വീട്ടിന്ന് സ്കൂളിലേക്കും
തിരിച്ച്
അതേ വരവഴി
സ്കൂളീന്ന് വീട്ടിലേക്കുമുള്ള നടപ്പ്
കൊച്ചാരുന്നപ്പഴേ മടുത്തു
ആലീസിന്.
നേരെ നേരെ എന്ന്
അപ്പനുവമ്മയും പറഞ്ഞത് കേക്കാണ്ട്
അവളാ നേർവര മുട്ടിച്ച് വരച്ചുചേർത്തു
ചെറുവൃത്തങ്ങൾ
ചതുരങ്ങൾ
ത്രികോണങ്ങൾ.
അവയിലൂടെ കേറിയും ഇറങ്ങിയും
വളഞ്ഞും നടന്ന്
വൈകി സ്കൂളിലെത്തി.
വൈകി വീട്ടിലെത്തി.
ഉത്സവകാലത്ത് മൈതാനത്തുയർന്നു വന്ന
ആകാശത്തൊട്ടിൽ നോക്കി നോക്കി നിന്നു പോയ
അവളെ കാണാത്തോണ്ട്
അപ്പനുമമ്മയും ടോർച്ചുമെടുത്തെറങ്ങിയ ദിവസം
നാട്ടുകാരുമറിഞ്ഞു
ആലീസിൻ്റെ വൈകിവരലുകൾ.
വഴിതെറ്റി നടത്തങ്ങൾ.
സ്കൂളുവിട്ടു വരുമ്പം
എന്നേം കൂട്ടാവോന്ന് ചോദിച്ച്
ഒരു തോണിക്കാരൻ്റെ കൂടെ
പൊഴ കാണാൻ പോയ ആലീസ്
വീട്ടിപ്പോ കൊച്ചേന്ന് ദേഷ്യപ്പെട്ട്
അയാള് തിരിച്ചു കൊണ്ടാക്കിയപ്പഴാണ്
കരകേറിയത്.
തിരിച്ചെത്തുമ്പം എന്നാലും എൻ്റെ കൊച്ചേന്ന്
താടിക്കു കൈ കൊടുത്തു നിരന്നു നിന്നിരുന്നു
കരയിൽ പല ടോർച്ചു വെളിച്ചങ്ങൾ.
ഓടിട്ട മോന്തായമൊള്ള സ്കൂളിൻ്റെ
മേലെയൊരു പ്രാവ് ലാൻ്റുചെയ്തപ്പം
അതിനെ നോക്കാനായി
മേലേക്കു വലിഞ്ഞുകേറി
തെറ്റിവീണേപ്പിന്നെ
കോലേക്കേറി ആലീസ് എന്നവക്ക്
പേരുവീണു.
പതിനെട്ടാം വയസ്സിൽ
പള്ളിപ്പെരുന്നാളിൻ്റന്നൊരു മായാജാലക്കാരൻ
തൊപ്പിക്കുള്ളീന്ന് പ്രാവിനെ
പറത്തുന്ന കണ്ടപ്പം
മേലേക്ക് കൊറേ മേലേക്കങ്ങനെ
ഒരു പ്രാവായി പറന്നുയരാൻ
കഴിഞ്ഞെങ്കിലെന്ന് അവക്ക് തോന്നി.
ആരുകയറുമീ പെട്ടിയിലെന്നയാൾ
മാന്ത്രിക വടി നീട്ടി ചോദിച്ചപ്പത്തന്നെ
ഓടിച്ചെന്നങ്ങു കേറി
അവളാ മാന്ത്രികപ്പെട്ടിയിൽ.
ആളുകളുടെ കൈയടിയിലേക്ക്
താനൊരു പ്രാവായി ഇപ്പം പറന്നുയരുമെന്ന് കരുതി
അതു തുറക്കുന്നതും കാത്തു കാത്തിരുന്നു.
സമയം നീണ്ടുനീണ്ടു പോയി.
ഇഴഞ്ഞിഴഞ്ഞ് പോയി.
ഒച്ചായി പരിണമിച്ച അവളെ
പേടിക്കേണ്ടെന്ന് കൈനീട്ടി തൊട്ടു
അടുത്തിരുന്ന ഒരു പുഴു.
അന്നേരമാണവൾ കണ്ടത്
പെട്ടിക്കുള്ളിലെ ഇരുട്ടിൽ
ഒളിഞ്ഞിരിക്കുന്ന പല രൂപങ്ങൾ.
ദേശത്തിൻ്റെ ചരിത്രപുസ്തകത്തിലെ
എടുത്തു ചാട്ടക്കാരുടെ ദുരന്തകഥ എന്ന അധ്യായത്തിലെ
ഓരോ പേജുകളായി അവരോരുത്തരും
അവളെ വന്നു തൊട്ടു .
യഥാർത്ഥത്തിൽ മാജിക്കുകാരൻ
ഒന്നും ചെയ്യുന്നില്ലെന്നും
ഇരുട്ടിൽ ചിറകുകൾ മുളപ്പിച്ചെടുത്തവർ
അയാൾ വാതിൽ തുറക്കുമ്പോൾ
പറന്നുയരുകയാണെന്നും അവർ പറഞ്ഞു.
ഓരോരുത്തരും
അവരവർക്ക് പറന്നുയരാൻ
വേണ്ട മാജിക്കുകൾ
സ്വയം പഠിച്ചെടുക്കേണ്ടതുണ്ട് .
അന്നു മുതൽ
മുകളിലേക്കു പറന്നുയർന്ന്
താനായി വാങ്ങിക്കൊടുക്കില്ല മാജിക്കുകാരന്
കൈയടി എന്ന് ആലീസുറപ്പിച്ചു.
കോലേക്കേറി ആലീസിൻ്റെ പതനം
എന്ന തലക്കെട്ടിൽ
ദേശചരിത്രത്തിലിഴയാനും
അവളാഗ്രഹിച്ചില്ല.
വിട്ടുവീഴ്ച്ചകൾ കൊണ്ട്
സാധ്യമാകുന്ന സ്വർഗ്ഗത്തിലേക്ക്
പറന്നുയരാനോ
ദേശത്തിൻ്റെ നല്ല നടപ്പു പുസ്തകത്തിൽ
കേറിക്കൂടാനോ അവൾ ആഗ്രഹിച്ചില്ല.
അന്നു മുതലാണ് ആലീസ്
സ്വന്തമായി ഒരത്ഭുതലോകം
സൃഷ്ടിക്കാൻ തുടങ്ങിയത്.
നിഷി ലീല ജോർജ്