ഭാഷയിലും സാഹിത്യത്തിലും എന്നപോലെ ജീവിതത്തോടുള്ള സമീപനത്തിലും ബദല്‍ വ്യാഖ്യാനങ്ങള്‍ക്കും അടയാളപ്പെടുത്തലുകള്‍ക്കും ശ്രമിച്ച ആളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പ്രൊഫ. പി നാരായണമേനോന്‍.
2 Dec 2022, 11:28 AM
ബദലുകളെ രണ്ടാം തരമായി കാണുന്നവർക്കിടയിൽ ബദലുകള്‍ക്കായി നിലകൊണ്ട ചിലരുണ്ട്. അവര്‍ മുഖ്യധാരയിലുണ്ടാകാറില്ല. പക്ഷേ, അവരാണ് യഥാര്‍ത്ഥത്തില്‍ ചരിത്രത്തെ മുന്നോട്ടുനടത്തുന്നവർ. കാലത്തിനു മുമ്പേ നടന്നവര്‍ എന്നും മറ്റും പറഞ്ഞ് മുഖ്യധാരാസമൂഹം അവരോടുകാട്ടിയ നെറികേടിനെ സാധൂകരിക്കുന്നു. ഭാഷയിലും സാഹിത്യത്തിലും എന്നപോലെ ജീവിതത്തോടുള്ള സമീപനത്തിലും ബദല്‍ വ്യാഖ്യാനങ്ങള്‍ക്കും അടയാളപ്പെടുത്തലുകള്‍ക്കും ശ്രമിച്ച പ്രൊഫ. പി നാരായണമേനോന്‍ സംവാദത്തിനുള്ള വേദിയൊരുക്കാന്‍ ആരംഭിച്ച പ്രസിദ്ധീകരണപ്രസ്ഥാനത്തിന് പാഠഭേദം എന്ന പേരു നല്‍കിയത് യാദൃച്ഛികമാകാന്‍ ഇടയില്ല. അരികുചേര്‍ക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളേണ്ടത് തന്റെ ചുമതലയായി അദ്ദേഹം ഏറ്റെടുത്തു.
ഗുരുവായൂരിനടുത്തുള്ള അരിയന്നൂരിൽ താമസമാക്കിയ നാരായണമേനോന്‍ അവിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ അനാഥരായവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള കര്‍മ്മപദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയാണ് തന്റെ ഇടപെടലുകൾക്ക് തുടക്കമിട്ടത്. ‘ജ്വാല’ എന്ന കൂട്ടായ്മയ്ക്ക് അവിടെ അദ്ദേഹം രൂപം നല്‍കി. എണ്‍പതുകളില്‍ കേരളീയതയെ രൂപപ്പെടുത്തിയ പുരോഗമനാശയങ്ങൾ നാരായണമേനോനെയും സ്വാധീനിച്ചു. സാഹിത്യപ്രവര്‍ത്തനത്തിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും അതിനു പ്രചാരവും കരുത്തും നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വിപ്ലവാശയങ്ങള്‍ പ്രകടിപ്പിക്കുന്നത് ഫാഷനായി മാറുകയും അതിന്റെ പേരില്‍ പലരും മുതലെടുപ്പിനു ശ്രമിക്കുകയും ചെയ്ത ഘട്ടത്തില്‍ അതിന്റെ മുന്നണിയില്‍ നിന്ന് പിന്മാറാനും അദ്ദേഹത്തിന് പ്രയാസമുണ്ടായില്ല.
കേരളത്തിന്റെ സാമൂഹിക- സാംസ്‌കാരിക മേഖലകളില്‍ ശക്തമായ ഇടപെടലാണ് പാഠഭേദം എന്ന മാസികയിലൂടെ നാരായണമേനോനും സുഹൃത്തുക്കളും നടത്തിയത്. അന്യവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം തുടങ്ങിയവ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ പ്രശ്‌നരൂപത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാഠഭേദത്തിന്റെ പ്രവര്‍ത്തകര്‍ക്കായി. നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സമൂഹശ്രദ്ധയില്‍ കൊണ്ടുവന്നു. പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങളോടൊപ്പം സമൂഹത്തില്‍ നേരിട്ട് ഇറങ്ങിച്ചെന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും അവര്‍ ഏറ്റെടുത്തു. മുഖ്യധാരയില്‍നിന്ന് മാറ്റി നിർത്തപ്പെട്ട പല എഴുത്തുകാരുമായും പാഠഭേദം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സുരാസുവിന്റെ നാടകങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ചത് പാഠഭേദമാണ്. പാഠഭേദം പ്രസിദ്ധീകരണങ്ങളുടെയും പ്രസ്സിന്റെയും പൂര്‍ണ ചുമതല നാരായണമേനോനായിരുന്നു. പാഠഭേദം ഉയര്‍ത്തിക്കൊണ്ടുവന്ന കാതലായ പ്രശ്‌നങ്ങള്‍ മുഖ്യധാരാപ്രസ്ഥാനങ്ങള്‍ ഏറ്റെടുത്ത സന്ദര്‍ഭത്തില്‍ പിന്‍വാങ്ങല്‍ പതിപ്പ് പ്രസിദ്ധീകരിച്ച് പാഠഭേദം നിറുത്തിവയ്ക്കുകയാണുണ്ടായത്.
1936 ല്‍ ചാലക്കുടിക്കടുത്ത് കാടുകുറ്റിയില്‍ ജനിച്ച നാരായണമേനോന്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനായാണ് സേവനമാരംഭിച്ചത്. അന്ന് സാമൂഹ്യപാഠം ക്ലാസില്‍ പഠിപ്പിക്കുമ്പോഴുണ്ടായ ഒരു അനുഭവം ‘തോറ്റവരുടെ ചരിത്രം: ഒരാമുഖം' എന്ന ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. ചരിത്രത്തിലെ ഒരേ സംഭവം ശിപ്പായി ലഹള എന്ന പേരില്‍ അപഹസിച്ചും ഒന്നാം സ്വാതന്ത്ര്യസമരം എന്ന പേരില്‍ മഹത്വപ്പെടുത്തിയും അവതരിപ്പിക്കുന്നതിലെ വൈരുധ്യം അദ്ദേഹത്തിന്റെ ചിന്തയെ ഉണര്‍ത്തി. സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ പൊരുത്തക്കേടുകളും അനീതിയും അനുഭവിച്ചറിഞ്ഞ ആ അധ്യാപകന്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഇടപെടാന്‍ ലഭിച്ച അവസരം ഫലപ്രദമായി പ്രയോജനപ്പെടുത്തി. കളമശ്ശേരി ഫാക്ട് ഹൈസ്‌കൂളില്‍ പഠിപ്പിക്കുന്ന കാലത്താണ് സ്‌കൂള്‍ ക്ലാസുകളിലെ വ്യാകരണബോധനത്തിലെ പൊള്ളത്തപരം ബോധ്യപ്പെട്ടത്. പൊരുളറിയാതെ വ്യാകരണനിയമങ്ങള്‍ കാണാപ്പാഠമാക്കേണ്ടിവരുന്ന കുട്ടികള്‍ കേരള പാണിനീയത്തിന്റെ (ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി എ.ആര്‍. രാജരാജവര്‍മ തയ്യാറാക്കിയ വ്യാകരണഗ്രന്ഥം) ഏതു ഭാഗത്തുനിന്നുള്ള ചോദ്യത്തിനും ഉത്തരം എഴുതേണ്ടിവന്നിരുന്നു. പാഠ്യപദ്ധതിയില്‍ ഇടപെട്ട് ഇത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കേരളവര്‍മ കോളേജില്‍ നിന്ന് 1991 ല്‍ മലയാളം പ്രൊഫസറായി വിരമിച്ചശേഷവും നാരായണമേനോന്‍ വിവിധ സ്ഥാപനങ്ങളില്‍ മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന പ്രവര്‍ത്തനം തുടര്‍ന്നു. ഭാഷയുടെ വര്‍ണ്ണതലം, ശബ്ദതലം, വാക്യതലം, അര്‍ത്ഥതലം, വ്യവഹാരതലം എന്നിവ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ഒരു തനത് പാഠ്യപദ്ധതി രൂപീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഭാഷാശാസ്ത്രക്കാരുടെയും വ്യാകരണപണ്ഡിതന്മാരുടെയും സാമ്പ്രദായിക മാര്‍ഗങ്ങളില്‍ നിന്ന് വേറിട്ട രീതിയാണ് നാരായണമേനോന്‍ സ്വീകരിച്ചത്. അതിനാല്‍ അതിനെയും പാഠഭേദം എന്നു തന്നെ വിളിക്കാം. സാഹിത്യകൃതികള്‍ വ്യാഖ്യാനിക്കുന്നതിലും കേരളചരിത്രം അന്വേഷിക്കുന്നതിലും വ്യതിരിക്തമായ വഴിയാണ് അദ്ദേഹം സ്വീകരിച്ചത്. അതിനാല്‍ പി. നാരായണമേനോന്റെ സമീപനത്തെ പൊതുവില്‍ പാഠഭേദം എന്നുതന്നെ വിശേഷിപ്പിക്കാവുന്നതാണ്.
എസ്.സി.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫീസര്‍ ആയിരുന്നു.
വി.കെ. ബാബു
Jan 28, 2023
8 minutes read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
എം.വി. സന്തോഷ് കുമാർ
Jan 12, 2023
5 Minutes Read
ടി.ഡി രാമകൃഷ്ണന്‍
Jan 07, 2023
27 Minutes Watch
എം. ജയരാജ്
Jan 06, 2023
12 Minutes Read