പുതുതലമുറ നേതാക്കൾക്ക്
ഓർമയുണ്ടോ പി.കെ.വിയെ?
പുതുതലമുറ നേതാക്കൾക്ക് ഓർമയുണ്ടോ പി.കെ.വിയെ?
സി.പി.ഐ എം.എല്‍.എ പൊലീസുകാര്‍ സല്യൂട്ട് നല്‍കാത്തതിന്റെ പേരില്‍ അസ്വസ്ഥയാകുന്നുവെന്ന വാര്‍ത്തയ്ക്കിടെ, പൊലീസുകാരോടും അംഗരക്ഷകരോടും മാനുഷികമായ അനുകമ്പയും വിനയവും ആവോളം കാണിച്ച പി.കെ.വിയുടെ വലുപ്പം എത്രയെന്ന് പുതുതലമുറ നേതാക്കള്‍ ഓര്‍ത്തെങ്കില്‍!- ജൂലൈ 12ന് പി.കെ.വിയുടെ ചരമദിന വാർഷികമായിരുന്നു.
14 Jul 2021, 03:00 PM
ശിശിരക്കുളിരില്‍ ഡാന്യൂബ് നദീമുഖങ്ങളെ പൊതിഞ്ഞ മഞ്ഞുപടലം നോക്കി
സ്വപ്‌നം കാണുന്ന ഇംറെ കെര്‍ട്ടസ് എന്ന നോബല്‍ ജേതാവായ എഴുത്തുകാരന്റെ പുറംചട്ടയുള്ള പുസ്തകവുമായി തിരുവനന്തപുരം എം.എന്‍ സ്മാരകത്തിന്റെ കോലായയിലിരുന്ന പി.കെ.വിയുടെ മിഴിവാര്‍ന്ന ഒരു ചിത്രം എന്റെ മനസ്സിലുണ്ട്. നിലാവ് പോലെയുള്ള ആ ചിരി മറക്കാനാവില്ല. അദ്ദേഹം മരിക്കുന്നതിന് രണ്ടു വര്‍ഷം മുമ്പാണത്.
എ.ഐ.വൈ.എഫ് കാലത്തെ നേതാവും സഖാവുമായ കണിയാപുരം രാമചന്ദ്രനാണ് പി.കെ.വിയുടെ അടുത്തേക്ക് എന്നെ കൊണ്ടു പോയതും പരിചയപ്പെടുത്തിയതും. മുഖ്യമന്ത്രിയായ കാലത്ത് ഒറ്റപ്പാലത്തെ ഔദ്യോഗിക പരിപാടിയ്ക്കു ശേഷം അന്ന് പത്രപ്രവര്‍ത്തകനായി അവിടെ ജോലി നോക്കുന്ന എനിക്ക് സ്റ്റേറ്റ് കാറില്‍ അദ്ദേഹത്തോടൊപ്പമിരുന്ന് ചെറുതുരുത്തി കലാമണ്ഡലം വരെ യാത്ര ചെയ്യാന്‍ ഭാഗ്യമുണ്ടായ കാര്യം ഞാന്‍ പറഞ്ഞപ്പോള്‍, ഓര്‍മയില്‍ നിന്ന് അദ്ദേഹം, എന്നെ പതിയെ വീണ്ടെടുത്തു.

പി.കെ.വിയുടെ മക്കളായ രാജേന്ദ്രന്‍, ശാരദ, കേശവന്‍കുട്ടി എന്നിവരൊക്കെ പലപ്പോഴായി വിദ്യാര്‍ഥി- യുവജനഫെഡറേഷനുകളിലുണ്ടായ കാലത്ത് അവരുടെ അച്ഛന്റെ പരന്ന വായനയെക്കുറിച്ച് പലരോടുമായി പറയാറുള്ളത് എനിക്കോര്‍മയുണ്ട്. ഫിക്ഷന്‍ വായനയില്‍ ഒരു വേള, എന്‍.ഇ ബാലറാമിനെയും കെ.വി സുരേന്ദ്രനാഥനാശാനെയും കഴിഞ്ഞാല്‍ പി.കെ.വിയായിരുന്നു മുന്‍പന്തിയില്‍. കോവിഡിനു മുമ്പ് ഹോംങ്കോഗിൽ നിന്ന് സൗദിയിലെത്തിയ കേശവന്‍കുട്ടിയെ കണ്ടപ്പോഴും അച്ഛന്റെ എഴുത്തും വായനയുമായിരുന്നു ഞങ്ങളുടെ മുഖ്യചര്‍ച്ച.
