മഖ്ബൂൽ ഫിഡാ ഹുസൈൻ,
ഞങ്ങളുടെ പ്രസിദ്ധനായ ചിത്രകാരൻ, പ്രേതമാവാൻ വിസമ്മതിച്ചതിൽ
എനിക്കത്ഭുതമേ തോന്നിയില്ല.
അയാളുടെ ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങളിലെ അലയുന്ന കുതിരകൾ
പറക്കുന്ന പക്ഷികളെ
ഓർമ്മിപ്പിയ്ക്കുമെങ്കിലും.
ഏതെങ്കിലുമൊരു രാജ്യത്തിന്റെ അതിർത്തിയിലെ നീന്തൽക്കുളത്തിൽ
ഒരിളംകാറ്റ് പതിക്കുന്നപോലെ
അതേ കുതിരകൾ വീഴുകയോ,
മഴവില്ലുപോലെ അഴിയുകയോ ചെയ്യുമെന്ന് ഉറപ്പിയ്ക്കുമ്പോഴും.
അല്ലെങ്കിൽ,
എനിക്ക് അത്ഭുതപ്പെടാൻ
നേരമെവിടെ?
ജോലിയിൽനിന്ന് വിരമിച്ചൊരാൾ
തന്റെ കിടപ്പുമുറിയുടെ
ജനാലയിലെ രണ്ടഴികൾക്കിടയിൽ
വല നെയ്യാനൊരുങ്ങുന്ന ചിലന്തിയെ
കൊടുങ്കാറ്റ് പിടിച്ചു കൊണ്ടുപോകട്ടെ
എന്ന് പ്രാർത്ഥിക്കുന്ന ഒരാൾ -
ഹൊ, എന്നെത്തന്നെ മടുപ്പിക്കുന്നു.
അൻപത്തിരണ്ടു വയസ്സുള്ള
അയാളുടെ കാമുകി
ഇപ്പോൾ അയാളെയും തേടി
ഇതേ മുറിയിലേക്ക് കയറി വരുന്നുവെന്ന് സങ്കൽപ്പിക്കത്തക്കവിധം
വിരസമായ ഒരു ഭാവനകൊണ്ട് എന്ത് ചെയ്യാൻ!അല്ലെങ്കിൽ എന്ത് ചെയ്യാൻ!
അപ്പോഴാണ്,
മഖ്ബൂൽ ഫിഡാ ഹുസൈൻ,
ഞങ്ങളുടെ പ്രസിദ്ധനായ ചിത്രകാരൻ പ്രേതമാവാൻ വിസമ്മതിയ്ക്കുന്നത്
തുടരുകതന്നെ ചെയ്യുന്നത്.
നീന്തൽക്കുളത്തിലെ മഴവില്ല്
മീനുകൾക്കൊപ്പം മുങ്ങുന്നത്
അയാളുടെയും എന്റെയും
രാജ്യത്തിനൊരേ മേൽപ്പുര കെട്ടുന്നത്.
ചിലപ്പോൾ, അതൊരു കുതിരത്തോൽ കൊണ്ട്.
മറ്റു ചിലപ്പോൾ
അടിച്ചു പാകം വരുത്തിയ
ലോഹത്തകിടുകൊണ്ട്.