അടുത്തുകൊണ്ടിരിക്കുന്നു

തോൽക്കുന്നവരുടെ കാലം തുടങ്ങുന്നുവെന്ന് തോന്നുന്നു.
മിണ്ടാതെ നടന്നുപോകുന്നവർ.
വരിയുടെ പിന്നറ്റത്ത് അവസാനംവരെ നിന്ന് അറിയിപ്പ് വരുമ്പോൾ പിരിഞ്ഞുപോകേണ്ടവർ.
ഒരു പാട്ട് ഓർമയിൽ എത്തിയാലും മൂളാൻ നിർവാഹമില്ലാത്തവർ.
വൈകി എഴുന്നേറ്റ് ഒന്നും ചെയ്യാനില്ലാത്തവർ.
ഒരു നദിയുടെ അറ്റത്ത് ജീവിക്കുന്നവർ.
ഓർമ എന്ന് എഴുതാനുള്ള അക്ഷരങ്ങൾ മറന്നുപോയവർ.

കാറ്റ് എന്ന് പറഞ്ഞുവന്നത് തീക്കാറ്റായിരുന്നു എന്നറിയും മുന്നേ ചാരധൂളികളായി മാറിയവർ. പൊട്ടിച്ചിരിക്കുമുന്നേ ശബ്ദം കെട്ടുപോയവർ.
ചഷകം ചുണ്ടിൽ വയ്ക്കും മുന്നേ ചോര തുപ്പുന്നവർ.
വാക്ക് എന്ന വീട്ടിൽ നിന്ന് അലസിപ്പിരിയുന്നവർ.

അഭയം അർഥിക്കുമ്പോൾ അഴികൾക്കുള്ളിൽ നടതള്ളപ്പെടുന്നവർ.
ചങ്ങലയിൽ നിന്ന് ഭ്രാന്ത് അഭ്യസിക്കുന്നവർ.
പലായനങ്ങളുടെ ചരിത്രശേഷിപ്പുകളിൽ വെട്ടിമാറ്റപ്പെട്ട കാലുകൾ കൈകളിൽ പേറുന്നവർ.
ഒരിക്കലെങ്കിലും തിരശ്ശീല വീഴുംമുൻപ് നാടകത്തിന്റെ രംഗപാത താണ്ടി
വേദിയിലെത്താൻ കഴിയാതെ പോയവർ.

നമ്മൾ സ്നേഹിച്ചവർ പരാജിതരായി മടങ്ങിവരുന്നു.
അവരുടെ കാലൊച്ച പ്രേതങ്ങളുടേത് ആയിരുന്നു.
അവർ വിരിയുമെന്ന് ആഗ്രഹിച്ച പൂക്കൾ വഴിയോരത്ത് ആരോ വെട്ടിനശിപ്പിച്ചിരിക്കുന്നു.
അവർ മഞ്ഞിന്റെ ഭാഷകൊണ്ട്
പറഞ്ഞ കഥകൾ
വെയിലിന്റെ പ്രണയക്കെണിയിൽ പെട്ട്
വേനലിന്റെ വേർതാഴ്ചയിൽ
വിസ്‌മൃതമായിരിക്കുന്നു.

സ്വപ്നങ്ങൾക്കിവിടെ തിരിച്ചറിയൽരേഖ നിഷേധിക്കപ്പെട്ടിരിക്കുന്നു.

ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ച് ലോകം മടങ്ങിയിരിക്കുന്നു.

പരാജിതരുടെ നാഡീനഗരങ്ങളിൽനിന്ന്
കലാപം സ്ഥലം വിട്ടിരിക്കുന്നു.


Summary: ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ച് ലോകം മടങ്ങിയിരിക്കുന്നു.പരാജിതരുടെ നാഡീനഗരങ്ങളിൽനിന്ന് കലാപം സ്ഥലം വിട്ടിരിക്കുന്നു.


പ്രമോദ്​ രാമൻ

മാധ്യമപ്രവർത്തകൻ, കഥാകൃത്ത്. മീഡിയ വൺ എഡിറ്റർ. രതിമാതാവിന്റെ പുത്രൻ, ദൃഷ്​ടിച്ചാവേർ, മരണമാസ്, ബാബരി മസ്ജിദിൽ പക്ഷികൾ അണയുന്നു എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments