സജിൻ പി. ജെ.

ആനവിലാസം

ഒന്ന്:
പൊന്നു മീറ കുന്തിരിക്കം

കിഴക്ക്
വെള്ളകീറുന്നതിനും മുൻപ്
കോടയിറങ്ങിയ വഴിയുടെ
ഓരംചേർന്ന്
പത്രവണ്ടി വരുന്നതിനും
സ്വല്പം കൂടി മുൻപേ
വെയിറ്റിങ് ഷെഡിൽ
രണ്ടുപേർ
കവുങ്ങു ബെഞ്ചിന്റെ
അടിയിൽ നിന്നും
പരസ്പരം വേർപെട്ടു.

അതറിഞ്ഞിട്ടെന്നവണ്ണം
നക്ഷത്രങ്ങൾ
പൊടുന്നനെ
അവരൊഴികെ
മറ്റാരുമറിയാതെ
കരിമുകിലിന്റെ
കമ്പിളി വാരി മുഖത്തിട്ടു.

ഇടിമിന്നലിന്റെ
വെളിച്ചത്തിലാണ്
ബസ്സ് വന്നത്.
പത്രക്കെട്ടുകൾ
വെയിറ്റിങ് ഷെഡിലേക്ക്
മൂളിക്കറങ്ങി ഇറങ്ങും മുന്നേ
അവരെ കണ്ടിട്ടെന്നവണ്ണം
ഒന്ന് ഞെട്ടി, പിന്നെ സംശയിച്ച്
ബഞ്ചിന്റെ കാലുകളുടെ
അടുത്തു വരെ
നിരങ്ങിവന്നുനിന്നു.

ഇത്രയും
സംഭവിച്ചു കഴിഞ്ഞപ്പോൾ
ആകാശം പൊട്ടി.
നൂലുപോലെ പെയ്യുന്ന മഞ്ഞിൽ
കൊങ്ങിണികൾ മുഖം കഴുകി.
മലമുകളിൽ നിന്നും പുലരി
പറവകളുടെ ചിറകുകളിലേറി
ആദ്യം മരത്തലപ്പുകളിലും
പിന്നെ പൂക്കളിലും
ഒടുവിൽ
താഴ് വാരത്തിലും
എത്തിനിന്നു.

പുലരിക്ക് മുന്നിലൂടെ
ഇരുട്ട്
അതിവേഗം
നടന്നുമറയുന്നത്
സൈക്കിളിന്റെ ലൈറ്റുവെട്ടത്തിൽ
കണ്ടുകൊണ്ട്
രണ്ടുമൂന്നാളുകൾ
വെയിറ്റിങ് ഷെഡ്ഡ് കടന്ന്
പടിഞ്ഞാട്ടേയ്ക്ക് സഞ്ചരിച്ചു.
അവരെ കണ്ടാൽ
ഇരുട്ടിനെ കൊയ്തെടുക്കാൻ
വെളിച്ചത്തിന്റെ
അരിവാളുമായി പോകുന്ന
തൊഴിലാളികളെ
പോലെ തോന്നി.

അവരുടെ
സൈക്കിൾ കാരിയറിൽ
തൂക്കുപാത്രത്തിൽ
പൊന്നും മീറയും കുന്തിരിക്കവും
റബർ ബാൻഡിൽ ഒട്ടി
സീറ്റിൽ
ചുറ്റിപ്പിടിച്ചിരുന്നു.

രണ്ട്:
മരുതിൻ പൂക്കൾ

ദൂരെ ദൂരെ ഒരു നാട്ടിൽ
മലകൾക്കും
മരങ്ങൾക്കുമിടയിൽ
വിളുമ്പിലേക്ക് നീട്ടിക്കെട്ടിയ
ഇറയമൊന്നിൽ
മേരിക്കുട്ടി നൊന്തു പെറ്റു.
ജോസഫ് എന്ന ജോനാപ്പി
അവളുടെ ഗർഭത്തിന്റെ
ഉത്തരവാദിത്തവും പേറി
ധ്രുവനക്ഷത്രത്തെ പോലെ
മിന്നിമിന്നി നിന്നു.

(ജോസഫിന്റെയും മറിയയുടെയും മകൻ യേശുദാസൻ ഭാവിയിൽ ഒരു കോളേജ് പ്രൊഫസറാവുമെന്നും അയാൾ പുസ്തകങ്ങൾ എഴുതുമെന്നും തത്കാലം നമുക്ക് അറിയില്ല എന്ന് നടിക്കാം).

ഒടിച്ചുകുത്തിയതുപോലെ
ഒരു മഴവില്ല് ആകാശത്തിന്റെ
തെക്കേ അതിരിൽ
പ്രത്യക്ഷപ്പെട്ടതും,
അതിന്റെ തുഞ്ചത്ത്
മാലാഖമാർ
ഊഞ്ഞാലാടുന്നത്
താൻ കണ്ടുവെന്ന്
ജോനാച്ചൻ തിരിച്ചറിഞ്ഞതും,
മേരിക്കുട്ടി ‘ഇച്ചായാ’
എന്ന് വിളിച്ചതും
ഒരുമിച്ചായിരുന്നു.
തന്നെത്തന്നെ
മുഴുവനായി
കോരിയെടുത്ത്
ഒരു ചുംബനത്തിൽ
ഒതുക്കി അവൻ അവളുടെ
കൺപീലികളിൽ
തൂവി.

(ഇത് വിശുദ്ധ വേദപുസ്തകത്തിലില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.)

അവളാ മുത്തത്തെ
ഉള്ളിലേക്ക് കൊണ്ട്
കണ്ണുകളടച്ച്
അതിലൊരു പാതി
യേശുദാസന്റെ ചോരക്കവിളിൽ
പകർന്നു വെച്ചു.

അവിടെ നിന്നുമത്
ചിറകുമുളച്ചു പൊങ്ങി
പലതായി പടർന്ന്
മലയായ മലയിലെല്ലാം
മരുതിൻ പൂക്കളായി
മിന്നി.

മൂന്ന്:
മീൻചെരുവം

നവിലാസമെന്ന
മലയോര ഗ്രാമത്തിൽ
ഡിസംബറിൽ ഒരു പിറവി
അത്രയ്ക്ക് പുതുമയൊന്നുമ-
ല്ലന്നറിയാഞ്ഞിട്ടല്ല.

(കടലിൽ വലയുമായി ആദ്യം ചാടുന്ന മുക്കുവനെപ്പോലെ, വലിയൊരു വൃത്തത്തിന്റെ ചുറ്റളവിനൊടുവിൽ വള്ളവും വള്ളക്കാരും തന്നിലേക്ക് തിരിച്ചുവരുമെന്നുള്ളയാളുടെ വിശ്വാസം പോലെയാണ് കവിതയും.)

വളരെ നാളുകൾ
കഴിഞ്ഞൊരു നാൾ
ചെമ്മാനം ചിതറിയ
സന്ധ്യയിൽ
മരത്തലപ്പുകൾ വരഞ്ഞിട്ട
നേർത്ത ചക്രവാളത്തിൽ
പടിഞ്ഞാറേ മാനത്ത്
ആദ്യത്തെ താരകം പിറന്നതും
കഴുതയുടെ പുറത്തെന്നപോൽ
ലൂണയിൽ യേശുദാസൻ
ആനവിലാസം സിറ്റിയിൽ പ്രവേശിച്ചു.
പെണ്ണുങ്ങൾ
ചിറ്റീന്തിൻ കുലകളുമായി
പണികഴിഞ്ഞു
മടങ്ങിവരുന്ന
ഓശാനയായിരുന്നു അന്ന്.
അവരും അവരുടെ കൂട്ടുകാരികളും
യേശുദാസനെ
അടിമുടി നോക്കിയെങ്കിലും
വഴിയരികിലെ കലുങ്കിനോരത്ത്
മീൻ വിൽക്കുകയായിരുന്ന
മഗ്ദലയെ മാത്രമേ
അവൻ കണ്ടുള്ളൂ.

നാളുകൾക്കു ശേഷമൊരു
വണക്കമാസ കാലത്ത്
മഗ്ദലയുടെ മീൻചെരുവം
യേശുദാസന്റെ ലൂണയുടെ
പിൻസീറ്റിലിരുന്നു പോകുന്നത്
നൊവേന കഴിഞ്ഞപ്പോൾ തന്നെ
മലയിറങ്ങിവന്ന കാട്ടുതീപ്പുക
സിറ്റിയിലാകെ പറഞ്ഞുനടന്നു.
അതിന് കൃത്യം
ആറു മാസങ്ങൾക്കുശേഷം
‘വാറ്റുകാർക്ക് കിടന്നുകൊടുക്കുന്നവളെ’ന്നു
മറ്റു മീൻകാരികളവളെ
കമന്റടിച്ചപ്പോൾ
‘നിങ്ങളിൽ പാപം ചെയ്യാത്തവർ
അവളെ കല്ലെറിയട്ടെ’യെന്നു
യേശുദാസൻ പറഞ്ഞതും
കാറ്റ്
സിറ്റിയിലാകെ
പാട്ടാക്കി.

പിന്നെയും
കുറേക്കഴിഞ്ഞ്
മഗ്ദലയുടെ
പുല്ലുമേഞ്ഞ വീടിന്റെ
ഇറയത്ത്
യേശുദാസനെ കണ്ട രാത്രിയിൽ
പട്ടികൾ നിർത്താതെ ഓരിയിട്ട്
അവന്റെ നാട്ടുജീവിതം
അവസാനിപ്പിച്ചു
കളഞ്ഞു.

അവസാനത്തെ വണ്ടിക്ക്
മലയിറങ്ങിയവൻ
നഗരത്തിലേക്ക്
പോകവേ
മഗ്ദലയുടെ കണ്ണിൽ നിന്നും
രണ്ടു തുള്ളികൾ
പൊഴിഞ്ഞെന്നും
അവ പ്രണയത്തോളം
അഭയമറ്റൊരു പെൺകടൽ
താനേ തിരയടിച്ചതാന്നും
അറിയാമായിരുന്ന
ഒരേയൊരാൾ
അവളുടെ
മീൻചരുവമായിരുന്നു.


Summary: ജോസഫ് എന്ന ജോനാപ്പിഅവളുടെ ഗർഭത്തിന്റെഉത്തരവാദിത്തവും പേറിധ്രുവനക്ഷത്രത്തെ പോലെമിന്നിമിന്നി നിന്നു.


സജിൻ പി. ജെ.

കവി. ജൂലെ എന്ന യാത്രാവിവരണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആലുവ എടത്തല അൽ അമീൻ കോളേജിൽ അധ്യാപകൻ.

Comments