സാഹിത്യവും കലയുമല്ല വാളും യുദ്ധവുമാണ് ഭാരതത്തിനാവശ്യം എന്നുപറഞ്ഞ സവര്‍ക്കര്‍ യുക്തിയെ മറ്റൊരുതരത്തില്‍ ആ കാര്‍ട്ടൂണ്‍ ഉള്‍ക്കൊള്ളുന്നതായി ഞാന്‍ പേടിക്കുന്നു. ആര്യാവര്‍ത്തത്തിന്റെ ബ്രാഹ്മണ്യത്തെ ശ്രീലങ്കയോളം വ്യാപിപ്പിച്ച ആദ്യ ചക്രവര്‍ത്തിയായി രാമനെ കണ്ട സവര്‍ക്കറെ ഓര്‍മ്മിച്ചുകൊണ്ട് രാമായണത്തിന്റെ മറ്റൊരു പാഠം സ്വാതന്ത്ര്യമെടുത്ത് ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ; മാ, ഗോപീകൃഷ്ണാ... ജൂലൈ 14 വ്യാഴാഴ്ച ‘മാതൃഭൂമി’ പത്രത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിനെ മുൻനിർത്തി കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍ പി.എൻ. ഗോപീകൃഷ്ണന്റെ കത്ത്.
15 Jul 2022, 08:44 AM
പ്രിയ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍,
ഞാന്‍ പി.എന്‍.ഗോപീകൃഷ്ണന്‍, കവി.
പേരുകള്‍ ഒന്നായതുകൊണ്ടുള്ള കുഴപ്പങ്ങള്‍ ധാരാളം അനുഭവിച്ചിട്ടുള്ളവരാണ് നമ്മള്‍. കേരള ലിറ്റററി ഫെസ്റ്റിവലില്‍ താങ്കളെ കവി എന്ന് വിളിച്ചുകേട്ടപ്പോഴുണ്ടായ പുകിലിനെപ്പറ്റി താങ്കള്‍ തന്നെ പരാമര്‍ശിച്ചിരുന്നല്ലോ. എങ്കിലും ജനകീയമായ ഒരു കലാവ്യവഹാരത്തില്‍ ഏര്‍പ്പെടുന്നതിന്റെ ഭാഗമായ പ്രശസ്തി താങ്കളുടെ ഭാഗത്തേയ്ക്ക് കൂടുതല്‍ ചാഞ്ഞുനില്‍ക്കുന്നതിനാല്‍ ‘അപരത്വ' ത്തിന്റെ തമാശ നിറഞ്ഞ അനുഭവങ്ങള്‍ കുറേക്കൂടി ഏറ്റെടുക്കാനുള്ള ഭാഗ്യം എനിക്കാണുണ്ടായിട്ടുള്ളത്. അതില്‍ ചിലത് ഇപ്പോഴും ആലോചിക്കുമ്പോള്‍ ചിരിയുണര്‍ത്തുന്നവയാണ്.
എനിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം കിട്ടിയപ്പോള്‍, 2015ലാണെന്നു തോന്നുന്നു, എന്റെ ജന്മനാട്ടില്‍ ഒരു സ്വീകരണം നല്‍കുകയുണ്ടായി. അതിലെ ഒരു പ്രസംഗക, എന്റെ സ്‌കൂള്‍ സഹപാഠിയും അപ്പോള്‍ പഞ്ചായത്തംഗവുമായ ഒരാള്‍ ആയിരുന്നു. മാറിത്താമസിച്ചതിന് ശേഷം എന്റെ ജന്മദേശത്തേയ്ക്കുള്ള വരവുകള്‍ പരിമിതപ്പെട്ടിരുന്നു. പ്രസംഗവേദിയില്‍ എല്ലാ അനുമോദന സമ്മേളനങ്ങളിലും എന്നപോലെ ഒന്ന് മനസ്സയച്ചാല്‍ പുളകം പൊള്ളിച്ചേക്കാവുന്ന പൊള്ളവാക്കുകള്‍ മുഴങ്ങിയിരുന്നു. അവിടെ ഈ സഹപാഠിയുടെ ഊഴമെത്തിയപ്പോള്‍, സംശയലേശമന്യേ തുടങ്ങിയത് ഇങ്ങനെയാണ്: ‘പഠിക്കുന്ന കാലത്തുതന്നെ ഇവന്‍ ടെക്സ്റ്റുബുക്കുകളുടെ മാര്‍ജിനിലടക്കം കുത്തിവരയ്ക്കുമായിരുന്നു. അന്നേ ഞാന്‍ വിചാരിച്ചിരുന്നു, വലുതാകുമ്പോള്‍ ഇവന്‍ വരച്ച് വശം കെടുത്തുമെന്ന്'
എനിക്കവളെ പിടിച്ച് ഒരിടി കൊടുക്കാന്‍ തോന്നി. സഹപാഠി കവിതകള്‍ എഴുതിയ വിവരം അറിയാഞ്ഞതിനല്ല. കവിയെന്ന നിലയില്‍ കിട്ടിയ പുരസ്‌കാര ലബ്ധിയുടെ അനുമോദന നോട്ടീസ് പോലും വായിക്കാതെ വന്നതിന്. അപ്പോള്‍ തന്നെ ഞാന്‍ സ്വയം തിരുത്തി. പഞ്ചായത്ത് അംഗമെന്ന നിലയില്‍ ഗംഭീരപ്രവര്‍ത്തനമാണ് അവള്‍ നടത്തിവരുന്നതെന്ന് എനിക്ക് നേരത്തെ വിവരം കിട്ടിയിരുന്നു. അങ്ങനെ ജനകീയയായ ഒരു പഞ്ചായത്തംഗം അവള്‍ ഉള്‍പ്പെട്ട രാഷ്ട്രീയരംഗത്തെ നേതാക്കളെ കൈവിരലുകള്‍ക്കിടയിലിട്ട് അമ്മാനമാടുന്ന ഒരാളായാണ് ഇത്രയും കാലം എന്നെ കരുതിയിരുന്നത്. ആ സ്‌നേഹവും ബഹുമാനവും ഒക്കെയാണ് മൈക്കിന് മുന്നില്‍ അവള്‍ കെട്ടഴിക്കുന്നത്. പ്രസംഗശേഷം എന്റെ അടുത്ത് വന്നിരുന്ന് പഴയ സ്‌കൂള്‍ കഥകള്‍ പറയുമ്പോഴും ഞാന്‍ അവളെ തിരുത്തിയില്ല. ഇപ്പോഴും അവള്‍ കരുതുന്നുണ്ടാകും അവളുടെ പ്രഭാതങ്ങളെ പ്രസന്നമാക്കുന്ന, ആ ചിരി വിടര്‍ത്തുന്ന പഹയന്‍ ഞാനാണെന്ന്.

ഇത്രയും എഴുതിയപ്പോള്‍ മറ്റൊന്നുകൂടി എഴുതാതെ വയ്യ. കമല്‍റാം സജീവ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതല വഹിക്കുന്ന കാലത്ത്, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കവര്‍ഷങ്ങളിലൊന്നില്‍, നിരക്ഷരന്‍ എന്ന പേരില്‍ എന്റെ കവിത, അന്നത്തെ നിലയില്‍ ഗംഭീരമായ ലേ ഔട്ടോടുകൂടി പ്രസിദ്ധീകരിക്കുകയുണ്ടായി. സ യും ശ യും ഷ യും തെറ്റിച്ചുപറയുന്ന ഒരാളായിരുന്നു ആ കവിതയിലെ നായകന്‍. എന്നത്തേയും പോലെ ഒരു പ്രത്യേക അഭിരുചിയില്‍ ഉറച്ചുപോയ കാവ്യാസ്വാദകര്‍ക്ക് ആ കവിത ഇഷ്ടമായേ ഇല്ല. പിന്നത്തെ ആഴ്ചയിലെ സാഹിത്യവാരഫലത്തില്‍ എം. കൃഷ്ണന്‍ നായരുടെ നിശിതവിമര്‍ശനം വന്നു. വരും ലക്കങ്ങളിലൊന്നില്‍ വേറൊരു വ്യക്തിയുടെ കത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. മാതൃഭൂമിയില്‍ വരയ്ക്കുന്നു എന്നത് പീറക്കവിതയെഴുതി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാനുള്ള ലൈസന്‍സ് അല്ല എന്നോ മറ്റോ ഉള്ള വരികളിലാണ് ആ കത്ത് അവസാനിച്ചത്. ആദ്യ കവിതാസമാഹാരമിറക്കുന്ന കാലത്ത് ആ കത്ത് അവതാരികയോ ബ്ലര്‍ബോ ആയി ചേര്‍ത്തുകളയാം എന്ന എന്റെ നിര്‍ദ്ദേശത്തെ ‘ബാഡ് ടേസ്റ്റ് ' എന്നുപറഞ്ഞ് എന്റെ പ്രസാധകര്‍ തള്ളിക്കളഞ്ഞു.
ഇങ്ങനെ താങ്കളുടെ പേരില്‍ പ്രശസ്തി എനിക്കും എന്റെ പേരില്‍ പരിമിതമായെങ്കിലും തെറി താങ്കള്‍ക്കും കിട്ടിയിട്ടുള്ള, ഏതാണ്ട് ഒരേ കാലത്ത് എഴുത്തും വരയും ആരംഭിച്ച രണ്ടുപേരാണ് നമ്മള്‍. താങ്കള്‍ വ്യാപരിക്കുന്ന ലോകം എത്രയോ വഴുക്കുന്ന ഒന്നാണെന്ന് നമുക്കറിയാം. കേരളത്തിലെ ജനസംഖ്യയുടെ പകുതിയില്‍ അല്പം താഴെയുള്ള ആണുങ്ങളില്‍ ഭൂരിഭാഗവും മോശമായ തരത്തില്‍ പാര്‍ട്ടി വത്ക്കരിക്കപ്പെട്ടവരാണ്. മനസ്സുകൊണ്ട് കോണ്‍ഗ്രസും കമ്യൂണിസ്റ്റും ബി.ജെ.പിയും യു.ഡി.എഫും എല്‍.ഡി.എഫും നക്‌സലൈറ്റും എസ്.ഡി.പി.ഐയും അംഗത്വമെടുത്തവരായി അവര്‍ സ്വയം കരുതുന്നു.എന്നാല്‍ പ്രായോഗിക രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ലഭിക്കുന്ന സഹിഷ്ണുതയോ ജനാധിപത്യബോധമോ തരിമ്പും ഇവരെ തീണ്ടിയിട്ടുണ്ടാകില്ല. അധികാരം അരനിമിഷത്തേയ്ക്ക് കിട്ടിയാല്‍ എതിരാളിയെ തച്ചുകൊല്ലാന്‍ മാത്രം പക , വെറുതെ പത്രം വായിച്ചും ടി.വി കണ്ടും ഉണ്ടാക്കുന്നവര്‍. സോഷ്യല്‍ മീഡിയ വന്നതോടെ അവരുടെ പകയ്ക്കും വിഡ്ഢിത്വത്തിനും പരക്കാന്‍ ഒരു മാധ്യമവുമായി.
അത്തരക്കാരുടെ വിദ്വേഷം പലപ്പോഴും താങ്കള്‍ ഏറ്റുവാങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സംസ്‌കാരത്തിന്റെ രാഷ്ട്രീയം തെരഞ്ഞെടുപ്പുരാഷ്ട്രീയമല്ല എന്ന പ്രാഥമികജ്ഞാനം, താങ്കളെപ്പോലൊരു കാര്‍ട്ടൂണിസ്റ്റിന്റെ സൃഷ്ടികളെ വിലയിരുത്തുമ്പോള്‍ കൈയ്യില്‍ സൂക്ഷിക്കേണ്ടത്, ഒരിക്കലും അവരുടെ കൈയ്യില്‍ ഉണ്ടായിരുന്നില്ല. ‘എന്നെ വെറുതെ വിടരുത്’ എന്ന് സുഹൃത്തായ ശങ്കറിനോട് പറഞ്ഞ നെഹ്‌റുവിന്റെ ഉന്നതമായ പാരമ്പര്യത്തിന്റെ അയലത്തെങ്ങും അവര്‍ എത്തുമായിരുന്നില്ല. എന്നാല്‍ ഭാഗ്യമെന്ന് പറയട്ടെ അധികാരത്തിന്റെ കുലകളിലേയ്ക്ക് എറിയുന്ന കല്ലാണ് കാര്‍ട്ടൂണ്‍ എന്നത് കാര്‍ട്ടൂണിസ്റ്റുകളും പാടേ കൈയ്യൊഴിഞ്ഞില്ല. പാപം ചെയ്യാത്തവരായി അവര്‍ സ്വയം കരുതി. ആ കരുതലാണ് കാര്‍ട്ടൂണിസ്റ്റിന്റെ ഇന്ധനം എന്നവര്‍ ഉറപ്പിച്ചു.

ഞാന്‍ ആദരിക്കുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ ആരെന്ന് ചോദിച്ചാല്‍, ക്ഷമിക്കണം, അതില്‍ താങ്കളുടെ പേരുണ്ടാകില്ല. എനിക്ക് ഒറ്റയടിക്ക് പറയാവുന്ന ഉത്തരം അബു, വിജയന്‍, രജീന്ദര്‍ പുരി, ഇ.പി. ഉണ്ണി എന്നായിരിക്കും. ഇന്ത്യ എന്ന അനുഭവത്തിനുള്ളിലെ അഗാധ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ അവര്‍ കാര്‍ട്ടൂണില്‍ ആവാഹിച്ചു. ഇന്നും അടിയന്തരാവസ്ഥക്കാലത്ത് വിജയന്‍ വരച്ച ‘ഇത്തിരി നേരമ്പോക്ക്, ഇത്തിരി ദര്‍ശനം ' എന്ന കാര്‍ട്ടൂണ്‍ പരമ്പര ധര്‍മ്മപുരാണം എന്ന നോവലിനേക്കാള്‍ ഒരു പക്ഷെ അഗാധമാണെന്ന് ഞാന്‍ പറയും. പിടിച്ചു കുലുക്കുന്ന രാഷ്ട്രീയ കവിതകള്‍ കൂടിയായാണ് ഞാനത് ഇപ്പോഴും കരുതുന്നത്. അങ്ങനെ, നേരമ്പോക്ക് അല്ല കാര്‍ട്ടൂണിലെ കുത്തിവരകള്‍ എന്ന് വിജയനും കൂട്ടരും നമ്മെ ചെറുപ്പന്നേ പഠിപ്പിച്ചു.