പ്രഭാഷണകലയില്‍ ആരെയും പിന്നിലാക്കുന്ന വാഗ്മിത വരദാനമായി ലഭിച്ചവരായിരുന്നു പി.കെ.വിയും കണിയാപുരവും. സ്ഫുടമായ തെളിമലയാളത്തില്‍ ഇരുവരും പ്രസംഗിക്കുന്നത് ഏറെത്തവണ കേട്ട് ആവേശം കൊണ്ട കാലമുണ്ടായിരുന്നു. ഇംറെ കെര്‍ട്ടെസിനെ വായിക്കുന്ന പി.കെ.വി ഏറെക്കാലം ആ എഴുത്തുകാരന്റെ നാട്ടിലാണ് കഴിച്ചുകൂട്ടിയത്. ലോകജനാധിപത്യ യുവജനഫെഡറേഷന്റെ സാരഥിയെന്ന നിലയില്‍ സംഘടനയുടെ ആസ്ഥാനമായ ബുഡാപെസ്റ്റില്‍ പി.കെ.വിയുണ്ടായിരുന്നു. ഹങ്കറിയില്‍ നിന്നുള്ള കലാകാരന്മാരേയും എഴുത്തുകാരേയും ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിനും ഐക്യദാര്‍ഢ്യസദസ്സുകള്‍ നടത്തുന്നതിനും സി.പി.ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗമെന്ന നിലയിലും പില്‍ക്കാലത്ത് പി.കെ.വിയ്ക്ക് സാധിച്ചു.

ഹംഗറിയിൽ ഇംറെഗിയുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളും അദ്ദേഹത്തെ ഭരണാധികാരിയായി നിയമിച്ചതിനെതിരെയുള്ള സോവിയറ്റ് ഇടപെടലുകളും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ - പ്രത്യേകിച്ച് പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ചേരിയില്‍- ശൈഥില്യം സൃഷ്ടിച്ച കാലത്ത് പി.കെ.വിയ്ക്ക് പ്രായം മുപ്പത്. മൂന്നു കൊല്ലം കൂടി കഴിഞ്ഞപ്പോഴാണ് എ.ഐ.വൈ.എഫ് രൂപം കൊള്ളുന്നത്. രാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്‍, അരുണ ആസഫലി, ബല്‍രാജ് സാഹ്നി, ഡോ. ധ്യാന്‍ചന്ദ് തുടങ്ങിയവരുടെ അനുഗ്രഹാശിസ്സുകളോടെ സ്ഥാപിക്കപ്പെട്ട എ.ഐ.വൈ.എഫിന്റെ സാരഥ്യത്തിലെത്തിയ പി.കെ.വി, സംഘടനയില്‍ വിശ്വാസമര്‍പ്പിച്ചവരുടെ പ്രിയങ്കരനായ നേതാവായി വളരെപ്പെട്ടെന്നാണ് ഉയര്‍ന്നു വന്നത്. ട്രാവന്‍കൂര്‍ സ്റ്റുഡന്റ്‌സ് യൂണിയന്റേയും തുടര്‍ന്ന് അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്റേയും (എ.ഐ.എസ്.എഫ്) സമരതീക്ഷ്ണമായ കൗമാരപശ്ചാത്തലം, എ.ഐ.വൈ.എഫ് നാളുകളുടെ പ്രക്ഷുബ്ധ യൗവനത്തെ സദാ തുടിക്കുന്ന മുദ്രാവാക്യങ്ങളാല്‍ ആരവമുഖരിതമാക്കാന്‍ പി.കെ.വിയ്ക്ക് തുണയായി. ഇംഗ്ലീഷിലും മലയാളത്തിലും ഉജ്വലമായി പ്രസംഗിക്കാനുള്ള പാടവം, സഖാക്കളുമായി സ്ഥാപിക്കുന്ന അകം നിറഞ്ഞ കൊമ്രേഡ്ഷിപ്പ്, സുദൃഢമായ നേതൃശേഷി ഇവയൊക്കെ പി.കെ.വിയെ ലോകജനാധിപത്യ യുവജനഫെഡറേഷന്റെ വൈസ് പ്രസിഡന്റ് പദവി വരെയെത്തിച്ചു.
