കവിതയെഴുതുന്ന സ്ത്രീകൾക്കെല്ലാം
പൂച്ചയെപ്പോലെ
ഒൻപതു ജന്മങ്ങൾ*.
കൗമാരത്തിലും യൗവ്വനത്തിലും
വാർദ്ധക്യത്തിലും,
മരണത്തിന്റെ ചാരക്കണ്ണുകൾ വെട്ടിച്ച്
കത്തുകളുടെ പുതപ്പുമൂടി
ഒളിച്ചു നടക്കാമല്ലോ.
കഴുക്കോലിൽ നിന്ന്,
ഒരു മഞ്ഞച്ച പാമ്പ് ഇറങ്ങി വന്നപ്പോൾ
അവളെഴുതി.
"ഞാൻ പോകുകയാണ്.
കുടുംബത്തിന് മാനക്കേടായി
ഇനി ജീവിച്ചിരിക്കുന്നില്ല.
എന്നോട് ക്ഷമിക്കണം.'
അവൾക്ക് ലോകത്തോടു കടമകളുണ്ടായിരുന്നു.
വ്യക്തിബന്ധങ്ങൾക്ക് ഉറപ്പും മൂല്യവുമുണ്ടായിരുന്നു.
മഞ്ഞപ്പാമ്പ്,
ചുറ്റിവരഞ്ഞ് ഇറങ്ങിപ്പോയപ്പോളും
അവൾ കട്ടിലിൽ ഉറങ്ങിക്കിടന്നു.
പാവം കുട്ടി.
വർഷങ്ങൾ കഴിഞ്ഞിട്ടും
മരണം കൊന്നവേലിക്കുപിന്നിൽ
കാത്തു നിന്നു.
ഉച്ചവെയിലിന്,
കൊന്നപ്പൂവിന്റെ ദുഷിച്ച മണം.
കുളിമുറിയിലിരുന്ന് എത്ര കരഞ്ഞിട്ടും
പുകച്ചു തുപ്പിയിട്ടും
സങ്കടം തീരാതെ,
വീണ്ടുമെഴുതി.
"ഞാൻ പോകുകയാണ്.
പ്രകൃതിക്കു മാനക്കേടായി
ഇനി ജീവിച്ചിരിക്കുന്നില്ല.
എന്നോട് ക്ഷമിക്കണം.'
അവൾക്ക് പരിണാമത്തിലും
മരുന്നുകളിലും
വിശ്വാസമുണ്ടായിരുന്നു.
വേനൽ കനത്ത്,
പൊഴിഞ്ഞ കൊന്നപ്പൂക്കൾ അടിച്ചുവാരി
കൊട്ടയിലാക്കി,
കൂട്ടിയിട്ടു കത്തിക്കുവോളം
താൻ ജീവിച്ചിരിപ്പുണ്ടെന്ന്
അവളെല്ലാരേയും വിശ്വസിപ്പിച്ചു.
നെറ്റിയിൽ രണ്ടു വരവീണു. കണ്ണുകൾക്കിരുവശം,
കാക്കയുടെ വരണ്ട കാലുകൾ പോലെ
ചുളിഞ്ഞ വരകൾ.
ഇത്രയും കാലം ചിരിച്ചതിന്റെ അടയാളങ്ങൾ.
അവൾ വളർന്നു കഴിഞ്ഞിരുന്നു.
മരണത്തിനു നുണയാൻ പാകമായ
ഒരു മിഠായി.
ആശ എത്ര പെട്ടെന്നാണ് നിരാശയാവുന്നത്?
അത്രയും പെട്ടന്നാണ് ലോകം മാറിയത്.
പഴയ പൂച്ചക്കഥയിൽ,
ഇന്ന് ആർക്കും വിശ്വാസമില്ല.
"ഞാൻ പോകുകയാണ്.
ഈ ലോകത്ത് ജീവിച്ചിരിക്കുക
എത്ര അപമാനകരമാണ്?!
ഒന്നിനോടും പരാതിയില്ല.'
അവളെല്ലാവരോടും ക്ഷമിച്ചുകഴിഞ്ഞിരുന്നു.
ജനിക്കുന്നതിനു മുൻപ് എവിടെയായിരുന്നു എന്ന് ഓർക്കാത്തപോലെ,
മരിക്കുന്നതിനു മുൻപും എവിടെയായിരുന്നെന്ന്
ആരും പിന്നീടോർക്കുന്നില്ലല്ലോ!▮* "And like the cat I have nine times to die' - Lady Lazarus, Sylvia Plath.