സുമ രാമചന്ദ്രൻ

ആകാശത്തിനും ഭൂമിക്കുമിടയിലുടച്ചുവാർക്കപ്പെട്ടോൾ

ചുട്ടു പൊള്ളുന്ന ഉച്ചവെയിലത്ത്‌
വിയർപ്പിൻ അശ്രു തുന്നിയിട്ട വെട്ടുകല്ലിന്മേലിരിക്കവേ...
കരിമ്പനുമ്മവച്ച നീലക്കുപ്പായത്തിലെ
വർണ്ണ ശലഭങ്ങൾ…
തനിച്ചിറങ്ങിപ്പോയ നട്ടുച്ചയിലവൾക്ക്
യാത്രാപൂതി തോന്നി...

കാലപ്പഴക്കത്തിൻ വാറുവിണ്ട ചെരുപ്പും
കാലിപേഴ്സുമെടുത്തവൾ യാത്രയ്ക്കിറങ്ങി

നാലു വരമ്പുകളും
ആറു പുഴകളും
മൂന്നു മലകളും
ഏഴുകടലുകളും
ഒൻപതു വളവുകളും
കടന്നെത്തേണ്ട രാജ്യത്തിന്റെ
അതിർത്തി തേടി.

തോറ്റവരുടെ കുപ്പായക്കഥകൾ
വരമ്പത്തേ കിളികൾ നീട്ടിപ്പാടി…

പുഴ കടക്കുമ്പോൾ
സൂര്യനേത്രത്തിൽ പുളച്ച ചെറുമീനുകൾ
യാത്രതൻ കാൽകഴപ്പിൽ
കായ്ച്ചുവിണ്ടടർന്നു വൃണമേറ്റ
കാൽവണ്ണമേൽ നോവിക്കാതെ
ചുണ്ടമർത്തി കയറിയിറങ്ങിപ്പോയി…

പാതിവെന്തു കനത്ത നെഞ്ചകം തണുപ്പിക്കാനാകാതെ മലമുകളിലെ
കോട വെറുങ്ങലിച്ചു ചൂളിനിന്നു.

കടലാഴങ്ങളിൽ വിഴുങ്ങാനൊരുങ്ങിയ
വമ്പൻ സ്രാവുകൾ
അടിവയറ്റിലെ തലങ്ങും വിലങ്ങും കീറലുകളിൽ പനച്ചരക്തം കണ്ട് തലതാഴ്ത്തി
ആഴങ്ങളിൽ പനിച്ചുറങ്ങി...

ഒൻപത് വളവുകളിൽ
ഇരുപത്തിയേഴു മുഖഭാവമുള്ള കാമുകന്മാർ ചുംബിക്കാനൊരുങ്ങവേ…
ഉടലാകെ തീവിയർപ്പിന്റെ ഉപ്പുരസങ്ങൾ
രതിയുടെ സമവാക്യങ്ങളിലെ
രസച്ചരട് പൊട്ടിച്ചേക്കുമെന്ന് ഭയപ്പെട്ട്...
മീറയും കുന്തുരക്കവും ഇലവംഗവും മണത്തേക്കാവുന്ന ലെബനോണിലെ പൂവുടലുകൾ തേടി ഇറങ്ങിപ്പോയി...

ഒക്കെയും താണ്ടി കടന്നെത്തിയ രാജ്യത്തിന്റെ അതിർത്തിയിലെ കാവൽക്കാരനും കൗശലക്കാരനുമായ കച്ചവടക്കണ്ണന്...

അറുത്തിട്ടാലും നുരച്ചുപൊന്തുന്നവളുടെ ജനിതകത്തെ കുറിച്ച്
ഉടലാകെ തീ പടർന്നോളുടെ ഉടയാടകളെ കുറിച്ച്
കയറിയിറങ്ങി പോയ മിടിപ്പുകളെ കുറിച്ച്
ശേഷിച്ച ഭാണ്ഡത്തിലൊട്ടിയ ഫോസിലുകളെ കുറിച്ച്
ചുമടുതാങ്ങി തളർന്ന
ചുമലിന്റെ ഭൂതകാലത്തിൻ പ്രതിധ്വനികളെ കുറിച്ച്

ആകാശത്തിനും ഭൂമിക്കുമിടയിലുടച്ചു വാർക്കപ്പെട്ടോളെ -
യങ്ങനെയങ്ങനെ വിവർത്തനം ചെയ്യണമത്രേ…


Summary: Akashathinum Bhoomikumidayiludachuvarkkappettol malayalam poem by Suma Ramachandran Published on truecopy webzine packet 242.


സുമ രാമചന്ദ്രൻ

കവി. തിരുവനന്തപുരം തൈക്കാട് കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ്‌ ചീഫ് ഓഫീസിൽ ജോലി ചെയ്യുന്നു. ‘അവസാനത്തെ രണ്ടില’ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments