുന്നുണ്ട്. സേനയിലെ അച്ചടക്കം, വിധേയത്വം തുടങ്ങിയ മൂല്യങ്ങൾ പൊതുസമൂഹത്തിലേക്ക് സംക്രമിപ്പിക്കാൻ കഴിയുകയില്ല. അതിനുള്ള ചെറിയ ശ്രമങ്ങൾ പോലും ആപൽക്കരമാണ്.

സേനാമൂല്യങ്ങൾ ഉപയോഗിച്ച് കേരളത്തിലെ വിദ്യാലയങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാമെന്ന സിദ്ധാന്തമാണ് സ്റ്റുഡൻറ്​ പൊലീസ് കേഡറ്റ് എന്ന പ്രസ്ഥാനത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. അതിനെ പിൻതാങ്ങുന്ന മാതൃകകൾ മുമ്പുതന്നെ വിദ്യാഭ്യാസരംഗത്ത് ഇടംനേടിയിരുന്നു. എൻ.സി.സി, സ്‌കൗട്ട് എന്നിവ വിദ്യാലയാന്തരീക്ഷത്തിൽ സൃഷ്ടിച്ച ഉത്സാഹം സ്റ്റുഡൻറ്​ പോലീസ് കേഡറ്റിനും സാധ്യമാക്കാമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇവയെല്ലാം സാഹസികത, ചിട്ട, അനുസരണശീലം, മത്സരബുദ്ധി തുടങ്ങിയവയിൽ ഊന്നിയാണ് പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. അനുസരണശീലവും ചിട്ടയും ആശയവിനിമയശേഷിയോട് സംയോജിപ്പിച്ച് നേതൃത്വപാടവം വളർത്താനും കർമനിരതരാകുന്നതിലൂടെ ഓർമശക്തിയും യുക്തിബോധവും വികസിപ്പിച്ച് അക്കാദമികമികവ് കൈവരിക്കാനും കഴിയുമെന്ന് അവർക്ക് തെളിയിക്കാൻ കഴിഞ്ഞു. ഈ സാധ്യതകൾക്കൊപ്പം ഗ്രേസ് മാർക്ക്, വെയ്‌റ്റേജ് എന്നിവയുടെ ആകർഷകത്വവും കുട്ടികളെ ഈ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നു. അതിനാൽ ഇവയിൽ സ്ഥാനം നേടാൻ കുട്ടികളും രക്ഷിതാക്കളും മത്സരിക്കുന്നു. സ്‌കൂളുകളിൽ ഇവയുടെ ശാഖകൾ ആരംഭിക്കാൻ അധ്യാപകരും മറ്റ് സ്‌കൂൾ അധികൃതരും തിരക്കുകൂട്ടുന്നു.

വിദ്യാർത്ഥിസേനകൾ സമാന്തരമായ ഒരു കരിക്കുലമാണ് പരിശീലനത്തിന്റെ ഭാഗമായി ഉപയോഗിച്ചുവരുന്നത്. ഇതിൽ സേനാമൂല്യങ്ങൾ ഒഴികെയുള്ളവ വിദ്യാർത്ഥികളുടെ വളർച്ചയ്ക്ക് ആവശ്യമുള്ളവയാണ്. സേനാമൂല്യമായ ശ്രേണീകരണത്തിൽ അധിഷ്ഠിതമായ അച്ചടക്കം, വിധേയത്വം പാലിക്കൽ, ചിട്ടകൾ പിന്തുടരൽ തുടങ്ങിയവ ജനാധിപത്യ സമൂഹത്തിന്റെ മൂല്യബോധവുമായി എത്രത്തോളം പൊരുത്തപ്പെടുമെന്ന് ചിന്തിക്കേണ്ടതുണ്ട്. ഇത്തരം മൂല്യങ്ങൾ സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് വളർത്തിയെടുക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ അക്കാദമികചർച്ച ആവശ്യമാണ്. ആശയവിനിമയശേഷി, യുക്തിചിന്ത, സാമൂഹികശേഷികൾ, വിശകലനചിന്ത, സർഗാത്മകത തുടങ്ങിയവ പരിപോഷിപ്പിക്കാനുള്ള പരിശ്രമങ്ങൾ സ്വാഗതാർഹമാണ്. ഇവയെ പൊതുവെ അക്കാദമികശേഷികൾ എന്ന് വിശേഷിപ്പിക്കാം. അക്കാദമികപ്രവർത്തനങ്ങളെ സയൻസ്, കണക്ക്, സോഷ്യൽസ്റ്റഡീസ് എന്നിങ്ങനെ വേലികെട്ടിത്തിരിച്ചുള്ള പരിശീലനം കാലഹരണപ്പെട്ടതാണ്. അക്കാദമികശേഷികൾ കുട്ടികളിൽ എത്തിക്കുന്നതിലെ വിതരണക്രമത്തിൽ അസന്തുലിതാവസ്ഥ ഉണ്ടാകാൻ പാടില്ല. എല്ലാ വിദ്യാർത്ഥികളിലും വ്യത്യസ്ത സന്ദർഭങ്ങൾ ഒരുക്കി അക്കാദമികശേഷികൾ വികസിക്കണം. അത് ഉറപ്പുവരുത്തുന്ന തരത്തിലാണ് കരിക്കുലം രൂപകല്പന ചെയ്യേണ്ടത്. കരിക്കുലം വിനിമയത്തിന് വ്യത്യസ്ത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ തെറ്റില്ല. എന്നാൽ അതിന്റെ ആസൂത്രണം, നിർവഹണം, വിലയിരുത്തൽ തുടങ്ങിയവ സംബന്ധിച്ച ബ്ലൂപ്രിൻറ്​ മുൻകൂട്ടി തയ്യാറാക്കണം.

നിലവിലെ രീതിയിൽ വിവിധ ഏജൻസികളും ഡിപ്പാർട്ടുമെന്റുകളും അവരുടെ സങ്കല്പങ്ങൾക്കനുസരിച്ച് കരിക്കുലത്തിൽ ഇടപെടുന്നത് ഗുണകരമാവില്ല. കരിക്കുലത്തിന്റെ ഒരു വിശാലഭൂമിക വികസിപ്പിക്കുന്ന പ്രക്രിയയാണ് പ്രാഥമികമായി നടക്കേണ്ടത്. അതിനായി യോജിക്കാവുന്ന എല്ലാ മേഖലയിൽപ്പെട്ടവരെയും ഒറ്റയ്ക്കും കൂട്ടായുമുള്ള ആലോചനകളിൽ പങ്കാളികളാക്കണം. നിലവിലെ സൗകര്യങ്ങൾ, സംവിധാനങ്ങളുടെ ദൗർബല്യങ്ങൾ, പതിവുകളും ശീലങ്ങളും തുടങ്ങിയവ ആലോചനകൾക്ക് തടസ്സമാകാൻ പാടില്ല. രാജ്യത്തിന്റെ ഭാവി രൂപപ്പെടുന്ന വിദ്യാഭ്യാസത്തെ വിദൂരചക്രവാളത്തിൽ നോക്കിക്കൊണ്ടാണ് കോത്താരി സംസാരിച്ചത്. ഇന്ന് കാലത്തിന്റെ വേഗം സങ്കല്പാതീതമായി വർദ്ധിച്ചിരിക്കുന്നു. എല്ലാം തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. പഴഞ്ചൻ ഉപായങ്ങളും ഉപകരണങ്ങളും ഇവിടെ പ്രയോഗക്ഷമമാകണമെന്നില്ല. കുറച്ചുപേർക്ക് തൊഴിൽചെയ്തും ചെയ്യാതെയും ഉപജീവനം നടത്താനുള്ള ഇടമായി പൊതുവിദ്യാഭ്യാസത്തെ ഇനിയും സങ്കല്പിക്കാനാവില്ല.

photo:Ep.imbchikoya/facebook

ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടനകളാണ് എൻ.സി.സി, എൻ.എസ്.എസ്, സ്‌കൗട്ട് തുടങ്ങിയവ. സംസ്ഥാനതലത്തിൽ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ സംഘടനകൾ പ്രവർത്തിച്ചു വരുന്നുണ്ട്. വനംവകുപ്പ്, ഊർജവകുപ്പ്, ടൂറിസം തുടങ്ങിയവ സംഘടിപ്പിക്കുന്ന ക്ലബ്ബുകളും പാർലമെന്ററി ക്ലബ്, മാത്തമറ്റിക്‌സ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, കരിയർ ഗൈഡൻസ് തുടങ്ങി അസംഖ്യം സംഘടനകളാണ് സ്‌കൂൾ പ്രവർത്തനങ്ങളോട് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇവയിൽ വിദ്യാഭ്യാസവകുപ്പുതന്നെ ആസൂത്രണം ചെയ്തിട്ടുള്ള സംഘടനകളും ഉണ്ട്. ഇവയ്ക്കു പുറമെ പത്രസ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവയും സ്‌കൂളുകൾക്കുള്ളിൽ തങ്ങളുടേതായ പ്രവർത്തനമണ്ഡലം കണ്ടെത്തിയിട്ടുണ്ട്. ഇവ ഓരോന്നും പരിശോധിച്ചാൽ ഗുണകരമായ ഏറെ വശങ്ങളുണ്ടെന്നു കാണാം. എന്നാൽ, കരിക്കുലത്തിന്റെ സമഗ്രത ഓഡിറ്റിനു വിധേയമാക്കുമ്പോൾ കുട്ടികൾക്ക് ലഭ്യമാക്കേണ്ട അനുഭവങ്ങളുടെ സമഗ്രതയിൽ ഏറെ വിടവുകൾ ഉള്ളതായി കാണാം. വിദ്യാഭ്യസവകുപ്പ് നേരിട്ട് സംഘടിപ്പിക്കുന്ന കലോത്സവങ്ങൾ, കായികോത്സവങ്ങൾ, പ്രവൃത്തിപരിചയമേളകൾ തുടങ്ങിയവയും പ്രസ്ഥാനരൂപത്തിൽ സ്‌കൂൾ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നുണ്ട്.

സംസ്ഥാനത്തെ ഓരോ കുട്ടിക്കും സ്‌കൂൾ വിദ്യാഭ്യാസകാലയളവിൽ ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടുള്ള അർത്ഥവത്തായ അനുഭവങ്ങൾ പരിശോധിച്ചാൽ അത് വളരെ വിരളവും അപര്യാപ്തവുമാണെന്നു കാണാം. അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ എല്ലാ പ്രയത്‌നങ്ങളും റദ്ദായിപ്പോകുന്നു. ഇവയൊന്നും കരിക്കുലത്തിൽ അക്കൗണ്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് അതിനുകാരണം. പൊതുവായി അവശേഷിക്കുന്നതാകട്ടെ കാലഹരണപ്പെട്ട പരീക്ഷകളും ചില ചിട്ടകളും മാത്രമാണ്. അച്ചടക്കം പാലിക്കുക, അധ്യാപകരെ അനുസരിക്കുക, അലക്കിത്തേച്ച ഭാഷ ഉപയോഗിക്കുക, വിനയം നടിക്കുക, ഊഴം കാക്കുക, വിധിയിലും ഭാഗ്യത്തിലും വിശ്വാസമർപ്പിക്കുക, ഓർത്തുവയ്ക്കുക, പൂർവനിശ്ചിതമായ ചിട്ടകളിൽ പ്രശ്‌നനിർദ്ധാരണം ചെയ്യുക എന്നിങ്ങനെ മോശമല്ലാത്ത ഒരു പട്ടിക അതിന്റെ തുടർച്ചയായി നമുക്ക് അവതരിപ്പിക്കാൻ കഴിയും. എന്നാൽ, ആഗോള വിദ്യാഭ്യാസത്തിന്റെ ഉടമ്പടികളിൽ ഒപ്പുവയ്ക്കുകയും വയ്യായ്കകളും പിടിപ്പുകേടും പറഞ്ഞ് പലതരം വായ്പ്പകളും ഗ്രാന്റുകളും തരപ്പെടുത്തുകയും ചെയ്ത ഒരു രാജ്യത്തിന്റെ ഭാഗമായ, അതിലെല്ലാം പങ്കുപറ്റിയ നമുക്ക് ഇതൊന്നും വിദ്യാഭ്യാസത്തിന്റെ കണക്കുപുസ്തകത്തിൽ ചേർക്കാൻ കഴിയില്ല. വിദ്യാഭ്യാസനയത്തെയും പാഠ്യദ്ധതിയെയും കുറിച്ചുള്ള ചർച്ചകൾ തുടങ്ങേണ്ടത് ഇവിടെനിന്നാണ്.

പാഠ്യപദ്ധതിയുടെയും അതിന്റെ നിർവഹണസംവിധാനങ്ങളുടെയും അടിസ്ഥാനതത്ത്വമായി പാലിച്ചുവരുന്ന യൂണിഫോമിറ്റി കൈവെടിഞ്ഞുകൊണ്ടുമാത്രമേ പുതിയൊരു പാഠ്യപദ്ധതിക്രമത്തെക്കുറിച്ച് ചിന്തിക്കാനാവൂ. ഫിറ്റ് ഫോർ ആൾ എന്ന പഴയ സമ്പ്രദായത്തോടുള്ള അന്ധമായ ആഭിമുഖ്യം ഉപേക്ഷിക്കണം. പലതരം ഉടുപ്പണിഞ്ഞ് മേനികാട്ടുന്ന നമുക്ക്, എല്ലാവർക്കും ചേർന്നത് എന്ന പേരിൽ സായിപ്പ് ഊരിത്തന്നുപോയ പഴയ കോട്ട് തീരെ ചേരുകയില്ല. വൈവിധ്യം എന്ന പ്രകൃതിതത്വം എല്ലാ ചിന്തകൾക്കും ചായം പകരട്ടെ.

പാഠ്യപദ്ധതിയുടെ കാരണവസ്ഥാനത്തു നിലയുറപ്പിച്ചിരിക്കുന്ന പരീക്ഷയെക്കുറിച്ചുതന്നെ ചിന്തിക്കാം. എല്ലാത്തിലും അവസാനവാക്ക് പുള്ളിയുടെ ഹിതം അനുസരിച്ചാവുമല്ലോ. പരീക്ഷകളുടെ ആത്യന്തികമായ ലക്ഷ്യം ഏകീകൃചമായ അളവുകോൽ കൊണ്ട് എല്ലാവരെയും അളന്നുതിട്ടപ്പെടുത്തുക എന്നതാണ്. അതുകൊണ്ടാണ് ഗ്രേസ് മാർക്കും വെയ്‌റ്റേജുമെല്ലാം വേണ്ടിവരുന്നത്. മനസ്സിനെയും ശരീരത്തെയും ഒരേ സ്ഥായിയിൽ കൊണ്ടുവന്ന് പ്രേക്ഷകഹൃദയത്തെ ഇളക്കിമറിക്കുംവിധം നൃത്തം ചെയ്യാൻ കഴിയുന്ന ഒരപൂർവ പ്രതിഭയെയും കുറെ സൂത്രവാക്യങ്ങൾ തന്ത്രത്തിൽ തരപ്പെടുത്തി കടലാസിൽ കൈവേലകാട്ടുന്ന അപ്പാവിയെയും എങ്ങനെയാണ് താരതമ്യം ചെയ്യുക? തുലനം ചെയ്യാനാകാത്തവയെ തുലനം ചെയ്ത് കണക്കിന്റെ മാന്ത്രികച്ചരടുകെട്ടി ഫലപ്രഖ്യാപനപ്രഹസനം നടത്തുന്ന കോമാളികളായി നാം എത്രകാലം ലോകത്തിന്റെ മുമ്പിൽ നിൽക്കും? ആർജിച്ച വൈവിധ്യമാർന്ന ശേഷികൾ വ്യത്യസ്തങ്ങളായ ഉപാധികളിലും വേദികളിലും പ്രകടിപ്പിച്ച് മാറ്റുരയ്ക്കാനും അതിന്റെ പേരിലുള്ള അംഗീകാരം സ്വീകരിക്കാനും കുട്ടികൾക്ക് അവസരമൊരുക്കണം. പരീക്ഷക്കാലം, പരീക്ഷപ്പേടി, വിദ്യാഭ്യാസശിശുഹത്യ എന്നിങ്ങനെ പരീക്ഷാഭൂതം പുറത്തുവിടുന്ന തീപ്പുകയേറ്റ് നമ്മുടെ കുട്ടികൾ വാടാതിരിക്കട്ടെ.

പരീക്ഷയിലെയും പഠനത്തിലെയും പാരമ്പര്യം പിടിച്ചുനിറുത്താൻ മാമൂൽപ്രണയികൾ ഉരുവിടുന്ന ഒരു മന്ത്രമുണ്ട്- ജീവിതവും ഇങ്ങനെയൊക്കെ തന്നെയാണ്. ഒരു ഉദ്യോഗം വേണമെങ്കിൽ ഒ.എം.ആർ ഷീറ്റിൽ പ്രതികരിക്കുന്ന മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ കഴിയണം. ജീവിതത്തിനു വേണ്ടിയുള്ള പരിശീലനം സ്‌കൂളിൽ ആരംഭിക്കുന്നു. ഹൈസ്‌കൂൾ കണക്കു പുസ്തകത്തിലെ കടുകട്ടി അധ്യായത്തെക്കുറിച്ചുചോദിക്കുമ്പോൾ ടീച്ചർ പറയുന്നത്, ഹയർ സെക്കൻഡറിയിൽ പഠിക്കേണ്ടതിന്റെ അടിത്തറയാണിത് എന്നാണ്. ഹയർ സെക്കൻഡറി ടീച്ചർക്കും അതിന് മറുപടിയുണ്ട്- ഇതു പഠിക്കാതെ എഞ്ചിനീയറിങ്ങിന്​ ചേർന്നിട്ടു കാര്യമില്ല. ഹൈസ്‌കൂളിൽ പഠിക്കുന്ന എത്ര കുട്ടികളാണ് എഞ്ചിനീയറിങ്ങിനു ചേരുന്നത്. ആവശ്യമില്ലാത്ത അടിത്തറ എന്തിനാണ് എന്റെ കുട്ടിയുടെ മേൽ നിങ്ങൾ കൊട്ടിവച്ചത്. അങ്ങനെ മുതുകു വളഞ്ഞ അവൾക്ക് പ്രിയപ്പെട്ട സാഹിത്യക്ലാസിൽ പ്രവേശനം ലഭിക്കാതെ പോയല്ലോ. എല്ലാ കുട്ടികളെയും ഒ.എം.ആർ പരീക്ഷ എഴുതിച്ച് എത്ര എൽ.ഡി ക്ലർക്കുമാരെയും ലാസ്റ്റു ഗ്രേഡുമാരെയുമാണ് നിങ്ങളുടെ പി.എസ്.സി നിയമിക്കാൻ പോകുന്നത്?

Comments