പൂർണിമ നിഷ

അടക്കം ചെയ്ത
ശബ്ദങ്ങളുടെ
രണ്ടാം ജന്മം

ലോകത്തെ വിശ്വസിച്ചിരുന്ന ആ പെൺകുട്ടി മരിച്ചു.
അന്ന് ആകാശം മുഴുവൻ കറുപ്പായിരുന്നു.
നക്ഷത്രങ്ങൾ പോലും കണ്ണടച്ചിരുന്ന രാത്രി.
ശബ്ദം ഇല്ലാതെയായി,
പേര് ഇല്ലാതെയായി,
ജീവനില്ലാത്ത ജീവനോടെ ബാക്കിയായി.

കാലം കടന്നു....

മരണം കഴിഞ്ഞ ശരീരത്തിലെന്ന പോലെ
മനസ്സും പുഴുക്കൾ തിന്നുതുടങ്ങി ലജ്ജയായി, ഭയമായി, തന്നെതിരായ ചോദ്യമായി.

കടൽ തൊടാത്ത കാറ്റിൽ
ഉപ്പില്ലാത്ത കവിതകൾ വളർന്നു,
തീരം കാണാത്ത വാക്കുകൾ
നാവിൽ മണലായി അടിഞ്ഞു.
തിരിച്ചുപോകാൻ വഴിയില്ലാതെ
മുന്നോട്ട് നീങ്ങേണ്ടിവന്ന കാലുകൾ
ഓർമ്മകളുടെ കല്ലിൽ തട്ടി
പലതവണ തളർന്നു വീണു.

ദൂരം തീർന്നിട്ടില്ല,
പക്ഷേ ക്ഷീണിച്ച മനസ്സിന്
ഒരു ചെറു ചിത തയ്യാറാക്കാൻ
അല്പം കൂടി നടക്കാൻ ശ്രമിച്ചു,
കത്തിക്കാൻ അല്ല, ഭാരങ്ങൾ അടക്കം ചെയ്യാൻ.

അതിനുശേഷം
ഓടിപ്പോകാത്ത ഒരു നിശ്ശബ്‌ദം ഉണ്ടാകാം,
വേദന പിന്തുടരാത്ത ഒരു കിടപ്പ്,
പേരില്ലാത്ത ഒരു വിശ്രമം.

ഒരു ദിവസം ചിതലായ ഓർമ്മകളുടെ
അടിയിൽ നിന്ന്
ഒരു ചെറു ശ്വാസം ഉയർന്നു.
കടലിൽ മുങ്ങിത്താഴ്ന്നിട്ടും നനവുപറ്റാതെ
കിടന്ന കരളിൽ
ഇപ്പോൾ കവിത വാസനിക്കുന്നു.

രണ്ടാം ജന്മം...

മരിച്ചെന്നു കരുതി
ഇനിയും ജീവിക്കരുത്
എന്നില്ലല്ലോ.


Summary: Adakam Cheytha Shabdangalude randam janmam malayalam poem by Poornima Nisha Published in Truecopy Webzine Packet 271.


പൂർണിമ നിഷ

കവി. കണ്ണൂർ യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസിൽ ഒന്നാം വർഷ MA റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജി വിദ്യാർത്ഥി.

Comments