അജേഷ്.പി പി യുടെ കവിത: മണിക്കുട്ടൻ ഇ.കെയുടെ കവിത

1998 ലെ
ആഗസ്ത് പതിനഞ്ചിന്
പായസം വേവുന്നതിന്റെ
മുപ്പത് വെളളിക്കാശിന് മുൻപ്
അനൗൺസ്​മെൻറ്​ വന്നു

അടുത്തതായി വേദിയിൽ
ഒരു മിമിക്രിയാണ്
അവതരിപ്പിക്കുന്നത്
അജേഷ് പി.പി 7B

കൈയടികളും
ആരവങ്ങളുമുയർന്നു
സകലരും അൽപനേരം
പായസം മറന്നു
കഞ്ഞിപ്പുരയിൽ
കമലേച്ചി പായസം ഇളക്കുന്നതിന്റെ
വേഗം കുറച്ചു
പീടികയിൽ നിന്ന്
കുമാരേട്ടൻ ചെവി കൂർപ്പിച്ചു
സ്റ്റാഫ് റൂമിൽ അടയിരുന്ന
മാഷും ടീച്ചറും എത്തിനോക്കി
മൂത്രമൊഴിക്കാൻ പോയ
സജീഷ് കുതിച്ചെത്തി

കൃത്യം ഒരു മിനിട്ടിന് ശേഷം
എല്ലാരും ഇടത്തും വലത്തും
നോട്ടം തുടങ്ങിയപ്പോൾ
വീണ്ടും വന്നു ചന്ദ്രൻ മാഷിന്റെ
അനൗൺസ്​മെൻറ്
അജേഷ് പി.പി
ഉടൻ സ്റ്റേജിലേക്ക് വരേണ്ടതാണ്

നേരം പലത് കഴിഞ്ഞിട്ടും
സ്റ്റേജിലേക്കാരും വന്നില്ല
കുട്ടികൾ
തലങ്ങും വിലങ്ങും നോക്കി
അടക്കം പറച്ചിൽ തുടങ്ങി
കമലേച്ചി പായസം ഇളക്കുന്നതിന്റെ
വേഗം കൂട്ടി
സ്റ്റാഫ് റൂമിൽ
മാടപ്രാവുകൾ കുറുകി
സജീഷ് ബാക്കിയൊഴിക്കാൻ
മൂത്രപ്പുരയിലേക്കോടി
കുമാരേട്ടൻ
ഭരണിയിലേക്ക് പുതിയ പേക്ക്
തേനുണ്ട പൊളിച്ചിട്ടു

പൊടുന്നനെ വീണ്ടും വന്നു അനൗൺസ്​മെൻറ്​
അടുത്തതായി
വേദിയിൽ ഭരതനാട്യം
അവതരിപ്പിക്കുന്നത്
ശിൽപ.കെ പി 7D

നേരം തീർന്നു
പായസം കുടിച്ച് മടുത്തു
കൊല്ലപ്പരീക്ഷ കഴിഞ്ഞു
ആളും ആരവങ്ങളുമൊഴിഞ്ഞു
അടിച്ചുവാരാത്ത മുറ്റം
ഇലകളാൽ നിറഞ്ഞു

എത്ര വർഷമായൊരു വേദി
അവനു വേണ്ടി
അലങ്കാരം ചാർത്തി കാത്തിരിക്കുന്നു...

Comments