പുന്നപ്ര വയലാർ; കേരളത്തിൽ ഹിന്ദു രാഷ്ട്രത്തിന്റെ ബീജം വിതയ്ക്കുന്നതിനെതിരെയുള്ള സമരം കൂടിയായിരുന്നു

പുന്നപ്ര– വയലാർ സമരങ്ങൾ വീണ്ടും ചരിത്രത്തിലേയ്ക്ക് കയറി വന്നിരിക്കുകയാണ്. ഒരു പ്രഹസനത്തിന്റെ രംഗവേദിയായി ആ ചരിത്രത്തെ മാറ്റാൻ ശ്രമം നടന്നതോടെ ആ സമരത്തിന്റെ കാര്യകാരണങ്ങളും ഫലങ്ങളും കൂടുതൽ ആഴത്തിൽ നാം പഠിക്കേണ്ടതുണ്ട്. സാധാരണയായി ഈ സമരത്തെ ഉൾക്കൊള്ളിക്കുന്ന മൂന്നാലു ഗണങ്ങൾ, 1) ഫ്യൂഡൽ വിരുദ്ധ സമരം, 2) രാജഭരണ, ദിവാൻ വിരുദ്ധ സമരം, 3) സാമ്രാജ്യത്ത വിരുദ്ധ സമരം, 4) കമ്യൂണിസ്റ്റ് സമൂഹനിർമ്മിതിയ്ക്കു വേണ്ടിയുള്ള വിപ്ലവശ്രമം എന്നിവയാണ്. എന്നാൽ മറ്റൊരു വലിയ പ്രാധാന്യം ഇതിനുണ്ട് .ഇന്ത്യയിലെ ഹിന്ദു രാഷ്ട്രനിർമ്മിതിയുടെ ആദ്യശ്രമങ്ങളിലൊന്നിനെതിരെ നടത്തിയ സമരം കൂടിയാണിത്. ഈ ഫാസിസ്റ്റ് കാലത്ത് പുന്നപ്ര വയലാർ സമരത്തിന്റെ പ്രാഥമികമായ ഓർമ്മ അതായിരിക്കണം എന്നാണ് എന്റെ വിചാരം .

തിരുവിതാംകൂർ ഹിന്ദുരാജ്യം ആയിരുന്നു. ഇന്ന് നമ്മൾ ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ് , ജുഡീഷ്യറി എന്ന് വ്യവഹരിക്കുന്ന മണ്ഡലങ്ങളെ നയിക്കുന്ന മാർഗ്ഗനിർദ്ദേശകങ്ങൾ സവർണ്ണ ഹിന്ദുകോഡിന്റെ ഉള്ളിലായിരുന്നു അവിടെ പ്രവർത്തിച്ചിരുന്നത്. ഒരേ കുറ്റത്തിന് ജാതി അനുസരിച്ച് വ്യത്യസ്ത ശിക്ഷകൾ നൽകുക, പഞ്ചമർക്കും ശുദ്രർക്കും വിദ്യയും തൊഴിലും നിരോധിക്കുക, കുലദൈവമായി ഹിന്ദു ദൈവത്തെ പ്രതിഷ്ഠിക്കുക, പൊതുവഴി നടക്കാൻ താഴ്ന്ന ജാതിക്കാരെ അനുവദിക്കാതിരിക്കുക, വസ്ത്രധാരണത്തിലും ഭക്ഷണരീതിയിലും ജാതി അനുസരിച്ച് ഭേദങ്ങൾ ഏർപ്പെടുത്തുക തുടങ്ങി അധികാര, സാംസ്കാരിക രാഷ്ട്രീയത്തിന്റെ എല്ലാ ഉള്ളറകളേയും നിയന്ത്രിച്ചിരുന്നത് ഹിന്ദുരാജ്യസങ്കല്പമായിരുന്നു. കാലന്തരത്തിൽ ഇതിൽ ചിലതിനൊക്കെ അയവു വരുത്തിയെങ്കിലും ലോകത്തെ തിരുവിതാംകൂർ നേരിട്ടത് ഈ ഹിന്ദുരാജ്യ കവചത്തിന്റെ ഉള്ളിൽ നിന്നുകൊണ്ടാണ്. മുറജപം പോലുള്ള ബ്രാഹ്മണകേന്ദ്രീകൃതമായ ചടങ്ങുകൾ നടത്തുമ്പോൾ കിലോമീറ്റർ കണക്കിനുള്ള ചുറ്റുവട്ടത്തു നിന്നും താഴ്ന്നജാതിക്കാരെ ആ കാലയളവിൽ ഒഴിപ്പിച്ചിരുന്നു.

