ഡി. യേശുദാസ്

അത്ഭുതകരമായ
ലോകത്ത്

രു വെള്ളിയാഴ്ചയായിരുന്നു
ഞങ്ങളുടെ അമ്മ മരിച്ചത്.
എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്
മരിച്ചുകിടന്നവൾ പിടഞ്ഞെണീറ്റു-
വരുമെന്ന് ഞങ്ങൾ കരുതി.

അദ്‌ഭുതങ്ങളിൽ വിശ്വസിക്കാനുള്ള കോശം
അപ്പനപ്പൂപ്പന്മാരിൽനിന്നു കിട്ടി.
ഞങ്ങളുടെ വിയർപ്പിലും ശ്വാസത്തിലും
സ്വപ്നത്തിലും അവ ഓളം വെട്ടി.
ഏതു ദിശയിൽനിന്നും
ഒരദ്‌ഭുതം പൊട്ടിപ്പുറപ്പെടുമെന്നും
അതുവന്ന് ഞങ്ങളെ മെച്ചപ്പെടുത്തുമെന്നും
കാത്തിരുന്നു.
അത്ഭുതങ്ങൾ നിറഞ്ഞ കഥകൾ പറഞ്ഞ്
മക്കളെ ഉറക്കി.
ഓരോ സൂര്യോദയത്തെയും
പ്രതീക്ഷയോടെ നോക്കി.

എന്നാൽ,
അദ്‌ഭുതങ്ങളൊന്നും ഞങ്ങളെ തൊട്ടതേയില്ല.
ഓരോ ദിവസവും എച്ചിൽജീവിതം.
മരിച്ചുപോയ കുഞ്ഞുങ്ങൾ തിരിച്ചു വന്നില്ല.
കൊല്ലപ്പെട്ട പിതാക്കൾ ഉയിർപ്പെടുത്തില്ല.
ഉണ്ടാക്കപ്പെട്ട വിടവുകൾ അടഞ്ഞുപോയില്ല.
ഒന്നു കിട്ടിയതിന്
ഒരായുസ്സ് മടക്കിക്കൊടുക്കേണ്ടിവന്നു.
ഒഴുകിത്തീർന്ന ചോരയിലൂടെ
ഒന്നും നീന്തിക്കയറിയില്ല.
പുറത്താക്കാനല്ലാതെ ഒരു ന്യായവും
നീതിബോധങ്ങളിൽ ഉരുത്തിരിഞ്ഞില്ല.

ഞാൻ ഓർക്കുന്നത്
ഞങ്ങളുടെ അപ്പനപ്പൂപ്പന്മാരിൽനിന്നു
ചിരി ചോർന്നുപോകുന്നതാണ്.
കൊട്ടുകയും പാടുകയും
പ്രയത്നിക്കുകയും ചെയ്തിരുന്ന
മനുഷ്യരാണോ ഇവരെന്ന് ഞങ്ങൾ അദ്‌ഭുതപ്പെടാത്തതാണ്.
യാഥാർഥ്യം ഒരദൃശ്യജീവിയായി
ഓരോ പൂർവികരെയും കാർന്നുതിന്നു,

ഉഷസ്സായും സന്ധ്യയായും കാലം
ഇഞ്ചിഞ്ചായി വാർന്നുപോയി.
അദ്‌ഭുതങ്ങളിൽ വിശ്വസിക്കാനുള്ള കഴിവ്
വാലുപോലെ മുറിഞ്ഞുപോയില്ല.
അടുത്ത നിമിഷം ഒരദ്‌ഭുതമുണ്ടാകില്ലെന്ന്
എങ്ങനെ അറിയാനാണ് എന്ന വിചാരം
മരണംപോലെ പിന്തുടർന്നു.
ജീവിക്കുന്നതുതന്നെ ഒരദ്‌ഭുതം എന്ന ആശയം
ഒരു ബലിയാടിനെപ്പോലെ ചേർന്നുനിന്നു.

ഓർമ്മകൾനിന്നു തിളയ്ക്കുന്ന
വെള്ളിയാഴ്ച ഉച്ചയിലെ
വെയിൽച്ചുഴികൾ നോക്കിയിരിക്കെ
തലച്ചോറിൽ ഒരുവേദന മുടിനാരുപോലിളകി,
അത്ഭുതകരമായ ലോകത്ത്.


Summary: Albuthakaramaaya lokath, Malayalam Poem written by D Yesudas and published in Truecopy webzine packet 299.


ഡി. യേശുദാസ്

കവി, അധ്യാപകൻ. ബാക്കി, ഞാൻ വായിച്ചറിയാൻ നിനക്ക്, അപ്പനുമൊത്തുള്ള കാർ യാത്രകൾ, പ്രണയത്തിന്റെ പാർപ്പുകൾ, നടന്നുനീങ്ങുന്ന കടുവ എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments