കവിത മാംസഭോജിയാണ്

കാരണം
അതിന് നഖങ്ങൾ ഉണ്ട്.

പതുപതുപ്പിലാണ്
അത് ഒളിപ്പിച്ചു വച്ചിരിയ്ക്കുന്നതെങ്കിലും.

അതിന് കോമ്പല്ലുകൾ ഉണ്ട്.
ചിരിയ്ക്കുമ്പോൾ അവ
കാണുന്നില്ലെങ്കിലും.

അതിന്
ചാടി വീഴാൻ കഴിയും.
വെളിച്ചത്തിൽ
അത് ചെയ്യാറില്ലെങ്കിലും.

നേരിയ ചലനങ്ങളെ
അതിന്റെ കണ്ണ്
വിടാതെ അടയാളപ്പെടുത്തുന്നുണ്ട്

ആ കൃഷ്ണമണികളെ
ആരും ശ്രദ്ധിയ്ക്കുന്നില്ലെങ്കിലും.

അതിന്
ഉറച്ച പേശികൾ ഉണ്ട്.
മൃദുവായ തൊലിയ്ക്ക്
അടിയിലാണെന്ന് മാത്രം.

ഉരുക്കിനെ ദഹിപ്പിക്കുന്ന
ആന്തര സ്രവങ്ങൾ ഉണ്ട്.
ഡോക്ടർമാർക്ക്
പിടി കിട്ടിയിട്ടില്ലെന്ന് മാത്രം.

അത് തന്നെ ഒരു തോക്കാണ്.
കിന്നരത്തിന്റെ ആകൃതിയിലെന്ന് മാത്രം.
അത് യുദ്ധങ്ങൾക്കാണ് വാദിയ്ക്കുന്നത്.
സമാധാനത്തിന്റെ ഭാഷയിൽ ആണെന്ന് മാത്രം.

അത് രാത്രിയിലാണ്
ഇറങ്ങി നടക്കുന്നത്
പകലിന്റെ ഭാഷയിൽ
സംസാരിക്കുന്നു എന്ന് മാത്രം.

കവിതയെ വിശ്വസിക്കരുത്
നാളമായ് വേഷം കെട്ടിയ
ഇടിമിന്നൽ ആണത്.
കൂട്ടുപിടിക്കരുത്.

അനേകങ്ങൾ എന്ന് വിശ്വസിപ്പിക്കുന്ന
ഏകാന്തതയാണത്.

സ്വന്തമെന്ന് ആർക്കും തോന്നിപ്പിക്കുന്ന
അസാധ്യതയാണത്.

സ്വാഗതം എന്ന് പറയുന്ന
പീഡനമാണത്

കണ്ണീരുകൊണ്ട്
അത് എഴുതുന്ന ക്രൂരതകളെപ്പോലെ
ഒരു യുദ്ധവും
മനുഷ്യരുടെ പ്രതലത്തിൽ എഴുതിയിട്ടില്ല.

Comments