നാമെല്ലാവരും ഇന്ന് വായിച്ചു രസിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്ന കൃതി തിരുവിതാംകൂറിൽ സർ സി. പി നിരോധിക്കുന്നത് കേശവൻനായർ എന്ന ഹിന്ദു സാറാമ്മ എന്ന കൃസ്ത്യാനിയെ പ്രണയിക്കുന്നത് ഹിന്ദുരാജ്യത്തിൽ അത് തെറ്റായ കീഴ് വഴക്കങ്ങൾ സൃഷ്ടിക്കും എന്നതുകൊണ്ടാണ്. അതുകൊണ്ട് സർ സി. പി യും ചിത്തിരതിരുനാളും കൂടി മുന്നോട്ടുവെച്ച സ്വതന്ത്രതിരുവിതാംകൂർ എന്ന ആശയം പുറമേയ്ക്ക് പ്രചരിക്കുമ്പോലെ അമേരിക്കൻ മോഡൽ മാത്രമായിരുന്നില്ല. സ്വതന്ത്രേന്ത്യയിൽ ഹിന്ദുരാജ്യത്തിന്റെ, ഹിന്ദുത്വത്തിന്റെ ആദ്യ മോഡൽ കൂടിയായിരുന്നു .

ഇത് ആദ്യമായി തിരിച്ചറിഞ്ഞത് ഹിന്ദുത്വ എന്ന ഫാസിസ്റ്റ് ആശയത്തിന്റെ ഉപജ്ഞാതാവായ വിനായക് ദാമോദർ സവർക്കർ ആണ്. 1948 ജൂൺ 18 ന് സി. പി രാമസ്വാമി അയ്യർ സ്വതന്ത്രതിരുവിതാംകൂർ പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തെ തേടിയെത്തിയ ആദ്യ കമ്പിസന്ദേശങ്ങളിൽ ഒന്ന് സവർക്കറുടേതായിരുന്നു. ""തിരുവിതാംകൂർ എന്ന ഹിന്ദുരാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച, ദൂരക്കാഴ്ചയുള്ള, ധൈര്യം നിറഞ്ഞ പ്രഖ്യാപനത്തിനുള്ള'' പിന്തുണയായിരുന്നു അത്.

സവർക്കറും സർ സി. പിയും തമ്മിലുള്ള ബന്ധം എന്തായിരുന്നു എന്നതിന് ചരിത്രം ധാരാളം തെളിവുകൾ തരുന്നുണ്ട്. ഒരു സംഭവം ഉദാഹരണമായി കൊടുക്കുന്നു. കെ.സി.എസ്. മണി ആക്രമിച്ചതിനെ തുടർന്ന് സർ സി. പി തിരുവിതാംകൂർ വിട്ടു. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിക്കുകയും ചെയ്തു. ഇതിനെല്ലാം ശേഷം 1958 ഫെബ്രുവരി 19 ന് പൂണെയിൽ സവർക്കറുടെ അനുയായികൾ അദ്ദേഹത്തെ ആദരിക്കാനായി ഒരു ഹാൾ പണിതു. സ്വാതന്ത്ര്യവീർ സവർക്കർ സഭാഗൃഹ എന്നപേരിലുള്ള ആ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തതും അതിനുള്ളിൽ സ്ഥാപിച്ചിരുന്ന സവർക്കറുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തതും സർ സി.പി. രാമസ്വാമി അയ്യർ ആണ്. സവർക്കർ ജീവിച്ചിരുന്ന കാലത്താണ് ഇതു സംഭവിക്കുന്നത്. കൂടുതൽ തെളിവുകളുടെ അഭാവത്തിൽ സവർക്കർ വിമുക്തനായെങ്കിലും ഗാന്ധിവധത്തിൽ പ്രതിചേർക്കപ്പെട്ട് അദ്ദേഹം പൊതുവേ അനഭിമതനായിരുന്ന കാലഘട്ടത്തിൽ. അന്ന് സർ സി. പി നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു,