എന്നാല്‍, താങ്കള്‍ അങ്ങനെ ആയിരുന്നില്ല. അതേസമയം, ദിവസങ്ങളെ പ്രകാശമാനമാക്കുന്ന ഒരു തെളിച്ചം താങ്കള്‍ക്കുണ്ടായിരുന്നു. അതാര്‍ക്കും നിഷേധിക്കാന്‍ കഴിയുമായിരുന്നില്ല. ശങ്കറിനെ മൂര്‍ച്ചവെപ്പിക്കുകയായിരുന്നു താങ്കള്‍ ചെയ്തത്. ലക്ഷ്മണ്‍ പൊതുജനത്തെ എങ്ങനെ ‘ഹുക്ക് ' ചെയ്‌തോ, അതിനേക്കാള്‍ ഭംഗിയായി താങ്കള്‍ അവരെ ‘ഹുക്ക് ' ചെയ്തു. മറ്റൊരു ജനകീയ കലയായ സിനിമയെ കാര്‍ട്ടൂണിന്റെ മൂല്യവര്‍ദ്ധനവിന് ഉപയോഗിക്കാന്‍ കഴിയും എന്ന് സഫലമായി കാണിച്ചത് താങ്കള്‍ ആണ്. ട്രോള്‍ എന്ന് നാം ഇന്ന് വിളിക്കുന്ന ഒരു ജനുസ്സ് അങ്ങനെ നോക്കുമ്പോള്‍ മലയാളത്തില്‍ തുടങ്ങിയത് താങ്കളാണ്. ഇതൊന്നും നേരത്തെ പറഞ്ഞ വിജയന്‍, അബു കാര്‍ട്ടൂണ്‍ ജനുസ്സിനെ ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തില്ല. പക്ഷേ, അവരെയെല്ലാം അല്പനേരമെങ്കിലും അശിക്ഷിതരാക്കി പൊട്ടിച്ചിരിപ്പിക്കുന്ന പ്രതലം താങ്കള്‍ ഒട്ടും ആയാസം കൂടാതെ സൃഷ്ടിച്ചു. ഒരുതരം സ്പഷ്ടത താങ്കളുടെ വരകള്‍ക്കും വരികള്‍ക്കുമുണ്ടായിരുന്നു. പോക്കറ്റ് കാര്‍ട്ടൂണുകളില്‍ ആ സ്പഷ്ടത പരിമിതപ്പെടാറുണ്ടെങ്കിലും. പക്ഷെ, നമ്മള്‍ നിത്യവും കാണുന്ന നേതൃ കഥാപാത്രങ്ങളെ വരച്ചെടുത്ത് ഉണ്ടാക്കുന്ന അരങ്ങില്‍ താങ്കള്‍ ഒരടക്കവും കൂടാതെ തകര്‍ത്താടി. ലക്ഷ്മണില്‍ നിന്ന് താങ്കളുടെ 'ഹുക്കിങ്ങ് ' വേര്‍പിരിയുന്നത് അവിടെയായിരുന്നു. ലക്ഷ്മണ് നേതൃകഥാപാത്രങ്ങളെ നേരെ തൊടാന്‍ ഇഷ്ടമില്ലായിരുന്നു. അവരുടെ ഇമേജുകളില്‍ അദ്ദേഹം തൃപ്തിപ്പെട്ടു.
ഇത്രയും പറഞ്ഞത്, ഇന്നലെ, ജൂലൈ 14ന്, താങ്കള്‍ എന്നെ ഞെട്ടിച്ചതുകൊണ്ടാണ്. പതിവില്‍ നിന്ന് വിരുദ്ധമായി ഞാന്‍ അത് കണ്ടിരുന്നില്ല. പ്രിയപ്പെട്ട ഒരു സുഹൃത്ത് അത് കാണാനാവശ്യപ്പെട്ട് അയച്ചു തന്നപ്പോള്‍ ഒരു പ്രത്യേകതരം തണുപ്പ് എന്റെ എല്ലുകളെ കോച്ചി വലിപ്പിച്ചു. ആ കാര്‍ട്ടൂണ്‍ താഴെ കൊടുക്കുന്നു.

സാരാനാഥത്തിലെ അശോകസ്തംഭം പാര്‍ലിമെന്റിലെ സിംഹസ്തംഭമാകുമ്പോള്‍ സംഭവിക്കുന്നതെന്ത് എന്ന് രാജ്യത്തിലെ വിവേകികള്‍ അന്തംവിട്ടും ആകുലപ്പെട്ടും രോഷപ്പെട്ടുമിരിക്കുമ്പോഴാണ് ഈ കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെടുന്നത്. സൗമ്യതയുടേയും ശൗര്യത്തിന്റേയും പരസ്പരവിരുദ്ധമായ ഭാവങ്ങളെ കൂട്ടിക്കലര്‍ത്തിയ അപൂര്‍വ്വമായ ഒരു ദര്‍ശനം സാരാനാഥിലെ ആ ശില്പം പ്രക്ഷേപിക്കുന്നുണ്ട്. അഹിംസയും സമാധാനവും മൈത്രിയും ദൗര്‍ബല്യത്തിന്റേയും അശക്തിയുടേയും ഉല്പന്നങ്ങള്‍ അല്ല എന്നാണത് പറയുന്നത്. ഏറ്റവും വലിയ കരുത്തുകൊണ്ടാണ് അഹിംസ എന്ന ദര്‍ശനം പടുത്തുയര്‍ത്തിയത് എന്ന് ഗാന്ധിയെപ്പോലെ ഒരാള്‍ പറയുമ്പോള്‍ അതിനുപിന്നില്‍ ഈ ശില്പത്തിന്റെ അഗാധ സാന്നിദ്ധ്യമുണ്ട്. അതുകൊണ്ടാണത് സ്വാതന്ത്ര്യശേഷം നമ്മുടെ ദേശീയഭാവനയില്‍ കയറിപ്പറ്റിയതും നിതാന്ത സാന്നിദ്ധ്യമായതും. ഭരണകൂടങ്ങള്‍ തിരിച്ചും മറിച്ചുമിട്ട് ശോഭകെടുത്താന്‍ പരമാവധി ശ്രമിച്ചിട്ടും അത് കരുത്തുറ്റ സാന്നിദ്ധ്യമായി തുടരുന്നത് ഈ ദര്‍ശനഗരിമ കൊണ്ടാണ്. സിംഹങ്ങളേ അല്ല അത്. ചോദനയാല്‍ മാത്രം ചലിക്കുന്ന ഒരു ജീവിയുമല്ല. അത് ഒരു അക്ഷരമാലയാണ്. അത് സിംഹങ്ങള്‍ ആണെങ്കില്‍ സാഞ്ചിയിലെ സ്തൂപം വെറും അലങ്കരിച്ച ചുമടുതാങ്ങിയായിപ്പോകും.
നമ്മുടെ സംസ്‌കാരത്തിലെ അഹിംസയുടെ, സമാധാനത്തിന്റെ, മൈത്രിയുടെ ആ വലിയ അക്ഷരത്തെ ക്രൗര്യവും അധികാരവും ഹിംസയും ധ്വനിപ്പിക്കുന്ന ശില്പമായി പരിവര്‍ത്തിപ്പിച്ചതിനാലാണ് പുതിയ സിംഹസ്തംഭത്തിന്റെ ഫോട്ടോ, നമ്മെ അസ്വസ്ഥമാക്കുന്നത്. അനുപാതത്തിന്റെ അളവുവ്യതിയാനങ്ങളേക്കാള്‍ ദര്‍ശനത്തിന്റെ ഈ മറച്ചിടലാണ് സംഭവിച്ചത് എന്നത് യാദൃച്ഛികമല്ല എന്നത് നമ്മെ ഭീതിപ്പെടുത്തുന്നു. കാരണം, ഈ ശില്പത്തിന്റെ രക്ഷാകര്‍ത്തൃത്വം ഹിംസയിലും യുദ്ധത്തിലും വിശ്വസിക്കുന്ന ഒരു തത്വശാസ്ത്രത്തിലാണ്. ‘ദി എസ്സന്‍ഷ്യല്‍സ് ഓഫ് ഹിന്ദുത്വ’ എന്ന ഹിന്ദുത്വ തത്വശാസ്ത്രത്തിന്റെ അടിസ്ഥാന പുസ്തകത്തില്‍ സവര്‍ക്കര്‍ ബുദ്ധനെ വിമര്‍ശിക്കുന്ന ഒരു രീതിയുണ്ട്. ബുദ്ധധര്‍മത്തേയും സംഘത്തെയും നാം ആദരിക്കുന്നു, ബഹുമാനിക്കുന്നു എന്നൊക്കെ പതുങ്ങിത്തുടങ്ങുന്നത് വളരെപ്പെട്ടെന്ന് തനിനിറം കാണിക്കുന്നു. ശാക്യന്മാര്‍ വീണത് അവരുടെ ബന്ധുമിത്രാദികളുടെ കീഴിലല്ല, ലിച്ചികളുടേയും ഹൂണരുടേയും മുന്നിലാണ്, സവര്‍ക്കര്‍ പറയുന്നു. അപ്പോഴും പ്രബുദ്ധനെ അതൊന്നും സ്പര്‍ശിച്ചില്ല. എന്നാല്‍ മറ്റ് ഹിന്ദുക്കള്‍ കയ്പിന്റേയും രാഷ്ട്രീയ സേവകത്വത്തിന്റേയും ഈ കോപ്പ കുടിച്ചില്ല. അഹിംസയുടേയും ആത്മീയ സാഹോദര്യത്തിന്റേയും വായ് നിറയ്ക്കുന്ന സമവാക്യങ്ങളല്ല അവര്‍ പിന്തുടര്‍ന്നത്.

