1. വേവ്
ഒരു പൂമൊട്ട്-
വിടരാൻ വെമ്പിയോരിതളിൽ
വീഴാതെ നിർത്തിയ
ഹിമകണം…
ഇറ്റു വീഴാത്തൊരു
തേൻ തുള്ളിയെ
മാറത്തടുക്കി നടന്നവൾ
കൊലുസ് മണിയുടെ ചിരിയാൽ
അകം നിറച്ചവൾ.
പതിനേഴ് തികയും മുമ്പ്
പെട്ടെന്നിങ്ങനെ
ഒരു മുഴം കയറിൽ.....
സന്ധ്യ കൊടുത്ത ചെമ്പട്ടിൽ
കഴുത്തുടക്കി,
വന്നുതൊടുന്നൊരു കുഞ്ഞിക്കാറ്റിന്
മുടിച്ചുരുൾ പറിച്ചുകൊടുത്ത്,
രാത്രി വിടർന്ന വെളുത്ത പൂക്കളുടെ
ചിരിയൊടിച്ചു കളഞ്ഞ്,
സാന്ത്വനം പറയാൻ
പുലരിയെത്തുന്നത് കാത്തുനിൽക്കാതെ
ഒരു മുഴം കയറിൽ
ഇപ്പോഴിങ്ങനെ.....
വിടരാൻ ബാക്കിയുള്ള ദലങ്ങളോട്
ഇലകളോട്
ചില്ലകളോട്
വേര് താഴ്ത്തിയ
മനസ്സുകളോട്
ആര് സമാധാനംപറയും ...?
പറയാതെ
ബാക്കിവെച്ച കക്കുകളികൾ
ആരിനി പൂരിപ്പിക്കും?
കുഞ്ഞിത്തേനീച്ചകൾ
മഞ്ഞുതുള്ളിയെ കാണാനെത്തുന്നത്
സാധാരണമല്ലേ?
കള്ളക്കരിവണ്ടുകൾ ഉള്ളിൽ
ചിരിയുമായി മൂളുന്നതും
സ്വാഭാവികമല്ലേ?
അതിന്
മിണ്ടാതെ
നോക്കാതെയിങ്ങനെ....
ഒരു മുഴം കയറിൽ...
ചായാനൊരു കൊമ്പും
ചായ്ക്കാനൊരുതണലും
ഏകാൻ മറന്ന വൻമരങ്ങൾ
ഏങ്ങി വിതുമ്പുന്നത്
നിനക്കിപ്പോൾ കേൾക്കാനാവുന്നുണ്ടോ?
മരിച്ച ചുണ്ടുകളുടെ കറുത്ത ചിരി
കിഴക്കിപ്പോൾ തിളങ്ങുന്നുണ്ടാകുമോ?
സ്വപ്നം നിറച്ച കണ്ണുകൾക്ക്
എങ്ങനെയാണ് മരിക്കാനാവുക?
മാഞ്ഞുപോയവൾ മറന്നുവെച്ചൊരു ചിരിയും
അതിലൊട്ടിയ മധുവും
അകംപുറം പൊള്ളിച്ച്
മാഞ്ഞുപോകാനാവാതെ
ഇവിടെയിങ്ങനെ...
കാറ്റ് വരുന്നതും കാത്ത്
നീറ്റലായിങ്ങനെ...
▮
2. അഹം
ബോധിവൃക്ഷത്തണലിൽ
വീണ്ടും ബുദ്ധൻ ....
ധ്യാനം മുറിഞ്ഞു.
അഹിംസ പറഞ്ഞ കുറ്റത്തിന്
ശിക്ഷിക്കാൻ തയ്യാറായി
ഒരു ജനത ചുറ്റിലും,
ഒരു ജാതി ഒരു മതം ഒരു ദൈവം
പ്രസ്താവന തെറ്റ്:
മതജാതി ഉപജാതികൾ
ഉറഞ്ഞുതുള്ളി
ഗുരുശിരസ്
കണ്ണാടിക്കൂട്ടിലടച്ചു.
ഇനി മിണ്ടിയാൽ
രാജ്യം മതേതരമെന്ന്
അന്യായം പറഞ്ഞ വട്ടക്കണ്ണട
കുത്തിപ്പൊട്ടിക്കാൻ
ആയിരം പേർ.
ഭ്രാന്താലയമെന്ന് വിളിച്ചവന് കല്ലേറ്
പാദപൂജ പണ്ടേ വിലക്കിയ സ്വാമികൾക്ക്
അടിയന്തര സമാധി.
തേങ്ങയുടച്ച് റോക്കറ്റ്
പറപ്പിച്ചവർക്ക്
എല്ലാം എന്തെളുപ്പം.