""ഹിന്ദുവാണ് എന്ന് സ്വയം അവകാശപ്പെടുന്ന ഒരാളെ വർഗ്ഗീയവാദിയായിട്ടാണ് ഇക്കാലം ചിത്രീകരിക്കുന്നത്. സവർക്കർ ഹിന്ദുക്കളുടെ സംരക്ഷകൻ ആയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ യാഥാസ്ഥികമോ പിന്തിരിപ്പനോ ആയിരുന്നില്ല. അദ്ദേഹം പുരോഗമനകാരിയായിരുന്ന ഹിന്ദുവായിരുന്നു. അദ്ദേഹത്തിന്റെ ഹിന്ദുത്വ മറ്റുള്ളവരോടുള്ള വെറുപ്പിൽ അധിഷ്ഠിതമായിരുന്നില്ല. ഈ വീക്ഷണകോണിൽ നിന്നുകൊണ്ടാണ് സവർക്കർ രാജ്യത്തിന്റെ വിഭജനത്തെ എതിർത്തത്. അദ്ദേഹത്തിന്റെ ഉദ്ദേശ്യം രാജ്യത്തിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ ഐക്യം സംരക്ഷിക്കുക എന്നതായിരുന്നു. സവർക്കറിയൻ തത്വങ്ങളും അദ്ദേഹത്തിന്റെ ചിന്താസരണിയും രാജ്യത്തിന് ഉത്കർഷത കൊണ്ടുവരുമെന്ന് ഞാൻ വിചാരിക്കുന്നു.''

ദേവദാസിന്റെ വെള്ളിനക്ഷത്രം എന്ന കഥയ്ക്ക് കെ.പി മുരളീധരന്റെ ചിത്രീകരണം :

ഈ പ്രസംഗത്തിൽ സർ സി. പി അനുഷ്ഠിക്കുന്ന ദൗത്യം സവർക്കറുടെ ഹിന്ദുത്വത്തെ ആധുനിക ലോകത്തേയ്ക്ക് മുഖപടമിട്ട് കൊണ്ടുപോകുക എന്നതാണ്. ഗോഡ്സേയെ മുൻനിർത്തി സവർക്കർ ആസൂത്രണം ചെയ്തതായിരുന്നു ഗാന്ധിവധം എന്നത് അന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിൽ തങ്ങിനിന്നിരുന്നു (പിൽക്കാലത്ത് ഇന്ത്യാഗവണ്മെന്റ് നിയോഗിച്ച കപൂർ കമ്മീഷൻ അത് ശരിവെയ്ക്കുകയും ചെയ്തു). മാത്രമല്ല , സവർക്കർ വിഭജനത്തെ എതിർത്തിരുന്നില്ല. ഹിന്ദുസ്ഥാൻ, പാകിസ്ഥാൻ, സിക്കിസ്ഥാൻ എന്നിങ്ങനെ മതാധിഷ്ഠിതമായി രാജ്യത്തെ മൂന്നാക്കി വിഭജിക്കാനുള്ള നിർദ്ദേശം പോലും മുന്നോട്ടുവെച്ച വ്യക്തിയായിരുന്നു അദ്ദേഹം. പാകിസ്ഥാൻ എന്ന മതാധിഷ്ഠിതരാജ്യം രൂപം കൊണ്ടതിനുശേഷവും മതേതര ഇന്ത്യ നിലവിൽ വന്നതിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ രോഷം. കിഴക്കൻ പാകിസ്ഥാനിൽ നിന്നും (ഇന്നത്തെ ബംഗ്ലാദേശ്) ഹിന്ദു അഭയാർത്ഥികൾ പശ്ചിമബംഗാളിലേയ്ക്കു വരുമ്പോൾ അത്രയും നിവാസി മുസ്‌ലിംകളെ പശ്ചിമബംഗാളിൽ നിന്നും അവിടേയ്ക്ക് നാടുകടത്തണം എന്ന മട്ടിൽ സവർക്കർ ആക്രോശിച്ചുകൊണ്ടിരുന്ന കാലത്താണ് ""അദ്ദേഹത്തിന്റെ ഹിന്ദുത്വം മറ്റുള്ളവരോടുള്ള വെറുപ്പിൽ അധിഷ്ഠിതമായിരുന്നില്ല'' എന്ന് സി. പി പ്രസംഗിക്കുന്നത്. ഏതാണ്ട് ആ സമയത്തു തന്നെ, തന്റെ എഴുപത്തി അഞ്ചാം പിറന്നാൾ ആഘോഷവേളയിൽ പൂണെയിൽ സവർക്കർ നടത്തിയ പ്രസംഗം ഏതാണ്ട് ഇങ്ങനെയായിരുന്നു.

""ജനാധിപത്യം പൊതുവേ നല്ലതാണെങ്കിലും ചില സന്ദർഭങ്ങളിൽ പട്ടാളഭരണം ആണ് ഉചിതം. ശിവജി ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. ഒരു തെരഞ്ഞെടുപ്പിലും ജയിച്ചിട്ടുമില്ല. അദ്ദേഹത്തിന്റെ ഭരണഘടന ഭവാനിഖഡ്ഗവും പുലിനഖമുഷ്ടികവചവും ആയിരുന്നു.'' ഇങ്ങനെ ജനാധിപത്യത്തിന്റെ ആധുനികമായ അഹിംസാസങ്കല്പത്തിനെതിരെ ശിവജിയുടെ വാളും പുലിനഖവും പകരം വെയ്ക്കുന്ന ഹിംസയെ ഉയർത്തിപ്പിടിക്കുന്ന "സവർക്കറിയൻ തത്വങ്ങളും അദ്ദേഹത്തിന്റെ ചിന്താസരണിയും രാജ്യത്തിന് ഉത്ക്കർഷത കൊണ്ടുവരുമെന്നാ'ണ് സർ സി. പി വിചാരിക്കുന്നത്.

പറഞ്ഞുവരുന്നത് സവർക്കറും സർ സി. പിയും തമ്മിലുള്ളതെന്ത് എന്ന ചോദ്യത്തിനുത്തരം കിട്ടണമെങ്കിൽ രണ്ടുപേരും സംഗമിക്കുന്ന ഹിന്ദുരാഷ്ട്രം എന്ന ആശയത്തെ മനസ്സിലാക്കിയേ തീരൂ. അത് ഋഷിമാരും രാജാക്കന്മാരും വിരാജിക്കുന്ന ഒരു അമർ ചിത്രകഥാരാഷ്ട്രം അല്ലായിരുന്നു. മറിച്ച് ഹിന്ദുത്വ അനുശാസിക്കുന്ന തരം പൗരർക്ക് മാത്രം ഉപഭോഗിക്കാവുന്ന തരത്തിൽ ഭൗതികവും സാംസ്കാരികവുമായ സ്വാതന്ത്ര്യങ്ങളെ വിന്യസിക്കുന്ന ഒരു ഫാസിസ്റ്റ് രാഷ്ട്രം ആണ് .

അതായത് പുന്നപ്ര വയലാർ സമരങ്ങൾക്ക് ആദ്യം പറഞ്ഞ കാരണങ്ങൾക്കപ്പുറം വലിയ ചരിത്ര പ്രസക്തി ഉണ്ട്. അത് കേരളത്തിന്റെ മണ്ണിൽ ഹിന്ദു രാഷ്ട്രത്തിന്റെ ബീജം വിതയ്ക്കുന്നതിനെതിരെയുള്ള സമരം കൂടിയായിരുന്നു.

Comments