ഉപ്പാടെ നെഞ്ചത്ത് കെടന്നലീമ
ഉമ്മാനെപ്പറ്റിയോർത്ത് ...
ഉപ്പാക്കൊരുമ്മം കൊടുക്കാനുമ്മ
സമ്മതിക്ക്യേല!
ഉപ്പ കള്ള് കുടിക്കില്ല
കള്ളം പറയില്ല
പലിശയ്ക്കെടുക്കില്ല
പരദൂഷണം പറയില്ല
പെണ്ണുങ്ങളെ കേറിപ്പിടിക്കുകേല.
പണി എടുക്കും,
പറമ്പിൽ കിളയ്ക്കും,
പതിനൊന്നു മണിക്ക് കട്ടൻ കുടിക്കും,
പതിവ് തെറ്റാതെ പള്ളിയിൽ പോകും,
പതിഞ്ഞ താളത്തിൽ പ്രാർത്ഥന ചൊല്ലും,
ഉപ്പായെപ്പറ്റിയാരും പറയും:
‘‘പാവം പിടിച്ച പച്ച മനിഷൻ’’.
വൈകീട്ട് വരുമ്പോഴുപ്പ
അവിലോസ് പൊടി വാങ്ങിവരും.
പരുത്ത തറയിൽ പായ വിരിച്ച്
കൊഞ്ച് പോലെ ചുരുണ്ടു കിടക്കും.
ഉപ്പാക്കൊരുമ്മം കൊടുക്കാൻ;
ഉപ്പാടെ വിയർപ്പിൽ ചുരുണ്ടുറങ്ങാൻ,
ഉപ്പ വളർന്ന കഥ കേക്കാൻ
ഉപ്പായെ കെട്ടിപ്പിടിക്കാനുമ്മ സമ്മതിക്ക്യേല…
ഉപ്പ പടി കേറിയാലുമ്മ
അലീമാനെ പൂട്ടിയിടും.
ഉപ്പ വിളിച്ചാലുമ്മ
അലീമാന്റെ വായിൽ
തുണി തിരുകും.
ഉമ്മ അലീമാനെ ഉസ്കൂളില് വിട്ടില്ല
ഉമ്മയലീമാനെ ഉടുതുണി മാറാൻ വിട്ടില്ല.
ഉപ്പാടെ ചൂരടിച്ചാലുമ്മ
പാഞ്ഞോടി പലക വാതില് പൂട്ടി.
അലീമാന്റുമ്മ അലീമാനെ
ഉപ്പ കാണാതെ കാത്ത് വെച്ചു ...
ഉമ്മാടുപ്പ- രണ്ടാനുപ്പ
ഉമ്മാന്റെ ചൊട്ടക്കാലത്ത്
ഓരെ മേലേ കിടന്നേന്റെ
വെറ മാറാതുമ്മ
അലീമാന്റുപ്പാനെക്കണ്ടാ
തുള്ളിപ്പനിച്ചിളകി.
കറിക്കത്തി പൊക്കി
“പൂളിക്കളയുമെടാ ദജ്ജാലേ”ന്നലറി
ഉപ്പ ദിക്കറ് ചൊല്ലി.
അങ്ങനൊരു പാതിരാത്രി
അലീമാന്റുമ്മ
അത്തറ് പൂശി അലിക്കത്തിട്ട്
അലുവത്തുണ്ട് പോലത്തെ
അഴക് പെരുത്ത്
ഹസ്ബീ റബ്ബി ഈണമിട്ട്
കറിക്കത്തിയെടുത്ത്
കൊരവള്ളി കീറി…
കുടുകുടെപ്പായുന്ന ചോരകണ്ടലീമ
ഉപ്പാ.....ന്ന് വിളിച്ചലറി.
ഉമ്മ മയ്യത്തായ രാത്രി
ഉപ്പക്കില്ലാത്ത ആൺമക്കൾ
ഉമ്മാടെ വയറ്റിൽ കിടന്നടികൂടി
സന്ദക്കിന്റെ കാല് പിടിക്കാൻ
ആരാദ്യം പുറത്തിറങ്ങുമെന്ന്
അവസാനനേരം വരെ അവറ്റുങ്ങൾ
സമരിയില്ലാതെ വാദം വെച്ചു.
ആയത്തിൽ കുറിസിയോതി
തക്ബീർ ചൊല്ലി
നീണ്ട നിലാവിന്റെ ഉമ്മറത്ത് കെടത്തി
ഉപ്പ ഉമ്മാക്ക്
ഖൽബ് നെറച്ചുള്ള മുത്തം കൊട്ത്ത്.
അലീമാന്റുമ്മ അലീമയ്ക്ക് മീതേ
ആകാശത്തിന്റെ നിഴല് വിരിച്ച്.
‘‘അലീമാ...അലീമാ...
ഉപ്പാട്ത്ത് പോവല്ലെ കരളേ”ന്ന്
ഖബറിൽ കിടന്ന് പിറുപിറുത്ത്.
ഉപ്പാടെ നെഞ്ചത്ത് നിന്നെണീറ്റലീമ
തക്ബീർ ചൊല്ലിയുപ്പാന്റെ കഴുത്തറുത്ത്…
ചോരയൂറിയൂറി ഉപ്പ
പെടക്കണത് കണ്ടലീമ ചിരിച്ച്…
ചിരിച്ച് ചിരിച്ചലീമ കരഞ്ഞ്
കരഞ്ഞ് കരഞ്ഞലീമ കുഴഞ്ഞ്...
അങ്ങനെ ഉപ്പാടെ നെഞ്ചത്ത് കിടന്നലീമ
ഉമ്മാനെപ്പറ്റിയോർത്ത്.