1957 ല്‍ തിരുവല്ലയില്‍ നിന്നും 1962 ല്‍ നിന്ന് അമ്പലപ്പുഴയില്‍ നിന്നും 1967 ല്‍ പീരുമേട് നിന്നും ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട, സംശുദ്ധമായ പാര്‍ലമെന്ററി ജീവിതത്തിന്റെ ക്രമാനുഗതമായ യാത്ര, നിയമസഭാംഗമായും മുഖ്യമന്ത്രിയുമാകുന്നത് വരെയെത്തി. 1977 ല്‍ വ്യവസായമന്ത്രിയായ പി.കെ.വി, എ.കെ. ആന്റണിയുടെ രാജിയെത്തുടര്‍ന്ന് 1978 മുതല്‍ ഒരു വര്‍ഷം മുഖ്യമന്ത്രിയായി.

ദേശീയതലത്തില്‍ ഇടത്പക്ഷ ഐക്യം വികസിപ്പിക്കുകയെന്ന സി.പി.ഐ
ഭട്ടിന്‍ഡ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പി.കെ.വി മുഖ്യമന്ത്രിപദം രാജിവെച്ചു. രാഷ്ട്രീയ പ്രസക്തവും സുധീരവുമായ തീരുമാനമായിരുന്നു അതെന്ന് പില്‍ക്കാല ഇടത് രാഷ്ട്രീയം പിന്നീട് വിധിയെഴുതി.
അതീവ ലളിതമായ പൊതുജീവിതം നയിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിന് വിശുദ്ധിയുടെ വിരലൊപ്പ് ചാര്‍ത്തി കടന്നു പോയവരുടെ കൂട്ടത്തിലാണ് പി.കെ. വാസുദേവന്‍ നായരുടെ പേര് ചരിത്രം എക്കാലത്തും
രേഖപ്പെടുത്തുക. അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയും സ്വഭാവ ലാളിത്യവും ന്യൂജെന്‍ കമ്യൂണിസ്റ്റുകാരും പാര്‍ലമെന്റേറിയന്മാരും മാതൃകയാക്കുമെന്ന് വ്യാമോഹിക്കേണ്ടതില്ല. സി.പി.ഐ എം.എല്‍.എ പൊലീസുകാര്‍ സല്യൂട്ട് നല്‍കാത്തതിന്റെ പേരില്‍ അസ്വസ്ഥയാകുന്നുവെന്ന വാര്‍ത്തയ്ക്കിടെ, പോലീസുകാരോടും അംഗരക്ഷകരോടും മാനുഷികമായ അനുകമ്പയും വിനയവും ആവോളം കാണിച്ച പി.കെ.വിയുടെ വലുപ്പം എത്രയെന്ന് ഈ ഓര്‍മദിനത്തിലെങ്കിലും പുതുതലമുറ നേതാക്കള്‍ ഓര്‍ത്തെങ്കില്‍..
