കാട്ടുപൂക്കള്‍പോലെ നിന്ന
കാട്ടുനീലിപ്പെണ്ണ്
കാട്ടുമൂപ്പന്നാലയത്തില്‍
പൂത്തുനിന്ന ചേല്
താരകങ്ങള്‍പോല്‍ ജ്വലിക്കും
കാട്ടുമുല്ല നുള്ളി
കാട്ടുചോലപ്പൂഞ്ചെലത്തില്‍
കണ്ണാടിയൊന്നു നോക്കി
മാദകത്വപൂനിലാവില്‍
പൂത്ത പെണ്ണിന്‍ മേനി
കണ്ടു കൊതിപൂണ്ടുനിന്നു
സാമന്തനാം തമ്പ്രാന്‍
ജാരമോഹം മൂത്തവന്നായ്
കണ്ണടച്ചൂ കാട്
പെണ്ണൊരുത്തിപ്പൂവുദരം
ഗര്‍ഭദാഹം തീര്‍ത്തു
നല്ലതരം നോക്കി നിന്നു
കാടുകേറിയ തമ്പ്രാന്‍
നല്ല മഴക്കാല രാവില്‍
കാടുവിട്ടിറങ്ങി
കാട്ടുപെണ്ണിന്‍ ദിവ്യഗര്‍ഭം
കാട്ടിലൊക്കെ പാട്ടായ്
കല്ലെറിഞ്ഞു വാക്കുകള്‍
കൊണ്ടമ്പയച്ചൂവൂര്
കാട്ടു മൂപ്പന്‍ പൊന്മകളെ
കാടിറക്കി വിട്ടൂ
ഗര്‍ഭഭാരച്ചുമടിറക്കി
വെളുപ്പ് പെറ്റൂ പെണ്ണ്
കോടമഞ്ഞിന്‍ പൂ പറിച്ച്
മെത്തയൊന്നൊരുക്കീ
കാട്ടുനിലാമണിയെടുത്ത്
കണ്ഠമൊന്നു ചാര്‍ത്തി
വേട്ടനായ്ക്കളോടി വരും
മൂത്ത കൂരിരുട്ടില്‍
നാടുവാഴും തമ്പ്രാനുണ്ട്
കുതിരമേല്‍ വരുന്നു
ഉടുചേലക്കീറൊരെണ്ണം
ചീന്തിയൊന്നു ചുറ്റി
ഉണര്‍ത്താതെയന്നവളാ
വെളുത്തൊരുണ്ണി മേനി
നരിയമറും പുഴക്കരയില്‍
കൊണ്ടുവന്നുവച്ചു
പഞ്ചാരമണലല്‍പ്പം
പതഞ്ഞു മെത്തപോലെ
പുഴയോളം സങ്കടത്തില്‍
മുങ്ങിനീറി നീലി
പിഴപെറ്റ പെണ്ണവളാ
പുഴയില്‍ ചാടി മരിച്ചു
ശിശു നാദം കേട്ട തമ്പ്രാന്‍
വിസ്മയത്താല്‍ കണ്ടൂ
ചിരി കാട്ടും തേന്‍ പഴം പോല്‍
നിറമുള്ളൊരു കുഞ്ഞ്
ആളൊഴിഞ്ഞോരന്തപ്പുരത്തി-
ലാരവങ്ങള്‍ പൊങ്ങി
ആലസ്യം വിട്ടങ്കണത്തില്‍
നല്ലമാവുകള്‍ പൂത്തു
കാട്ടുകഥ കാറ്റു ചൊല്ലി
മന്ത്രിമുഖ്യന്‍ കേട്ടു
കാട്ടുവാസി രാജാവായാല്‍
ചിന്തപോലും പാപം!
കാട്ടുപെണ്ണിന്‍ പൈതലവന്‍
നാട്ടുരാജനായാല്‍
നാടുവാഴും സാമന്തന്മാര്‍-
ക്കടവിയഭയമാകും
പുലിപ്പാലുതേടിപ്പോകാന്‍
കാട്ടിലവനെയയച്ചൂ
അതിദീനമഭിനച്ച്
കെട്ടിലമ്മ വിയര്‍ത്തു
കാട് പൂകും ചെക്കനവന്‍
ഞാണൊലിയൊന്നിട്ടു
കാട്ടെരുമക്കൊമ്പൊടിച്ച്
നാട്ടകത്തെ കാത്തു
പുലിമന്ത്രവിദ്യയാലേ
പുലിയെ മെല്ലെ മെരുക്കി
പുലിപ്പാലുതേടിപ്പോയോന്‍
പുലിപ്പുറത്തു മടങ്ങി
നാടു ചൊല്ലും പരമാര്‍ത്ഥം
നേരവനറിഞ്ഞൂ
കാട്ടുജന്മമവനു നല്ലൂ
കാടതെന്നും ചൊല്ലി
വില്ലെടുത്ത് ഞാണ്‍ വലിച്ചു
നീലിമല നോക്കി
മലങ്കാറ്റായമ്മക്കുളി-
രവനെയൊന്നു ചുറ്റി.