ഇല്യാസ് അലവി

ഇല്ല, ഞാനിത് വിശ്വസിക്കുന്നില്ല

സഹോദരൻ ഖൊസ്രോ

ല്ല, ഞാനിത് വിശ്വസിക്കുന്നില്ല.
പ്രിയപ്പെട്ടവളേ, ഇവിടെ
നിന്നെത്തേടി മരണമെത്തുമെങ്കിൽ
അത് ക്ഷയരോഗമായോ
കൊടും തണുപ്പായോ ആകട്ടെ.
ചാവേർ ബോംബാക്രമണത്തിന്റെ
ഇരയായിട്ടാകാതിരിക്കട്ടെ.
അങ്ങനെയെങ്കിൽ മാത്രം
സ്വന്തം ഓർമ്മകളിലേക്ക്
ഒരു പുനഃസന്ദർശനത്തിനും
സ്വശരീരത്തിന്റെ വിശദാംശങ്ങൾ
തേടിയുള്ള സഞ്ചാരത്തിനും
വിടവാങ്ങാനുള്ള തയ്യാറെടുപ്പിനും
നിനക്ക് സമയം കിട്ടും.
സ്വന്തം കാലിൽ നടന്ന്
വീടുവിട്ടുപോകാനുള്ള അനുമതിയല്ല.
അങ്ങനെയെങ്കിൽ
ഞങ്ങൾക്ക് അങ്ങാടിയിൽ
നിന്റെ ഷൂസ് മാത്രമേ
കണ്ടെത്താനാകൂ.
കൈകളോ നിന്റെ
മാത്രമായ ചിരിയോ
കണ്ണുകളോ കണ്ടുപിടിക്കാൻ
കഴിയില്ല.
നിന്റെ മരണം, അവസാന ശ്വാസമെടുപ്പ്
സ്വന്തം കണ്ണുകൾ
കൊണ്ടുതന്നെ എനിക്കു കാണണം.
നിന്റെ കൺപോളകൾ
എന്റെ വിരലുകൾ കൊണ്ടു
തന്നെ തിരുമ്മിയടക്കണം.
അല്ലെങ്കിൽ ആരുമത്
വിശ്വസിക്കില്ല,
എന്തിന്, ഞാൻ പോലും.

ഹോദരൻ ഖൊസ്രോ
ഞാനൊരു ഉഗാണ്ടൻ ആൺകുട്ടി.
ചാട്ടയടിയിൽ നിന്ന് കാലുകളെ
രക്ഷിക്കാൻ അവർ എന്റെ
മേൽ ഇലകൾ കൊണ്ട്
പൊതിഞ്ഞിട്ടുണ്ട്,
വിജയിയാകും വരെ
നൃത്തം ചെയ്യാൻ.
അവർ ഇലകൾ നീക്കി.
കറുത്ത കുട്ടിയുടെ
വിയർപ്പ് കഞ്ചാവിലകളോട്
എന്തു കാട്ടാനാണ്?
അവർ പറഞ്ഞു:
അത് ഒരാളെ മറവിയിലേയ്ക്ക്
നയിക്കും.
മറവിയിലേയ്ക്ക്!

സഹോദരൻ ഖൊസ്രോ
എല്ലാവരും മറക്കാനാഗ്രഹിക്കുന്നു.

സഹോദരൻ ഖൊസ്രോ
ഞാനൊരു ആദിമനിവാസിപ്പെൺകൊടി
അവർ എന്റെ അച്ഛനെ രണ്ടു
വെള്ളക്കുതിരകൾക്കിടെ
ചങ്ങലയിൽ ബന്ധിച്ചു.
പിന്നീട് നെടുകെ കീറി.
നിയമപ്രകാരം തന്നെ
അവർ എന്നെ അമ്മയിൽ
നിന്നും വേർപ്പെടുത്തി
വെള്ളക്കാരായ കുടുംബത്തിനു നൽകി.
ആ കുടുംബത്തിലെ
അച്ഛൻ എല്ലാ രാത്രിയും വരും
എന്നിട്ട് എന്റെ കറുത്ത മാറിലേക്ക്
അയാളുടെ ബട്ടൺ തുളകൾ തുറക്കും.

സഹോദരൻ ഖൊസ്രോ
ഇന്നലെ വരെ ഞാനായിരുന്നു
‘ക്വയൂഖ്' നദി.
ഇളം മീനുകൾ
അവയുടെ നഗ്ന
മേനി ഞാനുമായി
പങ്കുവെച്ചിരുന്നു.
എന്നാലിന്ന്, എനിക്ക് കയ്​പ്പ്​
അലെപ്പോയുടെ മറ്റേ കരയിൽ നിന്ന്
നിശ്ശബ്ദ സഞ്ചാരികളെ വഹിക്കുന്ന ജോലി.
കൈകളും കണ്ണുകളും
കൂട്ടിക്കെട്ടിയ മൽസ്യങ്ങൾ
അവയുടെ നെറ്റികളിൽ
ആഴത്തിലുള്ള തുളകൾ.

സഹോദരൻ ഖൊസ്രോ
എന്റെ ടീ ഷർട്ടിൽ
ഞാൻ 1948 എന്നെഴുതുന്നു.
ഞാൻ നക്ബയെ അതിജീവിച്ചവൻ.
ഞാൻ പലസ്തീൻ.

സഹോദരൻ ഖൊസ്രോ
നിങ്ങൾ കുർദ്
ഞാൻ ഹസാര
നമ്മൾ തനിരക്തത്തിൽ
പിറന്ന സഹോദരങ്ങൾ,
പരസ്പരം നഷ്ടപ്പെട്ടിട്ട്​
നൂറ്റാണ്ടുകളായവർ.
ഈ രാത്രി വരേക്കും
സുലൈമാനിയയിലെ
നിന്റെ ചെറിയ വീട്ടിലെ
വോഡ്ക പാനം
നമ്മെ ഉൻമത്തരാക്കും വരെ,
അപ്പോൾ മുതൽ മാത്രം
നമ്മളിരുവരും
സ്വന്തം ഭാഷകൾ
മനസ്സിലാക്കാൻ തുടങ്ങി.

സഹോദരൻ ഖൊസ്രോ,
സഹോദരൻ ഖൊസ്രോ
എങ്ങനെയാണ് ഒരു
കുപ്പി റഷ്യൻ വോഡ്ക്ക
നമ്മെ ഒരുമിപ്പിച്ചത്?

സഹോദരൻ ഖൊസ്രോ
എന്നിലും നിന്നിലും
സന്തോഷം നിറയുമ്പോൾ
കടലുകൾ ചലിക്കുന്നു
കുന്നുകൾ ചലിക്കുന്നു
അവ ഒരേ അതിർത്തി
മുറിച്ചു കടക്കുന്നു
മറ്റൊന്നിലെത്തിച്ചേരുന്നു.
ഒരു പ്രഭാതത്തിൽ ഉണരുമ്പോൾ
പ്രളയം നമ്മെ മുക്കിക്കളയുന്നു.
എല്ലാ സ്ഥലത്തും
എല്ലാ കാലത്തിലും
വെള്ളം നിറയുമ്പോൾ
ഓഷ്​വിറ്റ്സിനെ അതിജീവിച്ചവർ
അവരുടെ വസ്ത്രങ്ങൾ
ഉണങ്ങാനിടുന്നു.
ബദാം കണ്ണുകളുള്ള
നാൽപ്പത്​ ഹസാരപ്പെൺകുട്ടികളുടെ
മുഖപടങ്ങൾ നടുമുറ്റത്ത്
കയറിൽ കോർത്തിട്ടിരിക്കുന്നു.
വാൻഗോഗിന്റെ കൊച്ചു ചെവി
അടുക്കളയിലെ സിങ്കിലുണ്ട്.
മൂടിവെച്ച എല്ലാത്തിനേയും
ഭൂമി ഒരിക്കൽ പുറത്തു വിടും.
എല്ലാ രഹസ്യങ്ങളും പുറത്തേക്കൊഴുകും.
വെർജീനിയ വുൾഫിന്റെ ചവർപ്പൻ പ്രണയം
ഹിറ്റ്​ലറുടെ ദുരന്താത്മകമായ ഏകാന്തത
ബിൻലാദന്റെ മുറിവേറ്റ ശരീരം
ലാദന്റെ കണ്ണുകൾ നോക്കി
നിങ്ങൾ പറയും: എന്തു ഭംഗിയുള്ള,
നിഷ്കളങ്കമായ കണ്ണുകൾ:

സഹോദരൻ ഖൊസ്രോ
ലോകം എന്നെ ദുഃഖിപ്പിക്കുന്നു.
സൂര്യോദയവും മനുഷ്യരും
ശൂന്യമായ ചതുരത്തിൽ
നിൽക്കാതെ കറങ്ങിക്കൊണ്ടിരിക്കുന്നു.
പള്ളി മണികൾ
എന്റെ അച്ഛന്റെ ശബ്ദം
യുദ്ധത്തെക്കുറിച്ചുള്ള വാർത്ത
വായിക്കുന്ന
സുന്ദരിപ്പെൺകൊടിയുടെ ശബ്ദം

സഹോദരൻ ഖൊസ്രോ
കവിത വായനയുടെ ഈ നിമിഷത്തിൽ
റുവാണ്ടയിൽ എത്ര സ്വവർഗ്ഗാനുരാഗികൾ
മരണപ്പടവ് കയറുന്നുണ്ടാകും.
കാണ്ഡഹാറിൽ മുൻകമാൻഡർമാർ,
ഇപ്പോൾ എം.പിമാരായവർ
മെല്ലിച്ചു ക്ഷീണിച്ച എത്ര
കുട്ടികളെ കിടക്കപ്പായയിൽ
നിന്നും കുലുക്കിയുണർത്തുന്നുണ്ടാകും.
എത്ര ബഗ്ദാദി സ്ത്രീകൾ
സെമിത്തേരികളിൽ നിന്നും
വീടുകളിലേക്ക് മടങ്ങുന്നുണ്ടാകും?
വീട്?
വീട്, അസംബന്ധമായിക്കഴിഞ്ഞ
പ്രോൽസാഹന പദം.
വീട്, അങ്ങിനെയൊന്ന്
എവിടേയുമില്ല.
ആരും രക്തസാക്ഷികളാകുന്നുമില്ല.
എല്ലാവരും മരിക്കുകയാണ്,
അത് കഴിഞ്ഞ് അഴുകുകയും.
ഹലബ്ജയിലെ കുഴിമാടങ്ങളിൽ
5000 അസ്ഥികൾ ദ്രവിക്കുന്ന പോലെ.
വാഴപ്പഴത്തിന്റേയും ആപ്പിളിന്റേയും
പാലിന്റേയും സുഗന്ധം
അവയെ മത്തുപിടിപ്പിക്കുന്നുണ്ട്,
ശരിക്കുമുള്ള സുഗന്ധം, പഴങ്ങളുടെ
കടുംമണം.

സഹോദരൻ ഖൊസ്രോ
അതിർത്തികൾ കടക്കുമ്പോൾ
ആഴത്തിൽ ശ്വാസമെടുക്കുക.
അതിർത്തികൾ തമ്മിലുള്ള
അകലത്തിന് രക്തത്തിന്റെ
മണമാണ്.

സഹോദരൻ ഖൊസ്രോ
നിഴലുകൾ എന്നെ
ദുരന്താർത്തനാക്കുന്നു.
ഒരു മരത്തിന്റെ നിഴൽ
മറ്റൊരു രാജ്യത്തിന്റെ അതിർത്തിയിൽ
ചെന്നു വീഴുന്നു.

സഹോദരൻ ഖൊസ്രോ
അവർ നിരവധി മരങ്ങളെ, മലകളെ
കുതിരകളെ, പശുക്കളെ കൊന്നു.
അവക്കു വേണ്ടി ഒരു കവിതയും
എഴുതപ്പെടുന്നില്ല.
അവർ പറയുന്നു,
മനുഷ്യനാണാദ്യം, എല്ലായ്പ്പോഴും മനുഷ്യൻ!

സഹോദരൻ ഖൊസ്രോ
ഒരു കുപ്പി റഷ്യൻ വോഡ്ക
നമ്മെ ഒന്നിപ്പിച്ചത് എങ്ങനെ?