എന്റെ സുഹൃത്ത് അജിത് കൊളാടിയുടെ പോസ്റ്റില്‍ നിന്നുള്ള ഈ വരികള്‍ കൂടി വായിക്കുക: എത്രയോ പേര്‍ പറഞ്ഞതും എഴുതിയതുമാണ് പി.കെ.വിയുടെ ബസ് യാത്രകള്‍. പൊന്നാനിയില്‍, താമസിക്കാത്ത ഒരു ദിവസം, അത്യാവശ്യമുള്ളതുകൊണ്ട് പെരുമ്പാവുരിലേക്ക് മടങ്ങേണ്ടി വന്നപ്പോള്‍, എന്നോട് കാറില്‍ എടപ്പാളില്‍ കൊണ്ടുവിടാന്‍ പറഞ്ഞു. ചാമുണ്ണി ഏട്ടനും, ടി.എന്‍. പ്രഭാകരനും ഉണ്ട് കൂടെ. പൊന്നാനി വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചാണ് വന്നത്. എടപ്പാളില്‍ ഇറങ്ങി ബസില്‍ പോകാം എന്നായി അദ്ദേഹം. ഞങ്ങള്‍ കാറില്‍ പോയാല്‍ മതി എന്നു പറഞ്ഞു. അദ്ദേഹം സമ്മതിച്ചില്ല. എടപ്പാള്‍ ജങ്ക്ഷനില്‍ ബസ് കാത്തുനിന്നു. രാത്രി ഏതാണ്ട് 9 മണി. മുന്‍ മുഖ്യമന്ത്രി ബസ് കാത്തു നില്‍ക്കുന്നു. അവിടെയുണ്ടായിരുന്ന ടാക്‌സി, ഡ്രൈവര്‍മാരും, മറ്റും ചുറ്റും കൂടി. ബസുകള്‍ വരുന്നത് മുഴുവന്‍ നിറയെ ആളുകള്‍. ഞങ്ങളൊക്കെ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്നു. കാറില്‍ പോകാന്‍ സമ്മതിക്കുന്നുമില്ല അദ്ദേഹം. സമയം വൈകുന്നു. പിന്നീട്, കോഴിക്കോട് നിന്ന് പെരുമ്പാവൂരിലേക്ക് നേരിട്ടുള്ള ബസ്. രണ്ടും കല്‍പ്പിച്ച സഖാവ് ടി.എന്‍. റോഡിലിറങ്ങി നിന്നു കൈ കാണിച്ചു . ബസ് നിര്‍ത്തി. നിറയെ ആളുകള്‍. പ്രഭാകരേട്ടന്‍, ഡ്രൈവറോടും, കണ്ടക്ടറോടും കാര്യം പറഞ്ഞു. സഖാവ് പി.കെ.വിക്ക് യാത്ര ചെയ്യണം. അവരും പരിഭ്രാന്തരായി. മുന്‍ മുഖ്യമന്ത്രി തിരക്കുള്ള ബസ്സില്‍ കയറി തിരക്കില്‍ നിന്നു. ബസ് യാത്ര പുറപ്പെട്ടു. പിന്നീടറിഞ്ഞു, കണ്ടക്ടറും, മറ്റുള്ള ഒന്നു രണ്ടു യാത്രക്കാരും അദ്ദേഹത്തിന് ഇരിപ്പിടം ഒഴിഞ്ഞു കൊടുത്തു എന്ന്.
ഇന്ന് ഏത് മന്ത്രിമാര്‍ തുടരും ഈ ജീവിത ശൈലി. ഇന്നത്തെ മുഖ്യമന്ത്രിമാരുടെ സ്ഥിതി പറയുകയും വേണ്ട. പൊന്നാനിയില്‍ പെരുന്നാള്‍ നോമ്പുകാലത്ത്, ഇടക്ക് പി.കെ.വി വന്നാല്‍ വൈകുന്നേരം ,അച്ഛന്‍ (കൊളാടി ഗോവിന്ദന്‍കുട്ടി), പി.പി.ബീരാന്‍ കുട്ടിക്ക, എ.കെ മുഹമ്മദ് കുട്ടിക്ക, ബാവക്ക, ഹംസക്ക, ആലിമോന്‍, എന്നിവരോടൊപ്പം, മുസ്‌ലിം സഖാക്കളുടെ വീട്ടില്‍ നോമ്പുതുറക്ക് പോകും. ഏതു ചെറിയ വീട്ടിലും. അങ്ങനെ പല സ്മരണകള്‍.
കേശു എന്ന കേശവൻ കുട്ടി
വലിയൊരു കമ്യൂണിസ്റ്റ് പൈതൃകത്തിന്റെ നേരവകാശിയാണ് കേശവന്‍കുട്ടി എന്ന കേശു. അമ്മാവന്‍ പി. ഗോവിന്ദപിള്ള. മറ്റൊരു അമ്മാവന്‍ ഹോംങ്കാംഗിൽ ജേണലിസ്റ്റായിരുന്ന, അന്തരിച്ച എം.പി. ഗോപാലന്‍. ഹോംങ്കാംഗിൽ അന്താരാഷ്ട്ര ബിസിനസ് മാസികയുടെ നടത്തിപ്പും ബിസിനസുമായി കഴിയുന്ന കേശു ബിസിനസ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഹോംങ്കാംഗിൽ നിന്ന് ജിദ്ദയില്‍ വന്നപ്പോഴാണ് ഞങ്ങള്‍ പഴയ എ.ഐ.എസ്.എഫ് കാലവും മറ്റ് ഓര്‍മകളും പങ്കുവെച്ചത്. കേശുവിന്റെ സഹോദരി സി.പി.ഐ നേതാവ് ശാരദാ മോഹന്‍ (പറവൂരില്‍ വി.ഡി. സതീശനോട് പരാജയപ്പെട്ട എല്‍.ഡി.എഫ് സ്ഥാനാര്‍ഥി). മറ്റൊരു സഹോദരി നിര്‍മ്മലയുടെ ഭര്‍ത്താവ് ഗംഗാധരന്‍ നായര്‍, ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ മരുമകന്‍. സി.പി.എം നേതാവായിരുന്ന, വി. വിശ്വനാഥമേനോന്‍ കേശുവിന്റെ അച്ഛന്റെ കസിന്‍.
അന്തര്‍ദേശീയ മാധ്യമലോകത്തെ ശ്രദ്ധേയരായ രണ്ടു വനിതകള്‍ - ദിവ്യാ ഗോപാല്‍ (അല്‍ ജസീറ ടി.വി), നിഷാ ഗോപാല്‍ (സി.എന്‍.എന്‍) എന്നിവര്‍- കേശുവിന്റെ അമ്മാവന്‍ എം.പി. ഗോപാലന്റെ മക്കള്‍. (ഹോംങ്കാംഗിൽ ടി.ജെ.എസ് ജോര്‍ജ്, എം.പി. നാരായണപിള്ള എന്നിവരെയൊക്കെ സഹകരിപ്പിച്ച് ഏഷ്യാവീക്ക് വാരിക ആരംഭിച്ചത് ഹോംങ്കാംഗിൽ ഗോപാല്‍ എന്നറിയപ്പെട്ടിരുന്ന എം.പി. ഗോപാലനായിരുന്നു).
കേശുവിന്റെ കമ്യൂണിസ്റ്റ്- മാധ്യമ ബന്ധത്തിന്റെ വിപുലമായ ശൃംഖലയില്‍പ്പെട്ട കണ്ണികളാണ് ഏഷ്യാനെറ്റ് ചീഫ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണനും സഹോദരി പാര്‍വതീദേവിയും. (പി.ജിയുടെ മക്കള്‍). പാര്‍വതിയുടെ ഭര്‍ത്താവ് വി. ശിവന്‍കുട്ടി. കമ്യൂണിസ്റ്റ് നേതാവ് എം.എന്‍. ഗോവിന്ദന്‍ നായരുടെ അനന്തരവളാണ് എം.ജി രാധാകൃഷ്ണന്റേയും പാര്‍വതീദേവിയുടേയും അമ്മയെന്ന് കൂടി അറിയുക.
പി.കെ.വിയുടെ മകന്‍ ഇങ്ങനെ കഥകള്‍ പറയവെ, കമ്യൂണിസ്റ്റ് കുടുംബ പൈതൃകത്തിന്റെ ഒരു കേരളീയ മിനിയേച്ചര്‍ ഫളാഷ്ബാക്ക് പോലെ മിന്നിത്തെളിയുകയും ചെയ്തു.
കെഎൻഎ ഖാദർ
14 Jul 2021, 05:37 PM
പികെവി യെ കുറിച്ചുള്ള ഓർമ്മകൾ എന്റെ ചിന്തകൾക്കു തീ വെച്ചു സാത്വികനായ അദ്ദേഹവുമായി ഏറെക്കാലം എനിക്കു ബന്ധം ഉണ്ടായിരുന്നു മക്കൾ കേശവൻ കുട്ടി യെയും രാജേന്ദ്രനെയും അറിയും എത്ര കമ്മറ്റികളിലും പൊതു ഇടങ്ങളിലും അദ്ദേഹത്തെ ഞാൻ കേട്ടു ഇതുപോലെ മനസ്സിനെ തൊട്ടുണർത്തി യ എത്ര വിഷയങ്ങൾ താങ്കൾ എഴുതി ഇതെക്കുറിച്ച് മുസാഫിർ എഴുതിയാലും പുതിയ ആഴമേറിയ അർഥതലങ്ങളിൽ എത്തിച്ചേരുന്നു
Shaheeba
14 Jul 2021, 04:38 PM
മുസാഫിർജിയുടെ സുഹൃത് വലയവും ഇടപെട്ട മനുഷ്യരുടെ വലുപ്പവുമൊക്കെ വിവരണാതീതമാണ് .. കൂടുതൽ നിങ്ങളെ കേൾക്കണമെന്നും അറിയണമെന്നുമൊക്കെ തോന്നുന്നുണ്ടെനിക്ക് , തിരിച്ചു വന്നിട്ട് ഞാൻ വരുന്നുണ്ട് ഇനിയും ഓർമ്മകളിൽ സൂക്ഷിച്ച് വെച്ചിരിക്കുന്ന ഒരു വേദിയിലും പറയാത്ത എഴുതാത്ത ആ കഥകൾ കേൾക്കാൻ !!
എസ്. ജോസഫ്
Jan 17, 2023
8 minutes read
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
ജെയ്ക് സി. തോമസ്
Dec 07, 2022
6 Minutes Read
ബിനോയ് വിശ്വം
Dec 02, 2022
49 Minutes Watch
മുസാഫിര്‍
Nov 21, 2022
6 Minutes Read
എം.ബി. രാജേഷ്
Oct 31, 2022
6 Minutes Read
Truecopy Webzine
Oct 26, 2022
3 Minutes Read
മുസാഫിര്‍
Oct 17, 2022
6 Minutes Read
സേതു മേനോൻ
14 Jul 2021, 05:48 PM
അനുഭവസമ്പന്നനായ ഒരു ജേർണലിസ്റ്റിന്റെ ഓർമത്തിളക്കം ശ്രീ മുസാഫിറിന്റെ എഴുത്തിൽ എന്നുമുണ്ട്. പ്രത്യേകിച്ച് താൻ അംഗമായിരുന്ന എ ഐ എസ് എഫ് കാലത്തെ യുവജന സമരവേദികളും സിപി ഐ രാഷ്ട്രീയത്തിലെ അതികായന്മാരുടെ ജീവിതത്തിലെ കാണാപ്പുറങ്ങളും തത്വദീക്ഷയുള്ള ആ വ്യക്തിത്വങ്ങളുടെ രാഷ്ട്രീയ വിശുദ്ധിയും. ഓർമയിൽ സചേതന മായൊരു കാലത്തെ പുനരാനയിക്കാൻ മുസാഫിറിന് അനായാസം കഴിയുന്നു. ഫോട്ടോഗ്രാഫിക് ആണ് അദ്ദേഹത്തിന്റെ കുറിപ്പുകൾ ഓരോന്നും.