ബുദ്ധമതം പിന്തുടര്‍ന്നത് യഥാര്‍ത്ഥലോകത്തില്‍ നിന്ന് അകലെയുള്ള ഒരു ലോകത്തേയാണ് എന്ന് സവര്‍ക്കര്‍ പ്രഖ്യാപിക്കുന്നു. അവിടെ കളിമണ്‍കാലുകള്‍ക്ക് നില്‍ക്കുവാന്‍ കഴിയില്ല. വാളുകളാണ് കൂര്‍പ്പിക്കേണ്ടത്. തൃഷ്ണയാണ് ഏറ്റവും ശക്തിമത്തായ സത്യം. നിറം പിടിപ്പിച്ച അരുവികള്‍ സ്വര്‍ഗ്ഗത്തില്‍ മാത്രമേ ഒഴുകൂ. ഹൂണരും ശാകരും അഗ്‌നിപര്‍വ്വതങ്ങളെപ്പോലെ പൊട്ടിയൊഴുകിയപ്പോള്‍ ഹിന്ദുക്കള്‍ അതിജീവിച്ചത് രണ്ടു വാക്കുകളില്‍ പിടിച്ചാണ്, തീയും വാളും. ബുദ്ധയുക്തിക്ക് ഈ ഭീകരദ്വന്ദ്വത്തിന്; തീയ്യിന്റേയും വാളിന്റേയും അപരിചിത ബൈബിളിന്; മുന്നില്‍ പിടിച്ചുനിൽക്കാനായില്ല. അങ്ങനെ ഹിന്ദുക്കള്‍ അവരുടെ വിശുദ്ധ ഹോമകുണ്ഡം വീണ്ടും തുറന്നു. വാളുകള്‍ വീണ്ടെടുക്കുന്നതിന് വേദകാലത്തിന്റെ ഖനികള്‍ വീണ്ടും തുറന്നു. കാളിയുടെ അള്‍ത്താരയില്‍ അവര്‍ അവയെ മൂര്‍ച്ച കൂട്ടി. മഹാകാലന്റെ രൗദ്രമാണ് കാലത്തിന്റെ സത്യം. സമവാക്യങ്ങള്‍ തോറ്റിടത്ത് ധീരത വിജയിച്ചു. വേദകാലത്തിനൊത്ത് ഉയരുക, വേദകാലത്തേയ്ക്ക് മടങ്ങുക എന്ന ദേശീയമായ അലര്‍ച്ച വീണ്ടും വീണ്ടും മുഴങ്ങി. കൂടുതല്‍ കൂടുതല്‍ ധിക്കാരത്തോടെ. കാരണം അത് ഒരു രാഷ്ട്രീയ അനിവാര്യതയായിരുന്നു.
ഗുണാഢ്യന്റെ ശ്ലോകങ്ങള്‍ എന്നുപറഞ്ഞ് സവര്‍ക്കര്‍ മേല്പറഞ്ഞതിനെ ഉറപ്പിക്കാന്‍ പറയുന്നവ ഇവയാണ്
1. ദൈവമേ, വിഷ്ണുഭഗവാനാല്‍ ഒരിക്കല്‍ കൊല്ലപ്പെട്ട അസുരര്‍ മ്ലേച്ഛരായി വീണ്ടും തിരിച്ചുവന്നിരിക്കുന്നു
2. അവര്‍ ബ്രാഹ്മണരെ കൊല്ലുന്നു. ബലി / യജ്ഞം പോലുള്ള മതാനുഷ്ഠാനങ്ങളെ ഇല്ലായ്മ ചെയ്യുന്നു. മുനികന്യകമാരുടെ മാനം കവരുന്നു. അവര്‍ ചെയ്യാത്ത പാപങ്ങള്‍ ഒന്നുമില്ല.
