മധു ബി.

അഫ്ഗാൻ

ഞ്ചായത്തിനേയും സ്‌കൂളിനേയും
വേർതിരിക്കുന്ന മതിലിൽ,
പകൽ സ്‌കൂൾ കുട്ടികളുടേയും
വൈകീട്ട് കള്ളുകുടിയന്മാരുടേയും
മൂത്രമണമേറ്റ്,
അമീബയുടെ ചിത്രം പോലെ,
ഞങ്ങളുടെ ഗ്രാമത്തിന്റെ ഭൂപടം
കാലങ്ങളായി മുഷിഞ്ഞൊട്ടിക്കിടന്നു.
അതിലവിടവിടെയായി
പഞ്ചായത്താപ്പിസ് ,
വില്ലേജാപ്പീസ്,
ഏലാപ്പീസ്,
കറന്റാപ്പീസ്,
ഇസ്‌കൂള് ,
പലചരക്കു കടകൾ,
വാഴത്തോട്ടങ്ങൾ,
പാടം,
പുഴ,
കുന്ന്,
പ്രണയം,
വഴക്ക്,
കൂട്ട്,
എല്ലാം ചിതറിക്കിടന്നു.

രാവിലെ കുന്നിൻ മുകളിൽ സൂര്യൻ ഉദിക്കുമ്പോൾ
ഞങ്ങൾ ഉണരും.
വൈകീട്ട് ചന്ദ്രൻ ഉദിക്കും വരെ
ജീവിക്കും.
പിന്നെ നിലാവു കണ്ട്
പിണങ്ങിയും പ്രേമിച്ചും ഉറങ്ങും.
സുഖ ജീവിതം.

നഗരത്തിൽ നിന്ന് അവധിക്ക് വന്ന ജോണേട്ടൻ
ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം
ശരിക്കും ആഘോഷിക്കണമെന്ന്
പറഞ്ഞപ്പോഴാണ്
സ്വാതന്ത്ര്യത്തിന്റെ
മഹത്വം ഞങ്ങൾ തിരിച്ചറിഞ്ഞത്.
ദേശീയ പതാകയുടേയും, മിഠായിയുടേയും
തലേന്ന് വൈകീട്ടത്തെ കുപ്പിയുടേയും
കാര്യങ്ങൾ പുള്ളി തന്നെ ഏറ്റതോടെ
കാര്യങ്ങൾ ഉഷാറായി.

വൈകീട്ട് കൊടിമരപ്പണി കഴിഞ്ഞ്
സ്‌കൂൾ വരാന്തയിലിരുന്ന്
പ്ലാസ്റ്റിക്ക് കുപ്പി മുറിച്ചുണ്ടാക്കിയ
ഗ്ലാസിൽ ഇത്തിരി ഒഴിച്ചതും പിടിപ്പിച്ച്
ഇറച്ചിച്ചാറ് തൊട്ട് നക്കുമ്പോൾ
പെട്ടന്നൊരു ഫോൺ കോൾ വന്ന്
ജോണേട്ടൻ പോയതിൽ
ചെറിയൊരു സങ്കടമുണ്ടായെങ്കിലും
നമ്മുടെ നാടല്ലേ,
നമ്മുടെ സ്വാതന്ത്ര്യമല്ലേ ,
നമ്മുടെ പോത്തല്ലേ,
നമ്മുടെ സ്വന്തം ഗ്ലാസല്ലേ,
എന്നോർത്തപ്പോൾ
അയാളങ്ങ് പോട്ടേന്ന് വെച്ചു.

പിറ്റേന്ന്
സ്വാതന്ത്ര്യ ദിനത്തിന്റെയന്ന്
പുതിയ കുപ്പായമിട്ടുവന്ന പ്രസിഡന്റ്
പതാക ഉയർത്തി.
കരുണാകര മേനോൻ മാഷ്
രാജ്യസ്‌നേഹമെന്നാൽ
സഹോദരസ്‌നേഹമെന്നു വിതുമ്പി .
ജോണേട്ടന്റെ മഹാമനസ്‌കതയോർത്ത്
ഞങ്ങൾ ഇടക്കിടെ ഉറക്കെ കൈയ്യടിച്ചു.
കുട്ടികൾ മിട്ടായിയ്ക്ക് തിരക്കുകൂട്ടി.
ഉച്ചയൂണിനെക്കുറിച്ചോർത്ത്
ജയ് വിളിച്ച് പിരിഞ്ഞു.

എല്ലാവരും തൃപ്തിയോടെ സുഖമായി,
ഉച്ചമയക്കത്തിലാണ്ട നേരത്താണ്
കുഴപ്പങ്ങൾ തുടങ്ങിയത്.

ആദ്യം വില്ലേജാപ്പിസിലെ തോമസ് സാറിന്റെ
നിരവധി പോക്കുവരവുകൾ ചെയ്ത് ശീലമുള്ള
വെളുത്തു തുടുത്ത വിരലുകളാണ് നഷ്ടപ്പെട്ടത്.

പിന്നെ പഞ്ചായത്താപ്പീസിലെ രാമേട്ടന്റെ
കറുത്ത മറുകുള്ള കൈയ്യു കാണാതായി.

ഉച്ചമയക്കം വിട്ടൊന്ന്
വാഴത്തോട്ടത്തിലേക്കിറങ്ങാൻ നേരത്താണ്
തന്റെ കാലുകൾ പോയത്
ഹമീദിക്ക അറിഞ്ഞത്.

അളിയൻ കൂടിയായ ജനാർദ്ദനൻ മെമ്പറ്
അതിർത്തി മാന്തിയത് ചോദിക്കാനായി
പെങ്ങളുടെ വീട്ടിന്റെ പടി കടന്നപ്പോഴേക്കും
തെറിവാക്കു തുപ്പാറുള്ള നാക്കു പോയതറിഞ്ഞ
കരുണാകരമേനോൻ മാഷ് വിരണ്ടു മടങ്ങി.
പുറത്തു പറയാൻ കൊള്ളാത്ത നഷ്ടത്തിന്റെ പകപ്പു മൂലം
മുറിക്കകത്ത് നിന്ന് പുറത്തിറങ്ങിയിട്ടില്ലായിരുന്ന
മെമ്പർ അളിയൻ വന്നതും
പോയതുമറിഞ്ഞുമില്ല.

വൈകുന്നേരമാകുമ്പോഴേക്കും കാര്യങ്ങൾ
കൂടുതൽ
കുഴപ്പത്തിലേക്ക് നീങ്ങാൻ തുടങ്ങി.
കൈകൾ,
കാലുകൾ,
നാവുകൾ,
ലിംഗങ്ങൾ
എല്ലാം നഷ്ടപ്പെട്ടവരുടെ എണ്ണം
കൂടിക്കൊണ്ടിരുന്നു.

ജോണേട്ടനെ വിളിക്കാൻ ശ്രമിച്ചെങ്കിലും
ഞങ്ങളുടെ ഒച്ചകൾ
ആർക്കും കേൾക്കാനില്ലായിരുന്നു.

രാത്രി
പാടത്തിനപ്പുറത്തുള്ള കുന്നിന്മേൽ
പതിവു പോലെ ചന്ദ്രനെത്തി.
പരിഭ്രാന്തരായ ഞങ്ങൾക്കതു
കണ്ടുനിൽക്കാനുള്ള സമയമുണ്ടായിരുന്നില്ല.

പക്ഷെ ഏറെ വൈകാതെ
നിലാവെളിച്ചം മറച്ച് ,
പാടത്തെ കതിരിന്മേൽ പുരണ്ട
നിലാവു ചവച്ച്, ഇരുട്ടു തുപ്പി
ഒരു രൂപം പ്രത്യക്ഷപ്പെട്ടു.
ഞങ്ങളുടെ നഷ്ടപ്പെട്ട അവയവങ്ങളല്ലാം
അതിന്റെ ദേഹത്തുണ്ടായിരുന്നു.
പല കൈകൾ കൊണ്ട് പലതരം ആംഗ്യങ്ങൾ കാട്ടി,
പല നാവുകൾ കൊണ്ട് പല ഭാഷയിലലറി,
പല ലിംഗങ്ങൾ കുലച്ച്,
പല കാലുകൾ കൊണ്ട്
അതിവേഗത്തിൽ കുന്നിറങ്ങി വരുന്ന
അതിന്റെ പുറകിലാകാശത്ത്
ഒരു ചീള് ചന്ദ്രൻ മുറിഞ്ഞു തൂങ്ങി നിന്നു .

ആ വരവു കാണാനായി ,
ആ അലർച്ച കേൾക്കാനായി
ഞങ്ങളുടെ
ഇതുവരെയും നഷ്ടപ്പെടാത്ത
കണ്ണുകളും കാതുകളും
തുറന്നു തന്നെയിരുന്നു.

അതിന്റെ മൂർച്ചയുടെ മുൻപിൽ
ഞങ്ങൾ വലിയൊരു യോനിയായി.
പേടിയുടെ മൂത്രച്ചൂടിൽ കുതിർന്ന
ഞങ്ങളുടെ
മഞ്ഞ ഭൂപടം
മുറിഞ്ഞു.
​▮


മധു ബി.

കവി. മൈസൂർ റീജ്യനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ എഡ്യുക്കേഷനിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. ഗണിതവുമായി ബന്ധപ്പെട്ട പുസ്​തകങ്ങൾ എഴുതുകയും വിവർത്തനം ​ചെയ്യുകയും ചെയ്​തിട്ടുണ്ട്​.

Comments