ഒറ്റയ്ക്കലയുന്ന
ഒരാൾക്കുമുന്നിൽ മാത്രം
തുറന്നേക്കാവുന്ന
നിരത്തുകളിലൊന്ന്.
പതിവുനിയമങ്ങളെ
ചായംപൂശി നിരത്തും
പരസ്യചിത്രങ്ങളോരോ
വളവിലുമാവർത്തിക്കുന്ന
വഴികളിൽ നിന്നുമൊളിച്ചു
പോകുമൊരുവൾക്കായ്ത്തന്നെ
തുറക്കുന്നതെന്ന്
തോന്നുംപോൽ
ഇരുളാർന്നത്.
അരികിൽച്ചീറും
നഗരത്തിന് പുറംതിരിഞ്ഞ്
നോക്കുമ്പോഴാ വഴിയിൽ
ഏറെപ്പരിചിതമെന്നുള്ളിൽ
കൊളുത്തുമൊരു
നോട്ടം.
പിള്ളത്തോലിൽ
പൊതിഞ്ഞിറങ്ങി
പുറപ്പെടും വാക്കുകളെ
തൊട്ടപ്പൊഴത്തേയ്ക്ക്
തിക്കുമുട്ടലാകുന്ന
പുറന്തൊലിയൊന്ന്
വിടുവിച്ച്
ആദ്യത്തെ പിടച്ചിലിനായ്
പുറത്ത് തട്ടിക്കൊടുത്ത്
ഇളം കരച്ചിലിൽ
കണ്ണ് നനഞ്ഞ്
നേർത്ത പുതപ്പിൽ
കൈമാറുമ്പോൾ
വിരലുകളിലവരുടെ
ചെറുവിരലുകൾ
ചേർന്നിരുന്ന ഗന്ധം
മാത്രമോർമ്മയിൽ.
അപ്പൊളൊർക്കാറില്ല
അടയാളങ്ങൾ
നോക്കിവെയ്ക്കുന്ന കാര്യം.
നേർവഴിയേ
നടക്കാൻ പണിപ്പെടുമ്പോൾ
പേര് വിളിച്ചു കൂവി
പിന്നാലെയോടിയെത്തി
തോൾ തട്ടി ചിരിക്കുന്നത്.
പൊടുന്നനേ
വെളിപ്പെടുത്തുന്നു
അന്നറിയാതെപോയ
അടയാളങ്ങൾ -
വേദന തിന്നു തീർക്കാനാവാതെ
പെറ്റുപോയതിനാലിനിയും
വളർന്നുതീരാത്ത
നെറ്റിത്തടത്തിലെ
ചുളിവുകൾ
നെഞ്ചിലെ
മുറിവുകൾ
നടുവഴിയിൽ
നാണമില്ലാതെയത്
തുണിയുരിഞ്ഞിട്ട്
നിൽക്കുമ്പോൾ
ചുറ്റിനും ചൂഴും
നോട്ടങ്ങളിൽ
ചൂളിയെങ്കിലുമൊടുവിൽ
കൈ നീട്ടുന്നു ഞാനും.
നഗ്നമാകും
നിലവിളികളാൽ
കെട്ടിപ്പിടിച്ചു
നിൽക്കുമ്പോളതിൻ്റെ
മേലാകെ കണ്ടെടുക്കുന്നു
ഞാൻ
എനിക്കും മുമ്പേയതലഞ്ഞ
വഴികളിലെ
വടുക്കൾ
എന്നെക്കീറിമുറിച്ചു
ചേർത്തപ്പോളതിന്നുള്ളിലെ
തുന്നൽത്തഴമ്പുകൾ
എന്നെയും പിളർന്നുകൊണ്ടത്
കടന്നുപോകുമ്പോൾ
തമ്മിലുരുകിയതിൻ്റെ
പൊള്ളൽപ്പാടുകൾ
വിരൽത്തുമ്പിൽ
പറ്റിപ്പിടിക്കുന്ന ചൂട്.
അതിൻ്റെ തുടയിലൊഴുകുന്ന
ചോരയിൽ
എൻ്റെയും ഗന്ധം.
തെരുവിലപ്പോൾപ്പെയ്ത
നനവിലലിയും
കടലാസിലെഴുന്നു നിൽക്കുന്നു
നഗരത്തിൻ്റെ
സിരാരേഖകൾ
അവിടെയൊരു നിമിഷം
തറഞ്ഞുപോകുമ്പോൾ
ആ വഴിയിലത്
തിരിഞ്ഞുനിന്ന്
ഒരു നിമിഷം മാത്രം
തുറന്നടയാവുന്ന
വാതിലുകളിലൊന്നിൻ്റെയൊറ്റ
താക്കോൽ വീശി
എറിഞ്ഞുകളയുമെന്ന്
പേടിപ്പെടുത്തുന്നു
പിന്നാലെ പോകുന്നു
ഞാൻ.