വോഡ്​ക ഫാക്ടറി
റൈഫിൾ ഫാക്ടറിക്കടുത്താണ്.
അവിടെ ടെലസ്‌കോപ്പ് നോട്ടവുമുണ്ട്.
ഇസാദി കുഞ്ഞുങ്ങളെ നിശ്ശബ്ദരാക്കാൻ
ഐ.എസ്.ഐ.എസ് സൈനികർ
ഉപയോഗിക്കുന്ന അതേ തോക്കുകൾ.
ഹെൽമന്ദിലെ കർഷകരുമായി
നാറ്റോ സൈനികർ തമാശകൾ
പറയുന്നു,
പന്ത്രണ്ടാം ഇമാമിന്റെ അജ്ഞാത
സൈനികരുടെ തോക്കുകൾ
തഫ്താനിലെ അനധികൃത കുടിയേറ്റക്കാരെ
നരകത്തിലേക്കയക്കുന്നു.
ഗൾഫ് ശൈഖുമാർ
ആകാശത്തേക്ക് നിറയൊഴിക്കുന്നു.

സഹോദരൻ ഖൊസ്രോ
ദൂരെ നിന്ന് ഞാൻ
ട്രാക്ടറുകളുടെ ശബ്ദം കേൾക്കുന്നു.
അവ സിമൻറ്​ വീടുകളുണ്ടാക്കാൻ
കഠിന പ്രയത്‌നത്തിലാണ്.
അച്ഛൻമാരും അമ്മമാരും
സിമൻറ്​ കുട്ടികളെയുണ്ടാക്കാൻ
കഠിന ശ്രമം നടത്തും പോലെ.
സഹോദരൻ ഖൊസ്രോ
സൂര്യൻ പതിയെ അസ്തമിക്കുന്നു.
അസ്തമനം കഴിഞ്ഞുള്ള
വളരെക്കുറച്ച് സെക്കൻഡുകളിൽ
കാണാം ആകാശാതിർത്തിയിൽ
ചുവന്ന ഒരു വര.
ആ വളരെച്ചുരുങ്ങിയ
സെക്കൻഡുകളാണ്
ചിത്രമെടുപ്പിന്
ഏറ്റവും പറ്റിയ സമയം.
എല്ലാം ആ സമയത്തിനുള്ളിൽ
അവസാനിക്കണമെന്ന്
ഞാൻ കരുതുന്നു.

സഹോദരൻ ഖൊസ്രോ
എങ്ങനെയാണ് ഒരു കുപ്പി
റഷ്യൻ വോഡ്ക നമ്മെ
ഒന്നിപ്പിച്ചത്? ​▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഇല്യാസ് അലവി

1982-ൽ അഫ്ഗാനിസ്ഥാനിലെ ദെയ്കുന്ദി പ്രവിശ്യയിൽ ജനനം. റഷ്യൻ അധിനിവേശ കാലത്ത് ബാലനായിരിക്കെ കുടുംബത്തോടൊപ്പം ഇറാനിലേക്ക് അഭയാർഥിയായി പലായനം. മുതിർന്നപ്പോൾ ആസ്‌ട്രേലിയയിൽ രാഷ്ട്രീയാഭയം തേടി. ആസ്‌ട്രേലിയയിലെ ആഡലേഡിൽ ചിത്ര- പ്രതിഷ്ഠാപന കലാകാരനായി പ്രവർത്തിക്കുന്നു. പഷ്തു, പേർഷ്യൻ ഭാഷകളിലെഴുതുന്നു. ദേശം ഏതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലെങ്കിലും താൻ അഫ്ഗാൻ കവിയാണെന്ന് ഇല്യാസ് അലവി പ്രഖ്യാപിക്കുന്നു.

വി. മുസഫർ അഹമ്മദ്​

കവി, വിവർത്തകൻ, യാത്രികൻ, ‘കേരളീയം’ മാസികയുടെ എഡിറ്റർ. ​​​​​​​മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മരിച്ചവരുടെ നോട്ടുപുസ്​തകം, കുടിയേറ്റക്കാരന്റെ വീട്​ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments