സുൽത്താൻ മാല

മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ പ്രമേയമാകുന്ന ദീർഘ കവിത

ഒന്നാം കോർവ 

തിണകളേഴുള്ള വാനമേ,
കനവിലൊഴുകും
നെയ്തലിൻ തീരങ്ങളേ, 

മുല്ലൈയിൽ വിടർന്ന 
കാവ്യോന്മാദ വസന്തങ്ങളേ
കുറിഞ്ഞിപ്പുലർമകൾ
കവിയും കോർവൈകളേ, 

പാലൈത്തിണകളുണർന്നു പാടും
കുയിലിണകളേ
മഴത്തുള്ളി മൊഴികളുതിരും
മരുതം നിലങ്ങളേ, 

അരുൾക്കനിയരുളിയ
ഔവ്വയാർകളേ,
സംഘത്തമിഴിശൈ നേരും
പുലവരോർകളേ 

ചാരെയിരുത്തി 
പൈങ്കിളിക്കണ്ണിൽ
കവിത വിടർത്തിയ മഹതരേ.  

മാലൈകളുരൈത്ത്
തിരുവചനമരികിൽ വസിക്കും
ഖാസിയെന്നോർ ബഹുമാനരേ. 

തരംഗിണിത്തിരത്താളമേ,
വൃന്ദാവന രാഗരസമൊഴുകിയ 
പദകോമളാവിഷ്ക്കാരമേ, 

മഹാനദികളേ,
മഹാനദികളെഴുതും തീരങ്ങളേ,
ഊടുവഴികളേ,
ഊടു വഴികളിലണയും
തെന്നലിന്നലകളേ. 

വെയിൽ വീഴും നിലങ്ങളേ,
ആറ്റുവെള്ളം
മധുരമേറും തേന്മാവുകളേ. 

അനന്തമാം സമയത്തിൻ 
പൊരുളുറവുകളേ. 

രണ്ടാം കോർവ 

കഥകളുരൈത്തുള്ള,
സുൽത്താൻ്റെ പദവികൾ
ബൈത്തായെടുക്കുവാൻ
കനിയേണം കനവെന്നിലും, 

ശായിർകളെവ്വരും
കോർവയൊരുക്കുമേ
ദുനിയാവിലെങ്ങുമേ
നില വേറെയെന്നാകുവാൻ 

അന്നൂലതൊന്നിലായ്
തുടരുവാനെന്നുമേ
കവിതയായൊരു മാല,
തുടരുന്നു ഞാനുമേ .... 

അറ്റമതില്ലാത്ത
നേരത്തിന്നുടയോരും,
കരുതും കനിവതിൻ
ഉതവികളായോരും, 

വൈക്കം ബഷീറെന്ന,
സുൽത്താൻ്റെ മദ്ഹുകൾ
ബൈത്താക്കിപ്പാടുവാൻ
കനവെന്നിലും കനിയേണമേ. 

മൂന്നാം കോർവ 

നഗരത്തിന്റെ
തിരക്കുകളും ഒച്ചകളും,
കല്ലായിപ്പാലവും വട്ടക്കിണറും കടന്ന്,
വൈലാലിലെത്തുന്നു. 

വാക്കുകൾ 
അടയിരുന്നു പെറ്റു പെരുകിയ
വൃക്ഷത്തണലിൽ 
നിഴലുകൾ
ഇരവോതിയിരുന്നു. 

"അനന്തമായ
വാക്കുകളുടെ ഖജാന
തുറന്നു നൽകേണമേയെന്ന്.
വാക്കുകൾക്കുമേൽ
അടയിരിക്കാനുള്ള
വിത്തുകൾ നൽകേണമേയെന്ന്." 

കാറ്റു വന്നു തൊടുമ്പോൾ
ഉലഞ്ഞിളകുന്നു
പനിനീർ പൂവുകൾ. 

ഇലകളിൽ
വാക്കുകൾ മന്ത്രമാകും കിലുക്കങ്ങൾ. 

അതിരില്ലാത്ത പ്രപഞ്ചം,
തൊട്ടു നിൽക്കുന്ന കടൽ.
വന്നു പോകുന്ന തിരമാലകൾ. 

നാലാം കോർവ 

ശൈഖവർ തന്നുടെ 
ബൈത്തിലായുള്ളോരും
ശിഫയായ് ഹരീഖിൻ്റെ
നടുവിൽ പിറന്നോരും 

കഥയാരുമറിയാത, 
ലോകമറിവായും
കഥനത്ത്വരീഖത്തിൽ
ശൈഖവരെന്നോരും 

ഇശ്ഖിൻ്റെ നോവെന്നും
മനമതിലുള്ളോരായ്
ഇശ്ഖിൻ്റെ ഹഖെല്ലാം
വേറെയതെന്നായും 

അന്നു ചെറുപ്പമിൽ
കൂട്ടായിരുന്നെന്നും
അകമിൽ നിറഞ്ഞുള്ള
പ്രണയമറിവായും. 

സൂഫിയിൽ വര്യരാം
ഹല്ലാജവരുടെ 
കദനം നിറഞ്ഞുള്ള
വചനമെടുത്തോരും 

ഞാനും നീയുമെന്നു -
ള്ളാനന്ദ നേരെല്ലാം
ഫൽസഫയെന്ന പോൽ
കഥയിലുണർത്തുന്നേ 

കോടാനു കോടിയിൽ
വിസ്മൃതമെല്ലാമേ,
ഇല്ലായ്മ തന്നിലായ് 
ആരും ലയിക്കുമേ. 

തത്ത്വങ്ങൾ പലമയിൽ
പലതും പറഞ്ഞാരേ
പുലർമയിൽ സ്വാതന്ത്ര്യം
മോഹമതൊന്നാലേ 

ഗുരുനാഥരായുള്ളോർ
അരുതെന്നുണർത്തീട്ടും
ദേശമതൊന്നാകും
സമരത്തിലൊന്നായേ 

വലിയോരെ തൊട്ടുള്ളം 
വാരം നിറഞ്ഞെന്ന്
ഉമ്മയോടിമ്പമായ് 
വാർത്ത കൊടുത്തോവർ. 

കോഴിക്കോട്ടത്തുറ
തന്നിലണഞ്ഞന്ന്
അൽ അമീൻ റഹ്മാനിൽ
ചേർന്നു വളർന്നോവർ 

ഗാന്ധിയും റഹ്മാനും
ഗുരുനാഥരെന്നായെ
അവരുടെ രാഷ്ട്രീയം
സ്വാതന്ത്ര്യമെന്നായേ 

രൂക്ഷമാം പോരാട്ടം
ലക്ഷ്യമതൊന്നാലേ
പ്രഭയെന്നുജ്ജീവനിൽ
താളുകൾ തീർത്താരേ 

ഉപ്പു സമരത്തിൽ
മാർഗ്ഗം നടന്നന്ന്
തടവറ തന്നിലായ്
ദുരിതക്കടലായേ 

ധീര ഭഗത് സിംഗിൻ
വേർപാടറിഞ്ഞന്ന്
ഉപവാസം കൂടുന്ന
നാളും കഴിയുന്നേ 

ജയിലിന്നകമിലും
വാടികയാകുന്നേ
നരകത്തിലാരാമം
തന്നെയതെന്നായേ. 

ജാലങ്ങളേറെയും 
സീറയിലെന്നായേ
ആന കുറുകെയായ്
വഴികൾ നടക്കുന്നേ 

ഓത്തുപള്ളിപ്പാഠം
ചൊല്ലിപ്പഠിച്ചാലും
ഓത്തുകഴിഞ്ഞേറെ
പാഠമതെന്നായേ 

അറബി മലയാളം
അറിവു മതിയെന്നാൽ
അറിവിൻ്റെ നിറവാതിൽ
അടയുമെന്നുള്ളോരേ 

ഏറ്റം വിശപ്പിനാൽ
ഏറേ വലഞ്ഞാരേ
ഏറെ സഹനത്തിൽ
ഏകം വളർന്നാരേ 

തേനൂറും മാധുര്യം
വാക്കിലുഴിയുന്നേ
ദയവെന്ന് കള്ളന്ന്
പേര് കൊടുക്കുന്നേ 

തനതകം കിസ്സകൾ
നോക്കിയെടുത്തന്ന്
വാമൊഴിക്കനുരൂപം
പുതുമയിലെന്നായേ. 

ഹഖിൻ പുരമാകും
കോഴിക്കോടെന്നുള്ള
ബേപ്പൂരിൻ സുൽത്താനായ്
പെരുമയും കൂടുന്നേ. 

അഞ്ചാം കോർവ 

ഒരു ചോദ്യവും ലളിതമല്ല
ഒരുത്തരവുമെന്ന പോലെ
ഒറ്റ ഉത്തരത്തിൽ തീരുന്ന
ചോദ്യങ്ങളില്ല. 

ആർക്കുവേണം സ്വാതന്ത്ര്യം?
ഒന്നും ഒന്നും കൂട്ടിയാൽ എത്ര?
ഭൂമിയുടെ അവകാശികളാര്? 

ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്കൊന്നും
വിമോചനം ഉത്തരമാകുന്നില്ല. 

ഇപ്പോൾ പറഞ്ഞേക്കാമെന്ന് കരുതിയിരുന്ന
ചോദ്യങ്ങളുടെ ഉത്തരങ്ങളെല്ലാം
തെറ്റായിരുന്നെന്ന് തോന്നുമ്പോഴേക്കും 
കാലമെത്ര നിലാവൊഴിഞ്ഞ്
കടന്നു പോയിരിക്കുന്നു. 

വേനൽ പതിഞ്ഞ മണ്ണിൽ നിന്നും
അടയാളങ്ങളെത്ര
മാഞ്ഞു പോയിരിക്കുന്നു. 

ഭാഷയുടെ 
ആകാശത്തെ ഒന്നു കൂടി 
വിപുലപ്പെടുത്തി
ഭാഷയിലൂടെ 
അതിരിനപ്പുറത്തേക്ക്
നടന്നു പോകുന്നൊരാൾ. 

ഒന്നും ഒന്നും കൂട്ടിയാൽ 
ദീർഘമായ മറ്റൊരുത്തരമാകുമെന്നറിവ്, 

ചില്ലയും കനിയുമായും
ഇലയും തളിരുമായും 
പൂവുകൾക്കിടയിലൊരലയായും
മഹാവൃക്ഷമായും
കൂടുമാറും വഴക്കം. 

“ആ പൂവ് എന്തു ചെയ്തു?
തിടുക്കപ്പെട്ടന്വേഷിക്കുന്നെന്തിന്?
ഓ ഒന്നുമില്ല
അതെൻ്റെ ഹൃദയമായിരുന്നു’’. 

സംഗതി അറിഞ്ഞാൽ,
ആ ഹൃദയത്തെ
ആരെല്ലാം പകുത്തെടുത്തു 

പരുന്തുകൾ
എറിയൻ
അണ്ണാൻ 
കോഴികൾ 
എലികൾ 
വവ്വാലുകൾ 
ചിതലുകൾ 
കാക്കകൾ 
പെണ്ണട്ടകൾ
ആണട്ടകൾ
ചേരട്ടകൾ
കുരുവികൾ
പെൺവേശ്യകൾ
ആൺവേശ്യകൾ
കൂട്ടിക്കൊടുപ്പുകാർ 
ആടുകൾ
ആനകൾ
സ്വവർഗ്ഗകാമികൾ
പോക്കറ്റടിക്കാർ 
കൈനോട്ടക്കാർ
തൊഴിലാളികൾ 
വായനക്കാർ
കള്ളന്മാർ 
നർമ്മഭാഷകർ
ഫക്കീറുകൾ
പ്രസാധകർ
കാഴ്ചയില്ലാത്തവർ 
സ്ത്രീകൾ 
പുരുഷന്മാർ 
യക്ഷി കിന്നര ഗന്ധർവ ജിന്നാദികളായ 
സ്ഥലത്തെ പ്രധാന ദിവ്യന്മാർ
തമിഴ് പേശും
മകുടിയൂത്തുകാർ
സാഹിത്യകാരന്മാർ
മുലയൂട്ടിയവർ
ചിരിച്ചുകൊണ്ടു 
വർത്തമാനം പറയും ദൈവങ്ങൾ,
മാനും മനുഷ്യരും 
കവല,കൈവഴി
വഴിയമ്പലങ്ങൾ
വിജനദേശങ്ങൾ
നാട്ടിൻപുറങ്ങൾ
നഗരങ്ങൾ
കഥകൾ മേയുമകങ്ങൾ
അനന്തമാം സമയത്തിലെ
അനർഘ നിമിഷങ്ങൾ! 

സമുദ്രമെന്നപോൽ
വന്നു ചേർന്നവയെ,
ഉൾവഹിച്ച അകക്കരുത്തേ, 

പ്രപഞ്ചത്തെ 
അപഹരിച്ചെടുത്ത് 
മന്ത്രിക മൊഴികളിലൊളിച്ച കറാമത്തേ, 

ആ ഹൃദയം
കവർന്നെടുത്തതാരൊക്കെ? 

ആറാം കോർവ 

സൂഫിയായന്ന്
വീഥിയലഞ്ഞു രാവുകളിൽ.
ജബലുകൾ ചേർന്നു മൗനമതിൽ,
ആശ്രമവും വസിപ്പവരായ്. 

പ്രവചനക്കെട്ടും തോന്നും,
ജ്യോതിഷക്കലയും ചേരും,
കരുണയാലപരം പോരും
എന്നതുള്ളവരായ്. 

ഹുത്തിനയെന്നായ്
മനമത്, മൊഴികളെഴുതുന്നെ
സാരം,വന്നു കൂടുന്നെ
മനമതിൽ നിന്നുമെന്നവരും. 

പൊള്ളലെന്നുള്ള ഖൽബ് 
മുത്തമൊന്നാലേ
തണുവതിൽ ചേർത്തിടാമെന്ന്
പ്രണയമിൽ ചേർന്നറിഞ്ഞവര്. 

ഏഴാം കോർവ 

മുത്തഫാ തന്നുടെ 
രസികമതെല്ലാമും
സരസം മദ്ഹ് പോൽ
കൽപനാ വൃത്തമേ 

സൈനബപ്പെണ്ണാളിൻ
സൂത്രമതൊന്നിന്നാൽ
കേമരായ് മുത്തഫാ
സ്ഥലമിൽ വിലസുന്നേ 

ആനയെന്നോർക്കാതെ
വാരിയൊതുക്കുവാൻ
തഞ്ചമിൽ കൂടുന്നെ
രാമനവർകളും 

പൊന്നിനാൽ തീർത്തുള്ള
കുരിശു കവരുന്ന,
തോമയവർകളും
കഥയിൽ നിറയുന്നേ 

നമ്മളല്ലാതാര്
എന്നുള്ള ചോദ്യത്താൽ
മമ്മൂഞ്ഞിസ്സാഹിബും
രംഗത്തിറങ്ങുന്നേ 

മൂർഖനാം പാമ്പിൻ്റെ
സ്റ്റൈലൊന്നറിയുന്നേ
നാമം സഖാവെന്ന്
ചൊല്ലി വിളിക്കുന്നേ 

ലോകമതാകെയും 
ഗന്ധമറിയുന്ന 
നാസികാവൃത്താന്തം
നീട്ടിയെടുക്കുന്നേ  

നെയ് തിന്നു തകിലനായ്
കൂടി നടന്നുള്ള
ഖാദറിൻ വമ്പത്തം
തീർത്തു പറഞ്ഞാരേ 

മാതാവേയെന്നുമ്മ 
വിളി കേട്ടു വന്നാരെ
കയിലിൻ്റെ കണയാലെ
അടിയേറെയെന്നാരേ 

വാപ്പ,പിതാവെന്നായ് 
ചെന്നു,വിളിച്ചാരെ
അടിപൂരം കൊണ്ടെന്ന്
ഓർത്തു രസിക്കുന്നേ 

പ്രിയമേറെ കൊണ്ടുള്ള
തരുണികൾക്കെല്ലാമെ
ചാമ്പപ്പഴം തന്നിൽ
ഖൽബ് കൊടുക്കുന്നേ 

വേലക്കാരിയാൾക്ക്
കൂലി കൊടുക്കാതെ
നിക്കാഹ് ചെയ്തന്ന്
വീടരായ് വെച്ചുള്ള 

അദ്ദുറുമാനുള്ള
മേൻമത്തരങ്ങളെ
കണ്ണുകൾ രണ്ടാലെ
നോക്കിയെടുക്കുന്നേ 

ശുഭമായിത്തീരട്ടെ
കളവും കലയെന്നായ്
കള്ളന്നു കൈനീട്ടം
നൽകിയയക്കുന്നേ 

കഥകളതെല്ലാമേ
ദൈവമറിയുമ്പോൾ 
ഇരവുകളെന്തിന്നായെ-
ന്നായിരുന്നാരേ. 

എട്ടാം കോർവ 

നക്ഷത്രമാലകൾ നിറയുന്നൊരാകാശം
മേഘമാലകൾ നീങ്ങുന്നൊരാകാശം 

പുലർകാലങ്ങൾ മാറി മാറി വന്നു
വെയിലിൻ്റെ പരിലാളനയും 

പ്രണയത്തിലായ രണ്ടു പേർ
ആകാശത്തിലേക്കുയരുന്നു
അതുവരെയില്ലാത്ത പാതകൾ
തിരഞ്ഞെടുക്കുന്നു. 

ആകാശം സ്വാതന്ത്ര്യത്തിൻ്റെ മാധുര്യം പകരുന്നു. 

യാത്ര അവസാനിക്കുന്നില്ല 
ഇപ്പോഴുമെന്നതു പോലെ 
എപ്പോഴുമത് തുടരും
ഭാഷയുടെ കലവറ
കൈമറിയുന്ന സായാഹ്നം വരെ. 

ഒമ്പതാം കോർവ 

ആനകളജബുകളേറെയലങ്കാരം,
പോരിശ,പെരുമയെന്നേ, 

പെരുമ തന്നകമിലായ് കൂടും
മൻസിലതിൽ
ഫത്ഹത്താൾ വളർന്നു വന്നേ 

കാരുണ്യം പകരുന്ന കൺകൾ
കൊടുത്തെന്നും
തൊടിയെങ്ങും നടന്നും കൊണ്ടേ 

ആമ്പൽ പൂ പൊയ്കയൊന്നിൽ 
നീന്തിത്തുടിക്കുന്നേ
ആലക്കിനുള്ളം കൂടുന്നേ 

ഇണക്കിളിയിരുതനു കൂടി
കലമ്പുന്നെ,
പരസ്പരം,കൺകൾ നിറഞ്ഞേ 

കാരുണ്യമോടെ 
കണ്ടു താനെന്നറിവാലേ
കുരുവിപ്പെണ്ണതിനെയൊന്നേ 

പ്രാണജലം പോലതിൻ 
ചുണ്ടിലൊഴുക്കുന്നേ 
പലതുള്ളി തന്നെ മറന്നേ

വഴിയിൽ നിന്നുയരുന്ന 
കൈകൾ മുറുകുന്നേ
ഏതോ കറാമത്തിലന്നേ 

കരളിന്റെയുള്ളിൽ നിന്നും 
നോവൊന്നുയരുന്നേ
വേദന വളർന്നു പിന്നേ 

ആരാമം തന്നിലൊന്നിൽ കൂടി 
നിലകൊള്ളാൻ 
ഹാലൊന്നിലവളും വന്നേ 

ഒരു മെതിയടിയുടെ താളം
കൊഴുക്കുന്നേ 
ഒരു കാലം മറവിൽ നിന്നേ  

വെട്ടത്തിന്നുള്ളം വെട്ടം 
കണ്ടു നിന്നോരായേ
സകലതും മറവിലെന്നേ. 

പൊയ്ക തന്നരികിലായ്
കൂടി കഴിയുന്നേ 
ഇണക്കമായിരുവരുമേ 

കുരുവികളിണകളായ്
പാടിയണയുന്നേ
കനവിന്റെ കൂടും തുറന്നേ. 

പത്താം കോർവ 

ദുനിയാവതാകെയും 
സകലതിനുമായവകാശത്തിന്നുള്ളരുളറിവായവരുടെ ശിഫ 

ഹയാത്തിൻ നേരും, 
പൊരുളും,
കലകൾക്കുമേകമെന്നുണർത്തലാകും ശിഫ 

എന്നുടയോനൊരു 
കലാകാരനെന്നുരൈത്തവർ പടൈത്തുളെള 
വിനീത കലാകാരനിവനെന്ന നിലയും ശിഫ,  

പടപ്പുകളെന്തിനെന്നുള്ളതിനുണ്ടായിര-
മെഴുത്തുകളെന്ന ശിഫ,
അതിലേതെഴുത്തുമുത്തരമന്ന 
ശിഫ, 

അനന്തമാമാകാശത്തിലൂടെ
പറന്നുപോകും പറവയെന്ന
ശിഫ,
അതിനിടയിലൊരു തൊടിയിലിറങ്ങി
അനർഘമാം കിസ്സകൾ 
കൊണ്ടൽപ്പനേരമിരുന്ന് പറന്നകലുമെന്ന ശിഫ, 

ആകാശമാകെയും കഴുകി ചായമടിച്ച് പുത്തനാക്കിയും
മാനും മനുഷ്യരും 
കോർവയുടെ പുതു വെട്ടത്തിൽ തെളിയുന്നതറിഞ്ഞും,
കൊണ്ടവരായ് മനമിൽ നിറയും മൊഴികൾ ശിഫ 

അനുപമമായ  
ജമലിയാത്തിൻ്റെ ഉറുക്കുകൾ മന്ത്രിച്ചൂതിയ ശിഫ. 

പതിനൊന്നാം കോർവ 

വൈക്കത്തു ദേശമിൽ,
പാത്തുമ്മാടാടിൻ്റെ കിസ്സ,
നുവൽത്താരേ 

ആടിൻ്റെ തഞ്ചവും 
സഞ്ചാര ഭാവവും
കണ്ടു പറഞ്ഞാരേ 

വീടകം
കേറി നടക്കുന്നൊരാട്
കിത്താബ് 
വായിച്ചു തിന്നുന്നൊരാട്
തന്നിഷ്ടം പോലെ കഴിയുന്നൊരാട്
കണ്ടു,
പുതപ്പും തിന്നുന്നൊരാട് 

ഇമ്പമതേറെയുള്ളാടിൻ്റെ 
മേടിനാൽ
ഏറെ വലഞ്ഞാരേ,
സുൽത്താൻ 
വായിച്ചെഴുതുവാൻ 
മാർഗ്ഗമതില്ലാതെ 
ലേശം സഹിച്ചാരെ 

പെറ്റുള്ളോരാടിൻ്റെ
വാർത്തയെ ഡുമ്മെന്ന്
ചേലിലെടുത്താരെ
കുട്ടികൾക്കെല്ലാമേ
പാല് കൊടുക്കുവാൻ
നിന്നു പറഞ്ഞാരേ 

കാണാതെടുക്കുവാനുള്ളൊരു
ശീലങ്ങളാർക്കുമതുണ്ടാമേ,
അതുമേൽ
തോന്നാതിരിക്കുവാനുള്ള ശ്രമങ്ങളും
വേണമെന്നാരിലുമേ 

കൂട്ടുകൂടുംബങ്ങളൊന്നാകെ പാർക്കുന്ന
വാർത്ത പറഞ്ഞാരേ 
സോദരന്മാരിൽ 
പിണങ്ങിയിണങ്ങിയും 
നിന്നു മറന്നാരേ 

തന്നുടെ കൈകളാൽ 
നട്ടു വളർത്തിയ 
ചാമ്പ മരമൊന്നിൽ
തന്നുടെ രക്തത്തിൻ തുള്ളികളാണെന്ന് 
കല്പന കണ്ടാരേ. 

പന്ത്രണ്ടാം കോർവ 

വാതിലുകൾ 
തുറന്നിട്ടിരുന്നു
കടലാസുകൾ ചിതറിക്കിടന്നു
എഴുതിത്തുടങ്ങിയ
പ്രണയ ലേഖനങ്ങൾ
ചുമരുകളിൽ 
അലസമായി പതിച്ചു വെച്ചിരുന്നു
അടപ്പൂരിയ പേനയിൽ നിന്നും മഷി തൂവിക്കിടന്നു
ഹൃദയത്തിൻ്റെ ആകൃതിയിലുള്ള
മഷിപ്പാത്രം 
നിലത്ത് ചിതറിക്കിടന്നു. 

പുറപ്പെട്ടുപോയ 
സൗന്ദര്യ ദേവതയുടെ ആലയമെന്നപോലെ. 

അതിവ്യസനം കൊണ്ടെന്ന പോലെ 
ആത്മാവ് 
കുരിശിലേറിയ ദൈവപുത്രൻ്റെ  
രൂപം പ്രാപിച്ചിരിക്കുന്നു. 

ഒരു കൊടുങ്കാറ്റ് ആ മുറിയിലേക്ക് 
ഇരച്ചുകയറുന്നു
ചുവരിൽ ഒട്ടിച്ചുവെച്ച പ്രണയലേഖനങ്ങളെല്ലാം 
അതു പറത്തിക്കളഞ്ഞു
ചുംബനച്ചിറകുകളാൽ അവ 
സ്വയം പറന്നുയരാൻ ശ്രമിക്കുന്നുണ്ടെങ്കിലും. 

എൻ്റെ പ്രിയപ്പെട്ട സഹോദരിക്ക് 
സ്വന്തം സഹോദരൻ 
എന്നെഴുതിയ കടലാസ് തുണ്ട്
ചുമരിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കേ… 

പതിമൂന്നാം കോർവ 

മതിലുകൾ മതിലുകൾ
നീലാകാശം 
മേലെയതെല്ലാം മതിലുകളെന്ന്
പ്രണയിനിയില്ലാ ലോകമതെന്നുള്ളനുഭവമായ്. 

പ്രണയത്തിൻ ചെറു കമ്പുകളന്ന്
നീലാകാശമുയർന്നു പറന്ന്,
ജയിലകമതിലും പ്രേമത്തിൻ കല
നട്ടു വളർത്തുകയായ്, 

ചില്ലകൾ ചാടി നടന്നു രസിക്കാതെന്തിതു, വെറുതെയിരിക്കുന്നെന്ന്
അണ്ണാനതിനൊട് വാർത്തകൾ കേട്ട് 
നടന്നിടലായ്, 

ഭൂമിയിലേറ്റം മോഹന മൊഴിയിൽ, മയങ്ങിയിരുന്നിടലായ്. 

പതിനാലാം കോർവ
(സ്വപ്നങ്ങൾ) 

മാങ്കോസ്റ്റിൻ ചുവട്ടിൽ
നിലാവിൻ്റെ
രോമക്കുപ്പായമണിഞ്ഞൊരു സ്വപ്നം
മാന്ത്രികമായ ശബ്ദത്തിൽ 
കഥകൾ പറഞ്ഞു തുടങ്ങവേ,
ഒരു മാന്ത്രികപ്പൂച്ച
ഉറക്കത്തിന്റെ അടരുകൾക്കുള്ളിൽ നിന്നും
മാങ്കോസ്റ്റിന്നരികിലെ 
രാത്തണലിൽ വന്നിരിക്കുന്നു. 

സ്വപ്നങ്ങൾ,
മരിച്ചു പോയ അവയുടെ യജമാനരോടൊപ്പം
മരണത്തിൻ്റെ കുപ്പായങ്ങൾ ധരിക്കുന്നില്ല. 

മരിച്ചവർക്കു വേണ്ടി, 
അവ ഭൂമിയിൽ കാവലാകുന്നു. 

ഓരോ സ്വപ്നത്തിനും 
പറയാനുണ്ടായിരിക്കും
ഓരോ കഥകൾ. 

പോളകൾ തുറക്കൂ
കാണൂ
കഥകളുടെ കഥകൾ. 

ഒന്നാമത്തെ സ്വപ്നം  

പുലർകാലമായിരുന്നു,
അപരിചിതനായൊരാൾ വന്നു,
എന്തോ പറഞ്ഞു പോയി. 

അതിയായ ദുഃഖത്താലും വിഷാദത്താലും
എഴുന്നേറ്റു നടക്കാൻ തുടങ്ങി
എന്നെയും ചേർത്തു പിടിച്ചു കൊണ്ട്. 

തൊടികളിൽ നിറയെ ചെടികൾ വെച്ചു പിടിപ്പിച്ചു
അതിനുമേലെ നീലാകാശം നിവർത്തി വെച്ചു
ചെടികൾക്ക് വളമിടുകയും നന നൽകുകയും ചെയ്തു
അതീവ സുഗന്ധമുള്ള പൂക്കൾ വിരിയിച്ചു. 

അതിനരികിൽ 
പ്രണയമധുരത്തിൻ്റെ 
ചില്ലുപിഞ്ഞാണം തുറന്നുവെച്ചു.
പൂമ്പാറ്റകൾ, ഉറുമ്പുകൾ 
അണ്ണാൻ കുഞ്ഞുങ്ങൾ 
വന്നെത്തിയവർ
ആ മധുരം അല്പാല്പമായി നുകർന്ന്
സ്വയം മറന്നു.
ഒരു ബീഡി കത്തിച്ചു,
പാട്ടു മൂളി, 
ശുഭം എന്നു കേട്ടു കൊണ്ട്
തിരികെ നടന്നു. 

രണ്ടാമത്തെ സ്വപ്നം  

ഒരു മിന്നലിടയൊന്നിൽ,
കുമിളപോൽ,പൊഴിയുന്ന, 
അനർഘമാം 
ജീവിതത്തിന്നൊരു പകലിൽ, 

നഗരാരവം വിട്ടു,
തെല്ലങ്ങകലെയായ്
കാണുന്നൊരു പഴക്കമെന്നാലും 
പ്രൗഢം,വീടതൊന്നിലായ്, 

ഏകാന്ത സുന്ദരമാം 
പകലുകൾ രാവുകളും 
മായുന്ന ദിനങ്ങളെന്നാ-
യുണർന്നിരിക്കാൻ, 

ജമുക്കാളം, രാവിരിപ്പും
ഗ്രാമഫോണും,റാന്തലൊന്നും,
പുസ്തകങ്ങളായതെല്ലാം
എടുത്തുകൊണ്ടും, 

വാടകക്കാരനായങ്ങെത്തിടുന്നു 
വീടതൊന്നിൽ
അതുവരെയില്ലാതു-
ള്ളോരുത്സാഹമെന്നായ്. 

നിറയുന്ന റോസാദലം
വിടരുന്ന ചെടികളും 
കിണറിന്റെ തൊടിയിലായ് 
കിനാവിലായും, 

ഏതു ഗാനം കൊണ്ടു വേണം 
മാളികയൊന്നതിൻ്റെ
മുറിയ്ക്കുള്ളിൽ,
ആദ്യ രാവെന്നറിയാതെയും, 

ഇനിയൊരാളും കാണല്ലെന്ന
ലാവണ്യ രൂപമൊന്നായ്,
ഒരു കന്യയെന്ന പോലെ 
കണ്ണിൽ നിറഞ്ഞും. 

ഒഴിഞ്ഞൊരാൾ പോകുമെന്നാൽ
വരാമൊരാളപ്പോഴേക്കും
വാടകയ്ക്കെന്ന മട്ടിൽ
വഴിപ്പുരയിൽ. 

പ്രേമമുള്ളോരുള്ളിൽ നിന്നായ്,
ഉണരുന്ന വർത്തമാനം
കേട്ടതാവാം,
ഹൃദയത്തിൽ നീലവെട്ടമായ്. 

യുക്തികോർക്കും സൂചി കൊണ്ടാ 
വിസ്മയത്തിൻ നീല വെട്ടം
അണയ്ക്കുവാൻ തോന്നിടാതെ
ഇരുന്നു ശേഷം. 

മൂന്നാമത്തെ സ്വപ്നം  

അവസാനത്തെ 
ഉടുപ്പുകളുമായെത്തുന്ന
മരണത്തിൽ ഉമ്മ വെച്ച്
ദുനിയാവിലെ അനർഘമായ നിമിഷത്തിൽ നിന്നും പറന്നുയരുന്നു ദേശാടനപ്പറവകൾ 

ഇന്നലെ പറന്നിറങ്ങി 
ഇന്നിൻ്റെ നിമിഷത്തിൽ 
ചിറകുകൾ താഴ്ത്തി,
ഇന്നലകളിലേക്കു മറയുന്ന
ദിനങ്ങളുടെ മാല. 

നീയും ഞാനുമെന്ന
യാഥാർത്ഥ്യങ്ങൾക്കിടയിലെ
മതിലുകൾ പൊളിക്കാനാവാതെ
നമ്മളിപ്പോഴും തുടരുകയാണല്ലോ. 

ഇനിയും വായിക്കാവുന്ന 
പുസ്തകമായി 
ജീവിതം തൊട്ടു മുമ്പിൽ നിൽക്കുന്നു
യാഥാർത്ഥ്യത്തിൽ നിന്ന് 
അമൂർത്തതയിലേക്കുള്ള യാത്രയ്ക്കിടയിൽ. 

പതിനഞ്ചാം കോർവ 

അതി വിസ്തൃതമായൊരാകാശം 
സങ്കൽപ്പിക്കാനാവും
അതിനുമേൽ മധുരമെന്ന
കിനാവിലാകുവാനാരു മതിയാവും? 

അതിവിപുലമായ 
പ്രപഞ്ചം കാണാനാവും
അവിടം 
അനുഭവങ്ങളുടെ മഷി പുരണ്ട
വിരലറ്റങ്ങൾ കൊണ്ട്
തന്റെതു മാത്രമായൊരു സ്ഥലരാശി
ആർക്കടയാളപ്പെടുത്താനാവും? 

എത്ര ദൂരം നടത്തിക്കൊണ്ടു പോകാനാവും 
ഒരു വളർത്തുമൃഗത്തെ ഒരാൾക്ക്
ഒരു പിടിവള്ളി കൊണ്ടുപോലും നിയന്ത്രിക്കാതെ,
അതിനുമേൽ 
അധികാരലേശവുമില്ലാതെ. 

എത്ര ഉയരത്തിൽ വളർത്തിയെടുക്കാനാവും 
ഒരു വൃക്ഷത്തൈ ഒരാൾക്ക്
ഭാഷ കൊണ്ട് 
എത്രകാലം ജലം പകരാനാവുമതിന്?
ഭാവനയുടെ എത്ര കാതൽ വലയങ്ങളുണ്ടാവുമതിന്
അതിവിപുലമായ പ്രപഞ്ചത്തിൽ നിന്നുകൊണ്ട്
ആകാശത്തിലേക്ക് 
അതിവിസ്തൃതിയിലേക്ക്
അതിനെ എങ്ങനെ പകർത്തി വെയ്ക്കാനാവും 

അയാൾക്കു പേര്
കഥകളുടെ സുൽത്താൻ. 

പതിനാറാം കോർവ 

ആനന്ദം,
സൗജത്താളിൻ,
മോഹമതിൽ പുറപ്പെട്ടു 

ആളാഴം
സാരമുള്ള പുഴ കടന്നും,
തിരയും
ഹുബ്ബേറെയെന്നതിനെന്നായ്
പഴമതുമേ. 

മഴയതു കൂടും രാവതു നിറവിൽ
കടയോരോന്നായടയും പതിവിൽ
കടവിൽ തോണി മടങ്ങിയ നേരം
പുഴയതു മറയുകയായ് 

ആ രാവിൽ
നനവുള്ളോരുടലുമായ്
പുഴവക്കിൽ 
വഴിയേതെന്നറിയാതെ
തിരവതിലായ്
അതുമേൽ
ഒരു മിന്നൽ വെളിച്ചത്തിൽ
തുടർന്നീടലായ്. 

പാതിര കൂടിയ നേരമതൊന്നായ്
ഹാജത്തരികിൽ ചേർന്നവരെന്നായ്
മാന്ത്രിക കഥയാലല്ലികളതുമെ
പഴമെന്നാകുന്നെ. 

വേണ്ട,
മോഹമതൊന്നേ വേണമതെന്നായ്
ബീവി പിണങ്ങുന്നേ 

സൗജത്താളിൽ പ്രണയമതൊന്നിൽ
സാഹിബ് ഭാവം രോഷമതെന്നായ്
പാതി നിലാവിൽ പരിഭവമെന്നായ്
രാവു മടങ്ങുകയായ്, 

ശേഷം,
നീരസഭാവമൊഴിഞ്ഞന്നിണകൾ
അല്ലികൾ നുകരുന്നേ. 

പതിനേഴാം കോർവ 

വെളിച്ചത്തിനുമേൽ 
വെളിച്ചമെന്ന പൊരുളകമേ,
ഒഴിയാത്ത പാതകങ്ങൾക്കിടയിൽ
ഞങ്ങൾ മരവിച്ചിരിക്കുന്നു. 

അധികകാലമില്ല,
മനുഷ്യരെന്ന അധികാരം.
സ്ഥലത്തെ പ്രധാന ദിവ്യൻമാരെല്ലാം
തൊട്ടടുത്ത പേരുകൾ. 

നീണ്ടു നീണ്ടു വരുന്ന അധികാരം,
ശ്വസിച്ചു കൊണ്ടേയിരിക്കുന്നു
ശ്വസിച്ചു കൊണ്ടേ, 

മോഹഗന്ധങ്ങൾ
ശ്വസിച്ചു കൊണ്ടേ  

അണച്ചുപിടിക്കാവുന്ന,
പ്രണയം പോലും 
ഞങ്ങൾക്കിന്നില്ല. 

നിശ്ശബ്ദമായ്,
സായാഹ്നത്തിലേക്ക്
തിരിച്ചു പോകയാണെല്ലാം. 

ചില്ലകൾ കൈവിടുന്നു 
വിഷാദ സാന്ദ്രമാം കതിരുകൾ. 

റോഡിൽ
വൃത്തഭാഷയിലെന്തോ
എഴുതിയോടുന്നു വാഹനങ്ങൾ. 

ചക്രം
തിരിഞ്ഞുതാഴ്ന്ന്
വെളിച്ചത്തിൻ്റെ വാതിലടയുന്നു. 

"പരസ്പരം
മഹാമാരിക്കാലം കഴിഞ്ഞു കാണാം" 

അതി ദുർഘടമായൊരു
നരക പാതയ്ക്കുമുന്നിലെഴുതി 
വെച്ചിട്ടുണ്ടായിരിക്കുമെന്ന്
സങ്കൽപ്പിക്കാവുന്ന
സൂചകവാക്യം പോലെയൊന്നാണത്. 

അനന്തമായ പ്രതീക്ഷയും
അനന്തമായ ഭയവും കൊണ്ടുവരുന്നത്.
ഏതു നഗരത്തിലും 
അർത്ഥങ്ങൾ മാറിപ്പോകുന്നത്. 

മാങ്കോസ്റ്റിൻ മരത്തിൻ്റെ 
ചുവടെ
ഇലകളിലെഴുതിയ കഥകൾ 
ഇനിയുമിനിയും ഊർന്നുവീഴും 

ഓരോ കഥയും 
അനന്തമായ സമയത്തിൻ്റെ 
അനാമത്തുകൾ. 

ഓരോ കവിതയും എന്ന പോലെ.
ഓരോ വായനയും എന്ന പോലെ. 

പതിനെട്ടാം കോർവ 

അണഞ്ഞിടാം സമ്മ്യക്കിൻ 
ലോകമതൊന്നിൽ
അതിനേറെയുണ്ടെന്നിൽ 
ദാഹമതുള്ളിൽ 

പതിവെന്നാൽ
സാധ്യമല്ലെന്നുമറിവിൽ
കാണും കിനാവിലെന്നാളും
മൊഴിയിൽ 

ജബലുകൾ തന്നിടെ 
ഹാജറ പോലെ
മനമോടും ബൈത്തിലും

വാഴ് വിലും കൂടെ 
സുൽത്താനായ് 
വാഴ്കയെന്നാളുമതെന്നേ
ഇരവുകളോതിത്തുടർന്നു
നടന്നേ. 

പത്തൊമ്പതാം കോർവ
(ഇരവ്) 

ഒരു തൈ നടുവതിരവ്
അതിരില്ലാത നനവതിരവ്
അരുൾ പകരുവതിരവ്
അറിവേ വാഴ് വതിരവ്.

▮ 

കിസ്സകൾ = കഥകൾ 
ബൈത്ത് = കാവ്യം
ശായിർ = കവി
കോർവ = രചന
ദുനിയാവ് = ലോകം
ഉതവി = സഹായം
ശൈഖ് = ഗുരു
ശിഫ = ആശ്വാസം, ശുഭം
ഹരീഖ് = തീ, ഹയാത്ത് = ജീവിതം
ഫൽസഫ = തത്ത്വചിന്ത, 
ഹഖ് = സത്യം, മദ്ഹ് = പെരുമ
ആലക്ക് = അട്ട
ജബൽ = പർവ്വതം
ഹുബ്ബ് = സ്നേഹം.


Summary: A long poem on the theme of Malayalam novelist Vaikom Muhammed Basheer mp anas writes


എം.പി. അനസ്

കവി, എഴുത്തുകാരൻ, അധ്യാപകൻ. സകലജീവിതം, സമതരംഗം, അയ്യങ്കാളിമാല എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments