പൊടികളെയും ഇഷ്ടപ്പെടുന്നവരാണ് നമ്മൾ
സ്വന്തം വീട്ടുവരാന്തയിലെങ്കിൽ.
കൊടുങ്കാറ്റിനോടും
ചിലത് മിണ്ടിക്കൊണ്ടിരിക്കാം.
നിഴലുകൾക്കൊപ്പം
പകലോൻ
പടം വരയ്ക്കുന്നു.
പെന്‍സിലുകളും
പൊടിമണ്ണുമായി
കുഞ്ഞുങ്ങളും
ആ മണ്ണിൽ വീണ
ഉപ്പുനീര് വലുപ്പച്ചെറുപ്പങ്ങളെ മുറിച്ച്
ഇടപെടുന്നുണ്ട്.
നീണ്ടു നീണ്ടുപോകുന്ന
യാത്രയിൽ
കയ്യിൽ പെട്ടികൾ,
മുതുകത്ത് ഭാണ്ഡങ്ങൾ
ഉള്ളിലൊതുക്കിയ ഗന്ധങ്ങൾക്ക്
ഒരുപാടു കാലത്തെ
ഒതുക്കിപ്പിടിക്കാനുണ്ട്.
വറ്റാത്ത സ്നേഹത്തിൻ
തെളിവുകൾ
ആട്ടിയിറക്കിയിട്ടും
അടച്ചു പൂട്ടാനാവാതെ.
കണ്ണടച്ചാലും അടയാതെ
കണ്ണ് നിറഞ്ഞാലും
നിലവിളിക്കാതെ
രാത്രികൾ
കുഞ്ഞുമക്കളുടെ ഉറക്കത്തിന് കാവലാളായിരിക്കുന്നു.
ആ കൈകളിൽ
നിഷ്കളങ്കത വരച്ചിടുന്ന
പുതിയ ലോകമുണ്ട്
എപ്പോൾ വേണമെങ്കിലും മാഞ്ഞുപോകുന്ന
കളിമുറ്റങ്ങളുണ്ട്.
ഭാരം പേറുന്നവർക്ക്
അതിരെന്നത് സാങ്കൽപിക രേഖ
മൊഴികളും നഷ്ടവും താങ്ങി മുന്നോട്ട്.
പോയ വഴിയിൽ
തങ്ങിയ നിശ്വാസങ്ങളാണ്
മഴയായി തൊടുന്ന
ചൂടുറവകൾ.
ഇടമില്ല
എന്ന തീർച്ചയിൽ
പരസ്പരം പേടിക്കുന്ന
ലോകത്ത്
കരുതലോടെയുള്ള
ഒരു നോട്ടം പോലും സ്വപ്നത്തെ
നിറം പിടിപ്പിക്കലാണ്.
മണ്ണ്, കാവൽ, കാത്തിരിപ്പ്
വാക്കുകളെ
വേരുകളുടെ കനം
നിശ്ചലമാക്കുന്നു.
ഇനിയെങ്ങോട്ട് എന്ന ചോദ്യത്തെ
ജിപ്സികൾ പോയ
വഴിയിലേക്ക് തിരിച്ചുവിടാൻ
പറ്റില്ലല്ലോ?
തുറക്കില്ലെന്നുറപ്പുള്ള വാതിലുകൾ
നിരനിരയായി.
എങ്കിലും സ്വന്തം കാലൊച്ച
നിലയ്ക്കാതെ,
മറ്റാരുടേയോ എന്ന പോലെ
എടുത്താല്‍ പൊങ്ങാതെ.
ഇനി അടക്കം ചെയ്യണം
സ്വന്തം മണ്ണെന്ന് തീർച്ചയാക്കും വരെ
വിത്തും പ്രതീക്ഷയും.
ഇരുട്ടിനെ കീറിമുറിക്കാൻ ഒരു തീപ്പെട്ടിക്കൂടുണ്ട്
തണുപ്പേൽക്കാതെ.
എല്ലാം ഒന്നിൽ നിന്നും തുടങ്ങാൻ
ഊന്നുവടികളുടെ
അടയാളങ്ങൾ
തിരയുമ്പോൾ
വഴിവക്കിലെ മരങ്ങളെല്ലാം
കാതലുള്ളതെന്ന്
കരുതി ദുഅ ചെയ്യുന്നു.
മണ്ണപ്പങ്ങളും
കളിക്കോപ്പുകളും
താരാട്ടു മതിവരാതെ
തണലിൽ കണ്ണീര് കൊണ്ട്
മാത്രം
നനഞ്ഞിരിക്കേ
ബാങ്കുവിളികൾക്ക് ഗ്യാപ് ഇല്ലാത്ത വിധം
ഇപ്പോഴും
ഫ്രീ ഫ്രീ ഫ്രീ എന്ന്
എമ്പാടും മുഴങ്ങുന്നു
കൂടാരങ്ങളിൽ
എന്നത്തെയും പോലെ
ഉദയവും ഉയിർപ്പും
ആവർത്തിക്കേ
കുഞ്ഞുകൈകൾ
നീട്ടിക്കൊണ്ടിരിക്കേ
ഒത്തുതീർപ്പിൻ്റെ
ഏകസ്വരങ്ങൾ.
കണ്ണുകളിൽ
കലക്കവും
തെളിച്ചവും കലർന്ന്
ശേഷിക്കുന്ന സമാധാനത്തിന്
മൂർച്ച കൂട്ടിക്കൊണ്ടിരിക്കേ
പെട്ടികൾക്ക്
ഭാരം കുറഞ്ഞു തുടങ്ങി.