3 .മ്ലേച്ഛര്‍ ഈ ഭൂമി കൈയ്യടക്കിയാല്‍ ദൈവങ്ങളുടെ ഈ രാജ്യം നശിക്കും. കാരണം അവര്‍ ബലികളും / യജ്ഞങ്ങളും അനുഷ്ഠാനങ്ങളും നിരോധിക്കും
അതുകൊണ്ട് ശാകരും ഹൂണരും കടന്നുവന്നപ്പോള്‍ അഹിംസയും സഹവര്‍ത്തിത്വവും വലിച്ചെറിഞ്ഞ് എണീറ്റു. ധീരതയും ശക്തിയും ദേശീയബോധമാകുന്ന കാലത്താണ് ഭാവി സുരക്ഷിതമാകുക എന്നും സവര്‍ക്കര്‍ പറഞ്ഞുവെയ്ക്കുന്നു. ബുദ്ധിസത്തിന് ഭൂമിശാസ്ത്രപരമായ ഒരു ഭൂഗുരുത്വകേന്ദ്രം ഇല്ലാതിരുന്നത് കൊണ്ടാണ് അത് പരാജയപ്പെട്ടതെന്നും നിരീക്ഷിക്കുന്നു.
ഇങ്ങനെ ബുദ്ധിസത്തിന്റെ അഹിംസയും മൈത്രിയും വലിച്ചെറിഞ്ഞ് സവര്‍ക്കര്‍ പറഞ്ഞ ധീരതയും ശക്തിയും പകരം വെച്ചതാണ് പുതിയ സിംഹസ്തംഭത്തില്‍ നാം കാണുന്നതെന്നും അതാണ് അതിനുപിന്നിലെ തത്വം എന്നും ഞാന്‍ വിചാരിക്കുന്നു. 2023 ല്‍ 100 വര്‍ഷമാകാന്‍ പോകുന്ന എസ്സന്‍ഷ്യല്‍സ് ഓഫ് ഹിന്ദുത്വ എന്ന സവര്‍ക്കറുടെ പുസ്തകത്തോട്, മോദി പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിന്റെ ആദ്യ പ്രഖ്യാപനത്തോടുള്ള ആദരവാണ് ആ രൗദ്രസിംഹസ്തംഭം. അതിനടിയിലെ കെട്ടിടത്തിനുള്ളില്‍ അവര്‍ ഒരുക്കാന്‍ പോകുന്നതോ, സവര്‍ക്കറുടെ അള്‍ത്താരയും എന്ന് അസന്ദിഗ്ദമായി പ്രഖ്യാപിക്കുന്നത്
ഇങ്ങനെയൊരു കാലത്താണ് മന്‍മോഹന്‍സിംഗിന്റെ ‘ദൗര്‍ബല്ല്യ' വും മോദിയുടെ ‘ശക്തി ' യും എടുത്തുകാട്ടി താങ്കള്‍ വരയ്ക്കുന്നത്. സാഹിത്യവും കലയുമല്ല വാളും യുദ്ധവുമാണ് ഭാരതത്തിനാവശ്യം എന്നുപറഞ്ഞ സവര്‍ക്കര്‍ യുക്തിയെ മറ്റൊരുതരത്തില്‍ ആ കാര്‍ട്ടൂണ്‍ ഉള്‍ക്കൊള്ളുന്നതായി ഞാന്‍ പേടിക്കുന്നു. ആര്യാവര്‍ത്തത്തിന്റെ ബ്രാഹ്മണ്യത്തെ ശ്രീലങ്കയോളം വ്യാപിപ്പിച്ച ആദ്യ ചക്രവര്‍ത്തിയായി രാമനെ കണ്ട സവര്‍ക്കറെ ഓര്‍മ്മിച്ചുകൊണ്ട് രാമായണത്തിന്റെ മറ്റൊരു പാഠം സ്വാതന്ത്ര്യമെടുത്ത് ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ; മാ, ഗോപീകൃഷ്ണാ...
കല എന്ന കുഴപ്പിക്കുന്ന പ്രപഞ്ചത്തില്‍ വീണ്ടും വീണ്ടും ആണ്ടു മുങ്ങാനും കൂടുതല്‍ സങ്കീര്‍ണതകള്‍ അനുഭവിക്കാനും വിധിക്കപ്പെട്ടവരാണ് നമ്മള്‍. ദൈനംദിനതയുടെ ഇന്ധനം താങ്കളുടെ കലാപ്രവര്‍ത്തനത്തിന്റെ അനിവാര്യതയാണ്. അതംഗീകരിക്കുമ്പോള്‍ തന്നെ ഓരോ ദിവസവും സര്‍വ്വാധികാരം കെടുത്തിക്കൊണ്ടിരിക്കുന്ന ഒരു നീതിയെങ്കിലും കണ്ടെടുക്കാന്‍ ഇക്കാലത്ത് നമുക്ക് കഴിയണം. നമ്മുടെ കലയില്‍ ആനന്ദിച്ച് ചുമലില്‍ തട്ടുന്ന കൈ സര്‍വ്വാധികാരത്തിന്റേതാകരുത്. ഒരു പാര്‍ട്ടി ഉപസമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്കും നാം, കലയിലും സാഹിത്യത്തിലും ആണ്ടു മുഴുകുന്നവര്‍ അടിമപ്പെട്ടുകൂടാ. എന്നാല്‍ അത് പാര്‍ട്ടികളുടെ ലഘുവായ ഫുട്ബാള്‍ മത്സരങ്ങള്‍ക്കപ്പുറം നമ്മുടെ അസ്തിത്വത്തെ പിടിച്ചുകുലുക്കുന്ന സര്‍വ്വാധികാരിയെ കാണുന്നതില്‍ നിന്നും നമ്മെ മറയ്ക്കരുത്.
ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും നിരന്തരം ഹനിക്കപ്പെടുന്ന അന്തരീക്ഷത്തിലാണ് നാം കഴിയുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ സഫലമായൊരു രാഷ്ട്രീയസഖ്യം, കഷ്ടകാലത്തിന് നമുക്കില്ല. ഫാസിസത്തിനെതിരെ ഐക്യമുന്നണി എന്നത് പേരിനെങ്കിലും നടപ്പാകുന്നത് എഴുത്തും കലയും കൊണ്ടുനടക്കുന്നവരാണ്, എന്നത് നമുക്ക് പ്രധാനപ്പെട്ട ഒന്നാണ്. ‘നെഹ്‌റുവിന്റെ മരണമുറിയില്‍ തുറന്നു വെച്ച ആ കവിത, റോബര്‍ട്ട് ഫ്രോസ്റ്റിന്റേത്, നമുക്ക് നടക്കാനുള്ള ദീര്‍ഘദൂരങ്ങളെ ഓര്‍മിപ്പിക്കുന്നതുകൂടിയാണ്
നമ്മുടെ കൂടെ നടക്കേണ്ടവര്‍ ജയിലിലോ പൗരത്വപ്പട്ടികയില്‍ നിന്ന് പേരുവെട്ടി എന്നാശങ്കപ്പെട്ടോ ബുള്‍ഡോസറിന്റെ കീഴില്‍ വാസസ്ഥലം ഞെരിഞമര്‍ന്ന് കുടിയൊഴിക്കപ്പെട്ടോ കഴിയുന്ന നാളുകളില്‍ സ്ഥലജലഭ്രമം നമ്മെ ബാധിക്കാന്‍ പാടില്ല എന്ന് വിനീതമായി, ഒരു സഹജീവി എന്ന നിലയിലും സഹകലാപ്രവര്‍ത്തകന്‍ എന്ന നിലയിലും താങ്കളെ സ്‌നേഹപൂര്‍വ്വം അറിയിക്കട്ടെ. ഒരിക്കല്‍ നമ്മുടെ പ്രിയപ്പെട്ട കഥാകാരന്‍, സക്കറിയ പറഞ്ഞു തന്ന ആര്‍തര്‍ സി. ക്ലര്‍ക്കിന്റെ മനോഹരമായ കഥയിലെ; ദൈവത്തിന്റെ ഒമ്പത് ദശലക്ഷം പേരുകള്‍; പ്രപഞ്ചാവസാനം കാണുന്ന കഥാപാത്രങ്ങള്‍ ആകാതിരിക്കണം നമ്മള്‍. അധികാരികള്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെങ്കിലും.
ഒരേകാലത്ത് കലയിലും സാഹിത്യത്തിലും ഏര്‍പ്പെടുന്നവരെ വിമര്‍ശിക്കുന്നവരില്‍ ശരിയല്ലാത്ത ഒന്നുണ്ട് എന്നെനിക്കറിയാം. പലതരം കലാഖ്യാനങ്ങളിലൂടെയാണ് ഒരു യുഗം ഇതള്‍ വിരിക്കുക എന്നറിയാമെന്നിരിക്കേ. പക്ഷെ, താങ്കളോടുള്ള അടുപ്പവും സ്‌നേഹവും ഈ തുറന്നുപറച്ചില്‍ കൊണ്ടുമാത്രമേ അതിന്റെ ശരിയായ തരംഗദൈര്‍ഘ്യത്തില്‍ വര്‍ത്തിക്കൂ എന്ന ഉള്‍ത്തള്ളലാണ് ഈ എഴുത്ത്. അതിനാല്‍ ക്ഷമാപണമോ കുറ്റബോധമോ ഇതിന്റെ പിന്നില്‍ കൊളുത്തിയിടേണ്ട കാര്യമില്ല എന്ന് ഞാന്‍ കരുതുന്നു.
സ്‌നേഹത്തോടെ,
സ്വന്തം പി.എന്‍. ഗോപീകൃഷ്ണന്‍.
പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
സെബിൻ എ ജേക്കബ്
Jan 09, 2023
3 Minutes Read
മഞ്ചി ചാരുത
Jan 04, 2023
3 Minutes Read
എം.ബി. രാജേഷ്
Jan 02, 2023
8 Minutes Read
അനു പാപ്പച്ചൻ
Dec 31, 2022
5 Minutes Read
Think
Dec 30, 2022
3 Minutes Read